close
Sayahna Sayahna
Search

ഉപരോധം-ഒന്‍പത്


‌← സി.വി.ബാലകൃഷ്ണന്‍

ഉപരോധം
Uparodham-11.jpg
ഗ്രന്ഥകർത്താവ് സി.വി.ബാലകൃഷ്ണന്‍
മൂലകൃതി ഉപരോധം
ചിത്രണം സി.എൻ. കരുണാകരൻ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80

ഒന്‍പത്

ചിത്രീകരണം : സി.എൻ.കരുണാകരൻ

ചുവന്ന നാട്ടുവഴിയിലൂടെ ഒരു കാളവണ്ടി വരികയാണ്. വീണു കിടക്കുന്ന പോക്കുവെയില്‍ കുളമ്പുകള്‍ക്കുകീഴെ ഞെരിഞ്ഞു. വണ്ടിക്കാരന്‍ ആടലോടകത്തിന്റെ ചില്ലകൊണ്ട് കാളകളെ പ്രഹരിച്ചു. അവ മനസ്സില്ലാമനസ്സോടെ വേഗം വർദ്ധിപ്പിച്ചു. കഴുത്തില്‍കെട്ടിയ മണികള്‍ കിലുക്കി.

വണ്ടിയിലിരിക്കുന്നത് മജിസ്ട്രേട്ടായ അനന്തരാമയ്യരും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വാര്യരുമാണ്. തോക്കുകളേന്തിയ അഞ്ചു പൊലീസുകാര്‍ വണ്ടിയുടെ പിന്നാലെ ചിട്ടയോടെ നടക്കുന്നു. അവരോടൊപ്പം തളര്‍ന്നവശനായ മാളത്തില്‍ കണ്ണനുമുണ്ട്. സകല ചലനവും നിലക്കുന്നതായി കണ്ണനുതോന്നി. കാഴ്ച മങ്ങി. ഞരങ്ങുകപോലും ചെയ്യാതെ പെട്ടന്ന് നിലംപതിച്ചു.

മജിസ്ട്രേറ്റ് വണ്ടി നിര്‍ത്താല്‍ കല്‍പിച്ചു.

പോലീസുകാര്‍ കണ്ണനെ താങ്ങി എഴുന്നേല്‍പിച്ചു. അയാള്‍ കണ്ണ് തുറന്ന് ചുറ്റിലും നോക്കി.

‘വെ..ള്ളം..’

ഒരു പോലീസുകാരന്‍ ഓടിപ്പൊയി നീര്‍ച്ചാലില്‍ നിന്ന് ഒരിലക്കുമ്പിളില്‍ വെള്ളം കൊണ്ടുവന്നു. കണ്ണന്‍ പരവശത്തോടെ കുടിച്ചു.

‘ഇനി വേണോ?’

കണ്ണൻ വേണ്ടെന്ന് തലകുലുക്കി.

കണ്ണന്‍ കഴിയ്യ്വോ?’ മജിസ്ട്രേട്ട് ചോദിച്ചു.

കണ്ണന്‍ മജിസ്ട്രേറ്റിന്റെ നേരെ പകച്ചുനോക്കി.

“ഇവിടെ കയറിയിരുന്നോ.”

കണ്ണന്‍ ആ മൂലക്ക് ഒതുങ്ങിയിരുന്നു. അയാള്‍ കരയുന്നുണ്ടായിരുന്നു.

മണി കിലുക്കിക്കൊണ്ട് കാളകള്‍ യാത്ര പുനരാരംഭിച്ചു.

* * *

മാരാന്‍ കരയിലൂടെ കാളവണ്ടി നീങ്ങുമ്പോള്‍ ഭയന്നു വിളറിയ ഏതാനും പേര്‍ നോക്കിനിന്നു. കാളവണ്ടി അവിടെ നില്‍ക്കാതെ താഴേയ്ക്കിറങ്ങി.

ബോര്‍ഡ് സ്ക്കൂളിനു സമീപമെത്തിയപ്പോള്‍ കാളവണ്ടിയുടെ ചലനം മന്ദഗതിയിലായി. വണ്ടിക്കാരന്‍ കടിഞ്ഞാണ്‍ പിടിച്ചു.

കണ്ണന്‍ ചാടിയിറങ്ങി. പിന്നെ മജിസ്ട്രേറ്റും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും.

ഇറയത്തു കണ്ട ബെഞ്ചില്‍ മജിസ്ട്രേറ്റ് ഇരിക്കാന്‍ ഭാവിച്ചപ്പോള്‍ സര്‍ക്കിള്‍ പറഞ്ഞു!

“കസേര കൊണ്ടുവരാം സാര്‍.”

“വേണ്ട ആ നായനാരെ ഇങ്ങോട്ട് വിളിപ്പിക്കൂ.”

രണ്ടു പോലീസുകാര്‍ ഝടുതിയില്‍ മഠത്തിലേയ്ക്ക് നീങ്ങി.

നായനാര്‍ അവരോടു പറഞ്ഞു:

“മജിസ്ട്രേട്ടിനോടു ഇങ്ങോട്ടു വെരാന്‍ പറയ്.”

പൊലീസുകാര്‍ എത്രയും വേഗത്തില്‍ മജിസ്ട്രേട്ടിന്റെ മുമ്പിലെത്തി വിവരമറിയിച്ചു. ആ ഔദ്ധത്യം മജിസ്ട്രേട്ടിനെ അരിശംകൊള്ളിച്ചു എങ്കിലും ക്ഷോഭം നിയന്ത്രിക്കാന്‍ പണിപ്പെട്ടുകൊണ്ട് അയാള്‍ പറഞ്ഞു:

“നമുക്ക് സംഭവസ്ഥലത്തേക്ക് പോകാം.”

കണ്ണന്‍ വഴികാണിക്കാന്‍ മുന്നില്‍ നടന്നു.

​​

* * *

വയലുകളുടെ നടുവില്‍ ചതഞ്ഞ മുഖവുമായി കോടിലോന്‍ കിടന്നു. കല്ലില്‍ ചോര കട്ടപിടിച്ചിരുന്നു.

മജിസ്ട്രേറ്റ് ആ മുഖത്തേക്ക് നോക്കിയതും നടുങ്ങിപ്പോയി.

കണ്ണന്‍ വിമ്മിക്കരഞ്ഞു.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കുനിഞ്ഞ് നെഞ്ചില്‍ കൈവച്ചു നോക്കി. ഹൃദയം ദുര്‍ബലമായി മിടിക്കുന്നുണ്ട്. മരിച്ചിട്ടില്ല. അയാള്‍ കണ്ണനോടു പറഞ്ഞു:

‘ഓടിപ്പോയി കുറച്ച് വെള്ളം കൊണ്ടുവരൂ.’

കണ്ണു തുടച്ചുകൊണ്ട് കണ്ണന്‍ വെള്ളമെടുക്കാനോടി.

എതിരെ നിന്ന് കേളുവും മരുമകന്‍ കണ്ണനും ഓടിവരുന്നു. ‘എന്തിനാ കണ്ണാ എന്റനിയനെ ചെയ്തത്?’ കേളു ഓടുന്നതിനിടയില്‍ വിളിച്ചു ചോദിച്ചു. ഓടിക്കിതച്ച് സര്‍വ്വേക്കല്ലിനടുത്തെത്തിയപ്പോഴേക്കും അയാളാകെ തളര്‍ന്നിരുന്നു. അയാളെ കണ്ട് പാട്ടിയമ്മ കരഞ്ഞു പറഞ്ഞു:

‘നീയത് കണ്ട്വോ കേളൂ. രാമന്‍ കെടക്ക്ന്നത് കണ്ട്വോ നീ…’ തൊണ്ടയിടറി, നാവു വരണ്ടു. പാട്ടിയമ്മ വരമ്പത്തിരുന്നു.

കേളു അനിയന്റെ കിടപ്പുകണ്ട് തരിച്ചു നിന്നു. മരുമകന്‍ വാവിട്ട് കരഞ്ഞു.

മാളത്തില്‍ കണ്ണന്‍ വെള്ളവുമെടുത്തു വന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മന്താലം വാങ്ങി. കോടിലോന്റെ വായില്‍ കുറെശ്ശെയായി ഒഴിച്ചു.

തെല്ലു കഴിഞ്ഞപ്പോള്‍ നാവ് പതുക്കെ ചലിച്ചു. തന്റെ ചുറ്റും ആരോ ചിലര്‍ കൂടിനില്‍ക്കുന്നുണ്ടെന്ന് കോടിലോന് തോന്നി. കണ്ണുകള്‍ ചതയ്ക്കപ്പെട്ടിരുന്നതിനാല്‍ അവര്‍ ആരെല്ലാമാനെന്ന് കാണാന്‍ കഴിഞ്ഞില്ല. തനിക്കെന്താണ് പറ്റിയതെന്ന് ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. ഒന്നൊന്നായി ഓര്‍മ്മയില്‍ തെളിയുകയാണ്. ഉടലാകെ നോവുകയാണ്. അയാള്‍ ദീനമായ ഒരു ശബ്ദം പുറപ്പെടുവിച്ചു.

മരണമൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേട്ട് ആകാംക്ഷയോടെ ചെവിയോര്‍ത്തു.

* * *

ദേശത്ത് വന്നുംപോയും കഴിഞ്ഞിരുന്ന കുഞ്ഞിരാമന്‍ അധികാരി മജിസ്ട്രേട്ട് വന്നിട്ടുണ്ടെന്ന വിവരം ഗ്രഹിച്ച്, കോണകവാല്‍ വീശിക്കൊണ്ട് കുതിച്ചുവന്നു.

‘ഇത്രയും നേരമായിട്ടും ഇങ്ങനെയൊരു സംഭവം നടന്നത് നിങ്ങളറിഞ്ഞില്ലേ’ മജിസ്ട്രേട്ട് ക്രുദ്ധനായി ചോദിച്ചു.

‘അടിയാന്‍ ഇവിടെ ഇല്ലാര്ന്ന്’ അയാള്‍ വിനയവും വിമ്മിട്ടവും നടിച്ച് വിതുമ്പി.

‘ഉം’.

അയാള്‍ കോടിലോനെ കീഴ്മേല്‍ വീക്ഷിച്ചതിനുശേഷം പറഞ്ഞു:

‘പോത്തു കുത്തിയതാവും.’

മജിസ്ട്രേറ്റ് ശാന്തമായി പ്രതിവചിച്ചു:

‘അതെ’.

മജിസ്ട്രേട്ട് നിര്‍ദ്ദേശിച്ച പ്രകാരം കണ്ണനും കേളുവും പോലീസുകാരും ചേര്‍ന്ന്, മൃതപ്രായനായ കോടിലോനെ വയല്‍ക്കരയിലുള്ള ഒരു കുടിലിന്റെ മുറ്റത്ത് കിടത്തി. അവിടെ നിന്ന്, ഒരു ചൂടിക്കട്ടിലില്‍ എടുത്ത് ആശുപത്രിയിലേക്ക് പുറപ്പെട്ടു. യാത്രയ്ക്കിടയില്‍ ചോര കട്ടപിടിച്ച് കണ്ണുകള്‍ കൊണ്ട് എന്തോ കാണാനാഗ്രഹിച്ച് ഒന്നും കാണാനാകാതെ, എന്തോ പറയാന്‍ തുടങ്ങി. ഒന്നും പറയാതെ, കോടിലോന്‍ മരിച്ചു.

കട്ടില്‍ ചുമക്കുന്നവന്‍, കൊടിലോന്‍ മരിച്ചുവെന്നറിയാതെ, നേരമൊട്ടും വൈയ്കിക്കരുതെന്ന വെമ്പലോടെ ആവുന്നത്ര വേഗത്തില്‍ നടന്നു.

നേരം സന്ധ്യയാവുകയാണ്. നാട്ടുവഴിയിലൂടെ കാളവണ്ടി മടങ്ങിപ്പോകുന്നു. മജിസ്ട്രേട്ടും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും എങ്ങോ കണ്ണുനട്ട് നിശ്ചേഷ്ടരായി ഇരിക്കുകയാണ്. കാളവണ്ടിയുടെ പിന്നാലെ രണ്ടു കൂട്ടങ്ങളായി പത്തിരുപത് ആളുകളും നടക്കുന്നു. അവര്‍ പ്രതികളും സാക്ഷികളുമാണ്. കാല്‍വെപ്പുകളുടെ ശബ്ദമുയരുന്നു. മണികിലുക്കം കേള്‍ക്കുന്നു. അവര്‍ പോകുന്നു.

* * *

ദിവസങ്ങള്‍ക്കുശേഷം.

തലശ്ശേരി സെഷന്‍സ് കോടതി. ചുവര്‍ഘടികാരത്തിന്റെ നെഞ്ചിടിപ്പ് കേള്‍ക്കാം. അതിനു ചോട്ടിലായി, നീതിപീഠത്തില്‍ സെഷന്‍സ് ജഡ്ജിയായ സായ്പ് ഇരിക്കുന്നു.

കോടതിക്കെട്ടിടത്തിനു പടിഞ്ഞാറ് നുരയും പതയും ചിതറുന്ന കടലാണ്.

കോടതിമുറിയിൽ,പടിഞ്ഞാറന്‍ കടലിലെ തിരകളെപ്പോലെ സാക്ഷിമൊഴികള്‍ വീശിപ്പടരുന്നു.

ഞാന്‍ നെല്ല്യാട്ട് വയലിലേക്ക് വരികയായിരുന്നു. അവിടെ, വയലിന്റെ നടുക്ക് കുറേയാളുകള്‍ കൂടിനില്‍ക്കുന്നതുകണ്ടു. കോടിലോനെ അവര്‍ വളഞ്ഞുവെച്ചിരിക്കുകയാണെന്ന് കണ്ട് ഞാനങ്ങോട്ടോടി. അവരുടെ ഇടയില്‍ നിന്ന് കോടിലോന്‍ എന്നെ വിളിച്ചു. ഞാനോടിച്ചെന്നപ്പോള്‍ കോരന്‍ നമ്പ്യാര് എന്ന പേടിപ്പിച്ചു. ജീവനുംകൊണ്ട് മടങ്ങിപ്പോവൂല്ലാന്ന് പറഞ്ഞു. ഞാന്‍ തിരിഞ്ഞോടി. മജിസ്ട്രേറ്റിനെ ചെന്നുകണ്ട് വിവരമറിയിച്ചു. മജിസ്ട്രേറ്റിനേം സര്‍ക്കിള്‍ ഇന്‍സ്പെക്ടരേം കൂട്ടി കൂറ്റൂരിലേക്ക് പോയി.”

കണ്ണന്‍ ആ സംഭവം വിവരിച്ചു. അയാളിറങ്ങിയപ്പോള്‍ കോടിലൊന്റെ മരുമകന്റെ ഊഴമായി.

അവന്‍ പേടിച്ചുവിറച്ചുകൊണ്ട് സാക്ഷിക്കൂട്ടില്‍ കയറിനിന്ന് ഉയര്‍ന്ന ഇരിപ്പിടത്തിലിരിക്കുന്ന സായ്പിനെയും, കറുത്ത വേഷം ധരിച്ച വക്കീല്‍മാരെയും, വാതില്‍ക്കല്‍ തടിച്ചുകൂടി നില്‍ക്കുന്ന ആള്‍ക്കാരെയും കണ്ട് അവന്റെ അധൈര്യം ഇരട്ടിച്ചു. എല്ലാ കണ്ണുകളും അവനില്‍. കറുത്തുമെലിഞ്ഞ ആ ബാലനില്‍, കേന്ദ്രീകരിച്ചു.

അവന്‍ വിക്കി വിക്കി പറഞ്ഞുതുടങ്ങി:

“ഞാനും അമ്മാവനും കൂടി കണ്ടം പൂട്ട്വാര്ന്ന്. അന്നേരത്താ അവര് വന്നത്. കോരന്‍ മേല്‍വിത്ത് കൂട്ടാന്‍ തൊടങ്ങ്യാപ്പോ അമ്മാമന്‍ തടഞ്ഞു. അവരെല്ലാംകൂടി അമ്മാമന്റെ നേരെ ചാടി. ഞാന്‍ കൊല്ലുന്നേന്ന് വിളിച്ചു കരഞ്ഞു. അവരെന്നെ ചവിട്ടി ചെളീലിട്ടു. അമ്മാമനെ കെട്ടിയിട്ട് മുഖത്ത് കല്ലെടുത്ത് കുനിക്കുന്നത് ഞാന്‍ കണ്ടതാ.”

അവര്‍ ആരെല്ലാമായിരുന്നുവെന്ന വക്കീലിന്റെ ചോദ്യത്തെത്തുടര്‍ന്ന അവന്‍ പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികള്‍ മുഖംതാഴ്ത്തിനിന്നു.

അമ്മാവനെ കൊന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അവന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അവന്‍ ഏങ്ങലടിച്ച് കരഞ്ഞു.

ആ കുട്ടിയുടെ കരച്ചില്‍ തെല്ലുനേരത്തേക്കു കോടതിമുറിയെ സ്തബ്ധമാക്കി. പുറത്തുനില്‍ക്കുന്നവരില്‍ ചിലര്‍ കണ്ണുതുടയ്ക്കുന്നതു കാണാമായിരുന്നു.

അവന്‍ കൂട്ടില്‍നിന്നിറങ്ങി വേച്ചുവേച്ച് വരാന്തയില്‍ ചെന്ന് ചുമരുചാരിയിരുന്ന് ആരെയും ശ്രദ്ധിക്കാതെ വിമ്മിക്കരയുമ്പോള്‍, സാക്ഷിക്കൂട്ടിലേയ്ക്ക് പുതിയൊരാള്‍ കയറിനിന്നു.

പാട്ടി.

അവന്റെ അമ്മായി,

കോടിലോന്റെ ഭാര്യ.

“ഞാനും ആ സമയത്ത് കണ്ടത്തില്ണ്ടാര്ന്നു. ഓറ് പൂട്ടിക്കൊണ്ടിരിക്കുമ്പം ചെളീല് വീണുപോയി. ഓറെ പോത്ത് ചവിട്ടിക്കൊന്നു.”

സങ്കടമഭിനയിച്ചുകൊണ്ട് പറഞ്ഞു.

നായനാരുടെയും സില്‍ബന്തികളുടെയും നായനാര്‍ ഏര്‍പ്പെടുത്തിയ വക്കീലിന്റെയും മൂഖങ്ങളില്‍ പ്രസന്നത കളിയാടി.

കുഞ്ഞിരാമന്‍നായരായിരുന്നു കേസില്‍ ഒന്നാംപ്രതി. വരമ്പില്‍ കണ്ണടധരിച്ചു കുടചൂടിനില്‍ക്കുന്ന കാര്യസ്ഥനെക്കണ്ട് നായനാരാണെന്നാണ് കോടിലോന്‍ ധരിച്ചത്. കണ്ണുകളില്‍ ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു. കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. കോടിലോന്‍ ചരമഗതിക്ക് തയ്യാറെടുത്തുകൊണ്ടിരിക്കെ അസ്പഷ്ടമായി നല്‍കിയ മരണമൊഴിയെ അടിസ്ഥാനമാക്കിയാണ് മജിസ്ട്രേട്ട് പ്രതികളുടെ പേരുവിവരം കുറിച്ചത്. അങ്ങനെ കുഞ്ഞിരാമന്‍നായര്‍ ഒന്നാംപ്രതിയായി. അയാളെ അറസ്റ്റ് ചെയ്ത് തലശ്ശേരിയില്‍ വീട്ടുതടങ്കലില്‍ വെച്ചു. അയാള്‍ തടങ്കലില്‍ കഴിഞ്ഞ വീട്ടില്‍ നിത്യവും സദ്യയായിരുന്നു. അയാള്‍ ആജന്മശത്രുവിന്റെ മരണം കൊണ്ടാടുകയായിരുന്നു.

അടുത്ത സാക്ഷി, കുഞ്ഞിരാമന്‍ അധികാരി. അയാളുടെ മുഖത്ത് പരിഭ്രമമോ ഉല്‍കണ്ഠയോ ഇല്ല. തന്നെ ഏല്പിച്ച കാര്യം അയാള്‍ ഭംഗിയായി ചെയ്തുതീര്‍ത്തു.

‘ഞാന്‍ കുറ്റൂരംശം അധികാരിയാണ്. കോടിലോന്‍ രാമന്‍ ആളുകള് ഉപദ്രവിച്ച് മരണപ്പെട്ടതല്ലെന്ന് എനിക്ക് തീര്‍ത്തു പറയാന്‍ കഴിയും. ഞാന്‍ സംഭവസ്ഥലത്തുപോയി സസൂക്ഷ്മം പരിശോധിച്ചതാണ്. കണ്ടം പൂട്ടുമ്പോ ശ്രദ്ധവെച്ചില്ലേങ്കില് പോത്തുകളും മൂരികളും ചവിട്ടികൊന്നേക്കും. കോടിലോനെ പോത്തുകളാ കൊന്നത്. മുഖത്തുണ്ടായിരുന്ന പരിക്കുകള് പോത്തുകള്‍ ചവിട്ടിയതാണ്.’

ഇപ്രകാരമൂള്ള യാദാസ്ത് നല്‍കിയ ശേഷം അയാള്‍ വിജയഭാവത്തില്‍ താഴെയിറങ്ങി.

കേസ് ഒരുപാടുനാള്‍ നീണ്ടുനിന്നു. വാദവും എതിര്‍വാദവുംഗംഭീരമായി നടന്നു. നായനാരുടെ വക്കീല്‍ പ്രഗല്ഭനായിരുന്നു. കാലി പൂട്ടുന്നതിന്റെ ക്രമവും ഊര്‍ച്ചപ്പലകകളുടെ ഉറപ്പും അയാള്‍ സായ്പിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. ഊര്‍ച്ചപ്പലകകലുടെ ചിത്രം വരഞ്ഞുകാണിച്ച് സായ്പിന്റെയുള്ളില്‍ വ്യക്തമായ ഒരു ധാരണയുണ്ടാക്കുന്നതില്‍ അയാള്‍ വിജയിച്ചു.

* * *

ഒടുവില്‍ കേസ് വിധിയായി.

നായനാരുള്‍പ്പെടെ എല്ലാ പ്രതികളെയും കോടതി നിരുപാധികം മോചിപ്പിച്ചു. അവരെല്ലാം അത്യധികമായ ആഹ്ലാദത്തോടെ ആര്‍ത്തുചിരിച്ചു.വിജയമാഘോഷിക്കാന്‍ തീനും കുടിയും ഏര്‍പ്പെടുത്തപ്പെട്ടു.

ഏറ്റവും ദു:ഖിതനായി കാണപ്പെട്ടത് അനന്തരാമയ്യര്‍ മജിസ്ട്രേട്ടാണ്. ചോരമൂടിയ രണ്ടു നേത്രങ്ങള്‍ എവിടെനിന്നോ തന്നെ വേദനയോടെ ഉറ്റുനോക്കുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നി. നെല്ല്യാട്ടുവയലില്‍ താന്‍ ദര്‍ശിച്ച രൂപം ഉയിര്‍കൊണ്ട് മുന്നില്‍ വന്നു നില്‍ക്കുന്നതായി അയാള്‍ സങ്കല്പിച്ചു. ഇതാണോ സത്യം.? ഇതാണോ നീതി? ഇതിനുവേണ്ടിയാണോ താന്‍ വ്യക്തിപരമായി ഇത്രയും കഷ്ടതകള്‍ സഹിച്ചത്? നീതി നിറവേറ്റപ്പെടണമെന്ന ഒരാശയേ മനസ്സിലുണ്ടായിരുന്നുള്ളൂ. അങ്ങനെ പ്രതീക്ഷിക്കുകയും ചെയ്തു. എന്നിട്ട്, ഇപ്പോള്‍ ലഭിച്ചിരിക്കുന്നതോ? താങ്ങാനാവാത്ത ഒരാഘാതം. അപമാനം. പുച്ഛം. അയാള്‍ ഒരു ജീവച്ഛവത്തെപൊലെ വിളറിനിന്നു. മനസ്സ് വീര്‍പ്പുമുട്ടി. മുറിയുടെ നാലു ചുവരുകള്‍ക്കിടയിലൂടെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. കാലുകള്‍ തളര്‍ന്നപ്പോള്‍ കട്ടിലില്‍ കയറിക്കിടന്നു. ഒരുപോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല. എമ്പാടും ഇരുട്ട്. ദുസ്വ:പ്നങ്ങള്‍. കണ്ണുനീരിന്റെ നനവ്. ചോരയുടെ ഗന്ധം ഇല്ല, എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഇനിയൊരിക്കലും മനശ്ശാന്തി ലഭിക്കുകയില്ല. അയാള്‍ തീരുമാനിച്ചു.

അടുത്ത ദിവസം മദിരാശിയിലേക്ക് വണ്ടികയറി.

സെഷന്‍സ് കോടതി വിധിക്കെതിരെ മദിരാശി ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചു. അപ്പീല്‍ സ്വീകരിച്ച്, പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അതുപ്രകാരം വലിയൊരു പോലീസ് സംഘം കുറ്റൂരിലെത്തിച്ചേര്‍ന്നു.

അന്ന് കേസില്‍ അനുകൂലമായ വിധിയുണ്ടായതിന്റെ സന്തോഷം പ്രകടിപ്പിക്കാന്‍, കൂവകൊട്ടന്റെ വീട്ടില്‍ കതിനൂര്‍ വീരന്‍ തെയ്യം കെട്ടിയാടിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു.

തെയ്യംകൊട്ടിക്കല്‍ ഏതായാലും മുടങ്ങി. എല്ലാവരും കസ്റ്റഡിയിലെടുക്കപ്പെട്ടു.

കേസ് വിചാരണതീര്‍ന്ന്, ഹൈക്കോടതി വിധിപ്രസ്താവിച്ചു. കോരന്‍, ഉറുവാടന്‍ രാമന്‍, കൂവകൊട്ടന്‍ എന്നിവര്‍ക്ക് പത്തുകൊല്ലം വീതവും, ശങ്കരന്‍, കുഞ്ഞപ്പൂ എന്നിവര്‍ക്ക് ഏഴുകൊല്ലം വീതവും കഠിനതടവ് ലഭിച്ചു. കുഞ്ഞിരാമന്‍ നായനാരേയും കാര്യസ്ഥന്മാരേയും രണ്ടു പുലയന്മാരേയും കൂറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. തെറ്റായ യാദാസ്ത് സമര്‍പ്പിച്ച കുഞ്ഞിരാമന്‍ അധികാരിക്ക് ഉദ്യോഗം നഷ്ടപ്പെട്ടു.