close
Sayahna Sayahna
Search

അമ്മ


അമ്മ
EHK Story 07.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി സൂക്ഷിച്ചുവച്ച മയിൽപ്പീലി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 100

മാവു വെട്ടുന്ന ശബ്ദം ഇപ്പോഴും ഓർമ്മയിലുണ്ട്. എട്ടോ ഒമ്പതോ വയസ്സുള്ളപ്പോഴാണ്. ഞാൻ ഏതാനും നിമിഷം മുമ്പ് അഭയം പ്രാപിച്ച പുറത്തെ മുറിയുടെ ജനലിലൂടെ നോക്കിനിന്നു. ഇവിടെ മരണം ദൂരെയാണ്. മൂന്നു മുറികളും ഒരു വരാന്തയും അകലെ. ചാത്തയും കോതയും അപ്പുറത്തും ഇപ്പുറത്തും നിന്ന് കോടാലികൊണ്ട് ആഞ്ഞുവെട്ടുന്നു. ചാത്ത വെട്ടി കോടാലി എടുക്കുമ്പോഴും കോതയുടെ കോടാലി പതിക്കുന്നു. മാവിന്റെ വെളുത്ത ചീളുകൾ ചിതറുന്നു. കോടാലി മാവിൻതടിമേൽ പതിക്കുന്ന ആ ശബ്ദം ഒരു ഭയപ്പെടുത്തുന്ന താളത്തോടെ തുടർന്നു. മാവിന്റെ കൊമ്പുകളെല്ലാം വെട്ടിക്കഴിഞ്ഞു. ഇനി തടിമാത്രമേയുള്ളൂ. ഓരോ വെട്ടിലും മാവിന്റെ തടി വിറച്ചിരുന്നു.

നേരം പുലർന്നുകഴിഞ്ഞു. ഏഴു മണിയെങ്കിലും ആയിട്ടുണ്ടാകും. മുത്തശ്ശി പന്ത്രണ്ടു മണിക്കാണ് മരിച്ചത്. രാത്രിതന്നെ മാവുവെട്ടുന്ന കാര്യം ആരോ പറഞ്ഞപ്പോൾ അപ്പു നായർ പറഞ്ഞു.

നേരം വെളുക്കട്ടെ. ഇപ്പൊ മാവ് ഒറങ്ങ്വായിരിക്കും.

അപ്പുനായർ സ്വതവേ ഉച്ചത്തിലാണ് സംസാരിക്കാറ്. ആജ്ഞാപിക്കുന്ന സ്വരത്തിൽ. നാട്ടിൽ ഏതെങ്കിലും നായർ തറവാടുകളിൽ കല്യാണമോ, തെരണ്ടുകല്യാണമോ, പതിനാറടിയന്തിരമോ ഉണ്ടെങ്കിൽ അപ്പു നായർ എത്തുന്നു. അടുക്കളമുറ്റം കയ്യേറുന്നു. പണിക്കാരികളെക്കൊണ്ട് മുറ്റം ചാണകം മെഴുകിക്കുന്നു. പന്തൽ ഇടാനുള്ള ഒരുക്കങ്ങൾ ചെയ്യുന്നു. വലിയ ചരക്കുകൾ കയറ്റാനുള്ള അടുപ്പുകൾ ഉയരുന്നു. ഇതൊന്നും ആരും ആവശ്യപ്പെട്ടു ചെയ്യുന്നതൊന്നുമല്ല. പ്രതിഫലേഛ കൂടാതെയുള്ള സേവനം അദ്ദേഹത്തിന്റെ അധികാര മായിരുന്നു.

നേരം നന്നെ വെളുത്തപ്പോൾ അപ്പുനായർ പറഞ്ഞു.

ന്നാ, മാവ് വെട്ട്വാ.

ചാത്തയും കോതയും മരം വെട്ടാനായി കോടാലിയുമായി പറമ്പിലേയ്ക്കു നടന്നു.

മരത്തിനെ നമസ്‌കരിച്ച് തൊട്ടു തലയിൽ വെയ്ക്ക്.

ചാത്തയും കോതയും മരത്തിനു മു മ്പിൽ നമസ്‌കരിക്കുന്നത് അല്പം തമാശയോടെ ഞാൻ നോക്കി നിന്നു.

പിന്നെ ബുദ്ധിയുറച്ചപ്പോഴാണ് അപ്പു നായരുടെ മഹാമനസ്‌കത മനസ്സിലായത്. മുപ്പത്തഞ്ചുകൊല്ലം മുമ്പ് വിറക് വിൽക്കുന്ന കടകളൊന്നും ഗ്രാമത്തിലുണ്ടായിരുന്നില്ല. അപ്പോൾ സ്വന്തം വീട്ടിലെ മരം വെട്ടുകയേ നിവത്തി യുള്ളൂ. മരത്തോടുള്ള സ്‌നേഹവും ആദരവും നിമിത്തം ഇപ്പോഴും അപ്പു നായർ എന്റെ മനസ്സിൽ ജീവിക്കുന്നു.

വടക്കെ മുറിയിൽ നിലത്ത് മുത്തശ്ശിയുടെ ദേഹം കോടി പുതപ്പിച്ചു കിടത്തിയിരിക്കയാണ്. ഇടനാഴിക യിൽകൂടി പോകുമ്പോൾ ഒരിക്കൽ നോക്കി. പിന്നെ എങ്ങിനെയോ ഓടി വന്ന് പുറത്തെ മുറിയിൽ അഭയം പ്രാപിച്ചു. എനിയ്ക്ക് കുട്ടിക്കാലത്ത് ശവശരീരം ഭയമായിരുന്നു. മുറിയിലും ഇടനാഴിയിലും നിറയെ സ്ത്രീകൾ ഇരുന്നു. ആരോ രാമായണം വായി ക്കുന്നു. അതാരാണെന്ന് നോക്കാൻ നിന്നില്ല.

പുറത്തെ മുറിയിൽ അമ്മ നിലത്തു വിരിച്ച പുൽപായിൽ ഇരിക്കുകയായിരുന്നു. ഞാൻ അമ്മയുടെ അടുത്തിരുന്ന് ജനലിലൂടെ നോക്കി.

അപ്പുനായർ വിളിച്ചു പറയുന്നു. എല്ലാ മക്കളും കുളിച്ച് ഈറനുടുത്ത് വര്വാ. പേരക്കുട്ടികളും ആയ്‌ക്കോട്ടെ. ആണു ങ്ങള് മാത്രം മതി. ഒരു വാഴയില വെട്ടിക്കോ… ആ കുറച്ചുകൂടി വലുതാവായിരുന്നു. സാരല്യ. പിന്നെ ബാക്കിയുള്ളതും കൂടി വെറകാക്കിക്കോ. പതിനാറടിയന്തരത്തിന് വേണം. വേഗമാവട്ടെ. എന്താ നോക്കി നിക്കണത്.

അപ്പുനായർ ഉറക്കെ സംസാരിച്ചു.

ഇപ്പോൾ ഒരു തമാശയോടെ ഞാൻ ഓർത്തു. അന്നെല്ലാം ആൾക്കാർ മറ്റുള്ളവർക്കു വേണ്ടി ശബ്ദമുയർത്തി. ഇന്നതല്ല സ്ഥിതി. അവനവന്റെ കാര്യത്തിനു വേണ്ടി മാത്രമേ ശബ്ദമുയർത്തുന്നുള്ളൂ.

ജനലിലൂടെ നോക്കിയപ്പോൾ അമ്മാവന്മാർ നാലുപേരും കുളിച്ച് ഈറൻ തറ്റുടുത്ത് നിൽക്കുന്നു. പിന്നെ നോക്കിയപ്പോഴാണ്. അത്ഭുതം തന്നെ. ചെറിയമ്മയുടെ രണ്ടു മക്കൾ, രാജുവും വാസുവും, രണ്ടുപേരും എന്നേക്കാൾ താഴെയാണ്, അവരുടെ ഒപ്പം നിൽക്കുന്നു.

എന്നെ ആരും കാണാതിരിക്കാൻ ഞാൻ അമ്മയുടെ പിന്നിൽ ഒതുങ്ങിയിരുന്നത് ഓർമ്മയുണ്ട്. ഞാൻ പതിഞ്ഞ സ്വരത്തിൽ അമ്മയോട് ചോദിച്ചു.

അവരെല്ലം എന്തിനാണ് ഈറനുടുത്തു നിൽക്കുന്നത്?

മുത്തശ്ശിയുടെ ദേഹം ദഹിപ്പിക്കാൻ കൊണ്ടു പോവ്വല്ലെ? മക്കളാണ് അത് ചെയ്യുക.

അപ്പോ രാജുവും വാസുവും?

അവരും കൂടും. തൊട്ടു നിന്നാ മതി. നിനക്കും കൂടാലോ. ഇവിടെ ഇങ്ങിനെ ഇരിക്കുന്ന നേരം നിനക്കും പോയി പിടിച്ചുകൊടുത്തുകൂടെ?

ഞാൻ ഭയംകൊണ്ട് ചൂളിപ്പോയി. ഒരു ശവശരീരം തൊടുക. ആലോചിക്കാൻ കൂടി വയ്യ. ഒരിക്കൽ അയൽവക്കത്ത് ഒരാൾ മരിച്ചെന്നറിഞ്ഞപ്പോൾ അനുജത്തിയുടെ കൈ പിടിച്ച് സാധാരണ പോകാറുള്ള ഇടവഴി ഒഴിവാക്കി വളഞ്ഞ് പാടത്തുകൂടെ സ്‌കൂളിലെത്തും വരെ ഓടിയതാണ്.

ഞാൻ അമ്മയോട് കൂടുതൽ ചേർന്നിരുന്നു. പെട്ടെന്ന് എന്റെ കൈ തൊട്ടുനോക്കി അമ്മ പറഞ്ഞു.

എന്താണിത്? നിന്റെ കൈ തണുത്തിരിക്കുന്നല്ലൊ. കൈ മാത്രമല്ല, ദേഹംമുഴുവൻ തണുത്തിരുന്നു. തണുപ്പ് സഹിക്കാനാവാതെ ഞാൻ അമ്മയോട് ചേർന്നിരുന്നു.

എന്താ ഇങ്ങിനെ പേടിയായാൽ?

ഞാൻ വിറയ്ക്കാൻ തുടങ്ങി. അമ്മ എന്നെ മടിയിൽ കിടത്തി മുഖം മാറിടത്തിൽ അമർത്തിവെച്ചു. എനിക്ക് കുറച്ച് ചൂടും ആശ്വാസവും തോന്നി. പുറത്ത് അപ്പുനായരുടെ ആജ്ഞകൾ ഉറക്കെ ഉയരുന്നുണ്ടായിരുന്നു.

ഇന്ന് മുപ്പത്തഞ്ചുകൊല്ലങ്ങൾക്കുശേഷം ഞാൻ അതെല്ലാം ഓർക്കുന്നു. അമ്മയുടെ മാറിടത്തിലെ ചൂടും സ്‌നേഹത്തോടെ എന്നെ വരിഞ്ഞ കൈകളുടെ വാത്സല്യവും.

അമ്മയുടെ ദേഹം ചിതയിലേക്ക് വെച്ച് പത്തു മിനിറ്റായി കാണും. സഹായികൾ വിറക് അടുക്കി വെക്കുകയാണ്. കർമ്മിയുടെ ശബ്ദം ഒട്ടും ആർദ്രമായിരുന്നില്ല. വളരെ യാന്ത്രികമായി നിർവ്വികാരനായി അയാൾ ഉരുവിട്ടുകൊണ്ടി രുന്നു. ഞാൻ അപ്പു നായരെ ഓർത്തു. അദ്ദേഹം എന്നേ മരിച്ചുപോയിരുന്നു.

വൈകുന്നേരം മഴ പെയ്തിരുന്നു. കാറ്റിൽ ഈർപ്പമുണ്ട്. അത് ധനുരാത്രിയെ കൂടുതൽ തണുപ്പിച്ചു. വീട്ടിൽ നിന്ന് കുളിച്ച് ഈറനുടുത്ത ശേഷമാണ് അമ്മയുടെ ദേഹം, അനുജത്തിയുടെ തേങ്ങലുകൾക്കൊപ്പം ആംബുലൻസിലേക്ക് എടുത്തുവെച്ചത്. അളിയനും ചെറിയമ്മയുടെ മക്കളും കൂട്ടിനുണ്ടായിരുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ള ശ്മശാനത്തിലെത്തിയപ്പോൾ കർമ്മി പറഞ്ഞു.

ഞങ്ങള് ചിത ഒരുക്കാം. നിങ്ങൾ മൂന്നുപേരും പൊഴേല് മുങ്ങിവര്വാ.

ആരോ പെട്രോമാക്‌സ് കത്തിച്ചിരുന്നു. വാസു അതുംഏറ്റി മുന്നിൽ നടന്നു. വെള്ളത്തിനടുത്തെത്താൻ മണലിലൂടെ കുറച്ചുദൂരം നടക്കേണ്ടി വന്നു. പെട്രോമാക്‌സിന്റെ വെളിച്ചത്തിൽ പുഴവെള്ളത്തിന്റെ ഒഴുക്ക് കാണാമായിരുന്നു. മഴ കാരണം വെള്ളത്തിന് തെളിവുണ്ടായിരുന്നില്ല.

പെട്ടെന്ന് അമ്മ ആംബുലൻസിൽ ഒറ്റക്ക് കിടക്കുയാണെന്ന് ഓർത്തു. ആംബുലൻസ് നിന്നിരുന്നിടത്ത് ഇരുട്ടാണ്. പെട്രോ മാക്‌സിന്റെ വെളിച്ചത്തിൽ ആംബുലൻസിന്റെ നേരിയ രൂപരേഖ കാണാം. അതിൽ അമ്മ ഒറ്റയ്ക്ക് കിടക്കുകയാണെന്നോർത്തപ്പോൾ വിഷമം തോന്നി. ഒരു പക്ഷേ അളിയൻ കാവൽ നിൽക്കുന്നു ണ്ടാവും. വേഗം മുങ്ങിക്കയറി.

വെള്ളത്തിന് തണുപ്പുണ്ടായിരുന്നില്ല. പക്ഷേ മുങ്ങിക്കയറിയപ്പോൾ കാറ്റുകാരണം തണുപ്പ് മുള്ളുകൾ പോലെ ദേഹത്തു തുളച്ചുകയറി. നനഞ്ഞ തോർത്ത് അരയ്ക്കു ചുറ്റും കെട്ടി ഞങ്ങൾ ശ്മശാനത്തിലേക്കു നടന്നു.

കുഴി കുഴിച്ചുകഴിഞ്ഞിരുന്നു. കുഴിക്കു രണ്ടു വശത്തും വാഴത്തടി വെച്ചതിനു മീതെ മരത്തിന്റെ മൂന്നു മുട്ടികൾ വിലങ്ങനെ വെച്ചു.

കർമ്മിയുടെ ശബ്ദം കേട്ടു.

ഇനി മൃതദേഹം എടുത്തുകൊണ്ടു വര്വാ.

ഞങ്ങൾ അമ്മയുടെ ശരീരം എടുത്തുകൊണ്ടുവന്നു.

ഇനി ദേഹം എടുത്ത് ചിത പ്രദക്ഷിണം വെക്കണം, മൂന്നുപ്രാവശ്യം. തല തെക്കോട്ട് തന്നെ പിടിക്കണം. ആ, ഇനി അവിടെ തടീമ്മല് വെച്ചോളു.

ഞാൻ തലഭാഗമാണ് പിടിച്ചിരുന്നത്. രാജുവും വാസുവും നടുഭാഗവും കാൽ ഭാഗവും. തല മുട്ടിമേൽ വെച്ചപ്പോഴാണ് കണ്ടത്. മുട്ടിമേൽ ഒരു കൂർത്ത ഭാഗമുള്ളിടത്താണ് അമ്മയുടെ തല വരിക. ഞാൻ തല അല്പ മുയർത്തിപ്പിടിച്ച് മുട്ടി തിരിച്ച് മിനുസമുള്ള ഭാഗം നോക്കിവെച്ചു.

ആ, അതു സാരല്യ. മരിച്ചോർക്ക് വേദനിക്ക്യൊന്നുല്ല്യ.

കർമ്മി പറഞ്ഞു.

ശരിയാണ്. ഞാൻ ഓർത്തു. കർമ്മിയുടെ വാക്കുകൾ മയമില്ലാത്തതെങ്കിലും സത്യമായിരുന്നു. അമ്മ അസുഖ ങ്ങളുടെയും വേദനകളുടെയും ലോകത്തുനിന്നു പോയിരിക്കുന്നു. പക്ഷേ അതു പറഞ്ഞതിന് ഞാൻ കർമ്മിയെ വെറുത്തു.

മകൻ ഇവിടെ വര്വാ. കയ്യിൽ പൂക്കൾ തന്നുകൊണ്ട് കർമ്മി പറഞ്ഞു. മരിച്ച ആളെ ധ്യാനിച്ച് പൂക്കൾ ദേഹത്ത് വെക്ക്വാ.

മരിച്ച ആൾ എന്റെ അമ്മയാണ്. ഞാൻ വിചാരിച്ചു. മരിച്ച ആൾ എന്നതിനു പകരം അമ്മയെ ധ്യാനിച്ച് എന്ന് കർമ്മി പറഞ്ഞിരുന്നെങ്കിൽ.

കിണ്ടിയിൽ വെള്ളമെടുക്കു… ധ്യാനിക്കു… കാൽ തൊട്ട് വന്ദിക്കൂ.

കർമ്മിയുടെ ശബ്ദം യാന്ത്രികമായി വന്നുകൊണ്ടിരുന്നു. അയാളുടെ സഹായി കൾ അമ്മയുടെ ദേഹത്ത് വിറക് ഒതുക്കി വെക്കാൻ തുടങ്ങി. കർമ്മി വിറകു കൊള്ളികൾ മുറിച്ചെടുത്ത് ശീല ചുറ്റി പന്തമുണ്ടാക്കുക യാണ്. മൂന്നു പന്തങ്ങൾ ഉണ്ടാക്കി അവ എണ്ണയിൽ മുക്കിയെടുത്തു. ചിത തയ്യാറായിരുന്നു.

മകൻ ഇവിടെ വര്വാ. ഒരു പന്തം കയ്യിൽ തന്നുകൊണ്ട് കർമ്മി പറഞ്ഞു. ഇതാ നിലവിളക്കിൽ നിന്ന് കത്തിച്ച് തലഭാഗത്ത് കൊളുത്തിക്കൊള്ളു. മറ്റു രണ്ടു പന്തങ്ങൾ രാജുവിന്റെയും വാസുവിന്റെയും കയ്യിൽ കൊടുത്തു.

അങ്ങട്ട് ഉള്ളിലേക്ക് വെച്ചോളു. ചകിരി തീപിടിക്കട്ടെ. നിങ്ങള് ഒരാള് നടുവിലും ഒരാള് കാൽഭാഗത്തും വെച്ചോളു. ആ അങ്ങിനെത്തന്നെ.

ചിത പുകഞ്ഞുതുടങ്ങി. പിന്നിൽ നിന്ന് കാറ്റ് വീശിയിരുന്നു. വിറക് അടുക്കി വെച്ചതു കാരണം തുണികൊണ്ട് മൂടിയ ശരീരം കാണാൻ പറ്റിയില്ല. പക്ഷേ അമ്മ അവിടെതന്നെയുണ്ടെന്ന ബോധമുണ്ടായി രുന്നു.

മഴ ഇനി പെയ്യില്ല.

ആരോ ആകാശം നോക്കി പറഞ്ഞു. മേഘങ്ങൾ ഒഴിഞ്ഞു തുടങ്ങി. നക്ഷത്രങ്ങൾ തെളിയുകയാണ്.

മഴ നിന്നെങ്കിലും കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. ഈറനുടുത്ത കാരണം തണുപ്പ് ദേഹത്തിൽ വിടാതെ നിന്നു. കർമ്മിയുടെ സഹായികൾ ചിതയ്ക്കു ചുറ്റും നടന്ന് തീ പിടിപ്പിക്കുകയാണ്. തീ വളരെ വേഗം പിടിച്ചു കയറി.

ഇനി നിങ്ങൾ ഇരുന്നോളു കർമ്മി പറഞ്ഞു.

തീ നല്ല വണ്ണം പിടിച്ചിട്ട് പോകാം.

മരക്കൊള്ളികൾ ഓരോന്നോരോന്നായി തീ പിടിക്കുന്നത് നോക്കി ഞങ്ങൾ ഒരു ഓലമെടഞ്ഞതിൽ ഇരുന്നു. ക്രമേണ തണുപ്പ് അകന്നു പോകുന്നത് ഒരാശ്വാസത്തോടെ ഞാൻ മനസ്സിലാക്കി. ചൂട് എന്റെ ഈറൻ വസ്ത്രങ്ങളെ ഉണക്കാൻ തുടങ്ങി. ചൂട് ദേഹത്തിലേക്കു തുളച്ചു കയറി തണുപ്പ് തീരെ അകറ്റി. അമ്മ അദൃശ്യമായ കൈകൾകൊണ്ട് ആലിംഗനം ചെയ്യുന്നപോലെ. ഞാൻ കുട്ടിയായിരുന്നപ്പോൾ മുത്തശ്ശിയുടെ മരണസമയത്ത് അമ്മ എന്നെ കെട്ടിപ്പിടിച്ച് എന്റെ ഭയവും തണുപ്പും അകറ്റിയിരുന്നത് ഓർമ്മ വന്നു. ഇന്നും ചിതയ്ക്കു മുകളിൽനിന്ന് അതേ ചൂടും സ്‌നേഹവും പകർന്ന് അമ്മ എന്നെ ആശ്വസിപ്പി ക്കാൻ ശ്രമിക്കയാണ്

സമയമെത്രയായി?

ആരോ വാച്ച് നോക്കി പറഞ്ഞു. ഒമ്പതേകാൽ. നിങ്ങൾ മൂന്നുപേരും പുഴയിൽ മുങ്ങി വരു. എന്നിട്ട് പുറപ്പെടാം.

വെള്ളത്തിന് തണുപ്പു കൂടിയിരുന്നു. അതുവരെ ചൂടിന്നടുത്തു നിന്നതു കൊണ്ട് തണുപ്പ് കൂടുതൽ രൂക്ഷമായി തോന്നി. കുളിച്ച് ഈറനുടുത്ത് കയറിയപ്പോൾ ചിത ആളിക്കത്തുകയാണ്. തീനാമ്പുകൾ അടക്കിവെച്ച വിറകുകഷ്ണങ്ങളെ മുഴുവൻ പൊതിഞ്ഞു. ഞാൻ അടുത്തു പോയില്ല. ഈ അകലത്തിലും ചിതയിൽനിന്നു വന്ന ചൂട് എന്റെ തണുപ്പകറ്റി എനിയ്ക്ക് ആശ്വാസമരുളി.

ഏഴാം സഞ്ചയനം. ഞാനും വാസുവും കർമ്മിയും മാത്രമേയുണ്ടായിരുന്നുള്ളു. ഈറനുടുത്തുകൊണ്ട് തണുത്താറിയ ചിതയ്ക്കരുകിൽ അസ്ഥി പെറുക്കാൻ ഇരിക്കുമ്പോൾ ഞാൻ വീണ്ടും അമ്മയെ ഓർത്തു. ഈ ഏഴു ദിവസങ്ങളിൽ എന്തുകൊണ്ടോ അമ്മ അധികം മനസ്സിൽ വന്നിരുന്നില്ല. അമ്മയുടെ ജീവിതം ഒരു മാതിരി നന്നായി രുന്നു. ധന്യമെന്നുതന്നെ പറയാവുന്ന ജീവിതം എഴുപതാം വയസ്സിൽ സ്വാഭാവികമായി അവസാനിക്കുന്നതിൽ വളരെയധികം വ്യസനിക്കേണ്ട കാര്യമൊന്നുമില്ല. ഒരാഴ്ചയേ കിടന്നിട്ടുമുള്ളു. മരിക്കുന്ന സമയത്ത് രണ്ടു മക്കളും അരികിലുണ്ടായിരുന്നു.

കർമ്മിയുടെ ശബ്ദം പിന്നിൽനിന്ന് കേൾക്കാനുണ്ട്.

ആവുന്നത്ര അസ്ഥി പെറുക്കിയെടുക്കണം.

ചാരത്തിൽ ചികയുമ്പോഴാണ് ആ അസ്ഥി കിട്ടിയത്. കൈയ്യിന്റെ എല്ല്. മറ്റ് എല്ലുകളെല്ലാം ഒരു മാതിരി ദ്രവിച്ചുപോയിരുന്നു. ചിത അതിന്റെ കർത്തവ്യം നന്നായി നിർവ്വഹിച്ചിരിക്കുന്നു. ഈ എല്ലുമാത്രം കേടുകൂടാതെ വെളുത്ത് ചാരത്തിനിടയിൽ കിടക്കുന്നു. ഞാൻ പെട്ടെന്ന് അമ്മയുടെ ലോലമായ കയ്യുകൾ ഓർത്തു.

വളരെ കുട്ടിക്കാലത്താണ്. ഒരിക്കൽ പനിപിടിച്ചു കിടക്കുകയായിരുന്നു. മേലാകെ വേദനയുമായി കിടക്കുമ്പോ ഴാണ് അമ്മ വന്നത്. മേൽ വേദനിക്കുന്നു എന്നു പറഞ്ഞപ്പോൾ അമ്മ നെഞ്ചിൽ തലോടാൻ തുടങ്ങി. വളരെ ആശ്വാസം തോന്നി. കുറെ നേരം തലോടിയിട്ടുണ്ടാകണം. ഞാൻ ആ സുഖത്തിൽ ഉറങ്ങിപ്പോയി.

ഈ വെളുത്ത അസ്ഥി നോക്കിക്കൊണ്ടിരിക്കെ ഞാൻ വീണ്ടും ഒരു കുട്ടിയായി മാറുകയായിരുന്നു. ഒരു തണുത്ത കാറ്റ് വീശി. ഞാൻ വിറയ്ക്കാൻ തുടങ്ങി. വിറയ്ക്കുന്ന നെഞ്ചിൽ നിന്ന് ഒരു തേങ്ങൽ ഉയർന്നുവന്നത് ഞാൻ തന്നെ അറിഞ്ഞില്ല. ഈ തണുപ്പകറ്റാനും സ്‌നേഹത്തിന്റെ ചൂട് പകരാനും അമ്മ ഇപ്പോൾ ഇല്ലെന്ന ബോധം ഉയരവെ എന്റെ തേങ്ങൽ ഒരു പൊട്ടിക്കരച്ചിലായി മാറി.