close
Sayahna Sayahna
Search

ഇങ്ങനെയും ഒരു ജീവിതം


ഇങ്ങനെയും ഒരു ജീവിതം
EHK Story 13.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നഗരവാസിയായ ഒരു കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 58

നന്ദിനി കിതച്ചുകൊണ്ട് വാതിലിനു പുറത്തു കടന്നു. അവൾക്ക് ആ വയസ്സനെ പേടിയായിരിക്കുന്നു. അയാളുടെ സ്‌നേഹം അഭിനയമാണെന്നും അയാൾക്ക് വേണ്ടത് മറ്റു പലതുമാണെന്നുമവൾക്കറിയാം. ഒന്നര മാസംകൊണ്ട് അയാൾ വളരെ മുന്നേറിയിരിക്കുന്നു. അമ്മ എന്തു പറഞ്ഞാലും ശരി ഈ മാസത്തെ ശമ്പളം കിട്ടിയാൽ ആ വീട്ടിലെ പണി നിർത്തണമെന്നുണ്ട് അവൾക്ക്. അല്ലെങ്കിൽ എന്താവുമെന്ന് കണ്ടറിയണം. അവളുടെ ജോലികഴിഞ്ഞാൽ തടിച്ചു ചീർത്ത്, തലയൊക്കെ വെൺചാമരംപോലെയായ കൊച്ചമ്മ ഭർത്താവിനോട് കല്പിക്കും. ‘ആ വാതിലൊന്നടച്ചേച്ച് വാ.’ കിഴവൻ ആ അവസരത്തിനുവേണ്ടി കാത്തിരിക്കുന്നപോലെയാണ് ഓടിവരിക. എന്നിട്ട്…

അവൾ നേരിട്ടു പോയത് രണ്ടാം നിലയിൽ താമസിക്കുന്ന ചെറുപ്പക്കാരന്റെ മുറിയിലേയ്ക്കാണ്. അയാൾ മൂന്നു മാസമായി ആ ബഹുനിലകെട്ടിടത്തിൽത്തന്നെ മറ്റൊരു കുടുംബം അവരുടെ ഫ്‌ളാറ്റിന്റെ ഒരു മുറി വാടകയ്ക്കു കൊടുത്തതിൽ താമസിക്കുന്നു. നന്ദിനി കുറച്ചു നേരമായി പരതുകയാണ്. മുറിയിൽ ഒരു മൂലയിൽ വച്ച പഴയ മേശയാണ് പയ്യന്റെ അടുക്കള. ഇന്നലെ ഉച്ചയ്ക്ക് താൻ കഴുകി കമിഴ്ത്തിവച്ച പാത്രങ്ങൾ അതേപോലെ കിടക്കുന്നു. അപ്പോൾ വിനോദ്‌ചേട്ടൻ ഇന്നലെ രാത്രി ഒന്നും ഉണ്ടാക്കിയിട്ടില്ല, ഇന്ന് രാവിലെയും ഒന്നും കഴിച്ചപോലെ തോന്നുന്നില്ല. പയ്യൻ വീട്ടുകാരോട് കടം വാങ്ങിയ തലേ ദിവസത്തെ പേപ്പർ വായിച്ചുകൊണ്ട് കട്ടിലിൽ അക്ഷോഭ്യനായി ഇരിക്കുന്നു. നന്ദിനി പരതുന്നതൊന്നും അയാൾ കാണുന്നില്ല. അവൾ മേശയുടെ അടുത്തു വച്ച ചെറിയ അലമാറിയിൽ വച്ച ഡബ്ബകൾ ഓരോന്നോരോന്നായി തുറന്നു നോക്കി. അരിയുടെ ഡബ്ബ ഒഴിഞ്ഞുകിടക്കുന്നു. പരിപ്പിന്റെയും പഞ്ചസാരയുടെയും ഡബ്ബകൾ കാലിതന്നെ. രണ്ടു സവോളയൊഴിച്ചാൽ പച്ചക്കറിയൊന്നുമില്ല. കാര്യങ്ങൾ ഇത്രയും മോശമാണെന്ന സത്യം മനസ്സിലാക്കാൻ ഇത്രയധികം സമയമെടുത്തത് അവളെ വിഷമിപ്പിച്ചു.

‘ചേട്ടനെന്താണ് ചെയ്യണത്?’ അവൾ വിളിച്ചു ചോദിച്ചു.

വല്ലാത്തൊരു ചോദ്യമായിപ്പോയി അത് എന്നവൾക്കുതന്നെ തോന്നി. പേപ്പർ വായിച്ചുകൊണ്ടിരിക്കുന്ന ഒരാളോട് എന്താണ് ചെയ്യുന്നത് എന്ന ചോദ്യം, അതും വെറുംവയറ്റിൽ വായിച്ചുകൊണ്ടിരിക്കുന്ന ഒരാളോട്. അവൾക്കു ചോദിക്കേണ്ടത് അതൊന്നുമായിരുന്നില്ല. ഇന്നലെ പട്ടിണിയായിരുന്നു അല്ലേ എന്നാണ്. പക്ഷേ അതെങ്ങിനെയാണ് നേരിട്ട് ചോദിക്കുക? അതിനൊരവസരമുണ്ടാക്കാനാണ് അവൾ ചോദിച്ചത്, എന്താണ് ചെയ്യുന്നതെന്ന്.

വിനോദ് പേപ്പർ മാറ്റിവച്ചു. വായനകൊണ്ട് വിശപ്പിനെ നേരിടാൻ കഴിയില്ലെന്ന് അയാൾക്കു മനസ്സിലായി.

അവൾ ചോദിച്ചു. ‘ഇന്നലെ രാത്രി എന്താണ് കഴിച്ചത്?’

‘ചപ്പാത്തിയും ചിക്കൻ കറിയും’, അയാൾ സംശയമില്ലാതെ പറഞ്ഞു.

‘ശരിക്കും?’ പയ്യന്റെ വാടിയ മുഖത്തു നോക്കിയപ്പോൾ അതിനുള്ള മറുപടി ആവശ്യമില്ലെന്നവൾക്കു മനസ്സിലായി. അവൾ പറഞ്ഞു. ‘നൊണ.’

പയ്യൻ ആലോചിക്കുകയായിരുന്നു. രാവിലെ പതിനൊന്നു മണിയോടെ വന്ന് മുറി അടിച്ചു വാരി വൃത്തിയാക്കി കുളിമുറി കഴുകി അടുക്കളമേശമേൽ വല്ല എച്ചിൽ പാത്രങ്ങളുണ്ടെങ്കിൽ അതും കഴുകിവച്ച് പോകുന്ന ഈ പെൺകുട്ടിയ്ക്ക് ഈ കാര്യങ്ങളൊക്കെ എന്തിനന്വേഷിക്കണം? ജോലികഴിഞ്ഞാൽ അവൾ അയാളിരിക്കുന്നതിന്റെ അടുത്തുള്ള ഉയരം കുറഞ്ഞ സ്റ്റൂളിൽ വന്നിരിക്കുന്നു. പിന്നെ അവളുടെ വീട്ടിലെയും ഈ കെട്ടിടത്തിൽ അവൾ ജോലിയെടുക്കുന്ന നാലു വീട്ടിലേയും കാര്യങ്ങൾ പറയുന്നു. ഈ അര മണിക്കൂർ അവളെ സംബന്ധിച്ചേടത്തോളം വിശ്രമവേളയാണ്.

‘മൂന്നാം നെലേല്ള്ള കെഴവനില്ലേ, അയാളൊരു ജാതിയാണ്. എനിക്കിഷ്ടല്ല.’

‘എന്തേ?’

‘ഒന്നുംല്ല്യ. പിന്നെ ചേട്ടന് എന്നാ ജോലി കിട്ട്വാ.’ അവൾ വിഷയം മാറ്റാനായി പറഞ്ഞു. അവൾ എന്നും ചോദിക്കുന്ന ചോദ്യമാണത്. ഓരോ ദിവസവും അയാൾ ഭാവനയിൽ വിരിഞ്ഞുണ്ടാകുന്ന മറുപടി നല്കും. അധികദിവസം പിടിച്ചുനില്ക്കാൻ കഴിയില്ലെന്നയാൾക്കറിയാം. ഇനി അമ്മയുടെ മുമ്പിൽ കൈനീട്ടുന്ന പ്രശ്‌നമില്ല.

‘അട്ത്തുതന്നെ ജോലി കിട്ടിയില്ലെങ്കിൽ ഞാൻ ഇവ്ട്ന്ന് പോകും.’ അയാൾ പറഞ്ഞു. നന്ദിനിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായിരിക്കുന്നു. പയ്യന്റെ കയ്യിൽ ഒട്ടും പണമില്ലെന്നവൾക്കറിയാം. വീട്ടിൽനിന്ന് ഇനി പണം വരുത്തില്ലെന്നും. വീട്ടിൽ അമ്മയും സ്‌കൂളിൽ പഠിക്കുന്ന അനുജനും ഉണ്ട്. അച്ഛൻ നാലുകൊല്ലം മുമ്പ് മരിച്ചു. പത്തു സെന്റു സ്ഥലത്ത് ഇരുനില കെട്ടിടത്തിലാണ് അവർ താമസിക്കുന്നത്. ഇനി അതു മാത്രമേയുള്ളൂ. അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലത്തുനിന്ന് കിട്ടിയ പണമെല്ലാം വിനോദിന്റെ പഠിപ്പിനു ചെലവായി. ഇനി ഒരു മകനെക്കൂടി പഠിപ്പിക്കണം. ഇതെല്ലാം പലപ്പോഴായി വിനോദ് അവളോട് പറഞ്ഞതായിരുന്നു. കാര്യത്തിന്റെ ഗൗരവം നന്ദിനിക്കു മനസ്സിലായി. അവൾ ഒരിക്കൽ പറഞ്ഞു. ‘വിനോദ് ചേട്ടൻ എന്റെ വീട്ടിൽ താമസിച്ചുകൊള്ളു, വാടക തരണ്ട.’ അയാൾ ചിരിക്കുക മാത്രം ചെയ്യും. അതൊന്നും ശരിയാവില്ലെന്ന് അവൾക്കുതന്നെ അറിയാം. ഒന്നാമത് വളരെ ചെറിയ വീട്, വൃത്തിയില്ലാത്ത അകവും പുറവും. തൊട്ടടുത്തുതന്നെ നിറയെ അയൽക്കാർ. ഒരാളുടെ ചുമരിൽനിന്നാണ് മറ്റാളുടെ വീട് തുടങ്ങുന്നത്. മറ്റുള്ളവർക്കു പറഞ്ഞു നടക്കാൻ ഒരു കാര്യമായി എന്നുമാത്രം. പാവങ്ങളുടെ ശത്രു പാവങ്ങൾതന്നെയാണെന്ന് അവൾക്ക് പലപ്പോഴും തോന്നാറുണ്ട്.


‘ഞാൻ മുംബായില് പോവും. നല്ലൊരു ജോലി കിട്ടും. തിരിച്ചുവന്ന് നല്ല സുന്ദരിയായ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കും…’

‘എന്നിട്ട്?’

‘അതൊന്നും നിന്നെപ്പോലെയുള്ള കുട്ടികൾ അറിയേണ്ടതല്ല. ആട്ടെ നിന്റെ വയസ്സെത്രയാണ്?’

‘പതിനെട്ട്’

‘പതിനെട്ട്? അപ്പോൾ അറിഞ്ഞതുകൊണ്ട് കുഴപ്പമില്ല. പിന്നെ എന്താണ് ചെയ്യുകയെന്നോ?…’

‘ഞാൻ പോണു.’ അവൾ എഴുന്നേറ്റു. അവൾക്ക് വിനോദിനോട് ദ്വേഷ്യം പിടിച്ചിരുന്നു.

അര മണിക്കൂർ കഴിഞ്ഞ് അവൾ തിരിച്ചു വന്നു. കയ്യിലുള്ള പൊതി മേശമേൽ വച്ചുകൊണ്ട് അവൾ പറഞ്ഞു.

‘ഇതാ കുറച്ചു ചപ്പാത്തീം കറീംണ്ട്. എട്ടാം നെലേല്ള്ള ഗുജറാത്തികള് തന്നതാ. ഇന്നലെ തിന്ന കോഴീം പൊറാട്ടേം ദഹിച്ചാൽ എടുത്ത് തിന്നാം. ഇപ്പോണ്ടാക്കീതാ, നല്ല ചൂട്ണ്ട്.’

‘അതിൽ പ്രശ്‌നമുണ്ട്.’ വായിൽ ഊറിക്കൂടി വയറ്റിലേയ്‌ക്കെത്തിയ ഉമിനീര് വയറ്റിനുള്ളിൽ കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുന്നതറിഞ്ഞുകൊണ്ടു തന്നെ വിനോദ് പറഞ്ഞു. ‘സമുദായത്തിൽ എന്റെ സ്ഥാനം വളരെ ഉയർന്നതാണ്, നിന്റേത് മറിച്ചും. അപ്പോൾ നീ സൗജന്യമായി തരുന്ന ഭക്ഷണം ഞാൻ സ്വീകരിച്ചാൽ അത് ശരിയാവില്ല.’

‘അതു ശരി. സാരംല്ല്യ. ഞാനിത് കൊണ്ടുപോയി സമുദായത്തില് സ്ഥാനം കൊറഞ്ഞ വല്ലോരേം കണ്ടുപിടിച്ച് കൊടുക്കാം.’

വിനോദ് പെട്ടെന്ന് എഴുന്നേറ്റു. ‘ശ് ശ്… അതല്ലാ ഞാനുദ്ദേശിച്ചത്. ഞാനുറക്കെ ചിന്തിക്കുകയായിരുന്നു. സമുദായത്തിന്റെ ഉച്ചനീചത്വങ്ങളെ നമുക്ക് പാടെ തുടച്ചു നീക്കണമെന്നു പറയ്വായിരുന്നു. ചുരുങ്ങിയത് ഭക്ഷണത്തിന്റെ കാര്യത്തിലെങ്കിലും.’

‘എനിക്ക് ജോലിണ്ട്.’ നന്ദിനി പുറത്തുകടന്നു വാതിൽ ചാരി ഒരു മിനിറ്റ് അവിടെത്തന്നെ നിന്നു. പിന്നെ പതുക്കെ വാതിൽപ്പൊളി അല്പം തുറന്നു നോക്കിയപ്പോൾ സമുദായത്തിൽ ഉയർന്ന സ്ഥാനമുള്ള പയ്യൻ താഴ്ന്ന സ്ഥാനമുള്ള പെൺകുട്ടി കൊണ്ടുവന്നു കൊടുത്ത ചപ്പാത്തിയും കറിയും ആർത്തിയോടെ കടിച്ചുവലിച്ചു തിന്നുന്നതാണ് കണ്ടത്. അവൾ ചിരിച്ചില്ല.

മൂന്നാം നിലയിലെത്തിയപ്പോൾ കിഴവന്റെ ഫ്‌ളാറ്റിന്റെ വാതിൽ തുറന്നു കിടക്കുന്നു. ലിഫ്റ്റുപയോഗിക്കാതെ കോണി കയറി വരേണ്ടിയിരുന്നില്ല. അവൾക്ക് പോകേണ്ടത് നാലാം നിലയിലേയ്ക്കാണ്. ഈ രണ്ടു നിലകൾക്കു വേണ്ടി ലിഫ്റ്റു കാത്തുനിൽക്കാൻ അവൾക്ക് ക്ഷമയുണ്ടായിരുന്നില്ല. കിഴവൻ കാണരുതേ എന്നു പ്രാർത്ഥിച്ചുകൊണ്ട് അവൾ കോണി കയറി.

കിഴവൻ വാതിലിനരികൽത്തന്നെ ഉണ്ടായിരുന്നു. അയാൾ വിളിച്ചു. ‘വാ…’

അവൾ പൊതിയും പിടിച്ച് താഴേയ്ക്കിറങ്ങുമ്പോൾ അയാൾ ചോദിച്ചിരുന്നു. ‘നീ എങ്ങോട്ടാ പോണ്?’

താഴെ ഒരു സാധനം കൊടുക്കാൻ പോകുകയാണെന്ന് അവൾ പറഞ്ഞു.

‘തിരിച്ചു വരുമ്പോ ഇവിടെ കേറണം കെട്ടോ, കുറച്ചു ജോലി കൂടി ബാക്കിണ്ട്.’

അവൾ ഒന്നും പറഞ്ഞില്ല. കിഴവൻ അപ്പോൾ മുതൽ കാത്തുനിൽക്കുന്നതാണെന്നു തോന്നുന്നു. എന്തെങ്കിലും നിസ്സാര ജോലിയുണ്ടാവും. തനിക്ക് തരുന്ന ശമ്പളം മുഴുവൻ മുതലാക്കണ്ടേ. രാക്ഷസി. മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ അകത്തു കടന്നു.

അകത്ത് പക്ഷേ രാക്ഷസിയുണ്ടായിരുന്നില്ല. അവൾ ചോദിച്ചു. ‘കൊച്ചമ്മ എന്ത്യേ?’

‘കൊച്ചമ്മ പൊറത്ത് പോയിരിക്ക്യാണ്.’

‘എന്തിനാന്നെ വിളിച്ചേ?’

അയാൾ വാതിൽ കുറ്റിയിട്ടുകൊണ്ട് അവളുടെ പിന്നാലെ ചെന്നു. ‘നിനക്ക് എന്റെ അടുത്ത് ഒരഞ്ചു മിനുറ്റ് ഇരുന്നുകൂടെ, ജോലിയൊന്നും ചെയ്യാതെ?’

‘അതെന്തിനാ?’

അയാൾ അവളുടെ വളരെ അടുത്ത് നിൽക്കുകയാണ്. ‘നിനക്ക് കൊറച്ചു എക്‌സ്റ്റ്രാ പണംണ്ടാക്കണോ?’

‘എങ്ങനെ?’

‘ഞാൻ തരാം.’ അയാൾ അവളെ അരക്കെട്ടിലൂടെ പിടിച്ചടുപ്പിക്കുകയാണ്. അവൾ കുതറിക്കൊണ്ട് പറഞ്ഞു. ‘എനിക്ക് എക്‌സ്റ്റ്രാ പണം വേണ്ട. എന്താ ജോലീച്ചാ പറേ, അല്ലെങ്കീ ഞാൻ പോണു.’

‘നീ ഇവിടെ ഇരിക്ക്’

‘ഞാമ്പോണൂ…’ അവൾ വാതിൽ തുറന്ന് പിറുപിറുത്തുകൊണ്ട് പുറത്തേയ്ക്കിറങ്ങി. ‘അപ്പൂപ്പന്റെ ഓരോ പൂതി.’

വൈകീട്ട് വീട്ടിലെത്തിയപ്പോൾ അവൾ അമ്മയോട് ചോദിച്ചു. ‘അമ്മേ ഞാനൊരു കാര്യം ചോദിക്കട്ടെ.’

‘കൊഞ്ചാത്യങ്ങട്ട് പറേണ്‌ണ്ടോ.’

‘അമ്മേ…’ അവൾ സംശയിച്ചുകൊണ്ട് പറഞ്ഞു. ‘ഈ വയസ്സായോർക്കും…’

‘വയസ്സായോർക്കും?’

‘ഒന്നുംല്ല്യ.’

‘ഞാനൊരു കുത്ത് വച്ചുതരും.’ അവർ ദ്വേഷ്യപ്പെട്ടു. അവർ നഗരത്തിന്റെ മറ്റൊരു ഭാഗത്തുള്ള ബഹുനില കെട്ടിടത്തിൽ നാലു ഫ്‌ളാറ്റുകളിൽ വീട്ടുവേല ചെയ്യുകയാണ്. പ്രായമായ മകളെ ഒറ്റയ്ക്ക് ജോലിക്ക് വിടുന്നതിൽ അവർക്ക് നല്ല ഭയമുണ്ട്. ആ ഭയം അവളോടുള്ള ദ്വേഷ്യമായി പുറത്തു വരികയാണ്.

ഗുജറാത്തി സ്ത്രീ വിചാരിച്ചിരുന്നത് ചപ്പാത്തിയും കറിയും നന്ദിനിക്കു കഴിക്കാൻ കൊണ്ടുപോകയാണെന്നാണ്. എന്നാൽ നിനക്ക് അതിവിടെനിന്ന് കഴിച്ചുകൂടെ എന്ന ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല. അവൾ അതുംകൊണ്ട് വരുന്നതും കാത്ത് വിനോദ് അയാളുടെ മുറിയിൽ ഇരുന്നു. വീട്ടുകാരൻ അല്പം പരുഷമായി സംസാരിച്ച് ഇപ്പോൾ പോയിട്ടേയുള്ളൂ. രണ്ടു മാസ ത്തെ വാടക കൊടുക്കാനുണ്ട്. ജോലി കിട്ടിയാലുടൻ കൊടുക്കാമെന്നു പറയുന്നത് അയാളിൽ ഏശുന്നില്ല. നന്ദിനി വരുമ്പോൾ വീട്ടുകാരൻ രോഷാകുലനായി ഇറങ്ങിപ്പോകുന്നതാണ് കണ്ടത്. അവൾ വിനോദിനോട് കാര്യം ചോദിച്ചു.

‘എണ്ണൂറുറുപ്പിക?’ അവൾ ചോദിച്ചു. ‘അത്രേം രൂപ എങ്ങിനെണ്ടാക്കും?’

അയാൾ കൈ മലർത്തി. ജോലിയുടെ കാര്യം ഒരുമാതിരി ശരിയായി വരുന്നതേയുള്ളൂ. ഒരു മാസം ഇനിയും പിടിക്കും, അല്ലെങ്കിൽ രണ്ട്. അതു കഴിഞ്ഞ് വീണ്ടും ഒരു മാസം കഴിഞ്ഞേ ശമ്പളം കയ്യിൽ കിട്ടൂ. അപ്പോഴേയ്ക്ക് വാടകകുടിശ്ശിക തന്നെ രണ്ടായിരം വരും. അതായത് വീട്ടുകാരൻ തന്നെ പിടിച്ചു പുറത്താക്കിയില്ലെങ്കിൽ. പിന്നെ ഭക്ഷണം? അയാൾ നിശ്ശബ്ദനായി.

‘ഞാനൊരു കാര്യം ചെയ്യാം.’ നന്ദിനി പറഞ്ഞു. ‘ഏതെങ്കിലും വീട്ടീന്ന് അഡ്വാൻസ് വാങ്ങാം. തല്ക്കാലം ഒരു മാസത്തെ വാടകേങ്കിലും കൊടുത്താൽ കൊറച്ച് സമാധാനാവൂല്ലോ.’

വിനോദ് ഒന്നും പറഞ്ഞില്ല. അവൾ പോയിക്കഴിഞ്ഞിരുന്നു.

നന്ദിനിക്ക് അഡ്വാൻസെടുക്കാൻ വിഷമമുണ്ടായിരുന്നു. നാലു വീട്ടിൽനിന്നും ശമ്പളം വാങ്ങിയിരുന്നത് അമ്മതന്നെയാണ്. രണ്ടാന്തിയായാൽ അവർ വരുന്നു. മകളുടെ ശമ്പളം എണ്ണിവാങ്ങുന്നു. അതെല്ലാം അവർ ബാങ്കിലിടുകയാണ്, മകളുടെ കല്ല്യാണാവശ്യങ്ങൾക്കു വേണ്ടി. അപ്പോൾ അഡ്വാൻസ് വാങ്ങുന്ന പരിപാടി നടക്കില്ല.

അവൾ മൂന്നാം നിലയിലെത്തി വാതിൽക്കൽ മുട്ടി. ഭാഗ്യത്തിന് തുറന്നത് കിഴവൻതന്നെയായിരുന്നു. രാക്ഷസിയാണെങ്കിൽ പ്രശ്‌നമായേനെ. അവൾ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.

‘എനിക്കൊരു എണ്ണൂറു രൂപ വേണം, അർജന്റായിട്ട്.’

‘എണ്ണൂറു രൂപയോ അതെങ്ങിനെ ഇത്ര പെട്ടെന്നുണ്ടാക്കും?’ കിഴവന്റെ മുഖം വികസിച്ചു.

‘പെട്ടെന്ന് വേണം, പിന്നെ അത് ശമ്പളത്തിൽ കിഴിക്കരുത്. വേറൊരാവശ്യത്തിനാ. കൊച്ചമ്മ്യോട് പറേണ്ട.’

അയാൾ അതീവ സന്തുഷ്ടനായി. ‘ഞാൻ നോക്കട്ടെ.’ അയാൾ നേരിയ ശബ്ദത്തിൽ പറഞ്ഞു. ‘നീ മൂന്നു മണി ക്കു വാ, എത്രണ്ടാവുംന്ന് നോക്കട്ടെ.’

‘ഇപ്പൊ തരാൻ പറ്റില്ലെ?’

അയാൾ അകത്തേയ്ക്ക് കണ്ണുകൊണ്ട് കാണിച്ചു. ‘മൂന്നു മണിക്ക് ബ്യൂട്ടി പാർലറിൽ പോവും.’

‘ബ്യൂട്ടി പാർലറിലോ?’ നന്ദിനിക്ക് അദ്ഭുതമായി. അയാൾ തലയാട്ടി.

‘നല്ല കോലം ആവും.’ അവൾ നടന്നുകൊണ്ട് പറഞ്ഞു.

മൂന്നുമണിക്കുതന്നെ അവൾ മുകളിൽനിന്നു താഴേക്കിറങ്ങി വന്നു. ലാന്റിങ്ങിൽവച്ച് അവൾ കൊച്ചമ്മയെ കണ്ടുമുട്ടി.

‘കൊച്ചമ്മ എവിടേയ്ക്കാ?’

‘ഞാനൊന്ന് ബ്യൂട്ടി പാർലറിൽ പോയി വരാം. മുടി ഡൈ ചെയ്യിക്കണം, പിന്നെ പുരികം.’

‘കൊച്ചമ്മ ഇതൊന്നും ചെയ്യാറില്ലല്ലോ.’ നന്ദിനി അദ്ഭുതത്തോടെ ചോദിച്ചു.

‘അതേയ്, അടുത്താഴ്ച അനിയത്തീടെ മോന്റെ കല്യാണാ. എങ്ങന്യാ ഈ വെൺചാമരും തലേല്‌വച്ച്. അപ്പൊ തോന്നി ഒന്ന് ഡൈ ചെയ്തുകളയാംന്ന്. പിന്നെ ഒരു ഫേഷ്യലും ചെയ്യണം.’

‘അതോണ്ട് കാര്യംണ്ടോ കൊച്ചമ്മേ?’

‘പോടി അവിട്ന്ന്. പിന്നെ നിന്നെ കണ്ടതു നന്നായി. സിങ്കില് കൊറച്ച് പാത്രങ്ങളിട്ടിട്ട്ണ്ട്. അതൊന്ന് കഴുകിവച്ചിട്ടു പോ.’

‘ശരി കൊച്ചമ്മേ’, വാതിലിൽ മുട്ടിക്കൊണ്ട് നന്ദിനി പറഞ്ഞു. അവർ ലിഫ്റ്റിന്റെ വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ അവൾ കോക്രി കാട്ടി.

ഫ്‌ളാറ്റിന്റെ വാതിൽ തുറന്ന് കിഴവൻ ചുറ്റും നോക്കി. ആരുമില്ലെന്നുറപ്പായപ്പോൾ അയാൾ അവളെ അകത്തേയ്ക്കു വിളിച്ചു. ‘വാ.’

കിഴവന്റെ പതിവില്ലാത്ത മുൻകരുതലുകൾ അവളെ ഭയപ്പെടുത്തി. അവൾ ഇതൊന്നും വിചാരിച്ചിരുന്നില്ല. കൊച്ചമ്മ ഇല്ലാത്ത സമയത്ത് പണം എടുത്തു തരുമെന്നു മാത്രം. അയാൾ വാതിൽ കുറ്റിയിട്ട് അവളുടെ അരക്കെട്ടിലൂടെ കൈയ്യിട്ട് അകത്തേയ്ക്കു നയിച്ചു. രാവിലത്തെപോലെ അവൾ കുതറി മാറിയില്ല. എന്തെങ്കിലും ചെയ്യട്ടെ, കുറച്ചു കഴിഞ്ഞാൽ നിർത്തിക്കൊള്ളും. പക്ഷേ കിഴവൻ കുറച്ചുകഴിഞ്ഞിട്ടും നിറുത്താനുള്ള ഭാവമില്ല. അയാൾ സാവധാനത്തിൽ, അവളുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ടുതന്നെ പുരോഗമിക്കുകയായിരുന്നു. അവൾ പെട്ടെന്നു കുതറി മാറിക്കൊണ്ടു പറഞ്ഞു. ‘മതി, ഇനി പിന്നെ ആവാം. പണം തരൂ ഞാൻ പോട്ടെ.’

കിഴവന്റെ ആളിക്കത്തലിന്നൊരു ശമനമുണ്ടായിട്ടുണ്ടായിരിക്കണം. അയാൾ പറഞ്ഞു. ‘എന്റെ കയ്യിൽ എണ്ണൂറൊന്നും ഉണ്ടാവില്ല. ഒരു മൂന്നൂറ് എടുക്കാം.’

‘അയ്യോ എണ്ണൂറ് തന്നെ വേണം. ഇന്ന് നാനൂറെങ്കിലും വേണം. ബാക്കി നാളെയായാലും മതി.’

കിഴവൻ അകത്തുപോയി നൂറിന്റെ നാലു നോട്ടുകൾ കൊണ്ടുവന്നു അവളുടെ കയ്യിൽ വച്ചുകൊടുത്തു. ‘നാളെ വരണം, കെട്ടോ. ബാക്കി തരാൻ പറ്റുമോന്ന് നോക്കട്ടെ.’

വിനോദിന് സന്തോഷമാകുമെന്നായിരുന്നു നന്ദിനി കരുതിയത്. അയാൾ നോട്ടുകൾ കൈയ്യിൽപിടിച്ച് കുറേനേരം ഇരുന്നു. കണ്ണിൽ ഊറിക്കൂടിയ ജലം ഷർട്ടിന്റെ കയ്യിൽ തുടച്ചുകൊണ്ട് അയാൾ പറഞ്ഞു. ‘നീയെനിക്കു വേണ്ടി എന്തിനാണ് ഇതൊക്കെ ചെയ്യണത്?’

‘അതു സാരംല്ല്യ.’ നന്ദിനി പറഞ്ഞു. ‘നാനൂറുറുപ്പിക നാളെ തരാം ന്ന് പറഞ്ഞിട്ട്ണ്ട്. അപ്പോ രണ്ടു മാസത്തെ വാടക കൊടുക്കാലോ. പിന്നെ വീട്ടുകാരന്റെ മോന്ത കാണണ്ടല്ലോ.’

‘എനിക്ക് പറഞ്ഞുവച്ച ആ ജോലിയൊന്ന് വേഗം കിട്ടിയിരുന്നെങ്കിൽ!’

‘ജോലി കിട്ടിയാൽ എന്താണ് ചെയ്യ്വാ?’

‘ജോലി കിട്ടിയാലോ? എന്താ സംശയം, ഞാൻ നല്ല സുന്ദരിയായ ഒരു പെൺകുട്ട്യെ കല്യാണം കഴിക്കും.’

വിനോദ് വീണ്ടും പഴയ മട്ടായി. അയാളുടെ പരിപാടിയിൽ വല്ല മാറ്റവും വന്നിട്ടുണ്ടോ എന്നു നോക്കുകയായിരുന്നു നന്ദിനി. അവൾക്കു സമാധാനമായി. ആള് പഴയ വിനോദ്‌ചേട്ടൻ തന്നെ.

പിറ്റേന്ന് ബാക്കി നാന്നൂറും കൂടി കൊണ്ടുവന്നു കൊടുക്കുമ്പോൾ നന്ദിനിയുടെ മുഖം വാടിയിരുന്നു. എന്തു പറ്റിയെന്നു വിനോദ് ചോദിച്ചു. വലിയ ആലോചനയിലായിരുന്ന അവൾ പക്ഷേ ഒന്നും പറഞ്ഞില്ല.

‘എനിക്കു മടുത്തു.’ കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു.

വിനോദിനു വിഷമമായി. അയാൾ ചോദിച്ചു. ‘എന്താ അഡ്വാൻസ് കിട്ടാൻ അടിപിടി കൂടേണ്ടി വന്നുവോ?’

നന്ദിനി ആലോചിക്കുകയായിരുന്നു. ദേഹം മുഴുവൻ പരതുന്ന രണ്ടു കൈകൾ. വീർത്ത ഞരമ്പുകൾക്കിടയിൽ നിറയെ നരച്ച രോമങ്ങൾ എഴുന്നു നിൽക്കുന്ന രണ്ടു കൈകൾ. അരയിൽ പാവാടയുടെ ചരടുകൾ അന്വേഷിച്ച് വിറകൊള്ളുന്ന വിരലുകൾ…

‘എനിക്കു ശമ്പളം കിട്ടിയാൽ രണ്ടു മാസംകൊണ്ടത് കൊടുത്തു തീർക്കാം. പോരെ?’ വിനോദ് പറഞ്ഞു.

അവൾ പെട്ടെന്ന് അവളുടെ അഭിനയത്തിലേയ്ക്ക് തിരിച്ചുവന്നു. വിനോദിന് വിഷമമുണ്ടായിത്തുടങ്ങിയെന്നവൾക്കു മനസ്സിലായി.

‘അതു സാരംല്ല്യ. അവര് കൊറേശ്ശ്യായി പിടിച്ചോളും. ചേട്ടന് എത്ര്യാ ശമ്പളം കിട്ടാൻ പോണത് ?’

‘പറഞ്ഞാൽ നീ വിശ്വസിക്കില്ല.’

‘അത്ര അധികംണ്ടോ?’

‘ഉം. മൂവ്വായിരം ഉറുപ്പിക.’

‘അത്യോ? ചേട്ടൻ കല്യാണം കഴിക്കാൻ പോണ കുട്ടീടെ ഭാഗ്യം. പിന്നെ ഒരു കാര്യം, നിങ്ങള് വേറെ വീടെടുത്ത് താമസിക്കുമ്പോ അവിടെ ജോലിക്ക് എന്നെത്തന്നെ വയ്ക്കണംട്ടോ.’

‘ആലോചിക്കട്ടെ.’

‘ഞാൻ പോണൂ.’ അവൾ എഴുന്നേറ്റു. അങ്ങിനെ പതിവില്ലാത്തതാണ്. വന്നാൽ കുറച്ചുനേരമെങ്കിലും ഇരുന്നു സംസാരിക്കും. ഇവൾക്ക് എന്താണ് പറ്റിയത്?

ദിവസങ്ങൾ ആഴ്ചകളായപ്പോൾ തനിക്ക് പ്രശ്‌നമുണ്ടാവുകയാണെന്ന് നന്ദിനിക്കു മനസ്സിലായി. എല്ലാ മാസവും മുറിയുടെ മൂലയിൽ ഇട്ട അയലിൽ വിരിച്ചിട്ട തുണിക്കഷ്ണം കാണാൻ ഒരു ദിവസം വൈകിയാൽ അമ്മയുടെ ചോദ്യം തുടങ്ങും. ‘എന്താടീ ഈ മാസം വന്നില്ലെ?…’

നന്ദിനിക്കു കൊടുക്കാൻ മധുരപലഹാരങ്ങളുമായി വിനോദ് കാത്തിരുന്നു. അയാൾക്ക് ഒന്നാം തീയ്യതിതന്നെ ശമ്പളം കിട്ടിയിരുന്നു. അവളുടെ കയ്യിൽനിന്നു വാങ്ങിയ പണത്തിന്റെ കണക്കും അയാൾ എഴുതിയുണ്ടാക്കിയിരുന്നു. മൊത്തം ആയിരത്തി മൂന്നൂറ് രൂപ. അതുപക്ഷേ സാവധാനത്തിൽ കൊടുത്താൽ മതിയെന്നവൾ പറഞ്ഞിരുന്നു. അപ്പോൾ കുറച്ചു പണം അമ്മയുടെ കയ്യിൽ ഏല്പിക്കണം. ആദ്യത്തെ ശമ്പളമല്ലെ.

നന്ദിനി വന്നില്ല. രാവിലെ എട്ടുമണിക്ക് അവൾ വന്ന് തല കാണിച്ച് പോകാറുള്ളതാണ്. എന്തു പറ്റിയാവോ. പിറ്റേന്നും അവൾ വന്നില്ല. വൈകുന്നേരം ഓഫീസിൽനിന്നു വന്നപ്പോൾ അയാൾ നോക്കിയത് നന്ദിനി വന്നിട്ടുണ്ടോ എന്നാണ്. അവൾ വന്നാൽ അയാൾക്കറിയാം. പാത്രങ്ങൾ കഴുകി കമിഴ്ത്തി വച്ചിട്ടുണ്ടാവും. വൈകുന്നേരം ഉണ്ടാക്കാനുള്ള കറികൾക്കുള്ള പച്ചക്കറി നുറു ക്കി അടച്ചുവച്ചിട്ടുണ്ടാവും. കിടക്കവിരി ചുളിവുകൾ മാറ്റി വിരിച്ചിട്ടുണ്ടാവും. ഇപ്പോൾ അങ്ങിനെയൊന്നുമില്ല. മുറി, പോകുമ്പോൾ ഇട്ടിരുന്നപോലെ കുഴഞ്ഞുമറിഞ്ഞ് കിടക്കുന്നു. അയാൾക്ക് മനസ്സിൽ നേരിയ വേദന തോന്നി. പട്ടിണി കിടന്ന നാളുകൾ ഓർമ്മ വന്നു. നന്ദിനി കൊണ്ടുവരാറുള്ള ഭക്ഷണപ്പൊതിയെപ്പറ്റിയും. കണ്ണുകൾ ഈറനായി.

തിങ്കളാഴ്ച മുതൽ അവൾ വീണ്ടും വരാൻ തുടങ്ങി. പക്ഷേ മുമ്പ് ചെയ്തിരുന്നപോലെ ഒരിക്കലും രാവിലെ എട്ടുമണിക്ക് അയാളെ കാണാൻ വന്നില്ല. അവളുടെ സാന്നിദ്ധ്യം അദൃശ്യമായി തുടർന്നു. ചുളി നിവർന്ന വിരികളിലൂടെ, നുറുക്കിവച്ച കഷ്ണങ്ങളിലൂടെ, കുടത്തിൽ പിടിച്ചുവച്ച കുടിവെള്ളത്തിലൂടെ. എന്താണവൾ ഇങ്ങിനെ ഒളിച്ചുകളിക്കുന്നതെന്ന് വിനോദിനു മനസ്സിലായില്ല. അവസാനം ഓഫീസിൽ പോകാതെ വീട്ടിലിരുന്ന ഒരു ദിവസം അവൾ പ്രത്യക്ഷപ്പെട്ടു. വാതിൽ തുറന്നുവന്ന അവൾ വിനോദിനെ പ്രതീക്ഷിച്ചിരുന്നില്ല. അവൾ ഞെട്ടി.

‘നീ എന്താണ് കുറേ ദിവസം വരാതിരുന്നത്?’

അവൾ തല താഴ്ത്തി. അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്. അവളുടെ മുഖത്തും കൈകളിലും പാടുകൾ. അടികൊണ്ടപോലത്തെ പാടുകൾ. അതെങ്ങിനെ പറ്റിയതാണെന്ന ചോദ്യത്തിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല. അവൾ ഒന്നും പറയാതെ, ഒന്നും ചോദിക്കാതെ ജോലിയിലേർപ്പെട്ടിരിക്കയാണ്. അയാളാകട്ടെ സംസാരിക്കയും. അയാളെപ്പറ്റിത്തന്നെ, ഓഫീസിനെപ്പറ്റി, ജോലിയെപ്പറ്റി. തന്റെ വാക്കുകൾ അശ്രദ്ധമായൊരു ചെവിയിൽ പാഴാവുകയാണെന്നു കണ്ടപ്പോൾ അയാൾ നിർത്തി. അയാൾ പറഞ്ഞു.

‘നീ തന്ന ആയിരത്തിമുന്നൂറു രൂപ എന്റെ കയ്യിലുണ്ട്. എത്ര പലിശയാണ് വേണ്ടത്.’

ആ വാചകം വളരെ ക്രൂരമായിപ്പോയി. അയാളറിയാതെ, വായിൽനിന്ന് ഒരു ദുർബ്ബല നിമിഷത്തിൽ തെറിച്ചു വീണതാണത്. അവൾ, തന്നെ അവഗണിക്കുകയാണെന്ന ബോധത്തിൽ നിന്നുളവായതായിരുന്നു അത്. അവൾ തലയുയർത്തി വിനോദിനെ നോക്കി. ദയനീയമായൊരു നോട്ടം. കണ്ണുകൾ ഈറനാവുകയും അടുത്തൊരു നിമിഷത്തിൽ് അവൾ പൊട്ടിക്കരയുകയും ചെയ്തു. ഒരു നീണ്ട സംയമനത്തിന്റെ അന്ത്യമായിരുന്നു അത്. അവൾക്കിനി സഹിക്കാൻ വയ്യ.

ഒരു നിമിഷം വിനോദ് പകച്ചു നിന്നു. പിന്നെ അടുത്തുചെന്ന് അവളുടെ ചുമലിൽ കൈവച്ചു.

‘കരയേണ്ട. എന്താണ് കാര്യമെന്ന് പറയൂ.’

‘ഞാനൊരു മണ്ടനാണ്.’ അയാൾ തുടർന്നു. ‘അല്ലെങ്കിൽ ഇങ്ങിനെയൊക്കെ പറയ്വോ. നോക്ക് എനിക്ക് ശമ്പളം കിട്ടി. നിനക്കുവേണ്ടി ലഡ്ഡു വാങ്ങി കുറേ ദിവസം വച്ചു കാത്തിരുന്നു. നീ വന്നില്ല. എവിടെപ്പോയി എന്നും മനസ്സിലായില്ല. ഞാൻ മുമ്പ് പറഞ്ഞതോർക്ക്ണ്‌ണ്ടോ. ജോലി കിട്ട്യാല് ഒരു സുന്ദരിയെ കല്യാണം കഴിക്കുംന്ന്. ഞാൻ തീർച്ചയാക്കിയിരിക്കുന്നു.’

നന്ദിനി ഒന്നും പറഞ്ഞില്ല.

‘ആരെയാണ് കല്യാണം കഴിക്കാൻ പോണതെന്ന് എന്താ ചോദിക്കാത്തത്?’

നന്ദിനി ഒന്നും പറയുന്നില്ല. അടക്കിപ്പിടിച്ച ഒരു തേങ്ങൽ മാത്രം ബാക്കിയായി. അവളുടെ ജോലി കഴിഞ്ഞിരുന്നു. ഒരു തുണിയെടുത്ത് കൈതുടച്ച് അവൾ പോകാൻ നിൽക്കുകയാണ്; അയാൾ ആരെ കല്യാണം കഴിച്ചാലും അവൾക്കൊന്നുമില്ലെന്ന ഭാവത്തിൽ. അയാൾ വീണ്ടും ചോദിച്ചു.

‘എന്താ ചോദിക്കാത്തത്…’

ഒരുത്തരത്തിന്നായി വിനോദ് കാത്തുനിൽക്കേ നന്ദിനി ഒന്നും പറയാതെ മുറി വിട്ട് ഓടിപ്പോയി. മുകളിൽ, ടെറസ്സിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു മുറിയായിരുന്നു ലക്ഷ്യം. അതവളുടെ ഒളിക്കാനുള്ള സങ്കേതമാണ്. അവിടെ വെറും നിലത്ത് കുമ്പിട്ടിരുന്ന്