close
Sayahna Sayahna
Search

Difference between revisions of "അലസതാവിരചിതം"


 
(4 intermediate revisions by the same user not shown)
Line 1: Line 1:
‌__NOTITLE____NOTOC__
+
‌__NOTITLE____NOTOC__← [[അഷ്ടമൂർത്തി|അഷ്ടമൂർത്തി]]
 +
{{SFN/VeeduVittuPokunnu}}
 +
{{SFN/VeeduVittuPokunnuBox}}
 
=അലസതാവിരചിതം=
 
=അലസതാവിരചിതം=
  
Line 49: Line 51:
  
 
അടുത്ത ബുധനാഴ്ച ആസ്പത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. തിങ്കളാഴ്ചതന്നെ അവിടെനിന്നു പുറപ്പെടുകയില്ലേ? ഇത് അതിനുമുമ്പ് അവിടെ കിട്ടുമെന്ന് കരുതുന്നു. ഈ വിപ്രലംഭശൃംഗാരപരമ്പരയിലെ ഒടുക്കത്തെ കണ്ണി.
 
അടുത്ത ബുധനാഴ്ച ആസ്പത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. തിങ്കളാഴ്ചതന്നെ അവിടെനിന്നു പുറപ്പെടുകയില്ലേ? ഇത് അതിനുമുമ്പ് അവിടെ കിട്ടുമെന്ന് കരുതുന്നു. ഈ വിപ്രലംഭശൃംഗാരപരമ്പരയിലെ ഒടുക്കത്തെ കണ്ണി.
 +
{{SFN/VeeduVittuPokunnu}}

Latest revision as of 16:31, 15 September 2014

‌← അഷ്ടമൂർത്തി

അലസതാവിരചിതം
KVAshtamoorthi-02.jpg
ഗ്രന്ഥകർത്താവ് കെ.വി.അഷ്ടമൂർത്തി
മൂലകൃതി വീടുവിട്ടുപോകുന്നു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്, കോട്ടയം
വര്‍ഷം
1992
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 97

അലസതാവിരചിതം

കത്തുകളുടെ മറ്റൊരു ശൃംഖലകൂടി തുടങ്ങുമ്പോള്‍, വണ്ടി കൃത്യസമയത്തുതന്നെ എത്തി, യാത്ര സുഖമായിരുന്നു എന്നമട്ടിലുള്ള പതിവുവാചകങ്ങള്‍ ഏതായാലും ഒഴിവാക്കട്ടെ. പോരെങ്കില്‍ അതൊക്കെ അച്ഛനയച്ച ടെലഗ്രാമില്‍ ഉള്ളതാവുമല്ലോ.

ഞാനിരിക്കുന്നത് അച്ഛന്റെ ചാരുകസേരയിലാണ്. ഇതിപ്പോള്‍ ഇട്ടിരിക്കുന്നത് അമ്മിണിക്കുട്ടിയുടെ മുറിയിലാണ്. വെറുതെ ചാരിക്കിടന്ന് മയങ്ങാം. വല്ലതുമൊക്കെ വായിക്കാം. അതുമല്ലെങ്കില്‍ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കാം.

അച്ഛനും ഏട്ടനും ജോലിക്കു പോയിരിക്കുന്നു. അമ്മിണിക്കുട്ടി കോളേജിലും. അമ്മ അടുക്കളയിലാണ്. ഞാന്‍ ചെന്ന് വല്ലതുമൊക്കെ സഹായിക്കേണ്ടതാണ്. അടിച്ചുവാരിത്തുടയ്ക്കുകയും വെള്ളം കോരുകയുമൊക്കെ വേണ്ടതാണെന്ന് അമ്മ പറഞ്ഞു. എനിക്കാണെങ്കില്‍ ഇവിടെയെത്തിയ നിമിഷം മുതല്‍ മടിയുടെ ലഹള. എന്നാലും ഇന്നുമുതല്‍ അമ്മിണിക്കുട്ടിയില്‍നിന്ന് ആ ഭാരം ഏറ്റെടുത്തിട്ടുണ്ട്.

ഇവിടെയിരുന്നാല്‍ അമ്മിണിക്കുട്ടിയുടെ മേശയും അതിനു ചുവട്ടില്‍ മയങ്ങിക്കിടക്കുന്ന പൊന്നുവിനെയും കാണാം. പൊന്നുവിനും ഇത് ആലസ്യത്തിന്റെ കാലമാണ്. എന്നാലും പൊന്നു എന്നേക്കാള്‍ ഭാഗ്യവതിയാണെന്നു തോന്നുന്നു. ഒന്നുമില്ലെങ്കിലും സുകുമാരത്തിന്റെ ദുസ്വാദ് അറിയേണ്ടല്ലോ. കുഴമ്പ് തേച്ചിരിക്കുകയും വേണ്ട.

രണ്ട്

ഒരു മാസികയില്‍ വായിച്ചതാണ്. പലതരം ദാമ്പത്യങ്ങളുണ്ടത്രെ. അവയിലൊന്നാണ് പേപ്പര്‍ദാമ്പത്യം. അതു വായിച്ചപ്പോള്‍ നെടുങ്ങാടി മാഷ് ഒരിക്കല്‍ പറഞ്ഞത് വീണ്ടും ഓര്‍ത്തുപോയി. ഓര്‍മ്മയുണ്ടോ? ഭാര്യയും ഭര്‍ത്താവും കൊല്ലത്തില്‍ ഒരു മാസമെങ്കിലും പിരിഞ്ഞിരിക്കണമെന്ന്. പരസ്പരബന്ധനത്തില്‍ നിന്ന് കുറച്ച നാളത്തേക്കെങ്കിലും സ്വാതന്ത്ര്യം. അതു ശരിയാണെന്ന് എനിക്കും തോന്നുന്നു. ഈ വിരഹങ്ങളും പുനസ്സമാഗമങ്ങളുമല്ലേ നമ്മളെ കൂടുതല്‍ക്കൂടുതല്‍ അടുപ്പിക്കുന്നത്.

ഇവിടത്തെ പ്രധാനവിശേഷം: ഇന്നു രാവിലെ പൊന്നു പ്രസവിച്ചു. ഇന്നലെ വൈകുന്നേരം അവള്‍ മുറികളിലൊക്കെ പരക്കം പാഞ്ഞുനടന്നു. പെറ്റുകിടക്കാന്‍ സ്ഥലം നോക്കുകയാണെന്ന് അമ്മ പറഞ്ഞു. ഒടുവില്‍ കണ്ടുപിടിച്ചതോ, ഏട്ടന്റെ പുസ്തകങ്ങള്‍ വെയ്ക്കുന്ന റാക്കിന്റെ താഴത്തെ തട്ട്. അമ്മ തക്കസമയത്തുതന്നെ ഇടപെട്ടു. തളത്തില്‍ ഒരു പീഞ്ഞപ്പെട്ടി കൊണ്ടുവെച്ചുകൊടുത്തു.

രണ്ടു കുട്ടികളുണ്ട്. എത്ര എണ്ണത്തിനെ പെറ്റു എന്നറിയില്ല. പ്രസവരക്ഷയ്ക്ക് പെറ്റ കുട്ടികളേത്തന്നെ തിന്നുന്ന വര്‍ഗ്ഗമാണല്ലോ. വെറുതെയല്ല ഇവറ്റകള്‍ക്ക് ഒമ്പതു ജന്മം കൊടുത്തിരിക്കുന്നത്. എത്ര വട്ടം അമ്മയുടെ ജീവന്‍ രക്ഷിച്ചിട്ടാണാവോ ഈ രണ്ടെണ്ണത്തിന് ഇപ്പോള്‍ ജന്മം കിട്ടിയിരിക്കുന്നത്. അച്ഛന് ശുഷ്‌കാന്തി ഏറിയിരിക്കുന്നു. അല്ലെങ്കില്‍ത്തന്നെ ആപ്പീസില്‍ നിന്നു വന്നാല്‍ ഉടനെ അന്വേഷിക്കുക പൊന്നുവിനെയാണ്. എനിക്ക് പൊന്നുവിനോട് അസൂയ തോന്നാറുണ്ട്. രാവിലെ പത്രം വായിക്കുന്നഅച്ഛന്റെ മടിയില്‍ കയറിയിരിക്കുന്നതു കാണുമ്പോള്‍ പ്രത്യേകിച്ചും. എനിക്ക് അച്ഛന്റെ മടിയില്‍ ഇരുന്ന ഓര്‍മ്മതന്നെയില്ല. ചിലപ്പോള്‍ തോന്നും പൊന്നുവിനോടു കാണിക്കുന്ന സ്‌നേഹത്തിന്റെ ഒരംശംപോലും അച്ഛന്‍ എന്നോടു കാണിച്ചിട്ടില്ലെന്ന്.

മൂന്ന്

ഏട്ടന്‍ പൊതുജനക്ഷേമം അന്വേഷിക്കാന്‍ ഇറങ്ങിയിരിക്കുന്നു. അച്ഛന്‍ പതിവിന് വിപരീതമായി ആപ്പീസില്‍നിന്ന് നേരത്തെ എത്തിയിരിക്കുന്നു. അമ്മിണിക്കുട്ടി പഠിക്കുന്നു. അമ്മ വിശ്രമിക്കുന്നു. എന്റെ വയറ്റിലാണങ്കില്‍ തട്ടലും മുട്ടലും നടക്കുന്നു. ചിലപ്പോള്‍ ഞാനറിയാതെ വയറ്റത്ത് കൈവെച്ചുപോവും.

പകലൊക്കെ ഇപ്പോള്‍ ഒരു നേരമ്പോക്കുണ്ട്. പൊന്നുവിന്റെ കുട്ടികള്‍ കളിക്കുന്നതും നോക്കിയിരിക്കുക. പൂമുഖത്തേക്കുള്ള കര്‍ട്ടനില്‍ പൊത്തിപ്പിടിച്ചു കയറാനുള്ള ശ്രമമാവും ചിലപ്പോള്‍. മറ്റു ചിലപ്പോള്‍ രണ്ടുപേരും കൂടി വഴക്കിടുന്നതു കാണാം. വേഗം ഉണങ്ങാന്‍ വേണ്ടി തളത്തില്‍ വിരിച്ച ഏട്ടന്റെ ബനിയന്‍ ഇന്നലെ രണ്ടുപേരും കൂടി കടിച്ചുവലിച്ച് കുറേശ്ശെക്കുറേശ്ശെയായി പൂമുഖത്തിന്റെ ഉമ്മറപ്പടിവരെയെത്തിച്ചു. മിനിയാന്നാണെന്നു തോന്നുന്നു. ഞാന്‍ കുട്ടികളുടെ കളികണ്ട് അങ്ങനെ ഇരിക്കുകയായിരുന്നു. ഏട്ടന്‍ പിന്നില്‍ വന്നുനിന്നത് ഞാനറിഞ്ഞില്ല. നിനക്കു ധൃതിയായി ഇല്യേ എന്ന് ഏട്ടന്‍ ചോദിച്ചപ്പോള്‍ എനിക്കു നാണം തോന്നി.

മിനിയാന്നു രാത്രി ഞാന്‍ പേടിച്ചു നിലവിളിച്ചു. കാരണമെന്താണെന്നോ? ഉറക്കമുണര്‍ന്നപ്പോള്‍ കിടക്കയില്‍ പതുപതുത്ത എന്തിലോ കൈ തടഞ്ഞു. ഞാനാകെ മരവിച്ചുപോയി. ഒരു വിധം എഴുന്നേറ്റു അമ്മിണിക്കുട്ടിയെ വിളിച്ചുണര്‍ത്തി പൊന്നുവിനെയും കുട്ടികളെയും എടുത്ത് മുറിക്കു പുറത്താക്കി വാതിലടപ്പിച്ചു. എന്നാലും അവര്‍ വീണ്ടും വരുമോ എന്ന പേടി കാരണം ഏറെനേരം ഉറങ്ങാതെ കിടന്നു. (ഈയിടെയായി എന്റെ കാര്യം കഷ്ടമായിട്ടുണ്ട്. ഗൗളിയെ കണ്ടാല്‍ക്കൂടി പേടി.) പിന്നെ ഉറങ്ങിയപ്പോള്‍ പൊന്നുവിനെ സ്വപ്നം കണ്ട് പലവട്ടം ഞെട്ടിയുണര്‍ന്നു. ഒരിക്കല്‍ എന്റെ വയര്‍ അവള്‍ മാന്തിയെന്നും നമ്മുടെ കുട്ടി മരിച്ചുവെന്നുമൊക്കെ കണ്ട് കരഞ്ഞുണര്‍ന്നു. അമ്മിണിക്കുട്ടിയെ വീണ്ടും വിളിച്ചുണര്‍ത്തി കട്ടിലില്‍ കയറ്റിക്കിടത്തി. അവള്‍ ചോദിച്ചപ്പോള്‍ പേടിസ്വപ്നം കണ്ടു എന്നു മാത്രം പറഞ്ഞു. രാവിലെ പൊന്നു മുറിയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. അതിനെ കൊല്ലണം എന്നുറക്കെ പറഞ്ഞുകൊണ്ടാണ് ഉണര്‍ന്നത്. അച്ഛനു കാപ്പി കൊടുത്ത് മടങ്ങുകയായിരുന്ന അമ്മ ‘ആരെ’ എന്നു ചോദിച്ചു. മറുപടി പറയാന്‍ നില്ക്കാതെ ഞാന്‍ എട്ടന്റെ മുറിയിലേക്കു ചെന്നു. ഏട്ടന്‍ ഷര്‍ട്ട് ഇസ്തിരിയിടുകയായിരുന്നു. ‘ഏട്ടാ അവറ്റയെ കളയണം’ എന്നു ഞാനെങ്ങനെയോ പറഞ്ഞൊപ്പിച്ചു. എന്റെ ഭാവം കണ്ട് ഏട്ടന്‍ പേടിച്ചുപോയിട്ടുണ്ടാവും. ഒന്നും മിണ്ടാതെ തളത്തില്‍ ചെന്നു. കുട്ടികളെയാണ് കൈയില്‍ കിട്ടിയത്. രണ്ടിനെയും തൂക്കിപ്പിടിച്ച് മുറ്റത്തിറങ്ങി. ആള്‍ത്താമസമില്ലാത്ത തെക്കേ വീടിന്റെ മുറ്റത്തേക്ക് കടത്തിയെറിഞ്ഞു.

പ്രാതല്‍ കഴിഞ്ഞപ്പോഴേക്കും എനിക്കു വിഷമമായി. ഏട്ടന്‍ ജോലിക്കു പോയിക്കഴിഞ്ഞിട്ടാവും പൊന്നു കയറിവരിക. കുട്ടികളെ അന്വേഷിച്ചു നടക്കുന്ന പൊന്നുവിനെ സങ്കല്പത്തില്‍ കണ്ടു. ഞാന്‍ മുറ്റത്തിറങ്ങി തെക്കേ വീടിന്റെ മതിലിനടുത്തു ചെന്ന് എത്തിനോക്കി. കുട്ടികള്‍ രണ്ടുപേരും അവിടെത്തന്നെ പേടിച്ചരണ്ട് മുഖത്തോടുമുഖം നോക്കിനില്‍ക്കുന്നു. ഏട്ടന്‍ ജോലിക്കു പോവാനിറങ്ങുകയായിരുന്നു. ‘ആ കുട്ടികളെ ഇങ്ങോട്ടുതന്നെ കൊണ്ടുവന്നാക്കണം ഏട്ടാ’ എന്ന് ഞാന്‍ പറഞ്ഞു. ഏട്ടനു ശുണ്ഠി വന്നതില്‍ അത്ഭുതമില്ല. ശകാരംപൊടിപാറി. ഞാന്‍ കരയാന്‍ തുടങ്ങി. അതു കണ്ട് ഏട്ടന്‍ ദേഷ്യം അടക്കിപ്പിടിച്ച് മതില്‍ ചാടിച്ചെന്ന് കുട്ടികളെയെടുത്ത് പൂമുഖത്തു കൊണ്ടുവന്നിട്ടു. മതില്‍ ചാടിയപ്പോള്‍ പാന്റ്‌സില്‍ ചെളി പറ്റിയിട്ടും എന്നോടുള്ള ദേഷ്യം കാരണം പാന്റ്‌സ് മാറ്റാതെയാണ് ഏട്ടന്‍ പോയത്.

രാത്രി കിടക്കുന്നതിനുമുമ്പ് പാലുകുടിക്കാന്‍ ഞാന്‍ അടുക്കളയില്‍ച്ചെന്നു ലൈറ്റിട്ടു. അപ്പോള്‍ പൊന്നുവുണ്ട് ഒരു മൂലയിലിരുന്ന് എന്നെ തുറിച്ചുനോക്കുന്നു. എനിക്കു പേടിയായി. ഒരു ചപ്പാത്തിക്കഷ്ണമെടുത്ത് ഞാനവള്‍ക്ക് ഇട്ടുകൊടുത്തു. പൊന്നു അതു തിന്നാതെ എന്നെത്തന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. ഞാന്‍ പൊന്നുവിന് പുറംതിരിഞ്ഞു നിന്നാണ് പാലു കുടിച്ചത്.

പൊന്നുപുരാണം ഏറുന്നുണ്ടെന്ന് ഞാനും സമ്മതിക്കുന്നു. ഈ നിത്യഹരിതഗ്രാമത്തിലിരുന്ന് ഞാന്‍ വേറെ എന്തിനേക്കുറിച്ചെഴുതാന്‍!

നാല്

പൊന്നുവിന് ഇപ്പോള്‍ ഗമ കൂടിയിട്ടുണ്ട്. മിനിയാന്നു രാത്രി അച്ഛന്‍ കിടക്കാന്‍ ചെന്നപ്പോള്‍ അച്ഛന്റെ കിടക്കയില്‍ പൊന്നുവും കുട്ടികളും സുഖമായി കിടന്നുറങ്ങുന്നു. അച്ഛന് തലവേദനകൊണ്ട് അല്ലെങ്കില്‍ത്തന്നെ ദേഷ്യം വന്നിരിക്കുകയായിരുന്നു. രണ്ടൊച്ചയിട്ടപ്പോള്‍ പൊന്നു കുട്ടികളെയുംകൊണ്ട് താഴത്തിറങ്ങി. പൊന്നു മുറിവിട്ടുപോയപ്പോള്‍ അച്ഛന്‍ വലിയൊരു കുട്ടയെടുത്ത് കുട്ടികളെ അടച്ചിട്ടു. രാത്രി മുഴുവനും പൊന്നുവിനെ കണ്ടില്ല. ഇന്നലെ ഉച്ചയാവാറായപ്പോഴാണ് പ്രത്യക്ഷപ്പെട്ടത്. കുട്ടികളെ തിരഞ്ഞ് മുറികളിലൊക്കെ നടന്നു. കുട്ടികളുടെ കരച്ചില്‍ പിന്നീടാണ് കേട്ടത്. അവള്‍ കൂട്ടയ്ക്ക് പലവുരു വലംവെച്ചു. ഞാനതു കണ്ടുകിടക്കുകയായിരുന്നു. പ്രദക്ഷിണം മതിയാക്കി എന്തു വേണം എന്ന് ആലോചിക്കുന്നതുപോലെ പൊന്നു മുറിയുടെ ഒരു മൂലയില്‍ ചെന്നിരുന്നു. അപ്പോള്‍ ഞാന്‍ എല്ലാ ധൈര്യവുമുപയോഗിച്ച് അടുത്തുചെന്ന് കുട്ട തുറന്ന് കുട്ടികളെ പുറത്തുവിട്ടു. പൊന്നു എഴുന്നേറ്റുനിന്നു കരഞ്ഞു. കുട്ടികള്‍ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. പൊന്നു ഒരു പ്രത്യേകശബ്ദമുണ്ടാക്കി മുറിവിട്ടുപോയി. പിന്നാലെ കുട്ടികളും. പൊന്നു ഒന്നുകൂടി ശബ്ദിച്ചു പൂമുഖത്തേക്കു നടന്നു. കുട്ടികളും ഒപ്പം. പിന്നെ മുറ്റത്തേക്കിറങ്ങി ഗേറ്റുകടന്ന് വഴിയിലേക്കിറങ്ങി. കുട്ടികളും പുറത്തു കടന്നപ്പോള്‍ ഞാന്‍ ചെന്ന് ഗേറ്റടച്ചു.

അച്ഛന്‍ ജോലി കഴിഞ്ഞുവന്നപ്പോള്‍ ആദ്യം ചോദിച്ചത് കുട്ടികളേപ്പറ്റിയായിരുന്നു. ഞാന്‍ കഥയൊക്കെ പറഞ്ഞു. വേഷംപോലും മാറാതെ അച്ഛന്‍ മുറ്റത്തേക്കിറങ്ങി. ഗേറ്റു കടന്നു വഴിയിലൊക്കെ തിരഞ്ഞു. പിന്നെ തിരിച്ചുവന്ന് ഈ മതില്‍ക്കെട്ടിനുള്ളില്‍ എവിടെയെങ്കിലും ഉണ്ടാവും എന്ന് ഉറപ്പു പറഞ്ഞു. മഴ ചാറുന്നുണ്ടായിരുന്നു. അച്ഛന്‍ വീടിനെ പലവുരു വലംവെച്ചു. ഇരുട്ടിയപ്പോല്‍ ടോര്‍ച്ചെടുത്തായി പ്രദക്ഷിണം. ഒടുവില്‍ നിരാശനായി പൂമുഖത്തേക്കു കയറിയപ്പോള്‍ അച്ഛന്‍ സാമാന്യം നനഞ്ഞിട്ടുണ്ടായിരുന്നു.

രാത്രി ഉണ്ണാനിരിക്കുമ്പോള്‍ അച്ഛനാകെ ഒരു മനോരാജ്യം. ഏട്ടനെന്തിനാണാവോ അച്ഛനോട് വഴക്കിടാന്‍ ഈ അവസരം തന്നെ തിരഞ്ഞെടുത്തത്. പൊന്നുവും കുട്ടികളും ഇനി വീട്ടില്‍ കാലുകുത്തിയാല്‍ മൂന്നെണ്ണത്തിനെയും കൊണ്ടുപോയി പുഴയില്‍ വലിച്ചെറിയുമെന്നൊക്കെ പറഞ്ഞു ഏട്ടന്‍. അമ്മിണിക്കുട്ടിയും ഏട്ടന്റെ കൂടെകൂടി. (അവള്‍ക്കെന്തൊരു ധൈര്യമാണെന്നോ! അവളുടെ ഈ പ്രായത്തില്‍ എനിക്ക് അച്ഛനോടെന്തെങ്കിലും ചോദിക്കാന്‍തന്നെ പേടിയായിരുന്നു.) അച്ഛന്‍, പാവം, മുഴുവനും കേട്ടുകൊണ്ടിരുന്നു. പിന്നെ അച്ഛന്റെ കുട്ടിക്കാലത്തേപ്പറ്റി പറഞ്ഞു. തറവാട്ടില്‍ അര ഡസന്‍ കുട്ടികള്‍ക്കൊപ്പമാണ് അച്ഛന്‍ വളര്‍ന്നത്. അടുക്കളയിലെ അന്തേവാസികളായി കുറിഞ്ഞിയും കുട്ടികളും ഉണ്ടായിരുന്നു അര ഡസന്‍ തന്നെ. കരിപിടിച്ച അട്ടത്തുകൂടെ അവര്‍ അച്ചാലും പിച്ചാലും നടക്കുന്നതു കാണാം എപ്പോഴും. രാവിലെ എട്ടുമണിക്ക് മനുഷ്യക്കുട്ടികള്‍ എല്ലാവരും കഞ്ഞികുടിക്കാന്‍ അടുക്കളയില്‍വരിവരിയായി കിണ്ണം മുമ്പില്‍വെച്ച് ഇരിക്കും. കുണ്ഡലിയിലാണ് കഞ്ഞിവെക്കുക. ചെറിയമ്മ വലിയകോരികകൊണ്ട് മുക്കി വിളമ്പും. ഒരിക്കല്‍ അച്ഛന്റെ കിണ്ണത്തില്‍ കഞ്ഞിയോടൊപ്പം വെന്തുമലച്ച ഒരു -

അഞ്ച്

അടുക്കളയില്‍ നിന്ന് അമ്മയുടെ വര്‍ത്തമാനം കേള്‍ക്കുന്നു. അച്ഛന്‍ പറഞ്ഞു നിനക്കൊന്നും തരരുതെന്ന്. നീയെന്താ കുട്ട്യോളെ കൊണ്ടുപോയീത്? അവരെ മടക്കിക്കൊണ്ടു വരുന്നതുവരെ ഇവിടെനിന്നു നിനക്കൊന്നും തന്നുപോവരുതെന്നാണ് അച്ഛന്റെ ഓര്‍ഡര്‍.

കാര്യം ഇതാണ്. കുട്ടികളെയും കൊണ്ടുപോയ പൊന്നു തിരിച്ചുവന്നത് തനിച്ചാണ്. അത് തന്റെ പേരിലുള്ള ഒരവിശ്വാസമായിട്ടാണ് അച്ഛനു തോന്നിയത്. കുട്ടികളെ അച്ഛനമ്മമാര്‍ ശിക്ഷിക്കും. അതിന് മക്കള്‍ അവരോട് പരിഭവിക്കരുത് എന്നാണ് അച്ഛന്‍ പറഞ്ഞത്. എനിക്കെന്തോ അതു കേട്ടപ്പോള്‍ വിഷമം തോന്നി. അല്ലെങ്കില്‍ എന്റെ മനസ്സ് എന്നാണ് സ്വസ്ഥമായിട്ടിരിക്കാറുള്ളത്, അല്ലേ?

ആറ്

അമ്മിണിക്കുട്ടി വന്നു വിളിച്ചിട്ടാണ് ഇന്നു രാവിലെ ഞാനുണര്‍ന്നത്. കിഴക്ക്വോറത്തിന്റെ മൂലയിലുള്ള തെങ്ങിന്‍കുഴിയില്‍ പൊന്നുവിന്റെ ശവം കണ്ടത് അമ്മയാണ്. അതു ചെന്നുകാണാനുള്ള ധൈര്യം എനിക്കുണ്ടായില്ല. ഇന്നലെ രാത്രി പൊന്നുവിന്റെ കരച്ചില്‍ കേട്ടത് എനിക്കോര്‍മ്മ വന്നു. ഉറക്കത്തില്‍ സ്വപ്നം കണ്ടതാണ് എന്നാണ് കരുതിയത്. പട്ടി കടിച്ചുകൊന്നതാണത്രേ. ഇവിടെനിന്നു പോയതിനുശേഷം ആള്‍ത്താമസമില്ലാത്ത തെക്കേ വീടിന്റെ ഉമ്മറത്തായിരുന്നു പൊന്നുവും കുട്ടികളും താമസിച്ചത്. രണ്ടു ദിവസം തുടര്‍ച്ചയായി ചോറുകൊടുക്കാതിരുന്നപ്പോള്‍ പൊന്നുവും വരവു നിര്‍ത്തി. അഭിമാനിയായ അവള്‍ കുട്ടികളെ കൊണ്ടുവന്നതുമില്ല. കുട്ടികളെ തിന്നാന്‍ പട്ടി വന്നിട്ടുണ്ടാവുമെന്നും പൊന്നു അവരെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടാവുമെന്നും അച്ഛന്‍ പറയുന്നു.

അച്ഛന്‍ ഇന്ന് ജോലിക്കു പോയിട്ടില്ല. കട്ടിലില്‍ കയറിക്കിടപ്പാണ്. തലവേദനയാണെന്നു പറഞ്ഞു. പൊന്നുവിന്റെ ശവം ഏട്ടനെക്കൊണ്ട് കുഴിച്ചു മൂടിക്കഴിഞ്ഞ് അച്ഛന്‍ തെക്കേ വീടിന്റെ മുറ്റത്തു ചെന്നു. കാടു പിടിച്ച ആ മുറ്റം മുഴുവന്‍ തിരഞ്ഞിട്ടും പൊന്നുവിന്റെ കുട്ടികളെ കണ്ടുകിട്ടിയില്ല. മടങ്ങിവന്ന അച്ഛന്‍ കാപ്പി പോലും കഴിക്കാതെ കയറിക്കിടന്നതാണ്. അച്ഛന്റെ കിടപ്പുകണ്ടിട്ട് അമ്മയ്ക്കും വിഷമമായിരിക്കുന്നു. അമ്മയും ഉച്ചയ്ക്ക് ഊണുകഴിച്ചില്ല. ഏട്ടന്‍ പതിവുപോലെ ജോലിക്കു പോയി. അമ്മിണിക്കുട്ടി കോളേജിലും. മരണം നടന്ന വീട്ടിലെ മൂകതയാണിവിടെ. എനിക്ക് ആകെ മുഷിയുന്നു.

അടുത്ത ബുധനാഴ്ച ആസ്പത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. തിങ്കളാഴ്ചതന്നെ അവിടെനിന്നു പുറപ്പെടുകയില്ലേ? ഇത് അതിനുമുമ്പ് അവിടെ കിട്ടുമെന്ന് കരുതുന്നു. ഈ വിപ്രലംഭശൃംഗാരപരമ്പരയിലെ ഒടുക്കത്തെ കണ്ണി.