close
Sayahna Sayahna
Search

ഈ ഭൂമിയുടെ സ്തോതാവ്


ഈ ഭൂമിയുടെ സ്തോതാവ്
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണൻ നായർ
മൂലകൃതി ശരത്ക്കാലദീപ്തി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ്
വര്‍ഷം
1993
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 147

എം കൃഷ്ണൻ നായർ

“നോട്ടുബുക്കില്‍ ഞാന്‍ എന്നും എഴുതുമായിരുന്നു. തികഞ്ഞ മൗലികതയോടെയാണു ഞാന്‍ ആദ്യമായി എഴുതിയത്. ഓഡന്‍, എല്യറ്റ് ഇവരുടെ മാത്രമല്ല എല്ലാ കവികളുടെയും കവിതകള്‍ വായിച്ചപ്പോള്‍ എനിക്കുണ്ടായ മഹനീയമായ ഔന്നത്യവും മോചനവും ഞാന്‍ ഓര്‍മ്മിക്കുന്നു. ഒരു ദിവസം ഞാന്‍ സ്പെന്‍ഡറെപ്പോലെ എഴുതും. വേറൊരു ദിവസം ഡിലാന്‍ തോമസിനെപ്പോലെയാവും എഴുതുക. ആവശ്യമുള്ളിടത്തോളം കവിതകള്‍ എഴുതിക്കഴിയുമ്പോള്‍ അവ അച്ചടിക്കണമെന്നു വിചാരിച്ചു.”

നോബല്‍ സമ്മാനം നേടിയ കരീബിയന്‍ കവി ഡെറിക് വൊള്‍കട്ട് (Derek Walcott) തന്റെ യൗവനകാലകൗതുകത്തെക്കുറിച്ചു പറഞ്ഞതാണിത്. 1948-ല്‍ കവിക്കു പതിനെട്ടു വയസാണ്. ആ വര്‍ഷത്തില്‍ അദ്ദേഹം ‘25 poems’ എന്ന സമാഹാരഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. ആ പ്രസാധനത്തെക്കുറിച്ച് ഒരഭിമുഖസംഭാഷണത്തില്‍ വൊള്‍കട്ട് ആര്‍ജവത്തോടെ പറഞ്ഞ ഈ വാക്യങ്ങളില്‍ അദ്ദേഹത്തിന്റെ കവനകൗതുകം നമ്മള്‍ കാണുന്നു. പിന്നീട് അദ്ദേഹം തുടരെത്തുടരെ കാവ്യഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

Epitaph for the Young (1949), Poems (1951), In a Green Night: Poems 1948–1960 (1962), Selected Poems (1964), The Castaway (1965), Sea Grapes (1976), The Star Apple kingdom (1979), The Fortunate Traveller (1981) Midsummer (1984) Collected Poems (1986), The Arkansas Testament (1987) ഇങ്ങനെ എത്രയെത്ര കാവ്യസമാഹാരഗ്രന്ഥങ്ങളാണ് ഈ പ്രതിഭാശാലിയുടേതായി നമുക്കു ലഭിച്ചത്. ഓരോന്നും അദ്ദേഹത്തിന്റെ കവിത്വശക്തിക്കു നിദര്‍ശകമായിരുന്നു. ഇന്നു വൊള്‍കട്ട് മഹാകവിയായി അംഗീകാരം നേടിയിരിക്കുന്നു.

അദ്ദേഹത്തിന്റെ കവിതയുടെ സ്വഭാവത്തിലേക്കു കടക്കുന്നതിനു മുന്‍പ് ജീവചരിത്രവിഷയകമായി ചിലതു സൂചിപ്പിച്ചുകൊള്ളട്ടെ. കരീബിയന്‍ ദ്വീപായ സെന്റ് ലൂഷ്യയിലാണു വൊള്‍കട്ട് 1930-ല്‍ ജനിച്ചത്. സെന്റ് ലൂഷ്യയിലെ സെന്റ് മേരീസ് കോളേജിലും ജമൈക്കയിലെ വെസ്റ്റ് ഇന്‍ഡീസ് സര്‍വകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം. പിന്നീട് വളരെക്കാലം ട്രിനിഡാഡില്‍ താമസിച്ചു. അധ്യാപകന്‍, ജേർണലിസ്റ്റ് ഈ നിലകളില്‍ പ്രവര്‍ത്തിച്ച കവി ട്രിനിഡാസ് തിയറ്റര്‍ വര്‍ക്ഷോപ്പിന്റെ സ്ഥാപക ഡയറക്ടറായി. കവിയെന്ന നിലയില്‍ രാഷ്ട്രാന്തരീയ പ്രശസ്തിയാര്‍ജിച്ച അദ്ദേഹം Jock Campbell Award 1974-ലും Welsh Arts Council International Writer’s Prize 1980-ലും നേടുകയുണ്ടായി. ഇപ്പോള്‍ നോബല്‍ സമ്മാനവും.

കവിയായി രംഗപ്രവേശം ചെയ്യുന്നതിനു മുന്‍പു വൊള്‍കട്ട് ചിത്രകാരനായിരുന്നുവെന്നും വസ്തുക്കളെ ആലേഖനം ചെയ്യാനുള്ള ആ കൗതുകമാണു കവിതയില്‍ ദൃഷ്ടിഗതമായ ബിംബങ്ങള്‍ പ്രയോഗിക്കാനുള്ള തല്‍പരത്വം അദ്ദേഹത്തിന് ഉളവാക്കിയതെന്നും നെഡ്തോമസ് എന്ന നിരൂപകൻ പറയുന്നു. ഇതു ശരിയാണെന്ന് അദ്ദേഹത്തിന്റെ ഏതു കാവ്യവും തെളിയിക്കും. രണ്ടു കുട്ടികള്‍ — സഹോദരനും സഹോദരിയും — ചിത്രശലഭങ്ങളെ പിടിക്കുന്നതിനെ വര്‍ണിക്കുന്ന A lesson for this Sunday എന്ന കാവ്യത്തിലെ ഒരു ഭാഗം കാണുക.

Of Two small Children Hunting
yellow Wings,
Who break my Sabath with
the thought of Sin
Brother and Sister, with a
Common Pin,
Frowning like Serious
lepidopterists.
The little Surgeon pierces
The thin eyes

ചിത്രകാരന്‍മാര്‍ ചായം കൊണ്ടു വര്‍ണിക്കുകയും കവികള്‍ വാക്കു കൊണ്ടു ചിത്രമെഴുതുകയും ചെയ്യുന്നുവെന്നു പറയാറുണ്ട്. വൊള്‍കട്ടിന്റെ വാക്കുകള്‍ ചിത്രശലഭങ്ങളെയും അവയെ ക്രൂരതയോടെ സമീപിക്കുന്ന കുട്ടികളെയും ചലച്ചിത്രത്തിലെ ചിത്രമെന്നപോലെ നമ്മുടെ മുന്‍പില്‍ കൊണ്ടുവരുന്നു. ഇവിടെ ചിത്രകാരനായ വൊള്‍കട്ടിനെത്തന്നെയാണു നമ്മള്‍ ദര്‍ശിക്കുക. ഇതുമാത്രമാണെങ്കില്‍ ഈ കവി രചനാവൈദഗ്ദ്ധ്യം മാത്രമുള്ള കവിയാണെന്നേ നമ്മള്‍ പറയൂ. പക്ഷേ അതിലും കവിഞ്ഞൊരു പ്രാധാന്യം ഇതിനുണ്ട്. നിഷ്കളങ്കതയുള്ള കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ നിഷ്കളങ്കത ആവഹിക്കുന്നവരല്ല. ചിത്രശലഭങ്ങളെപ്പോലുള്ള ജീവികളെ ഹിംസിക്കാന്‍ അവര്‍ക്കു തല്‍പരത്വമുണ്ട്. ആദ്യപാപത്തിന്റെ ഫലമാണ് ഈ ക്രൂരത. ആദാമും ഹവ്വയും അധഃപതിച്ചതുകൊണ്ടാണ് ഇതു സംഭവിച്ചത്. കുട്ടികളിലൂടെ ആരംഭിച്ചു പ്രായമെത്തിയവരിലൂടെ പ്രാദുര്‍ഭാവം കൊള്ളുന്ന ഈ നൃശംസത മാനവലോകത്തിന്റെ ആകെയുള്ള സ്വഭാവമാണെന്നു വൊള്‍കട്ട് അഭിവ്യജ്ഞിപ്പിക്കുന്നു. മതപരമായ ഈ ഭാവസംദൃബ്ധതയാണ് അദ്ദേഹത്തിന്റെ കവിതയുടെ സവിശേഷത. പള്ളിയില്‍നിന്ന് ഉയരുന്ന മണിനാദത്തിന്റെ അനുഗ്രാഹകതയെ കവി ആവിഷ്കരിക്കുന്നതിന്റെ ചാരുത കണ്ടാലും:

And nothing I can learn
From Art or loneliness
Can bless them as the bell’s
Transfiguring tongue can bless.

വൊള്‍കട്ടിന്റെ The Schooner Flight എന്ന അതിസുന്ദരമായ കവിതയില്‍ ഷബൈന്‍ എന്ന നാവികന്‍ ഫ്ലൈറ്റ് എന്ന യാനപാത്രത്തില്‍ കയറി സഞ്ചരിക്കുമ്പോള്‍ ചില കാഴ്ചകള്‍ കാണുന്നതായി വര്‍ണിച്ചിട്ടുണ്ട്.

Every Ship Pouring like a
Wooden bucket
Dredged from the deep; my
memory revolve
On all Sailo’s before me, then
the sun
Heat the horizon’s ring and
they was mist
Our Father’s below deck too
deep I suppose.
To hear us shouting. So we
stop shouting who Knows
Who is grandfather is, much
less his name?
Tommorrow our land fall will
be the Barbados.

മൂടല്‍മഞ്ഞിലൂടെ കാണപ്പെടുന്ന രൂപങ്ങള്‍ യഥാര്‍ഥങ്ങളോ? അയഥാര്‍ഥങ്ങളോ? ആര്‍ക്കറിയാം. അജ്ഞാതമായതിനെയും അജ്ഞേയമായതിനെയും ഇങ്ങനെ ലൗകികസംഭവങ്ങളിലൂടെ സ്ഫുടീകരിച്ച് അതീതസത്യത്തിലേക്കു നമ്മെ അനായാസമായി കൊണ്ടു ചെല്ലുകയാണ് ഈ കവി. അതിനാലാണ് അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ മതപരങ്ങളായ വികാരങ്ങള്‍ അനുവാചകരില്‍ ഉണര്‍ത്തിവിടുന്നു എന്നു മുന്‍പു പറഞ്ഞത്.

കരീബിയന്‍ കവി അധിനിവേശാനുഭവത്തെക്കുറിച്ച് എഴുതിയില്ലെങ്കിലേ നമ്മള്‍ അദ്ഭുതപ്പെടേണ്ടതുള്ളു. കറുത്തവര്‍ഗ്ഗക്കാരും വെളുത്തവര്‍ഗ്ഗക്കാരും തമ്മിലുള്ള ബന്ധം, തന്റെ രാജ്യം കൈയേറിയവരും അവരുടെ കൈയേറ്റം സഹിക്കുന്നവരും തമ്മിലുള്ള ബന്ധം ഇവയെക്കുറിച്ചു വൊല്‍കട്ട് എഴുതിയ കാവ്യങ്ങള്‍ വായിച്ചാല്‍ കേരളീയരായ നമ്മുടെ “ആറിത്തണുത്ത ഞരമ്പുകള്‍ പോലും ചൂടുപിടിക്കും” No man is an island എന്നു പറഞ്ഞതു ഡൊന്‍ എന്ന കവിയല്ലേ? കരീബിയന്‍ പൗരനെ സങ്കുചിതത്വത്തിലേക്കു നയിക്കുന്ന വെള്ളക്കാരെ അദ്ദേഹം തീക്ഷണമെങ്കിലും കലാത്മകമായ ഭാഷയില്‍ ആക്രമിക്കുന്നു.

“The leprosy of Empire”
“Farewell, green fields”
“Farewell, Ye happy groves”!
തുടര്‍ന്നും:
A colony like ours “part of the
Continent, Piece of the main”
Nook-Shotten, rook oter blown deranged
By foaming Channels, and the vain expense
of bitter faction”

(Ruins of a Great House എന്ന വിശ്വവിഖ്യാതമായ കാവ്യത്തില്‍ നിന്ന്)

ഒരു ദ്വീപില്‍ അകപ്പെട്ടുപോയതിന്റെ യാതന; അതില്‍നിന്നു രക്ഷപെടാനാവാത്ത തീവ്രവേദന — ഇവ കൊണ്ടുണ്ടാകുന്ന അന്യവത്ക്കരണബോധം. അതുതന്നെ മനുഷ്യന്റെ ദുര്‍ദശയായി മാറുന്ന ദയനീയാവസ്ഥ. ഇവിടെ ക്രിസ്തുവും അദ്ദേഹത്തോടു ബന്ധപ്പെട്ട ആദ്ധ്യാത്മികത്വവും മാത്രമേ നമുക്കു സഹായമരുളുന്നുള്ളൂ. ഇതുകൊണ്ടു വൊള്‍കട്ട് മതത്തിന്റെ സങ്കുചിതത്വത്തില്‍ വിശ്രമം കൊള്ളുന്ന കവിയാണെന്നു ധരിക്കാന്‍ പാടില്ല. like Christofer he bears in speech mnemonic as missionary’s the word to savages എന്നും മറ്റുമെഴുതി Christofer എന്ന സംജ്ഞയിലൂടെ Christ-നെ വൊള്‍കട്ട് സൂചിപ്പിക്കുന്നുവെങ്കിലും സാര്‍വലൗകികമായ ആധ്യാത്മികത്വത്തിന്റെ സ്തോതാവാണ് അദ്ദേഹം. ഭൂമിയെയാകെ സ്നേഹിക്കുന്ന കവിയാണ് അന്യവത്കരണബോധമുള്ള വൊള്‍കട്ട്. “നിങ്ങള്‍ ആവിര്‍ഭവിക്കുന്നതു ഭൂമിയില്‍ നിന്നാണ്. ആ ഭൂമി നിങ്ങളുടെ അമ്മയാണ്. അതിനെശപിച്ചാല്‍ നിങ്ങള്‍ അമ്മയെത്തന്നെ ശപിക്കുകയാവും” എന്ന് അദ്ദേഹം ഉദ്ഘോഷിക്കുന്നു. ഭൂമിയെക്കുറിച്ച്, അമ്മയെക്കുറിച്ച്, മനുഷ്യരെക്കുറിച്ച്, അവരുടെ ആധ്യാത്മികാനുഭൂതികളെക്കുറിച്ച് അസദൃശ്യമായ രീതിയില്‍ പാടിയമഹാകവിയാണ് ഡെറിക് വൊള്‍കട്ട്. ദൃഢപ്രത്യത്തോടുകൂടി, വികാരത്തോടുകൂടി, ഊഷ്മളതയോടുകൂടി അദ്ദേഹം പാടുന്നു. ആ പാട്ട് കേള്‍ക്കേണ്ടവര്‍ കേട്ടു എന്നതിനു തെളിവാണ് ഈ നോബല്‍ സമ്മാനം.