close
Sayahna Sayahna
Search

ഇരുട്ടിന്റെ മകൾ


ഇരുട്ടിന്റെ മകൾ
EHK Story 01.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൂറകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 50

പകൽ മുഴുവൻ മരുഭൂമിയിൽ നടക്കുകയായിരുന്ന അയാൾ, രാത്രി ശത്രുതയോടെ സമീപിച്ചപ്പോൾ, ഇലകൾകൊണ്ടുണ്ടാക്കിയ ഒരു കുടിലിൽ അഭയം കണ്ടെത്തി. കുടിലിൽ അവളുണ്ടായിരുന്നു; ഉടമസ്ഥ. അയാൾ അകത്തു കയറിയപ്പോൾ അവൾ ചോദിച്ചു:

നീ ആരാണ്? എന്തിനിവിടെ വന്നു?

ഞാനൊരു യാത്രക്കാരൻ. അയാൾ പറഞ്ഞു. പുറത്തു വളരുന്ന ഇരുട്ടും, മണൽക്കാറ്റും എനിക്കെതിരാണ്. ഞാനീ രാത്രി ഇവിടെ താമസിക്കട്ടെ?

നീ ദുഃഖിക്കും. അവൾ പറഞ്ഞു. എനിക്കും ഈ കുടിലിന്നും ഇരുട്ടിലേ നിലനില്പുള്ളു. പകൽ, സൂര്യവെളിച്ചത്തിൽ ഞാൻ ഇല്ലാതാകും. ഈ കുടിലും. നീ കൂടുതൽ ഏകനാവും.

സാരമില്ല. ഞാൻ എന്നും ഏകനായിരുന്നു.

അവളുടെ ദേഹത്തിന്റെ ഊഷ്മാവ് തണുപ്പിനെ അകറ്റി. അവളുടെ ഹൃദയസ്പന്ദനം അയാളുടെ സംഗീതമായി. അവളുടെ നിശ്വാസം അയാൾക്കാശ്വാസമരുളി. പിന്നെ ഒരു ക്രൂരനിമിഷത്തിൽ സൂര്യൻ ഉദിക്കുകയും അതിന്റെ തീക്ഷ്ണജ്വാലകളിൽ അവളും, അയാൾക്കഭയമായിരുന്ന കുടിലും അലിഞ്ഞില്ലാതാവുകയും ചെയ്തപ്പോൾ അയാൾ വീണ്ടും ഏകനായി.

ഒരു നിമിഷം തന്റേതായിരുന്ന സ്വർഗ്ഗത്തിന്റെ മാസ്മരശക്തിയിൽ, ദുഃഖത്തിൽ, പകച്ചുനിന്നു. പിന്നെ മുന്നിൽ നീണ്ടുകിടക്കുന്ന മണലിൽ അടിവെച്ചു നീങ്ങുമ്പോൾ അയാൾ ഓർത്തു: എനിക്ക് വളരെ ദൂരം പോകാനുണ്ട്.