close
Sayahna Sayahna
Search

ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 04


ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 04
EHK Novel 02.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ആസക്തിയുടെ അഗ്നിനാളങ്ങൾ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

പുറത്തു കടന്നപ്പോഴാണ് ആശ്രമത്തിന്റെ വ്യാപ്തിയെപ്പറ്റി ബോധമുണ്ടായത്. കുന്നിന്റെ മേൽത്തട്ടിൽ മൂന്നു കെട്ടിടങ്ങൾ. അവ ഇഷ്ടികകൊണ്ടുണ്ടാക്കി വൈക്കോൽ മേഞ്ഞവയാണ്. പിന്നെ കുന്നിന്റെ മറ്റേ ഇറക്കത്തിൽ പല തട്ടുകളിലായി നിറയെ ചെറിയ പുരകൾ. അവ പനയോല മേഞ്ഞവയാണ്. മുകളിൽനിന്നു നോക്കുമ്പോൾ മരങ്ങൾക്കിടയിൽ ഓലക്കുടകളുടെ ഘോഷയാത്രപോലെ തോന്നി.

കല്ലു വെട്ടിയുണ്ടാക്കിയ ഒതുക്കുകൾ ഇറങ്ങി അവർ ഒരു വീട്ടിലേക്കു കടന്നു. കാവി സിമൻറിട്ട മിനുസമുള്ള നിലം വീട്ടുപകരണങ്ങളില്ലാതെ ഒഴിഞ്ഞുകിടന്നു. രണ്ടു ചെറിയ മുറികൾ; ഒരു മുറിയോടു ചേർന്നു കുളിമുറി.

‘ചേച്ചി ഇവിടെ ഇരിക്കൂ.’ സുനന്ദിനി പറഞ്ഞു: ‘ഞാൻ പോയി കിടക്കാനുള്ള ജമുക്കാളവും കുടിക്കാൻ വെള്ളവും കൊണ്ടുവരാം.’

സരള തനിച്ചായി. ഭജനത്തിനു സ്ത്രീകൾ ആരുമില്ലെന്നു തോന്നുന്നു. രാത്രി ഒറ്റയ്ക്ക് ഈ വീട്ടിൽ കഴിയേണ്ടിവരുമോ എന്ന ഭയമുണ്ടായി സരളയ്ക്ക്.

വിശാലമായ ജനലിലൂടെ അവൾ പുറത്തേക്കു നോക്കി. താഴെ മരങ്ങൾക്കിടയിൽ ചെറുചെറു വീടുകളെ ബന്ധിക്കുന്ന ചെമ്മൺപാതയിൽ കാവി വസ്ത്രമുടുത്തവർ നടക്കുന്നു. സന്ധ്യയുടെ നിഴലുകൾ വീണുതുടങ്ങി. ക്രമേണ സ്വന്തം മനസിലും ഓർമ്മയുടെ വേദനിപ്പിക്കുന്ന നിഴൽ വിരിക്കുന്നത് അവൾ അറിഞ്ഞു. പുറത്തുനിന്നു തണുത്ത കാറ്റ് കടന്നുവന്നു.

ഉച്ചയുറക്കത്തിന്റെ ആലസ്യം നേർത്തുവരുന്ന സായാഹ്നങ്ങളിൽ മുകളിലെ ഏകാന്തമായ ജനലിലൂടെ അവൾ പുറത്തേക്കു നോക്കിനിൽക്കാറുണ്ട്. പുറത്ത് ഒരദ്ഭുതലോകമായിരിക്കും. അപ്പോഴും തീക്ഷ്ണമായ വെയിൽ വയലിന്റെ പച്ചപ്പിനു മാറ്റുകൂട്ടും. പറമ്പിലെ മരങ്ങളുടെ ചില്ലകൾ കാറ്റിൽ ഉലയുന്നുണ്ടാകും പക്ഷികൾ ചിലയ്ക്കുന്നുണ്ടാവും. ജനലിന്റെ അഴികൾ പിടിച്ച്, കൂട്ടിലിട്ട മൃഗത്തെപ്പോലെ അവൾ അസന്തുഷ്ടയായി നിൽക്കും. അവൾക്കു വേണമെങ്കിൽ പുറത്തിറങ്ങാം. തൊടിയിൽ നടന്നു കാറ്റും വെയിലും ആസ്വദിക്കാം. രാവിലെ തേക്കുകഴിഞ്ഞ് അപ്പോഴും നനവു വിട്ടിട്ടില്ലാത്ത നീർച്ചാലുകളിൽ നഗ്നപാദയായി നടക്കാം. ചാലുകൾക്കിരുവശത്തും നനവുപടർന്ന മണ്ണിൽ സൂത്രത്തിൽ മുളച്ചുവരുന്ന ചെടികൾ നോക്കി നിൽക്കാം. ഇതെല്ലാം ആത്മഹർഷമുളവാക്കുന്നതാണ്. പക്ഷേ, എന്തോ ഒരു അനിർവചനീയ ശക്തി അവളെ പിടിച്ചുനിർത്തി. ഇത്ര അടുത്താണെങ്കിലും അപ്രാപ്യമായ ആ ലോകം അവളെ ദുഃഖിതയാക്കും.

ക്രമേണ അവളുടെ നോട്ടം സർപ്പക്കാവിലെത്തും. സൂര്യൻ മരങ്ങൾക്കിടയിൽ മറയുമ്പോഴേയ്ക്ക് നിഴലുകൾ കാവിൽ അവ്യക്ത രൂപങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരിക്കും. ആ നിഴലുകൾ അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത വേദന നിറയ്ക്കും. നോക്കിനിൽക്കെ ഭർത്താവ് വയലിന്റെ നടുവരമ്പിലൂടെ നടന്നുവരുന്നതു കാണും; അവൾ മരത്തിന്റെ കോണിയിൽ ശബ്ദമുണ്ടാക്കി ഇറങ്ങിവരും.

‘അമ്മേ, ഗോപിയേട്ടൻ വര്ണ്ണ്ട്. ചായയ്ക്കു വെള്ളം വെക്കട്ടെ.’

ഗോപിയേട്ടൻ വന്നാൽ ഉമ്മറത്തിണ്ണയിൽ കാത്തുനിൽക്കുന്ന സരളയുടെ കൈയിൽ നിന്നും തോർത്തും സോപ്പും വാങ്ങി നേരെ കുളത്തിലേക്കു പോകും. കുളിച്ചു വരുമ്പോഴേക്കു ചായയും പലഹാരങ്ങളും മേശമേൽ നിരത്തിയിട്ടുണ്ടാവും. പലഹാരപ്പണി അമ്മയുടെ വകയാണ്. ഉച്ചയ്ക്ക് ഉറക്കമില്ലാത്തതിനാൽ ഊണുകഴിഞ്ഞ് ഒന്നു നടുനിവർത്തിയശേഷം അമ്മ പലഹാരപ്പണി തുടങ്ങുന്നു.

ചായ കുടിച്ചുകൊണ്ടിരിക്കെ അയാൾ കൃഷിയുടെ വളർച്ചയെപറ്റി പറയും, അല്ലെങ്കിൽ പണിക്കാരുടെ പ്രശ്‌നങ്ങളെപ്പറ്റി. അടുത്തുള്ള കസേരയിലിരുന്ന് അതു ശ്രദ്ധിച്ചുകൊണ്ടു സരള ചായ കുടിക്കും. അവൾക്ക് അഭിപ്രായങ്ങളൊന്നുമുണ്ടാവില്ല. കല്യാണം കഴിഞ്ഞ് ആറു കൊല്ലമായിട്ടും അവൾക്കു ഭർത്താവിന്റെ ലോകത്തേക്കു മുഴുവനായി കടക്കാൻ പറ്റിയിട്ടില്ല.

അടുക്കളയിലും ഊൺമുറിയിലും നടന്നു ജോലിചെയ്തുകൊണ്ടിരിക്കെ അമ്മ മകൻ പറയുന്നതെല്ലാം ശ്രദ്ധിച്ചു കേൾക്കും, അഭിപ്രായം പറയും.

‘ചേച്ചി എന്താ സ്വപ്നം കാണ്വാണോ?’

സുനന്ദിനി സരളയെ സ്വപ്‌നാടത്തിൽ നിന്നുണർത്തി. അവൾ സ്വപ്നം കാണുകയായിരുന്നു; നഷ്ടപ്പെട്ട ലോകത്തെപ്പറ്റി. അതിനിടയ്ക്കു ചുറ്റുമുള്ള ലോകം കൺമുമ്പിൽനിന്നു മറഞ്ഞിരുന്നു. പുറത്തു മരങ്ങൾ ഇരുട്ടിന്റെ കൂമ്പാരങ്ങളായി മാറി.

സുനന്ദിനി കൈയിലുള്ള കെട്ട് നിലത്തിറക്കിവച്ചു. മറ്റെ കൈയിലുണ്ടായിരുന്ന കൂജയും ഗ്ലാസും മുറിയുടെ ഒരു മൂലയിൽ കൊണ്ടുപോയി വച്ചു.

‘കുടിക്കാനുള്ള വെള്ളം.’ സുനന്ദിനി പറഞ്ഞു: ‘ഭജനത്തിനു വേറെ സ്ത്രീകൾ വരുംവരെ ഞാൻ ചേച്ചിക്കു കൂട്ടുകിടക്കാം.’

രാത്രി കഞ്ഞിയായിരുന്നു ഭക്ഷണം. ഭക്ഷണശാലയിൽ ഒന്നിച്ചിരുന്നു ചെറുപയർ വേവിച്ചതു കൂട്ടി കഞ്ഞി കുടിക്കുമ്പോൾ സരള തലയുയർത്തിയില്ല. ചുറ്റും നിറയെ ആൾക്കാർ, മിക്കവാറും കാവിവസ്ത്രധാരികൾ. വെള്ളവസ്ത്രം ധരിച്ചതുകൊണ്ടും പുതുമുഖമായതുകൊണ്ടും താൻ ശ്രദ്ധിക്കപ്പെടുകയാണെന്ന ബോധം അവളെ വിഷമിപ്പിച്ചു.

ജമുക്കാളം വിരിച്ചു കിടക്കുമ്പോൾ സുനന്ദിനി ചോദിച്ചു:

‘എന്താ ചേച്ചീടെ ദുഃഖം? ചേച്ചി എപ്പോഴും ആലോചനയിലാണല്ലോ.’

സരള ഒന്നും പറയാതെ സുനന്ദിനിയുടെ അരക്കെട്ടിലൂടെ കൈയിട്ടു. അവൾ ആലോചിക്കുകയായിരുന്നില്ല. ആലോചിക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. അതിനിടയിൽ മനസ്സ് വഴുതിപ്പോകുന്നു. തെന്നിത്തെന്നി അതു നാട്ടിൻപുറത്തെ നാലുകെട്ടിലെത്തുന്നു. അതോടെ ഹൃദയം വിണ്ടുകീറുന്നു. ഒരു തേങ്ങലായി ഓർമ്മകൾ തള്ളിക്കയറുന്നു. അവൾ മനസിൽ ചോദിക്കുന്നു.

‘വിനോദ് നീ എന്തിനിതു ചെയ്തു?’

‘ചേച്ചീടെ വിഷമം എന്തായാലും ആനന്ദഗുരുവിനെ കണ്ടാൽ മാറിക്കിട്ടും.’ സുനന്ദിനി ആശ്വസിപ്പിച്ചു: ‘വെറുതെ ഗുരുവിന്റെ അടുത്തു കുറച്ചുനേരം ഇരുന്നാൽ മതി, നമ്മുടെ വെഷമം ഒക്കെ ഇല്ലാതാവും.’