close
Sayahna Sayahna
Search

ആ പാവം മിസ്സിസ്സ് സുരേഖ ഡോബ്‌ളെ


ആ പാവം മിസ്സിസ്സ് സുരേഖ ഡോബ്‌ളെ
EHK Story 13.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നഗരവാസിയായ ഒരു കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 58

നഴ്‌സിന്റെ മുഖം ദയനീയമായിരുന്നു. വയസ്സൻ പറഞ്ഞു.

‘സാരമില്ല മോളെ. നമുക്ക് ഒരിക്കൽക്കൂടി ശ്രമിക്കാം.’

രണ്ടു കൈയ്യിലുമായി അഞ്ചു സ്ഥലത്ത് സൂചികുത്തിയ പാടുകളിൽനിന്ന് അപ്പോഴും ചോര കിനിയുന്നുണ്ട്. പഞ്ഞിക്കഷ്ണംകൊണ്ട് ആ ചോര തുടച്ച് വേദന പുറത്തുകാട്ടാതെ അയാൾ പറഞ്ഞു.

‘തരൂ, ഞാനൊന്ന് ശ്രമിക്കട്ടെ. ഇത്ര വിഷമമില്ലാതെ എളുപ്പം കിട്ടാറുള്ളതാണ്.’

അവൾ മടിച്ചുകൊണ്ട് സിറിഞ്ച് അയാൾക്കുനേരെ നീട്ടി. അവളുടെ കൈ വിറക്കുന്നതയാൾ ശ്രദ്ധിച്ചു. ഇനിയും കുത്താൻ അവൾക്കു പേടിയുണ്ട്. കമ്പ്യൂട്ടറിനു മുമ്പിലിരുന്ന് റിപ്പോർട്ടും ബില്ലും തയ്യാറാക്കുന്ന മേരിയെ വേണമെങ്കിൽ വിളിക്കാം. അപ്പോൾ താൻ കുത്തിയ അഞ്ചു പാടുകളും അവൾ കാണും. അവൾ അതൊരു പ്രശ്‌നമാക്കുമോ എന്നൊന്നും അറിയില്ല.

സിറിഞ്ചെടുത്ത് ഒന്നു രണ്ടുപ്രാവശ്യം വെറുതെ പമ്പുചെയ്ത് പിസ്റ്റൺ തിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.

‘ഇതാ, ആദ്യം ഇങ്ങിനെ സിറിഞ്ച് കുറച്ചു ലൂസാക്കണം. അല്ലെങ്കിൽ ഒരു കൈകൊണ്ട് വലിച്ചെടുക്കാൻ പറ്റില്ല.’

ശരിയാണ്. ഇതൊക്കെ പഠിച്ചതുതന്നെയാണ്. പക്ഷെ ചെയ്യാൻ നേരത്ത് ഓർമ്മയുണ്ടാവില്ല. വയസ്സൻ വലതു കൈയ്യിൽ പിടിച്ച സിറിഞ്ച് ഞരമ്പിനു നേരെ കുത്തുന്നതവൾ നോക്കിനിന്നു. സിറിഞ്ചിലേയ്ക്ക് ചോര കിനിയാൻതുടങ്ങി.

‘കണ്ട്വോ, ഇനി മോള് അത് വലിച്ചെടുത്താൽ മതി.’

അവൾ ആവശ്യമുള്ള ചോര സിറിഞ്ചിലേയ്‌ക്കെടുത്തു. നഴ്‌സ് കൊടുത്ത പഞ്ഞി വെച്ചു കൈ മടക്കുമ്പോൾ അവൾ നേരത്തെ കുത്തിയ മുറിവുകളിൽനിന്ന് വന്ന നീറ്റം അയാളെ അലട്ടി.

‘വേദനണ്ടോ?’ മേരി ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പാക്കിയശേഷം അവൾ ചോദിച്ചു.

‘കുറേശ്ശെ, സാരംല്യ. എന്താണ് മോള്‌ടെ പേര്?’

‘ശ്യാമ.’ അവൾ നുണ പറഞ്ഞു. പറഞ്ഞ ഉടനെ അതു വേണ്ടിയിരുന്നില്ലെന്നു തോന്നി. സ്വയംരക്ഷയ്ക്കായി പറഞ്ഞതാണ്. ഈ സാധു മനുഷ്യൻ തന്നെ ഉപദ്രവിക്കാനൊന്നും പോകുന്നില്ല. ചില പേഷ്യന്റ്‌സ് ഉണ്ട്, എന്തെങ്കിലും നിസ്സാര കാര്യമുണ്ടായാൽ മതി ഹോസ്പിറ്റൽ സുപ്രണ്ടിനോടുപോയി കംപ്ലെയ്ന്റ് കൊടുക്കും. ജോലിതന്നെ പോയിക്കിട്ടും. നുണ പറയേണ്ടിയിരുന്നില്ല. ഇനി തിരുത്താൻ വയ്യ.

‘എപ്പഴാണ് റിപ്പോർട്ട് കിട്ടുക?’

‘സാറിന്റെ വയസ്സ്?’

‘എഴുപത്തിരണ്ട്.’

‘റിപ്പോർട്ട്?…’ അവൾ ധൃതിയിൽ മേരിയുടെ അടുത്തുപോയി ചോദിച്ചശേഷം തിരിച്ചുവന്ന് പറഞ്ഞു. ‘ഉച്ചയ്ക്ക് കിട്ടും. ഒരു മണിയ്ക്ക്. ഈ സ്ലിപ്പുംകൊണ്ടുപോയി കാഷ് കൗണ്ടറില് അറുപത്തഞ്ചു രൂപ അടയ്ക്കണം. ആ രസീതും കൊണ്ട് ആരെയെങ്കിലും പറഞ്ഞയച്ചാൽ മതി.’

‘എനിക്ക് ആരേം പറഞ്ഞയക്കാനില്ല. ഭാര്യടെ മുട്ടിന് വേദന കലശലാണ്. നടക്കാനൊക്കെ വിഷമാണ്. ഞാൻ തന്നെ വൈകുന്നേരം വന്ന് വാങ്ങിക്കൊള്ളാം.’

അയാൾ പോയി. വീട്ടിന്റെ ഉമ്മറത്തുതന്നെ ഭാനു കാത്തിരിക്കുന്നുണ്ടായിരുന്നു. താൻ പുറത്തിറങ്ങിയ നിമിഷംതൊട്ട് ഇരിക്കുന്നതായിരിക്കും, പടിക്കലേയ്ക്കു നോക്കി.

‘എന്തേത്ര നേരം വൈകീത്?’

‘നേരം വൈകീട്ടില്ലല്ലോന്റെ ഭാനു.’ അയാൾ കിതച്ചുകൊണ്ട് പറഞ്ഞു. ബസ്സിറങ്ങി കുറച്ചു ധൃതിയിൽ നടന്നതിന്റെയാണ് കിതപ്പ്. ഭാനു കാത്തിരിക്കുമെന്നറിയാം.

‘ഇങ്ങനെ പോയാൽ അടുത്ത അറ്റാക്ക് നിനക്കായിരിക്കും. എന്തിനാണ് ഇങ്ങനെ ടെൻഷൻ?’

‘നോക്കട്ടെ.’

ഭാനുമതി കൈപിടിച്ച് നോക്കുകയാണ്.

‘എന്റെ ദൈവമേ എന്താണീ കാണിച്ചുവച്ചിരിക്കണത്?’

അയാൾ നോക്കി. ആറു ചുവന്ന കുത്തുകൾ. ഓരോ കുത്തിനുചുറ്റും ചോര തൂവിപ്പോയി ചർമ്മത്തിന്നടിയിൽ ചോര പടർന്ന കറുപ്പുനിറം.

‘നിങ്ങളടെ കയ്യീന്ന് ചോര എട്ക്കാൻ ഇത്ര വെഷമൊന്നുംല്ല്യല്ലോ. ഞരമ്പ്കളൊക്കെ ഉയർന്ന് നിൽക്ക്ണ്ണ്ട്. ഇത്‌വരെ ഇങ്ങനെ പറ്റീട്ടില്ലല്ലോ. എന്താ പറ്റീത്?

‘സാരല്യ. എടയ്‌ക്കൊക്കെ അങ്ങനെ പറ്റും.’

‘ന്ന്ട്ട്? പോയി കമ്പ്‌ളെയ്ന്റ് ചെയ്യായിര്ന്നില്ലേ.’

‘സാരല്യ ഭാനു. എടയ്ക്ക് ഇങ്ങിന്യൊക്കെണ്ടാവും.’

ഭാനു ഒപ്പം വരാതിരിക്കുന്നതുകൊണ്ട് അങ്ങിനെ ഒരു നല്ല കാര്യമുണ്ടായിട്ടുണ്ട്. അധികം ആരോടും അടിപിടി കൂടേണ്ടി വരാറില്ല. എന്തിനും ഏതിനും സംഘർഷമുണ്ടാക്കിയാൽ ടെൻഷൻ കൂടുന്നത് തനിക്കാണ്. ക്യൂ തെറ്റിച്ച് ആരെങ്കിലും ഡോക്ടറുടെ മുറിയിലേയ്ക്ക് ഇരച്ചു കയറിയാൽ, കൗണ്ടറിൽ പിന്നിൽ നിൽക്കുന്ന സ്ത്രീ അവസാന നിമിഷം തനിക്കു മുമ്പായി കൗണ്ടറിനുള്ളിലേയ്ക്ക് കയ്യിട്ടു കാർഡ് കൊടുത്താൽ ഒക്കെ ഭാനുമതിയുടെ ധാർമ്മികരോഷം കത്തിയാളുന്നു. പിന്നെ ഉരച്ചിലാണ്. എന്നിട്ട് ഡോക്ടർ ബി.പി. നോക്കിയാൽ എന്താണിങ്ങനെ എന്ന മട്ടിൽ നോക്കുന്നു.

‘മരുന്നൊക്കെ കഴിക്ക്ണ്ണ്ടല്ലോ?’ എന്നൊരു ചോദ്യവും.

‘വരു, ഞാൻ കുറച്ച് ചൂടുവെള്ളം പിടിച്ചുതരാം.’ ഭാനു പറഞ്ഞു.

‘ഒന്നും വേണ്ടാന്നേയ്. രണ്ടീസം കഴിഞ്ഞാൽ അതങ്ങട്ട് പൊയ്‌ക്കോളും. ആസ്പിരിൻ കഴിക്കണതോണ്ടാണ് ഇങ്ങനെ ചോര കക്കണത്. അതിത്ര കാര്യാക്കാനൊന്നുംല്ല്യ.’

ഭാനു സംതൃപ്തയായില്ല.

അയാൾക്ക് എന്തുകൊണ്ടോ അമ്മയെ ഓർമ്മവന്നു. അമ്മ പറയാറുണ്ട്.

‘എല്ലാവരും മിടുക്കന്മാരും മിടുക്കികളും ആവണമെന്നില്ല. കുറച്ച് സാമർത്ഥ്യം കുറഞ്ഞവർക്കും ജീവിക്കണ്ടെ?’

ഒരിക്കൽ, കുട്ടിക്കാലത്താണ്. അനുജന്റെ അടുത്ത് അക്ഷമനായി അവനെ കുറേ ഉപദ്രവിച്ചു. എന്തോ ചെയ്യാൻ ഏല്പിച്ചതാണ്. അത് മുഴുമുപ്പിച്ചില്ലെന്ന കാരണം കൊണ്ടാണ് അവനെ അടിച്ചത്. അടി സഹിക്കവയ്യാതെ അവൻ കുറേ ദൂരം ഓടി, പറമ്പിൽ ഒരിടത്ത് തടഞ്ഞു വീഴുകയും ചെയ്തു. അവനെ എടുത്തു കൊണ്ടുവന്ന് ദേഹത്ത് മുറിഞ്ഞിടത്തൊക്കെ കഴുകി മരുന്നു വെയ്ക്കുമ്പോഴാണ് അമ്മ കണ്ടത്. വീഴാനുള്ള കാരണമറിഞ്ഞപ്പോൾ അവർ ഒന്നും പറയാതെ തിരിച്ചുപോയി. അമ്മ ശകാരിക്കാറില്ല. പക്ഷെ അമ്മയുടെ മൗനം വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു. പിന്നെ വൈകുന്നേരം വീണ്ടും അമ്മയുടെ നല്ല കുട്ടിയാവാനായി ജോലിയെടുക്കുന്നതിനിടയിൽ ചുറ്റിപ്പറ്റി നിന്നപ്പോൾ അമ്മ പറഞ്ഞു.

‘എല്ലാവരും നിന്നെപ്പോലെ മിടുക്കന്മാരാവണംന്നില്ല. ഒരു കൈയ്യിന്റെ അഞ്ചു വിരലും ഒരേ നീളാണോ? ക്ഷമിക്കുക, ക്ഷമയോടെ മറ്റുള്ളവർ നിന്റെ ഒപ്പമെത്താൻ കാത്തുനിൽക്കുക. സാമർത്ഥ്യം കുറഞ്ഞവർക്കും ജീവിക്കണ്ടെ.’

എന്നിട്ടെന്തുണ്ടായി? താൻ മാറിയോ? ജീവിതം മുഴുവൻ അക്ഷമനായി നടന്നു. ബോംബെയിൽ തന്റെ സ്റ്റെനോ ആയിരുന്ന സുരേഖ ഡോബ്‌ളെയെന്ന പെൺകുട്ടിയെ ഓർമ്മ വന്നു. അയാൾക്കവളെ ഇഷ്ടമുണ്ടായിരുന്നില്ല. കഴിവില്ലാത്ത ഒരാൾ, അതിന്റെ ഒപ്പം അഞ്ചു മാസം ഗർഭിണിയും. പറയുമ്പോൾ കല്യാണം കഴിഞ്ഞ് ആറു മാസം ആവുന്നേ ഉള്ളു. അതിനെപ്പറ്റി താൻ കുത്തിപ്പറയാത്ത ദിവസങ്ങളില്ല.

‘ജോലിള്ള പെൺകുട്ടികൾ കല്യാണം കഴിഞ്ഞ ഉടനെയൊന്നും കുട്ടികളെയുണ്ടാക്കില്ല. രാവിലെ വന്നാൽ നിങ്ങൾക്ക് മോണിങ് സിക്ക്‌നസ്സാണ്. അതു കഴിഞ്ഞാൽ വയ്യായയും. എന്റെ ജോലി ആരു ചെയ്യും? എനിക്ക് നാലു മണിയാവുമ്പോഴേയ്ക്ക് ഈ കത്തുകളൊക്കെ കിട്ടണം. എല്ലാം ഇന്ന് പോണ്ട കത്ത്കളാണ്. മനസ്സിലായോ?’

സുരേഖ ഒന്നും പറയാതെ ചിരിച്ചുകൊണ്ടിരിക്കും. അതൊരു മുഖംമൂടിയായിരുന്നു. ആ ചിരിയിൽ അവൾ സ്വന്തം നിസ്സഹായാവസ്ഥ ഒളിപ്പിച്ചു.

കത്തുകളിൽ നിറയെ തെറ്റുകൾ വന്നിരുന്നത് തിരുത്തേണ്ടിവരാറുണ്ട്. കത്തുകൾ ഭംഗിയായി തിരുത്തലുകളൊന്നും ഇല്ലാതെ അയക്കണമെന്ന ആഗ്രഹം നടപ്പില്ല. ആരാണ് നിന്നെ ഇന്റർവ്യു ചെയ്തത്? അയാൾ ചോദിക്കും. അവൾ ഒന്നും പറയാതെ ചിരിച്ചുകൊണ്ടിരിക്കും. ഒരിക്കൽ ഒരു പ്രധാനപ്പെട്ട കത്ത് അയക്കുമ്പോഴാണ് അതുണ്ടായത്. മൂന്നു പേജുള്ള ആ കത്തിൽ ഓരോ പേജിലും ചുരുങ്ങിയത് മൂന്ന് തെറ്റ് വീതം. എങ്ങിനെയാണ് അതയക്കുക. ഇന്നുതന്നെ അതയക്കണമെന്നുണ്ടായിരുന്നു. അവർ കത്തു കൊണ്ടുവന്നുതന്നത് നാലരയ്ക്ക്. ഇനി ഇത് വീണ്ടും ടൈപ്പുചെയ്ത് അയക്കാൻ പറ്റുമെന്നു തോന്നുന്നില്ല. തിരുത്തുകളോടെ അയയ്ക്കാമെന്ന് കരുതി. പക്ഷെ വായിച്ചുനോക്കുമ്പോൾ അതിന്റെ വൈരൂപ്യം അയാളെ കൂടുതൽക്കൂടുതൽ ദേഷ്യം പിടിപ്പിച്ചു.

‘മിസ്സിസ്സ് ഡോബ്‌ളെ’, അയാൾ ഒച്ചയിട്ടു. ‘ദിസ് ലെറ്ററീസ് ഏസ് അഗ്‌ളി ഏസ് യുവർ സ്‌നൗട്ട്.’

മുമ്പിലിരുന്നുകൊണ്ട് ചമ്മിയ ചിരി ചിരിച്ചുകൊണ്ടിരുന്ന ആ പെൺകുട്ടിയുടെ മുഖം പെട്ടെന്ന് ഇരുണ്ടു. അവൾ ഭംഗിയില്ലാത്ത കുട്ടിയായിരുന്നു. പക്ഷെ അവളുടെ സൗന്ദര്യത്തെ അയാൾ ഇതുവരെ ഇത്ര മോശമായി വിമർശിച്ചിട്ടില്ല.

‘ഞാൻ ഒരു കാര്യം പറയട്ടെ? എന്തുകൊണ്ട് നിങ്ങൾക്ക് ജോലി രാജിവച്ചു പോയി ഈ നരകയാതനയിൽനിന്ന് എന്നെ രക്ഷിച്ചുകൂടാ?’

ഒരു മിനുറ്റ് മുഖം കുനിച്ചിരുന്നശേഷം അവൾ പറഞ്ഞു.

‘സാറിന് വിഷമംണ്ടാക്കണതിന് മാപ്പ്. ജോലി ഉപേക്ഷിക്കാൻ പറ്റിയ സാഹചര്യല്ല എനിക്കുള്ളത് സർ. എന്റെ ഭർത്താവിന് അത്ര വലിയ ജോലിയൊന്നുമല്ല. എന്നേക്കാൾ കുറവാണ് കിട്ടണത്. ഇതൊരു യൂറോപ്യൻ കമ്പനിയായതോണ്ട് എനിയ്ക്ക് ഒരുമാതിരി ശംബളം കിട്ട്ണ്ണ്ട്. മറ്റു കമ്പനികളില് പോയാൽ ഈ ശംബളൊന്നും കിട്ടില്ല സർ. രണ്ടുപേര്ടീം വരായ കൂടീട്ട്തന്നെ ജീവിക്കാൻ വിഷമാണ്. ഇനിപ്പൊ ഒരു കുട്ടീംകൂടിണ്ടായാൽ ചെലവും കൂടും. രണ്ടുമൂന്ന്മാസം കഴിഞ്ഞാൽ എനിയ്ക്ക് മൂന്നുമാസം ശംബളത്തോടുകൂടി ലീവുകിട്ടും. ഇപ്പൊ രാജിവച്ചാൽ ആ ആനുകൂല്യൊക്കെ പോവും. ഞാൻ ഈ കത്ത് റീടൈപ്പ് ചെയ്യാം.’

അയാൾ വാച്ചുനോക്കി. സമയം നാലേമുക്കാൽ. ഈ കത്ത് മാറ്റിയടിക്കണമെങ്കിൽ ചുരുങ്ങിയത് ഒന്നരമണിക്കൂറെടുക്കും. പക്ഷെ എങ്ങിനെയാണ് ഈ നിലയിൽ ആ കത്ത് അയയ്ക്കുക?

‘ഒരു കാര്യം ചെയ്യു. നാളെ രാവിലെ വന്ന ഉടനെ കത്ത് റീടൈപ് ചെയ്യു. ഞാൻ പുറത്തുപോകുന്നതിനുമുമ്പ് ഒപ്പിട്ടയക്കാം.’

‘സർ, നാളെ ലീവ് വേണം. എനിക്ക് ആസ്പത്രീല് ചെക്കപ്പിനു പോണം. ഞാൻ ലീവ് വേണംന്ന് സാറിനോട് പറയാൻ പോവ്വായിരുന്നു.’

‘അങ്ങിനെയാണെങ്കിൽ ഇന്ന് തന്നെ കത്ത് തീർത്തിട്ട് പോയാമതി. നാളെ ഞാൻ പുറത്തുപോകുന്നതിനുമുമ്പ് ഒപ്പിട്ട് അനിലിന്റെ കയ്യിൽ കൊടുക്കാം. കത്ത് എന്റെ മേശപ്പുറത്ത് വെച്ചാൽ മതി.’

വാടിയ മുഖത്തോടെ തിരുത്തിയ കത്തുമെടുത്ത് അവൾ പോകുമ്പോൾ അയാൾ അവജ്ഞയോടെ പറഞ്ഞു. ‘ശവം!’

അവൾക്കതിന്റെ അർത്ഥം മനസ്സിലായിരുന്നില്ല. ഒരു ശാപവചനമാണെന്നുമാത്രം മനസ്സിലാക്കിയിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് തന്റെ ബോസ്സിന്റെ വായിൽനിന്ന് വരാറുള്ള വാക്കാണ്.

അഞ്ചുമണിയ്ക്ക് ബ്രീഫ്‌കേസുമെടുത്ത് പോകുമ്പോൾ സുരേഖ കുനിഞ്ഞിരുന്ന് ടൈപ്പ് ചെയ്യുന്നത് അയാൾ കണ്ടു.

പിറ്റേന്ന് രാവിലെ ഓഫീസിൽ വന്നപ്പോഴാണ് അയാളറിഞ്ഞത് ആ പാവം പെൺകുട്ടി ജോലി ചെയ്തുകൊണ്ടിരിക്കെ ബോധംകെട്ടു വീണു എന്ന്. സമയം ആറുമണി കഴിഞ്ഞിരുന്നു. അവൾ വൈകുന്നേരം ഒന്നും കഴിക്കാതെയാണ് ഓവർടൈം ചെയ്തത്. അതുകൊണ്ടായിരിക്കണമെന്ന് പ്യൂൺ അനിൽ പറഞ്ഞു. ഭാഗ്യത്തിന് ഓവർടൈം ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ സഹായത്തിനെത്തി. അയാൾ അവളെ വീട്ടിലെത്തിച്ചു. അവൾ പറഞ്ഞതുകൊണ്ടായിരിക്കണം ആ ചെറുപ്പക്കാരൻ തിരിച്ചുവന്ന് ആ കത്ത് മുഴുമിച്ച് തന്റെ മേശപ്പുറത്തു കൊണ്ടുവന്നു വച്ചുവത്രെ. അവൾ ആ നിലയിലും ആ കത്തിനെപ്പറ്റിയാണ് വേവലാതിപ്പെട്ടിരുന്നത്.

അതയാളിൽ എന്തോ ചലനമുണ്ടാക്കി. അഞ്ചു മാസം ഗർഭമുള്ള ഒരു പെൺകുട്ടി. പിറ്റേന്ന് രാവിലെ തന്റെ ചേമ്പറിലേയ്ക്ക് നടക്കുമ്പോൾ അയാൾ നോക്കി. ഉണ്ട്, സുരേഖ വന്നിട്ടുണ്ട്. അവർ കുനിഞ്ഞിരുന്ന് എന്തോ ടൈപ്പ് ചെയ്യുകയാണ്. അയാൾ മുറിയിൽ കടന്ന് റിവോൾവിങ് ചെയറിൽ ഇരുന്ന് മേശവലിപ്പുതുറന്ന് ചില കടലാസ്സുകൾ എടുത്ത് നിവർന്ന് നോക്കിയത് സുരേഖയുടെ മുഖത്താണ്.

‘മോണിങ് സർ.’

‘മോണിങ്.’

‘സർ, ഞാൻ ഗുഡ്‌ബൈ പറയാൻ വന്നതാണ്.’

‘ഇത്ര നേരത്തെ ലീവിൽ പോവ്വാണോ?’

‘അല്ല സർ ഞാൻ ജോലി രാജിവച്ചു.’

‘ജോലി രാജി വയ്‌ക്ക്യേ, എന്തിന്?’

‘ഇവിടെ ശരിയാവില്ല സർ. ഇതൊരു വലിയ യൂറോപ്യൻ കമ്പനിയാണ്. ഞാനിവിടെ ഒരു മിസ്ഫിറ്റാണ്. ഇവിടുത്തെ നിലവാരംവച്ച് എനിക്കു ജോലിയെടുക്കാൻ വിഷമമുണ്ട്. ഞാൻ സാറിനെ കുറ്റപ്പെടുത്തുന്നില്ല.’

അയാൾ കുറച്ചുനേരം സ്തബ്ധനായി ഇരുന്നു. ദേഹത്തെവിടെയോ മുറിഞ്ഞപോലെ നീറ്റം. ചോര പൊടിയുകയാണ്. അയാൾ പറഞ്ഞു.

‘ഇരിക്കൂ.’

അവൾ അയാൾക്കെതിരെ ഇരുന്നു. മുഖത്ത് സാധാരണ മട്ടിൽ ചിരിയുണ്ട്. എനിക്ക് സാറിനോട് ദേഷ്യമൊന്നുമില്ലെന്ന മട്ടിൽ. മറ്റാരാണെങ്കിലും നാലു വാചകമടിച്ച് തന്നെ ഇരുത്തിയ ശേഷമേ പുറത്തിറങ്ങു. ഇവളുടെ മുഖത്തെ ചിരി പക്ഷെ കൊല്ലുന്നതായിരുന്നു.

‘മിനിഞ്ഞാന്ന് വൈകീട്ട് എനിക്ക് കുറച്ചു വിഷമമായി. ചായ കുടിയ്ക്കാത്തതുകൊണ്ടായിരിക്കണം. ഇന്നലെ ചെക്കപ്പിനു പോയിരുന്നു. കുഴപ്പമൊന്നുമില്ലന്നാണ് ഡോക്ടർ പറഞ്ഞത്. സാറെന്നോട് ഇത്രയും കാലം ക്ഷമിച്ചതിൽ നന്ദിണ്ട്. പിന്നെ സാറ് വിളിക്കാറില്ലേ ശവംന്ന്. ഇന്നലെ ഞാൻ അട്ത്ത് തന്നെള്ള ഒരു മലയാളിഫാമിലിണ്ട്, അവരോട് ചോദിച്ചു അതിന്റെ അർത്ഥം എന്താണ്ന്ന്. എന്തിനാണ് സാറ് ഇങ്ങിനെ കടുത്ത വാക്കൊക്കെ ഉപയോഗിക്കണത്. സാറിന് വല്ലാതെ ദേഷ്യം പിടിച്ചിട്ടായിരിക്കും അല്ലെ. സാരല്യ.’

അയാൾക്ക് ഒന്നും പറയാനില്ല.

‘ഞാൻ പോട്ടെ സാർ.’ അവൾ എഴുന്നേറ്റു.

‘നോക്കു.’ അയാൾ പറഞ്ഞു. ‘നിങ്ങൾ രാജി വയ്‌ക്കേണ്ട ആവശ്യമൊന്നുംല്ല്യ. ഇങ്ങിനെയൊക്ക അങ്ങ് നടക്കും.’

‘വേണ്ട സർ. ഐ വിൽബി എ പെയ്ൻ ഇൻ യുവർ നെക്ക്. ഞാൻ സെക്രട്ടറിയ്ക്ക് രാജിക്കത്ത് കൊടുത്തു. ഒരു സർട്ടിഫിക്കറ്റ് അടിച്ചുകൊടുക്കാൻ പറഞ്ഞത് കൊടുത്തിട്ടിട്ട്ണ്ട്. അതും വാങ്ങി ഞാൻ പോവ്വാണ്. അതോണ്ട് കാര്യണ്ടോന്നൊന്നും അറിയില്ല. ഇന്റർവ്യൂന്റെ സമയത്ത് ഇത്ര നല്ല കമ്പനീന്ന് രാജിവച്ചതെന്തിനാന്ന് ചോദിച്ചാൽ എന്താ പറയ്യാന്നറിയില്ല. സാരല്യ. സാറിനെ വിഷമിപ്പിച്ചതിന് മാപ്പു തരണം.’

അവൾ എഴുന്നേറ്റു. അയാൾ ആ ഇരിപ്പിൽ കുറേ നേരം ഇരുന്നു. പിന്നെ പുറത്തിറങ്ങിയപ്പോഴേയ്ക്ക് സുരേഖ പോയിരുന്നു.

ഭാനുമതി ചായയുമായി വന്നപ്പോൾ ചോദിച്ചു.

‘എന്താ മുഖൊക്കെ വല്ലാണ്ടിരിക്കണത്?’

അയാൾ വർഷങ്ങളുടെ ദൂരം താണ്ടി തിരിച്ചുവന്നു.

‘ചായ കുടിയ്ക്കൂ.’

അയാൾ ചായക്കപ്പെടുത്തു.

‘ഞാൻ കുറെയധികം പേരെ എന്റെ സ്വഭാവഗുണംകൊണ്ട് ഉപദ്രവിച്ചിട്ടുണ്ട്.’ അയാൾ പറഞ്ഞു. ‘ഇനി അതിനുദ്ദേശ്യംല്ല്യ. സാമർത്ഥ്യം കുറഞ്ഞവരും എങ്ങിനെയെങ്കിലും ജീവിച്ചുപോട്ടെ.’

ഒരാഴ്ചക്കുള്ളിൽ നെഞ്ഞുവേദനയുമായി ഐ.സി.യുവിൽ കിടക്കുമ്പോൾ വയസ്സൻ ഇതൊക്കെ വീണ്ടും ആലോചിച്ചു. സുരേഖയ്ക്ക് വേറെ ജോലി കിട്ടുകയുണ്ടായില്ല. പ്യൂൺ അനിലാണ് പറഞ്ഞത്. വീർത്ത വയറുമായി ഇന്റർവ്യൂവിനു പോകുന്ന ഒരു സ്ത്രീയ്ക്ക് ജോലി കിട്ടാൻ പ്രയാസമാണ്. അവർക്കറിയാം രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ആ സ്ത്രീ പ്രസവത്തിനു പോകുമെന്ന്. അപ്പോൾ വേറെ ആരെയെങ്കിലും നോക്കേണ്ടിവരും.

ഒരു നഴ്‌സ് വന്ന് രക്തസമ്മർദ്ദം പരിശോധിച്ചു. ഒന്നും പറയാതെ തിരിച്ചുപോയി. അവർ രോഗികളോട് ഒരിക്കലും ബി.പി. എത്രയാണെന്നു പറയില്ല. അതുകൊണ്ട് അയാൾ ചോദിക്കുന്നത് നിർത്തിയിരുന്നു. അവൾ വീണ്ടും വന്നത് ഇഞ്ചക്ഷനുള്ള ട്രേയുമായാണ്.

‘ഒരു ചെറിയ ഇഞ്ചക്ഷനുണ്ട്. വേദനിയ്ക്കില്ല.’

ഒരു നേരിയ മയക്കത്തിൽ അയാൾ അമ്മ വരുന്നതു കണ്ടു. ‘നിന്നോട് ഞാൻ എപ്പോഴും പറയാറില്ലേ മറ്റുള്ളവരോട് ക്ഷമിക്കണംന്ന്.’

ഇല്ലമ്മേ, അയാൾ പറയുന്നു. ഞാൻ മാറിയിരിക്കുന്നു.

ഒരുറക്കം കഴിഞ്ഞ് ഉണർന്നപ്പോൾ അരികിൽ ഒരു നഴ്‌സ് അയാളെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു.

‘സാറ് ഞങ്ങളെയൊക്കെ ഒന്ന് പേടിപ്പിച്ചല്ലോ?’

‘എന്തേ?’ അയാളുടെ സ്വരം ക്ഷീണമുള്ളതായിരുന്നു.

‘ഒരു ദിവസം മുഴുവൻ ഉറങ്ങി, അതുതന്നെ.’

ഇത്ര നേരം ഉറങ്ങിയെന്ന ധാരണ അയാൾക്കുണ്ടായിരുന്നില്ല. സാവധാനത്തിൽ ചുറ്റുമുള്ള വസ്തുക്കളെല്ലാം തെളിഞ്ഞുവന്നു. അയാൾ നഴ്‌സിനെ തിരിച്ചറിഞ്ഞു.

‘ശ്യാമ?’

‘എന്റെ പേര് കോമളംന്നാ സാറെ. ഞാൻ നുണ പറഞ്ഞതാ. ‘അയാളുടെ കൈത്തണ്ട തലോടിക്കൊണ്ട് അവൾ ചോദിച്ചു. ‘ഇപ്പൊ വേദനണ്ടോ?’

ഇല്ലെന്നയാൾ തലയാട്ടി.

‘എന്തിനാ പേര് മാറ്റിപ്പറഞ്ഞത്?’

‘അന്ന് സാറ് കമ്പ്‌ളേയ്ൻ ചെയ്യുംന്ന്ള്ള പേടിണ്ടായി.’

അയാളുടെ ക്ഷീണിച്ച മുഖത്ത് ഒരു ചിരി തങ്ങിനിന്നു.

‘ഞാൻ ശ്യാമാന്നേ വിളിക്കൂ.’

‘അതുമതി. എനിക്കാ പേര് ഇഷ്ടാ സാറെ.’

‘പുറത്ത് എന്റെ ഭാര്യണ്ടോ?’

‘ണ്ട്, ഞാനിപ്പോ വിളിച്ചുകൊണ്ടരാം.’

ശ്യാമ പോയപ്പോൾ അയാൾ കണ്ണടച്ചു കിടന്നു. ഓർമ്മകളിൽ എവിടെയോ സുരേഖ ഡോബ്‌ളെ എന്ന പെൺ കുട്ടി ആ പഴയ ചിരിയുമായി തന്നെ നോക്കിനിൽക്കുന്നു. അമ്പതാമത്തെ വയസ്സിൽ ജോലി നിർത്തി നാട്ടിലേയ്ക്കു വന്നതോടെ തനിയ്ക്കു നഷ്ടപ്പെട്ട ആ ലോകത്ത് എവിടെയോ അവൾ ജീവിക്കുന്നുണ്ടാവും. താൻ എന്തു നേടി? ആ ചോദ്യത്തിന്നടുത്തെവിടെയോ കാലത്തിന്റെ ദ്രവിച്ചുതുടങ്ങിയ അടരുകൾക്കിടയിൽ തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന അമ്മ.

അമ്മ ചിരിക്കുകയാണ്, നിന്നെ എനിക്കറിയില്ലേ എന്ന മട്ടിൽ.