close
Sayahna Sayahna
Search

ഇഷ്ടപ്പെടാത്ത അതിഥികൾ



അറുപത്തഞ്ചു ലക്ഷം ജനങ്ങളുള്ള ഒരു മഹാനഗരത്തിൽ അറുപതിനായിരം മാത്രം വരുന്ന ഒരു ജനവിഭാഗത്തിന് കാര്യമായൊന്നും സംഭാവനചെയ്യാൻ കഴിയില്ല. കുറെ അസൗ കര്യങ്ങളല്ലാതെ. അവരുടെ ജീവിതമാകട്ടെ, മറുനാട്ടുകാരിൽ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ മാത്രം വർണ്ണശബളമല്ലതാനും. അവൻ സമ്പന്നമല്ലാത്ത വീട്ടിലെ ഇഷ്ടപ്പെടാത്ത അതിഥിക ളാണ്. ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും നാട്ടിൽ നിന്ന് മരുപ്പച്ച തേടി കൽക്കത്ത യിലെത്തുന്ന മലയാളിയെ അനുകമ്പാപൂർവ്വമല്ല ബംഗാളികൾ വീക്ഷിക്കുന്നത്. അവരെ സംബന്ധിച്ചേടത്തോളം ഓരോ പുതിയ തെന്നിന്ത്യക്കാരനും തങ്ങളുടെ ജീവിതസൗകര്യങ്ങ ളുടെ വിതാനം താഴ്ത്താനായിട്ടാണ് വരുന്നത്. സ്വദേശത്തു തന്നെ അഭയാർത്ഥികളായി ത്തീരുന്ന ബംഗാളിയുടെ മനോഭാവം മനസ്സിലാക്കാൻ കഴിയും. ബംഗാളിന്റെ സാമ്പത്തിക സാമുദായിക സ്ഥിതി പരിശോധിച്ചാൽ മതി.


ബംഗാളികൾ

ചരിത്രത്തിന്റെ താളുകൾ പിന്നോട്ടു മറിക്കുമ്പോൾ നാം കാണുക ഇന്നത്തേതിൽ നിന്നു വളരെ വ്യത്യസ്തമായ ഒരു ബംഗാളാണ്. ജമീൻദാരി അംഗീകരിച്ചു കൊണ്ടുള്ള കോൺ വാലീസിന്റെ പെർമെനന്റ് സെറ്റിൽമെന്റിനുശേഷം അടുത്ത കാലംവരെ ബംഗാളിന്റെ ചരിത്രം സമ്പത്തിന്റെയും സാമൂഹ്യഭദ്രതയുടെയും ചരിത്രമായിരുന്നു. സമ്പത്ത്, ക്ഷേമം മാത്രമല്ല, അതിന്റേതായ വൃത്തികേടുകളെയും ക്ഷണിച്ചു വരുത്തുന്നു. ഒരു നൂറ്റാണ്ടോളം നില നിന്ന ഈ സാമൂഹ്യവ്യവസ്ഥ ബംഗാളികളെ അലസന്മാരാക്കുകയാണുണ്ടായത്. പക്ഷെ, വാണിജ്യച്ചരക്കുകളുമായെത്തി സാവധാനത്തിൽ ഭരണാധികാരികളായിത്തീർന്ന വിദേശികളും, വിദേശികളുടെ വ്യാപാരക്കുത്തകയിൽ കടന്നു കൂടാൻ ശ്രമിച്ചിരുന്ന മാർവാറി കളും ഗുജറാത്തികളും, വെറുതെയിരിക്കുകയായിരുന്നില്ല. അമിതമായ ഭോഗങ്ങളുടെ ലഹരിയിൽമയങ്ങിക്കിടന്ന ബംഗാളികൾ ചുറ്റും നടന്ന പരിവർത്തനങ്ങൾ കണ്ടില്ല. വർദ്ധിച്ചുകൊണ്ടിരുന്ന ഗവർമ്മെണ്ടുനികുതികൾ, ജമീൻദാരികളുടെ മേൽനോട്ടം വഹിച്ചി രുന്ന ഉദ്യോഗസ്ഥന്മാരുടെ വഞ്ചനകൾ, കെടുതികൾ, സ്വന്തം ദുർവ്യയങ്ങളുടെ നിലയില്ലായ്മ, ഇതെല്ലാം ജമീൻദാരിയെന്ന സ്ഥാപനത്തെ സാവധാനത്തിൽ തകർത്തു. മദ്യത്തിന്റെയും രാജനർത്തകികളുടെയും ലഹരി കലർന്ന സുഖസുഷുപ്തിയിൽ നിന്ന് ഉണർന്ന് നോക്കിയ പ്പോഴാണ്, തങ്ങൾ നിർദ്ധനരായിരിക്കുന്നുവെന്ന് അവർ മനസ്സിലാക്കുന്നത്. ഇതിനിടയിൽ മാർവാറികളും ഗുജറാത്തികളും ഇവിടെ വന്ന് വ്യാപാരം ഉറപ്പിച്ചിരുന്നു. ബംഗാളികൾ ക്കാകട്ടെ വ്യാപാരത്തിലോ വ്യവസായത്തിലോ യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. മാർവാറികൾ വ്യാപാരത്തിൽ നിന്ന് വ്യവസായത്തിലേയ്ക്കു കുതിച്ചപ്പോൾ ബംഗാളികൾ നിസ്സഹായരായി നോക്കി നിന്നതേയുള്ളു. അമ്പത്തിനാലിൽ ജമീൻദാരി എടുത്തു കളഞ്ഞുകൊണ്ടുള്ള ഗവർമ്മെണ്ട് ഉത്തരവ് വന്നപ്പോഴേയ്ക്കും ബംഗാളിന്റെ ചരിത്രത്തിലെ വർണ്ണശബളമായ ആ കാലം ഓർമ്മമാത്രമായി അവശേഷിച്ചിരുന്നു. നഷ്ടപരിഹാരമായി കിട്ടിയ പണം വളരെ ചുരുക്കം പേർ മാത്രം ബുദ്ധിപൂർവ്വം വ്യവസായത്തിലോ, കെട്ടിടങ്ങളി ലോ നിക്ഷേപിച്ചു. മറ്റുള്ളവർ അതു കിട്ടിയതിനേക്കാൾ വേഗത്തിൽ ചിലവഴിച്ചു. ഇന്ന് ഒരു ബംഗാളി ജീവസന്ധാരണത്തിന്ന് ആശ്രയിക്കുന്നത് സർക്കാർ ഓഫീസുകളിലോ, മാർവാറി കമ്പനികളിലോ ഉള്ള ഒരു ജോലി മാത്രമാണ്.

ഈ രംഗത്തും അവർ പാകപ്പെടാത്തവരാണ്. കാരണം അന്യനു വേണ്ടി ജോലി ചെയ്തു ജീവിക്കാൻ അവർ പഠിച്ചിട്ടില്ല. ഇതിനെല്ലാം പുറമെ നാല്പത്തിയേഴിലെ ബംഗാൾവിഭജനം ഒരിക്കലും നിലയ്ക്കാത്ത ഒരു അഭയാർത്ഥി പ്രവാഹം സൃഷ്ടിച്ചു. വർഗീയകലാപങ്ങളുടെ മദ്ധ്യത്തിൽ എല്ലാം ഇട്ടെറിഞ്ഞ് അഭയം തേടി വന്ന്, ഗവർമ്മെണ്ട് നൽകിയ തുച്ഛമായ ധനാശ്വാസം കൊണ്ട് കൽക്കത്തയിൽ താമസമാക്കിയ ഒരു പൂർവ്വബംഗാളിയോട് നിങ്ങൾ ഭൂതകാലത്തെപ്പറ്റി ചോദിക്കൂ. പൂർവ്വബംഗാളിൽ അയാൾക്കുണ്ടായിരുന്ന സ്ഥാനത്തെക്കു റിച്ചും നഷ്ടപ്പെട്ടുപോയ സമ്പത്തിനെക്കുറിച്ചും, പത്മാനദിയെക്കുറിച്ചും, അയാൾ വേദന യോടെ പറയും. ബംഗാളികളെ സംബന്ധിച്ചിടത്തോളം ഈ പരിവർത്തനം ദയനീയവും ദാരുണവുമാണ്. ഒരിക്കലും അനുരഞ്ജനത്തിന് കഴിയാത്തതാണ്. ഈ സ്ഥിതിവിശേഷങ്ങൾ ക്കിടയ്ക്കാണ് സ്വന്തം നാടിന്റെ ദാരിദ്ര്യത്തിന്റെ പ്രേരണയിൽ അഭയം തേടി ഇവിടെ ഒരു മലയാളി വരുന്നത്.

ഒരു ഭാരതീയനെന്ന നിലയിൽ മലയാളിക്ക് ഈ രാജ്യത്ത് എവിടെ ജോലി ചെയ്തും ജീവിക്കാമെന്ന ന്യായത്തിന്നു പുറമെ സാമ്പത്തികമായ മറ്റൊരു പ്രധാന പരിഗണന കൂടിയുണ്ട്. കാര്യമായ യാതൊന്നും തന്നെ ഉൽപ്പാദിപ്പിക്കാത്ത കേരളം ബംഗാളിലുണ്ടാ ക്കുന്ന നിരവധി ഉപഭോഗവസ്തുക്കളുടെ ഒരു നല്ല വിപണിയാണ്. കേരളത്തിൽ നിന്ന് കിട്ടുന്ന ആദായത്തിൽ ഒരു പങ്ക് മലയാളിക്കും അവകാശപ്പെട്ടതല്ലെ? പക്ഷെ, ഇതു വെറും ന്യായം മാത്രമാണ്.

താനിവിടെ ഒരധികപ്പറ്റാണെന്ന്, ക്ഷണിക്കപ്പെടാത്ത അതിഥിയാണെന്ന്, ഒരു മലയാളി സാവധാനത്തിൽ മനസ്സിലാക്കുന്നു. നാൽക്കവലകളിൽ ബംഗാളി ചെറുപ്പക്കാർ തനിക്കെതി രായി നടത്തുന്ന അഭിപ്രായപ്രകടനങ്ങളിലൂടെ, സ്വന്തം നാട്ടിലെ നായകത്വം അംഗീകരിച്ചു കിട്ടാനുള്ള അവരുടെ വ്യഗ്രതയിലൂടെ, പരിതസ്ഥിതികൾ തന്നിൽ ചെലുത്തുന്ന നിരവധി നിയന്ത്രണങ്ങളിലൂടെ, തദ്ദേശീയരുടെ അവശതകളിലൂടെ അയാൾ മനസ്സിലാക്കുന്നു. ഈ അറിവ് ഒരപരാധബോധം സൃഷ്ടിച്ചു മലയാളിയെ അസ്വസ്ഥനാക്കുന്നു. ഇതയാളെ ബംഗാളിക ളോട് കൂടുതൽ അടുക്കുവാൻ, മമത്വം നടിക്കുവാൻ, അവരുടെ ജീവിതപ്രാരാബ്ധങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുവാൻ പ്രേരിപ്പിക്കുന്നു.


അവസരങ്ങൾ — അന്നും ഇന്നും

ഒരു മലയാളിക്ക് കൽക്കത്ത, തകർന്ന സ്വപ്നങ്ങളുടെ ശവകുടീരമാണ്. ടാഗോറിന്റെയോ, ശരത്ചന്ദ്രന്റെയോ കഥാപാത്രങ്ങളിലൂടെയാണ് ആദ്യം ബംഗാളികളെ

പരിചയപ്പെടുന്നത്. അവരുടെ മിഴിവുറ്റ കഥാപാത്രങ്ങളിലൂടെ നമുക്കു ബംഗാളിനെപ്പറ്റി കിട്ടുന്ന ചിത്രം നിലവിലില്ലാത്ത ഒരു സങ്കല്പം മാത്രമാണ്. കൽക്കത്തയിലെ തിരക്കുപിടിച്ച തെരുവുകളിൽ, ഓഫീസു മുറികളിൽ അയാൾ കണ്ടുമുട്ടുന്ന ഒരു ബംഗാളി, തന്നെപ്പോലെ ജീവിക്കാനുള്ള വ്യഗ്രതയിൽ സ്വയം വ്യക്തിത്വം കളഞ്ഞു കുളിച്ചവനാണ്.

ഇഛാഭംഗത്തിന്റെ തുടക്കമാണിത്. മൂന്നോ നാലോ വർഷങ്ങൾ മുമ്പു വരെ മലയാളിക്ക് ഒരു തെന്നിന്ത്യക്കാരനാണെന്ന പ്രത്യേകതകൊണ്ട് ഒരു ഇടത്തരം ജോലി കിട്ടാൻ വിഷമമുണ്ടായിരുന്നില്ല. പക്ഷെ കിട്ടിയ ജോലിയിൽ തുടരുകയല്ലാതെ, ഉയർച്ച അപ്രാപ്യമായ ഒരു മരീചികയായി നിലകൊണ്ടു. വ്യക്തിമഹിമ ഉയർച്ചയുടെ മാനദണ്ഡമായിരുന്നു ഒരു കാലത്ത്, ഇന്നല്ല. ഇന്ന് കാര്യപ്രാപ്തിയും വിദ്യാഭ്യാസവുമുള്ള ആയിരങ്ങൾ തമ്മിൽ മത്സരിക്കുന്നുണ്ട്. ഒരു കാലത്ത് ഇതായിരുന്നില്ല സ്ഥിതി. ആയിരത്തി തൊള്ളായിരത്തി മുപ്പതിന്റെ പരിസരത്തിൽ കൽക്കത്തയിൽ വന്ന് ചെറിയ ഒരു ജോലിയിൽ പ്രവേശിച്ച്, കഴിവുകൊണ്ടും ആത്മവിശ്വാസം കൊണ്ടും ഉയർന്ന് ഹൈക്കോർട്ടിൽ അസിസ്റ്റന്റ് രജിസ്രാറായി പിരിഞ്ഞ ഒരു കാരണവരെ ഞാൻ അറിയും. (അദ്ദേഹം നാലു കൊല്ലം മുമ്പ് അന്തരിച്ചു.) ഹൗറാ പാലം കെട്ടുന്നതിനും മുമ്പ് കൽക്കത്തയിൽ വന്ന അദ്ദേഹം പറയാറുണ്ട്, അന്നെല്ലാം ഹൗറാ സ്റ്റേഷനിൽ വന്നാണ് മലയാളികളെ പിടിച്ചു കൊണ്ടു പോയി ജോലി കൊടുത്തിരുന്നത് എന്ന്. അതിശയോക്തിയല്ല. അന്നു കൽക്കത്തയിൽ വന്നവരെല്ലാം നല്ല നിലയിലെത്തിയിട്ടുണ്ട്.

ഇന്ന് അസാമാന്യകഴിവും സാങ്കേതികപരിജ്ഞാനവുമുള്ളവർക്കേ ആ നില പ്രതീക്ഷിക്കേ ണ്ടു. തുല്യ കഴിവുള്ളവർക്കിടയിലാകട്ടെ ഉയരാനുള്ള അവസരം കിട്ടുന്നത് സ്വാഭാവികമായും മേലധികാരികളെ പ്രസാദിപ്പിക്കാനുള്ള കഴിവുള്ളവർക്കുമാത്രം.

മടുപ്പിക്കുന്ന ഓഫീസ് അന്തരീക്ഷത്തിൽ നാട്ടിനെക്കുറിച്ചുള്ള അലട്ടുന്ന ഓർമ്മകളിൽ വിരസതയുടെ തടവുകാരനായ മലയാളി സ്വയം മറക്കുന്നത് ഞായറാഴ്ച സ്‌നേഹിതന്മാരുടെ കൂടെ അമ്പത്താറു കളിക്കുമ്പോഴൊ, ചുരുങ്ങിയ അവസരങ്ങളിൽ നിറച്ച ഗ്ലാസുകൾക്കു മുമ്പിലിരിക്കുമ്പോഴോ ആയിരിക്കും.


നല്ല മണ്ണ്

പരിതസ്ഥിതികൾ എത്ര നിരുത്സാഹപ്പെടുത്തുന്നതായാലും ശരി, ഉത്സാഹിയായ ഒരു ചെറുപ്പക്കാരന്ന് വളരാൻ കൽക്കത്തയെപ്പോലെ സാദ്ധ്യതകളുള്ള വേറൊരു നഗരമില്ലതാനും. പുതുതായി നഗരത്തിൽ വന്ന ഒരാളെ ഇതത്ഭുതപ്പെടുത്തിയേക്കും. കൽക്കത്ത പശിമയുള്ള ഒരു വയൽപോലെയാണ്. നല്ല വിത്തുകൾ ഇവിടെ തഴച്ചു വളരും. കളകളെ ഭയന്നാൽ മാത്രം മതി.

നാട്ടിൽ പത്തുവരെ പഠിച്ച്, ടൈപ്പ് റൈറ്റിംഗും ചുരുക്കെഴുത്തും വശമാക്കി കൽക്കത്ത യിൽ വന്ന ഒരു മലയാളിപ്പയ്യൻ ജോലി കിട്ടിയാൽ ആദ്യം ചെയ്യുക സായാഹ്നക്ലാസ്സുകളിൽ ചേരുകയാണ്. ഓഫീസ് വിട്ട് അര, മുക്കാൽ മണിക്കൂർ യാത്രചെയ്ത് കോളേജിൽ ആറു മണിക്ക് എത്തുക എളുപ്പമല്ല. ഈ സമയത്ത് ബസ്സിലോ, ട്രാമിലോ കയറിക്കൂടാൻതന്നെ ഒരു സമരം വേണം. പലപ്പോഴും സമയത്തിനെത്താൻ കഴിഞ്ഞെന്നുവരില്ല. ആ സന്ദർഭങ്ങളിൽ, സമയത്തിനെത്താൻ കഴിഞ്ഞ ചില സ്‌നേഹിതന്മാർ കൊടുക്കുന്ന പ്രോക്‌സിയാണ് ഒരേയൊരു രക്ഷ. ക്ലാസുകഴിഞ്ഞ് ഒമ്പതു മണിക്ക് വീട്ടിലേക്കൊരു യാത്ര. ശീതകാലത്തു ഈ യാത്ര ഒരു പരീക്ഷയാണ്. പലപ്പോഴും നാട്ടിൽനിന്നു പുതുതായി വന്നവർക്കു തണുപ്പിൽ നിന്നു രക്ഷനേടാൻ ആവശ്യമുള്ളത്ര രോമവസ്ത്രങ്ങളുണ്ടായെന്നുവരില്ല. വിശക്കുന്ന വയറും ക്ഷീണിച്ച മനസ്സുമായി വീട്ടിലെത്തിയിട്ടും ജീവിക്കാനുള്ള ആശ നശിച്ചിട്ടില്ലെങ്കിൽ അതൊരത്ഭുതമല്ലെ! ഒരു മലയാളി പ്രശംസയർഹിക്കുന്ന ദുർല്ലഭം ചില അവസരങ്ങളി ലൊന്നാണിത്.

താമസ സൗകര്യം, കൽക്കത്തയിൽ മറ്റു നഗരങ്ങളെ അപേക്ഷിച്ച് മെച്ചമാണ്. ബോംബെ യിൽ നഗരത്തിൽ താമസിക്കുകയെന്നാൽ ഒരു ധാരാളിത്തമാണ്. വളരെ കുറച്ചു പേർക്കെ അതിനുള്ള ഭാഗ്യമുള്ളു. മറ്റുള്ളവരെല്ലാം ഒന്നും രണ്ടും മണിക്കൂർ നഗരപ്രാന്തങ്ങളിൽ നിന്ന് തീവണ്ടിയിലോ ബസ്സിലോ യാത്രചെയ്താണ് ഓഫീസുകളിലെത്തുന്നത്. കൽക്കത്തയിൽ നഗരത്തിൽത്തന്നെ ഫ്‌ളാറ്റുകൾ കിട്ടാൻ വിഷമമില്ല. വാടക കൂടുതലാണെന്നത് ശരിതന്നെ. പാർക്ക് സർക്കസ്സിലോ ഭവാനിപൂരിലോ, രാഷ്ബിഹാരിയിലോ ഒരു രണ്ടുമുറി വീട് ഇരുന്നൂറു മുതൽ ഇരുന്നൂറ്റി അയ്മ്പതു ഉറുപ്പികവരെ വാടകക്കുകിട്ടും. സലാമി ഏർപ്പാട് ഇവിടെ ഇല്ലെന്നു പറയാം. കുറച്ചുകൂടി നഗരത്തിൽനിന്നു വിട്ടസ്ഥലങ്ങളിൽ, അതായത് ജോഡ്പൂർ പാർക്കിലോ, ബിഹാരിയിലോ വീടുകൾക്കു വാടക കുറവാണ്. എന്നാലും അവിടങ്ങളിൽ നിന്നുപോലും ഓഫീസിൽ മുക്കാൽ മണിക്കൂറിന്നുള്ളിലെത്താൻ കഴിയും.

അവിവാഹിതർ ഏറ്റവും ഇഷ്ടപ്പെടുന്ന ജീവിതരീതി മെസ്സാണ്. നാലോ അഞ്ചോ സ്‌നേഹിതന്മാർ കൂടി ഒരു വീടെടുത്തു ഭക്ഷണം പാകംചെയ്യാൻ ഒരു വാലിയക്കാരനെ നിയമിക്കുന്നു. ചിലവുകൾ തുല്യമായി പങ്കുവെക്കുന്നു. ഇതല്ലാതെ വ്യാപാരാടിസ്ഥാനത്തിൽ നടത്തുന്ന മെസ്സുകളും ഉണ്ട്. ഒരു മുറിയിൽ താമസവും ഹോട്ടലിൽഭക്ഷണവുമായി കഴിയുന്നവരുമുണ്ട്.


ഇടത്തരക്കാർ

ഒരു ഇടത്തരം കുടംബത്തിന്റെ സ്ഥിതി ഒട്ടും ആശാവഹമല്ല. ഒറ്റയ്ക്ക് നൂറ്റയ്മ്പതോ ഇരുന്നൂറോ ഉറുപ്പിക വാടക കൊടുത്ത് വീടെടുക്കുക. ഉയർന്നുകൊണ്ടിരിക്കുന്ന വിലകൾ, കൂടിക്കൊണ്ടിരിക്കുന്ന ജീവിതാവശ്യങ്ങൾ, ഇവയെല്ലാം ഒരു ഇടത്തരക്കാരനെ അവശനാക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസം വളരെ പണച്ചിലവുള്ളതാണ്. നർസറിയിൽ നിന്നു തുടങ്ങി, കിന്റർഗാർട്ടൻ ക്ലാസ്സുകളിലൂടെ, ഇംഗ്ലീഷ് മാദ്ധ്യമമായ ക്ലാസ്സുകളിലാണ് സാധാരണ ഇവിടെ മലയാളികൾ സ്വന്തം കുട്ടികളെ പഠിപ്പിക്കുക. ഫീസ് അമ്പതുറുപ്പിക യിലധികം വരും. ഒരു ഇടത്തരക്കാരനെ സംബന്ധിച്ചേടത്തോളം ഇതു വളരെയധികമാണ്. ഈ പ്രാരാബ്ധങ്ങൾക്കിടയ്ക്ക് വർഷത്തിലൊരിക്കലോ, രണ്ടുവർഷം കൂടുമ്പോഴോ ഒരു നാട്ടിൽ പോക്കും. ശരിയായി!

കുറച്ചു ഉയർന്ന ഉദ്യോഗസ്ഥന്മാരുടെ നില മെച്ചപ്പെട്ടതാണെങ്കിലും ഒട്ടും തൃപ്തികരമല്ല. ഉയർന്ന ഇടത്തരക്കാരൻ മാത്രമാണെങ്കിലും അയാളുടെ സാമൂഹ്യബന്ധങ്ങൾ ഉയർന്ന തലങ്ങളിലാണ്. അതു വിഷമങ്ങളുണ്ടാക്കുന്നു. കൃത്രിമമായ ഈ തുലനാവസ്ഥ എളുപ്പമല്ല. അവരിൽ പലർക്കും കമ്പനികൾ വാടക കൊടുക്കുന്ന ആഡംബരപൂർവ്വമായ ഫ്‌ളാറ്റുകളുണ്ട്. പല ക്ലബ്ബുകളിലും അംഗത്വമുണ്ട്. കാറുണ്ട്. പക്ഷെ, ജീവിതത്തിൽ അവർക്കു മിച്ചപ്പെടു ത്താൻ കഴിയുക പലപ്പോഴും ബാങ്കിലുള്ള കനത്ത ഓവർഡ്‌റാഫ്റ്റുകളായിരിക്കും.


ചെറിയ ദ്വീപുകൾ

ആയിരത്തിൽപ്പരം നാഴികകൾ പിന്നിട്ട് അപരിചിതമായ പുതിയ ലോകത്തെത്തുന്ന മലയാളി മറ്റൊരു മറുനാടൻ മലയാളിയെ എങ്ങിനെ വീക്ഷിക്കുന്നുവെന്നറിയുക രസകരമായിരിക്കും. ഇവിടെ ഓരോ മലയാളിയും അയാളുടേതായ ഒരു സ്വകാര്യലോകത്താ ണ് ജീവിക്കുന്നത്. സ്വപ്നങ്ങൾ, വേദനകൾ, പ്രാരബ്ധങ്ങൾ ഇതെല്ലാം അയാളുടെ സ്വകാര്യ സ്വത്താണ്. അതിൽ അന്യർക്കു പ്രവേശനമില്ല. ചിരകാല സുഹൃൽബന്ധത്തിന്നേ ആ സ്വകാര്യ ജീവിതത്തിൽ കടന്നു നോക്കാനുള്ള അർഹത ലഭിക്കുകയുള്ളു.

പുറത്തുവെച്ച് ആകസ്മികമായി തമ്മിൽ കണ്ടുമുട്ടുന്ന മലയാളികൾക്ക് ഇത് വല്ലായ്മ യുണ്ടാക്കുന്നു. സംഭാഷണം ഹ്രസ്വവും താരതമ്യേന വിരസവുമായിരിക്കും.

‘സുഖംതന്നെയല്ലേ?’

‘എവിടെയാണ് താമസിക്കുന്നത്?’

‘…ൽ. ഞാൻ കഴിഞ്ഞ ആഴ്ച കണ്ടപ്പോൾ പറഞ്ഞല്ലോ.”

‘ഓ ശരി. മറന്നുപോയി.’

അല്ലെങ്കിൽ,

‘എന്നാണ് നാട്ടിൽ പോകുന്നത്?’

‘ഞാൻ കഴിഞ്ഞ മാസം നാട്ടിൽനിന്നു വന്നിട്ടേയുള്ളു.’

‘ഒരു പരുങ്ങൽ. ‘ശരി ഞാൻ…’

ഒരപകടസന്ധിയിൽ നിന്നു രക്ഷപ്പെട്ട ആശ്വാസത്തോടെ നിശ്വസിക്കുന്നു. ഈ നിർവ്വികാരത മനഃപൂർവ്വമല്ല.

സമുദായത്തട്ടുകളുടെ ഉയർന്ന പടിയിൽ നിൽക്കുന്നവർക്ക് താഴ്ന്ന ജീവിതനിലവാരം പുലർത്തുന്നവരുടെ നേരെ അവജ്ഞയും സമന്മാരോട് സ്പർദ്ധയുമാണ്. ഈ മനോഭാവത്തിന്റെ ബാലിശത്വം വളരെ ലജ്ജാവഹമാണ്. സ്റ്റാൻഡേർഡു കാറുകാരനെ അംബാസഡർറുകാരൻ താഴ്ന്നു നോക്കുന്നു. അംബാസഡറുകാരനെ ഫിയറ്റുകാരൻ പുച്ഛിച്ചു നോക്കുന്നു. ഒരു വിദേശിക്കാറിന്റെ ഉടമസ്ഥനാകട്ടെ ഇവരെയെല്ലാം ‘നാണിപ്പി’ ക്കുന്നു.


സംസ്‌കാരാന്തരങ്ങളുടെ കഥ

വളരെക്കാലമായി ഇവിടെ താമസമാക്കിയ മലയാളികൾ അസംഖ്യമുണ്ട്. അവർ കൽക്കത്ത സ്വന്തം വീടാക്കിയിരിക്കുകയാണ്. ബംഗാളികളുമായി വളരെ അടുത്തു കഴിയുന്ന ഇവർ ബംഗാളിശൈലിയിൽ ജീവിക്കുന്നു. ഹൃദയാന്തർഭാഗത്ത്, പക്ഷെ, ഇവർ ഇപ്പോഴും മലയാളികളാണ്. ഓണം, തിരുവാതിര, മുതലായവ മുടങ്ങാതെ ആഘോഷിക്കുന്നു. നാടിന്റെ കാര്യം പറഞ്ഞാൽ നെടുവീർപ്പിടും. ‘നാടോ?’ നാടിനെക്കുറിച്ച് ചില മോഹനങ്ങളായ ഓർമ്മകൾ മാത്രം കാത്തു സൂക്ഷിക്കയാണവർ. വൈക്കോൽ മേഞ്ഞപടിപ്പുരയ്ക്കു പിന്നിൽ ചരൽനിറഞ്ഞ മുറ്റത്തിന്നു നടുവിലെ നാലുകെട്ട്, പത്തായപ്പുര, ചുറ്റും തെങ്ങുകളും കവുങ്ങുകളും നിറഞ്ഞ തോട്ടം. അതെല്ലാം വർഷങ്ങൾക്കകലെയാണ്. ഓർമ്മയുടെ കണ്ണാടിയിൽക്കൂടി നോക്കുമ്പോൾ എല്ലാം മങ്ങിയിരിക്കുന്നു. പക്ഷെ അവർ ഇനി അതെല്ലാം കണ്ടില്ലെന്നുവരും.

അവർ മാറുന്ന പരിതസ്ഥിതികൾക്കോ, സംസ്‌കാരാന്തരങ്ങളുടെ പ്രലോഭനങ്ങൾക്കോ കാലപ്രവാഹത്തിന്റെ ആഴമേറിയ നീർച്ചുഴികൾക്കോ മാറ്റാൻ കഴിയാത്ത വിധം മലയാളിക ളാണ്. അവരുടെ മക്കളോ? അവർ കേരളം കണ്ടിട്ടില്ല. സഹവാസം ബംഗാളികളുമായാണ്. സംസാരിക്കുന്നത് ബംഗാളിയാണ്. മലയാളം ഒരു ചെറിയ കൊഞ്ഞലോടെ സംസാരിക്കാം. എഴുതാൻ അറിഞ്ഞില്ലെന്നും വരും. (ഇവിടെ മലയാളം പഠിപ്പിക്കുന്ന സ്‌ക്കൂളുകളില്ല) എന്നാൽ ഇവർ ബംഗാളികളായോ? ഇല്ല. ഒരിക്കലും ആവുകയുമില്ല. ഒരു ബംഗാളിക്ക് അയാൾ ഇപ്പോഴും മദ്രാസിയാണ്. മലയാളം മര്യാദയ്ക്കു സംസാരിക്കാൻ പോലുമറിയാത്ത അവരെ ഒരു മലയാളി നോക്കുന്നതോ അവജ്ഞയോടുകൂടിയും. ഏതൊരു വ്യക്തിക്കും മാതൃഭാഷയിലല്ലാതെ ആത്മാവിഷ്‌കരണം സാദ്ധ്യമല്ല. അപ്പോൾ ഈ പുതിയ തലമുറ ഏതസ്ഥിവാരത്തിന്മേലാണ് തങ്ങളുടെ സംസ്‌കാരവും കലയും, കെട്ടിപ്പടുക്കുന്നത്? ഇവർ ക്കു വരാൻ പോകുന്നത്, ഇന്നു നാം കാണുന്ന ആംഗ്ലോ ഇന്ത്യൻ സമുദായത്തിന്റെ ഗതിയാ വില്ലെ?


മിശ്രവിവാഹം

ഇവർ ഒറ്റപ്പെട്ടുതന്നെയിരിക്കും. കാരണം, രണ്ടു സംസ്‌കാരങ്ങളുടെയും സ്വാഭാവികമായ സങ്കലനത്തെ സഹായിക്കുന്ന സാഹചര്യങ്ങൾ ഇവിടെയില്ല. വളരെക്കാലം ബംഗാളിൽ താമസിച്ച മലയാളികളും വിവാഹബന്ധങ്ങളിൽ ഒരു മലയാളിയെത്തന്നെയാണ് ഇഷ്ട പ്പെടുന്നത്. ഒരു ബംഗാളിയാകട്ടെ ഒരു മലയാളിയുടെ ബന്ധം കാംക്ഷിക്കുന്നുമില്ല. സംസ്ഥാനേതര വിവാഹങ്ങൾ ഇവിടെ വിരളമാണ്. ചുരുക്കം ചില സന്ദർഭങ്ങളിൽ ഒരു മലയാളി യുവാവ് ബംഗാളി യുവതിയെ പ്രേമിച്ചു വിവാഹം ചെയ്തുവെന്നു കേൾക്കാം. മറിച്ച് ഒരു ബംഗാളി, മലയാളി യുവതിയുമായി വൈവാഹികബന്ധത്തിലേർപ്പെട്ടത് കേട്ടിട്ടില്ല. ഈ ചുരുക്കം മിശ്രവിവാഹങ്ങൾ തന്നെ എത്രമാത്രം വിജയകരമാണ്? അല്ലെങ്കിൽ ഏതു വിവാഹ മാണ് വിജയകരമായിട്ടുള്ളത്? ഒരു കാര്യം തീർച്ചയാണ്. ഭാഷ, വളരെ ഉള്ളുതുറന്ന മമതയ്ക്കു പ്രതിബന്ധമാവാതിരിക്കില്ല.

ബംഗാളിയുടെ കണ്ണിൽ മലയാളി വെറും മദ്രാസിയാണ്. കേരളത്തിന്റെ ഭൂമിശാസ്ത്ര പരമായ കിടപ്പ് ഇവർ അറിയുന്നത് വളരെ അടുത്ത കാലത്താണ്. കേരളത്തിലെ കലങ്ങിയ അനിശ്ചിതമായ രാഷ്ട്രീയമാണ് അതിനു കാരണം. മലയാളികൾ പൊതുവെ, പ്രത്യേകിച്ചും കൽക്കത്താ മലയാളികൾ ബംഗാളികളെ സാമൂഹ്യമായോ, സാംസ്‌കാരികമായോ, സാമ്പത്തികമായോ ഒരു വിധത്തിലും സ്വാധീനിക്കുന്നില്ല. ഒരു ബംഗാളിയോട് മലയാള സാഹിത്യത്തെക്കുറിച്ച് ചോദിക്കൂ. അയാൾ തകഴിയുടെ രണ്ടിടങ്ങഴിയെപ്പറ്റി പറഞ്ഞു നിർത്തും. നിങ്ങൾ സ്വാഭാവികമായും നിരാശരാവും. ഒരു മലയാളിയോട് ബംഗാളി സാഹിത്യത്തെക്കുറിച്ച് പറഞ്ഞാൽ മതി, അയാൾ മണിക്കൂറുകൾ സംസാരിക്കും. ബംഗാളിയുടെ ഈ അജ്ഞതക്കു കാരണം മലയാള സാഹിത്യത്തിന്റെ താഴ്ചയല്ല, അന്യസംസ്‌കാരം ഉൾക്കൊള്ളാനുള്ള, ആസ്വദിക്കാനുള്ള ബംഗാളിയുടെ വൈമനസ്യമാണ്.


വ്യക്തിപൂജയുടെ നാട്

വ്യക്തിപൂജ ബംഗാളിയുടെ രക്തത്തിലുണ്ട്. പലപ്പോഴും ഇത് അന്ധമായ ഒരു ദൗർബല്യമായാണ് അനുഭവപ്പെടാറ്. നേതാജിയെ ചുറ്റിയുള്ള ഭൂകമ്പം ഇപ്പോഴും അവസാനി ച്ചിട്ടില്ലല്ലോ. ഒരു എം.എ.ക്കാരൻ ബംഗാളിയോട് ഞാൻ മലയാള സാഹിത്യത്തെ ക്കുറിച്ചു സംസാരിക്കുകയായിരുന്നു. മലയാള സാഹിത്യത്തിലെ പുതിയ കാഴ്ചപ്പാടുകളെ അയാൾക്കു മനസ്സിലാക്കുകയായിരുന്നു എന്റെ ഉദ്ദേശം. അയാൾ വലിയ താല്പര്യം കാണിച്ചില്ല. സംഭാഷണം ബംഗാളി സാഹിത്യത്തിലേക്കുവഴുതി വീണു. മധുസൂദൻ ദത്തു മുതൽ തുടങ്ങിയ ചർച്ച ടാഗോറിലെത്തി മുട്ടി നിന്നു. ടാഗോർ ലോകത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനാണെന്നു വരുത്താനുള്ള ശ്രമമായപ്പോൾ ഞാൻ ചോദിച്ചു. ‘നിങ്ങൾ ടാഗോറിന്റെ വല്ല പുസ്തകവും വായിച്ചിട്ടുണ്ടോ?’ ഏതാനും കവിതകളല്ലാതെ മറ്റൊരു ടാഗോർ കൃതികളും വായിച്ചിട്ടില്ലെന്ന് അയാൾക്കു സമ്മതിക്കേണ്ടിവന്നു. ടാഗോറിന്റെ ചെറുകഥകളും നോവലുകളും വായിച്ചിട്ടുണ്ടെന്നും അദ്ദേഹം വരച്ച അനേകം ചിത്രങ്ങൾ രവീന്ദ്രഗാലറിയിൽ കണ്ടിട്ടുണ്ടെന്നും, അവയിൽ വലിയ സവിശേഷതയൊന്നും കാണാൻ കഴിഞ്ഞില്ലെന്നും പറഞ്ഞത് അയാൾക്കു തീരെ രസിച്ചില്ല. ബംഗാളികൾക്ക് ടാഗോർ ഒരാരാധനാപുരുഷൻ മാത്രമാണ്. ഗുരുദേവൻ. അദ്ദേഹത്തിന്റെ കൃതികൾ വായിക്കണമെ ന്നവർ ഒരിക്കലും ആലോചിച്ചിട്ടില്ല.

മലയാളികളും ബംഗാളികളും തമ്മിൽ സാദൃശ്യമുണ്ടോ? പലരും ചോദിച്ചിട്ടുള്ള ഈ ചോദ്യത്തിന്നു വലിയ അർത്ഥമില്ല. സാദൃശ്യമുണ്ടാവാം. പടർന്നു പന്തലിച്ച ഒരു വലിയ സംസ്‌കാരത്തിന്റെ രണ്ടു ശാഖകളാണ് ബംഗാളിയും മലയാളിയും. സാദൃശ്യമുണ്ടാകുന്ന തിൽ അത്ഭുതമില്ല. അങ്ങിനെ ആകുമ്പോൾ സാദൃശ്യത്തേക്കാൾ അന്തരത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്.

പണ്ടെങ്ങോ നില നിന്നു മൺമറഞ്ഞുപോയ ഐശ്വര്യത്തിന്റെ നിഴലായ അഹന്തയിൽ ലോകത്തെ ചെറുതായി മാത്രം കാണാൻ പഠിച്ചവനാണ് ബംഗാളിയെങ്കിൽ ഒരു പുതിയ അഹന്തയെ തേടി സ്വന്തം മേൽവിലാസം കണ്ടുപിടിക്കാൻ ശ്രമിക്കുന്നവനാണ് മലയാളി.


ഹോട്ടലുകൾ, ഹോട്ടലുകൾ

സാമ്പത്തികമായി നോക്കുകയാണെങ്കിൽ ഏതാനും ചെറിയ കമ്പനികൾ, ഹോട്ടലുകൾ, തയ്യൽക്കടകൾ, ലോണ്ടറികൾ, കുറച്ചു കെട്ടിടങ്ങൾ, ഇവയൊഴിച്ചാൽ സാരമായ യാതൊരു മുതലും മലയാളിയുടെ വകയായി ഇവിടെയില്ല. കമ്പനികളിൽ യുനൈറ്റഡ് ടയേർസ്, കൽക്കത്ത റബ്ബർ ട്രേഡിംഗ് കമ്പനി, എഞ്ചിനീയറിംഗ് ടൈംസ് എന്നിവ എടുത്തു പറയാം. കൽക്കത്തയിൽ മലയാളികൾ നടത്തുന്ന മാസികകൾ കുറവാണ്. എഞ്ചിനീയറിംഗ് ടൈംസ് നടത്തുന്നത് ആലുവക്കാരൻ ശ്രീ ഇ. എച്ച്. ടിപ്പുവാണ്. ഇരുപത്തിരണ്ടു വർഷങ്ങൾ മുമ്പ് ‘ഇന്ത്യൻ എഞ്ചിനീയറിംഗ് ആന്റ് ഇൻഡസ്രീസ്സ് രജിസ്റ്റർ’ എന്ന ഡയറക്ടറിയിൽ നിന്നു തുടങ്ങി, എഞ്ചിനീയറിംഗ് ടൈംസ് ആന്റ് ഫൗണ്ടറി ന്യൂസ് എന്ന മാസികയിലൂടെ വളർന്ന്, ഇന്ന് 25,000 സർക്കുലേഷനുള്ള ഒരു വാരികയാണ് ‘എഞ്ചിനീയറിംഗ് ടൈംസ്’. പത്തു ലക്ഷത്തിൽ പരം ഉറുപ്പികയുടെ മുതൽ മുടക്കുള്ള ഒരു സ്ഥാപനമാണിത്.

കൽക്കത്തയിൽ നിന്നു പുറപ്പെടുന്ന മലയാളമാസികയാണ് ‘കേരളരശ്മി’. അടുത്ത കാലത്ത് ‘രാജധാനി’ യെന്ന പേരിൽ ഒരു മാസികയും പ്രസിദ്ധീകരണം ആരംഭിച്ചിട്ടുണ്ട്.

മലയാളിയുടെ ലാളിത്യം ഇവിടെ അവർ നടത്തുന്ന ഹോട്ടലുകളിലും പ്രകടമായി കാണാം. ആഡംബരമോ, മോടിയോ ഇല്ലാതെ, ആവശ്യം നിറവേറ്റാൻ മാത്രമുള്ള സജ്ജീകരണങ്ങൾ, പരിചയം നടിക്കുന്ന പുഞ്ചിരിയോടെ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ചുറുചുറുക്കുള്ള പരിചാരകന്മാർ, ഇതെല്ലാം മലയാളി ഹോട്ടലുകളുടെ സവിശേഷതയാണ്.

അധികവും ഇടത്തരം ഹോട്ടലുകളാണ്. വളരെ ചെറിയ നിലയിൽ ആരംഭിച്ചവ. സാമാന്യം വലിയ ഹോട്ടലായ രാമകൃഷ്ണലഞ്ച് ഹോം, വർഷങ്ങൾക്കു മുമ്പ് ഒരു ബ്രാഹ്മണസ്ത്രീ നാലഞ്ചാൾക്കു ചോറു കൊടുക്കാൻ വേണ്ടി തുടങ്ങിയതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്നവരുടെ മക്കൾ നടത്തുന്ന ഈ ഹോട്ടലിന് കൽക്കത്തയിൽ രണ്ടു ബ്രാഞ്ചുകളുണ്ട്. കൽക്കത്തയ്ക്കു പുറത്തും ശാഖകളുണ്ട്. ഹോട്ടൽ നടത്തി പൊളിഞ്ഞു പാപ്പരായവരുമുണ്ട്.


ഗുണ്ടകളുടെ വാഴ്ച

ഒരു ‘മദ്രാസി’യ്ക്ക് കൽക്കത്തയിൽ ഹോട്ടൽ നടത്തുവാൻ വളരെയേറെ പ്രതിബന്ധ ങ്ങളുണ്ട്. ബംഗാളികൾക്ക് മദ്രാസി ഖാന, പ്രത്യേകിച്ചും മസാലദോശ, ഇഷ്ടമാണെന്നല്ലാതെ, കാഷ് കൗണ്ടറിന്നു പിന്നിലിരിക്കുന്ന ‘മദ്രാസി’യെ അത്ര ഇഷ്ടമൊന്നുമില്ല. കൽക്കത്തയിൽ ഓരോ തെരുവുകളിലും ഒരു പ്രധാനദിവ്യനും അയാളുടെ അനുയായികളുമുണ്ട്. ഇവർ പണക്കാരുടെ മക്കളാണ്. പലർക്കും സ്വന്തം കാറുകളോ ബൈക്കുകളോ ഉണ്ട്. അവർ ഇടയ്ക്ക് ഈ ഹോട്ടലുകളിൽ ഒന്നായി വന്നു ഭക്ഷണം കഴിക്കും. പണം കൊടുക്കേണ്ട സമയ ത്ത് വല്ല നിസ്സാര കാരണവും പറഞ്ഞ് ലഹളയുണ്ടാക്കും. പിന്നെ സോഡക്കുപ്പികൾ, കസേ ലകൾ, ചിലപ്പോൾ ബോംബുകൾ, മുതലായ ആയുധങ്ങൾ കൈമാറുന്നു. കുറച്ചു നേരത്തെ യുദ്ധത്തിനു ശേഷം ഭീഷണിപ്പെടുത്തിക്കൊണ്ട് ഗുണ്ടകൾ മടങ്ങുന്നു. ഇത് ഇടയ്ക്കിടയ്ക്ക് ആവർത്തിക്കുന്നതായതു കൊണ്ട്, എന്തും അഭിമുഖീകരിക്കാൻ ധൈര്യമുള്ളവരേ ഇവിടെ ഹോട്ടൽ തുടങ്ങു.


ഹോട്ടൽക്കാരന്റെ കഥ

എനിക്കു പരിചയമുള്ള ഒരു ഹോട്ടലുടമസ്ഥനുണ്ട്. ഏതാനും കൊല്ലം മുമ്പ് പരിചയപ്പെടു മ്പോൾ അയാൾ ഒരു മെസ്സിൽ വാലിയക്കാരനായിരുന്നു. അഞ്ചാളുള്ള ആ മെസ്സിൽ അയാൾ ക്കു ചെലവു കഴിച്ച് അയ്മ്പതുറുപ്പിക ശമ്പളം കിട്ടിയിരുന്നു. ജോലിയാകട്ടെ രണ്ടു നേരം ചോറു വെയ്ക്കുക, മാർക്കറ്റിൽ പോകുക. അയാൾക്ക് ബുദ്ധിപരമായ തടസ്സങ്ങളൊന്നും ആ ജോലി ചെയ്യുന്നതിനുണ്ടായിരുന്നില്ല. പകൽ മുഴുവൻ വെറുതെയിരിക്കുന്നതുകൊണ്ടുള്ള വിരസത അയാളെ വിഷമിപ്പിച്ചു കണ്ടില്ല. പക്ഷേ എന്തു കാരണം കൊണ്ടോ അയാൾ ആ മെസ്സു വിട്ടു.

ഞാൻ അയാളെ പിന്നെ കാണുന്നത് നാലഞ്ചു ടിഫിൻകാരിയറുമായാണ്. കൽക്കത്തയിൽ വളരെയധികം സ്വകാര്യമെസ്സുകളുണ്ട്. അവർ ഓഫീസ് ജോലിക്കാർക്ക് ഉച്ചഭക്ഷണം എത്തിക്കുന്നു. ഒരു ഊണിന് ഒന്നേകാൽ മുതൽ ഒന്നര ഉറുപ്പിക വരെ ചാർജ്ജ് ചെയ്യും. ഈ സെറ്റുകൾ കൊണ്ടുപോയി കൊടുക്കുന്നവർക്കാകട്ടെ മാസത്തിൽ സെറ്റിന്ന് എട്ടുറുപ്പിക മുതൽ പത്തുറുപ്പികവരെ കിട്ടും. പത്തു സെറ്റു കൊണ്ടു പോയി കൊടുത്താൽ 80ക. കിട്ടും. അതു പരമാവധി വരവാണ്. അയാൾ ചെയ്തത് ബുദ്ധിപൂർവ്വമാണോ എന്നു ഞാൻ സംശ യിച്ചു. മെസ്സിൽ അയാൾക്കു കിട്ടിയിരുന്ന അമ്പതുറുപ്പിക എല്ലാ ചിലവുകളും കഴിച്ചുള്ള താണ്. താമസത്തിന്നോ ഭക്ഷണത്തിന്നോ അയാൾ വിഷമിക്കേണ്ട. പിന്നീടാണ് രഹസ്യം മനസ്സിലായത്. ഏതാനും മാസങ്ങൾക്കുശേഷം അയാളെ കണ്ടപ്പോൾ അയാൾ ഏറ്റിയിരുന്നത് സ്വന്തം മെസ്സിൽ നിന്നുള്ള സെറ്റുകളായിരുന്നു. മദ്ധ്യകൽക്കത്തയിലെവിടെ യോ ഒരു കെട്ടിടത്തിന്റെ ചായ്പിൽവെച്ച് ഭക്ഷണം പാകം ചെയ്തു കൊണ്ടുവരികയാണ്. ഡൽഹൗസി സ്‌ക്വയറിൽ പല ഓഫീസുകളിലായി അഞ്ചുപത്തു പതിവുകാരെ പിടിച്ചിട്ടുണ്ട്. സെറ്റുകളുടെ എണ്ണം ക്രമേണ വർദ്ധിച്ചു. ഇപ്പോൾ അയാൾ ഡൽഹൗസിയിൽ സ്വന്തമായി ഒരു ചെറിയ ഹോട്ടൽ തുടങ്ങിയിരിക്കയാണ്. എന്താണ് അയാളുടെ മുതൽക്കൂട്ട്, തികഞ്ഞ ആത്മവിശ്വാസ വും വിജയിക്കുമെന്ന് ഉറച്ച തീരുമാനവുമല്ലാതെ!


വാലിയക്കാർ

പഴയ മെസ്സിൽ തുടർന്നിരുന്നുവെങ്കിൽ അയാൾ ഇന്നും ഒരു വാലിയക്കാരനായി കഷ്ടപ്പെട്ടേനെ. ഒരു വാലിയക്കാരന്റെ ജീവിതം മറ്റെല്ലായിടത്തുമെന്നപോലെ ഇവിടെയും കഷ്ടതരമാണ്. ഓഫീസു ജോലിക്കാരെ പോലെ ലീവോ മറ്റു ആനുകൂല്യങ്ങളോ ഇല്ല. കൊല്ല ത്തിൽ മുന്നൂറ്റിയറുപത്തഞ്ച് ദിവസവും അദ്ധ്വാനിച്ചാലും നാട്ടിലൊന്നു പോകണ മെങ്കിൽ കടം വാങ്ങണം. പലപ്പോഴും ആ മാസത്തെ ശമ്പളം കിട്ടിയില്ലെന്നും വരും. ഭിന്നരുചിക്കാരായ മെസ്സംഗങ്ങളെ പ്രീതിപ്പെടുത്തുകയെന്നത് ഒരിക്കലും സാധിക്കാത്ത ഒരു കാര്യമാണ്. അതു കൊണ്ട് അവരുമായുള്ള വാലിയക്കാരന്റെ ബന്ധം മിക്കവാറും കയ്പുനിറഞ്ഞതായിരിക്കും. വൈവാഹികജീവിതം അവർക്കു വിധിച്ചതല്ല. ഈവക കാരണങ്ങളാൽ പലരും, ഈ തൊഴിൽ, ജീവിതത്തിലെ പ്രതികൂലകാലാവസ്ഥയിൽനിന്നു രക്ഷ നേടാനുള്ള ഒരു കുപ്പായം മാത്രമായിട്ടേ കണക്കാക്കാറുള്ളു. കുറച്ചു കഴിഞ്ഞാൽ അതൂരി വലിച്ചെറിയും.

വിവാഹം കഴിഞ്ഞു കുട്ടികളായവരും ഈ വേലയ്ക്കു നിൽക്കുന്നുണ്ട്. നാട്ടിലെ

ഇടത്തരം കുടുംബങ്ങളിലെ സാമ്പത്തിക തകർച്ചയാണ് അവരെ ഈ പണിക്കു വലിച്ചിഴക്കുന്നത്. ഇവിടെ വാലിയക്കാരനായി ജോലി ചെയ്ത് മകനെ ടൈപ്പ്‌റൈറ്റിംഗ് പഠിപ്പിച്ച് ഒരു ഓഫീസിൽ ജോലിയാക്കിക്കൊടുത്ത ഒരാളെ എനിക്കറിയാം.

ചെർപ്പുളശ്ശേരിക്കാരൻ സുന്ദരന്റെ കഥ രസകരമാണ്. പതിനേഴു കൊല്ലം മുമ്പ് കൽക്കത്തയിൽ വന്ന അയാൾ രണ്ടു മൂന്നു സ്ഥലങ്ങളിലായി പാചകവൃത്തി ചെയ്തു ജീവിച്ചു. അവസാനം ജോലി ചെയ്ത മെസ്സിലെ അംഗങ്ങൾ പോയപ്പോൾ ആ മെസ്സ് സ്വയമേറ്റെടുത്തു നടത്താൻ തുടങ്ങി അതൊരൽത്ഭുതമാണ്. കാരണം അയാൾക്ക് അക്ഷരാഭ്യാസമില്ല. ഒന്നും ഒന്നും കുട്ടുവാൻ അറിയില്ല. സ്വന്തം വയസ്സെത്രയായെന്ന് പോലുമറിയില്ലെന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഊഹിക്കാം. എങ്കിലും അയാൾ മെസ്സു നടത്തുന്നു. അഞ്ചാറ് അന്തേവാസികളുണ്ട് ഭവാനിപൂരിലുള്ള ആ മെസ്സിൽ. പോരാത്തതിന് ഓഫീസുകളിൽ ചോറു കൊണ്ടു പോയി കൊടുക്കുന്നുമുണ്ട്. ചിലവു കഴിച്ച് അയാളുടെ മാസവരുമാനം ഇരുന്നൂറുറുപ്പികയിലുമധികമാണ്.


പാർക്ക് സ്റ്റ്‌റീറ്റ്‌നായർ

പിന്നെ പാർക്ക് സ്റ്റ്‌റീറ്റ് നായരാണ്. അയാളെപ്പറ്റി കേൾക്കാത്തവർ കൽക്കത്തയിലുണ്ടാ വില്ല. തൃത്താലക്കാരനായ നാരായണൻനായരെ സംബന്ധിച്ചു അത്ഭുതകരമായ ഒരു പ്രത്യേകതയെന്തെന്നാൽ വർഷങ്ങൾ അയാളിൽ ഒരു മാറ്റവും വരുത്തിയില്ല. നായരിലെന്നല്ല, അയാൾ നടത്തുന്ന ഹോട്ടലിനും, അവിടെ വിളമ്പുന്ന ഭക്ഷണസാധനങ്ങളുടെ ഗുണത്തിനും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

തൊള്ളായിരത്തി ഇരുപത്തേഴിൽ കൽക്കത്തയിൽ വന്നു. മുപ്പതു മുതൽ അയ്മ്പതുവരെ അന്നു വാൽഫോഡിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന ശ്രീ വി. എം. നായരുടെ വീട്ടുകാര്യസ്ഥനായി ജോലിനോക്കി. ശ്രീ വി. എം. നായർ പിരിഞ്ഞു പോയപ്പോൾ സ്വന്തം ഹോട്ടൽ തുടങ്ങി. ചെറിയ ഒരു മുറിയിൽ വലിയ മേശ, ബഞ്ചുകൾ, പലഹാരങ്ങൾ നിറച്ച ചില്ലലമാറ, പ്ലൈവുഡ്‌കൊണ്ടു വിഭജിച്ചുണ്ടാക്കിയ അടുക്കള, കഴിഞ്ഞു. ഇവിടെ നായർ ഇരുപതുകൊല്ലം ഹോട്ടൽ നടത്തി. പണം സമ്പാദിച്ചു. മൂന്നു മക്കളെ നല്ല വിദ്യാഭ്യാസം നൽകി ജോലിയാക്കി. പക്ഷെ ഇതൊന്നും നായരുടെ തല കനപ്പിച്ചില്ല. അയാൾ ഇന്നും അതേ പഴയ നായരായി തുടരുന്നു.

ഒന്നു നിന്നുതിരിയാൻപോലുമിടമില്ലാത്ത പീടികയിൽ നാട്ടിൽ നിന്നു കൊണ്ടുവന്ന ചേന, നേന്ത്രപ്പഴം, മലയാള പ്രസിദ്ധീകരണങ്ങൾ, എന്നിവ വിറ്റു ജീവിക്കുന്ന ധാരാളം മലയാളികളുണ്ട്. വീടുകൾ തോറും നടന്ന് ചൂടിപ്പായകൾ വിൽക്കുന്നവർ, വേനലിന്റെ വരവിൽ ജാലകങ്ങളിൽ തൂക്കാനുള്ള രാമച്ചത്തട്ടികകളുമായു നടക്കുന്നവർ, പാർക്ക് സർക്കസ്സ് മാർക്കറ്റിലോ. കിദർപൂരിലോ ഉണക്കമത്സ്യം വിൽക്കുന്നവർ, ചൗറങ്കിയിൽ ചെറിയ കടയിൽ ഗ്ലാസിട്ട കേസുകളിൽ പെന്നുകളും സൺഗ്ലാസുകളും നിരത്തി തിരക്കുപിടിച്ച കച്ചവടം നടത്തുന്നവർ, അങ്ങിനെ വിവിധ തലങ്ങളിൽ നിങ്ങൾക്കു മലയാളിയെ കാണാം.

മലയാളികൾ നടത്തുന്ന തുന്നൽക്കടകൾ ഇവിടെ വളരെ ജനസമ്മതി നേടിയവയാണ്. വളരെ പേരുകേട്ട ഒരു തുന്നൽക്കടയുടെ ഉടമസ്ഥന് കൽക്കത്തയിൽ ഒരഞ്ചുനിലക്കെട്ടിടം പണിയാൻ കഴിഞ്ഞു.

ഈ നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളിൽ കൽക്കത്തിൽ വന്ന മലയാളികളുണ്ട്. അവർ അധികവും ഗവർമ്മെണ്ടു ജോലികളിൽ പ്രവേശിച്ചു. ക്രമേണ നല്ല നിലയിൽ ഉയർന്നു. അടുത്ത് ഒരു കാരണവരെപ്പറ്റി അറിയാൻ കഴിഞ്ഞു. പാലക്കാട്ടുകാരനായ അദ്ദേഹം നാല്പതു കൊല്ലം മുമ്പ് നാടുവിട്ടതാണ്. മൂന്നാംക്ലാസ്സുവരെ പഠിച്ച അദ്ദേഹം ഇവിടെ വന്ന് കാലക്രമത്തിൽ പോലീസു വകുപ്പിൽ ജോലി സമ്പാദിച്ചു. കഴിവുകൊണ്ടു മാത്രം ഉയർന്നു വന്നു. പിരിയുമ്പോൾ കൽക്കത്താ പോലീസിൽ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. ഇന്നദ്ദേഹം ഇവിടെ സ്വന്തമായി ബിസിനസ്സു ചെയ്തു കഴിയുന്നു.

1927—ലാണ് കഴക്കൂട്ടത്തുകാരനായ ശ്രീ വി. കെ. പണിക്കർ, മദ്രാസ് ലോണ്ടറി സ്ഥാപിച്ചത്. നാല്പത്തഞ്ചു കൊല്ലത്തിന്നുള്ളിൽ അത് ഒരു വലിയ ബിസിനസ്സായി വളർന്നുവന്നു. ഇന്ന് കൽക്കത്താ നഗരത്തിൽ വിവിധ ഭാഗങ്ങളിലായി പതിനാലു ബ്രാഞ്ചുകളുള്ളതിൽ ഇരുന്നൂറ്റി അയ്മ്പതോളം പേർ ജോലി ചെയ്യുന്നുണ്ട്. പതിനാലു ബ്രാഞ്ചുകളിലായി വർഷത്തിൽ അഞ്ചുലക്ഷം ഉറുപ്പികയുടെ ബിസിനസ്സു ചെയ്യുന്നുണ്ട്.

കൽക്കത്താ മലയാളിയുടെ സാംസ്‌കാരിക ജീവിതം ഒരു വലിയ നാട്യം മാത്രമാണ്. വല്ലപ്പോഴും മലയാളി സംഘടനകൾ അവതരിപ്പിക്കുന്ന വില കുറഞ്ഞ നാടകങ്ങളോ, മറ്റു കലാപരിപാടികളോ, അല്ലെങ്കിൽ കേരളത്തിൽ നിന്നു അപ്പപ്പോഴായി കൊണ്ടുവരുന്ന തൊഴിൽ നാടക സംഘടനകളുടെ നാടകങ്ങളോ കാണാൻ അവർ കുടുംബസമേതം പോകുന്നു. സ്വപിതാവിന്റെ ശേഷക്രിയയ്ക്കു ബലിയിടേണ്ടിവരുന്ന ഭൗതികവാദിയുടെ മനോഭാവമാണ് അധികം പേർക്കും. ഇനി സമാജങ്ങളുടെ കഥയോ?

ഇവിടെ സമാജങ്ങൾ ഉടലെടുക്കുകയും നശിക്കുകയും ചെയ്തിട്ടുണ്ട്. സമാജങ്ങൾക്കു വേണ്ടിയുള്ള കുരിശുയുദ്ധമാകട്ടെ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. പൊതുവെ മലയാളി സംഘടനകളിൽ കാണുന്ന രോഗമായ ഇടതുപക്ഷരാഷ്ട്രീയം കൽക്കത്താ മലയാളി സംഘടനകളേയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയമോ! അതു വെറുമൊരു മുഖംമൂടിയാണ്. സൗകര്യത്തിനു വേണ്ടി ധരിക്കുന്ന മുഖംമൂടികൾ. ഒരേ നിറമുള്ള മുഖംമൂടി ധരിച്ചവർ മറ്റുനിറമുള്ളവരെ അകറ്റാൻ ശ്രമിക്കുന്നു. മുഖംമൂടി കാട്ടി ഭയപ്പെടുത്തുന്നു. സംഘടനകളുടെ അധഃപതനത്തിനു കാരണക്കാരാരായാലും ശരി, ഒരു സാധാരണക്കാരൻ ഇന്നു സമാജങ്ങളെ പുച്ഛച്ചതോടെയാണ് വീക്ഷിക്കുന്നത്.

ഇവിടുത്തെ മലയാളിസംഘനടകളുടെ വളർച്ചയെ അപഗ്രഥിച്ചുനോക്കാം. അംഗസംഖ്യ കൊണ്ടു മുന്നിട്ടുനിൽക്കുന്നത് കൽക്കത്താ മലയാളിസമാജമാണ്. 1952—ൽ ഒരു ഗരാജിൽ ശ്രീമാന്മാർ ഇ. പി. കേശവൻ, എൻ. സി. നായർ, എൻ. രവീന്ദ്രൻ, സി. പി. രാജൻ മുതലയാവർ കൂടി തുടങ്ങിയതാണ്. ആദ്യത്തെ അദ്ധ്യക്ഷൻ ശ്രീ രാമയ്യരായിരുന്നു.

സമാജത്തിന്റെ പ്രഥമ സംരംഭം രണ്ടു കൊല്ലം കഴിഞ്ഞ് വിജയകരമായി നടത്തിയ സാംസ്‌കാരിക കലോത്സവമായിരുന്നു. അതിൽ കേരളത്തിലെ ഒട്ടു മുക്കാലും കലകൾ പ്രദർശിപ്പിക്കപ്പെട്ടു. 1955—ൽ നൃത്തത്തിന്നുള്ള ക്ലാസ്സുകൾ നൃത്യകൈരളിയെന്ന പേരിൽ ആരംഭിച്ചു. ലിറ്ററ്റി ആൻഡ് ഡിബേറ്റിംഗ് സൊസൈറ്റി നാടകം, സംഗീതം, കായിക വിഭാഗം മുതലായ പല പ്രവർത്തനങ്ങളും തുടങ്ങി. ജൈത്രയാത്രയെന്ന പേരിലൊരു കൈയെഴുത്തു മാസികയും. 7000—ത്തിൽപരം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയുണ്ട് സമാജത്തിന്ന്. നാഷനൽ ലൈബ്രറി കഴിച്ചാൽ മലയാള പുസ്തകങ്ങളുള്ള രണ്ടാമത്തഗ്രന്ഥ ശാലയാണിത്.

കായിക വിഭാഗത്തിന്ന്, എടുത്തു പറയാവുന്ന നേട്ടങ്ങളുമുണ്ട്. സമാജം വോളിബാൾടീം പശ്ചിമബംഗാൾ വോളി ബാൾടീം ഫെഡറേഷനിൽ ഫസ്റ്റ് ഡിവിഷനിൽ കളിക്കുന്നു.

സമാജം കലാസമിതി, ശ്രീ ശിവശങ്കരന്റേയും കലാമണ്ഡലം ഗോവിന്ദൻകുട്ടിയുടെയും സംവിധാനത്തിൽ നാലഞ്ചു നൃത്യനാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. തച്ചോളി ഒതേനൻ, പരശുരാമൻ, ഏകലവ്യൻ, ബുദ്ധൻ, ബുദ്ധചരിതം, വീണപൂവ് മുതലായവ.

അറുപത്തിയൊന്നിൽ അന്നത്തെ കേരളഗവർണ്ണരായിരുന്ന ശ്രീ വി. വി. ഗിരി ഉത്ഘാടനം ചെയ്ത കെട്ടിടഫണ്ടു വരെ സമാജത്തിന്റെ വളർച്ചയുടെ കാലമായിരുന്നു. കേരളത്തിൽ നിന്നു കൊണ്ടു വരുന്ന നാടകങ്ങൾ സാമ്പത്തികമായ വിജയമായിരുന്നു. 1,13,000 ക.യുടെ ഒരു സ്ഥലം വാങ്ങാൻ ഈ നാടകപ്രദർശനങ്ങൾ സഹായിച്ചു. ഈ സംഖ്യയിൽ 93.000ക. മാത്രമേ കൊടുത്തു തീർത്തിട്ടുള്ളു. ഇത്രയും സംഖ്യ തന്നെ തവണകളായാണ് അടച്ചു തീർത്തത്.

ദുരിതാശ്വാസപ്രവർത്തനങ്ങളിലും കൽക്കത്താ മലയാളികൾ പിന്നോക്കമായിരുന്നില്ല. ആസ്സാം, ഉത്തരബംഗാൾ, കേരളം എന്നീ സ്ഥലങ്ങളിലെ വെള്ളപ്പൊക്കം കൊണ്ടുണ്ടായ ദുരിതനിവാരണത്തിന്ന് ധാരാളം ധനശേഖരം നടത്തിയിട്ടുണ്ട്.

സമാജത്തിന്റെ അംഗസംഖ്യയാകട്ടെ ഒരു കാലത്ത് ആയിരത്തഞ്ഞൂറായിരുന്നു.

എന്തൊരു ശോഭനമായ ചിത്രം അല്ലേ? എന്നാൽ ഒരു ഗരാജിൽ തുടങ്ങി ഇതുവരെയുള്ള വളർച്ച ഒട്ടും സമാധാനപൂർവ്വമായിരുന്നില്ല. അതുപോലെ ഇന്നു നാം കാണുന്ന ചിത്രവും അത്ര ശോഭനമല്ല.

ഓരോരോ കാലത്തായി ഓരോ വിഭാഗം ആൾക്കാർ സമാജത്തിൽനിന്നും വിട്ടുപോയി വേറെ സംഘടനകളുണ്ടാക്കിയിട്ടുണ്ട്. അവയിൽ പലതും അകാലമൃത്യു വരിച്ചിട്ടുണ്ട്. ചിലത് നന്നായി കുറെക്കാലം നടന്നു, നശിച്ചുപോയിട്ടുണ്ട്. കലാപരിഷത്ത് വളരെക്കാലം സജീവമായി പ്രവർത്തിച്ച സംഘടനയാണ്. അടുത്ത കാലത്ത് എതിർപ്പുകൾ വക വെയ്ക്കാതെ അവർ പാശ്ചാത്യമട്ടിൽ ഒരു ക്ലബ്ബ് തുടങ്ങിയതോടെയാണ് പരിഷത്ത് നശിച്ചത്. അത്രയധികം ‘സോഫിസ്റ്റിക്കേറ്റഡ’ല്ലാത്ത ഭൂരിപക്ഷം മലയാളികളെ അങ്ങിനെ ഒരു ക്ലബ്ബ് അകറ്റുമെന്ന് ആദ്യമേ

അഭിപ്രായമുണ്ടായിരുന്നു. എന്തായാലും പരിഷത്തിന്റെ കലാവിഭാഗം ഇന്നില്ല. കേരള ക്ലബ്ബും ഇങ്ങിനെ തുടങ്ങി അധികകാലം നിലനിൽക്കാത്ത ഒരു സംഘടനയായിരുന്നു.

വേറെയും ചെറിയ ചെറിയ സംഘടനകളുണ്ടായിട്ടുണ്ട്. പക്ഷെ അവയെല്ലാം ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മാതിരിയാണ്. സമാജം കഴിഞ്ഞാൽ പിന്നെ ഇവിടുത്തെ മലയാളികളിൽ അല്പമെങ്കിലും സ്വാധീനം ചെലുത്തുന്നത് അടുത്ത കാലത്തു നിലവിൽ വന്ന ‘കേരള കൾച്ചറൽ ഫോറ’മാണ്. സമാജത്തിലെ രാഷ്ട്രീയത്തിന്റെ അതിപ്രസരം കാരണം മടുത്തു പിൻമാറിയവരാണ് അതിൽ അംഗങ്ങളെങ്കിലും ഇത് സമാജത്തിന്റെ സമാന്തര സംഘടനയല്ലെന്ന് അവർ വാദിക്കുന്നു. കേരളീയർക്കു തങ്ങളുടെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും കലാപ്രദർശനത്തിനുമുള്ള ഒരു വേദി മാത്രമാണത്രെ കൾച്ചറൽ ഫോറം. ഒരു നല്ല സംഘടനാ ചതുരനായ ശ്രീ സഹസ്രനാമനാണ് ഈ പുതിയ സംഘടനയുടെ പിന്നിൽ.

മലയാളി സമാജത്തിന്റെ ഇന്നത്തെ നില തുലോം പരിതാപകരമാണ്.

സമാജത്തിന്റെ ഇപ്പോഴത്തെ പ്രസിഡണ്ടായ ശ്രീ അച്യുതവാരിയർ രാഷ്ട്രീയവടംവലികളിൽ നിന്നും ഉയർന്നു നിന്ന്, വിട്ടുപോയവരെ തിരികെ യോജിപ്പിച്ച് പഴയ അന്തസ്സത്ത വീണ്ടെടുക്കാൻ യത്‌നിക്കുന്നുണ്ട്.

ഈ പൊതുസംഘടനകൾക്ക് പുറമെ പ്രാദേശികവും മതപരവുമായ സംഘടനകളുണ്ട്. കൽക്കത്തയിൽ, നൂറ്റമ്പതു പേരുള്ള തള്ളിപ്പറമ്പു സംഘം, മുസ്ലീം അസോസിയേഷൻ. കാത്തലിക് അസോസിയേഷൻ, മുതലായവ.


ഭാവി

മലയാളി കൽക്കത്തയിൽ കേവലം പതിനാറാമൻ മാത്രമാണ്. ഈ മഹാനഗരത്തിൽ നിന്ന് കൊടുക്കുന്നതിലേറെ അയാൾ തിരിച്ചു വാങ്ങുന്നുണ്ട്. ഒരു ശരാശരി ബംഗാളിയേക്കാൾ നന്നായി അയാൾ ഈ നഗരത്തിൽ ജീവിക്കുന്നു. മിച്ചമുള്ളതുകൊണ്ട് നാട്ടിലെ കുടുംബത്തെ താങ്ങുന്നു. കേരളത്തിന്റെ സാമ്പത്തികനില തന്നെ ഒരു ‘മണിയോർഡർ സാമ്പത്തിക വ്യവസ്ഥ’യല്ലേ?

എന്നാൽ ഒരു മലയാളി ഇവിടെ സംതൃപ്തനാണോ? ചോദിക്കൂ, ജീവിതം മടുത്തെന്നു ത്തരം കിട്ടും. കൽക്കത്ത വിട്ടു നാട്ടിൽത്തന്നെ വല്ല ഉപജീവനമാർഗ്ഗവും നേടണമെന്നാണ യാളുടെ ആഗ്രഹം. കേരളം വ്യവസായവൽക്കരിക്കുന്നതിന്നുള്ള ശ്രമങ്ങൾ നടത്താതെ, രാഷ്ട്രീയത്തിന്റെ മറവിൽ സ്വന്തം താല്പര്യങ്ങളുടെ പിന്നാലെ ഓടി നടക്കുന്ന രാഷ്ട്രീയ ക്കാരെ അയാൾ അമർഷത്തോടെയാണ് നോക്കുന്നത്.

ഇങ്ങിനെയൊക്കെയായാലും മലയാളിയെ പ്രസന്നവജനനായേ കാണൂ. എല്ലാം മറന്നു ചിരിക്കാനുള്ള കഴിവ് മലയാളിയുടെ പ്രത്യേകതയാണ്. ഒരു പുറംരാജ്യക്കാരന് അസൂയ യുണ്ടാക്കുന്നതാണിത്. പക്ഷെ, ആ ചിരിയുടെ പിന്നിലുള്ള വിഷാദം ആഴമേറിയതാണ്, ചുഴികളുള്ളതാണ്.

മലയാളികളെ ബംഗാളിൽ നിന്നു പുറത്താക്കാൻ വല്ല സംഘടിതശ്രമവും നടത്തുന്നു ണ്ടോ? ഇല്ലെന്നു പറയാം. മലയാളികൾക്കെന്നല്ല, മറ്റൊരു വിഭാഗക്കാർക്കും തൽക്കാലം ഈ ഭീഷണിയില്ല. ബംഗാൾ നാഷനൽ വളണ്ടിയർ പാർട്ടി (ആ. ച. ഢ. ജ.) എന്ന പേരിൽ അടുത്ത കാലത്തു ഉടലെടുത്ത സംഘടന ആദ്യമെല്ലാം കുറച്ചാശങ്കയ്ക്കവകാശം നൽകിയിരുന്നു. അവരുടെ യൂനിഫോറമിട്ട ചെറുപ്പക്കാരായ വളണ്ടിയർമാരും ഹിന്ദി ഭാഷയ്‌ക്കെതിരായി ചുവരുകളിൽ പ്രത്യക്ഷപ്പെട്ട മുദ്രാവാക്യങ്ങളും ആണ് അതിനു കാരണം.

ഏതാനും വർഷങ്ങൾക്കു മുമ്പ് മലയാളികളോട് ഉടൻ സ്ഥലം വിടുവാൻ ആജ്ഞാപിച്ചു കൊണ്ടുള്ള ലഘുലേഖകൾ പെട്ടെന്നൊരു ദിവസം പ്രത്യക്ഷപ്പെട്ടു. മലയാളികൾ പാർക്കുന്ന സ്ഥലങ്ങളിൽ ചുവരുകളിൽ വലിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അതിന്റെ പിന്നിൽ പ്രവർത്തിച്ച കൈകൾ ആരുടെയാണെങ്കിലും, രാഷ്ട്രീയത്തിന്റെ ഉന്നതതലങ്ങളിലുള്ള ചിലർ ഇടപെട്ട് അതു മുളയിൽത്തന്നെ നുള്ളിക്കളഞ്ഞു.

ഇപ്പോൾ, താൽക്കാലികമായെങ്കിലും, ഭയപ്പെടേണ്ട യാതൊരാവശ്യവുമില്ല. പക്ഷെ ഈ സമാധാനിക്കൽ തികച്ചും പൊള്ളയാണ്. മനുഷ്യത്വം അവസാനമായി മാത്രം പരിഗണിക്കുന്ന രാഷ്ട്രീയ പാർട്ടികൾ, അവകാശങ്ങൾ വക വെച്ചു കിട്ടാനുള്ള തിരക്കിൽ കലാപക്കാരായി മാറിയ തൊഴിലാളികൾ, വിട്ടുവീഴ്ചയ്ക്കു തയ്യാറില്ലാത്ത വ്യവസായ ഉടമകൾ, ഇവരെല്ലാം ചേർന്നു ഒരു പുതിയ, ആപൽക്കരമായ സ്ഥിതിവിശേഷം ഉളവാക്കിയിരിക്കുന്നു. പ്രധാനപ്പെട്ട പല തൊഴിൽശാലകളിലും ഇന്നു പണിമുടക്കം പൂട്ടിയിടലുമാണ്. വ്യാവസായിക വളർച്ച ബംഗാളിൽ ഒരുമാതിരി നിലച്ചിരിക്കുന്നു.

ഈ കാരണങ്ങളാൽ തൊഴിലില്ലായ്മ എല്ലാ കാലത്തേക്കാളും വർദ്ധിച്ചിരിക്കുന്നു. ജീവിതച്ചെലവുകളുടെ വർദ്ധനവിന്നിടയിൽ വരുന്ന ഈ ഭീമമായ തൊഴിലില്ലായ്മ എന്തെ ല്ലാം കെടുതികളാണ് വരുത്തിവെയ്ക്കുകയെന്ന് ഊഹിക്കാം. ഈ സ്ഥിതിവിശേഷത്തിൽ വെറും ഒരു നിസ്സാരജനവിഭാഗമായ മലയാളിക്ക് എന്തു രക്ഷയാണുണ്ടാകുക?


— മാതൃഭൂമി ആഴ്ചപ്പതിപ്പ്

1970 മാർച്ച് 29