close
Sayahna Sayahna
Search

ആസക്തിയുടെ അഗ്നിനാളങ്ങള്‍


ആസക്തിയുടെ അഗ്നിനാളങ്ങള്‍
EHK Novel 02.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ആസക്തിയുടെ അഗ്നിനാളങ്ങൾ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

ഇ ഹരികുമാര്‍


അദ്ധ്യായങ്ങള്‍


വഴിയമ്പലത്തിലെ പകൽക്കിനാവുകൾ — പ്രൊഫ. എം.കെ. സാനു

മലയാള ചെറുകഥയെക്കുറിച്ചുള്ള വിവരണങ്ങളിൽ ഇ. ഹരികുമാർ എന്ന പേര് പ്രത്യക്ഷപ്പെട്ടു കാണാറില്ല. ആ കഥകൾ വർഗ്ഗീകരണത്തിന് വഴങ്ങാത്തതു മൂലമാണോ അങ്ങനെ സംഭവിക്കുന്നത്? ആണെന്ന് തോന്നുന്നില്ല. വിവരണങ്ങളെഴുതുന്നവരാരും ഇക്കാലത്ത് വർഗ്ഗീകരണത്തിന് മുതിരാറില്ല. എങ്കിൽപ്പിന്നെ, പ്രകടമായ വ്യത്യസ്തതയോ നിറക്കൂട്ടോ ആ കഥകളിലില്ലെന്നുള്ളതായിരിക്കുമോ അതിനു കാരണം? നിശ്ചയമില്ല. ഇപ്രകാരം ആലോചിക്കാൻ നിൽക്കാതെ തുലോം നിസ്സാരമായ ഒരു വസ്തുതയിൽ ആ കാരണം കണ്ടെത്തുന്നതല്ലേ ഉചിതം? തന്റെ കഥയെക്കുറിച്ച് സ്വയം മേനി പറയാനോ, പബ്ലിസിറ്റിയുടെ അരങ്ങുകൾതോറും കയറിയിറങ്ങി സ്വയം പ്രദർശിപ്പിക്കാനോ ഇ. ഹരികുമാർ തുനിയുന്നില്ല എന്ന വസ്തുതയിൽ? ഒടുവിലത്തേതാണ് ശരിയായ കാരണമെന്ന് എനിക്ക് തോന്നുന്നു. വിമർശനത്തിന്റെ ഇപ്പോഴത്തെ സ്വഭാവം വച്ചുനോക്കുമ്പോൾ അങ്ങനെ തോന്നാതിരിക്കാൻ ഒരു ന്യായവുമില്ല. എങ്കിലും ഇ. ഹരികുമാറിന്റെ കഥകളിലെ ഒരു ഗുണത്തെക്കുറിച്ച് ഇവിടെ പ്രത്യേകം പരാമർശിക്കേ ണ്ടതുണ്ട്. ആ ഗുണത്തിന് കപടലാളിത്യം എന്ന പേര് ഞാൻ നൽകുന്നു. ഒറ്റനോട്ടത്തിൽ കണ്ണിൽപ്പെടാവുന്ന ബാഹ്യമോടികളോ, ഭാഷാപ്രായോഗവൈചിത്ര്യമോ അവയിലില്ല. സൂക്ഷ്മങ്ങൾക്കുമാത്രമേ ഉപരിതലത്തിലെ ലാളിത്യത്തിനടിയിലെ ആഴം ദർശിക്കാനാവുകയുള്ളൂ. ഈ ഗുണവിശേഷം വിശദമാക്കാനുപകരിക്കുന്ന ഒരു കഥയാണ് തൽക്കാലം എന്റെ മുമ്പിലിരിക്കുന്നത്. ഇക്കഴിഞ്ഞ വർഷം തൃശൂർ കറന്റ ് ബുക്‌സ് പ്രകാശിപ്പിച്ച ‘ആസക്തിയുടെ അഗ്നിനാളങ്ങൾ’ എന്ന നോവൽ. നേരേ നോക്കിയാൽ ആർക്കും എളുപ്പം വായിച്ചുപോകാൻ പറ്റുന്ന ആഖ്യാനലാളിത്യം കലർന്ന ഒരു കഥയാണിത്. പതിനേഴു ഭാഗങ്ങളായി അതു വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാംഭാഗം ഒരു ആശ്രമത്തെയാണ് അവതരിപ്പിക്കുന്നത്. വേലപ്പസ്വാമികളുടെ ആശ്രമം. അതു മലമുകളിലാണ്. വേലപ്പസ്വാമികളുടെ സമാധിക്കുശേഷം ഇപ്പോൾ ആനന്ദഗുരുവാണ് ആശ്രമാധിപൻ. ഇരുപതു കൊല്ലമായി ആനന്ദഗുരു ആ സ്ഥാനം ഏറ്റെടുത്തിട്ട്. ഗ്രാമവാസികൾ വിശേഷദിവസങ്ങളിലും തങ്ങളുടെ ജന്മനാളുകളിലും ആശ്രമത്തിലെത്തുന്നു, സമാധിമണ്ഡപത്തിലെ ഒറ്റക്കൽ വിളക്കിൽ എണ്ണ ഒഴിച്ച് അവർ തിരികൾ കത്തിക്കുന്നു. അപസ്മാരരോഗികൾ കൽവിളക്കിലെ കരി നെറ്റിയിൽ ചാർത്തി ഒഴിയാബാധകളെ അകറ്റുന്നു. ഏവരും ദേവതകളുടെ പ്രസാദം നേടുന്നു. ആശ്രമത്തിൽ വേലപ്പസ്വാമികളുടെ കാലത്ത് ചിലർ കണ്ട അത്ഭുതങ്ങളെപ്പറ്റി ഇപ്പോഴും ആളുകൾ പറഞ്ഞുപോരുന്നു. മനുഷ്യബുദ്ധിക്ക് മനസ്സിലാക്കാനാകാത്ത ശക്തിവിശേഷങ്ങൾ ആശ്രമാന്തരീക്ഷത്തിലുള്ളതായി അവരുടെ വിവരണം സൂചിപ്പിക്കുന്നു. ആകാശത്തിൽ പറന്നെത്തുന്ന പക്ഷികൾ പൊടുന്നനെ അപ്രത്യക്ഷമാകുന്നത് പലരും കണ്ടു. ഏതെങ്കിലും ദുരന്തത്തിന്റെ മുന്നോടിയായിരിക്കുമോ അത്?

പതിനേഴാം ഭാഗം (അവസാനഭാഗം) അവതരിപ്പിക്കുന്നത് ആശ്രമത്തിലെ ഹോമകുണ്ഡത്തെയും ആനന്ദഗുരുവിനെയും മാത്രമാണ്. ഹോമകുണ്ഡത്തിലെ തീജ്വാലകൾ എന്തോ പറയാൻ വെമ്പുന്നപോലെ കാണപ്പെട്ടു. അതിൽ നോക്കാൻ ഗുരു ഭയപ്പെട്ടു. ‘ജീവിതത്തിൽ രണ്ടാമതൊരു ദുരന്തത്തിന്റെ പീഡനം ഏറ്റുവാങ്ങാൻ തയ്യാറായി ഗുരു ഇരുന്നു’ എന്ന വാക്യത്തോടെ ആ ഹ്രസ്വമായഭാഗം അവസാനിക്കുന്നു. കഥയും… ആശ്രമത്തിനുള്ളിൽ കഥ ഒതുങ്ങുന്നു. ദുരന്തമെന്ന ആശയത്തിന് കഥയിലെങ്ങും സ്ഥാനമുണ്ടെന്ന് വായനക്കാരന് തോന്നാതിരിക്കില്ല. ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഹോമകുണ്ഡം രണ്ടു പ്രതീതികൾ ജനിപ്പിക്കുന്നു. ഒന്ന് ആത്മീയമാണ്. മറ്റൊന്ന്, മനസ്സിന്റെ സുക്ഷ്മതയിലെ പാപബോധമാണെന്നു പറയാം. അത് അഗ്നിജ്വാലകളെപ്പോലെ ഹൃദയത്തിൽ പോറലേൽപ്പിക്കുകയാണല്ലോ ചെയ്യുക, ദുരന്തമെന്ന വാക്ക് യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്നത് ഇപ്രകാരമൊരവസ്ഥയെ സംബന്ധിക്കുന്ന ആശയമാണ്. അവിടെ മരണത്തേക്കാൾ ഭയങ്കരമായിട്ടുള്ളത് ജീവിതം തുടരുക എന്നതാണ്.

അങ്ങനെയൊരവസ്ഥ കഥയിലുണ്ടോ? ഉണ്ടെന്ന് ഒരൊറ്റ വായനയിൽ തന്നെ നമുക്കു തോന്നും. നല്ലൊരു തറവാട്ടിലാണ് കഥാകൃത്ത് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. അതിൽ ഒരമ്മയും രണ്ട് ആൺമക്കളും. മൂത്ത മകനേക്കാൾ പത്തു വയസ്സിളപ്പമാണ് അനുജന്. അവർ കുട്ടിയായിരിക്കുമ്പോൾ അച്ഛൻ മരിച്ചു. അപ്പോൾ കൃഷികാര്യങ്ങളടക്ക മുള്ള തറവാട്ടുജോലികൾ ചെയ്യുന്നതിന് മൂത്തമകൻ ഗോപി, കോളേജ് വിദ്യാഭ്യാസം നിർത്തി. അനുജൻ വിനോദിനെ അയാൾ അച്ഛനെപ്പോലെ സംരക്ഷിച്ചു. പഠിക്കാൻ മിടുക്കനായ അവൻ ഇപ്പോൾ കോളേജിലാണ്. ഇതിനിടയ്ക്ക് ഗോപി വിവാഹം കഴിച്ചു. ഇരുപത്താറാം വയസ്സിൽ കല്യാണം കഴിച്ചത് വാസ്തവത്തിൽ ആ വലിയ വീട്ടിൽ പകൽമുഴുവൻ ഒറ്റയ്ക്കു കഴിയുന്ന അമ്മയ്ക്കു കൂട്ടിനുവേണ്ടിയായിരുന്നു എന്ന ഒറ്റവാക്യത്തിൽ കഥാകൃത്ത് ആ ദാമ്പത്യത്തിന്റെ സ്വഭാവമെന്തെന്ന് വിശദമാക്കിയിരിക്കുന്നു. ഭാര്യയായ സരളയെ അയാൾ അമ്മയ്ക്കു കൂട്ടിനുള്ള കുട്ടിയായിട്ടാണ് ഏറെയും കരുതിയത്. അവളുമായുള്ള ബന്ധത്തിന് ഒരനുഷ്ഠാനത്തിന്റെ നിർവ്വികാരസ്വഭാവമേ അയാൾ കൽപ്പിച്ചിട്ടുള്ളൂ. ഗോപിയുടെ സ്വഭാവവും അതിനുതകുന്നതുതന്നെ. വികാരത്തിന് അതിന് വലിയ സ്ഥാനമില്ല. എന്നാൽ സരളയുടെ സ്വഭാവത്തിൽ വികാരാംശമാണ് ഏറിനിൽക്കുന്നത്. വൈരുദ്ധ്യമുള്ളിടത്ത് ചുഴികൾ സൃഷ്ടിക്കുന്ന സന്ദർഭങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഭർത്താവായ ഗോപിയുടെ അനുജൻ വിനോദ് അവധി കാലത്ത് കോളേജിൽ നിന്ന് വീട്ടിലെത്തിയപ്പോൾ അങ്ങനെയൊരു സന്ദർഭം സൃഷ്ടിക്കാൻ സാഹചര്യം (അതോ വിധിയോ?) വിരുതുകാട്ടി. ഉച്ചയുറക്കത്തിന്റെ ആലസ്യം തീക്ഷ്ണമായ വെയിൽ, ഏകാന്തത, ജനലിലൂടെ ലഭ്യമാകുന്ന പ്രകൃതിയുടെ ഹരിതശോഭ എല്ലാത്തിനുപരി ഉള്ളിലെരിയുന്ന ആസക്തി ഈ സാഹചര്യ ത്തിൽ കൂട്ടിലിട്ട മൃഗത്തെപ്പോലെ അവൾ അസന്തുഷ്ടയായി തീർന്നതു സ്വാഭാവികം. ആ അസന്തുഷ്ടിയാണ് സരളയിലെ നൈസർക്ഷിക വികാരത്തെ അനിയന്ത്രിതമാക്കിയത്. ഭർത്താവിന്റെ അനുജനായ വിനോദുമായി ബന്ധപ്പെടാനും സാഹചര്യം ഇടനൽകി. ആ ബന്ധം ഏകകാലത്ത് ശാരീരികവും മാനസികവുമാണ്. അവരിരു വരെയും അതു ഒരേ രീതിയിൽ ബാധിക്കുക സാദ്ധ്യമല്ല. വിനു (വിനോദിനെ അങ്ങനെയാണ് സരള വിളിക്കുന്നത്) അവളോടു പറയുന്നു. ഏട്ടത്തിയമ്മ പോയിക്കഴിഞ്ഞാൽ ഞാൻ ശരിക്കും വിഷമിക്കുന്നുണ്ട്. ഞാൻ തേങ്ങിക്കരയാൻ തുടങ്ങും. ഏട്ടത്തിയമ്മ പോവുന്നത് ഏട്ടനോടൊപ്പം ശയിക്കാനാണെന്ന് അവനറിയുന്നു. നവയുവാവായ വിനുവിലെ സ്‌നേഹവികാരവും അസൂയയും ഉണരാതെ നിവൃത്തിയില്ല. എന്നാൽ സരളയ്ക്ക് ആ സങ്കീർണ്ണഭാവം അതിന്റെ തീക്ഷ്ണതയിൽ തിരിച്ചറിയുക സാദ്ധ്യമല്ല. തനിക്ക് രണ്ട് ഭർത്താക്കന്മാരുള്ളതായി താൻ കരുതിക്കൊള്ളാമെന്ന് ഒരിക്കൽ അവൾ വിനുവിനോട് നേരേ പറയുന്നുണ്ട്. അതിനാൽ സരളയ്ക്ക്… അനുതാപമൊന്നുമുണ്ടായിരുന്നില്ല.

വിനുവിന്റെ ആത്മഹത്യ ആ ബന്ധത്തിന്റെ അന്ത്യം കുറിച്ചു. അത് അവളെ പാപബോധത്തിലാഴ്ത്തി, എങ്കിലും ആ സാഹസത്തിന് അവനെ പ്രേരിപ്പിച്ചതെന്തെന്ന് ഊഹിക്കാൻ സരളയ്ക്ക് കഴിയുന്നില്ല. വർഷങ്ങൾക്കുശേഷം അവൾ മനസ്സിൽ ചോദിക്കുന്നു. വിനൂ നീ എന്തിനിതു ചെയ്തു? ഒരു തേങ്ങലായിട്ടാണ് ഈ ചോദ്യം സരളയുടെ മനസ്സിൽ ഉയരുന്നത്. ആനന്ദഗുരുവിന്റെ ആശ്രമത്തിൽ സന്യാസിനിയെപ്പോലെ കഴിയുന്ന കാലത്താണ് ഈ ചോദ്യമുയരുന്നതെന്ന് ഓർമ്മിക്കണം. അതെ, അനിർവ്വചനീയമായ അസ്വാസ്ഥത്തിന്റെ തിരകളിരമ്പുന്ന മനസ്സിന് അൽപ്പം സ്വസ്ഥത തേടി സരള ആശ്രമത്തിലേക്കു വന്നു. ദൈവനിശ്ചിതമെന്ന നിലയിലാണ് അവളവിടെ എത്തുന്നത്. കഥാഖ്യാനം തുടരുന്നതും ആ ദിക്കിൽ വച്ചാണ്. ആശ്രമത്തിലെ അതീതലോകങ്ങളെ അഭിവ്യഞ്ജിപ്പിക്കുന്നു. കാവിയുടുത്ത സന്യാസിമാർ, സന്യാസിനികൾ, ഹോമകുണ്ഡം, ധ്യാനം, ഭജന, ആശ്രമപരിസരത്തിലെ വഴികൾ, മരങ്ങൾ, ഏകാന്തമായ പാറക്കെട്ടുകൾക്കിടയിലെ വിശ്രമസ്ഥലം, നീരുറവകൾ — സർവ്വവും പരലോകത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. അവിടെ ഒരു തീർത്ഥത്തിന്റെ പേരുതന്നെ ‘പുനർജ്ജനീതീർത്ഥം’ എന്നാണ്.

ആശ്രമത്തിൽ സുനന്ദിനി എന്ന സന്യാസിനിയുടെ സാമീപ്യമുണ്ട്. ആനന്ദഗുരുവിന്റെ അനുഗ്രഹമുണ്ട്. ജ്ഞാനാനന്ദൻ എന്ന യുവസന്യാസിയുടെ സാമീപ്യമുണ്ട്. ഹോമകുണ്ഡവും അതിൽനിന്നുയരുന്ന ഗന്ധവും അതീതലോകത്തിന്റെ സാന്നിദ്ധ്യം അനുഭവിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സരളയ്ക്ക് ഇവിടെയും പൂർവകാലത്തിന്റെ ആവർത്തനമോ തുടർച്ചയോ? നിശ്ചയിക്കാനാവുന്നില്ല. പൂർവ്വജന്മത്തിന്റെ കർമ്മപാശം അനന്തരജന്മങ്ങളിലേക്ക് നീളുന്നതാണ് സംഭവങ്ങൾ സ്ഥിരീകരിക്കുന്നത്. ഇവിടെ ആശ്രമത്തിലെ ഈ പുതിയ ജന്മത്തിൽ, ആനന്ദഗുരു ഗോപിയേട്ടന്റെ സ്ഥാനത്ത് പ്രത്യക്ഷപ്പെടുന്നുവോ? ജ്ഞാനാനന്ദൻ വിനോദിന്റെ സ്ഥാനത്തും? അപ്രകാരമാണ് പല വിവരങ്ങളും സൂചന നൽകുന്നത്. ഒൻപതാം ഭാഗത്തിന്റെ അവസാനഖണ്ഡിക നോക്കുക. (ഗുരുവിന്റെ അവസ്ഥയാണ് ഇവിടെ വിവരിക്കുന്നത്.)

“സരളയുമായി സംസാരിക്കുമ്പോൾ യുഗങ്ങൾക്കപ്പുറം യാത്ര ചെയ്യുന്ന പ്രതീതി. സമയാധിഷ്ഠിതമായ ലോകം മറഞ്ഞുപോയി തലകീഴായ ഒരു തലത്തിലെത്തുന്നു. മിനിറ്റുകൾ മണിക്കൂറുകളും മണിക്കൂറുകൾ മിനിറ്റുകളുമാ കുന്നു. ഒരു നിമിഷം ഒരു യുഗമായി വലിച്ചുനീട്ടുന്ന തോന്നൽ.”

ജന്മാന്തരബന്ധത്തിന്റെ അദൃശ്യപാശം അവർ അകലാനോ അടുക്കാനോ അനുവദിക്കാതെ ബന്ധിക്കുന്നു. ജ്ഞാനാനന്ദനെ ഒരിക്കൽ സരള അബദ്ധത്തിൽ തെറ്റിവിളിക്കുന്നത് വിനൂ’എന്നാണ്. പക്ഷേ അവൾക്കു തെറ്റിയില്ല — ജ്ഞാനാനന്ദൻ പൂർവ്വാശ്രമത്തിൽ ‘വിനു’വായിരുന്നു. വിനുവും ജ്ഞാനാനന്ദനും തമ്മിലുള്ള സാദൃശ്യങ്ങൾ പലതും ഇപ്രകാരം വെളിപ്പെടുന്നു. അവ്യാഖ്യേയമായ സാദൃശ്യങ്ങളോട് യാദൃച്ഛികതകൾ ചേരുമ്പോൾ ആശ്രമത്തിന്റെ ഏകാന്തമായ വിശുദ്ധസ്ഥലം സരളയുടെയും ജ്ഞാനാനന്ദന്റെയും സംഗമവേദിയായി മാറുന്നു. ശാരീരികവും മാനസികവുമായ സംഗമം തന്നെ. സരളയും വിനുവും പണ്ട് ഇണങ്ങിച്ചേർന്ന കിടപ്പുമുറിയെ അത് അനുസ്മരിപ്പിക്കുന്നു. മറ്റൊരു ജന്മത്തിലെ കിടപ്പുമുറിയോ അത്? കഥാകൃത്തു നേരിട്ടു വിവരിക്കുന്നത് ആശ്രമത്തിലെ കഥയാണെന്നുള്ളത് കഥാശിൽപ്പവികാരത്തിൽ പ്രധാന്യമർഹിക്കുന്നു. കാര്യകാരണബന്ധത്തി നതീതമായ പലതും അതിലുണ്ട്. ഒറ്റക്കാളവണ്ടിയിൽ ദേവിക എന്ന സ്വാമിനിയോടൊപ്പമാണ് സരള അനുതാപ ഭാരവും പേറി ആശ്രമത്തിലെത്തുന്നത്. എന്നാൽ, ദേവികയുടെ സ്ഥാനത്ത് സുനന്ദിനിയെയാണ് തുടർന്നു കാണുന്നത്. ദേവിക എന്ന ഒരാളേ ഇല്ലത്രെ! ഒറ്റക്കാളവണ്ടിയിലാണ് ദേവികയോടൊപ്പം സരള അവിടെ എത്തിയത്. എന്നാൽ ആ പ്രദേശത്തെങ്ങും ഒറ്റക്കാളവണ്ടിയില്ലത്രെ! എന്തൊരു വിഭ്രാന്തി! ഇപ്രകാരം തുടക്കം മുതൽ നമ്മുടെ കാര്യകാരണ ബോധത്തെ തകർത്തുകൊണ്ടാണ് കഥാസംഭവങ്ങൾ നീങ്ങുന്നത്. കാലം അഥവാ സമയം ചിത്രീകൃതമായിരിക്കുന്നതും അപ്രകാരം തന്നെ. ഭൂതം, വർത്തമാനം, ഭാവി എന്ന ക്രമത്തിന് ഇവിടെ സ്ഥാനമില്ല. ഇപ്രകാരമൊരു ക്രമമേ കാലത്തിനില്ലെന്ന് ചില ഭാഗങ്ങൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. കാലം അനാദ്യന്തമാണ്; അതിൽ അതിർത്തികൾക്കെന്തു സ്ഥാനം? അനന്തമായ ആകാശത്തിനെതിരെ മേഘമാലകളെന്നോണം ലൗകിക ജീവിതം കാലത്തിൽ ചലിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ആകാശം കാലംപോലെ നിശ്ചലമാണ്.

പന്ത്രണ്ടാം ഭാഗത്തിൽ ഈ ആശയം വാച്യമായി പ്രത്യക്ഷപ്പെടുന്നതു കാണാം. ആനന്ദഗുരു പറയുന്നു. “നമുക്കു മുഴുവൻ മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത പ്രതിഭാസമാണ് സമയം. രണ്ടു സംഭവങ്ങൾക്കിടയിലെ കാലയളവിനെ നമ്മൾ സമയം എന്നു പറയുന്നു.” മനുഷ്യന്റെ ബോധമണ്ഡലത്തിനപ്പുറത്ത് എന്തൊക്കെയോ ഉണ്ട്’എന്ന പ്രതീതി കഥാശിൽപ്പത്തിലെങ്ങും ആധിപത്യം ചെലുത്തുന്നു. അദൃശ്യതയുടെ കരങ്ങൾ നമ്മുടെ ജീവിതങ്ങളെ, ചതുരംഗ പ്പലകയിലെ കരുക്കളെയെന്നപോലെ, അനുഭവങ്ങളുടെ കള്ളികളിലൂടെ ചലിപ്പിക്കുന്നതായി നാം അറിയുന്നു. എന്തിനുവേണ്ടി? അതിനുത്തരമില്ല. ദൈവേച്ഛയെപ്പറ്റി ആർക്കെന്തു പറയാൻ കഴിയും? ആശ്രമത്തിലെ സംഭവങ്ങളും സരളയുടെ സ്മരണകളും സമാന്തരമായി (ഏകകാലികങ്ങളായി) കഥയിൽ നീങ്ങുന്നു. എന്നാൽ സമാന്തരരേഖ കളിൽനിന്നു വിഭിന്നമായി അവ എപ്പോഴും പരസ്പരം ചേരുകയും, ഒന്ന് മറ്റൊന്നിന് ഹേതുവായി ഭവിക്കുകയും ചെയ്യുന്നു. ഇപ്രകാരമൊരു ശിൽപ്പഘടനയാണ് ഒരു സാധാരണ കഥയുടെ അവസ്ഥയിൽ നിന്നുയർത്തി ഈ കഥയ്ക്ക് സങ്കീർണ്ണശോഭ പ്രദാനം ചെയ്യുന്നത്. പച്ചയായ മനുഷ്യരുടെ മനസ്സുകളിലെ ആഴമായി വർത്തിക്കുന്ന ഐതിഹ്യം (ഗോത്രസ്മൃതികളുടെ ചൈതന്യമാണത്.) കഥാഗതിയുടെ നീളം അതിന്റെ ഭാസുരച്ഛായ കലർത്തുകയും ചെയ്യുന്നു.

‘ആസക്തിയുടെ അഗ്നിനാളങ്ങൾ’തീർച്ചയായും അസാധാരണലാവണ്യം തുളുമ്പുന്ന കഥയാണ്. ഭാഷ ലളിതമാണെങ്കിലും ആ ലാളിത്യത്തിൽ ഗഹനതയുടെ സാന്ദ്രതയുണ്ട്. അതിൽ കാവ്യബിംബങ്ങൾ സമുചിതമായി സ്ഥാനം നേടിയിരിക്കുന്നു. ഉദ്ദിഷ്ടഭാവം ഉദ്ദീപിപ്പിക്കുന്നതിൽ അവ വഹിക്കുന്ന പങ്ക് ചെറുതല്ല. കഥാരംഗങ്ങൾ ലൗകികവും അലൗകികവുമായി ഇടകലർന്നാണ് കാണപ്പെടുന്നത്. പുണ്യപാപങ്ങളുടെ വൈരുദ്ധ്യം പല രംഗങ്ങളെയും സംഘർഷഭരിതമാക്കുന്നു. ചെറിയ ചെറിയ കഥാഭാഗങ്ങൾ ഒന്നിടവിട്ട് വിഭിന്ന നാദങ്ങളുയർത്തുകയും, ആകത്തുകയിൽ ആ നാദവിശേഷങ്ങൾ ഒരേ ലയത്തിൽ അലിഞ്ഞു ചേരുകയും ചെയ്യുന്നതായി അനുവാചകർ ക്കനുഭവപ്പെടുന്നു. ആകെക്കൂടി ഒരു വാദ്യ സംഗീതത്തിന്റെ സ്വഭാവം ഈ കഥ അതിന്റെ സമഗ്രതയിൽ ഉൾക്കൊ ള്ളുന്നു എന്നു പറയാം. ഐഹികവും പാരത്രികവുമായ വിഭിന്നനാദങ്ങൾ ഒന്നായി ചേർന്ന് മനുഷ്യജന്മം എന്ന ദുരൂഹവിസ്മയത്തിലേക്ക് എത്തിനോക്കാനുള്ള ജാലകത്തിൽ നമ്മെ നയിക്കുന്നു.

നമ്പൂതിരിയുടെ രേഖാചിത്രങ്ങൾ ഭാവവ്യഞ്ജകം.


കുങ്കുമം വാരിക, 1.4.2001


(പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവിനോട് കടപ്പാട്.)