close
Sayahna Sayahna
Search

ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 18



താലമെടുത്ത പെൺകുട്ടികൾ രണ്ടു വരിയായി നീങ്ങി. മുമ്പിൽ പഞ്ചവാദ്യമേളക്കാർ. അതിനും മുമ്പിൽ വിളക്കുപിടിച്ചു നടക്കുന്നവർക്കു മുമ്പിൽ ആനന്ദഗുരു നിന്നു. വെളിച്ചപ്പാട് വാളും ചിലമ്പും പിടിച്ച് ഉറഞ്ഞു.

‘സരള ഒരു സ്വപ്‌നാവസ്ഥയിലായിരുന്നു. പഞ്ചവാദ്യത്തിന്റെ മാസ്മരശബ്ദം, വെളിച്ചപ്പാടണിഞ്ഞ അരമണിയുടെയും ചിലമ്പിന്റെയും ശബ്ദം, എല്ലാംകൂടി അവളെ വിഭ്രാന്തിയുടെ ലോകത്തെത്തിച്ചു.

മലയിറങ്ങുമ്പോൾ താൻ വന്നിറങ്ങിയ സ്ഥലം അതേപോലെ കാണുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആശ്രമത്തിന്റെ പ്രധാന കവാടം കടന്നപ്പോഴേ അവൾക്കു വഴി തെറ്റിയ പ്രതീതിയുണ്ടായി. താൻ മൂന്നാഴ്ചയ്ക്കു മുമ്പു വന്നവഴി ഇതല്ല. അവൾ കയറിവന്ന വഴി വീതികുറഞ്ഞതായിരുന്നു. ഇപ്പോൾ ഇറങ്ങുന്ന വഴിയാകട്ടെ വീതിയുള്ളതും ഇടയ്ക്കിടയ്ക്കു വെട്ടുകല്ലുകൊണ്ടു പടികൾ തീർത്തതുമാണ്. അവൾ കാളവണ്ടിയിലിറങ്ങിയതാണെന്നു തോന്നിച്ച സമതലത്ത് ഒരു ഓട്ടോറിക്ഷ കിടന്നിരുന്നു. അവിടെനിന്നു താഴോട്ടു പോകുന്ന റോഡ് ടാറിട്ട് വീതികൂടിയതാണ്. അവൾ വന്ന വണ്ടിയുടെ ചക്രങ്ങൾ ഉരുണ്ടിരുന്നത് ചരലിട്ട നിരത്തിലൂടെയായിരുന്നു.ഇനി അന്വേഷിച്ചു പോകേണ്ട ആവശ്യമില്ലെന്നവൾക്കറിയാം. ഇപ്പോൾ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നം അവളുടെ അസ്തിത്വമായിരുന്നു. താൻ ആരാണെന്നല്ല, എന്തിന് എന്ന ചോദ്യം. അവൾക്കു ജ്ഞാനാനന്ദനെ കാണാൻ ധൃതിയായി. തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം അവന്റെ കയ്യിൽ മാത്രമേയുള്ളു എന്നവൾ വിശ്വസിച്ചു. ജ്ഞാനാനന്ദനെ താഴ്‌വരയിലെത്തിയശേഷം കണ്ടിട്ടില്ല. അവൾ ചുറ്റും നോക്കി. അവളുടെ കണ്ണുകൾ ആനന്ദഗുരുവിന്റെ കണ്ണുകളുമായി ഇടഞ്ഞു. നരകയറിയ പുരികത്തിന്റെ താഴെ പ്രാചീനമായൊരു പരിചയം അവളെ പെട്ടെന്നു ഭയപ്പെടുത്തി. അവൾ കണ്ണെടുത്തു.

കോമരം ഉറഞ്ഞുതുള്ളി. പഞ്ചവാദ്യം മുറുകി. ആൽച്ചുവട്ടിൽ കതിന പൊട്ടി.