close
Sayahna Sayahna
Search

ആധുനികതയുടെ ശബ്ദം


ആധുനികതയുടെ ശബ്ദം
KaruthaSalabhangal-01.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി കറുത്ത ശലഭങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1988
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 102 (ആദ്യ പതിപ്പ്)
ലൂയി ഫെര്‍ഡിനാങ്ങ് സെലീന്‍

“മനുഷ്യന്‍ തങ്ങളുടെ ഭവനങ്ങളില്‍ ചെന്നുകയറുന്നതുപോലെ ലൂയി ഫെര്‍ഡിനാങ്ങ് സെലീന്‍ മഹനീയമായ സാഹിത്യത്തിലേക്കു ചെന്നുകയറി.” ഫ്രഞ്ച് നോവലിസ്റ്റ് സെലീനെക്കൂറിച്ച് ഒരു ചിന്തകന്‍ പറഞ്ഞതാണിത്. (Louis Ferdinand Caline walked into great literature as other men walk into their own homes) സെലീന്റെ വിശ്വവിഖ്യാതങ്ങളായ രണ്ടു നോവലുകളാണ് Journey to the End of the Night, Death on Instalment Plan എന്നിവ. ഇവയില്‍ ആദ്യത്തെ നോവല്‍ വായിച്ചിട്ടാണ് ആ ചിന്തകന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അദ്ദേഹം മാത്രമല്ല വിശ്രുതന്‍മാരായ പല സാഹിത്യനിരൂപകന്‍മാരും ചിന്തകരും ഇമ്മട്ടില്‍തന്നെ ആ നോവലിനെ വാഴ്ത്തിയിട്ടുണ്ട്. ‘മാസ്റ്റര്‍ പീസ്’ എന്നും ‘യുഗനിര്‍മ്മാണ നോവല്‍’ എന്നും ഒക്കെയാണ് നിരൂപകര്‍ അതിനെ വിശേഷിപ്പിക്കുക. സമതുലിതാവ്സ്ഥ തെറ്റിച്ച് ഒരു വാക്കുപോലും ഇന്നുവരെ പറഞ്ഞിട്ടില്ലാത്ത ജോര്‍ജ്സ്റ്റെനര്‍ എന്ന വലിയ നിരൂപകന്‍ ഗുന്‍റര്‍ ഗ്രാസിന്റെയും വില്യം ബറോസിന്റെയും നോർമന്‍ മെയ്‌ലറുടെയും നോവലുകള്‍ സെലീന്റെ നോവലിനുശേഷമേ രചിക്കപ്പെടുകയുള്ളുവെന്നു അസന്ദിഗ്ദ്ധമായി രേഖപ്പെടുത്തിയിരിക്കുന്നു. (Increasingly, it does look as if the novels of Gunter Grass, of William Burroughs, and of Norman Mailer would not have been written without Celine’s precedent — Extra territorial peregrine Books Page 47, Paragraph 2.) വിശ്വപ്രശസ്തിയുള്ള ഈ നോവലിനെക്കുറിച്ചല്ല ഈ ഗ്രന്ഥകാരന്‍ പ്രധാനമായി ഉപന്യസിക്കുന്നത്. അതുകൊണ്ട് കഥയുടെ സംഗ്രഹം നല്കാതെ അതിന്റെ ബാഹ്യരേഖകള്‍ മാത്രമേ കാണിക്കുന്നുള്ളൂ. പാരീസിലെ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു കഥയിലെ നായകനായ ഫെര്‍ഡിനാങ്. അരാജകവാദിയായ അയാള്‍ ഒരുദിവസം ഒരു സൈനികോദ്യോഗസ്ഥനെ കണ്ടു. ആ പട്ടാളക്കാരനാല്‍ ആകര്‍ഷിക്കപ്പെട്ട് ഫെര്‍ഡിനാങ്ങ് സൈന്യത്തില്‍ ചേര്‍ന്നു. One is as innocent of Horror as one is of sex എന്നാന് അയാളുടെ വിചാരം. അതുകൊണ്ട് അരാജകവാദിയായ അയാള്‍ക്ക് പട്ടാളത്തില്‍ ചേരാന്‍ ഒരു പ്രയാസവുമുണ്ടായില്ല. സൈന്യത്തില്‍ ചേര്‍ന്നയുടന്‍ തന്നെ ഫെഡിനാങ് സമരമുഖത്തേക്ക് അയയ്ക്കപ്പെട്ടു. യുദ്ധത്തിന്റെ കെടുതികള്‍ അയാള്‍ കണ്ടു. യാന്ത്രികങ്ങളായ കൊലപാതകങ്ങള്‍ ദര്‍ശിച്ചു. മുറിവേറ്റ അയാള്‍ സൈന്യത്തില്‍ നിന്ന് നിഷ്കാസനംചെയ്യപ്പെട്ടു. ഫെര്‍ഡിനാങ് നേരെ പോയത് ഒരാഫ്രിക്കന്‍ കോളനിയിലേക്കാണ്. അവിടെ കുറേക്കാലം കഴിഞ്ഞുകൂടിയതിനുശേഷം അയാള്‍ തെറ്റായ മാര്‍ഗ്ഗത്തിലൂടെ അമേരിക്കയില്‍ചെന്ന് ഫോഡ് പ്ലാന്‍റില്‍ ജോലി സമ്പാദിച്ചു. അമേരിക്കന്‍ സ്ത്രീകളുടെ അദ്ഭുതാവഹമായ സൗന്ദര്യത്തെക്കുറിച്ച് അയാള്‍ക്കു അറിവുണ്ടായത് ആ രാജ്യത്തില്‍ വച്ചുതന്നെയാണ്. ആകൃതിസൗഭഗമുള്ള ഒരു വേശ്യയുടെ സുഹൃത്തായി അയാള്‍ അവിടെ താമസിച്ചു. പിന്നീട് ഫ്രാന്‍സില്‍ തിരിച്ചെത്തുകയാണ് ഫെര്‍ഡിനാങ്. ശാരീരികമായും മാനസികമായും രോഗാര്‍ത്തരായിബ്ഭവിച്ച ആളുകളെ ചികില്‍സിച്ചുകൊണ്ട് അയാള്‍ ജീവിതം തള്ളിനീക്കുകയാണ്. ജീവിതത്തിന്റെ യാമിനിയിലൂടെയുള്ള യാത്രയാണിത്. അപ്പോള്‍ യോഗ്യന്മാരെയും അയോഗ്യന്മാരേയും കാണും, ക്രൂരന്മാരേയും കാരുണ്യശാലികലേയും ദര്‍ശിക്കും. പക്ഷേ എല്ലാവരും ഒരളവില്‍ ഭ്രാന്തന്‍മാരാണ്: ഫെര്‍ഡിനാങ്ങിനെപ്പൊലെ ഉന്മാദമൂള്ളവര്‍.

ഗുന്‍റർ ഗ്രാസ്സ്

യുദ്ധം, കൊളോണിയലിസം ഇവയെ നിന്ദിക്കുകയാണ് സെലീന്‍. സംശയമില്ല. പക്ഷേ ആ നിന്ദനത്തെക്കാള്‍ വലിയ നിന്ദനം അദ്ദേഹം നിര്‍വഹിക്കുന്നത് മനുഷ്യന്റെ അസ്തിത്വത്തെ നോക്കിയാണ്. മനുഷ്യജീവിതം അതെത്ര നിസ്സാരം, അതെത്ര അര്‍ത്ഥരഹിതം എന്നാണ് സെലീന്റെ ഉദീരണം. ഫെര്‍ഡിനാങ്ങിന് ഉറക്കം വരുന്നില്ല. ലോകം അയാളെ പൊതിഞ്ഞ് സമ്മര്‍ദ്ദംചെലുത്തുകയാണ്. ആത്മഹത്യയേ മാര്‍ഗ്ഗമുള്ളു. പക്ഷേ ഇന്തുവാസനകൊണ്ട് — ജീവിച്ചിരിക്കാനുള്ള പ്രേരണകൊണ്ട് — അയാള്‍ ജീവിതം അവസാനിപ്പിക്കുന്നില്ലെന്നേയുള്ളു.

ഗുന്‍റർ ഗ്രാസ്സിന്റെയും ബറോസിന്റെയും നോര്‍മന്‍ മെയ്ലറുടെയും നോവലുകളുടെ അഗ്രഗാമിയാണ് സെലീന്റെ നോവലെന്ന് സ്റ്റെനര്‍ പറഞ്ഞതിന്റെ സത്യാത്മകത ഇപ്പോള്‍ വ്യക്തമായല്ലോ. ആ മൂന്നു നോവലിസ്റ്റുകളുടേയും കഥാപാത്രങ്ങള്‍ ജീവിതത്തിന്റെ നിരര്‍ത്ഥകത്വം കണ്ടറിഞ്ഞവരാണ്. ഗുന്‍റര്‍ ഗ്രാസ്സിന്റെ The Tin Drum എന്ന നോവലിലെ കഥാപാത്രം ഒസ്കാര്‍ ‘എസ്കലേറ്ററി’ല്‍ കയറി പൊലീസില്‍ നിന്നു രക്ഷ പ്രാപിക്കാന്‍ ശ്രമിക്കുന്നു.

ദി ടിൻ ഡ്രം എന്ന നോവലിന്റെ പുറം ചട്ട

ഏസ്കലേറ്റര്‍ (ചലിക്കുന്ന കോണിപ്പടികള്‍) ജീവിതത്തിന്റെ സിംബലാണ്. അതില്‍ കയറി നില്ക്കുന്നവന്റെ വിചാരത്തെ പരിഗണിക്കാതെ അതു നീങ്ങിക്കൊണ്ടിരിക്കുന്നു. അതു കൊണ്ടു ചെന്ന് ഒസ്കാറിനെ നിര്‍ത്തുന്നതോ പോലീസിന്റെ (മരണത്തിന്റെ) മുന്‍പില്‍. പക്ഷേ സാര്‍ത്രിന്റെ ‘ലനോസേ’ എന്ന നോവലിലെ പ്രധാന കഥാപാത്രത്തെ അദ്ദേഹം വിസ്മരിച്ചത് എന്തുകൊണ്ടാണ്? Absurd Existence — പൊരുത്തക്കേടുള്ള ജീവിതം — നേരിട്ടുകണ്ട കഥാപാത്രമാണ് അയാള്‍. സാര്‍ത്രിന്റെ ‘ലനോസേ’ക്കും പ്രചോദനമരുളിയത് സെലീന്റെ നോവലാണെന്ന് എനിക്കു തോന്നുന്നു. സാര്‍ത്രിന്റെ നോവല്‍ 1938-ലാണ് പ്രസിദ്ധപ്പെടുത്തിയത്. സെലീന്റെ നോവല്‍ അതിന് ആറു വര്‍ഷം മുമ്പും (1932-ല്‍).


മനുഷ്യജീവിതത്തിന്റെ ‘അബ്സേഡിറ്റി’യെ ചൊല്ലിയാണല്ലോ ആധുനിക മലയാളസാഹിത്യകാരന്മാര്‍ പരിവേദനം നടത്തുന്നത്. എന്നാല്‍ ഭൂതകാലത്തില്‍നിന്നും ലോകത്തോടുള്ള ബന്ധത്തില്‍നിന്നും സ്വന്തം ശരീരത്തില്‍നിന്നും മോചനം നേടാന്‍ ശ്രമിച്ച് ജീവിതം അര്‍ത്ഥരഹിതമാണെന്ന് ഉദ്ഘോഷിച്ച ഒരു കഥാപാത്രത്തെ മുപ്പതുകൊല്ലംമുന്‍പ് വൈക്കം മുഹമ്മദ് ബഷീര്‍ അവതരിപ്പിച്ചിട്ടുണ്ട് എന്ന വസ്തുത ഇവര്‍ ഓര്‍മ്മിക്കുന്നുണ്ടോ? ഇല്ലെന്നാണ് തോന്നുന്നത്. ഞാന്‍ ഉദ്ദശിക്കുന്നത് അദ്ദേഹത്തിന്റെ ‘ശബ്ദങ്ങള്‍’ എന്ന കൊച്ചുനോവലിലെ പ്രധാന കഥാപാത്രത്തെയാണ്. റോഡില്‍കിടന്ന ഒരു ചോരകുഞ്ഞിനെ ഒരു വൈദികന്‍ എടുത്തു വളര്‍ത്തുന്നു. അവന്‍ പ്രായമായപ്പോള്‍ പട്ടാളത്തില്‍ചേര്‍ന്നു. യുദ്ധം തീര്‍ന്നപ്പോള്‍ അയാളെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. നാട്ടില്‍ തിരിച്ചെത്തിയ അയാള്‍ വഞ്ചനയുടെ ഫലമായി ലൈംഗികരോഗം നേടുന്നു. അതിന്റെ ത്രീവ്രവേദനയും സഹിച്ച് നടന്ന അയാള്‍ ജീവിതത്തിന്റെ ഉന്മാദം നിറഞ്ഞ പല അവസ്ഥകളും കണ്ടു. അര്‍ത്ഥശൂന്യമായ ഈ ജീവിതം ഉപേക്ഷിക്കുകയാണ് നല്ലതെന്ന് വിചാരിച്ച ആ പാവം റയില്‍പാളത്തില്‍ തലവച്ചുകിടന്നു. പക്ഷേ ആത്മഹത്യയ്ക്കുള്ള ശ്രമം വിജയം പ്രാപിച്ചില്ല. തീവണ്ടി അയാളുടെ അടുത്തുള്ള മറ്റുരണ്ടു പാളത്തില്‍കൂടി ഇരച്ചുപോയി. അയാളുടെ കഥ കേട്ടുകൊണ്ടിരുന്ന സാഹിത്യകാരന്മാര്‍ ‘എന്നിട്ട്?’ എന്നു ചോദിക്കുമ്പോള്‍ കഥ അവസാനിക്കുന്നു.

ബഷീറിന്റെ കഥാപാത്രത്തിന് ഒന്നിനോടും വിരോധമില്ല. ചോരകുഞ്ഞായിരുന്ന തന്നെ നാലും കൂടുന്ന വഴിയില്‍ ഉപേക്ഷിച്ചുപോയ അമ്മയോട് അയാള്‍ക്ക് വെറുപ്പോ ദേഷ്യമോ ഇല്ല. തന്നെ വളര്‍ത്തിയവൈദികനോട് അയാള്‍ക്ക് സ്നേഹമില്ല. കൃതജ്ഞതയില്ല. യുദ്ധം തീര്‍ന്നപ്പോള്‍തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടവരോട് അയാള്‍ക്ക് കോപമില്ല. വൃത്തികെട്ടരോഗം നല്കിയവനോട് കാലുഷ്യമില്ല. വിശേഷിച്ചൊരു വികാരവും കൂടാതെ ജീവിതത്തിലെ ജുഗുപ്സാവഹങ്ങളായ രംഗങ്ങള്‍ അയാള്‍കാണുന്നു. ജീവിതം അവസാനിപ്പിക്കണമെന്ന് വിചാരിച്ചപ്പോഴും അയാള്‍ ഉത്കടവികാരത്തിന് വിധേയനായിരുന്നുവെന്നു പറയാന്‍വയ്യ. ബോധപൂര്‍വമായ അസ്തിത്വത്തില്‍ നിന്നു രക്ഷനേടാന്‍ വേണ്ടിയാണ് അയാള്‍ ഫെര്‍ഡിനാങ്ങിനെപ്പോലെ ഓരോ സംഭവത്തിലും ചെന്നുവീഴുന്നത്. അതൊക്കെ പരാജയപ്പെട്ടുവെന്നു കണ്ടപ്പോള്‍ പാളത്തില്‍ തലവെച്ചു. സാര്‍ത്രിന്റെയും ഗ്രാസ്സിന്റേയും കമ്യുവിന്റേയും കഥാപാത്രങ്ങള്‍ക്കുള്ള ‘മെറ്റഫിസിക്കല്‍ ആന്‍ഗ്യുഷ്’ (metaphysical angusish) ബഷീറിന്റെ കഥാപാത്രത്തിനില്ലെന്നു ഞാന്‍ സമ്മതിക്കുന്നു. എങ്കിലും അയാള്‍ ‘ഔട്ട് സൈഡര്‍’ — അന്യന്‍ — തന്നെ. സെലീന്റെ കഥാപാത്രത്തിനുള്ളതിനേക്കാള്‍ പ്രവാസബോധം ബഷീറിന്റെ കഥാപാത്രത്തിനുണ്ട്. “You get overwhelmed with the subject of your whole life when you live alone. It knocks you out. To get rid of it you scrape it off on the people who come to see you and it bores them” എന്നു പ്രഖ്യാപിക്കുന്നു ഫെര്‍ഡിനാങ്. ഈ രീതിയിലുള്ള പരദ്രോഹവാഞ്ച്ഛ ‘ശബ്ദങ്ങളി’ലെ പട്ടാളക്കാരന് ഇല്ലതന്നെ. Existence is a fallen fall… an imperfection, എന്ന് സാര്‍‌ത്ര് ‘ലനോസേ’യില്‍ പറഞ്ഞിട്ടുണ്ട്. ആ അധ:പതനത്തിനും പരിപൂര്‍ണ്ണതയില്ലായ്മയ്ക്കും നിദർശകമാണ് ഈ കഥാപാത്രം. മലയാള സാഹിത്യത്തിലെ ആദ്യത്തെ ‘എക്സിസ്റ്റെന്‍ഷ്യല്‍ ഔട്ട് സൈഡറാ’യി ഞാന്‍ ഈ കഥാപാത്രത്തെ കാണുന്നു.