close
Sayahna Sayahna
Search

അപൂർണ്ണമായൊരു ചിത്രം പോലെഅപകടം കഴിഞ്ഞ് ദിവസങ്ങളോളം അതിന്റെ ചിത്രങ്ങൾ ദിനേശന്റെ മനസ്സിനെ അലട്ടി. കാഴ്ചയിൽ തങ്ങിനിൽക്കാൻമാത്രം കഴിവില്ലാത്തവിധം വേഗത്തിൽ ഓടുന്ന ഒരു സ്ലൈഡ്‌ഷോ പോലെ. എങ്കിലും അതിലെ ഓരോ സ്ലൈഡും അയാളുടെ മനസ്സിൽ നല്ലപോലെ പതിഞ്ഞിരിക്കുന്നു. ഹൈവേയിൽ ചീറിപ്പാഞ്ഞു പോകുന്ന മറ്റു വാഹനങ്ങളോട് മത്സരിക്കാതെ ട്രാൻസ്‌പോർട്ട് ബസ്സിലെ ഡ്രൈവർ ഓടിക്കുകയാണ്. 40 — 45 കിലോമീറ്റർ വേഗം മാത്രം. അതിന്റെ ഏറ്റവും മുന്നിലെ സീറ്റിലാണ് ദിനേശനിരിക്കുന്നത്. പെട്ടെന്ന് എവിടെനിന്നാണെന്നറിയാതെ ഒരു സ്‌കൂട്ടർ കുറുകെ വരികയും ബസ്സ് അതിന്റെ മേൽ പോയി ഇടിക്കുകയും ചെയ്തു. സ്‌കൂട്ടറുകാരനും അയാളുടെ പിന്നിലുണ്ടായിരുന്ന ചെറുപ്പക്കാരിയും തെറിച്ച് റോഡിന്റെ മറുഭാഗത്ത് വീണു. എല്ലാം സംഭവിച്ചത് ഒരു നിമിഷാർദ്ധത്തിൽ. ബസ്സ് പെട്ടെന്ന് ബ്രെയ്ക്കിട്ടു നിർത്തി. മുന്നിലെ ബാർ പിടിച്ചിരുന്നതുകൊണ്ട് ദിനേശന്ന് മുഖം രക്ഷിക്കാനായി.

സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ ആൾ അനക്കമില്ലാതെ കിടക്കുകയാണ്. സ്‌കൂട്ടറിൽ അയാളുടെ പിന്നിലുണ്ടായിരുന്ന ചെറുപ്പക്കാരി സാവധാനത്തിൽ എഴുന്നേറ്റിരുന്നു. എന്താണുണ്ടായതെന്ന് മനസ്സിലാക്കാൻ അവൾക്ക് ഏതാനും നിമിഷങ്ങൾ വേണ്ടിവന്നു. പിന്നെ അപ്പോഴും തിരിയുന്ന ചക്രത്തോടെ ചരിഞ്ഞുകിടക്കുന്ന സ്‌കൂട്ടറിനു തൊട്ടടുത്ത് ചലനമറ്റ് കിടക്കുന്ന ഭർത്താവിനെ തൊട്ടുനോക്കി, അവൾ കരയാൻ തുടങ്ങി.

ആൾക്കാർ ഓടിക്കൂടി. അല്പം ഭയപ്പെട്ടിട്ടാണെങ്കിലും ബസ്സ് ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങി. ജനരോഷം ആക്രമിക്കപ്പെട്ട ഒരു തേനീച്ചക്കൂടു പോലെയാണ്. ശബ്ദം ഉയർന്നു തുടങ്ങി. എല്ലാ കണ്ണുകളും ബസ്സ് ഡ്രൈവറുടെ നേർക്കായിരുന്നു. ആരൊക്കെയോ വീണുകിടക്കുന്ന മനുഷ്യന്റെ പൾസ് പിടിച്ചുനോക്കി തലയാട്ടി. പുതുതായി ഒരാൾ പൾസ് പിടിക്കുമ്പോൾ ആശാപൂർവ്വം നോക്കിനിന്ന സ്ത്രീ അയാൾ തലയാട്ടുമ്പോൾ വീണ്ടും കരയാൻ തുടങ്ങി. ശബ്ദമില്ലാതെ, തലയിൽ കൈവച്ച്, ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ, ഉത്തരമില്ലാതെ.

ഇപ്പോൾ ജനങ്ങൾ ഡ്രൈവറുടെയും കണ്ടക്ടറുടെയും നേരെ തിരിഞ്ഞു. ഡ്രൈവർ ചെവിയില്ലാത്ത ഒരാൾക്കൂട്ടത്തിനോട് പറയുകയാണ്. ‘എന്റെ തെറ്റല്ല. ഞാനെന്താണ് ചെയ്യാ?’ ഒരാൾ രോഷാകുലനായി ഡ്രൈവറുടെ കോളർ പിടിച്ചു. ഡ്രൈവർ കുറച്ചു ദയയ്ക്കു വേണ്ടി ചുറ്റും നോക്കുകയാണ്. ആരെങ്കിലും ഒരാൾ അയാളുടെ ഭാഗം പറയില്ലേ?

സ്ഥിതിഗതികൾ നിയന്ത്രണാധീതമാവുകയാണ് എന്ന് ദിനേശൻ കണ്ടു. സാധു മനുഷ്യൻ. അയാളുടെ തെറ്റുകൊണ്ടല്ല അപകടം സംഭവിച്ചത്. സ്‌കൂട്ടറുകാരൻ പെട്ടെന്ന് ഇടതുവശത്തുകൂടെ ബസ്സിനു മുമ്പിലെത്തുകയാണുണ്ടായത്. ഇതൊന്നും അറിയാതെ ജനങ്ങൾ ആ സാധുമനുഷ്യനെ കൈകാര്യം ചെയ്യുകയാണ്. അയാൾക്കൊരു കുടുംബമുണ്ടാവും. ഭാര്യ, കുട്ടികൾ. അയാൾ എന്തു തെറ്റാണ് ചെയ്തത്?

ദിനേശൻ മുമ്പിലേയ്ക്കു തള്ളിക്കയറി.

‘ഞാൻ മുമ്പിലെ സീറ്റിൽ തന്നെയായിരുന്നു. എല്ലാം കണ്ടതാണ്.’

ജനശ്രദ്ധ തൽക്കാലം ദിനേശനിലായി.

‘ബസ്സ് ഡ്രൈവറുടെ തെറ്റല്ല. അയാൾ സാധാരണ സ്പീഡിലാണ് പോയിരുന്നത്. സ്‌കൂട്ടറുകാരൻ പെട്ടെന്ന്…’


2

മനസ്സിലെ സ്ലൈഡ് കുറേശ്ശെ മാഞ്ഞ് ഇല്ലാതായി. ദിവസങ്ങൾക്കു ശേഷം ഇപ്പോൾ തന്റെ മുമ്പിലിരിക്കുന്നത് ആ നിർഭാഗ്യവാനായ സ്‌കൂട്ടറുകാരന്റെ അതിലും നിർഭാഗ്യവതിയായ ഭാര്യയാണ്. കഴിഞ്ഞ അര മണിക്കൂറായി അവർ മുഖത്ത് യാതൊരു വികാരവുമില്ലാതെ ദിനേശന്റെ മുമ്പിലിരിക്കുകയായിരുന്നു. ഇവരെ കാണാൻ വരേണ്ടിയിരുന്നില്ലെന്നു ദിനേശനു തോന്നിത്തുടങ്ങിയിരുന്നു. മനസ്സാക്ഷി വല്ലാതെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോഴാണ് ഇനി വൈകിയ്ക്കുന്നത് ശരിയല്ലെന്നു തോന്നിയത്.

‘ഞാൻ നിങ്ങളെ കുറ്റപ്പെട്ത്ത്ണ്ല്ല്യ. നിങ്ങൾ സത്യം പറയ്യേ ചെയ്തുള്ളു. അതോണ്ട് ആ നിരപരാധിയായ ഡ്രൈവറും കണ്ടക്ടറും രക്ഷപ്പെട്ടു. തെറ്റ് മുഴുവൻ എന്റെ ഭർത്താവിന്റെ തന്നെയാണ്. തെറ്റ് മുഴുവൻ അങ്ങേര്‌ടെ കൈയ്യിലാണോ, അതോ വിധിടെ കൈയ്യിലോ. അല്ലെങ്കിൽ ഇങ്ങിന്യൊക്കെ വരണോ?’

‘എന്താണ് വിധീന്ന് പറയാൻ കാരണം?’

അവൾ തന്റെ ഇരുവശത്തുമായി ഇരിക്കുന്ന കുട്ടികളെ നോക്കി. മൂന്നും നാലും വയസ്സുണ്ടാകും. മൂത്തത് പെൺകുട്ടിയാണ്. എന്താണ് സംഭവിച്ചത് എന്ന് രണ്ടുപേർക്കും ഇനിയും മനസ്സിലായിട്ടില്ല. അച്ഛൻ ഇനി തിരിച്ചുവരില്ലെന്ന് അവർ അറിഞ്ഞിട്ടുണ്ടാവില്ല. ഞാൻ എന്തിനാണ് ഈ വീട്ടിലേയ്ക്ക് വന്നത്? ദിനേശൻ ആലോചിക്കുകയാണ്.

‘ഞാനെങ്കിലും രക്ഷപ്പെട്ടത് നന്നായി. അല്ലെങ്കിൽ ഇവര്‌ടെ സ്ഥിതിയെന്താവും? അങ്ങേര് പോവാൻ തയ്യാറായി നിൽക്ക്വായിരുന്നു ഏതായാലും.’

‘എന്താ അങ്ങിനെ പറഞ്ഞത്?’

അവൾ ഇരുവശത്തും ഇരിക്കുന്ന കുട്ടികളെ തലോടിക്കൊണ്ട് പറഞ്ഞു.

‘മക്കള് പോയി കളിച്ചോളു. അമ്മ ഈ മാമന് ചായ കൊടുക്കട്ടെ.’

ആ കുട്ടികൾ ഒരാശ്വാസത്തോടെ എഴുന്നേറ്റു. അമ്മയ്ക്കു ചുറ്റും ഉയർന്നു വന്നിരുന്ന പിരിമുറുക്കം അവർക്ക് കുറച്ചു നേരമായി അനുഭവപ്പെട്ടിരുന്നു.

‘എനിയ്ക്ക് ചായയൊന്നും വേണ്ട കെട്ടോ.’ ദിനേശൻ പറഞ്ഞു.

അവൾ വല്ലാത്തൊരു ചിരി ചിരിച്ചു.

‘പേടിയ്ക്കണ്ട, ഇവിടെ ചായയൊന്നും ഇല്ല. ഞാൻ കുട്ടികളെ വിഷമിപ്പിക്കണ്ട എന്നു കരുതി പറഞ്ഞയച്ചതാണ്. അവര്‌ടെ മുഖം കണ്ടപ്പോഴാണ് ഞാൻ വെഷം കലക്കിയ പാല് മുറ്റത്തേയ്‌ക്കൊഴിച്ചു കളഞ്ഞത്. അന്ന് ആ പാൽ കിട്ടാത്തതിന് അവര് കരഞ്ഞു, കാരണം എത്രയോ കാലത്തിനു ശേഷമാണ് അവര് പാൽ കാണണത്. എന്റെ ഭർത്താവ് അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. ആ കൈകൊണ്ടായിരുന്നു പാലിൽ വെഷം കലക്കീത്.’ ആരോടൊക്കെയോ ഉള്ള വിദ്വേഷം വാക്കുകളിൽക്കൂടി പുറത്തു വരികയാണ്. സാധാരണ നിലയിൽ അവൾ ഇങ്ങിനെ സംസാരിക്കാറില്ല.

‘എനിക്കൊന്നും മനസ്സിലാവ്ണില്ല. എന്താണ് ശരിക്കും സംഭവിച്ചത്?’

‘എന്തിനാ അതൊക്കെ അറിയണത്? എന്തിനാണ് വെറുതെ മനസ്സ് കേടു വര്ത്തണത്? എല്ലാം ഞങ്ങളുടെ വിധിയാണ്. അങ്ങേര് പോയി, ഭാഗ്യവാൻ. അത്രേള്ളു.’ അവൾ ഇതൊന്നും പറയാനുദ്ദേശിച്ചതല്ല. സംസാരിക്കുമ്പോൾ മനസ്സിലേയ്ക്ക് എല്ലാം തള്ളിക്കയറുകയാണ്. പറഞ്ഞുപോവുകയാണ്.

‘അതല്ലാ, എനിയ്ക്ക് ശരിക്കും വിഷമംണ്ട്. ഞാൻ കാരണാണ് നിങ്ങൾക്ക് കിട്ടേണ്ട നഷ്ടപരിഹാരം കിട്ടാതെ പോയത്. പക്ഷെ ആ മനുഷ്യന്നും ഭാര്യയും കുട്ടികളുംണ്ട്. അങ്ങേരടെ ജോലി പോയാൽ വല്യ കഷ്ടാണ്. കോടതിയിലാണെങ്കിൽ നുണ പറയേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. ഞാൻ മാത്രേ ആക്‌സിഡണ്ട് ശരിക്കും കണ്ടിട്ടുള്ളു. പക്ഷെ…’

‘പിന്നെ എന്തിനാണ് വിഷമിക്കണത്? സമാധാനായി പൊയ്‌ക്കോളു.’

‘നിങ്ങളുടെ സ്ഥിതി ഇതാണെന്നറിഞ്ഞിരുന്നെങ്കിൽ…’

‘അറിഞ്ഞിരുന്നെങ്കിൽ? നുണ പറയുമായിരുന്നോ?’

‘അപകട സമയത്ത് ഞാൻ ഉറങ്ങുകയായിരുന്നെന്നെങ്കിലും പറയാമായിരുന്നു. ഇപ്പോൾ എന്റെ മനസ്സാക്ഷി എന്നെ വല്ലാതെ കുഴക്കുന്നു.’ താൻ നിസ്സഹായയായ ഒരു സ്ത്രീയുടെ ജീവിതത്തിൽ കൂടുതൽ കൂടുതൽ ഇറങ്ങിപ്പോകുകയാണ്. എന്താണ് അതിന്റെയൊക്കെ ആവശ്യം? ദിനേശൻ ആലോചിച്ചു.

‘ശരിക്കും എന്താണ് സംഭവിച്ചത്?’ അയാൾ ചോദിച്ചു.

‘എനിയ്ക്കറിയില്ല. അങ്ങിനെയൊക്കെ വന്നു സംഭവിച്ചു എന്നു മാത്രം. വല്യെ കൊഴപ്പല്യാതെ നടന്നിര്ന്ന ബിസിനസ്സായിരുന്നു. പെട്ടെന്ന് എല്ലാം മാറി. പണത്തിന് വേണ്ടി എരക്കേണ്ടി വന്നു. കച്ചോടം മോശാന്നറിഞ്ഞപ്പോ കടം തന്നോര് ശല്യപ്പെടുത്താൻ തൊടങ്ങി. സ്വന്തം വീട്ടുകാരാണ്, എന്നിട്ടും പറഞ്ഞ് നിക്കാൻ കഴിഞ്ഞില്യ. തവണകള് മൊടക്ക് വരുത്ത്യപ്പൊ ബാങ്ക്കാര് ഭീഷണിപ്പെടുത്തി. ഇപ്പൊ ദാ ജപ്തി നോട്ടീസയിച്ചിരിക്കുണു. ആകെ ബാക്കിള്ളത് ഈ മൂന്ന് സെന്റ് സ്ഥലും കേറിക്കെടക്കാൻ ഈ ചെറ്യ വീടും മാത്രം. അതും പോയാൽ ഞാനീ കുട്ട്യോളെംകൊണ്ട് എങ്ങട്ടാ പോവ്വാന്നറീല്ല്യ.’

‘എല്ലാം കൂടി എത്ര കടംണ്ട്?’

‘മൂന്നു ലക്ഷത്തിലധികംണ്ട്. ബാങ്കിന് കൊടുക്കേണ്ടതും മറ്റുള്ളോർക്ക് കൊടുക്കേണ്ടതും കൂടി. കഴിഞ്ഞ ഒരു മാസായിട്ട് ഞാൻ ഏകദേശം കണക്ക് കൂട്ടിയതാ. ബാങ്കിൽ കൊടുക്കേണ്ടത്തന്നെ പലിശയടക്കം ഒന്നേമുക്കാൽ ലക്ഷംണ്ടാവുന്ന് ഒരു ദിവസം പറഞ്ഞിരുന്നു. ഭർത്താവ് ജീവിച്ചിരുന്നപ്പൊ എനിക്കിതൊന്നും അറിയണ്ടായിരുന്നു.’

‘നിങ്ങടെ അച്ഛനും അമ്മയും?’

‘അവരൊന്നും ഇല്യ.’

‘മറ്റു ബന്ധുക്കൾ?’

‘ധാരാളം. ആരുമില്ലായിരുന്നെങ്കിൽ എന്ന് ഞാനാശിച്ചിട്ടുണ്ട്?’

‘അതെന്തേ?’

അവൾ ഒന്നും പറയാതെ തല താഴ്ത്തിയിരിക്കുകയാണ്.

‘എന്നെക്കൊണ്ട് എന്ത് സഹായാ വേണ്ടത്ച്ചാ ചെയ്തു തരാം. എന്താണ് നിങ്ങടെ പേര്?’

എന്തു ചെയ്യാനാണ്? അവൾ ആലോചിച്ചു. ഈ മനുഷ്യൻ ചെറുപ്പാണ്. എന്നേക്കാൾ ഒന്നോ രണ്ടോ വയസ്സ് കൂടീട്ടുണ്ടാവും. ഇങ്ങിനെ ഓരോന്നില് എടപെട്ടാൽ…?

‘എന്റെ പേര് ശാന്ത.’ അവൾ ചോദിച്ചു. ‘നിങ്ങക്ക് ആരൊക്കെണ്ട്?’

‘എനിക്ക് അമ്മ മാത്രേള്ളൂ. അച്ഛൻ വളരെ ചെറുപ്പത്തില് മരിച്ചു.’

എങ്ങിനെയെന്ന് അയാൾ പറഞ്ഞില്ല. അവൾക്ക് ചോദിക്കാൻ മടിയായി. അവൾക്കും അയാളുമായി കൂടുതൽ അടുക്കണമെന്നുണ്ടായിരുന്നില്ല. ആത്മാവുള്ള ഒരു ചെറുപ്പക്കാരനാണ്. അല്ലെങ്കിൽ ഇങ്ങിനെയൊരു കാര്യംകൊണ്ട് മനസ്താപപ്പെടേണ്ട ആവശ്യമെന്താണ്.

അയാൾ അച്ഛനെക്കുറിച്ചോർക്കുകയായിരുന്നു. തന്റെ അഞ്ചാം വയസ്സിലാണ് അച്ഛൻ മരിച്ചത്. അതോടെ അമ്മ നിസ്സഹായയായി. ആരുടെയൊക്കെയോ സഹായങ്ങൾ നീണ്ടുവന്നു. അതുകൊണ്ട് അമ്മയ്ക്ക് ചെറുതെങ്കിൽ ചെറുത്, ഒരു ജോലി തരായി. ഇപ്പോൾ ഏകദേശം അതേ മട്ടിലാണ് ഈ സ്ത്രീയും. ഇവർക്കാണെങ്കിൽ ധാരാളം കടവുമുണ്ട്. ഒരു ജോലി കിട്ടിയാൽ മാത്രമെ രക്ഷപ്പെടു.

‘നിങ്ങൾക്ക് വല്ല ജോലിയും നോക്കിക്കൂടെ?’

‘എന്തു ജോലി? പത്താം ക്ലാസ്സു മാത്രം പഠിച്ച ഒരു സ്ത്രീയ്ക്ക് എന്തു ജോലിയാണ് കിട്ടുക?’

‘എന്താണ് പഠിക്കാതിരുന്നത്?’

‘പഠിച്ചില്ല്യാന്ന് മാത്രം. കോളേജിൽ ചേർന്നതായിരുന്നു. ഒരു കൊല്ലത്തിനുള്ളിൽ ഒരാലോചന തരായപ്പൊ പഠിത്തം നിർത്തി, അച്ഛൻ എന്നെ കല്യാണം കഴിപ്പിച്ചു. ഇപ്പൊ തോന്നുണു അതൊന്നും വേണ്ടീര്ന്നില്ല്യാന്ന്. ഇനി പറഞ്ഞിട്ടെന്താ?’

‘ശരിയാണ്.’

ഇനി എന്താണ് പറയേണ്ടത്? തന്റെ മനസ്സിലുള്ള കുറ്റബോധം ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്? അയാൾ പോക്കറ്റിൽ നിന്ന് ഒരു കവർ പുറത്തെടുത്തു.

‘ഇതാ, ഇതൊരായിരം രൂപണ്ട്. നിങ്ങൾക്കാവശ്യാവും.’ അയാൾ കവർ അവളുടെ നേരെ നീട്ടി.

അവൾ അതു വാങ്ങിയില്ല.

‘ഇതു വാങ്ങു.’

‘വേണ്ട,’ അവൾ പറഞ്ഞു. ‘നിങ്ങളെന്തിനാണ് എനിയ്ക്കു പണം തരുന്നത്? നിങ്ങൾ കാരണം എനിയ്ക്കു കിട്ടേണ്ടിയിരുന്ന പണം കിട്ടിയില്ല്യാന്നു വെച്ചിട്ടോ? അതൊന്നും നിങ്ങടെ കുറ്റല്ല. എന്റെ തലേലെഴുത്താണ്. ഇതിലും മോശമായി കാര്യങ്ങൾ ആൾക്കാർ ചെയ്യുന്നു. ഞങ്ങളുടെ അടുത്ത ബന്ധുക്കൾ കൂടി വളരെ മോശമായിട്ടാണ് പെരുമാറിയിട്ടുള്ളത്. കൊടുക്കാനുള്ള പണത്തിനുവേണ്ടി വക്കീൽ നോട്ടീസയയ്ക്കും എന്നുവരെ പറഞ്ഞു. നിങ്ങളെനിയ്ക്ക് യാതൊരു ഉപദ്രവും ചെയ്തിട്ടില്ല. സമാധാനായി പൊയ്‌ക്കോളു. നിങ്ങള് വന്ന് സഹായം ചെയ്യാംന്ന് പറഞ്ഞതന്നെ എനിയ്ക്ക് ആശ്വാസായി.’

‘ഇതു വാങ്ങു. നിങ്ങൾക്കാവശ്യാവും.’

‘വേണ്ട. കാരണംണ്ട്. എല്ലാറ്റിനും ഒരു വെലണ്ട്. അത് ഞാൻ മനസ്സിലാക്കീട്ട്ണ്ട്. ഏതു സഹായത്തിനും.’

പഴയൊരു കാര്യം അവളുടെ മനസ്സിൽ കയറിവന്നു. ഭർത്താവിന്റെ അമ്മാവന് കൊടുക്കാനുള്ള ഇരുപതിനായിരം കടം വേണ്ടെന്നു വെയ്ക്കാമെന്നയാൾ പറഞ്ഞു, അല്പം സൗജന്യങ്ങൾ ചെയ്തുകൊടുത്താൽ മതി. സ്വന്തം മരുമകന്റെ ഭാര്യയോടതു പറയാൻ അയാൾക്ക് വിഷമമുണ്ടായില്ല. അതും ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ. ചെയ്തുകൊടുക്കാൻ പറ്റാത്ത സൗജന്യമായതുകൊണ്ട് അവൾ അതു നിരസിച്ചു. മുമ്പിലിരിക്കുന്ന ചെറുപ്പക്കാരൻ അങ്ങിനെയൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല. പക്ഷെ എന്തിനാണ് ഒരു കടപ്പാട്?

‘നിങ്ങളെന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഞാനങ്ങിനെയൊന്നും ഉദ്ദേശിച്ചില്ല.’ കവർ തിരിച്ച് പോക്കറ്റിലിട്ടുകൊണ്ട് ദിനേശൻ എഴുന്നേറ്റു. പോക്കറ്റിൽനിന്ന് ഒരു കാർഡെടുത്ത് അവരുടെ നേരെ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു. ‘എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിയ്ക്കു. വീട്ടിലെ നമ്പറുണ്ട്. മോബൈലിൽ ഏപ്പോഴും എന്നെ കിട്ടും.’

അയാൾ പോയപ്പോൾ ശാന്ത കുറേ നേരം ഇരുന്ന് ആലോചിച്ചു. താൻ എന്താണ് ചെയ്തത്? ആ മനുഷ്യനോട് കുറച്ചുകൂടി നന്നായി പെരുമാറാമായിരുന്നു. നല്ല ചെറുപ്പക്കാരൻ. ഇരുപത്തെട്ട് ഇരുപത്തൊമ്പത് വയസ്സായിട്ടുണ്ടാകും. അയാൾ കല്യാണം കഴിച്ചിട്ടില്ല. കഴിച്ചെങ്കിൽ പറയുമായിരുന്നു. അവൾ വരാൻ പോകുന്ന നാളുകളെപ്പറ്റി ഓർത്തു. ബാങ്കിന്റെ ജപ്തി നോട്ടീസ്. അതിനു മറുപടികൂടി അയച്ചില്ലെന്ന് അവൾ ഓർത്തു. എവിടെയെങ്കിലും നിയമത്തിന് ദയയുടെ മുഖം കാണില്ലെ? മറുപടി അയക്കാൻകൂടി പക്ഷെ അവൾക്ക് പരസഹായം വേണം. അവൾ മറ്റുള്ളവരുടെ സഹായഹസ്തങ്ങളെ ഭയന്നു. കെട്ടുപാടുകളില്ലാത്ത സഹായമില്ല. താനതിന് വലിയ വില കൊടുക്കേണ്ടി വരും. മറിച്ച് ഒന്നും ചെയ്തില്ലെങ്കിലോ നാളെയല്ലെങ്കിൽ മറ്റന്നാൾ തനിയ്ക്ക് ഈ കുട്ടികളുമായി വീട്ടിൽനിന്ന് ഇറങ്ങിപ്പോകേണ്ടിവരം. എവിടെ പോകും?


3

ദിനേശൻ അമ്മയോട് സംസാരിക്കുകയായിരുന്നു. അവർ ചോദ്യങ്ങളൊന്നും ചോദിക്കാതെ മകൻ പറയുന്നത് കേട്ടുകൊണ്ടിരുന്നു. വളരെ ചെറുപ്പത്തിൽ അവർ മകനോട് ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ‘എന്നിട്ടെന്തുണ്ടായീ മോനെ?’ പിന്നീട് അവൻ വളർന്ന് വലുതായപ്പോൾ അവർ ചോദ്യങ്ങൾ താനെ നിർത്തി. ചോദ്യങ്ങളിലെ വ്യർത്ഥതയും അത് അവന്റെ സ്വകാര്യതയിൽ ഇടപെടുന്നുണ്ടോ എന്ന ഭയവുമായിരിക്കണം കാരണം. ഇന്ന് അവൻ പറയുന്നത് അവരുടെ സ്വന്തം കഥതന്നെയല്ലെ? ഒരു പഴയ കഥ പൊടി തട്ടിയെടുത്തത്? ഇരുപത്താറാം വയസ്സിൽ വിധവയായത് താൻ തന്നെയല്ലെ?

‘ഞാൻ കുറച്ചു പണം കൊടുക്കാൻ നോക്കിയമ്മേ. അവര് പക്ഷെ വാങ്ങീല്ല്യ. എനിയ്‌ക്കൊരു സമാധാനായേനെ. ഇപ്പൊ എന്റെ മനസ്സാക്ഷി വല്ലാതെ ശല്യം ചെയ്യുന്നു. ഞാൻ തെറ്റു ചെയ്തുവെന്ന തോന്നൽ. ഞാൻ എടപെട്ടതുകൊണ്ടാണ് അവർക്ക് ഒരു നഷ്ടപരിഹാരും കിട്ടാതെ പോയത്. ഞാൻ വല്യൊരു തെറ്റു ചെയ്തു.’

‘എന്താണ് തെറ്റ് എന്താണ് ശരിയെന്ന് നമുക്ക് പറയാൻപറ്റില്ല മോനെ. നീ സത്യം പറഞ്ഞൂന്ന് മാതല്ലെള്ളു. അതോണ്ട് ആ നിരപരാധി രക്ഷപ്പെട്ടു. അയാൾക്കും രണ്ടു ചെറിയ മക്കളില്ലേ. അയാള്‌ടെ ജോലി പോയാലും കഷ്ടല്ലെ? നീ തെറ്റൊന്നും ചെയ്തിട്ടില്ല. വിഷമിക്കണ്ട.’

‘ശരിയാണ്. പക്ഷെ ആ സ്ത്രിയുടെ രണ്ടു വശത്തും ആ കുട്ട്യോള് ഇരിക്ക്യാണമ്മെ. വളരെ ചെറിയ കുട്ടികള്. മൂന്നും നാലും വയസ്സേ ആയിട്ടുണ്ടാവുള്ളു. ആ സ്ത്രീയ്ക്കാണെങ്കിൽ ലോകത്തില്ലാത്ത പ്രശ്‌നങ്ങളും. മൂന്നു ലക്ഷത്തിൽ പരം കടംണ്ട്. ബാങ്ക് ജപ്തിയ്ക്ക് നോട്ടീസയച്ചിട്ടുണ്ട്. ആകെ മൂന്ന് സെന്റ് സ്ഥലും അതിലൊരു ചെറിയ വീടും, അതു മാത്രം. ആ മനുഷ്യൻ ആത്മഹത്യ ചെയ്തതാണ്ന്ന് തോന്നുണു. ഒരിക്കൽ പാലിൽ വെഷം ചേർത്ത് കുട്ടികൾക്ക് കുടിയ്ക്കാൻ കൊടുത്തു. അവസാന നിമിഷത്തിൽ ആ സ്ത്രീയ്ക്ക് മനം മാറി. അവരത് പുറത്തേയ്‌ക്കൊഴിച്ചു കളഞ്ഞു. ഞാനെന്താണ് ചെയ്യേണ്ടത്?’

‘അവര്‌ടെ തലവിധി അതായിരിക്കും. അതിന് നമ്മളെന്താണ് ചെയ്യാ?’

‘അത് ശരിയാണ്. വിധി എന്തിനാണ് എന്നെ ഇതിലൊക്കെ വലിച്ചിഴച്ചത്?’

അമ്മ ഒന്നും പറഞ്ഞില്ല.

‘ഇവര്‌ടെ പോക്ക് കണ്ടിട്ട് അവര് ഒരിക്കൽക്കൂടി പാലിന് കാശു ചെലവാക്കുംന്നാ തോന്നണത്. ഇപ്രാവശ്യം പാല് പുറത്തേയ്‌ക്കൊഴിച്ചുകളയൊന്നും ഉണ്ടാവില്ല.’

‘അങ്ങിന്യൊന്നും പറയല്ലെ.’

ഫോണടിച്ചു. ദിനേശൻ പോക്കറ്റിൽനിന്ന് ഫോണെടുത്തു. പരിചയമില്ലാത്ത നമ്പർ. സംസാരിക്കാൻ തുടങ്ങുമ്പോഴേയ്ക്ക് ഫോൺ വിഛേദിച്ചിരുന്നു. ആരായിരിക്കണം അത്? അയാൾ ബട്ടണുകൾ അമർത്തി. മറുഭാഗത്തുനിന്ന് ഫോണെടുത്തത് ഒരു സ്ത്രീയാണ്. അയാൾ ചോദിച്ചു. ‘എന്താണ് ഡിസ്‌കണക്ട് ചെയ്തത്?’

‘ഞാനാണ് വിളിച്ചത്ന്ന് എങ്ങിനെ മനസ്സിലായി? എന്റെ നമ്പർ എങ്ങിനെ കിട്ടി?’

‘മോബൈൽ ഫോണിലേയ്ക്ക് വിളിച്ച നമ്പർ ഡിസ്‌പ്ലേയിലുണ്ടാവും. നമുക്കതു കാണാം. മെമ്മറിയിൽനിന്നെടുക്കുകയും ചെയ്യാം. അതറിയില്ല അല്ലെ?’

‘ഇല്ല,’ ഒരു ചമ്മലോടെ ശാന്ത പറഞ്ഞു. ‘ഞങ്ങൾക്ക് ഈ ഫോൺ കിട്ടിയിട്ടുതന്നെ രണ്ടു മാസായിട്ടേ ഉള്ളു. ബിസിനസ്സിന് ആവശ്യാണ്ന്ന് പറഞ്ഞിട്ട് വാങ്ങിവെച്ചതാ.’

‘എന്തിനാണ് വിളിച്ചത്?’

‘ഒന്നുംല്ല്യ. ഞാനിന്നലെ മോശായിട്ട് പെരുമാറിയതിന് മാപ്പു ചോദിക്കാൻ വിളിച്ചതാ. പക്ഷെ അവസാന നിമിഷത്തില് ധൈര്യല്യാതെ പോയി. ക്ഷമിക്കണം.’

‘സാരല്യ, നിങ്ങടെ ചുറ്റുപാട് അങ്ങിനെയൊക്കെയാണിപ്പോൾ. പിന്നെ ഞാനത് മോശം പെരുമാറ്റായിട്ട് എടുത്തിട്ടില്ല.’

‘എനിയ്ക്ക് വല്യെ വെഷമായി. രാത്രി ഒറങ്ങാൻ പറ്റീട്ടില്ല.’

‘സാരല്യ ന്നാപ്പോരെ? ഞാൻ അമ്മയോട് നിങ്ങളെപ്പറ്റി സംസാരിക്ക്യായിരുന്നു. അപ്പഴാണ് നിങ്ങള് വിളിച്ചത്.’

‘എന്തിനാ പാവം അമ്മെ വെഷമിപ്പിക്കണത്?’

‘അതു സാരല്യ. ഇതിലധികം കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെ വളർത്തീത്. അതൊക്കെ പോട്ടെ. ഞാനിന്നു വൈകീട്ടു വരാം. കുറച്ചു പണള്ളത് കൊണ്ടെത്തരാം. ദയവു ചെയ്ത് അതു വാങ്ങു.’

മറുഭാഗത്തുനിന്ന് ശബ്ദമൊന്നുമില്ല. അവർ കരയുകയാണോ?

‘സമാധാനത്തോടെ ഇരിയ്ക്കൂ. വൈകുന്നേരം കാണാം.’

മറുപടിയൊന്നുമില്ല. അവർ ഫോൺ വെയ്ക്കുന്ന ശബ്ദം മാത്രം.

ദിനേശൻ ഒന്നും പറയാതെ ഇരിക്കുകയാണ്. അമ്മ ഒരു ചോദ്യത്തോടെ മകനെ നോക്കി.

‘എന്തിനാണ് അമ്മേടെ മനസ്സമാധാനം കളഞ്ഞത്ന്നാ ചോദിക്കണത്.’

‘എന്റെ മനസ്സമാധാനല്ലല്ലൊ പ്രശ്‌നം. പാവം കുട്ടി. അതിന്റെ ഒരു തലേലെഴുത്ത്.’

ഇരുപത്തഞ്ചാം വയസ്സിൽ വിധവയാകുന്നത് അസൂയാർഹമായ ഒരു കാര്യമല്ല. അവർ ആലോചിച്ചു. തനിക്കത് നല്ലവണ്ണം അറിയാം. വളരെ അടുത്തത് എന്നു കരുതുന്നവരുടെ കൂടി സ്വഭാവം മാറുകയാണ്. രാത്രി വൈകിയ വേളകളിൽ വാതിൽക്കൽ മുട്ടു കേൾക്കുമ്പോൾ മനസ്സിലാവുന്നു, തന്നെ സഹായിക്കാൻ വന്ന ആരെങ്കിലുമാണെന്ന്. തനിയ്ക്ക് ആ കാര്യത്തിൽ സഹായമാവശ്യമില്ലെന്നു പറഞ്ഞാലും ശല്യം തുടരുന്നു. എന്തോ ഭാഗ്യത്തിന് ഒരു ചെറിയ ജോലി തരമായി. അതുമില്ലെങ്കിൽ?

‘ഈ കുട്ടി എങ്ങിനെയാ? പഠിത്തമൊക്കെള്ള കൂട്ടത്തിലാണോ?’

‘അല്ലമ്മേ, വെറും പത്താം ക്ലാസ് മാത്രം. കോളേജിൽ ഒരു കൊല്ലം പഠിച്ചപ്പോഴേയ്ക്ക് ആലോചന വന്നുവത്രെ. എന്തു ജോലിയാ കിട്ടുക? എല്ലാം കൊണ്ടും വലിയ കഷ്ടാണ് അവരുടെ സ്ഥിതി.’

അമ്മ വീണ്ടും പഴയ കാലത്തേയ്ക്കു തിരിച്ചുപോയി. തനിയ്ക്ക് ചെറുതെങ്കിൽ ചെറുത് ഒരു ജോലിയ്ക്കുള്ള പഠിത്തമുണ്ടായിരുന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ടതാണ്. അതില്ലായിരുന്നെങ്കിലോ?

‘നിന്നെക്കൊണ്ട് സഹായിക്കാൻ കഴിയണത് ചെയ്യു. അല്ലാതെ ഞാനെന്തു പറയാനാ?’


4

ജനലുകളും വാതിലുകളും അടച്ചിട്ട ആ കൊച്ചു വീട്ടിലിരുന്ന് ശാന്ത ആലോചിക്കുകയാണ്. ഒറ്റയ്ക്ക് രണ്ടു കുഞ്ഞുങ്ങളുമായി എങ്ങിനെയാണ്… ഈ ഒരു മാസത്തിനുള്ളിൽത്തന്നെ എത്ര പേർ വാതിൽക്കൽ മുട്ടി, അസമയങ്ങളിൽ. ആരാണെന്നു നോക്കാൻ പോലും ഭയന്ന് അവൾ കുട്ടികളുമായി കിടപ്പറയിൽ ഒളിച്ചിരുന്നു. വാതിൽക്കൽ മുട്ടിയിട്ടു ഫലമില്ലെന്നു കാണുമ്പോൾ മുട്ടൽ അടച്ചിട്ട ജനലിലേയ്ക്കു വരുന്നു. അവൾ കുട്ടികളുമായി കട്ടിന്നടിയിലേയ്ക്കു നൂണു കടക്കുന്നു. പിന്നെ ഉറങ്ങാത്ത രാത്രി കഴിച്ചുകൂട്ടുന്നത് അവിടെയാണ്. പുരുഷന്മാരില്ലാത്ത വീടുകൾ അവർ എത്ര വേഗമാണ് മണത്തറിയുന്നത്! ഇങ്ങിനെ എത്ര കാലം കഴിക്കാനാകും?

ദിനേശൻ മുമ്പിലിരിക്കുകയാണ്. പാവം. അയാൾ ഒരു തെറ്റും ചെയ്തിട്ടില്ല, എന്നിട്ടും മനസ്സു വിഷമിക്കുന്നു. ഇക്കാലത്തും ഇങ്ങിനത്തെ മനുഷ്യരുണ്ടോ? നന്മ ലോകത്തുനിന്ന് തീരെ അപ്രത്യക്ഷമായിട്ടില്ലെന്നർത്ഥം. അയാളുടെ അടുത്തുനിന്ന് സഹായം സ്വീകരിക്കുന്നതിൽ അപകടമൊന്നുമില്ല. പക്ഷെ അതെത്രത്തോളം ശരിയാണ് എന്ന കാര്യത്തിൽ അവൾക്ക് സംശയമുണ്ടായി. ചെയ്തിട്ടില്ലാത്ത തെറ്റിന് ശിക്ഷയനുഭവിക്കുകയാണ് അയാൾ. ആയിരം രൂപ. അതു തനിക്ക് ആവശ്യമാണ്. പക്ഷെ അതിലേറെ ആവശ്യം ബാങ്കിൽ പോയി ജപ്തി കുറച്ചെങ്കിലും നീട്ടിക്കിട്ടാൻ പറ്റുമോ എന്നന്വേഷിക്കലാണ്. എങ്ങിനെയാണ് ദിനേശനോട് അതു പറയുക?

‘നമുക്ക് ബാങ്കിൽ ഒരു അപേക്ഷ കൊടുക്കാം.’ ദിനേശൻ പറഞ്ഞു.

അവൾക്ക് അദ്ഭുതമായി. ആവശ്യപ്പെടാതെത്തന്നെ ദിനേശൻ ഇങ്ങോട്ടു പറയുകയാണ്.

‘ആവശ്യമാണെങ്കിൽ ഒരു കോർട്ട് സ്റ്റേ വാങ്ങാം. കുറച്ചെങ്കിലും സമയം കിട്ടുമല്ലൊ.’

‘എനിയ്ക്ക് അതിനെപ്പറ്റിയൊന്നും അറിയില്ല.’ ശാന്ത പറഞ്ഞു.

‘സാരല്ല്യ. ഞാൻ നിങ്ങളെ സഹായിക്കാം. ജപ്തി ഒഴിവാക്കാൻ നമുക്ക് ആവുന്നതും ശ്രമിക്കാം. എന്നിട്ടും പറ്റിയില്ലെങ്കിൽ പോട്ടെ എന്നു വയ്ക്കണം. നിങ്ങൾ വഴിയാധാരമാവില്ല. നിങ്ങൾക്ക് എന്റെ വീട്ടിൽ വരാം. എന്റെ അമ്മ നിങ്ങളെ പുറത്താക്കില്ല.’

‘അയ്യോ അതൊന്നും വേണ്ട. നിങ്ങളെ ഇങ്ങിനെ ബുദ്ധിമുട്ടിക്കണേനെപ്പറ്റിത്തന്നെ എനിയ്ക്ക് ആലോചിക്കാൻ വയ്യ. ഈ സഹായൊക്കെത്തന്നെ ധാരാളാണ്.’

ദിനേശൻ മുമ്പിലിരിക്കുന്ന ചെറുപ്പക്കാരിയെ ശ്രദ്ധിച്ചു. കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ അവൾ വളരെ മോശം വസ്ത്രമാണ് ധരിച്ചിരുന്നത്. മുഖത്താകട്ടെ തീരെ ചോരയുണ്ടായിരുന്നില്ല. ഇന്ന് അവൾ കുറച്ചുകൂടി നല്ല സാരിയാണ് ധരിച്ചിരിക്കുന്നത്. വൈകുന്നേരം കുളിച്ചുവെന്നു തോന്നുന്നു. സോപ്പിന്റെയും പൗഡറിന്റെയും വാസന വരുന്നുണ്ട്. മുഖം കുറച്ചുകൂടി തുടുത്തിരുന്നു.

‘ഇനിയും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചു പറയാൻ മറക്കണ്ട. ബാങ്കിന്റെ കാര്യങ്ങൾ ഞാൻ ശരിയാക്കാം. വല്ല പേപ്പറുമുണ്ടെങ്കിൽ തരു, എന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം.’

‘എന്താണ് അങ്ങിനെയൊക്കെ പറയുന്നത്?’

‘അല്ല, പലതരം തട്ടിപ്പുകൾ നടക്കുന്ന കാലമാണ്. സൂക്ഷിച്ചിരിക്കണം. ആരെങ്കിലും വന്ന് ആവശ്യപ്പെട്ടാൽ ഒന്നും എടുത്തുകൊടുക്കരുത്.’

‘എനിക്ക് ദിനേശനെ വിശ്വാസമാണ്.’ ശാന്ത എഴുന്നേറ്റ് അകത്തേയ്ക്കു പോയി. കുട്ടികൾ അകത്തുനിന്നു വന്ന് അയാളെ നോക്കി നിൽക്കുകയാണ്. അവരെയും നന്നായി വസ്ത്രം ധരിപ്പിച്ചിരിക്കുന്നു. അവർ ദിനേശന്റെ ഒരു ചിരിയ്ക്കായി കാത്തു നിൽക്കുകയായിരുന്നു. അയാൾ വിളിച്ചപ്പോൾ രണ്ടുപേരും അടുത്തു വന്നു. താഴെയുള്ള കുട്ടി വേഗം അയാളുടെ മടിയിൽ കയറിയിരിപ്പായി. അയാൾ മുത്തവളെയും അടുപ്പിച്ചു പിടിച്ചു. പാവം കുട്ടികൾ. അവർക്കുവേണ്ടി പലഹാരങ്ങളെന്തെങ്കിലും വാങ്ങാമായിരുന്നു. കുട്ടികളുള്ള വീടുകളിൽ പോയി ശീലമില്ലാത്തതുകാരണം അതു വിട്ടുപോയതാണ്.

ബാങ്കിന്റെ കടലാസുകളുമായി ശാന്ത വന്നപ്പോൾ കാണുന്നത് കുട്ടികൾ രണ്ടുപേരും ദിനേശന്റെ മടിയിൽ കയറിയിരിക്കുന്നതാണ്. അവൾ ചിരിച്ചു. അവൾക്കറിയാം, ആദ്യം കയറിയത് മോനായിരിക്കുമെന്നും ചെറുത് ഇരിക്കുന്നതു കണ്ടാൽ ഉടനെ വലുതിനും ഇരിക്കേയ്ണ്ടിവരുമെന്നും. എന്തുകൊണ്ടോ ആ കാഴ്ച അവളെ സന്തോഷിപ്പിച്ചു.

‘രണ്ടുപേരും മാമന്റെ മടിയിലെത്തിയോ?’

ആദ്യമായാണ് അയാൾ ശാന്തയുടെ മുഖത്ത് ചിരി കാണുന്നത്. കുറച്ചെങ്കിലും ആശ്വാസം അവർക്കു കൊടുക്കാൻ തനിയ്ക്കായല്ലൊ.


5

അമ്മ അയാളെ കാത്തിരിക്കയായിരുന്നു. അവരുടെ ജിവിതംതന്നെ മകനെ കാത്തിരിക്കുക എന്ന കർമ്മത്തിൽ ഒതുങ്ങിയിരിയ്ക്കയാണ്. മകന്റെ മുഖത്തുള്ള ഭാവത്തിൽനിന്ന്, അവന്റെ ചലനങ്ങളിൽനിന്ന് അവന്റെ മനസ്സു വായിക്കാൻ അവർക്കു കഴിയുമായിരുന്നു. അതുകൊണ്ട് അവൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ അവർക്ക് യാതൊരു അദ്ഭുതവുമുണ്ടായില്ല.

‘നല്ല കൗതുകമുള്ള രണ്ടു കുട്ടികൾ… ഇന്ന് അവരെ നന്നായി കുളിപ്പിച്ച് ഒരുക്കിയിരുന്നു… അവരുമതെ നല്ല വേഷത്തിലായിരുന്നു. അതു കണ്ടപ്പോൾ എന്തോ ഒരു സമാധാനം, അമ്മേ. അവർ അവിവേകം ഒന്നും ചെയ്യണ്ടാവില്ല.’

‘അതു നന്നായി. അവർക്ക് സ്വന്തം കാലിൽ നിൽക്കാനൊരു മാർഗ്ഗംണ്ടായാൽ രക്ഷപ്പെട്ടു.’

‘അത് അത്ര എളുപ്പല്ല അമ്മേ. ഡിഗ്രിയെടുത്തോര് തേരാപാര നടക്കണ കാലാണ്. അല്ലെങ്കിൽ പിന്നെ വല്ല വീട്ടുപണിയ്ക്കും പോണം. ഈ കുട്ടികളേം വെച്ച് അതിനു പറ്റുംന്ന് എനിയ്ക്ക് തോന്ന്ണില്ല. അല്ലെങ്കിലും അത്ര ചെറിയ ജോലിയ്‌ക്കൊക്കെ അവരെക്കൊണ്ട് പറ്റ്വോന്നും അറീല്യ. അവര് ഒരു കാലത്ത് നന്നായി കഴിഞ്ഞിരുന്നോരാന്ന് തോന്നുണു.’

‘അല്ലാതെന്താ ചെയ്യാ? അവര്‌ടെ തലേലെഴുത്ത് അങ്ങിന്യായിരിക്കും. അത് മായ്ക്കാൻ നമ്മളെക്കൊണ്ട് കഴിയ്യോ?’

‘അമ്മേ ഞാനൊരു കാര്യം പറയട്ടെ?… അല്ലെങ്കിൽ വേണ്ട…’

‘പറേ മോനെ. അമ്മ്യോട് പറയാൻ എന്തിനാ മുഖവുര്യൊക്ക?’

എപ്പോഴാണ് അങ്ങിനെയൊരു കാര്യം തന്റെ മനസ്സിലുദിച്ചത് എന്ന് ദിനേശൻ ഓർത്തു. ആദ്യത്തെ ദിവസം അവളെ കണ്ടപ്പോഴാണോ? അതോ രണ്ടാമത്തെ പ്രാവശ്യം അവളെ കുറച്ചുകൂടി നല്ല അന്തരീക്ഷത്തിൽ കണ്ടപ്പോഴാണോ? അതോ ആ പിഞ്ചുകുട്ടികൾ അയാളുടെ മടിയിൽ കയറിയിരുന്നപ്പോഴാണോ? ചെറിയ മോൻ മടിയിൽ കയറാനായി കൈകൾ നീട്ടി. അവനെ മടിയിൽ കയറ്റിയിരുത്തിയപ്പോഴാണ് മുത്ത കുട്ടി കൈയുയർത്തിയത്. അവളുടെ തലമുടി രണ്ടായി പിന്നി മുമ്പിലേയ്ക്കിട്ടിരുന്നു. അവളെയും മടിയിൽ കയറ്റിയിരുത്തിയ ആ നിമിഷത്തിലാണോ?

അമ്മ ആലോചിക്കുകയായിരുന്നു. മകൻ പറഞ്ഞതിനെപ്പറ്റി. അവരെ നമുക്ക് വീട്ടിലേയ്ക്കു കൊണ്ടുവന്നാലോ എന്നതുകൊണ്ട് അവനുദ്ദേശിച്ചതെന്താണെന്നവർക്കു മനസ്സിലായി. അതൊക്കെ ശരിയാവുമോ?…

‘അമ്മ സമ്മതിക്കാതെ ഞാനൊന്നും ചെയ്യില്ല. അച്ഛൻ മരിച്ച ശേഷം അമ്മ എന്നെ നോക്കി വളർത്താൻ പെട്ട പാട് എനിക്ക് നന്നായറിയാം. അമ്മ ആലോചിച്ചു പറഞ്ഞാ മതി. ഇതൊരു എടുത്തുചാട്ടാണ്‌ന്നൊന്നും വിചാരിക്കണ്ട. ഞാൻ നല്ലോണം ആലോചിച്ചിരിക്കുണു. അവരെ രക്ഷിക്കാൻ ഞാൻ വേറൊരു വഴീം കാണ്ണില്യ.’

‘ഒരു പെൺകുട്ടീടെ ജീവൻ രക്ഷിക്കാൻ വേണ്ടി നീ ഈ സാഹസൊക്കെ ചെയ്യണോ? അതിനൊന്നും പോവാതെത്തന്നെ സഹായിക്കാൻ കഴിയണത് ചെയ്താപ്പോരെ?’

‘അതു ശരിയാവില്ല അമ്മേ. നാട്ടുകാര് വെറുതെ വിടില്ല. ഓരോന്ന് പറഞ്ഞുണ്ടാക്കും. അവസാനം ഞാൻ പറഞ്ഞപോലന്ന്യാവും. ആ പാവം പെൺകുട്ടി വല്ല കയറിന്റെ തുമ്പില് കെടന്നാട്ണത് കണ്ടാലെ അവർക്ക് ഉറക്കം വരു. പിന്നെ അമ്മേ എനിയ്ക്ക് ഏതായാലും ഒരു കുടുംബംണ്ടാക്കണം. അച്ഛൻ മരിച്ചതിന് ശേഷം അമ്മടെ കഷ്ടപ്പാടുകള് ഞാൻ കണ്ടിട്ട്ണ്ട്. അതേ വഴീല് മറ്റൊരു കുട്ടി നടക്ക്ണത് കാണുമ്പൊ എനിയ്ക്ക് ഓർമ്മ വരണത് അമ്മെത്തന്ന്യാണ്. അമ്മ ആലോചിച്ചിട്ട് പറഞ്ഞാ മതി. ധൃതിയൊന്നുംല്ല്യ.’

ദിനേശൻ പറയുന്നത് ശരിയാണെന്ന് അവർക്കറിയാം. ഉറങ്ങാത്ത ഒരു രാത്രി മുഴുവൻ അവർ ആലോചിക്കുകയായിരുന്നു. സ്വയം കടന്നുപോയ വഴികളെപ്പറ്റി. അവൻ കണ്ടതിൽക്കൂടുതൽ താൻ അനുഭവിച്ചിട്ടുണ്ട്. പണമില്ലാതെ കഷ്ടപ്പെട്ടതു മാത്രമെ അവന്നറിയൂ. ഇരുപത്താറാം വയസ്സിൽ വിധവയായ ഒരു പെൺകുട്ടിയുടെ മറ്റാവശ്യങ്ങൾ അവന്നറിയില്ല. ഒരു ജീവിതം മുഴുവൻ അതെല്ലാം അടക്കിപ്പിടിച്ച്, പുറത്തു കാണിക്കാതെ ഇരിക്കണമെന്ന അറിവിൽ വെന്തുരുകിയതൊന്നും അവനറിയില്ല. ഇനിയൊരു പെൺകുട്ടി അങ്ങിനെ കഷ്ടപ്പെടാൻ ഇടയാവാതിരിക്കട്ടെ. ശരിയാണ് അവന് ഒരു കുടുംബം ഉണ്ടാവണം. തന്റെ മനസ്സിൽ പല സ്വപ്നങ്ങളുമുണ്ടായിരുന്നു. അല്ലെങ്കിൽ എന്തു സ്വപ്നം? ഏതു മനോഹരസ്വപ്നവും തട്ടിത്തകർക്കാൻ വിധിയ്ക്ക് ഒരു നിമിഷം മതി. അതിനേക്കാളൊക്കെ നല്ലത് മനസ്സാക്ഷി പറയുന്നതുപോലെ നടക്കുകയാണ്. ഒരു പാവം പെൺകുട്ടിയ്ക്ക് പുതുജീവൻ നല്കുകയാണ്.

രാവിലെ ദിനേശൻ ഒന്നും പറഞ്ഞില്ലെങ്കിൽക്കൂടി അവന്റെ മനസ്സിൽ നിറയെ ചോദ്യങ്ങളാണെന്ന് അമ്മയ്ക്കു മനസ്സിലായി. അവർ പറഞ്ഞു.

‘മോൻ പറഞ്ഞതിനെപ്പറ്റി ഞാൻ ആലോചിച്ചു.’

‘എന്നിട്ട്?’

അവന്റെ ഉദ്വേഗം കണ്ട് അമ്മ ചിരിച്ചു. ‘നിന്റെ മനസ്സാക്ഷി പറയണപോലെ ചെയ്യു.’

മനസ്സിൽ ഉയർന്നുവന്ന സന്തോഷം പുറത്തു കാണിയ്ക്കാതെ ദിനേശൻ പറഞ്ഞു. ‘ഞാൻ വിചാരിച്ചു അമ്മ വേണ്ടെന്നു പറയുംന്ന്.’

‘എന്താ വേണ്ടാന്ന് തോന്ന്ണ്‌ണ്ടോ?’

ഇത് അമ്മയുടെ കുസൃതിയാണ്. വളരെ കുട്ടിയിൽത്തന്നെ അവന് ഇഷ്ടപ്പെട്ട എന്തെങ്കിലും പലഹാരങ്ങൾ ഉണ്ടാക്കിയാൽ അവർ ചോദിക്കും. ‘എന്താ നിനക്ക് ഇഷ്ടായില്ല അല്ലെ?’

‘എനിയ്ക്ക് ആ കുട്ടിയെ ഒന്ന് കാണണംന്ന്ണ്ട്.’

‘ഞാൻ ഇന്ന്തന്നെ കൊണ്ടുപോകാലോ. അമ്മ തയ്യാറായി ഇരിക്കു. വൈകുന്നേരം ഞാൻ ഓഫീസിൽനിന്ന് വന്നിട്ട് കൊണ്ടുപോകാം. എന്താ?’

ഉച്ച തിരിഞ്ഞശേഷം ദിനേശൻ ശാന്തയെ ഫോണിൽ വിളിച്ചു.

‘ഞാൻ ബാങ്കിൽ പോയിരുന്നു.’

‘എന്നിട്ടോ?’ പെട്ടെന്ന് അവൾക്കു ചോദ്യത്തിന്റെ തിടുക്കവും ഔചിത്യമില്ലായ്മയും മനസ്സിലായെന്നു തോന്നുന്നു. അവൾ തുടർന്നു. ‘ഞാൻ വല്ലാതെ ബുദ്ധിമുട്ടിക്ക്ണ്ണ്ട് അല്ലെ?’

‘അല്ലാതെ?’ ദിനേശൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ഇനി വേറെ ഒന്നും പറയാനില്ലെ?’

‘അതല്ലാ…’

‘ഞാൻ പറയണത് കേൾക്കു. ബാങ്ക്കാര് ജപ്തി തൽക്കാലം നിർത്തിവെയ്ക്കാംന്ന് സമ്മതിച്ചിട്ട്ണ്ട്… ഇപ്പോൾ ഒരയ്യായിരം കൊടുത്താൽ മതി. പിന്നെ തവണകള് തെറ്റിക്കില്ലാന്ന് ഒരു ഉറപ്പും കൊടുക്കണം.’

ജപ്തി നിർത്തിവെയ്ക്കാമെന്നു കേട്ടപ്പോഴുണ്ടായ ആശ്വാസം അടുത്ത വാക്യം കേട്ടപ്പോൾ ഊർദ്ധശ്വാസം വലിച്ചു.

‘ഞാനെന്താ ചെയ്യാ? എന്റെ അട്ത്ത് അത്രെ്യാന്നുംണ്ടാവില്ല. പിന്നെ തവണകള് കൊടുക്കാംന്ന് എന്തുറപ്പിലാണ് പറയാൻ പറ്റ്വാ.’

‘അയ്യായിരം ഞാൻ അടച്ചു കഴിഞ്ഞു. ഉറപ്പ് നമുക്ക് നാളെ കൊടുക്കാം. ആദ്യം വീട് എങ്ങിനെയെങ്കിലും രക്ഷിക്ക്യാ. വീട് നിങ്ങടെ പേരിലായതുകൊണ്ട് സ്റ്റാമ്പ് പേപ്പറിൽ നിങ്ങടെ ഒപ്പോടുകൂടി കത്തു കൊടുക്കണം.’

മറുഭാഗത്തുനിന്ന് ശബ്ദമൊന്നുമില്ല. ശാന്ത കരയുകയാണെന്ന് ദിനേശന് മനസ്സിലായി. അയാൾ പറഞ്ഞു.

‘പിന്നെ വേറൊരു കാര്യം. എന്റെ അമ്മയ്ക്ക് നിങ്ങളെ ഒന്ന് കാണണംത്രെ. ഞാൻ അമ്മയേയുംകൂട്ടി വൈകുന്നേരം അവിടെ വരുന്നുണ്ട്.’

‘അയ്യൊ, എന്തിനാണ് അമ്മയെ ഇങ്ങട്ടു കൊണ്ടുവന്ന് കഷ്ടപ്പെടുത്തണത്. കുറച്ചു ദിവസം കഴിഞ്ഞാൽ ഞാൻ അങ്ങോട്ടു വന്ന് കാണാംന്നു പറയു.’

‘പറഞ്ഞാൽ കേൾക്കണ ആളല്ലെ എന്റെ അമ്മ!’


6

അമ്മ ഒന്നും സംസാരിച്ചില്ല. ശാന്തയെ കണ്ടതും അടുത്തുപോയി അവളുടെ കൈ പിടിച്ചു. അവൾ പറഞ്ഞു.

‘അമ്മ ഇരിയ്ക്കു.’

അമ്മ ഇരുന്നു, അവളോട് അടുത്തിരിക്കാൻ പറഞ്ഞു. പിന്നെ ഏറെ നേരം അവർ ശാന്തയുടെ കൈപിടിച്ച് തന്റെ മടിയിൽ വെച്ച് അവളെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. ആ സ്പർശം സാന്ത്വനമേകുന്നതായിരുന്നു. അവൾ അമ്മയെ ഓർത്തു. എന്തിനാണ് അമ്മ ഇത്രവേഗം മരിച്ചുപോയത്? അവൾ പതുക്കെ വിളിച്ചു.

‘അമ്മേ…’

‘എന്താ മോളെ?’ അവർ അവളെ ചുമലിലൂടെ കൈയ്യിട്ട് അടുപ്പിച്ചു. ഇത്രയ്‌ക്കേ അവൾക്കു പിടിച്ചുനിൽക്കാനായുള്ളു. അവൾ പൊട്ടിക്കരഞ്ഞു. അമ്മ അവളുടെ മുഖം മാറോടു ചേർത്ത് സാന്ത്വനസ്വരത്തിൽ പറഞ്ഞു. ‘മോള് കരയണ്ട.’

നിറഞ്ഞ കണ്ണുകൾ അവളുടെ കാഴ്ച ചിന്നിപ്പിച്ചു. നനഞ്ഞ ചില്ലിൽക്കൂടി നോക്കിയാലെന്നപോലെ, അവൾ കണ്ടു അപ്പുറത്ത് മക്കൾ ചോക്കളേറ്റ് കിട്ടിയ സന്തോഷത്തിൽ മാമന്റെ മടിയിൽ കയറി ഇരു കവിളിലും ഉമ്മ വെയ്ക്കുകയാണ്. അതിനുമപ്പുറത്ത് ജനലിലൂടെ അവൾ കുറച്ചുകാലമായി മറന്നിട്ട പൂന്തോട്ടം. അതിൽ ഓറഞ്ചു പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. മഞ്ഞകളിൽ ധാരാളിത്തം കാണിക്കുന്ന ഒരു ചിത്രകാരന്റെ അപൂർണ്ണചിത്രം പോലെ.