close
Sayahna Sayahna
Search

അറിയാത്തലങ്ങളിലേയ്ക്ക് 14


അറിയാത്തലങ്ങളിലേയ്ക്ക് 14
EHK Novel 06.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അറിയാത്തലങ്ങളിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 85

എന്റെ ഊഹം ശരിയായി വന്നു. എട്ടുകെട്ട് പൊളിയ്ക്കുമ്പോൾ ആ ഭാഗം മുഴുവൻ പൊളിച്ചുമാറ്റിയിട്ടില്ല. എനിയ്ക്കു തോന്നുന്നത് വളരെ കുറച്ചു മാത്രമേ മാറ്റിയിട്ടുള്ളു എന്നാണ്. അതാണ് ഈ കെട്ടിടത്തിന് ഒരു നാലുകെട്ടിനു യോജിക്കാത്ത വലുപ്പം. ഇനി എനിയ്ക്കു ചെയ്യേണ്ടത് ആധാരത്തിനോടൊപ്പം കിട്ടിയ പ്ലാൻ വച്ച് അതിൽ പൊളിച്ചു കളഞ്ഞ മുറികളെല്ലാം ഒഴിവാക്കി പുതുതായി ഒരു സ്‌കെച്ച് വരക്കുകയാണ്. എന്നിട്ട്? എന്നിട്ട് എന്താവുന്നു എന്നു നോക്കാം. തട്ടിൻപുറത്തുനിന്ന് കിട്ടിയ ചെമ്പിന്റെ ചതുരംഗപ്പലക ഡ്രോയറിൽ നിന്നെടുത്ത് നോക്കി. വന്ദന അതു മറക്കാതെ എടുത്തു കൊണ്ടുവന്നിട്ടുണ്ട്.

വലിയ മൂത്താശാരിയെ കണ്ട കാര്യം പറഞ്ഞപ്പോൾ വന്ദന പറഞ്ഞു.

‘ശരിയാണ് അച്ഛാ. നമുക്കൊരു പുതിയ സ്‌കെച്ചുണ്ടാക്കാം. നമുക്കാ കമ്പ്യൂട്ടർ കൊണ്ടുവരായിരുന്നു. അതിൽ എളുപ്പം ചെയ്യാവണ കാര്യാണത്.’

‘കമ്പ്യൂട്ടർ ഞാൻ നാളെത്തന്നെ കൊണ്ടത്തരാം.’ ഞാൻ പറഞ്ഞു. ‘രാവിലെ പോയാൽ എനിയ്ക്ക് വൈകുന്നേരം തിരിച്ചുവരാം. യു.പി.എസ്സൊന്നും കൊണ്ടരാൻ പറ്റില്ല. നല്ല കനംണ്ട് അത്.’

‘സാരല്ല്യ. അയ്യഞ്ചു മിനുറ്റ് കൂടുമ്പോ സേവ് ചെയ്താപോരെ? സ്‌കെച്ചുണ്ടാക്കീട്ട് എന്തു ചെയ്യാനാണച്ഛാ?’

‘സത്യം പറയട്ടെ മോളെ, അച്ഛന് വലിയ രൂപൊന്നുംല്ല്യ. അച്ഛൻ പെട്ടെന്നുണ്ടാവണ ഒരു പ്രേരണേലാണ് ഇതൊക്കെ ചെയ്യണത്. ഇതൊക്കെ എവിട്യെങ്കിലും എത്തുംന്ന്ള്ള തോന്നല്. ഈ തോന്നല് കുട്ടിക്കാലം തൊട്ടെ ഉണ്ട്. അമ്മ പറയും ദൈവമാണെന്ന്, ഞാൻ പറയും വിധിയാണെന്ന്. അതു രണ്ടുമല്ല, ഇനി വേറെയെന്തെങ്കിലും ആണോന്നും അച്ഛനറിയില്ല.’

വന്ദന കുറച്ചുനേരം ആലോചിച്ചുകൊണ്ടിരുന്നു. അതിനു ശേഷം എന്നോട് കാര്യമായി ചോദിച്ചു.

‘ഞാൻ ഒരു കാര്യം ചോദിച്ചാൽ അച്ഛൻ സത്യം പറയ്യോ?’

‘എന്താ മോളെ?’

‘തട്ടിൻപൊറത്ത്ള്ള ആ പെട്ടി ഇല്ല്യേ, ഒരിക്കല് അച്ഛന്റെ ഒപ്പം പോയപ്പോ അത് തൊറക്കാൻ പറ്റീന്ന് പറഞ്ഞു അമ്മ. അമ്മ ശരിയ്ക്കും ആ പെട്ടി തൊറന്ന്വോ?’

‘എന്താ ചോദിയ്ക്കാൻ കാരണം?’

‘അച്ഛൻ പറയൂ.’

‘അമ്മേടെ വിചാരം അമ്മയ്ക്കതു തൊറക്കാൻ പറ്റീന്നാണ്.’ ഞാൻ പറഞ്ഞു. ‘എന്നാൽ അമ്മയ്ക്കത് ശരിയ്ക്കും തൊറക്കാൻ പറ്റീട്ടില്ല്യ.’

ഉണ്ടായ കാര്യങ്ങൾ വിവരിച്ചുകൊടുത്തപ്പോൾ അവൾ പറഞ്ഞു. ‘എനിയ്ക്കും അതു തൊറക്കാൻ പറ്റീല്ല്യ.’

‘അപ്പൊ നീ തട്ടിൻപൊറത്ത് പോയോ? ആര്‌ടെ ഒപ്പം?’

‘ഞാനീ ബുധനാഴ്ച പോയി, ഒറ്റയ്ക്ക്.’

ഞാൻ തരിച്ചിരുന്നു. ഞാൻ ഏറ്റവുമധികം ഭയപ്പെടുന്ന ഒരു സ്ഥലമായി ആ തട്ടിൻപുറം മാറിയിരുന്നു. അവിടേയ്ക്കാണ് ഈ പതിനഞ്ചു വയസ്സുകാരി ഒറ്റയ്ക്ക് കയറിയിരിയ്ക്കുന്നത്! ഞാൻ ഒന്നും പറയാതിരിക്കുന്നതു കണ്ടപ്പോൾ അവൾ പറഞ്ഞു.

‘അച്ഛനെന്നോട് ദേഷ്യായോ?’

‘ദേഷ്യല്ല മോളെ. എന്തുകൊണ്ടോ, പോവാൻ പറ്റിയ സ്ഥലല്ലാ അത് എന്ന്ള്ള തോന്നല്ണ്ട് അച്ഛന്. ഞാനീ വീട് വിൽക്കാൻ തീർച്ച്യാക്കിയിരിക്കുണു. അതിനു മുമ്പ് ഒരവസാന ശ്രമം കൂടി നടത്താംന്ന് കരുതിയിരിയ്ക്ക്യാണ്. ഇതും ശരിയായില്ലെങ്കിൽ അതു പോട്ടേന്ന് വിചാരിയ്ക്കും.’

വന്ദന നിശ്ശബ്ദയായി.

‘സാരല്ല്യ മോളെ. ഇനി ഒറ്റയ്ക്ക് മോളില് പോവര്ത്. ആരെങ്കിലും ഒപ്പംണ്ടെങ്കിൽ എന്തെങ്കിലും സഹായത്തിന് വിളിച്ചു പറയെങ്കിലും ചെയ്യാലോ.’

അവൾ തലയാട്ടി.

‘ഞാനിപ്പോൾ പോയി ഈ സ്‌കെച്ചിന്റെ ഒരു ഫോട്ടോകോപ്പി എടുത്തു കൊണ്ടുവരാം. പൊളിച്ചു കളഞ്ഞൂന്ന് തോന്നണ ഭാഗങ്ങള് തല്ക്കാലം അതീന്ന് വെട്ടിക്കളഞ്ഞാ മതീലോ. അതു നമുക്ക് താഴെ കൊണ്ടുപോയി ശരിയ്ക്കുള്ള മുറികളുമായിട്ട് ഒത്തു നോക്കാം. അതിനുശേഷം നിനക്കതു കമ്പ്യൂട്ടറിലാക്കാലോ.’

‘അച്ഛൻ ഒരു കാര്യം കൂടി ചെയ്യണം. നാളെ കമ്പ്യൂട്ടറെടുക്കാൻ പോമ്പ ഈ സ്‌കെച്ച് സ്‌കാൻ ചെയ്തു കൊണ്ടരണം. എന്നാൽ സ്‌കാനറും ഏറ്റണ്ടല്ലൊ. സ്‌കാൻ ചെയ്താലെന്റെ പണി കൊറച്ചുകൂടി എളുപ്പാവും.’

‘ശരി. നല്ല ഐഡിയ.’

സ്‌കെച്ചു ഫോട്ടോകോപ്പിയെടുത്തപ്പോൾ കൂടുതൽ വ്യക്തമായി. കുറച്ചു വലുതാക്കി കോപ്പിയെടുത്തതിനാൽ ഇടനാഴികകളും അവയ്ക്കിടയിലുള്ള ചെറിയ മുറികളും കോണിമുറിയും കൂടുതൽ വ്യക്തമായിട്ടുണ്ട്. കമ്പ്യൂട്ടറിൽ സ്‌കാൻ ചെയ്താൽ കൂടുതൽ വ്യക്തമാക്കാൻ പറ്റും. ആവശ്യമുള്ളിടത്ത് എത്ര വേണമെങ്കിലും വലുതാക്കാമല്ലൊ, ഒരു ഭൂതക്കണ്ണാടി വച്ചു നോക്കുന്നപോലെ.

രാവിലത്തെ ബസ്സിനുതന്നെ ഞാൻ പുറപ്പെട്ടു. ബസ്സിലിരിക്കുമ്പോൾ ഞാൻ ആലോചിച്ചു. എനിക്ക് എന്തിന്റെ കേടാണ്. മര്യാദയ്ക്ക് ഒരു ജോലിയുള്ളതും വച്ച് ഒരു കുടുംബം നോക്കി വീട്ടിലിരുന്നാൽ മതി. അതിനിടയ്ക്ക് ഇങ്ങിനെ ഓരോ ഭ്രാന്തിന്റെ പിന്നാലെ പോകുന്നു. ഏതോ ഒരു ഭ്രാന്തൻ ഉണ്ടാക്കിവച്ച ഒരു ചതുരംഗപ്പലകയുടെ പേരിലാണ് ഞാനിതൊക്കെ ചെയ്യുന്നത്. ആ പലകയ്ക്കാണെങ്കിലോ ഒർത്ഥവും ഞാൻ കാണുന്നുമില്ല. അതും പറഞ്ഞ് ആ കാര്യം തള്ളിക്കളയാൻ നോക്കുമ്പോഴാണ് മറ്റു പല സംഭവവികാസങ്ങളും ഉടലെടുക്കുന്നത്. വെറും ഭ്രാന്തെന്നു പറഞ്ഞ് തള്ളിക്കളയാൻ പറ്റാത്തവ. എനിയ്ക്ക് വിശദീകരിയ്ക്കാൻ പറ്റാത്ത സംഭവങ്ങൾ. ആരെങ്കിലും അതൊക്കെ വിശദീകരിയ്ക്കട്ടെ, ഞാൻ ഇതെല്ലാം നിർത്തിവച്ച് കുടുംബത്തെയും പെറുക്കി വീട്ടിലേയ്ക്കു മടങ്ങാം. നാലുകെട്ടും എട്ടുകെട്ടുമല്ലാത്ത ആ തറവാട് കിട്ടിയ വിലയ്ക്കു കൊടുത്ത് സ്വസ്ഥമായി കഴിയാം. പക്ഷെ ആ സംഭവങ്ങളെല്ലാംതന്നെ വിശദീകരണമില്ലാത്തവയാണ്. ഒന്നിലധികം പേർക്ക് സംഭവിക്കുന്നതായതുകൊണ്ട് എന്റെ മനസ്സിൽ ഉടലെടുക്കുന്ന വികല ചിന്തകളാണെന്നു പറയാൻ കഴിയാത്തവയാണ്. അപ്പോൾ എന്തോ ഒന്ന് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിയ്ക്കുകയാണ്. നിർബ്ബന്ധമായി, എന്റെ ഗുണത്തിനായി?

തറവാട്ടിൽ തിരിച്ചെത്തിയപ്പോൾ രാത്രി എട്ടു മണിയായിരുന്നു. ഭാഗ്യത്തിന് വൈദ്യുതിയുണ്ടായിരുന്നു. ഈ നാട്ടിൻപുറത്ത് കറന്റ് എപ്പോൾ വേണമെങ്കിലും പോവാം. ഒരിക്കൽ പോയാൽ പിന്നെ രാത്രി മുഴുവൻ വന്നില്ലെന്നു വരാം. പത്തു കൊല്ലം മുമ്പ് വയർ ചെയ്തപ്പോൾ മുകളിൽ ഈ ഒരു മുറിയിൽ മാത്രമേ ചെയ്തുള്ളു. അതുപോലെ താഴത്ത് അത്യാവശ്യം ഉപയോഗിക്കുന്ന മുറികളും അടുക്കളയും. വെറുതെ അടച്ചിട്ട മുറികൾ വയർ ചെയ്തിട്ട് എന്തു കാര്യം?

യു.പി.എസ് ഇല്ലാത്തതുകൊണ്ട് കമ്പ്യൂട്ടർ ഒരു സ്‌പൈക് അറസ്റ്റർ വഴി കണക്ട് ചെയ്തു. ബൂട്ടു ചെയ്തപ്പോൾ മോണിറ്റർ നല്ല കുട്ടിയെപ്പോലെ കണ്ണു തുറന്നു ചിരിക്കാൻ തുടങ്ങി. വന്ദന ആശ്വാസത്തോടെ ദീർഘശ്വാസമിട്ടു. അവൾക്ക് ആകെ ടെൻഷനുള്ള കാര്യം അവളുടെ കമ്പ്യൂട്ടർ എന്നെങ്കിലും ചത്തുപോകുമോ എന്നതു മാത്രമാണ്. ബാക്കപ്പ് എടുത്തു വെയ്ക്കുന്ന ശീലമേയില്ല. ഹാർഡ് ഡിസ്‌ക് പോയാൽ അവൾ കുറെക്കാലമായി അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം പോയിക്കിട്ടും. ഒരുപക്ഷെ അമ്പലത്തിൽ പോയാൽ ആദ്യം പ്രാർത്ഥിയ്ക്കുന്നത് അവളുടെ കമ്പ്യൂട്ടറിന്റെ ആരോഗ്യത്തിനു വേണ്ടിയായിരിക്കുമെന്നു തോന്നുന്നു.

രാവിലെ പ്രാതലിന് നൂൽപ്പിട്ടായിരുന്നു. അതിന്റെ അപൂർവ്വത കൊണ്ടുതന്നെ എനിയ്ക്കാ ഭക്ഷണം ഇഷ്ടമായിരുന്നു. അതു വെറുതെ പാലിൽ പഞ്ചസാരയിട്ടതിന്റെ ഒപ്പം തന്നാലും ഞാൻ സ്വാദോടെ കഴിയ്ക്കും. ഇന്ന് നാളികേരപ്പാലൊഴിച്ച മുട്ടക്കറിയായിരുന്നു. ഭക്ഷണം കഴിഞ്ഞ ശേഷം ഞാനും വന്ദനയും സ്‌കെച്ചുമെടുത്ത് പര്യവേഷണം തുടങ്ങി. അടച്ചിട്ട മുറികൾ ഒരോന്നോരോന്നായി തുറന്ന് അളവുകളെടുത്തു. അത് ആവശ്യമാണ്, കാരണം മുറികൾക്കിടയിൽ കാണാമറയത്ത് ഒളിച്ചിരിയ്ക്കുന്ന മുറികളോ ഇടങ്ങളോ ഉണ്ടോ എന്നു നോക്കാൻ അളവുകളുണ്ടെങ്കിലേ പറ്റൂ. എനിയ്ക്ക് വേറൊരു ഉദ്ദേശ്യവുമുണ്ടായിരുന്നു. ഈ വീട് വിൽക്കുമ്പോൾ വാങ്ങാൻ വരുന്നവർക്ക് സ്‌കെച്ചു കാണിച്ചുകൊടുത്താൽ സൗകര്യമായി. അതുകൊണ്ട് വീടിന്റെ മുഴുവൻ അളവുകളുള്ള ഒരു സ്‌കെച്ചും ഉണ്ടാക്കാൻ വന്ദനയോട് പറയണം. തല്ക്കാലം ഈ ജോലി കഴിയട്ടെ.

മുറികൾ പലതും വെളിച്ചം കടക്കാതെ ഇരുണ്ടിരുന്നു. ടോർച്ചിന്റെ വെളിച്ചത്തിലാണ് ഉള്ളിലൊക്കെ പരതി അളവെടുക്കുന്നത്. പല മുറികളിലും വീട്ടു സാമാനങ്ങളുണ്ടായിരുന്നു. കട്ടിൽ, മേശ കസേലകൾ, വസ്ത്രം തൂക്കിയിടുന്ന ഹാങ്ങർ, ചുമരിൽ ചിത്രങ്ങൾ. ചില മുറികളിൽ നിലത്ത് നെന്മണികൾ ചിതറിക്കിടക്കുന്നതു കണ്ടു. ഒരു കാലത്ത് നെല്ലു സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന മുറികളായിരിക്കണം. എല്ലാ മുറിയിലും പഴമയുടെ വാസന തങ്ങിനിന്നു.

ഉച്ചയ്ക്ക് ഊണു കഴിക്കാൻ ചെലവാക്കിയ ഒരു മണിക്കൂർ സമയമൊഴികെ ബാക്കിയെല്ലാം മേപ്പിങ്ങിനു ചെലവഴിച്ചു. വൈകുന്നേരമായപ്പോഴേയ്ക്ക് ഞങ്ങൾക്ക് കിട്ടേണ്ട വിവരങ്ങളെല്ലാം കിട്ടി. ഇനി നാളെ അതെല്ലാം അപഗ്രഥിച്ച് ശരിയ്ക്കുള്ള ചിത്രമുണ്ടാക്കണം. രാത്രി ഊണു കഴിക്കുമ്പോൾ വന്ദനയുടെ ക്ഷീണിച്ച മുഖം കണ്ട് ഇന്ദിര മൂക്കിൽ കൈവച്ചു പറഞ്ഞു.

‘ഒരച്ഛന്റീം മോളടീം പ്രാന്തു കണ്ടോ?’

അദ്ഭുതമായിരിക്കുന്നു. ഇത്രയധികം താല്പര്യം കാണിച്ചിരുന്ന ഇന്ദിര ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല. ഒരുപക്ഷെ അവളും ഈ ഭ്രാന്തിൽ മുഴുകിയാൽ മൂന്നു പേരും പട്ടിണി കിടക്കേണ്ടിവരും എന്നതുകൊണ്ടായിരിക്കണം. ഞങ്ങൾ അപ്പോഴും ഇന്നത്തെ പര്യവേഷണത്തെപ്പറ്റി സംസാരിയ്ക്കയായിരുന്നു. കേൾക്കുമ്പോൾ ഇന്ദിരയ്ക്ക് താല്പര്യം കാണുന്നുണ്ട്. ശരിയാണ് ഭക്ഷണമുണ്ടാക്കാൻ ഒരാളെങ്കിലും ഒഴിവാവണ്ടെ?

പിറ്റേന്ന് ഞങ്ങൾ ചെയതത് വീടിന്റെ പുറം ഭാഗം അളവെടുക്കലായിരുന്നു. എല്ലായിടത്തും ഒരേ പോലെയല്ല പുറം ഭാഗം. ചിലയിടത്ത് ഉള്ളിലേയ്ക്കു തള്ളിക്കൊണ്ടാണ്. എല്ലാം അളവെടുത്തു ഫോട്ടോകോപ്പിയിൽ അടയാളപ്പെടുത്തി. പ്രശ്‌നങ്ങളൊന്നും കാണുന്നില്ല. ഇനി ശരിയ്ക്കുള്ള അളവുകളോടെ സ്‌കെച്ചു വരയ്ക്കുമ്പോഴാണ് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ മനസ്സിലാവുക.

വീടിന്റെ പ്ലാൻ സ്‌കാൻ ചെയ്തത് കാരണം വന്ദന വളരെ വേഗത്തിൽ ഒരു സ്‌കെച്ചു വരച്ചുണ്ടാക്കി. ഓരോ മുറിയായി ആ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവൻ കമ്പ്യൂട്ടർ സ്‌ക്രീനിൽ ഉടലെടുക്കുകയാണ്. ഗൂഗ്ൾ സ്‌കെച്ചപ്പ് സോഫ്റ്റ്‌വെയർ കൊണ്ട് അവൾ അദ്ഭുതങ്ങളുണ്ടാക്കുകയാണ്. നാലു മുറികൾ വരച്ചു കഴിഞ്ഞാൽ അതവൾ തിരിച്ചും മറിച്ചും കാണിയ്ക്കും. ത്രീഡി അനിമേഷന്റെ സാധ്യതകൾ കണ്ട് ഞാൻ അദ്ഭുതപ്പെടുമ്പോൾ അവൾ കൂളായി ഇരുന്ന് അതിന്റെ തുടർച്ച വരച്ചുണ്ടാക്കും. അവൾ കാണിക്കുന്നത് കണ്ട് അച്ഛൻ അന്തം വിട്ടിരിക്കുകയാണെന്ന് അവൾക്കറിയാം, പക്ഷെ അവൾ അതറിഞ്ഞതായി നടിയ്ക്കില്ല. അതവളുടെ കുട്ടിത്തത്തിന്റെ ഭാഗമാണ്.

അങ്ങിനെ വരച്ചുകൊണ്ടിരുന്നപ്പോൾ ഒരു പ്രശ്‌നം വന്നു. അവൾ പറഞ്ഞു. ‘അച്ഛാ എന്താണ് ഈ ഭാഗം ശരിയാവാത്തത്?’

‘എന്താ പ്രശ്‌നം മോളെ?’

‘ഈ രണ്ടു മുറികളും തമ്മിൽ അടുപ്പിയ്ക്കാൻ കഴീണ്ല്ല്യ. കണ്ടില്ലെ, രണ്ടിന്റീം എടേല് ഗാപ്പ് വരുന്നു. എന്താ അങ്ങിനെ വരാൻ, നമ്മള് അളവെടുത്തത് ശര്യല്ലെ?’

എന്റെ മനസ്സിൽ എന്തൊക്കെയോ തിളച്ചു പൊങ്ങി. എന്റെ ഊഹം ശരിയായി വന്നതായിരിക്കുമോ? എന്റെ അത്യാവേശം പുറത്തു കാണിയ്ക്കാ തെ ഞാൻ പറഞ്ഞു.

‘വരൂ, നമുക്കൊന്നുകൂടി അളവെടുത്തു നോക്കാം. അളവെടുത്ത മുറീടെയൊക്കെ വാതിലിമ്മല് നമ്പറിട്ടിട്ട്ണ്ട്. ആ നമ്പറന്യാണ് സ്‌കെച്ചിലും കൊ ടുത്തിട്ടുള്ളത്. അപ്പൊ നോക്കാ ൻ എളുപ്പാണ്. ഏതൊക്കെ മുറീടെ എടേലാണ് ഗാപ്പ് വന്നിരിക്കണത്? എട്ടും ഒമ്പതും അല്ലെ?’

ഞങ്ങൾ ടേപ്പുമെടുത്ത് താ ഴേയ്ക്കിറങ്ങി വന്നു. ഒമ്പതാം മുറി ആധാരക്കെട്ടുകൾ കിട്ടിയ മുറിയാണെന്ന് അവിടെ ചെന്നപ്പോഴാണ് മനസ്സിലായത്. അന്വേഷിക്കുന്നത് അടുത്തടുത്തെത്തുമ്പോൾ എന്റെ മനസ്സ് തിളച്ചു പൊങ്ങുക തന്നെയാണ്. മുറി തുറന്ന് അളവെടുത്തു. മുറിയുടെ വീതി പന്ത്രണ്ടര അടി. ആദ്യം എടുത്ത അളവുകൾ തന്നെ. ഇനി പത്താം നമ്പർ മുറിയുടെ അളവെടുത്തു നോക്കാം. അതും പന്ത്രണ്ടര അടി തന്നെ. അളവുകൾ ശരിയാണ്. പക്ഷെ മുറിയുടെ മുൻവശത്ത് പുറത്ത് അളവെടുക്കുമ്പോൾ ഈ അളവുകൾ ശരിയാവുന്നില്ല. കൂടുതൽ കാണുന്നു. അതിനർത്ഥം ഈ രണ്ടു മുറികൾക്കുമിടയിൽ ഒരു വിടവുണ്ടെന്നാണ്. ഏകദേശം ആറടിയുടെ വിടവ്. അതിൽ ചുമരിന്റെ കട്ടികുറച്ചാൽ കിട്ടുന്നത് അഞ്ചടി. രണ്ടു മുറിയുടെയും വാതിലിന്റെ കട്ടിള തൊട്ട് ചുവർവരെയുള്ള നീളം നോക്കി. അതേ കട്ടിളകൾ തമ്മിലുള്ള ദൂരം മുറികൾക്കു പുറത്തും നോക്കി. ശരിയാണ്. അഞ്ചടി വീതിയിൽ അവിടെ ഒരു മുറിയുണ്ട്! പെട്ടന്നാണ് എനിയ്ക്കു ഭൂതോദയമുണ്ടായത്. അതിന്റെ ഭാഗത്തുതന്നെയാണ് ഞാൻ കോണിയിറങ്ങി വരുന്നത് കണ്ടത്. അതൊരു കോണിമുറിയായിരിക്കണം. പക്ഷെ എന്തിനാണതിത്ര ഗോപ്യമായി അടച്ചത്?

EHK Novel 06 Ch14.jpeg

ഇപ്പോൾ വന്ദനയ്ക്കും ആവേശം വന്നിരിക്കുന്നു. അവൾ ആ ചുമരിന്റെ മേൽ ടോർച്ചടിച്ച് പരിശേധിക്കുകയായിരുന്നു. എവിടെയെങ്കിലും അത് അടച്ചതായി കാണുന്നുണ്ടോ? അതൊരു കോണിമുറിയായിരുന്നെങ്കിൽ അതിൻനിന്ന് ഇടനാഴികയിലേയ്ക്ക് വാതിൽ കാണും. ആ വാതിൽ പിന്നീടടച്ചതാണെങ്കിൽ അടച്ച ഭാഗം എങ്ങിനെയായാലും മനസ്സിലാവാതിരിയ്ക്കില്ല. തേച്ചത് എല്ലായിടത്തും ഒരേമാതിരിയാവണമെന്നില്ലല്ലൊ.

അങ്ങിനെയൊന്നും കാണാനില്ല. എല്ലായിടത്തും ഒരേതരം ഉപരിതലം. ദുരൂഹത വർദ്ധിക്കുകയാണ്. ഇനി എന്താണ് വേണ്ടത്?

ഇനി ചെയ്യാനുള്ള ഒരേയൊരു കാര്യം ആ ഒളിഞ്ഞു കിടക്കുന്ന മുറി തുറന്നുനോക്കുക മാത്രമാണ്. അത് രാത്രി മതിയെന്ന് ഇന്ദിരയും വന്ദനയും സമ്മതിച്ചു. ഇങ്ങിനെയൊരു സ്‌കെച്ചു വരച്ചു കാണിച്ചപ്പോഴെ ഒളിഞ്ഞു കിടക്കുന്ന മുറിയെപ്പറ്റി ഇന്ദിരയ്ക്ക് ബോധ്യമായുള്ളു. ഇതിലൊക്കെ എന്തൊക്കെയോ കാര്യമുണ്ട് എന്ന് അവളും സമ്മതിച്ചത് അപ്പോഴാണ്.

‘നമുക്ക് നിധി പങ്കുവെയ്ക്കാൻ ഒരാൾ കൂടിയായി എന്നർത്ഥം.’ ഞാൻ കളിയായി വന്ദനയോടു പറഞ്ഞു.

‘ഇനിയാരെങ്കിലും പിന്നാലെ കൂടുമോ ആവോ?’

‘എനിയ്ക്ക് നിങ്ങടെ നിധിയൊന്നും വേണ്ട.’ ഇന്ദിര തമാശ നീട്ടിക്കൊണ്ടു പോകാനായി പറഞ്ഞു. ‘എന്റെ വിദഗ്ദസഹായം വേണങ്കിൽ പറഞ്ഞോളു.’

‘ശല്യപ്പെടുത്താഞ്ഞാൽ മതി.’

‘ദേവി ചോദിക്ക്യാണ്, എന്താ ഈ അച്ഛനും മോളും കൂടി ചെയ്യണത്? അളവെടുക്കണൊക്കെണ്ടല്ലൊന്ന്. ഞാമ്പറഞ്ഞു അവരൊരു നിധിടെ പിന്നാലെയാണെന്ന്.’

‘നീ ശരിയ്ക്കും പറഞ്ഞ്വോ? ശരിയായി. ഇനി നാട്ടില് മുഴുവൻ അതു പാട്ടാവും.’

‘എനിയ്ക്കു ഭ്രാന്തുണ്ടോ? ഞാൻ തമാശ പറഞ്ഞതല്ലെ. ഞാമ്പറഞ്ഞു അവര് എന്തോ വരച്ച്ണ്ടാക്ക്വാണ്ന്ന്. ആ മറുപടികൊണ്ട് തൃപ്ത്യായോ എന്നൊന്നും അറീല്യ. വിചാരിക്ക്ണ്ണ്ടാവും എന്തിനാപ്പൊ വരച്ച്ണ്ടാക്കണത്ന്ന്? അതൊന്നും സാരല്യാന്നേയ്.’

രാത്രി ആ മുറിയിലേയ്ക്ക് നീണ്ട വയറും പ്ലഗ്ഗും എടുത്ത് ഒരു താല്ക്കാലിക വെളിച്ചം ഉണ്ടാക്കി. പിക്കാക്‌സും കൈക്കോട്ടും കൊണ്ടുവന്ന് ജോലി തുടങ്ങി. ക്ലേശകരമായിരുന്നു ജോലി. ഒന്നാമതായി പരിചയമില്ലാത്ത ജോലി. പിന്നെ എന്താണ് കാണാൻ പോകുന്നത് എന്ന സസ്‌പെൻസും. കഷ്ടിച്ച് ഒരാൾക്ക് കുമ്പിട്ട് കടക്കാനുള്ള പഴുതുണ്ടാക്കിയപ്പോൾ ഞാൻ ഉള്ളിലേയ്ക്കു ടോർച്ചടിച്ചു നോക്കി. അവിടെയൊന്നുമുണ്ടായിരുന്നില്ല. ഞാനാദ്യം അതിനുള്ളിൽ കടന്നു. പിന്നാലെ വന്ദനയും. അതൊരു സാധാരണ മുറി മാത്രമായിരുന്നു. വളരെ ചെറിയ മുറി. താഴെ മറ്റുള്ള മുറികളെപ്പോലെ സിമന്റിട്ട് കാവി തേച്ചിരിക്കുകയാണ്. മുകളിൽ മരത്തിന്റെ തട്ടുതന്നെ. ഒരു കാലത്ത് കോണി വെച്ചിരുന്നോ എന്നറിയാൻ ഞാൻ തട്ട് പരിശോധിച്ചു. വെച്ച കോണി എടുത്തു കളഞ്ഞതാണെങ്കിൽ തട്ട് യോജിപ്പിച്ചത് എങ്ങിനെയാണെങ്കിലും മനസ്സിലാവും. ഇല്ല, അങ്ങിനെ യാതൊരടയാളവും കാണാനില്ല. ഇനി, ആ മുറിയിലെ തട്ട് മുഴുവൻ മാറ്റിയതാണോ? ഒന്നും പറയാൻ കഴിയില്ല.

‘അച്ഛാ, നെലത്തെവിടെങ്കിലും കുഴിച്ചിട്ടതായിരിയ്‌ക്ക്യോ?’

‘നോക്കാം.’ കൈക്കോട്ടിന്റെ തായകൊണ്ട് നിലത്തു മുട്ടിനോക്കാൻ തുടങ്ങി. എല്ലായിടത്തും ഒരേ ശബ്ദം. ഉള്ളിൽ അറകളുള്ളപോലെ തോന്നുന്നില്ല.

‘നിങ്ങള് പൊറത്തു വരു. മതി നോക്കീത്.’ ഇന്ദിര പുറത്തുനിന്ന് ഉള്ളിലേയ്ക്കു തലയിട്ട് പറഞ്ഞു.

‘ശരിയാ മോളെ, നമ്ക്ക് പൊറത്ത് കടക്കാം.’

വായുസഞ്ചാരമില്ലാത്ത ഈ കുടുസ്സുമുറിയിൽ എനിയ്ക്കു ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു. ഈ മുറി ഒരു പുതിയ സമസ്യയെന്നതിനപ്പുറം ഒന്നുമായില്ല. കാരണവർ എന്നെ പരീക്ഷിക്കാൻതന്നെ തീർച്ചയാക്കിയിരിക്കയാണ്.