close
Sayahna Sayahna
Search

അവൻ വരുന്നു


അവൻ വരുന്നു
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മണല്‍ക്കാട്ടിലെ പൂമരങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1992
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 126 (ആദ്യ പതിപ്പ്)

‘പരഗ്വയില്‍ ഞങ്ങളെല്ലാവരും സ്റ്റ്രെസനറന്‍മാരാണ്. നേരിട്ടും പലപ്പോഴും ഭോഷത്തരമായും ഞങ്ങള്‍ സ്റ്റ്രെസനറുടെ ഡിക്ടേറ്റര്‍ഷിപ്പിന് സഹായകമായ വിധത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടു്. പാപസഹകാരിത്വം, സ്നിഗ്ദ്ധത ഈ അംശങ്ങളെന്ന മട്ടിലാണ് ഞങ്ങള്‍ കുറ്റകൃത്യവും അഴിമതിയും ഉപയോഗിക്കുന്നത്. നമുക്കൊരുമിച്ചു മോഷ്ടിക്കാം അല്ലെങ്കില്‍ കൊല്ലാം — അത് നശിപ്പിക്കാനാവാത്ത കെട്ടുപാട് ഉണ്ടാക്കിത്തരും. ഇതാണ് സ്റ്റ്രെസനര്‍, സൈന്യത്തെ സംബന്ധിച്ചു ചെയ്തത്. അവര്‍ ധാരാളം മോഷ്ടിച്ചു. കള്ളക്കടത്ത്, ഊഹക്കച്ചവടം, അഴിമതി ഇവയില്‍നിന്നു ലാഭമുണ്ടാക്കി. ഈ അഴിമതി പരഗ്വേയില്‍ ‘പ്രജാധിപത്യം’ എന്നു വിളിക്കുന്ന പ്രതിപക്ഷത്തിലാകെ അരിച്ചിറങ്ങിയിരിക്കുന്നു. എല്ലാ വിധത്തിലുള്ള അഴിമതികളുംകൊണ്ട് ഈ ‘പ്രജാധിപത്യം’ അടിമുടി ദുഷിച്ചിരിക്കുന്നു, ആന്തരമായ ഛിദ്രങ്ങളും ഏറെ.’

ഒരു സൈനിക വിപ്ളവത്തിലൂടെ 1954 മേയ് അഞ്ചിന് പരഗ്വേയിലെ പ്രസിഡന്റായിവന്ന് 1989 ഫ്രെബ്രുവരിയില്‍ മറ്റൊരു സൈനിക വിപ്ളവത്തിലൂടെ സ്ഥാന ഭ്രഷ്ടനാക്കപ്പെടുന്നതുവരെ ദുര്‍ഭരണം നടത്തിയ സ്റ്റ്രെസറെക്കുറിച്ച് പ്രതിഭാശാലിയായ ഔഗൂസ്തോ റോആ ബാസ്തൊസ് (Augusto Roa Bastos) 1988-ല്‍ പറഞ്ഞതാണ് ഈ വാക്യങ്ങള്‍. 1947-ല്‍ പരഗ്വേ വിട്ടുപോയ ഈ വലിയ സാഹിത്യകാരന്‍ പാരീസില്‍ താമസിക്കുമ്പോഴാണ് സ്റ്റ്രെസനറെക്കുറിച്ച് ഈ പ്രഖ്യാപനം നിര്‍വഹിച്ചത്. ഇടയ്ക്ക് 1982 ഏപ്രിലില്‍ ബാസ്തൊസ് ജന്മഭൂമിയായ പരഗ്വേയില്‍ ചെന്നു. തന്റെ മകന്റെ പൗരത്വം രജിസ്റ്റര്‍ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര. പക്ഷേ ‘മാര്‍ക്സിസ്റ്റ് വിധ്വംസകന്‍’ എന്ന മുദ്ര ചാര്‍ത്തി അധികാരികള്‍ അദ്ദേഹത്തെ അവിടെനിന്ന് ഓടിച്ചു. പരഗ്വേയിലെ ഒരു കവിയുടെ കാവ്യഗ്രന്ഥത്തിന്റെ പ്രമുക്തി നിര്‍വഹിക്കാനും അദ്ദേഹത്തിന് ലക്ഷ്യമുണ്ടായിരുന്നു. സര്‍ക്കാര്‍ അതിന് സമ്മതം നല്‍കിയില്ല. അതിന് മുന്‍പ് ബാസ്തൊസ് ബഹിഷ്കരിക്കപ്പെട്ടു. കവിയുടെ പുസ്തകം സര്‍ക്കാര്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു.

പ്രജാധിപത്യത്തിന്റെ ഉദ്ഘോഷകനും മനുഷ്യത്വത്തിന്റെ സ്തോതാവുമായ ഈ മഹാസാഹിത്യകാരന്റെ ‘I The Supreme’ എന്ന നോവല്‍ വായിച്ചാല്‍ സാധാരണമായ അനുഭവത്തിനല്ല, അസാധാരണവും മഹോന്നതവുമായ അനുഭവത്തിനാണ് നമ്മള്‍ വിധേയരാവുക. മാന്ത്രികനെപ്പോലെ ബാസ്തൊസ് ചരിത്രത്തിന്റെ ഗോപുരം കെട്ടിപ്പടുക്കുന്നു. അതിലൂടെ നമ്മളെ ആരോഹണാവരോഹണങ്ങള്‍ അനുഷ്ഠിപ്പിച്ചിട്ട് മാന്ത്രിക ദണ്ഡ് പ്രയോഗിച്ച് അതിനെ തകര്‍ത്തുകളയുന്നു. എന്തൊരു വൈദഗ്‌ദ്ധ്യം എന്നു നമ്മള്‍ അദ്ഭുതാധീനരായി പറഞ്ഞുപോകുന്നു. ഗാബ്രിയേല്‍ ഗാര്‍സിആ മാര്‍കേസിന്റെ The Autumn of the Patriarch — കുലപതിയുടെ പതനം — എന്ന നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ടു്. ഗഹനതയിലും സൗന്ദര്യത്തിലും ബാസ്തൊസിന്റെ നോവല്‍ മാര്‍കേസിന്റെ നോവലിനെ ബഹുദൂരം അതിശയിച്ചിരിക്കുന്നു. (1976 ലാണ് മാര്‍കേസിന്റെ നോവലിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ പ്രസിദ്ധപ്പെടുത്തിയത്. ബാസ്തൊസിന്റെ നോവലിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ 1986 ലും) രണ്ടു നോവലുകളെയും താരതമ്യപ്പെടുത്തുന്നതെന്തിനാണ് എന്ന ചോദ്യം ഉണ്ടാകാം. നൂറ്റമ്പത് വയസുണ്ടായിരുന്ന ഒരു ഡിക്ടേറ്ററുടെ മരണം കാണിച്ചുതന്നുകൊണ്ടാണ് മാര്‍കേസിന്റെ നോവല്‍ ആരംഭിക്കുക. ബാസ്തൊസിന്റെ നോവലാകട്ടെ വേറൊരു ഡിക ടേറ്ററുടെ ചരിത്രം ആവിഷകരിക്കുന്നു. ഹോസഗാസ്പര്‍ റേ ദ്രിഗാസ് ഫ്രാന്‍സിയയാണ് ആ ഡിക്ട്റ്റേറര്‍ (Dr. Josegaspar Rodriguez Francia, 1766–1840). 1811-ലാണ് പരഗ്വേ സ്പെയിനില്‍നിന്ന് മോചനം നേടിയത്. ആ രാജ്യത്തിന്റെ (പരഗ്വേയുടെ) ആദ്യത്തെ ഡിക്‌റ്റേറായിരുന്നു ഫ്രാന്‍സിയ. അഴിമതി തുടങ്ങിയ മാലിന്യങ്ങളോടു സമരം പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തിലെത്തിയ അദ്ദേഹം ‘El Supremo’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഔദാര്യമുള്ള ഡിക്ടേറ്ററായിരുന്നു ഹ്രാന്‍സിയയെങ്കിലും ശത്രുക്കളെസംബന്ധിച്ച് അദ്ദേഹം കഠിനഹൃദയനായിരുന്നു. 1840-ല്‍ അന്തരിക്കുന്നതുവരെ പരഗ്വേയെ ‘ഉള്ളം കൈയില്‍വച്ച്’ ഭരിച്ച പ്രസിഡന്റാണ് ഫ്രാന്‍സിയ. പള്ളിയുടെ അധികാരത്തിന് അദ്ദേഹം പരിധി കല്‍പ്പിച്ചു. പ്രഭുവര്‍ഗത്തേ അടിച്ചമര്‍ത്തി. തദ്ദേശവ്യവസായത്തെയും കൃഷിയെയും പ്രോല്‍സാഹിപ്പിച്ച് നാടിനെ സമ്പന്നമാക്കി. വിദ്യാഭ്യാസത്തിന് നവീകരണവും വികാസവും ഉണ്ടാക്കി. ആര്‍ജന്റീനയും ബ്രസീലും ആക്രമിക്കനൊരുമ്പെട്ടപ്പോള്‍ ഫ്രാന്‍സിയ സ്വന്തം നാടിന്റെ അതിര്‍ത്തികള്‍ സംരക്ഷിച്ച് ജനതയുടെ സുരക്ഷിതത്വത്തിന് ഉറപ്പ് നല്‍കി. ഡിക്‌ടേറ്റര്‍ എന്നു കേള്‍ക്കുമ്പോള്‍ സി. ഐ. എ. യുടെ സഹായത്തോടെ ചിലിയിലെ പ്രസിഡന്റ് ആയേന്ദയെ (Allende, 1903–73) കൊന്ന് അധികാരത്തില്‍ എത്തിയ പീനോചെ ഊഗാര്‍തെയാണ് നമ്മള്‍ ഓര്‍മ്മിക്കുക (Pinochet Ugarte). ഫ്രാന്‍സിയ അയാളെപ്പോലെ ക്രൂരനായിരുന്നില്ല. ഈ ഉദാരമതിയായ ”ഏകാധിപതിയെക്കുറിച്ചാണ് ബാസ്തൊസിന്റെ നോവല്‍. അത് പുതിയ രീതിയിലാണ് രചിക്കപ്പെട്ടത്. നവീന കലാസങ്കേതമെന്നു പറഞ്ഞതുകൊണ്ട് ബാസ്‌തൊസിന്റെ കൃതി ‘ആന്റിനോവല്‍’ എന്ന വിഭാഗത്തില്‍ പെടുന്നതാണെന്നു തെറ്റിദ്ധരിക്കാന്‍ പാടില്ല. ബോര്‍ഹെസിനെപ്പോലെ, ഈറ്റാലോ കാല്‍വീനോയെപ്പോലെ ഫാന്‍റസികള്‍ സൃഷ്ടിച്ച് സത്യം ആലേഖനം ചെയ്യാനല്ല ബാസ്തൊസിന് കൗതുകം. കലാസങ്കേതത്തില്‍ വിപ്ളവാത്മകമായ പരിവര്‍ത്തനം വരുത്തിക്കൊണ്ട് ‘ക്ളാസിക്ക്’ലായി നോവലെഴുതാനാണ് അദ്ദേഹത്തിന്റെ ശ്രമം. പക്ഷേ ആ യത്നത്തിന് ഗ്രന്ഥകാരന്റെ — നോവലെഴുത്തുകാരന്റെ — സര്‍വവിഷയജ്ഞാനത്തിനും കാഥികന്റെ (narrator) സവിശേഷതയാര്‍ന്ന വീക്ഷണഗതിക്കും സ്ഥാനമില്ലെന്നാണ് ബാസ്തൊസ് വി

ശ്വസിക്കുന്നത്. അതുകൊണ്ട് ഡിക്‍ടേറ്റര്‍, പ്രൈവറ്റ് സെക്രട്ടറിക്കും മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുക്കുന്ന പ്രസ്താവനങ്ങളുടെ സമാഹാരമായിട്ടാണ് ഈ നോവല്‍ രൂപം കൊണ്ടിട്ടുള്ളത്. ഇവിടെ ഒരു സംശയമുണ്ടാകാം. ഡിക്ടേറ്റര്‍, എഴുത്തുകാരന് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അയാളുടെ വീക്ഷണഗതികളും വികാരവിചാരണങ്ങളും മാത്രമല്ലേ വരികയുള്ളു. അപ്പോള്‍ അവയെ സത്യാത്മകങ്ങളായി കരുതാമോ? കരുതാന്‍ വയ്യ എന്നുതന്നെയാണ് ബാസ്തൊസിന്റെ മതം. നോവലില്‍ ഏകാധിപതി വാക്കുകളുടെയും അധിപതിയായി പ്രത്യക്ഷനാകുന്നു. താന്‍ സത്യമെന്ന് വിശ്വസിക്കുന്നതിനെ സ്വന്തം വാക്കുകളിലൂടെ ആവിഷ്കരിച്ചു ഫ്രാന്‍സിയ ചരിത്രം സൃഷ്ടിക്കുന്നു. ആ ചരിത്രത്തിന്റെ അധിപതിയായി അദ്ദേഹം മാറുന്നു. ഏകാധിപതി പറയുന്നു: In the beginning I did not write. I only dictated. Then I forgot what I had dictated. Now I must dictate, Write; note it down somewhere. That is the only way I have of proving that I still exist. (Page 43) — ആദ്യം ഞാന്‍ എഴുതിയില്ല. പറഞ്ഞുകൊടുത്തതേയുള്ളു. പിന്നീട് ഞാന്‍ പറഞ്ഞുകൊടുത്തതെന്തെന്ന് മറന്നുപോയി. ഇപ്പോള്‍ ഞാന്‍ പറഞ്ഞുകൊടുക്കണം, എഴുതണം. എവിടെയെങ്കിലും അതൊന്നു കുറിച്ചുവയ്ക്കു. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് തെളിയിക്കണമെങ്കില്‍ ആ മാര്‍ഗം മാത്രമേയുള്ളു ഇങ്ങനെയാണ് വാക്കുകള്‍ സ്വന്തമാക്കി, ഭാഷ സ്വന്തമാക്കി അദ്ദേഹം ചരിത്രം സ്വന്തമാക്കുന്നത്. അങ്ങനെ ചരിത്രത്തെ സ്വന്തമാക്കിയാല്‍, അയാള്‍ ഉദാരമതിയായ ഡിക്‍ടേറ്ററാണെങ്കിലും അതിന് മൂല്യമുണ്ടാകുമോ, സ്തായിത്വമുണ്ടാകുമോ? ഇല്ല എന്നാണ് നോവല്‍ തെളിയിക്കുന്നത്. ജനങ്ങള്‍കൂടി പങ്കാളികളായാലേ ഭരണകൂടം സത്യസന്ധവും നീതിപൂര്‍വകവുമാകൂ From now on the People itself will be the army; all men and women, all adults young people and children fit for service in the great Army of the fatherland (Page 373) — ഇവിടം തൊട്ട് ജനങ്ങളായിരിക്കും സൈന്യം. ജന്‍മഭൂമിയുടെ മഹാസൈന്യത്തില്‍ എല്ലാ പുരുഷന്മാരും സ്ത്രീകളും പ്രായം കൂടിയവരും ചെറുപ്പക്കാരും സേവനത്തിനു പറ്റിയ കുഞ്ഞുങ്ങളും ഉണ്ടായിരിക്കണം. ഡിക്‍ടേറ്റര്‍ വേറൊരു സന്ദര്‍ഭത്തില്‍ പറഞ്ഞു: വിപ്ളവം ഒരാളിന്റെ പ്രവൃത്തിയാണെന്നാണോ നിങ്ങളുടെ വിചാരം? രണ്ടോ അതിലധികമോ ആളുകള്‍വേണം. അപ്പോള്‍ മാത്രമേ സത്യം ഉദിക്കൂ. ഫ്രാന്‍സിയ ഇതു മനസിലാക്കാന്‍ വളരെ വൈകി. വൈകിയതുകൊണ്ടാണ് അദ്ദേഹത്തിന് ദുരന്തം സംഭവിച്ചത്.

മഹാന്‍മാരായ നോവലിസ്റ്റുകള്‍ തങ്ങളുടെ കാഴ്ചപാടിന് യോജിച്ച വിധത്തിലാണ് ഓരോ വാക്കും എഴുതുന്നത്. നോവല്‍ ആരംഭിക്കുമ്പോള്‍ ഭദ്രാസനപ്പള്ളിയുടെ വാതിലില്‍ ഇങ്ങനെയൊരു പരിഹാസ ലേഖം കണ്ടതായി പ്രസ്താവം:

റിപ്പബ്ളിക്കിന്റെ ഏകാധിപതിയായ ഞാന്‍ കല്‍പ്പിക്കുന്നു, എന്റെ മരണം സംഭവിക്കുമ്പോള്‍ തല ശവത്തില്‍ നിന്നു മുറിച്ചെടുക്കണം. അത് കമ്പിയില്‍കോര്‍ത്ത് മൂന്നുദിവസം വഴിയില്‍ വയ്ക്കണം. മണിനാദം കേള്‍പ്പിച്ച് ആളുകളെ വരുത്തി അത് കാണിക്കണം. എന്റെ സിവിലും മിലിറ്ററിയുമായ എല്ലാ ഉദ്യോഗസ്ഥരെയും തൂക്കിക്കൊല്ലണം. കോട്ടയ്ക്കുപുറത്ത് കുരിശോ സ്മാരകലേഖമോ ഇല്ലാതെ അവരുടെ മൃതദേഹങ്ങള്‍ പുല്‍ത്തകിടികളില്‍ കുഴിച്ചിടണം. മുന്‍പുപറഞ്ഞ കാലയളവിന്റെ അന്ത്യത്തില്‍ എന്റെ ശവം അഗ്‌നിക്കിരയാക്കണം. ചിതാഭസ്മം നദിയിലേക്ക് എറിയണം.

ഏകാധിപതിയുടേതായി പ്രദര്‍ശിക്കപ്പെട്ട ഈ അധിക്ഷേപലേഖത്തിന്റെ കര്‍ത്താവ് ആരെന്നറിയാനുള്ള തിടുക്കമാണ് ഫ്രാന്‍സിയക്ക്. ഈ ലേഖവും അതിനെ സംബന്ധിച്ചുള്ള തിടുക്കവും ഏകാധിപതിയുടെ അന്ത്യം ശുഭാവഹമല്ലെന്ന് പ്രഗല്ഭമായി സൂചിപ്പിക്കുന്നു. ‘ഈ തലമുറയ്ക്കുശേഷം വേറൊന്നുവരും. അത് ‘ഞാന്‍’ അല്ലെങ്കില്‍ ‘അവനാ’യിരിക്കും.’ എന്ന് പറഞ്ഞ് തന്റെ ഭരണത്തിന്റെ ക്ഷണികതയെ ഫ്രാന്‍സിയ വ്യക്തമാക്കിയെങ്കിലും കുറ്റക്കാരനെ അദ്ദേഹത്തിന് കണ്ടുപിടിച്ചേ മതിയാവൂ. താന്‍ പറഞ്ഞുകൊടുക്കുന്നതാകെ എഴിതിയെടുക്കുന്നവനോട് അത് കണ്ടുപിടിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അയാളെത്തന്നെ അദ്ദേഹം സംശയിക്കാതിരുന്നില്ലെങ്കിലും.

ഏകാധിപതിയുടെ ചോദ്യവും എഴുത്തുകാരന്റെ ഉത്തരവും എല്ലാം കൂട്ടിക്കുഴച്ചമട്ടിലാണ് നോവലിന്റെ രചന. ഒരു ഭാഗം ഉദ്ധരിക്കാം: How is the investigation of the cathedral pasquinade going? Have you identified the Hand? No, Excellency, thus far we haven’t had any luck. (Page 396) ആദ്യത്തെ വാക്യം, ഭദ്രാസനപ്പള്ളിയിലെ അധിക്ഷേപ ലേഖത്തെക്കുറിച്ചുള്ള അന്വേഷണമെങ്ങനെ?’ എന്നത് ഏകാധിപതിയുടെ ചോദ്യം. ‘ഇല്ല, പ്രഭോ, ഇതുവരെ നമുക്ക് ഭാഗ്യമൊന്നുമുണ്ടായില്ല’ എന്നത് എഴുത്തുകാരന്റെ മറുപടി. ഇങ്ങനെ അയാള്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഡിക്‍ടേറ്റര്‍ പറഞ്ഞുകൊടുത്തു: പേനയെടുക്കൂ. ഞാന്‍ പറഞ്ഞുതരാന്‍പോകുന്നത് എഴുതു. അത് ഉറപ്പിച്ച്പിടിച്ചുകൊള്ളു. നിനക്ക് കഴിയുന്നിടത്തോളം കഠിനമായി അമര്‍ത്തിക്കൊള്ളു.’ കടലാസ് കീറുന്നമട്ടില്‍ തേങ്ങലോടെ വീഴുന്ന വാക്കുകള്‍ ആ എഴുത്തുകാരനെ വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ളതാണ്. ഗവണ്‍മെന്റിനെ തകിടം മറിക്കാന്‍ ഉപജാപം നടത്തിയ അയാളെ തൂക്കിക്കൊല്ലണം. അവിടെ കുരിശുപാടില്ല. ഓര്‍മക്കുറിപ്പ് പാടില്ല. ഈ വിധി പ്രസ്താവിച്ചിട്ട് ഏകാധിപതി എഴുത്തുകാരനോട് ആജ്ഞാപിച്ചു: ’Hand me the papers. I am going to sign them right now’ — കടലാസ് ഇങ്ങുതരു. ഇപ്പോള്‍തന്നെ ഞാനവ ഒപ്പിടാന്‍ പോകുകയാണ്. എഴുത്തുകാരന്‍ കുറ്റം സമ്മതിച്ചു. ഒരപേക്ഷയേ അയാള്‍ക്കുള്ളു. ഏത് നല്ല ക്രിസ്ത്യാനിക്കുംവേണ്ട കുരിശ് ശവക്കുഴിയില്‍ വയ്ക്കാതിരിക്കരുത്. ഏകാധിപതി 1840 സെപ്തംബര്‍ ഇരുപതിന് മരിച്ചു. ഭരണം ഒരു മിലിറ്ററി സംഘത്തിന്റെ കൈയിലായി. എഴുത്തുകാരന്‍ തടവുമുറിയില്‍ തൂങ്ങിമരിച്ചു.

ഉദാശീലനായ ഏകാധിപതിയാണ് താനെങ്കിലും ഏതു മനുഷ്യന്റെയും ഭവിതവ്യതതന്നെയാണ് തന്റേതുമെന്നു ഫ്രാന്‍സിയ അറിഞ്ഞിരുന്നു. ‘നിങ്ങള്‍ എന്നെ തെരഞ്ഞെടുത്തു. നിങ്ങളുടെ ജീവിതത്തിന്റെ ഭവിതവ്യതയും ഗവണ്‍മെന്റ് എന്നെ ഏല്‍പ്പിച്ചു. നിങ്ങളുടെ നിദ്രാസ്വപ്നങ്ങളെയും ജാഗരസ്വപ്നങ്ങളെയും (രണ്ടും തമ്മില്‍ വ്യത്യാസമൊന്നുമില്ല.) സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുന്ന പരമാധികാരിയാണ് ഞാന്‍…സമയത്തിനുമുന്‍പ് പ്രഭാതത്തെ വിളിച്ചുണര്‍ത്താന്‍ അര്‍ധരാത്രിക്ക് കൂവുന്ന കോഴിയോ അധിക്ഷേപലേഖത്തിലെ കൈയക്ഷരം അന്വേഷിക്കുന്ന അജ്ഞനായ എഴുത്തുകാരനോ നിങ്ങളെഴുതിയതിലെ ഒരക്ഷരംപോലും വിശ്വസിക്കില്ല’ എന്നു പറഞ്ഞു സത്യം പ്രകടിപ്പിക്കാല്‍ കഴിവുള്ളവനായിരുന്നു ഫ്രാന്‍സിയ.

ഒരുദിവസം ഉച്ചയ്ക്ക് ഏകാധിപതി പുറത്തെവിടെയോ പോയിട്ട് പാര്‍പ്പിടത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആപ്പീസില്‍ ഒരു കറുത്ത രൂപമിരുന്ന് അദൃശ്യനായ എഴുത്തുകാരന് ചിലതു പറഞ്ഞുകൊടുക്കുന്നതായികണ്ടു. ആ രൂപത്തില്‍ ഫ്രാന്‍സിയ തന്നെത്തന്നെ കണ്ടു. അറുപത്തിയെട്ടു രാജ്യദ്രോഹികളെ സ്വേഛാധിപതി നേരത്തേ കൊന്നിരുന്നു. ആ അറുപത്തിയെട്ടുപേരും ഒരുമിച്ചു ചേര്‍ന്ന് ഒരു കറുത്ത രൂപമായി അദ്ദേഹത്തിന്റെ മുന്‍പില്‍ എത്തിയിരിക്കുകയാണ്. മതിവിഭ്രമം! അംഗരക്ഷകരേ എന്ന് സ്വേഛാധിപതി വിളിച്ചു പോയി.

ഇങ്ങനെ ക്രമേണ മോഹഭംഗം സംഭവിച്ചു സംഭവിച്ച് ഫ്രാന്‍സിയ തകര്‍ച്ചയിലേക്കുവീണു. ‘അവന്‍’ വരികയാണ്. അദ്ദേഹം ‘അവന്റെ’ വലിയനിഴല്‍ കണ്ടു. കാല്‍ പെരുമാറ്റത്തിന്റെ ശബ്ദം കേട്ടു. അതാ കോണിപ്പടികയറുന്നു ‘അവന്‍’. പടികള്‍ കുലുങ്ങുന്നു. സുനിശ്ചിതത്വത്തിന്റെയും അധികാരത്തിന്റെയും ആജ്ഞയുടെയും അടിവപ്പാണ്. ഏകാധിപതി പറഞ്ഞുകൊടുക്കുന്നത് പൂര്‍ണമാകാതെ നോവല്‍ അവസാനിക്കുന്നു.

ഈ നോവലിലൂടെ സ്വേഛാധിപത്യത്തിന്റെ — അത് ഔദാര്യമാര്‍ന്നതാണെങ്കില്‍ത്തന്നെയും — കെടുതികള്‍ ഞാന്‍ കണ്ടു. ജനശക്തിയുടെ തുമുലാരവം കേട്ടു. പ്രഭാവമാര്‍ന്ന വ്യക്തിനിര്‍മ്മിച്ച ചരിത്രത്തിന്റെ ഗോപുരം തകര്‍ന്നുവീഴുന്ന ശബ്ദം ഞാന്‍ ശ്രവിച്ചു. കലയുടെയും സാഹിത്യത്തിന്റെയും ഭാഷയുടെയും ഗഹനതത്ത്വങ്ങള്‍ ഗ്രഹിച്ചു. ഈ ശതാബ്ദത്തിലെ ഏറ്റവും മഹനീയമായ നോവലായി — കലാശില്‍പ്പമായി — ഞാനിതിനെ പരിഗണിക്കുന്നു.