close
Sayahna Sayahna
Search

ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 07


ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 07
EHK Novel 02.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ആസക്തിയുടെ അഗ്നിനാളങ്ങൾ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

ദേവിക ഒരദ്ഭുതമായിരിക്കുന്നു. ദേവിക വാസ്തവത്തിൽ ഉണ്ടായിരുന്നോ എന്നു കൂടി സരളയ്ക്കു സംശയമായി. ഗുരുവിന്റെ മുമ്പിൽനിന്ന് എഴുന്നേറ്റശേഷം അവളെ കണ്ടിട്ടില്ല. ഏറ്റവും അദ്ഭുതകരമായി തോന്നിയത് ആശ്രമത്തിലെ അന്തേവാസികൾക്കു ദേവികയെ അറിയില്ലെന്നതാണ്. പ്രഭാമയിദേവിയുടെ ആശ്രമത്തെപ്പറ്റി അവർ കേട്ടിട്ടുണ്ട്. പക്ഷേ, ആരും അവിടെനിന്ന് ഇങ്ങോട്ടു വരാറില്ല. വളരെമുമ്പ് എന്തൊക്കെയോ ബന്ധങ്ങളുണ്ടായിരുന്നുവത്രെ.

താൻ സ്വപ്നം കാണുകയായിരിക്കുമെന്നവൾ കരുതി. കുറച്ചുകാലമായി താൻ സ്വപ്‌നത്തിനും യാഥാർഥ്യത്തിനും ഇടയിലുള്ള ലോകത്താണ്. രണ്ടും തമ്മിൽ തിരിച്ചറിയാനാവുന്നില്ല. അവൾ ജനലിന്റെ അഴികൾ പിടിച്ചു പുറത്തേക്കു നോക്കി. മുമ്പിൽ സഹ്യൻ വളരെ അടുത്തായി തോന്നി. വൈകുന്നേരമാകുമ്പോഴേക്ക് അത് അകന്നകന്നു പോയി ദൂരെ മഞ്ഞിന്റെ മറകളിൽ ഒളിച്ചു.

മുറ്റത്തിനുചുറ്റും കെട്ടിയ മുള്ളുവേലിക്കപ്പുറത്തെ കാട്ടിൽ പൂക്കൾ പറിച്ചു നടക്കുന്ന ചെറുപ്പക്കാരനെ സരള കണ്ടു. പിൻവശമേ കാണാനുള്ളു. പെട്ടെന്ന് അവളുടെ ഹൃദയം ത്രസിച്ചു. വീണ്ടുവിചാരമില്ലാതെ അവൾ ഉറക്കെ വിളിച്ചു:

‘വിനൂ…’

വിളിച്ചയുടനെ അവൾക്കു വിഡ്ഢിത്തം മനസ്സിലായി. പെട്ടെന്നുണ്ടായതും അനിയന്ത്രിതവുമായ ഒരു വികാരത്തള്ളിച്ചയിൽ വിളിച്ചുപോയതാണ്. പുറത്തേക്കുവിട്ട വാക്ക് തിരിച്ചെടുക്കാനാവാതെ മുന്നോട്ടുതന്നെ യാത്ര ചെയ്തു. നിമിഷാർദ്ധത്തിൽ അയാൾ ആ വിളി കേൾക്കരുതേ എന്നവൾ പ്രാർത്ഥിച്ചു. പ്രാർത്ഥന വിഫലമായി. അയാൾ പൂവറുക്കുന്നതു നിർത്തി തിരിഞ്ഞുനോക്കി. ജനലിലൂടെ നോക്കുന്ന സരളയെ കണ്ടപ്പോൾ അയാൾ പൂക്കുട കൈയിലേന്തി വേലിക്കരികിലേക്കു വന്നു.

‘എന്താ, ചേച്ചീ, എന്നെ വിളിച്ചുവോ?’

രണ്ടാമത്തെ നടുക്കമുണ്ടായത് അപ്പോഴാണ്. ആ മുഖം. അതു വിനോദിന്റെ മുഖം തന്നെയായിരുന്നു. രണ്ടു മുഖങ്ങൾ തമ്മിൽ ഇത്ര സാദൃശ്യമോ? ജ്ഞാനാനന്ദനെ ഗുരുവിന്റെ ഒപ്പം സരള കണ്ടിട്ടുണ്ട്. ഈ സാദൃശ്യം പക്ഷേ, ശ്രദ്ധിക്കുകയുണ്ടായില്ല. ഇപ്പോൾ ഉദയസൂര്യന്റെ ഇളം ചുവപ്പു രശ്മികൾ അവന്റെ ഓമനമുഖത്തു പ്രസരിപ്പുണ്ടാക്കിയതാണോ കാരണം, അതോ അവനും വിനോദിനെപ്പോലെ ഇടത്തെ കൈകൊണ്ട് അനുസരണയില്ലാത്ത തലമുടി മാടിയതുകൊണ്ടാണോ? അറിയില്ല. ജ്ഞാനാനന്ദനു വിനോദിന്റെ ഛായ നല്ലവണ്ണം ഉണ്ടായി.

‘എന്തിനാ ചേച്ചി വിളിച്ചത്?’

‘ഞാൻ…’ സരള വാക്കുകൾക്കുവേണ്ടി തപ്പി: ‘ഞാൻ പൂക്കൾ പറിച്ചു തരട്ടെ? പൂജയ്ക്കുള്ള പൂക്കളല്ലേ?’

‘ഇന്നത്തേക്കുള്ള പൂക്കൾ കിട്ടി.’ ജ്ഞാനാനന്ദൻ പൂക്കുട ഉയർത്തി കാണിച്ചു: ‘നാളെ ചേച്ചി അറുത്തുകൊള്ളൂ. ഞാൻ ഗുരുവിനോടു പറയാം.’

‘ഗുരുവിനോടു പറയണ്ട.’ പെട്ടെന്നവൾ പറഞ്ഞു. പറഞ്ഞയുടനെ എന്തിനതു പറഞ്ഞുവെന്ന വേവലാതിയായി. താൻ ഒരു കുഴിയിൽനിന്നു വേറൊരു കുഴിയിലേക്കു പതിക്കുകയാണ്. ജ്ഞാനാനന്ദനെ കണ്ടു വിനോദാണെന്ന മതിഭ്രമത്തിൽ വിളിച്ചു. വിളിച്ചപ്പോൾ എന്തെങ്കിലും കാരണം പറയണ്ടേ എന്നു കരുതി പൂക്കളുടെ കാര്യം പറഞ്ഞു.

‘ഗുരുവിനോടു പറയാൻ മാത്രം പ്രധാനപ്പെട്ട കാര്യമൊന്നും ഞാൻ ചെയ്യാൻ പോണില്ല്യല്ലൊ.’ അവൾ ഭംഗിയാക്കാനായി ചിരിച്ചുകൊണ്ടുപറഞ്ഞു. ‘ഞാൻ പൂവറുത്തുതരാം, വിനൂ… അല്ല കുട്ടി അതു ഗുരുവിനു കൊടുത്താൽ മതി.’

ജ്ഞാനാനന്ദൻ ചിരിച്ചു. അവന്റെ മുഖം നിഷ്‌കളങ്കമായിരുന്നു. നേരിയ മീശയും താടിയും കിളർത്തുവരുന്നു. അവൻ ചിരിച്ചുകൊണ്ടു ചോദിച്ചു:

‘ചേച്ചീ, ആരാണു വിനു?’

സരള മറുപടി പറഞ്ഞില്ല.

ജ്ഞാനാനന്ദൻ പോയിക്കഴിഞ്ഞു കുറെനേരം അവൾ ജനലിനടുത്തു നിന്നു. വിനോദിന്റെ ഓർമ്മ അവളെ വേദനിപ്പിച്ചു. കണ്ണടച്ചുകൊണ്ടു തനിക്കു നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാൻ അവൾ ശ്രമിച്ചു.

തറവാടിന്റെ മുറ്റത്തുനിന്നു പടിപ്പുരയിലേക്കുള്ള വഴിയുടെ രണ്ടു വശത്തും രണ്ടടി ഉയരത്തിൽ അരമതിലുണ്ട്. ആ വഴിയിലൂടെ ഗോപിയേട്ടൻ നടന്നു പടിപ്പുരയുടെ പടികൾ കയറിയിറങ്ങിപ്പോവുന്നതു സരള ജനലിലൂടെ നോക്കിനിന്നു. ഒരു വളവു കഴിഞ്ഞാൽ പാടമായി. വരമ്പിലൂടെ ഗോപിയേട്ടൻ നടന്നുപോകുന്നതു കുറെ ദൂരം കാണാം. വെയിലിൽ വരമ്പിലൂടെ നടക്കുന്ന രൂപം അകലെ ഒരു കുത്തു മാത്രമായപ്പോൾ സരള കണ്ണുകൾ പിൻവലിച്ചു. ചുവരിലെ ക്ലോക്ക് മൂന്നടിച്ചു. കുതിച്ചുചാടിയ മനസിനെ നിയന്ത്രിക്കാൻ അവൾ ക്ലോക്കിന്റെ ആടുന്ന പെന്റുലം നോക്കി നിന്നു.

വിനോദ് എന്തുചെയ്യുകയായിരിക്കും? ഏതാനും നിമിഷം മുമ്പുവരെ അവന്റെ ശബ്ദങ്ങൾ കേട്ടിരുന്നു. കസേര വലിക്കുന്നതിന്റെയോ എന്തെങ്കിലും നിലത്തിടുന്നതിന്റെയോ ഒക്കെ ശബ്ദം. ഇപ്പോൾ ആ മുറി നിശബ്ദമാണ്. ഒരു പക്ഷേ, അവൻ ഉറക്കമായിട്ടുണ്ടാവും. രാത്രി വളരെ വൈകുംവരെ അവന്റെ മുറിയിൽ വെളിച്ചമുണ്ടായിരുന്നു. പരീക്ഷ തലയിൽ കയറിയ പഠിത്തമാണ്. ഗോപിയേട്ടന്റെ കൈകളിൽ കിടന്ന് ഉറക്കം വരാതെ ക്ലോക്കിന്റെ ടിക് ടിക് ശബ്ദം ശ്രദ്ധിച്ചുകൊണ്ടിരിക്കെ, ആ ശബ്ദത്തിന്റെ താളത്തിനതീതമായി അടുത്ത മുറിയിൽനിന്നു കേൾക്കുന്ന നേരിയ ശബ്ദങ്ങൾക്കായി അവൾ കാതോർത്തു. വിനോദിന്റെ മേശവിളക്കു പടിഞ്ഞാറെ മുറ്റത്തു മാവിൻചില്ലകളെ ദീപ്തമാക്കുന്നതു ജനലിലൂടെ കാണാം. അതും നോക്കി അവൾ കുറെ നേരം ഉറങ്ങാതെ കിടന്നു.

ഇന്നലെ രാവിലെയാണു വിനോദ് വന്നത്. വന്നയുടനെ അമ്മയുണ്ടാക്കിക്കൊടുത്ത ചായയും കുടിച്ചു മുകളിലേക്കു പോയി.

രാവിലെ ഗോപിയേട്ടൻ പോയതിനുശേഷമാണു സരള കുളിക്കാറ്. അവൾ തലയിൽ എണ്ണ തേച്ചു, താളി കൊഴുപ്പിച്ചു പാത്രത്തിലാക്കിയതും തിരുമ്പാനുള്ളതും എടുത്തു കുളത്തിലേക്കു പോയി. കുളപ്പുരയിലേക്കു കടന്നപ്പോഴാണു വിനോദ് കുളിക്കുകയാണെന്നു മനസിലായത്. വെള്ളത്തിലിറങ്ങിനിന്നുകൊണ്ട് അവൻ സോപ്പുതേക്കുന്നു.

ഭർതൃസഹോദരൻ കുളിക്കുന്നതു നോക്കിനിൽക്കുന്നതിലെ അനൗചിത്യമൊന്നും അവൾ ഓർത്തില്ല. ഒരു കുസൃതിക്കുട്ടിയുടെ മനസോടെ ശബ്ദമുണ്ടാക്കാതെ താളിക്കിണ്ണവും തിരുമ്പാനുള്ള വസ്ത്രങ്ങളും പടവിൽ വച്ച് അവൾ ഇരുന്നു. വിനോദ് കുളത്തിന്റെ ഭാഗത്തേക്കു നോക്കിനിൽക്കുകകാരണം അപകടം ഏട്ടത്തിയമ്മയുടെ രൂപത്തിൽ വന്നതു കണ്ടതുമില്ല. ഒറ്റത്തോർത്തുമുണ്ടുടുത്തതു നനഞ്ഞ് അവന്റെ നിറമുള്ള ചന്തിമേൽ ഒട്ടിനിൽക്കുന്നതവൾ നോക്കി. വിരിഞ്ഞ പുറത്തു നനുത്ത രോമങ്ങൾ പതിഞ്ഞുകിടക്കുന്നു. അവൾ പെട്ടെന്നു മോഹിതയായി.

സരള ശ്വാസം വിടാതെ ഇരുന്നു. അവൻ സോപ്പു തേക്കുകയാണ്. കൈകളിൽ, നെഞ്ചിൽ, കാലുകൾക്കിടയിൽ. അവസാനംമുഖത്തും തലയിലും സോപ്പു തേച്ചശേഷം നീന്താനായി വെള്ളത്തിലേക്കു ചാടി. മറുകരയെത്തിയപ്പോൾ അവൻ തിരിച്ചു നീന്തി. മലർന്നു നീന്തുക കാരണം അവൻ അപ്പോഴും സരളയെ കണ്ടില്ല. മലർന്നുകിടന്നു കുതിക്കുമ്പോൾ ഉയർന്നുവന്ന കാൽമുട്ടുകൾ ഭംഗിയുള്ളവയായിരുന്നു.

കരയ്‌ക്കെത്തി എഴുന്നേറ്റുനിന്നപ്പോഴാണു സരള മുകളിലെ പടവിൽ നോക്കിയിരിക്കുന്നതു കണ്ടത്. അവൻ വെള്ളത്തിലേക്കുതന്നെ ചാടി. കഴുത്തറ്റം വരെ വെള്ളത്തിൽ നിന്നു കൊണ്ടു ചോദിച്ചു.

‘ഏട്ടത്തിയമ്മ എപ്പോഴാ വന്നത്?’

‘കുറെ നേരമായി.’

വിനോദിന്റെ മുഖം നാണംകൊണ്ടു ചുവന്നു.

‘എന്തേ എന്നോടു പറയാതിരുന്നത്?’

‘എന്തിനാണ് പറയുന്നത്?’

‘ഏട്ടത്തിയമ്മ പോകൂ, ഞാൻ കുളിച്ചു കയറട്ടെ.’ അവൻ അപേക്ഷാസ്വരത്തിൽ പറഞ്ഞു.

‘നീ കുളിച്ചു കയറിക്കോ, ഞാനിവിടെത്തന്നെ ഇരിക്കും.’

‘ഏട്ടത്തിയമ്മേ പ്ലീസ്, ഒന്നു പോകൂ, ഞാൻ കുളിച്ചു കയറട്ടെ.’

വിനോദിനു ചിരിയും സങ്കടവും ഒന്നിച്ചുവന്നു.

സരളയുടെ മനസ്സിലും കണ്ണുകളിലും കുസൃതിയായിരുന്നു. അവൾ ചോദിച്ചു:

‘എന്നെ നീന്തൽ പഠിപ്പിച്ചു തര്വോ?’

‘ഉം’ അവൻ തമാശയായി പറഞ്ഞു ‘വെള്ളത്തിലേക്കു ചാടിക്കോളൂ.’

സരള എഴുന്നേറ്റു പടവുകൾ ഇറങ്ങാൻ തുടങ്ങി. ഏടത്തിയമ്മ കാര്യമായിട്ടുതന്നെയാണു പറയുന്നതെന്ന് അവനു തോന്നി. അവൻ വേഗം വെള്ളത്തിൽനിന്നു ചാടിക്കയറി അരയ്ക്കുമുമ്പിൽ കൈവച്ചു കുളപ്പുരയിൽ വസ്ത്രം മാറുന്ന മുറിയിലേക്ക് ഓടിപ്പോയി. സരള ഉറക്കെ ചിരിച്ചുകൊണ്ടു പടവുകൾ ഇറങ്ങി.

ഇപ്പോൾ അതെല്ലാം ഓർത്തോർത്ത് സരള ചിരിച്ചു. വിനോദ് അടുത്ത മുറിയിൽതന്നെയുണ്ടെന്ന ബോധം അവനെ സന്തോഷിപ്പിച്ചു. ഒരാകർഷണവലയത്തിൽ പെട്ടപോലെ അവൾ മുറിക്കു പുറത്തിറങ്ങി, തളത്തിലൂടെ നടന്നു. വിനോദിന്റെ മുറി ചാരിയിരുന്നില്ല. അവൾ വാതിൽപ്പടിമേൽ കാൽ വച്ചു കട്ടിളമേൽ കൈയൂന്നി അകത്തേക്കു നോക്കി.

വിനോദ് കിടക്കയിൽ മലർന്നു കിടക്കുകയാണ്. തുറന്ന പുസ്തകം മാറിൽ കമിഴ്ത്തിവച്ചിട്ടുണ്ട്. വായിച്ചുകൊണ്ടിരിക്കെ ഉറങ്ങിപ്പോയതാണ് പാവം. അവൾ അകത്തേക്കു കടക്കാനായി കാൽവച്ചു. പെട്ടെന്നുതന്നെ പിൻവലിക്കുകയും ചെയ്തു.

ഇന്നലെവരെയില്ലാതിരുന്ന ഒരു മതിൽക്കെട്ട് അവർക്കിടയിൽ ഉയർന്നുവന്നിരുന്നു. സദാചാരത്തിന്റേയും ആത്മനിയന്ത്രണത്തിന്റേയും അതിലംഘിക്കാൻ പാടില്ലാത്ത മതിൽ. ഇന്നലെ വരെ വിനോദിന്റെ മുറിയിൽ കടക്കാൻ അവൾക്കു യാതൊരു വിഷമവും ഉണ്ടായിരുന്നില്ല. അവളുടെ കല്യാണം കഴിഞ്ഞ കാലത്തു വിനോദ് ട്രൗസറിട്ടു നടക്കുകയായിരുന്നു. അവളുടെ കൺമുമ്പിൽ വച്ചാണവൻ വലുതായതും മുണ്ടുടുക്കാൻ തുടങ്ങിയതും. കോളജിൽ ചേർന്നപ്പോൾ പാന്റ്‌സ് ഇടാൻ തുടങ്ങി. സ്വന്തം അനുജനോടെന്ന പോലെയാണ് അവൾ പെരുമാറിയിരുന്നത്. പക്ഷേ ഇന്നലെ കുളക്കടവിൽ വച്ച് അവൾക്കു മാറ്റം വന്നു.

മുമ്പിലുള്ള മതിൽക്കെട്ട് എത്ര ശക്തമാണോ അത്രയുംതന്നെ ഇച്ഛാശക്തി അതു പൊളിച്ചുകളയാനും ഉണ്ടായി. അവൾ അകത്തു കടന്നു. ഒരു പുരുഷശരീരം ആദ്യമായികാണുന്ന കൗതുകത്തോടെ, അവൾ വിനോദിന്റെ ദേഹത്തു നോക്കി. മാറിലും കക്ഷത്തും നേരിയ കറുത്തരോമങ്ങൾ. മുഖത്തു കട്ടികുറഞ്ഞ മീശ. വയറിനുമീതെ വായിച്ചുകൊണ്ടിരുന്ന പുസ്തകം അവൾ എടുത്തുമാറ്റി. വിനോദ് കണ്ണ് പകുതി തുറന്നു.

‘ഏട്ടത്തിയമ്മയോ? എന്നെ നാലുമണിക്കു വിളിക്കണംകേട്ടോ, ചായയുണ്ടാക്കിയിട്ട്.’

അതും പറഞ്ഞ് അവൻ തിരിഞ്ഞു കിടന്നു. അതവൻ സാധാരണ ചെയ്യാറുള്ളതാണ്, പ്രത്യേകിച്ചും പരീക്ഷക്കാലത്തു പകൽ ഉറങ്ങുമ്പോൾ. അവൻ അപ്പോഴും കുട്ടിയായിരുന്നു. ശാന്തനായി സംഭവിക്കാൻ പോകുന്ന കാര്യങ്ങളെപ്പറ്റി ബോധമില്ലാതെഅവൻ കിടന്നുറങ്ങി.