close
Sayahna Sayahna
Search

അയനങ്ങള്‍: പത്ത്


അയനങ്ങള്‍: പത്ത്
EHK Novel 05.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അയനങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 44

രാവിലെ വീട്ടിലെത്തിയപ്പോൾ 8 മണിയായി. വിനോദ് അപർണ്ണയെ ഡ്രോപ്‌ചെയ്തിരുന്നു. കെട്ടിടത്തിനു മുമ്പിൽ ഒരു ഫിയാറ്റ് കാറിന്നരികെ വെള്ള യൂനിഫോമിട്ട ഒരു ചെറുപ്പക്കാരൻ നിന്നിരുന്നു. അപർണ്ണയെ കണ്ടപ്പോൾ അയാൾ അടുത്തേയ്ക്കു വന്നു.

‘മേംസാബ,് കാറു കൊണ്ടുവന്നിട്ടുണ്ട്.’ അയാൾ താക്കോൽ നീട്ടി.

അപർണ്ണയുടെ മുഖം വികസിച്ചു. ചൈനാനി, പറഞ്ഞതുപോലെ ചെയ്തിട്ടുണ്ട്.

‘സർവ്വീസിങ് കഴിഞ്ഞ ശേഷം കൊണ്ടുവരാമെന്നു കരുതിയാണ് ഇന്നലെ കൊണ്ടുവരാതിരുന്നത്. ആർ.സി. ബുക്ക് ഇതാ. ടാക്‌സ് ഈ ക്വാർട്ടർവരെ അടച്ചിട്ടുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഓഫീസിൽ പറഞ്ഞാൽ മതി.’

‘താങ്ക്‌യു...’ താക്കോലും ആർ.സി. ബുക്കും വാങ്ങിക്കൊണ്ട് അവൾ പറഞ്ഞു.

‘ഞാൻ പോട്ടെ മേംസാബ്?’

‘ശരി.’

അവളുടെ കാലുകൾ നിലം തൊട്ടിരുന്നില്ല. അവൾ മുകളിലേയ്ക്ക്, അവളുടെ രണ്ടാം നിലയിലെ ഫ്‌ളാറ്റിലേയ്ക്ക് ഒഴുകുകയാണ്. അങ്ക്ൾ മേശക്കരികെ ഇരുന്നുകൊണ്ട് പ്രാതൽ കഴിക്കുന്നു. അവൾ പിന്നിലൂടെ ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.

‘കീ ഹോലോ കി...എന്റെ മോൾക്ക് ഇന്ന് എന്തു പറ്റി?’

അവൾ കാറിന്റെ താക്കോലും ആർ.സി. ബുക്കും അങ്കിളിന്റെ മുമ്പിൽ ഉയർത്തിക്കാണിച്ചു.

‘ഞാൻ പറഞ്ഞില്ലേ എനിക്കു കാറ് കിട്ടുമെന്ന്?’

‘നിന്റെ ഭാഗ്യം, അല്ലാതെന്തു പറയാനാണ്?’

മുപ്പതു കൊല്ലമായി ജോലിയെടുക്കുന്ന മനുഷ്യനാണ്. ഇനിയും ഒരു സ്‌കൂട്ടർകൂടി സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെയിതാ മരുമകൾ രണ്ടാഴ്ചകൊണ്ട് ഫിയാറ്റ് കാറുമായി നടക്കുന്നു. അവൾക്കു നല്ലതു വരട്ടെ.

കാറുംകൊണ്ട് എവിടെയൊക്കെ പോകണമെന്ന് പരിപാടിയിടുകയായിരുന്നു അപർണ്ണ. ഡെയ്‌സിയുടെ വീട്ടിൽ പോകണം. ഇന്ന് ഞായറാഴ്ചയായതുകൊണ്ട് അവൾ വീട്ടിലുണ്ടാവും. മറ്റു സ്‌നേഹിതകളുടെ അടുത്ത് കാറും കൊണ്ട് ധാടി കാണിക്കാൻ പോകാൻ അവൾക്കു തോന്നിയില്ല. അവരെല്ലാം അവളെക്കാൾ താഴ്ന്ന സ്ഥിതിയിലുള്ള വരാണ്. താൻ ചെയ്യുന്നത് ശരിയല്ല. മാത്രമല്ല ചൈനാനിയുടെ ജോലി കിട്ടിയശേഷം അപർണ്ണ അവരെയെല്ലാം ഒഴിവാക്കുകയും ചെയ്തിരുന്നു. ഒരു തരം സ്റ്റാറ്റസ് കോൺഷസ് ആയിരിക്കുന്നു അവൾ. ചൈനാനിയും സൂചിപ്പിച്ചത് അതുതന്നെയായിരുന്നു. ഡെയ്‌സിയുടെ വീട്ടിൽ നിന്ന് ഷൂട്ടിങ് നടക്കുന്നിടത്തു പോകണം. ഇന്ന് ജുഹുബീച്ചിൽ ത്തന്നെയാണ് ഷൂട്ടിങ്. കുറേ സ്റ്റണ്ട് സീനുകളാണെന്ന് വിനോദ് പറഞ്ഞിരുന്നു. അതെങ്കിൽ അത്. ചൈനാനിയുടെ ടീമുമായി അടുത്ത ബന്ധമുണ്ടെന്നു കാണിക്കുന്നത് തനിക്കു നല്ലതുതന്നെയാണ്. തന്റെ ഇമേജിനെ അനുകൂലമായി ബാധിക്കുന്നതാണത്.

അവൾ ഫോൺ ചെയ്യാനായി താഴേയ്ക്കു പോയി. ഡെയ്‌സി വീട്ടിലില്ല. അവളുടെ അമ്മയാണ് ഫോണെടുത്തത്. മോൾ ഒരു കല്ല്യാണത്തിൽ പങ്കുകൊള്ളാനായി പോയിരിക്കയാണ്. ഇനി വൈകീട്ടേ തിരിച്ചെത്തൂ. തന്റെ ആദ്യത്തെ പരിപാടി നടക്കില്ല. അവൾക്ക് അല്പം നിരാശത തോന്നി. കാറും കൊണ്ട് ആദ്യമായി പോകാൻ പറ്റിയ സ്ഥലമായി രുന്നു. പോട്ടെ സാരമില്ല. ഇനി ജുഹു ബീച്ചിലേയ്ക്കു പോകാം. അവൾ വിനോദിന്റെ നമ്പർ കറക്കി. ഒരുപക്ഷേ തന്നെ ഡ്രോപ് ചെയ്തശേഷം വിനോദ് പോയത് ഷൂട്ടിങ്ങിനായിരിക്കും. അങ്ങിനെ എന്തോ പറഞ്ഞ ഒരോർമ്മ. വിനോദ് എന്താണ് പറഞ്ഞതെന്ന് ശ്രദ്ധിക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിലായിരുന്നില്ല അപർണ്ണ. തലേന്നു രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ അവളുടെ മനസ്സിനെ മറ്റൊന്നും ചിന്തിക്കാനാവാത്തവിധം കീഴ്‌പ്പെടുത്തിയിരുന്നു. വിനോദ് നല്ലൊരു കാമുകനായിരുന്നു. അപർണ്ണയുടെ ആദ്യത്തെ കാമുകൻ.

ചെറിയൊരു അപാർട്‌മെന്റ്. ഒരു സിറ്റിങ്‌റൂം, അതിൽ ഒരു ത്രീപീസ് സോഫ. ഒരരുകിൽ ഉയരം നന്നെ കുറഞ്ഞ ദിവാൻ. ദിവാനും സോഫയ്ക്കുമിടയിൽ കടും ചുവപ്പിൽ മഞ്ഞയും പച്ചയും നെയ്തു പിടിപ്പിച്ച ഭംഗിയുള്ള പരവതാനി. സിറ്റിങ് റൂം അവസാനിക്കുന്നത് ചെറിയൊരു അടുക്കളയിൽ. സിറ്റിങ് റൂമിനും അടുക്കളയ്ക്കുമിടയിൽ മൂന്നടി പൊക്കമുള്ള ഒരു തിണ്ണ മാത്രം. മറ്റൊരു വാതിൽ നയിക്കുന്നത് കിടപ്പറയിലേയ്ക്കാണ്. കിടപ്പറയിലെ ചുവരുകളിൽ മങ്ങിക്കത്തുന്ന ചിത്രവിളക്കുകൾ, അവയ്ക്കിടയിൽ തെളിമയുള്ള വലിയ പ്രിന്റുകൾ. അവയിൽ അങ്‌ഗ്രെയുടെ ടർക്കിഷ് ബാത്തുണ്ട്, റെനുവറുടെ ബാത്തർ ഉണ്ട്, ബൗഷെയുടെ അവൾക്ക് പേരറിയാത്ത നഗ്നചിത്രമുണ്ട്. ഓ. മർഫിയാണോ? നല്ല അഭിരുചിയുള്ള മനുഷ്യൻ. അല്പം നഗ്നത ഇഷ്ടപ്പെടുന്നുവെന്നു മാത്രം. പക്ഷേ കിടപ്പറയിൽ അല്പം നഗ്നതയായാൽത്തന്നെ എന്താണ് കുഴപ്പം?

വിനോദ് ഒരു ധൃതിയും കാണിച്ചില്ല. ചെന്ന ഉടനെ അയാൾ തന്റെ സ്റ്റീരിയോ ഓണാക്കി. ചൈനാനിയെപ്പോലെ വിനോദും ചെറിയ ശബ്ദത്തിൽ സംഗീതം ആസ്വദിക്കുന്നതിഷ്ടപ്പെട്ടു. അപർണ്ണയ്ക്കറി യാത്ത പാട്ടുകളായിരുന്നു അവ. അപർണ്ണ പാശ്ചാത്യഗാനങ്ങൾ അധികം കേട്ടിരുന്നില്ല. ഇനി കേട്ടു തുടങ്ങണമെന്ന് അവൾ തീരുമാ നിച്ചു. താൻ സമുദായത്തിന്റെ മേൽത്തട്ടിലേയ്ക്ക് കുതിച്ചു കയറുകയാണ്. അപ്പോൾ അതിനനുസരിച്ച് തന്റെ അഭിരുചികളിലും മാറ്റ മുണ്ടാവണം.

‘കുടിക്കാൻ?...’ അയാൾ ചോദിച്ചു.

ഒന്നും വേണ്ടെന്ന് അവൾ തലയാ ട്ടി. പക്ഷേ അഞ്ചു മിനിറ്റിനുള്ളിൽ വിനോദ് രണ്ടു ഗ്ലാസ്സുമായി വന്നു. അവൾ അല്പം കുടിച്ചു നോക്കി. നേരിയ മധുരമുണ്ട്.

‘വൈൻ?’

‘അല്ല ജിൻടോണിക്ക്.’ വിനോദ് പറഞ്ഞു. ‘നല്ലതാണ് കുടിച്ചു നോക്കു. ചീയേഴ്‌സ്.’

അവൾ ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു.

വിനോദ് സംസാരിക്കുകയാണ്. പിന്നെപ്പിന്നെ അയാൾ അവളുടെ കൈപിടിച്ചു സംസാരിക്കാൻ തുടങ്ങി. വളരെ സാവധാനത്തിൽ അയാൾ പുരോഗമിച്ചു. എന്തുകൊണ്ടോ തന്റെ അതിഥിയായി വന്ന പെൺകുട്ടി തീരെ അനുഭവ സമ്പന്നയല്ലെന്ന് അയാൾക്ക് തോന്നിയിരുന്നു. സ്വന്തം പരിചയക്കേട് അയാളിൽ നിന്ന് മറച്ചു വെയ്ക്കാനുള്ള അവളുടെ ശ്രമങ്ങളും അയാൾ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് അയാൾ പരമാവധി ദയാപൂർവ്വം അവളോട് പെരുമാറി

അയാൾ നല്ലൊരു കാമുകനായിരുന്നു.

അപർണ്ണ ഒരുറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോഴും ഹാളിൽ സംഗീതമുണ്ടായിരുന്നു. ‘സംതിങ്ങീസ് ഹാപ്പെനിങ് ടു മി...’ വിനോദ് തൊട്ടടുത്തുതന്നെ കിടക്കുകയാണ്. തന്റെ വസ്ത്രങ്ങൾ എവിടെപ്പോയി എന്ന് അവൾ അദ്ഭുതപ്പെട്ടു. എപ്പോൾ, എങ്ങിനെയാണവ നഷ്ടപ്പെട്ടത്? വിനോദും ഒട്ടും മെച്ചമല്ലാത്ത അവസ്ഥയിലായിരുന്നു.

ഓർമ്മയിൽ അപർണ്ണ ചിരിച്ചു. വിനോദിനെ ഫോൺ ചെയ്തിട്ട് കാര്യമില്ലെന്ന് അവൾ തീർച്ചയാക്കി. നേരിട്ട് പോവാം. ബീച്ചിൽ ഹോട്ടൽ ഹൊറൈസന്റെ മുമ്പിലാണ് ഷൂട്ടിങ് എന്നാണ് പറഞ്ഞത്. അവൾ വീട്ടിൽ പോയി കാറിന്റെ താക്കോലെടുത്ത് താഴേയ്ക്കിറങ്ങി.

കാർ നല്ല കണ്ടിഷനിലായിരുന്നു. അധികം പഴക്കമില്ല. ഏറിയാൽ രണ്ടു വർഷം. എഴുപത്തൊന്നോ എഴുപത്തി രണ്ടോ മോഡലാണ്. അവൾ ജുഹുവിലേയ്ക്കു തിരിച്ചു. ജുഹു ബീച്ചെത്തിയപ്പോൾത്തന്നെ അവൾ ദൂരെ തിരക്കു കണ്ടു. അവൾ നിർത്തിയില്ല. ഹൊറൈസനിൽ കാറ് പാർക്ക് ചെയ്ത് ഹോട്ടലിലൂടെ ബീച്ചിലേയ്ക്കിറങ്ങാം.

ഷൂട്ടിങ് ശരിക്കും ഹൊറൈസന്റെ പിന്നിൽത്തന്നെ ആയിരുന്നു. അവൾ സ്വിമ്മിങ്പൂളിനരുകിലൂടെ നടന്ന് പടികൾ ഇറങ്ങി ബീച്ചിലെ മണലിലൂടെ നടന്നു. ഒരു ഹെലിക്കോപ്ടർ മുകളിൽ കറങ്ങുന്നുണ്ട്. വിനോദ് നടന്നുകൊണ്ട് ഹെലിക്കോപ്ടർ നോക്കി എന്തോ ആംഗ്യം കാണിക്കുന്നു. ഒരു മോട്ടോർ ബോട്ട് കരയിൽനിന്ന് അതിവേഗത്തിൽ പായാൻ തുടങ്ങി. പിന്നാലെ കാമറയുമായി മറ്റൊരു ബോട്ടും. മുമ്പിൽ പോയ ബോട്ടിൽ ഒരു സംഘട്ടനം നടക്കുകയാണ്. അപർണ്ണ വരുന്നത് വിനോദ് കണ്ടു. അയാൾ കൈവീശി, ഉടനെ തിരിഞ്ഞ് നിർദ്ദേശങ്ങൾ കൊടുക്കുന്ന ജോലിയിലേർപ്പെടുകയും ചെയ്തു. മുകളിൽ കറങ്ങിയിരുന്ന ഹെലിക്കോപ്ടർ ഇപ്പോൾ വളരെ താഴെയാണ്. അതിൽനിന്ന് ഒരാൾ താഴേയ്ക്കു ചാടാനായി ഒരുങ്ങുന്നു. ബോട്ട് ഏകദേശം അടുത്തെത്തിയിരുന്നു. പെട്ടെന്നാണതുണ്ടായത്. എന്തോ കാരണം കൊണ്ട് ഹെലിക്കോപ്ടർ പൊന്തുകയും ഏകദേശം അമ്പതടി ഉയരത്തി ലെത്തിയപ്പോൾ ചാടാനുദ്ദേശിച്ച ആൾ പിടുത്തം വിട്ട് വീഴുകയും ചെയ്തു. അയാൾ കുത്തനെ താഴേയ്ക്ക് വീഴുകതന്നെയാണ്. സിനിമയിൽ ഉദ്ദേശിച്ച മാതിരിയല്ല സംഭവം നടന്നതെന്ന് സ്പഷ്ടം. വിനോദ് തലയിൽ കൈവെയ്ക്കുന്നത് അപർണ്ണ കണ്ടു. കരയിൽനിന്നവർ ഒന്നായി ആർക്കുകയായിരുന്നു. ബോട്ടുകൾ പെട്ടെന്ന് തിരിച്ച് അയാൾ വീണ സ്ഥലത്തേയ്ക്കു കുതിച്ചു. എന്താണ് സംഭവിക്കുന്നതെന്നു വ്യക്തമല്ല.

വിനോദ് ക്ഷോഭിക്കുകയായിരുന്നു. അയാൾ ജോലിയിൽ വേണ്ടത്ര ശ്രദ്ധിക്കാതെ അപകടമുണ്ടാക്കിയതിൽ. അയാൾ കാരണം ഷൂട്ടിങ് നിർത്തേണ്ടി വന്നതിൽ. ‘ഒരു ഞായറാഴ്ചത്തെ വിശ്രമം കളഞ്ഞാണ് ഞാൻ വന്നത്. അതിങ്ങനെ നശിപ്പിക്കാനാണ്...’

ബോട്ട് ഇപ്പോൾ അയാളെയുമെടുത്ത് കരക്കെത്തിയിരുന്നു. ആൾക്കാർ കൂട്ടം കൂടുകയാണ്. അയാൾക്ക് ബോധമുണ്ടായിരുന്നില്ല. ആരൊക്കെയോകൂടി അയാളെ പൊക്കിയെടുത്ത് കരയിലേയ്ക്കു കൊണ്ടു പോകുകയാണ്. വിനോദ് അനങ്ങുന്നില്ല. അപർണ്ണ അയാളുടെ അടുത്തു ചെന്നു. അയാൾ അപ്പോഴും ശാപവചനങ്ങൾ പൊഴിക്കുക യാണ്. അവൾ അയാളെ നോക്കിക്കൊണ്ടു നിന്നു. എന്തുകൊണ്ടോ അവിടെ നിന്ന് പോകാനാണ് അപർണ്ണയ്ക്ക് തോന്നിയത്.

കാർ സ്റ്റാർട്ടാക്കിയപ്പോൾ എങ്ങോട്ടു പോകണമെന്ന് അവൾക്കു ധാരണയുണ്ടായിരുന്നില്ല. അവൾക്ക് ഒരല്പം ആശ്വാസം കിട്ടണം. തന്റെ കൺമുമ്പിൽവച്ച് ഒരു വലിയ അപകടമുണ്ടായിരിക്കുന്നു. നിസ്സഹായനായ ഒരു മനുഷ്യൻ ഇപ്പോൾ മരണത്തോട് മല്ലിടുകയാണ്. അവൾ പെട്ടെന്ന് സുനിലിനെ ഓർത്തു. അയാൾ അടുത്തു തന്നെയാണ് താമസിക്കുന്നത്. അവൾ കാർ ഇടത്തോട്ട് തിരിച്ചു.

സുനിൽ മൽഹോത്ര വീട്ടിൽത്തന്നെയുണ്ടായിരുന്നു. അപർണ്ണയെ കണ്ടപ്പോൾ പെട്ടെന്ന് അയാളുടെ മുഖത്ത് പരിഭ്രമമായി. അയാൾ വാതിൽ പിടിച്ചുകൊണ്ട് നിൽക്കുകയാണ്.

‘മേ ഐ കമിൻ?’

‘ഓ ഷുവർ...’ സുനിൽ ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാൻ വേറെ എന്തോ ആലോചിക്കുകയായിരുന്നു. ‘എന്തൊ ക്കെയാണ് വിശേഷങ്ങൾ?’

കുറച്ചു നേരത്തെയുണ്ടായ അപകടത്തെപ്പറ്റി അവൾ സുനിലിനോട് പറഞ്ഞു. അയാൾ പെട്ടെന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

‘വരൂ നമുക്ക് പോകാം.’

‘എവിടേയ്ക്കാണയാളെ കൊണ്ടുപോയതെന്നറിയില്ല.’

‘നാനാവതിയിലേക്കായിരിക്കും. വരൂ.’

അവർ താഴത്തിറങ്ങി.

‘ഇതാണ് നിന്റെ വണ്ടി, അല്ലെ?’

‘അതെ.’ കാറിന്റെ വാതിൽ തുറന്നുകൊണ്ട് അവൾ പറഞ്ഞു.

‘നിതിൻ എന്നോട് പറഞ്ഞിരുന്നു.’ വാതിൽ തുറന്ന് മുമ്പിൽ കയറിയിരിക്കുമ്പോൾ സുനിൽ പറഞ്ഞു. അവൾക്ക് സുനിലിന്റെ ഭാരം അറിയുന്നുണ്ടായിരുന്നു. വിനോദ് അടുത്തിരിക്കുമ്പോൾ അറിയുകയേ ഇല്ല. അയാൾ 5—8 ഉയരം, കവിഞ്ഞാൽ 60 കിലോ ഉണ്ടാവും. സുനിൽ അയാളുടെ ആറടി ഒരിഞ്ച് ഉയരത്തിനനുസരിച്ചുള്ള തടി നോക്കിയാൽ 90 കിലോയെങ്കിലും കാണും.

നാനാവതിയിലെ കാഷ്വൽറ്റിയിൽ ഒരു സ്റ്റ്രെച്ചറിൽ അയാളുടെ ശവശരീരം കിടത്തിയിരുന്നു. സുനിൽ അയാളെ മൂടിയ തുണി മാറ്റിനോക്കി. ഉടനെ മൂടുകയും ചെയ്തു.

‘പാവം.’

കുറച്ചപ്പുറത്തായി മരിച്ച നടന്റെ ബന്ധുക്കൾ വിങ്ങിപ്പൊട്ടിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ചുമരിന്നരികിൽ ഒരു മെലിഞ്ഞ സ്ത്രീ കിടന്നിരുന്നു. സുനിൽ അവരുടെ അടുത്തേയ്ക്ക് ചെന്നു.

‘വ്യസനമുണ്ട്. എന്താ ചെയ്യ്വാ. ഇങ്ങിനെയൊന്നും വരുമെന്ന് ആരും കരുതീട്ടില്ലല്ലോ. സാബിനോട് പറഞ്ഞ് വേണ്ടതെല്ലാം ചെയ്യാം.’

അയാൾ പോക്കറ്റിൽ നിന്ന് രണ്ടോ മൂന്നോ നൂറിന്റെ നോട്ടുകൾ എടുത്ത് അതിലൊരാൾക്കു കൊടുത്തു.

‘ഇപ്പോൾ വേണ്ടതെല്ലാം ചെയ്യൂ.’

തിരിച്ച് കാറിൽ കയറിയപ്പോൾ സുനിൽ പറഞ്ഞു.

‘എന്താണ് ചെയ്യുക, പാവം. ഒരു കുടുംബം വഴിയാധാരമായി.’

അപർണ്ണ വിനോദിനെ ഓർത്തു. അയാളുടെ മനോഭാവത്തെപ്പറ്റി സുനിലിനോട് പറഞ്ഞാലോ എന്ന് ഓർത്തു. പക്ഷേ സുനിലിന് നല്ലവണ്ണം അറിയുന്നതുതന്നെയായിരിക്കണം അത്. അവൾ ഒന്നും പറഞ്ഞില്ല.

അപർണ്ണ വീട്ടിലെത്തിയപ്പോൾ പന്ത്രണ്ടു മണി കഴിഞ്ഞു. അവൾ തളർന്നിരുന്നു. രാവിലെയുണ്ടായ സംഭവം മനസ്സിൽനിന്ന് എടുത്തു മാറ്റാൻ തോന്നുന്നില്ല. ഈ അഭ്യാസികളെല്ലാം ഡ്യൂപ്പുകളായി അഭിനയിക്കുന്നവരാണ്. നായകനും മറ്റു പ്രധാനപ്പെട്ട നടന്മാർക്കും വേണ്ടി സാഹസികമായ കാര്യങ്ങൾ ചെയ്യുക. അവരുടെ മുഖമോ, പേരോ വെള്ളിത്തിരയിൽ വരുന്നില്ല. അവരെ ആരും അറിയുന്നുമില്ല. അവർക്കു കിട്ടുന്നത് ദിവസക്കൂലിയാണ്, അല്ലെങ്കിൽ ഒരു കരാർ തുക. അതു കഴിഞ്ഞാൽ കഴിഞ്ഞു.

അവൾ കുളിച്ച് ഊണുകഴിക്കാനിരുന്നു. ഒന്നും കഴിക്കാൻ തോന്നുന്നില്ല. അങ്ക്ൾ ഓരോന്ന് ചോദിക്കുന്നുണ്ടാ യിരുന്നു. അവൾ അപകടത്തെപ്പറ്റി പറഞ്ഞു.

‘സാരമില്ല മോളെ, അങ്ങിനെയൊക്കെയുണ്ടാവും. നീ വേവലാതിപ്പെട്ടിട്ട് എന്തു കാര്യം?’

അവൾ ഊണു കഴിച്ചെന്നു വരുത്തി പോയി കിടന്നു.

ഉറക്കമെഴുന്നേറ്റപ്പോൾ നാലു മണി. അങ്ക്ൾ ഹരേകൃഷ്ണ ക്ഷേത്രത്തിലേയ്ക്കു പോയിരുന്നു. ചായ കുടിച്ചു കൊണ്ട് അവൾ അന്നത്തെ വർത്തമാനപത്രം നോക്കി. അന്ന് പത്രം കണ്ടിട്ടേയില്ല. രണ്ടാമത്തെ പേജ് തുറന്നതും അവൾ വാ പൊളിച്ചുകൊണ്ട് ഇരുന്നുപോയി. മുകളിൽ കൊടുത്ത ചിത്രത്തിനു താഴെ കൊടുത്ത റിപ്പോർട്ടു വായിച്ചുകൊണ്ടിരിക്കേ അവളുടെ മുഖത്തെ ചോരയോട്ടം നിന്നതായി തോന്നി. തലയുടെ പിന്നിൽനിന്ന് ശൈത്യം കയറി മുഖത്തേയ്ക്കു പടരുന്നപോലെ. അവൾ വീണ്ടും ചിത്രം നോക്കി. പത്രം വലിച്ചെറിഞ്ഞ് അവൾ മേശമേൽ തലവെച്ച് കരയാൻ തുടങ്ങി.