close
Sayahna Sayahna
Search

അന്വേഷണം



1. അവസാനത്തെ അത്താണി

മാലതി ആലോചിച്ചു. മൂന്നു കൊല്ലം മുമ്പ് തന്നെ വിട്ടു പോകുമ്പോൾ എന്താണ് അദ്ദേഹം പറഞ്ഞത്? ഇപ്പോഴും ഓർമ്മ കിട്ടുന്നില്ല. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഒരുപാട് പേർ ചോദിച്ചതാണ്. എന്താണ് പറഞ്ഞത്? പ്രത്യേകമായിട്ട് വല്ലതും? സാധാരണ ദിവസങ്ങളിൽ പുറത്തു പോകുമ്പോൾ പറയാൻ സാധ്യതയില്ലാത്തത്? അവൾ ഒന്നും ഓർക്കുന്നില്ല. കല്യാണിയോട് പശുവിന് പുല്ലുവെട്ടാൻ പറയണമെന്നോ, വേലി കെട്ടാൻ അയ്യപ്പൻ വന്നാൽ വടക്കേ അതിരിൽ തുടങ്ങണമെന്നോ, അല്ല വേലായുധൻ വൈദ്യരെ കണ്ടിട്ട് വരാമെന്നോ, ഒന്നും ഓർമ്മയില്ല. അതെല്ലാം തന്നെ ഒരു മാതിരി എന്നും പറഞ്ഞു കേട്ടിട്ടുള്ള വാക്കുകളാണ്. അതല്ലാതെ എന്താണ് പ്രത്യേകം പറഞ്ഞത്? നാലു ദിവസം കഴിഞ്ഞ് കിട്ടിയ കത്ത് അവൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അന്വേഷണത്തിൽ നടത്തിയ നിരവധി യാത്രകളിൽ ഒപ്പം കൊണ്ടുപോക കാരണം കടലാസിന്റെ മൂലകൾ മടങ്ങിയിരുന്നു. നാലായി മടക്കിയ സ്ഥലത്തെല്ലാം ഓട്ടകൾ വീണ് അക്ഷരങ്ങൾ മാഞ്ഞുതുടങ്ങി. രണ്ടു വരിയിൽ ഒതുങ്ങുന്ന ഉള്ളടക്കം പറഞ്ഞു കൊടുക്കാൻ അവൾക്ക് പക്ഷെ ആ കത്തിന്റെ ആവശ്യമില്ല.

മുമ്പിൽ ഇരിക്കുന്ന ജ്യോത്സ്യൻ കവിടി ഉഴിഞ്ഞു കൊണ്ട് അവളെ നോക്കുകയാണ്, മറുപടി കാത്തു കൊണ്ട്. അദ്ദേഹത്തിന്റെ താടിയിലും തലയിലും നരയ്ക്കാത്ത രോമം വല്ലതുമുണ്ടോ എന്നവൾ നോ ക്കി. ഇല്ല, തൂവെള്ള നിറം. തല മുൻഭാഗത്ത് അല്പം കഷണ്ടിയായിരിക്കുന്നു. മാലതിയുടെ മുഖത്തു കണ്ട ഒഴിഞ്ഞ ഭാവം കണ്ടപ്പോൾ ജ്യോത്സ്യർക്കു കാര്യം മനസ്സിലായി, എങ്കിലും അദ്ദേഹം ചോദ്യമാവർത്തിച്ചു.

“എന്താണ് പറഞ്ഞത്?”

“എനിക്ക് ഓർമ്മ കിട്ട്ണില്ല്യ.”

“അതറിഞ്ഞാൽ നമുക്ക് പ്രശ്‌നം വെച്ചു നോക്കാൻ എളുപ്പായിരുന്നു.” നരച്ച താടി ചൊറിഞ്ഞുകൊണ്ട് ജ്യോത്സ്യൻ പറഞ്ഞു. “ഒരു മനുഷ്യന്റെ വായീന്ന് വീണ അവസാനത്തെ വാക്കാണ്. അത് വളരെ പ്രധാനപ്പെട്ട താണ്.”

“ഒരു ഓർമ്മീംല്ല്യ.”

“അതുപോലെത്തന്നെ ഏതു ദിക്കിലേക്കു നോക്കീട്ടാ പറഞ്ഞത്ന്നും. നമ്മള് ഒരു സ്ഥലത്തേയ്ക്ക് പോവാൻ തീർച്ച്യാക്ക്യാല് നമ്മടെ ദേഹം, നമ്മളറിയാതെത്തന്നെ അതിന്റെ അടയാളങ്ങള് തരും. അതൊക്കെ നിമിത്തങ്ങളാണ്. പ്രശ്‌നം വയ്ക്കുമ്പോൾ നിമിത്തങ്ങൾക്കൊക്കെ പ്രാധാന്യംണ്ട്.”

ഏതു ദിശയിലേയ്ക്കു നോക്കിയിട്ടാണ് അവസാനമായി സംസാരിച്ചത്? മാലതി ഓർക്കുകയായിരുന്നു. ഇല്ല ഒന്നും ഓർമ്മയില്ല. ആ ദിവസവും, മറ്റെല്ലാ ദിവസങ്ങളും പോലെ വേർതിരിച്ചറിയാൻ പറ്റാത്ത വിധം അവ്യക്തമാക്കിയിരിക്കുന്നു കാലം.

ജ്യോത്സ്യൻ, മുമ്പിൽ മടക്കിവച്ചിരുന്ന കത്ത് ഒരിക്കൽക്കൂടി നിവർത്തി വായിച്ചു. ഞാൻ ഒരു യാത്രയി ലാണ്. രണ്ടു കൊല്ലത്തിനുള്ളിൽ തിരിച്ചുവന്നില്ലെങ്കിൽ എന്നെപ്പറ്റി അന്വേഷിക്കണ്ട. താഴെ മലയാളത്തിൽ ഒപ്പ്. താഴെപ്പറമ്പിൽ ശങ്കരൻനായർ.

“നിങ്ങൾക്ക് കുട്ട്യോള് ഇല്ലാന്നല്ലെ പറഞ്ഞത്?”

“അതെ.”

“ഒരു കാര്യം ചോദിക്കട്ടെ. ഒന്നും വിചാരിക്കര്ത്. അങ്ങേര്ക്ക് വേറെ വല്ല സംബന്ധൂം…?”

“ഇല്ല്യ.”

“ഒറപ്പാണോ?”

“അതെ.” മാലതി പറഞ്ഞു. “ഞങ്ങടെ കല്യാണം കഴിഞ്ഞത് അങ്ങേരടെ ഇരുപത്തഞ്ചാം വയസ്സിലാണ്. അന്നെനിക്ക് വയസ്സ് പതിനാലാ. അതിന് ശേഷം ഇരുപതു കൊല്ലായിട്ട് മലയ്ക്ക് പോണ സമയൊഴികേ ഒരൊറ്റ ദെവസം പോലും ഞങ്ങള് വിട്ടു താമസിച്ചിട്ടില്ല. എല്ലാ കൊല്ലും മലയ്ക്ക് പോവും. ആ ദെവസം മാത്രം ഞാൻ അയൽപക്കത്തെ രമണീനെ കൂട്ടുപിടിക്കും. അതും അടുത്ത കാലത്തായിട്ട് മാത്രം.”

ഒരൊറ്റ ദിവസംപോലും. അവൾ ആലോചിച്ചു. ഒരദ്ഭുതമാണ്. ഒറ്റയ്‌ക്കോ മറ്റാരെയെങ്കിലും കൂട്ടു പിടിച്ചോ അന്തിയുറങ്ങേണ്ട ഗതികേട് വരാറില്ല. അങ്ങിനത്തെ ഒരാളാണ്… ഒരു തേങ്ങൽ. എപ്പോഴുമതേ, അദ്ദേഹത്തെപ്പറ്റി ആലോചിക്കുമ്പോൾ മനസ്സിൽ തിങ്ങി നിറയുന്നത് ഒരു തേങ്ങലാണ്. നിരാലംബമായ ഒരു മനസ്സിന്റെ തേങ്ങൽ. അദ്ദേഹം വിട്ടു പോകുന്നതു വരെ ഒറ്റയ്ക്ക് പുറത്തേയ്ക്കിറങ്ങിയിട്ടുപോലുമില്ല. ആ സ്ത്രീയാണ് കഴിഞ്ഞ മൂന്നു കൊല്ലമായി അലഞ്ഞു തിരിയുന്നത്. വീടായ വീടുകൾ, പോലീസ് സ്റ്റേഷനുകൾ, ജ്യോതിഷികൾ. ഇനി അന്വേഷിക്കാത്ത സ്ഥലമില്ല. എല്ലാം ഒറ്റയ്ക്ക്. ഒരു കുട്ടിപോലും സഹായിക്കാനില്ലാതെ. പിന്നെ കേൾക്കേണ്ടി വന്ന അപവാദങ്ങൾ. ജീവനൊടുക്കാഞ്ഞത് ഇതിനൊരുത്തരം കിട്ടണമല്ലൊ എന്നു വച്ചിട്ടു മാത്രാണ്. അങ്ങിനെ പെട്ടെന്നൊരാൾക്കങ്ങട്ട് അപ്രത്യക്ഷനാവാൻ പറ്റ്വോ? എന്തെങ്കിലും ഒക്കെ ബാക്കി വയ്ക്കില്ലേ?

“അല്ല ജാതകത്തിലും അങ്ങിന്യൊന്നും കാണ്ണ്ല്ല. ഞാൻ എല്ലാ സാദ്ധ്യതകളും നോക്കി പഠിക്ക്യാണ്.”

“ഇല്ല്യ, അങ്ങിനെയാതൊന്നും ഇല്ല. കുടി ഇല്ല്യ, സിഗരറ്റ് വലിപോലും ഇല്ല്യ. അനുജന്മാർക്കൊക്കെ അല്പസ്വല്പം കുടിണ്ട്. വലിക്ക്യും ചെയ്യും. ഇങ്ങേര്ക്ക് അങ്ങിനെ യാതൊരു ദശ്ശീലുംണ്ടാർന്നില്ല്യ.”

“മൂന്ന് അനുജന്മാര്ണ്ടാവാന്ള്ള യോഗം കാണ്ണ്ണ്ട്. ശര്യാണോ.”

“അതെ, മൂന്നു പേരാണ്ള്ളത്.”

“ആരും മരിച്ചിട്ടില്ലല്ലോ? ഇല്ല അങ്ങിനെയൊന്നും കാണ്ണില്ല.” ജ്യോത്സ്യർ സ്വയം പറഞ്ഞു. “പക്ഷേ സഹോദരങ്ങളെക്കൊണ്ട് ഇങ്ങേര്ക്ക് വല്യ ഉപകാരൊന്നും കാണ്ണ്ല്ല്യ, മറിച്ച് അല്പസ്വല്പം ശല്യണ്ടേനും. ശര്യാണോ?’

“ശര്യാണ്. അല്പസ്വല്പല്ല നല്ലോണംണ്ട് ശല്യം.”

“ആ ശല്യം…” ഗോവിന്ദപ്പണിക്കർ നിർത്തി. അദ്ദേഹം എന്തോ കണക്കു കൂട്ടുകയായിരുന്നു.

“ഓരോ ജ്യോത്സ്യമ്മാര് ഓരോ വിധത്തിൽ പറയും…” അവൾ പറഞ്ഞു. “ചെലര് പറഞ്ഞൂ തിരിച്ചു വരാനാ പോയിട്ട്ള്ളത്ന്ന്… ചെലര് പറഞ്ഞൂ തിരിച്ചു വര്വണ്ടാവില്ലാന്ന്…”

“അങ്ങനെ വരരുത്. സത്യം ഒന്നേള്ളൂ. അത് ദാ ഇതിന്റ്യൊക്കെ എടേല് കെടന്ന് കളിക്ക്ണ്ണ്ട്.” മുമ്പിൽ സിമന്റിട്ട നിലത്ത് വരച്ച രാശിചക്രത്തിൽ ഓരോ കള്ളികളിൽ അന്യോന്യം നോക്കിനിൽക്കുന്ന കവിടികൾ ചൂണ്ടിക്കാട്ടി ജ്യോത്സ്യൻ പറഞ്ഞു. “അത് പൊറത്തെട്ക്കാൻ നമ്ക്ക് ശ്രമിക്കാം. നിങ്ങടെ ഭർത്താവിന് കഴിഞ്ഞ അഞ്ചുകൊല്ലായിട്ട് ഏഴരശനി നടക്ക്വാണ്. ശനി അത്ര മോശക്കാരനൊന്നും അല്ല, പക്ഷേ ശനീല് കുജന്റെ അപഹാരമുണ്ട്, അതിന്റെ എടേല് കണ്ടകശനി വന്നുപോയിട്ട്ണ്ട്. അത് മഹാ പൊട്ട്യാണ്. പോണ പോക്കില് എന്തൊക്കെയാ ചെയ്യ്വാന്ന് അറിയില്ല്യ. പോരാത്തതിന് ലഗ്നാധിപന്റെ ദൃഷ്ടി എട്ടാം ഭാവത്തിലേ ക്കാണ്. അതത്ര നല്ലതിനല്ല…”

“ചെല ജോത്സ്യമ്മാര് പറഞ്ഞു പൂജ ചെയ്യണംന്ന്. ഒന്ന്‌രണ്ട് പൂജ്യൊക്കെ നടത്തി. പണച്ചെലവ്ള്ള കാര്യാണ്, എന്നിട്ടും നടത്തി. അതോണ്ടൊന്നും ഒരു ഗുണോംണ്ടായില്ല്യ.”

“പൂജയൊക്കെ അവനവന്റെ മനസ്സമാധാനത്തിന് വേണ്ടി ചെയ്യ്യാന്നല്ലാതെ അതോണ്ടൊന്നും ഒരു ഗുണോംല്ല്യ.” ഗോവിന്ദപ്പണിക്കർ പറഞ്ഞു. “പിന്നെ അത്യാവശ്യം ചെലര് ആ കാര്യം പറഞ്ഞ് കാശ്ണ്ടാക്കൂം ചെയ്യും. ഇതൊക്കെ തലേലെഴുത്തല്ലെ? അനുഭവിക്ക്യന്നെ വേണം.”

“എവിട്യാണ്, എന്താണ്‌ന്നൊക്കെ ഒന്നറിഞ്ഞാൽ ഒരു സമാധാനായിരുന്നു.”

അങ്ങിനെ സമാധാനമായി ഇരിക്കാൻ തനിക്കു യോഗമില്ലെന്നുതന്നെയാണ് തോന്നുന്നത്. അദ്ദേഹം പോയിട്ട് ആദ്യദിവസങ്ങളിലൊക്കെ രമണി കൂട്ടിനു വന്നു. എത്ര ദിവസമാണ് അവളോട് വരാൻ പറയുക? അവൾക്കും ഒരു കുടുംബമുണ്ട്. ഭർത്താവ്, പത്തു പന്ത്രണ്ടു വയസ്സായ ഒരു മകൾ. ഒരാഴ്ചതന്നെ സഹായിച്ചത് അവളുടെയും ഭർത്താവിന്റെയും സന്മനസ്സു കൊണ്ടു മാത്രമാണ്. ഭാസ്‌കരനും നല്ല കൂട്ടത്തിലാണ് എന്താവശ്യമുണ്ടെങ്കിലും ഓടിവരും. അവര് പടിക്കലാണ് താമസം. അതുകൊണ്ട് എപ്പോൾ വിളിച്ചാലും വരും. പക്ഷേ രാത്രികൾ. അവ ഭയപ്പെടുത്തുന്നതായിരുന്നു. ഭർത്താവിന്റെ വീട്ടുകാരുമായി ഒട്ടും ലോഗ്യമുണ്ടായിരുന്നില്ല. അവരാരും തിരിഞ്ഞു നോക്കിയില്ല.


2. ഭർത്തൃസഹോദരന്മാർ

തിരിഞ്ഞു നോക്കിയില്ല എന്നു പറയുന്നത് ശരിയല്ല. രണ്ട് അനുജന്മാർ മത്സരിച്ച് തന്റെ അടുത്ത് വന്നിരുന്നു. ആദ്യം വന്നത് ഭർത്താവിന്റെ തൊട്ടു താഴെയുള്ള സഹോദരനാണ് നാരായണൻ നായർ. ഭർത്താവു പോയി ഒരാഴ്ച കഴിഞ്ഞപ്പോഴാണത്.

“എന്തായീ, വല്ല വിവരൂംണ്ടോ?” നാരാണേട്ടൻ വന്ന ഉടനെ ചോദിച്ചു.

“ഒന്നുംല്ല്യ.” അവൾ വാതിൽപ്പടിയിൽനിന്ന് ഉമ്മറത്തേയ്ക്ക് ഇറങ്ങിനിന്നുകൊണ്ട് പറഞ്ഞു. ഉമ്മറത്തേയ്ക്കു കയറി ഇരിക്കാനൊന്നും അവൾ പറഞ്ഞില്ല. പക്ഷേ ക്ഷണമാവശ്യമില്ലെന്നു തോന്നുന്നു, അയാൾ ഉമ്മറത്തേയ്ക്കു കയറി അവിടെ ഇട്ട കസേലകളിലൊന്നിൽ ഇരുന്നു.

“ഇവിടെ ഇരിക്കു, ഇങ്ങിനെ നിക്കണ്ട.” അയാൾ, തൊട്ടടുത്തുള്ള കസേലയിലേയ്ക്ക് അവളെ ക്ഷണിച്ചു.

“വേണ്ട, ഞാനിവിടെ നിന്നുകൊള്ളാം.” കുറേക്കാലത്തിനു ശേഷം വരികയാണല്ലോ എന്നാണ് അവൾ ആലോചിച്ചിരുന്നത്. ഭർത്താവുള്ള സമയത്തൊന്നും തിരിഞ്ഞു നോക്കിയി ട്ടില്ല. എന്നു മാത്രമല്ല കഴിയുന്നത്ര ഉപദ്രവം ചെയ്തിട്ടുമുണ്ട്.

“എന്താ ഞങ്ങളോടൊന്നും പറയാതിരുന്നത്? ഞങ്ങളെയൊന്നും അന്യരായിട്ട് കരുതണ്ട. എന്തെങ്കിലും പ്രശ്‌നണ്ടാവുമ്പളല്ലെ ബന്ധുക്കളൊക്കെ വേണ്ടത്?”

“അദ്ദേഹം വല്ല തീർത്ഥാടനത്തിനും പോയതായിരിക്കും. വരില്ല്യാന്നൊന്നും പറഞ്ഞിട്ടില്ലല്ലോ. പിന്നെ എന്തിനാണ് എല്ലാവരേം ബുദ്ധിമുട്ടിക്കണത്?”

“ങാ, ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ?” അയാളുടെ കണ്ണുകൾ അവളുടെ ദേഹത്തിൽ ഉഴിയുകയായിരുന്നു. ചൂഴ്ന്നുപോകുന്ന കണ്ണുകൾ. അവൾ സാരികൊണ്ട് ദേഹം പുതച്ചു. വേണ്ട ഇനിയും അതിനൊന്നും അവസരം കൊടുക്കണ്ട.

ഉപദ്രവം ചെയ്യുന്ന കാര്യത്തിൽ സഹോദരങ്ങൾ ആരും പിന്നിലായിരുന്നില്ല. തറവാട് ഭാഗിക്കണം എന്നാവശ്യപ്പെടാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. മൂന്നുപേരും ഒറ്റക്കെട്ടായി ആവശ്യപ്പെടുകയാണ്. ഭർത്താവ് സമ്മതിച്ചു, പക്ഷേ അവരുടെ വ്യവസ്ഥകൾ അയാൾക്കു തീരെ സ്വീകാര്യമായിരുന്നില്ല.

“ഏട്ടന് എന്തിനാണ് ഷെയറൊക്കെ. സ്വന്തായിട്ട് ഈ വീടും പറമ്പും തൊട്ടടുത്തുള്ള വയലും ഇല്ലേ? അതൊക്കെ പോരെ? ആർക്കുവേണ്ടീട്ടാണ് ഇതൊക്കെ ഉണ്ടാക്കിക്കൂട്ടണത്?”

അവരുടെ ചോദ്യം ഉള്ളിൽ കുത്തുന്നതായിരുന്നു.

“എനിക്ക് മക്കളില്ലെങ്കിലും, എന്റെ കാലശേഷം മാലതി വഴിയാധാരമാവരുതല്ലോ.”

“അതിന് ഇപ്പൊള്ളതൊക്കെ പോരെ? പിന്നെ ഞങ്ങള് മൂന്നുപേരും ഇല്ല്യെ, ഏട്ടത്തിയമ്മെ വഴിയാധാരാവാതെ ഞങ്ങള് നോക്കും. തറവാട് സ്വത്ത് ഞങ്ങൾക്കു മൂന്നു പേർക്കും ഭാഗിച്ചാൽത്തന്നെ ഓരോരുത്തർക്ക് എന്താ കിട്ട്വാ? എല്ലാർക്കും രണ്ടും മൂന്നും മക്കളുണ്ട്. എനിക്ക് രണ്ടു പെൺകുട്ടികളാണ്. ശേഖരന് രണ്ടാണും ഒരു പെണ്ണും, അനിലിന്റെ കാര്യോം അങ്ങിനെത്തന്നെ. അവനുംണ്ട് ഒരു പെൺകുട്ടി. അപ്പൊ ഏട്ടന് ഒന്ന് ഒഴിഞ്ഞുതന്നുകൂടെ?”

“അച്ഛനും അമ്മേം മരിച്ചേപ്പിന്നെ തറവാട്ടു മൊതല് നിങ്ങള് മൂന്നുപേരും കൂടിത്തന്ന്യാ അനുഭവിക്കണത്. ഞാനങ്ങട്ട് വന്നിട്ട് തേങ്ങ വിറ്റതിന്റേം, അടയ്ക്ക വിറ്റതിന്റേം, നെല്ല് വിറ്റതിന്റേം കണക്കു ചോദിക്കാറുണ്ടോ? എന്തേ എനിക്കും കൂടി അവകാശപ്പെട്ടതല്ലെ അതൊക്കെ. എട്ടു വർഷായില്ല്യേ നിങ്ങള് അതൊക്കെ തിന്നാൻ തൊടങ്ങീട്ട്. ഇപ്പോൾ ഭാഗിക്കുമ്പോൾ എനിക്കും ഒരു ഷെയറ് വേണംന്ന് മാത്രേ പറയുണുള്ളൂ. എന്താ തന്നൂടെ?”

ഓരോ തവണയും ശങ്കരേട്ടൻ സമ്മതിക്കാത്തപ്പോൾ എന്തു ദേഷ്യത്തോടെയാണ് അയാൾ ഇറങ്ങിപ്പോകാറ് എന്ന് മാലതി ഓർത്തു. പിന്നെ അനുജന്മാർ ഓരോരുത്തരായി വന്നു. എല്ലാവർക്കും പറയാ നുള്ളത് ഒരേയൊരു കാര്യം മാത്രം. ഏട്ടൻ ഒഴിവായിത്തരണം. ഈ ഒഴിവാക്കിക്കൊടുക്കാനുള്ളതാകട്ടെ ചില്ലറ കാര്യമൊന്നുമല്ല. നാല് ഏക്കർ സ്ഥലത്ത് ഒരു നാലു കെട്ട്, കയ്യാല, പത്തായപ്പുര തുടങ്ങിയവ. അതിൽ നിറയെ കായ്ച്ചു നിൽക്കുന്ന തെങ്ങുകളും കവുങ്ങുകളും, മറ്റു ഫലവൃക്ഷങ്ങളും. രണ്ടു കുളവും ഏതു കാലത്തും തെളിനീർ ഒഴുകുന്ന കിണറുമുണ്ട്. ഇതൊക്കെ പോരാത്തതിന് മൂന്ന് പൂവലെടുക്കാൻ പറ്റുന്ന വയലുകൾ വേറെയും ഏക്കർ കണക്കിന്. മാലതിക്കതിന്റെ കണക്കൊന്നും അറിയില്ല. ഇതാണ് വെറുതെ, സൗജന്യമായി മൂന്ന് സഹോദരന്മാർക്ക് എഴുതിക്കൊടുക്കാൻ ആവശ്യപ്പെടുന്നത്.

ഇപ്പോൾ മുമ്പിലിരിക്കുന്ന ഭർത്തൃസഹോദരൻ ഒന്ന് പോയിക്കിട്ടിയാൽ മതിയെന്നായിരിക്കുന്നു മാലതിയ്ക്ക്. വന്നത് തന്നെ സഹായിക്കാനൊന്നുമല്ല എന്നവൾക്ക് നല്ലവണ്ണം അറിയാം. എങ്ങിനെ ഉപദ്ര വിക്കാമെന്ന് നോക്കാനായിരിക്കും.

“രാത്രി ഒറ്റയ്ക്കാവുമ്പോ വിഷമണ്ടാവും അല്ലെ? ഞാൻ ഇന്ദിരെ പറഞ്ഞയക്കാം.”

“വേണ്ട.” മാലതി ഉടനെ പറഞ്ഞു. “എനിക്കിപ്പൊ പരിചയായിരിക്കുണു.” ഇപ്പോൾ താൻ ഒറ്റയ്‌ക്കേ ഉള്ളൂ. ഇനി ഇന്ദിര വന്നാൽ അവളുടെ കാര്യംകൂടി താൻതന്നെ നോക്കേണ്ടി വരും. ഇപ്പഴത്തെ പെൺകുട്ടികളെ ജോലിയെടുക്കാനൊന്നും കിട്ടില്ല. എല്ലാം വെച്ചു വിളമ്പി കൊടുക്കേണ്ടി വരും.

“എന്തെങ്കിലും വാങ്ങി കൊണ്ടുവരേണ്ടതുണ്ടോ.”

“ഇല്ല.”

“ന്നാൽ ഞാൻ എറങ്ങ്വാണ്‌ട്ടോ. എന്തെങ്കിലും വിവരം കിട്ട്യാ അറീക്കണം.”

“ശരി.”

അയാൾ എഴുന്നേൽക്കുന്നത് ആശ്വാസത്തോടെ മാലതി വീക്ഷിച്ചു.

“കൊറച്ച് വെള്ളം കുടിക്കാൻ വേണ്ടീരുന്നു.”

“ഇരിക്കു, ഞാൻ കൊണ്ടുവരാം.” അവൾ അകത്തേയ്ക്കു പോയി.

അവൾ അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളമെടുത്ത് തിരിഞ്ഞതും നോക്കിയത് നാരാണേട്ടന്റെ മുഖത്ത്. അയാൾ കൈനീട്ടി. അവൾ ഗ്ലാസ്സിന്റെ ഒരറ്റം മാത്രം പിടിച്ചു കൊണ്ട് നീട്ടി. എന്നിട്ടും അയാൾ തന്റെ കൈവിരലുകളിൽ അമർത്തിക്കൊണ്ടാണ് ഗ്ലാസ് വാങ്ങിയത്. വെള്ളം കുടിച്ച് ഗ്ലാസ് തിരിച്ചു കൊടുത്തു കൊണ്ട് അയാൾ പറഞ്ഞു.

“ഇനി ഇന്ദിര വന്നാൽ പേടി മാറ്ണില്ല്യാന്ന്‌ണ്ടെങ്കിൽ ഞാൻ തന്നെ വന്ന് കെടക്കാംട്ടോ.”

“തല്ക്കാലം വേണ്ട.” ഉമ്മറത്തേയ്ക്ക് നടന്നുകൊണ്ട് മാലതി പറഞ്ഞു. അയാളുടെ ഉദ്ദേശ്യങ്ങളെപ്പറ്റി മാലതിയ്ക്ക് നല്ലവണ്ണം അറിയാം. ഭർത്താവുള്ള സമയത്തു തന്നെ ഇടയ്ക്ക് ശല്യമുണ്ടാവാറുള്ളതാണ്. ഒരു ദിവസം ഇതുപോലെ ശങ്കരേട്ടൻ പാടത്ത് വിതച്ചത് നോക്കാൻ പോയ സമയത്താണ് കടന്നു വന്നത്. രാവിലെ പത്തു മണിയാവുന്നേ ഉള്ളു. അപ്പോൾത്തന്നെ നല്ലവണ്ണം അടിച്ചിട്ടുണ്ടെന്ന് വ്യക്തം. കണ്ണുകൾ കുറേശ്ശെ ചുവന്നിരുന്നു. വൃത്തികെട്ട മണവും. നാരാണേട്ടൻ വന്നത് താൻ അറിഞ്ഞില്ല. അടുക്കളയിൽ ജോലിയെടുക്കു ന്നിടത്ത് എത്തിയപ്പോഴാണ് അറിഞ്ഞത്. അവൾ ചോദിച്ചു.

“എന്താ നാരാണേട്ടാ?”

“ഒന്നുംല്ല്യ, നെന്നെ ഒന്ന് കാണാംച്ചിട്ട് വന്നതാ.”

അവൾ ചോദ്യരൂപത്തിൽ അയാളെ നോക്കി.

“ശങ്കരേട്ടൻ പാടത്താണ്.” അതു പറഞ്ഞാലെങ്കിലും അയാൾ പോകുമെന്നു കരുതി. ഇതിനകം അയാളുടെ നില അവൾക്കു മനസ്സിലായിരുന്നു.

“ഞാൻ കണ്ടിരുന്നു.” അയാൾ പറഞ്ഞു. “അതോണ്ടല്ലേ ഇപ്പത്തന്നെ വന്നത്?”

അയാൾ അവളുടെ അടുത്തേയ്ക്കു നീങ്ങിക്കൊണ്ട് പറയുകയായിരുന്നു. എന്താണയാൾ ഉദ്ദേശിക്കുന്ന തെന്ന് ആലോചിക്കുമ്പോഴേയ്ക്ക് അയാൾ വളരെ അടുത്തെത്തുകയും അവളുടെ കൈ പിടിച്ച് വലിക്കുകയും ചെയ്തു.”

“എന്താണ് നിങ്ങൾ ചെയ്യണത്?” അവൾ കുറച്ചുറക്കെ പറഞ്ഞു.

“നീ ഇവിടെ വാ, നമുക്ക് കൊറച്ച് നേരം ആ മുറീല് പോയി ഇരിക്കാം.”

“നാരാണേട്ടൻ പോണ്‌ണ്ടോ?” എങ്ങിനെയോ അയാളുടെ പിടി വിടുവിച്ചു കൊണ്ട് അവൾ പറഞ്ഞു. അവൾ ക്ഷോഭം കൊണ്ട് വിറക്കുകയാണ്. വേണ്ടാത്ത തരത്തിലുള്ള, കൊള്ളിച്ചു കൊണ്ടുള്ള സംസാരം ഉണ്ടാകാറുണ്ട് ഇടയ്ക്കിടെ. കുട്ടിയുണ്ടാകാത്തത് ഏട്ടന്റെ കഴിവു കേടാണെന്നും എന്താണ് കഴിവെന്ന് താൻ കാണിച്ചു തരാമെന്നുമൊക്കെയാണ് സംസാരം. പക്ഷേ ആദ്യമായാണ് തൊട്ടു കളി. സഹോദരങ്ങൾ തമ്മിൽ കത്തിക്കുത്തുണ്ടാവണ്ട എന്നു കരുതി അന്നവൾ ശങ്കരേട്ടനോട് ഇതിനെപ്പറ്റി ഒന്നും പറഞ്ഞില്ല.

അതെല്ലാം ഓർത്തപ്പോൾ അയാളുടെ ഒപ്പം വീട്ടിന്റെ ഉള്ളിൽ അധികസമയം നില്ക്കാൻ അവൾക്ക് ധൈര്യമുണ്ടായില്ല.

“ശരി, എന്നാൽ ഞാൻ എറങ്ങട്ടെ.” അയാൾ പടികളിറങ്ങി മുറ്റത്തെത്തി ഒരിക്കൽക്കൂടി മാലതിയെ തിരിഞ്ഞുനോക്കി നടന്നുപോയി.


3. മൂന്നാമൻ

ഗോവിന്ദപ്പണിക്കർ ധ്യാനിക്കുകയായിരുന്നു. കണ്ണടച്ചുകൊണ്ട് അദ്ദേഹം കവിടികൾ ഉഴിഞ്ഞു കൊണ്ടിരുന്നു. കവിടികൾ തമ്മിൽ കൂട്ടി ഉരയുന്നതിന്റെ ശബ്ദം ശ്രദ്ധിച്ചു കൊണ്ട് മാലതി ഇരുന്നു.

മൂന്നാമത്തെ ആൾ അനിൽ ഒട്ടും മോശമല്ല. ഒരിക്കൽ ശങ്കരേട്ടൻ മലയ്ക്കു പോയ സമയത്താണ് വന്നത്. രാവിലെ പത്തു മണിക്ക് വന്നു കൂടിയതാണ്. ചായ വേണമെന്നു പറഞ്ഞു, ഉണ്ടാക്കിക്കൊടുത്തു. എന്നിട്ട് ഒറ്റ കിടത്തമാണ് പുറത്തെ മുറിയിൽ, ഉച്ച വരെ. ഊണു കഴിക്കണമെന്നു പറഞ്ഞു. ശരിക്കു പറഞ്ഞാൽ ശങ്കരേട്ടൻ മലയ്ക്കു പോകുന്ന ദിവസങ്ങളിൽ മാലതി കാര്യമായൊന്നും ഉണ്ടാക്കാറില്ല. ഒരു വെട്ടു പുളിങ്കറിയും ചിലപ്പോൾ മെഴുക്കുപുരട്ടിയും മാത്രം. പിന്നെ മോരുമുണ്ടാകും.

“ഇവിടെ കാര്യായിട്ട് ഒന്നുംല്ല്യ. ഒരു പുളിങ്കറീം കായ മെഴുക്കുപെരട്ടീം മാത്രേള്ളൂ.”

“അതു മതി,” അനിൽ പറഞ്ഞു. “എനിക്ക് വിശക്ക്ണ്ണ്ട്.”

“അപ്പോ അനിലിന് വീട്ടിൽ പൊയ്ക്കൂടെ?” മാലതി ചോദിച്ചു.

“എന്താ ഏട്ടത്തിയമ്മയ്ക്ക് ഒരു നേരത്തെ ചോറു വിളമ്പി തരാൻ കൂടി മടിയായോ?”

“അതല്ല, വീട്ടിൽ പോയാ നന്നായി ഊണു കഴിച്ചുകൂടെ എന്നു ചോദിച്ചതാ.”

“എനിക്ക് ഇന്ന് ഏട്ടത്തിയമ്മടെ ഊണ് വേണം.”

ഒരു കാലത്ത് സ്‌നേഹമുള്ള ആളായിരുന്നു. മാലതിയുടെ കല്യാണം കഴിഞ്ഞ കാലത്ത് അനിൽ പഠിക്കുകയായിരുന്നു. തന്റെ അതേ പ്രായമാണ്. എപ്പോഴും വീട്ടിൽ വരും, ഭക്ഷണപ്രിയനാണ്. താനാണെങ്കിൽ അനിൽ വന്നാൽ എന്തെങ്കിലും പ്രത്യേകമായി ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും. ഇല അടയോ, അപ്പമോ, അങ്ങിനെ എന്തെങ്കിലും. കല്യാണം കഴിഞ്ഞതോടുകൂടി ക്രമേണ അയാളുടെ സ്വഭാവവും മാറി വന്നു. കുടി തുടങ്ങി. അതോടെ മാറ്റം പൂർണ്ണമായി.

അവൾ പപ്പടം കാച്ചി, ഉള്ള വിഭവങ്ങൾകൊണ്ട് അയാൾക്കു ഊണു വിളമ്പി. ഊണു കഴിച്ച ശേഷം അയാൾ പുറത്തെ മുറിയിൽ കട്ടിലുണ്ട്, അതിന്മേൽ കിടന്ന് ഉറക്കമായി. അടുക്കള വൃത്തിയാക്കിയ ശേഷം മാലതി ഒന്ന് നടുനിവർത്താറുണ്ട്. ഉമ്മറത്തേയ്ക്കുള്ള വാതിലടയ്ക്കുന്നതിനു മുമ്പ് അവൾ പുറത്തെ മുറിയിൽ നോക്കി. കട്ടിലിന്മേൽ ആളില്ല. എഴുന്നേറ്റു പോയിട്ടുണ്ടാവും. എന്തെങ്കിലും ആവട്ടെ ശല്യം ഒഴിവായല്ലോ. അവൾ വാതിലടച്ച് കുറ്റിയിട്ട് അകത്തു വന്നു കിടന്നു. ഒരു നാറ്റമാണോ, അതോ മേലമരുന്ന ഭാരമാണോ അവളെ ഉണർത്തിയത് എന്നു മനസ്സിലായില്ല. ഉണർന്നു നോക്കിയപ്പോൾ അനിൽ തൊട്ടടുത്തു കിടക്കുകയാണ്. അയാളുടെ കാലുകളും പകുതി ശരീരവും തന്റെ മേലാണ്. അയാളുടെ കൈകൾ തന്റെ മാറിലമർന്നിരിക്കയാണ്. ബ്ലൗസിന്റെ കുടുക്കുകൾ മിക്കതും വിട്ടുപോയിരിക്കുന്നു. വായിൽ നിന്ന് കള്ളിന്റെ വൃത്തികെട്ട ഗന്ധവും. അവൾ ഒരു വിധത്തിൽ ചാടിയെഴുന്നേറ്റു സാരികൊണ്ട് മാറിടം മറച്ചു. ദ്വേഷ്യംകൊണ്ട് അവൾ വിറയ്ക്കുകയായിരുന്നു. അവൾ ഓടിപ്പോയി അടുക്കളയിൽ നിന്ന് വെട്ടുകത്തി എടുത്ത് തിരിച്ചു വന്നു. അനിൽ എഴുന്നേറ്റ് ഇരിക്കയായിരുന്നു. അവൾ അലറിക്കൊണ്ടു പറഞ്ഞു.

“ഈ നിമിഷം ഇവിട്ന്ന് പോയില്ലെങ്കിൽ ഞാൻ കൊല്ലും.”

അത്രയൊന്നും അയാൾ പ്രതീക്ഷിച്ചില്ല. അവൾ തിരിച്ചു വരുമെന്നും പതുക്കെ അനുനയിപ്പിച്ച് കാര്യം നേടിയെടുക്കാമെന്നും അകത്തു ചെന്നവൻ അയാളെ ബോധ്യപ്പെടുത്തിയിരുന്നു. അയാൾ വേഗം എഴുന്നേറ്റ് എന്തോ പറയാൻ ശ്രമിച്ചു, പിന്നെ ഉയർന്നു നിൽക്കുന്ന വെട്ടുകത്തിയുടെ മൂർച്ചയുള്ള അലകു കണ്ടപ്പോൾ ധൃതിയിൽ പുറത്തിറങ്ങിപ്പോവുകയും ചെയ്തു.

“ഇനി ഇവിടെ വന്നു പോകരുത്!” അവൾ വിളിച്ചു പറഞ്ഞു.

പിന്നെ അയാൾ വന്നത് ശങ്കരേട്ടനെ കാണാനും ഭാഗത്തിന്റെ കാര്യം പറയാനുമായിരുന്നു. അയാൾ ഉമ്മറത്തിരിക്കും, കാര്യം പറഞ്ഞു കഴിഞ്ഞാൽ തിരിച്ചു പോവുകയും ചെയ്യും. മാലതിയുമായി നേരിട്ട് കണ്ടിട്ടേ ഇല്ല എന്നു വേണം പറയാൻ. ഇപ്പോൾ ശങ്കരേട്ടൻ പോയി എന്നറിഞ്ഞപ്പോൾ വീണ്ടും വരാൻ തുടങ്ങി, സഹായിക്കാനെന്ന മട്ടിൽ.

“എവിടെ എത്തീ കാര്യങ്ങൾ?” അയാൾ ചോദിക്കുന്നു. “വല്ല വെവരൂംണ്ടോ?”

“അന്വേഷിച്ചുകൊണ്ടിരിക്ക്യാണ്.” അവൾ മറുപടി പറഞ്ഞു. “എന്നെങ്കിലും വരും.”

“ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?”

“ഇല്ല, എല്ലാം ഞാൻ തന്നെ ചെയ്‌തോളാം.” അവൾ പറഞ്ഞു. ഉപദ്രവിക്കാഞ്ഞാൽ മാത്രം മതിയെന്ന് മന സ്സിലും പറഞ്ഞു.

“ഏട്ടത്തിയമ്മ എന്നെ തെറ്റിദ്ധരിച്ചിരിക്ക്യാണ്.”

“ഒരു തെറ്റിദ്ധാരണേം ഇല്ല്യ.” അവൾ പറഞ്ഞു. അയാൾ കൂടുതൽ ഒന്നും പറഞ്ഞില്ല.

“എന്തെങ്കിലും ആവശ്യംണ്ടെങ്കീ വിളിച്ചാ മതി.” അയാൾ പോയി.

ആരുടെയും സഹായം വേണ്ട എന്നു പറഞ്ഞിട്ടും അയാൾ ഇടയ്ക്കിടക്ക് വരുന്നു. അയാൾ വന്നാൽ മാലതി അകത്തേയ്ക്കു പോകുകയേ ഇല്ല. അയാൾ പോയി എന്നുറപ്പായാൽ മാത്രമേ അകത്തു കടക്കു, അതും വാതിലടച്ച് കുറ്റിയിട്ട ശേഷം. അന്ന് അയാൾ എങ്ങിനെ അകത്തെത്തി എന്ന് മാലതി അദ്ഭുതപ്പെട്ടിരുന്നു. ഒരുപക്ഷേ താൻ അടുക്കളയിൽ ജോലിയെടുത്തുകൊണ്ടിരിക്കുമ്പോൾ അകത്തു കടന്ന് മുകളിലോ മറ്റോ ഒളിച്ചിരുന്നിട്ടുണ്ടാവും. കുപ്പി ഒപ്പം കൊണ്ടുവന്നിട്ടുണ്ടാവും. അല്ലെങ്കിൽ പുറത്തു പോയി കുപ്പി വാങ്ങി അകത്തു കയറിപ്പറ്റിയതായിരിക്കണം. ഊണു കഴിക്കുന്ന സമയത്ത് ഇത്ര കുടിച്ചിട്ടുണ്ടായിരുന്നില്ല.


4. അപവാദങ്ങൾ

അതിനിടയ്ക്ക് അവൾക്കെതിരായ അപവാദങ്ങൾ പ്രചരിക്കാൻ തുടങ്ങി. അത് സ്വാഭാവികമാണ്. നാട്ടിൻ പുറത്ത് ഒരു സ്ത്രീ ഒറ്റയ്ക്കായാൽ അങ്ങിനെയൊക്കെയാണ്. രമണിയാണ് മാലതിയോട് അതിനെപ്പറ്റി ആദ്യം പറഞ്ഞത്.

“ചേച്ചി ഒന്നും വിചാരിക്കര്ത്, ചേച്ചിയെപ്പറ്റി ഓരോരുത്തര് ഓരോന്ന് പറഞ്ഞ് നടക്ക്ണ്ണ്ട്.”

മാലതി ഒന്നും പറഞ്ഞില്ല. ശങ്കരേട്ടന്റെ രണ്ട് അനുജന്മാരും ഇടയ്ക്കിടക്ക് വരുന്നുണ്ട്. വരരുതെന്നു പറഞ്ഞാലും അവർ വരും. കാലക്രമത്തിൽ അവളെ അവരുടെ കാര്യത്തിന് വളച്ചെടുക്കാമെന്ന മോഹമായിരിക്കണം. ആരെങ്കിലും അതെല്ലാം കണ്ടിട്ടുണ്ടാവും. അവർ പൊടിപ്പും തൊങ്ങലും വച്ച് കഥ നെയ്‌തെടുത്തതാവും.

“ആരാണ്ന്നറിയ്യോ നായകൻ?”

മാലതി അവളെ ഒരു ചോദ്യത്തോടെ നോക്കി.

“എന്റെ ഭാസ്‌കരേട്ടൻ. എന്താ പോരെ?”

“ഭാസ്‌കരനോ?” മാലതി പെട്ടെന്നു നിശ്ശബ്ദയായി. അവർ വേദനിച്ചു. തന്നെ സഹായിക്കുന്ന ഒരേ ഒരു കുടുംബമാണ്.

“ഞാൻ കാരണം നിങ്ങൾക്കും ചീത്ത പേരായി അല്ലേ?”

“അതൊന്നും സാരല്ല്യ ചേച്ചി. ഭാസ്‌കരേട്ടന്ന് അറിയാം ആരാണ് ഇതിന്റെ പിന്നിലെന്ന്. അവരോട് രണ്ടു വാക്ക് സംസാരിക്കണംന്ന് പറഞ്ഞ് ഇരി ക്ക്യാണ്.”

“അയ്യോ, വഴക്കിനും വക്കാണത്തിനും ഒന്നും പോണ്ടാന്നു പറയൂ ഭാസ്‌കരനോട്. എന്തും ചെയ്യാൻ മടിക്കാത്ത കൂട്ടരാണ്.”

ഗോവിന്ദപ്പണിക്കർ ഇപ്പോൾ രാശിചക്രത്തിൽ വേറൊരു ജാതകം നിർമ്മിക്കുകയായിരുന്നു. അദ്ദേഹം തീരെ തൃപ്തനല്ലെന്നു തോന്നി. മാലതിയുടെ ജാതകക്കുറിപ്പിൽ അദ്ദേഹം കണ്ണോടിക്കും തോറും മുഖത്തെ അതൃപ്തി കൂടുതൽ പ്രകടമായിത്തുടങ്ങി.

“നിങ്ങൾക്ക് ധാരാളം അപവാദങ്ങൾ കേൾക്കേണ്ടി വരും. ശരിയാണോ?”

“അതെ, ഓരോരുത്തര് ഓരോന്ന് പറയ്ണ്ണ്ട്. എനിക്ക് ഓരോരുത്തര്‌ടെ അടുത്ത് ചെന്ന് അതൊക്കെ തെറ്റാണ്ന്ന് തെളിയിക്കാൻ പറ്റ്വോ?”

“ആയിരം കുടത്തിന്റെ വായ മൂടാം, ഒരു ചീത്ത മനുഷ്യന്റെ വായ മൂടാൻ പറ്റില്ലാന്ന് കേട്ടിട്ടില്ലേ? പക്ഷേ അതൊക്കെ നിസ്സാരാണ്. നിങ്ങളിപ്പോൾ വളരെ അപകടം പിടിച്ച ഒരു പ്രതിസന്ധിയിലാണ് പെട്ടിരിക്കണത്.”

മാലതി ഗോവിന്ദപ്പണിക്കരെ ചോദ്യപൂർവ്വം നോക്കി.

“വളരെ അപകടം പിടിച്ച കാലാണ്. നിങ്ങള്‌ടെ ജീവൻ തന്നെ അപകടത്തിലാണ്. നിങ്ങൾ എന്തെങ്കിലും വേഗം ചെയ്തില്ലെങ്കിൽ അത് നിങ്ങടെ അവസാനാവും.”

“ഞാനെന്താണ് ചെയ്യേണ്ടത്?” മാലതി ഭീതിതയായി ചോദിച്ചു. അവൾ ശരിക്കും ഭയന്നിരുന്നു. തനിക്ക് രക്ഷയില്ല എന്ന തോന്നൽ കുറച്ചുകാലമായി അവളെ വേട്ടയാടുന്നുണ്ടായിരുന്നു. പക്ഷേ അപകടം ഏതു വഴിക്കാണ് വരുന്നത് എന്നു മാത്രം അറിയില്ല.

“ഞാൻ നോക്കിയിടത്തോളം ഒരു കാര്യം മനസ്സിലായിരിക്കുന്നു. നിങ്ങടെ ഭർത്താവ് തിരിച്ചു വന്നിട്ടുണ്ട്. ഏകദേശം രണ്ടു കൊല്ലം മുമ്പുതന്നെ. ഇനി അറിയേണ്ടത് അദ്ദേഹം ഇപ്പോൾ എവിടെയാണെന്നാണ്.”

“തിരിച്ചു വന്നൂന്ന് തീർച്ചയാണോ?” മാലതി ആശാപൂർവ്വം ജ്യോത്സ്യനെ നോക്കി.

“തിരിച്ചു വന്നൂന്നാണ് ഞാൻ കാണണത്. പക്ഷേ ഇപ്പോ എവിട്യാണ്, ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും പറയാൻ പറ്റില്ല. അതിന് നമക്ക് കുറേക്കൂടി പ്രശ്‌നം വെക്കണം. പ്രശ്‌നം വെച്ചു നോക്ക്യാൽ മാത്രം പോര, അല്പം ധ്യാനം കൂടി ആവശ്യാണ്.” അദ്ദേഹം നിർത്തി. മുമ്പിലിരിക്കുന്ന ചെറുപ്പക്കാരിയുടെ മുഖം വിളറിയത് അദ്ദേഹം കണ്ടു. അത് ആവശ്യമാണ്. കാര്യങ്ങളുടെ ഗൗരവം അവർ തികച്ചും മനസ്സിലാക്കുക തന്നെ വേണം. ഇനി അവരുടെ സഹായമില്ലാതെ തനിക്ക് മുന്നോട്ടു പോകാൻ പറ്റില്ല. ഇരുണ്ട വഴികളാണ്. ഒരു വെളിച്ചം ആവശ്യമാണ്. അതിന് അവരെ തയ്യാറെടുപ്പിക്കണം.

“നിങ്ങൾക്ക് പോകാൻ ധൃതിയില്ലല്ലോ. ഇനി ധൃതിണ്ടെങ്കിൽത്തന്നെ അതൊക്കെ മാറ്റി വയ്ക്ക്യാ. വൈകുന്നേരം ഒരു ചെറിയ പൂജണ്ടാവും. അത് ഞാൻ തന്നെ ചെയ്യണതാണ്, ഞങ്ങടെ പരദേവതയ്ക്ക്. അപ്പോ നമുക്ക് കൂടുതൽ അന്വേഷിക്കാം. ഇനിയാണ് കാര്യായിട്ട്ള്ള അന്വേഷണം. അതു ഞാനൊറ്റയ്ക്കു ചെയ്താൽ പോരാ, നിങ്ങടെ സഹായും ആവശ്യാണ്. ഇപ്പോ പോയി ഊണു കഴിച്ച് വിശ്രമിച്ചോളു.”

“വരൂ.” പിന്നിൽ നിന്നൊരു സ്ത്രീ ശബ്ദം കേട്ട് മാലതി തിരിഞ്ഞു നോക്കി. ഗോവിന്ദപ്പണിക്കരുടെ ഭാര്യ യാണ്. മാലതി അവരുടെ പിന്നാലെ അകത്തേയ്ക്കു പോയി. ഉമ്മറത്തു നിന്ന് ഒരു തളത്തിലേയ്ക്കാണ് കടന്നത്. അവിടെ നടുമിറ്റത്തിന്റെ തിണ്ണമേൽ ഒരു കിണ്ടിയിൽ വെള്ളം വെച്ചിരുന്നു. രാവിലെ വെച്ച സ്ഥലത്തു തന്നെ.

“കൈ കഴുകിക്കോളു.”

മാലതി കൈയ്യും മുഖവും കഴുകി, സാരിയുടെ തുമ്പിൽ മുഖം തുടയ്ക്കാൻ തുടങ്ങുമ്പോഴാണ് അവർ പറഞ്ഞത്.

“ഇതാ തോർത്ത്.”

അലക്കിയ തോർത്തിനു വെയിലിന്റെ മണമുണ്ടായിരുന്നു. അതുകൊണ്ട് മുഖം തോർത്തിക്കഴിഞ്ഞപ്പോൾ അവളുടെ ക്ഷീണത്തിനു ശമനമുണ്ടായി. രാവിലെ ആറു മണിയ്ക്ക് പുറപ്പെട്ടതാണ്. ആറരയ്ക്കുള്ള ബസ്സിൽ കയറി. റെയിൽവേ സ്റ്റേഷനിൽ എത്തി, പിന്നെ തീവണ്ടിയിൽ യാത്ര ഒന്നര മണിക്കൂർ. അതു കഴിഞ്ഞ് വീണ്ടും ബസ്സിൽ. ബസ്സിറങ്ങി രണ്ടു കിലോമീറ്റർ നടക്കേണ്ടിയും വന്നു. ഇവിടെ എത്തിയപ്പോൾ സമയം പത്തരയായി. ജ്യോത്സ്യർ തന്റെ വരവ് മുൻകൂട്ടി കണ്ടിരുന്നെന്നു തോന്നുന്നു. എന്തെങ്കിലും നിമിത്തമുണ്ടായിട്ടുണ്ടാവാം.

“നീണ്ട യാത്ര്യായിരുന്നു അല്ലേ?”

മാലതി ചിരിച്ചു.

“കേറി ഇരിക്ക്യാ” ജ്യോത്സ്യൻ ഗോവിന്ദപ്പണിക്കർ ക്ഷണിച്ചു. തിരിഞ്ഞ് വാതിൽക്കൽ അപ്പോൾ പ്രത്യക്ഷപ്പെട്ട വയസ്സായ സ്ത്രീയെ നോക്കി പറഞ്ഞു. “ഇവർക്ക് കാലും മുഖോം കഴുകാൻ വെള്ളം കൊടുക്കു. എന്തെങ്കിലും കഴിക്കാനും.”

ഗോവിന്ദപ്പണിക്കരുടെ ഭാര്യയായിരുന്നു. അറുപത് അറുപത്തഞ്ച് വയസ്സായി കാണും. തലമുടി നരച്ചിരി ക്കുന്നു. കരയുള്ള മുണ്ടും വേഷ്ടിയുമാണ് വേഷം. അവളുടെ വിശപ്പ് കെട്ടിരുന്നു. അതുകൊണ്ട് ഒരു ദോശയും ചായയും കഴിച്ചു എന്നു വരുത്തി അവൾ എഴുന്നേറ്റു.

ഇപ്പോൾ അവൾക്ക് നല്ല വിശപ്പുണ്ടായിരുന്നു. സമയം എത്രയായിട്ടുണ്ടാകും? ഈ സ്ത്രീയെ താൻ എന്താണ് വിളിക്കേണ്ടത്?

“ചേച്ചീ, സമയം എത്ര്യായിട്ട്ണ്ടാവും?”

“രണ്ടു മണി.” അവർ പറഞ്ഞു. “ഇനി ഊണു കഴിച്ച് ഒന്ന് കെടന്നോളൂ. വൈകീട്ട് അഞ്ചുമണിക്കേ തൊടങ്ങൂ.”

“അങ്ങേര്ക്ക് ഊണു കൊടുക്കൂ. അതു കഴിഞ്ഞിട്ടു മതി എനിക്ക്.” ഉമ്മറത്തേയ്ക്കു നോക്കിക്കൊണ്ട് മാലതി ചോദിച്ചു.

“ഇല്ല, മൂപ്പര് ഒരു പ്രശ്‌നം വെയ്ക്കാൻ തൊടങ്ങ്യാൽ അതു കഴിഞ്ഞിട്ടേ ഭക്ഷണം തൊടു. ഇപ്പോ ഒരു കരിക്കിന്റെ വെള്ളം കുടിക്കും. അതു മാത്രം.”

മാലതിയ്ക്ക് വിഷമമായി. തനിക്കു വേണ്ടിയാണ് ആ വൃദ്ധൻ പട്ടിണി കിടക്കുന്നത്.

“അതുകൊണ്ട് നീ വെഷമിക്ക്യൊംന്നും വേണ്ട. എത്രേ്യാ കാലായിട്ട്ള്ള പതിവാ. നീ വാ, ഊണു വിളമ്പാം.”

മറ്റെല്ലാവരുടെയും ഊണു കഴിഞ്ഞിരുന്നു. ആരൊക്കെയാണ് അവിടെയുള്ളതെന്ന് അവൾക്കു മനസ്സിലായില്ല. രണ്ടു മൂന്നുപേരെ കണ്ടു. മക്കളായിരിക്കുമോ?

“മക്കളൊക്കെ എവിട്യാണ്?”

“ഒരാണും ഒരു പെണ്ണും. രണ്ടുപേരും അമേരിക്കയിലാ. രണ്ടുപേര്‌ടേം കല്യാണം കഴിഞ്ഞിരിക്കുണു. ഓരോ കുട്ടികളുംണ്ട്.”

നാലര മണിയ്ക്ക് അവർ വന്നു വിളിച്ചപ്പോഴാണ് മാലതി ഉണർന്നത്. ക്ഷീണമെല്ലാം മാറിയിരിക്കുന്നു. ചായ കുളിച്ച്, മേൽ കഴുകി അവൾ ഉമ്മറത്തേയ്ക്കു ചെന്നു. അവിടെ ചെറിയൊരു പൂജയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നു.

ഗോവിന്ദപ്പണിക്കർ കുളിച്ച് നെറ്റിമേലും നെഞ്ചത്തും ഭസ്മം കൊണ്ട് കുറിയിട്ട് വന്ന് ഉയരം കുറഞ്ഞ ഒരു പീഠത്തിന്മേൽ ഇരുന്നു. പൂജ തുടങ്ങുകയാണ്.


5. അന്വേഷണം

ധൂപക്കൂട്ടുകളുടെ സുഗന്ധം, പകൽ വെളിച്ചത്തിലും തെളിഞ്ഞു കത്തുന്ന നെയ്‌വിളക്കിന്റെ ശോഭ, മുമ്പിൽ പകുതി കണ്ണടച്ച് ധ്യാനത്തിലിരിക്കുന്ന ജ്യോത്സ്യർ, ആ അന്തരീക്ഷത്തിൽ ദൈവീകമായ ഒരു സാന്നിദ്ധ്യം അവൾക്കനുഭവപ്പെട്ടു. ഗോവിന്ദപ്പണിക്കർ കണ്ണു തുറന്ന് അവളെ നോക്കി. അദ്ദേഹത്തിന്റെ ചുളിവു നിറഞ്ഞ മുഖം ഗൗരവമാർന്നതായിരുന്നു.

“ഇവിടത്തെ പ്രതിഷ്ഠ ഭദ്രകാളിയാണ്. അവരാണ് നമുക്ക് സഹായിയായി വരാൻ പോകുന്നത്. ഭഗവതിയെ മനസ്സിൽ ധ്യാനിച്ചോളു. മറ്റൊരു ചിന്തയും വേണ്ട.”

അദ്ദേഹം പൂജ തുടങ്ങി. മാലതി ചമ്രം പടിഞ്ഞ് കണ്ണടച്ചിരുന്നു. മനസ്സ് എല്ലാ ചിന്തകളിൽ നിന്നും മാറി ദുർഗ്ഗയിൽ അർപ്പിക്കാൻ അവൾ ശ്രമിച്ചു. വിഷമകരമായ ഒരു കാര്യമായിരുന്നു. മുമ്പിൽ ജ്യോത്സ്യർ ഉരുവിടുന്ന മന്ത്രങ്ങൾ പക്ഷേ സഹായകമായി. അര മണിക്കൂർ നേരത്തെ പൂജയ്ക്കു ശേഷം ജ്യോത്സ്യർ വിളിച്ചപ്പോൾ അത് ദൂരെ എവിടെയോ നിന്ന് ആരോ വിളിക്കുന്ന പോലെയാണ് മാലതിയ്ക്കു തോന്നിയത്. അവൾ കണ്ണു തുറന്നു.

“ഇനിയാണ് എനിക്ക് നിങ്ങളുടെ ആവശ്യം.” ഗോവിന്ദപ്പണിക്കർ പറഞ്ഞു. “ഞാനൊരു യാത്രയ്ക്കു പോവ്വാണ്, അറിയാത്ത വഴിയിൽക്കൂടി. വിളക്കു പിടിക്കാൻ നിങ്ങൾ വേണം.”

മാലതിയ്ക്കു മനസ്സിലായില്ല. ഇപ്പോൾ അസ്തമിച്ചിട്ടില്ല. ഇനി രാത്രി വല്ല യാത്രയുമുണ്ടോ ആവോ?

“യാത്ര മനസ്സിലാണ്. നമ്മൾ ഇവിടെത്തന്നെ ഇരുന്നു കൊണ്ടാണ് യാത്ര ചെയ്യാൻ പോകുന്നത്. ഞാൻ ധ്യാനിക്കാൻ പോകുന്നു. നിങ്ങളുടെ ഭർത്താവ് പോയ അന്നു തൊട്ടുള്ള കാര്യങ്ങൾ, ഓരോ ചെറിയ കാര്യ ങ്ങൾ പോലും നിങ്ങൾ വിശദമായി ഓർമ്മിക്കാൻ പോകുന്നു. നിങ്ങളുടെ ഓർമ്മയാണ് എന്റെ വഴിവിളക്ക്. നമ്മൾ ലക്ഷ്യത്തിലെത്താതിരിക്കില്ല. എന്താ?”

“ശരി.”

“എന്നാൽ തുടങ്ങിക്കോളൂ.”

അവൾ കണ്ണടച്ചിരുന്നു. ഏതോ അദൃശ്യമായ ശക്തി തന്നെ പിടിച്ചു വലിക്കുന്നതുപോലെ മാലതിയ്ക്കു തോന്നി. താൻ നയിക്കുന്നതിനു പകരം നയിക്കപ്പെടുകയാണ്. ക്രമേണ എല്ലാം ശാന്തമായി. അവൾ നിന്നിരുന്നത് അവളുടെ വീട്ടിന്റെ മുറ്റത്താണ്. മുമ്പിൽ നിൽക്കുന്നത് ശങ്കരേട്ടനാണ്. കയ്യിൽ ഒരു കുടയും തോൽസഞ്ചിയും ഉണ്ട്.

“നിങ്ങൾ അവിടെ എത്തിയിരിക്കുന്നു.” ഏതോ പ്രാചീനമായ ഒരു ഗുഹയിൽ നിന്നെന്ന പോലെ ആ ശബ്ദം കേൾക്കുകയാണ്. “ഇനി എന്താണുണ്ടായതെന്ന് ഓർക്കു.”

അവൾ ഓർക്കാൻ തുടങ്ങി. എന്താണുണ്ടായത്. ഒരോ ദിവസവും ഓരോ നിമിഷവും നടന്ന കാര്യങ്ങൾ.

“നിങ്ങൾ ഉറങ്ങുമ്പോഴും നിങ്ങളുടെ സുഷുമ്‌ന ഉണർന്നിരിക്കും. അത് എല്ലാം കാണുന്നുണ്ട് കേൾക്കുന്നുണ്ട്. അതിന് ചുമരുകൾ ഒരു മറയല്ല. രാത്രികളിലും എന്തൊക്കെയാണുണ്ടായതെന്ന് അതു നിങ്ങളോടു പറയും. ധ്യാനിക്കു.”

അവൾ സാവധാനത്തിൽ തിരിച്ചു പോയി. വീട്, പരിസരങ്ങൾ. ദിവസങ്ങൾ കാറ്റിൽ പറക്കുന്ന കരിയിലകൾ പോലെ മാറിപ്പോകുന്നു. മുഖങ്ങൾ, ശബ്ദങ്ങൾ, വളരെ അസാധാരണമായ ശബ്ദങ്ങൾ. ആരുടെതാണ് ആ കരച്ചിൽ? വികൃതമായ മുഖം. ആരുടെതാണത്?

ഒരു നിലവിളിയോടെ മാലതി ഞെട്ടി ഉണർന്നു. അവൾ ശക്തിയായി വിയർക്കുകയായിരുന്നു.

“വെള്ളം.”

ഗോവിന്ദപ്പണിക്കരുടെ ഭാര്യ തൊട്ടു പിന്നിൽ ഇരുപ്പുണ്ടായിരുന്നു. അവർ ഒരു ഗ്ലാസ്സിൽ വെള്ളമെടുത്തു കൊടുത്തു. മാലതി അത് ഒറ്റ വീർപ്പിന് കുടിച്ചു. മുമ്പിൽ ഗോവിന്ദപ്പണിക്കർ കണ്ണടച്ച് ഇരിക്കുകയാണ്. കണ്ണടച്ചു കൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു.

“ഇനിയും ആലോചിക്കു. നമ്മൾ ശരിക്കുള്ള വഴിയിലാണ് പോകുന്നത്. ഇനിയെന്തുണ്ടായി? ആരൊക്കെയാണ് ഒപ്പമുണ്ടായിരുന്നത്, ആലോചിക്കൂ.”

അവൾ വീണ്ടും കണ്ണടച്ചിരുന്നു. വീണ്ടും തന്നെ ആരോ പിടിച്ചു വലിക്കുന്ന അനുഭവം. വീണ്ടും തന്റെ വീട്ടു വളപ്പിലെത്തിയിരിക്കുന്നു. താൻ കാണുന്ന രംഗങ്ങൾ എന്തൊക്കെയാണ്. അവിശ്വസനീയമായ ദൃശ്യങ്ങൾ, ആൾക്കാർ. എന്റെ ദൈവമേ!

അവൾ ഞെട്ടിയുണർന്നു. വയ്യ, ഈ യാത്ര തുടരാൻ വയ്യ. അറിഞ്ഞേടത്തോളം തന്നെ മതിയായി.

ഗോവിന്ദപ്പണിക്കർ കണ്ണു തുറന്നു. ക്രൂരതയാണ് താൻ കാണിച്ചത്, പക്ഷേ മറ്റു വഴികളൊന്നുമില്ല. സത്യം പുറത്തു വരിക തന്നെ വേണം.

“ശാന്തയായി ഇരിക്കൂ.” അദ്ദേഹം പറഞ്ഞു. “ഓരോരുത്തർക്ക് ഓരോ വിധി എഴുതിവച്ചിട്ടുണ്ട്. നമ്മുടെ ജീവിതം അതിനനുസരിച്ചല്ലേ പോകൂ. നിങ്ങളുടെ വിധി ഇതാണെന്നു കരുതി ആശ്വസിക്കൂ. ഇനി എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്കറിയാം. അതു പ്രകാരം ചെയ്യുക. പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുക. ഇത്രയും ദൂരെ ഇരുന്നു കൊണ്ട് അതെങ്ങിനെ പറ്റുമെന്ന് എനിക്ക് പറയാൻ പറ്റില്ല.”

അയാൾ തിരിഞ്ഞ് തന്റെ ഭാര്യയോടു പറഞ്ഞു.

“ലക്ഷ്മി, ഇവർക്കു നേരത്തെ ഭക്ഷണം കൊടുത്ത് ഉറങ്ങാൻ വിടു. മോളില് തെക്കേ മുറീല് കെടയ്ക്ക വിരിക്കാൻ സുജാത്യോട് പറയൂ. ഇന്ന് അവളോടും ആ മുറീല് കെടക്കാൻ പറയൂ. ഈ കുട്ട്യേ ഒറ്റയ്ക്ക് കെടത്തണ്ട.”

അവർ എഴുന്നേറ്റു മാലതിയുടെ കൈ പിടിച്ചു കൊണ്ടു പറഞ്ഞു. “വരൂ.”

മാലതി കരഞ്ഞില്ല. തന്റെ അന്വേഷണത്തിന്റെ അന്ത്യമാണിത്. ഇനി കരഞ്ഞിട്ടെന്തു കാര്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി തനിക്കു ചുറ്റും നടന്ന സംഭവങ്ങൾക്ക് ഇപ്പോൾ അർത്ഥമുണ്ടായി വരികയാണ്. യാദൃശ്ചിക സംഭവമെന്നു കുരുതിയിരുന്ന പലതും അർത്ഥഗർഭമായിരുന്നു. വല്ലാത്തൊരർത്ഥം!


6. അന്വേഷണത്തിനു ശേഷം

അവൾ രാവിലെ പുറപ്പെട്ടു. കുളിച്ചു, വസ്ത്രം മാറിയ ശേഷം ഗോവിന്ദപ്പണിക്കരുടെ ഭാര്യ വിളമ്പിത്തന്ന ഭക്ഷണം കഴിച്ചു. ഇഡ്ഡലിയും ചട്ടിണിയും കാപ്പിയും.

“മുഴുവനും കഴിക്കൂ. കൊറെ ദൂരം യാത്ര ചെയ്യേണ്ടതല്ലേ?”

അവൾക്ക് അമ്മയെ ഓർമ്മ വന്നു. അവരുടെ മരണത്തിനു ശേഷം ആരും ഇത്ര സ്‌നേഹത്തിൽ ഭക്ഷണം വിളമ്പിയിട്ടില്ല. അവൾ ഒരു ഇഡ്ഡലി കൂടി കഴിച്ചു. കൈ കഴുകി അവൾ ഉമ്മറത്തേയ്ക്കു നടന്നു. അവിടെ ചാരുകസേലയിൽ ജ്യോത്സ്യർ ഇരിക്കുന്നുണ്ടായിരുന്നു. മാലതി അദ്ദേഹത്തിന്റെ പാദങ്ങളിൽ നമസ്‌കരിച്ചു.

“പൊയ്‌ക്കോളു കുട്ടീ, എല്ലാം ശുഭമായി വരും.”

“ഞാൻ എന്താണ് ദക്ഷിണ തരേണ്ടതെന്ന് അറിയില്ല.” അവൾ കൈയ്യിലുള്ള പഴ്‌സ് തുറക്കാനൊരുങ്ങി.

“അതൊക്കെ അവിടെ വെച്ചോളു, കുട്ടി. നിന്നെ എന്റെ മകളുടെ മാതിരിയാണ് ഞാൻ കരുതീട്ട്ള്ളത്. മച്ചില് ഭഗവതീടെ ഭണ്ഡാരംണ്ട്. അതില് ഒരു പത്തുറുപ്പിക ഇട്ടോളു, വഴിപാടായിട്ട്. എന്നിട്ട് പോയി വരൂ.”

“ഈ കുട്ട്യേ ഒന്ന് ബസ്സ് കയറ്റി വിടാൻ പറയൂ സുജാത്യോട്.”

നിസ്സഹായയായി, നിരാലംബയായി നടന്നുപോകുന്ന സ്ത്രീയെ നോക്കി ജ്യോത്സ്യർ നെടുവീർപ്പിട്ടു. എന്തൊക്കെയോ മുജ്ജന്മബന്ധങ്ങൾ! അല്ലെങ്കിൽ അവസാനം തന്റെ അടുക്കലെത്തിയതെന്തിനാണ്? അപകടമൊന്നും പറ്റാതെ കാര്യങ്ങൾ മുന്നോട്ടു പോട്ടെ ദേവീ.

പോലീസ് ഇൻസ്‌പെക്ടർ മാലതി പറയുന്നത് ശ്രദ്ധയോടെ കേട്ടു. അവർ ഒരു സ്വപ്നം കണ്ട പോലെയാണ് സംസാരിക്കുന്നത്. ഒരുപക്ഷേ എല്ലാം വെറുമൊരു പറ്റിക്കലായിരിക്കാം. പക്ഷേ ജ്യോത്സ്യൻ ദക്ഷിണയായി പോലും ഒന്നും സ്വീകരിച്ചില്ലെന്ന് അവർ പറയുമ്പോൾ അത് ഗൗരവമായി കാണണം. അങ്ങിനെയുള്ള ആൾക്കാരും ഈ കാലത്ത് ജീവിച്ചിരിപ്പുണ്ടോ? കഴിഞ്ഞ മൂന്നു കൊല്ലമായി നിരന്തരം തന്റെ അടുത്തു വരികയും വാടിയ മുഖത്തോടെ തിരിച്ചു പോകയും ചെയ്തിരുന്ന ഈ സ്ത്രീയോട് ഇൻസ്‌പെക്ടർക്ക് അനുകമ്പ തോന്നിയിരുന്നു. എങ്ങിനെയെങ്കിലും ഒരു തുമ്പുണ്ടാക്കാൻ പറ്റിയാൽ, ഭർത്താവ് തിരിച്ചു വന്നില്ലെങ്കിൽക്കൂടി എവിടെയെങ്കിലും ജീവനോടെ ഇരിക്കുന്നുണ്ടെന്ന് മനസ്സിലാവുകയെങ്കിലും ചെയ്താൽ മതിയായിരുന്നു. അയ്യപ്പനാണ് ഇതിലെ പ്രധാനപ്പെട്ട കണ്ണിയെന്ന് ഇവർ പറയുന്നു.

“കണ്ടം കിളക്കാൻ വന്നു എന്നതുകൊണ്ട് അവനെ സംശയിക്കുന്നതെന്തിനാണ്? ഒരുപക്ഷേ നിങ്ങടെ ഭർത്താവ് പോകുന്നതിനു മുമ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലോ?”

“കണ്ടം കിളക്കാൻ തുടങ്ങിയ ശേഷമാണ് ഞാൻ അറിയുന്നതുതന്നെ. ഞാൻ ചെന്നു നോക്കിയപ്പോൾ ഒരു കണ്ടം കാൽ ഭാഗം കിളച്ചു കഴിഞ്ഞു. അപ്പോഴാണ് ഞാൻ നടുവിലായി ചെറിയ സ്ഥലത്ത് മണ്ണ് കിളച്ചപോലെ കണ്ടത്. ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് പുല്ലുചെത്തി കുഴിയുണ്ടാക്കി മൂടിയതാണെന്നാണ്. സാധാരണ അങ്ങിനെ ചെയ്യാറുണ്ട്. ഞാനൊന്നും അവിശ്വസിച്ചില്ല. ഒരു ദിവസം മാത്രം ജോലി ചെയ്താൽ മതിയെന്നും, ബാക്കി ശങ്കരേട്ടൻ വന്നിട്ട് മതീന്നും പറഞ്ഞു. പക്ഷേ അയ്യപ്പൻ രണ്ടു കണ്ടം മാത്രം കിളച്ച് എന്നോട് ഒന്നും പറയാതെ പോയി. കൂലി വാങ്ങീതു പോലുമില്ല.”

“മറ്റുള്ളവരെ സംശയിക്കാൻ കാരണം?”

“ഞാൻ ജ്യോത്സ്യരുടെ മുമ്പിലിരുന്ന് ധ്യാനിച്ചപ്പോൾ കണ്ട മായക്കാഴ്ചകളില് കണ്ട മുഖങ്ങളായിരുന്നു. അയ്യപ്പൻ കിളയ്ക്കാൻ വന്നതിന്റെ തലേന്നു രാത്രിയിലത്തെ കാഴ്ചകൾ. ഞാൻ നല്ല ഒറക്കായിരുന്നു, എന്നിട്ടും അതൊക്കെ മനക്കണ്ണിൽ കാണാൻ പറ്റീത് എങ്ങിന്യാന്ന് നിശ്ശല്ല്യ.”

“നമുക്ക് നോക്കാം.” ഇൻസ്‌പെക്ടർ പറഞ്ഞു. “നിങ്ങളെനിക്ക് ഒരു സൂചന തന്നു. ഇനി അതിൽനിന്ന് തെളി വെടുത്ത് കേസ് തീർക്കേണ്ടത് എന്റെ ചുമതലയാണ്. അതു ഞാൻ ചെയ്‌തോളാം.”

മാലതി എഴുന്നേറ്റു.


7. രണ്ടു മൊഴികൾ


പോസ്റ്റ്മാൻ നൽകിയ മൊഴി.

1997 ആഗസ്റ്റ് മാസം രണ്ടാം തിയ്യതി രാവിലെ താഴെപ്പറമ്പിൽ വീട്ടിൽ ശങ്കരൻ നായരുടെ ഭാര്യ മാലതിയമ്മയ്ക്ക് വന്ന ഒരു കൂലിക്കത്ത് കൊടുക്കാൻ പോകുമ്പോൾ ടൗണിൽവച്ച് തന്നെ കണ്ട താഴെപ്പറമ്പിൽ നാരായണൻ നായർ എന്നവർകൾ അതു കൊടുക്കാമെന്ന് ഏറ്റു. നാരായണൻ നായർ വിലാസക്കാരിയുടെ ഏറ്റവും അടുത്ത ബന്ധുവായതിനാൽ ഞാൻ കൊടുക്കാമെന്ന് സമ്മതിക്കുകയും അയാൾ കൂലി തീർത്ത് കത്ത് എന്റെ കയ്യിൽ നിന്ന് വാങ്ങിക്കുകയും ചെയ്തു. കൂലി ഓഫീസിൽ വൈകുന്നേരം അടച്ചതിന്റെ രേഖ പോസ്റ്റാഫീസിൽ ഉള്ളതുകൊണ്ടാണ് തിയ്യതിയെപ്പറ്റി ഇത്ര കണിശമായി പറയാൻ പറ്റിയത്.

ശനിയാഴ്ച നാട്ടിൽ പോകേണ്ട അത്യാവശ്യമുണ്ടായിരുന്നതിനാൽ വേഗം ജോലി കഴിക്കാമല്ലൊ എന്ന വിചാരം കൊണ്ട് ചെയ്തതാണിത്. എന്റെ കയ്യിൽ പറ്റിയ ഈ പിഴ സദയം ക്ഷമിക്കുമാറാകണം.

എന്ന് കെ. എ. കേശവൻ,

പോസ്റ്റ്മാൻ.


അയ്യപ്പൻ നൽകിയ മൊഴി.

1997 ആഗസ്റ്റ് മാസം അഞ്ചാം തിയ്യതി താഴെപ്പറമ്പിൽ നാരായണൻ നായർ തമ്പ്രാനും അദ്ദേഹത്തിന്റെ രണ്ട് അനുജന്മാരും കൂടി എന്നെ അങ്ങേര്‌ടെ വീട്ടിലേയ്ക്ക് വിളിപ്പിച്ചു. അന്നു രാത്രി പത്തു മണിയ്ക്ക് അവരുടെ ഒപ്പം താഴെപ്പറമ്പിൽ ശങ്കരൻ നായർ തമ്പ്രാന്റെ വീട്ടുവളപ്പിലേയ്ക്ക് വരണമെന്നും, സംഗതി രഹസ്യമാക്കി വയ്ക്കണമെന്നും പറഞ്ഞു. പിറ്റേന്ന് എന്റെ മകളുടെ കല്യാണ നിശ്ചയമായതുകൊണ്ട് വരാൻ പറ്റില്ലെന്നു പറഞ്ഞപ്പോൾ അവർ എന്നെ ഭീഷണിപ്പെടുത്തി. മാത്രമല്ല മകളുടെ കല്യാണത്തിന് അവരുടെ വകയായി അയ്യായിരം ഉറുപ്പിക തരാമെന്നും പറഞ്ഞു. അടിയൻ സമ്മതിച്ചു.

രാത്രി പത്തരയ്ക്ക് ശങ്കരൻ നായർ തമ്പ്രാൻ വരുന്നതു കണ്ടപ്പോൾ ഒളിപ്പിച്ചു വച്ച കട്ടപ്പാര എടുത്ത് എന്റെ കയ്യിൽത്തന്ന് തലയ്ക്കടിക്കണമെന്നു പറഞ്ഞു. അടിയനെക്കൊണ്ട് പറ്റില്ലെന്നു പറഞ്ഞപ്പോൾ അവർ തന്നെ അതു വാങ്ങി തമ്പ്രാന്റെ തലയ്ക്കടിച്ചു. മരിച്ചു എന്നു ബോധ്യമായപ്പോൾ എന്നോട് കൈക്കോട്ട് കൊണ്ടു വരാൻ പറഞ്ഞു. ആ പറമ്പിലെ കിളയെല്ലാം ഞാൻ തന്നെയാണ് ചെയ്യാറ്. അതുകൊണ്ട് കൈക്കോട്ട് വിറകു പുരയിൽ നിന്ന് എടുത്തു കൊണ്ടുവന്നു തെക്കേ പറമ്പിൽ വലിയ കുഴി കുഴിച്ചു. നാലുപേരും കൂടി ശവം എടുത്തു കൊണ്ടു പോയി കുഴിയിലിട്ടു. ഞാൻ കുഴി മൂടി.

പിറ്റേന്ന് കുഴി മൂടിയ സ്ഥലത്തുള്ള പുതിയ മണ്ണ് കണ്ട് തമ്പ്രാട്ടിയ്ക്ക് സംശയമുണ്ടാവണ്ടാ എന്നു കരുതി ഞാൻ രാവിലെ നേരത്തെ തന്നെ ചെന്ന് ആ കണ്ടം കിളച്ചു തുടങ്ങി. അപ്പോൾ തമ്പ്രാട്ടി വന്നു ചോദിച്ചപ്പോൾ ശങ്കരൻ നായർ തമ്പ്രാൻ പോകുന്നതിനു മുമ്പ് ഏല്പിച്ചതാണെന്നു പറഞ്ഞു. എന്തായാലും ഒരു ദിവസം മാത്രം ജോലി ചെയ്താൽ മതിയെന്നു പറഞ്ഞു. ഞാൻ ഉച്ചയ്ക്കു മുമ്പ് കിള നിർത്തി തമ്പ്രാട്ടിയോട് പറയാതെ പോയി.

നാരായണൻ നായര് തമ്പ്രാൻ എനിക്ക് അയ്യായിരം ഉറുപ്പിക തന്നു.

എന്ന് പഴേക്കുടിയിൽ ചെഞ്ചു എന്ന അയ്യപ്പൻ.


8. നന്ദിയോടെ

“എനിക്ക് സമാധാനായി.” ഗോവിന്ദപ്പണിക്കർ പറഞ്ഞു. തന്റെ മുമ്പിൽ കുമ്പിട്ടിരിക്കുന്ന സ്ത്രീയെ അയാൾ എഴുന്നേൽപ്പിച്ചു. മാലതി കരയുകയായിരുന്നു. മാസങ്ങൾക്കു ശേഷം അവൾ കരയുകയാണ്. കണ്ണീർ വറ്റി പ്പോയെന്നാണ് കരുതിയത്. മനസ്സിന്റെ നിർവ്വികാരത മാറി വീണ്ടും വികാരനിർഭരമായി.

“നന്ദി പറയാൻ വന്നതാണ്.”

“നന്ദി ഞാനാണ് പറയേണ്ടത്, ഇത്രയും കഷ്ടപ്പെട്ട് വീണ്ടും എന്നെ കാണാൻ വന്നതിന്. അതെനിക്ക് എത്ര മനസ്സമാധാനം തന്നൂന്നറിയ്വോ? ഞാൻ കുട്ടിയെ വല്ലാത്തൊരു പ്രതിസന്ധിയിലാണ് അയച്ചത്. കുട്ടിയുടെ ജീവിതം വളരെ അപകടം പിടിച്ചൊരു ഘട്ടം തരണം ചെയ്യ്വായിരുന്നു. ഒന്നുകിൽ നിങ്ങൾ, അല്ലെങ്കിൽ മറ്റവർ എന്ന ഘട്ടം. കുട്ടി വേഗം പ്രവർത്തിച്ചതു കൊണ്ട് രക്ഷപ്പെട്ടതാണ്. ഒരു പക്ഷേ ഒരു ദിവസം കാത്തിരുന്നെങ്കിൽ വൈകിയേനെ. എന്തായാലും നന്നായി. ദൈവം ഇനിയും രക്ഷിക്കട്ടെ.”