close
Sayahna Sayahna
Search

ഉയിർത്തെഴുന്നേൽപ്


ഉയിർത്തെഴുന്നേൽപ്
EHK Novel 03.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഒരു കുടുംബപുരാണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 76

ത്രേസ്യാമ്മ ആശയക്കുഴപ്പത്തിലായിരുന്നു. ഭയപ്പെട്ടിരുന്നു എന്നു പറയുന്നതാവും ശരി. മരിച്ചവർ എഴുന്നേറ്റു വരില്ലാ എന്നറിയാം. അത് കർത്താവായ യേശുവിന്ന് മാത്രം ചെയ്യാൻ കഴിയുന്ന അദ്ഭുതമാണ്. ഗ്രേസിയെത്തന്നെയാണ് കണ്ടത് എന്നും തീർച്ചയാണ്. അവളുടെ ഇടത്തെ കവിളിലെ കാക്കപ്പുള്ളി, ചുവന്ന കല്ലുള്ള മൂക്കുത്തി എല്ലാം അതേപോലെ. ധരിച്ചിരുന്ന എമ്പ്രോയിഡറിയുള്ള ചുവന്ന ചൂരിദാറുംകൂടി ത്രേസ്യാമ്മക്ക് അറിയാം.

നീ എവിടുന്നാണ് ഗ്രേസിയെ കണ്ടത്?’ ജോസഫേട്ടൻ ചോദിച്ചു.

“ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽവെച്ച്. എന്റെ ഒപ്പം പാറുകുട്ടിയുമുണ്ടായിരുന്നു. ഞാനവൾക്ക് കാണിച്ചു കൊടുക്കുമ്പോഴേയ്ക്ക് ഗ്രേസി എങ്ങാണ്ടോ പോയി മറഞ്ഞു.”

“നീ കണ്ടത് പ്രേതത്തെയായിരിക്കും”

“പട്ടാപ്പകൽ പ്രേതമോ?”

പ്രേതങ്ങളെപ്പറ്റിയെല്ലാം കണിശമായ ധാരണയുണ്ട് ത്രേസ്യാമ്മക്ക്. പകലൊന്നും അവർ പുറത്തിറങ്ങില്ല. രാത്രി പന്ത്രണ്ടുമണി കഴിഞ്ഞാലാണ് അവരുടെ ദിവസം തുടങ്ങുന്നത്, പുലർച്ചെ നാലു മണിവരെ. ആരെങ്കിലും നാലുമണിക്കു ശേഷം പ്രേതത്തെ കണ്ടു എന്നു പറഞ്ഞാൽ അത് ഉണക്കാനിട്ട് എടുക്കാൻ മറന്ന തുണികളോ, നേരത്തെ ഹോട്ടലുകളിൽ പാൽ എത്തിക്കാൻ ധൃതിപിടിച്ച് പോകുന്ന പാൽക്കാരോ, രാത്രി മുഴുവൻ ശുഭാപ്തിവിശ്വാസത്തേടെ നടന്ന് ഒന്നും തരമാവാതെ വെറും കയ്യോടെ തിരിച്ചുപോകുന്ന ഭാഗ്യമില്ലാത്ത കള്ളന്മാരോ ആയിരിക്കും. പോരാത്തതിന്ന് പ്രേതങ്ങളുടെ വസ്ത്രത്തിന്നും പ്രത്യേകതയുണ്ടാവും. നേരിയ വെളുത്ത വസ്ത്രങ്ങൾ, അതിനിടയിലൂടെ കാണുന്ന അസ്ഥികൂടം. ചൂരിദാർ ധരിച്ച ഒരു പ്രേതത്തിനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

“നിങ്ങള് കണ്ടത് ഗ്രേസിയുടെ ശവമടക്കലായിരിക്കില്ല.” ത്രേസ്യാമ്മ പറഞ്ഞു.

“അതെങ്ങനാ നീ പറയുന്നത്?” അച്ചായൻ ചൂടായി. “പെട്ടി കുഴിയിലിറക്കണത് എന്റ കണ്ണുകൊണ്ട് കണ്ടതല്ലെ. ജോർജ്ജുട്ടി കരയുന്നുണ്ടായിരുന്നു.”

ജോസഫേട്ടൻ ആ രംഗം ഒരിക്കൽകൂടി ഓർത്തു. നടക്കാൻ ഇറങ്ങിയതായിരുന്നു. പള്ളിവളപ്പിൽ ശവവണ്ടി നിൽക്കുന്നതു കണ്ടപ്പോൾ ആരാണ് ഭാഗ്യവാൻ എന്നറിയാൻ കയറിയതായിരുന്നു. അപ്പോഴാണ് വിശുദ്ധ പുസ്തകവും കൈയ്യിലേന്തിയ പാതിരിയുടെ അടുത്തു നിന്ന ജോർജ്ജുട്ടിയെ കണ്ടത്. കുഴിക്കു ചുറ്റും പത്തിരുപതുപേർ വട്ടമിട്ടു നിന്നിരുന്നു. എല്ലാം കഴിയുന്നവരെ താൻ കാത്തുനിന്നു. അമ്മയായിരിക്കുമെന്നാണ് കരുതിയത്. ഭാര്യയാണെന്നറിഞ്ഞപ്പോൾ ഞെട്ടലുണ്ടായി. ഗ്രേസിയെ അവിടെങ്ങും കണ്ടില്ലതാനും. അല്ല, ഗ്രേസിയെ പ്രതീക്ഷിക്കാനും വയ്യല്ലൊ.

ജോർജ്ജുട്ടിയുടെ ഭാര്യയുടെ ആരോഗ്യം മോശമാണെന്ന് ത്രേസ്യാമ്മക്കറിയാമായിരുന്നു. ഒരിക്കൽ ഗ്രേസി നഴ്‌സിങ്ങ്‌ഹോമിൽ കിടക്കുമ്പോഴാണ് അവരെ പരിചയപ്പെട്ടതു തന്നെ. ഗ്രേസി കിടന്നിരുന്നതിന്റെ തൊട്ടടുത്ത മുറിയിലായിരുന്നു ജോസഫേട്ടൻ കിടന്നിരുന്നത്. ചെറിയ തോതിൽ ഒരു ഹാർട്ടറ്റാക്കുണ്ടായതായിരുന്നു.

രാത്രി എട്ടുമണിക്ക് നെഞ്ചുവേദനയുണ്ടായപ്പോൾ ഡോക്ടർ നായരെ കാണാൻ പോയി. ഡോക്ടർ പരിശോധിച്ചു, ഇ.സി.ജി എടുത്തുനോക്കി, ഒരിഞ്ചക്ഷനും തന്നു. നഴ്‌സിങ്ങ് ഹോമിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെട്ടു.

“ത്രേസ്യാമ്മ പേടിക്കുകയൊന്നും വേണ്ട, ഒരു ചെക്കപ്പിനാണ്.” ഡോക്ടർ പറഞ്ഞു. “വയസ്സ് പത്തമ്പത്തേഴായില്ലെ? ഇനി ഇടക്കൊരു ചെക്കപ്പൊക്കെ ആവശ്യാണ്.”

ഡോക്ടർ സ്വന്തം കാറിൽ നഴ്‌സിങ്ങ്‌ഹോമിലേയ്ക്കു കൊണ്ടുപോയി. രാത്രി ത്രേസ്യാമ്മയും പാറുകുട്ടിയും ഉറക്കം നിന്നു കാത്തിരുന്നു. രാവിലെ ഡോക്ടർ വന്നപ്പോൾ കണ്ണു കലങ്ങി മുഖം ചീർത്ത ത്രേസ്യാമ്മയെയാണ് കണ്ടത്.

“ത്രേസ്യാമ്മ ഇന്നലെ ഉറങ്ങിയില്ലെ?”

“എനിക്കു പേടിയായിരുന്നു ഡോക്ടർ”

“എന്തിനു പേടി? ഞാൻ പറഞ്ഞില്ലെ കുഴപ്പമൊന്നുമില്ല, വെറും ചെക്കപ്പിന്നുവേണ്ടി കിടത്തിയതാണെന്ന്.” സ്റ്റെത്ത് കഴുത്തിലിട്ടുകൊണ്ട് ഡോക്ടർ പറഞ്ഞു. “ജോസഫേട്ടൻ പൂർണാരോഗ്യവാനായിരിക്കുന്നു. ഒന്നും പേടിക്കാനില്ല. ഒരാഴ്ച ഇവിടെ കിടക്കട്ടെ, ഒരു തറോ ചെക്കപ്പ് കഴിക്കാം.” തിരിഞ്ഞ് ജോസഫേട്ടനെനോക്കി കണ്ണിറുക്കിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. “എനിക്കും നാലു കാശുണ്ടാക്കണ്ടെ?”

ഡോക്ടർ നായരെ നല്ലവണ്ണം അറിയുന്നതുകൊണ്ട് ക്ഷീണിച്ചു കിടക്കുന്ന ആ അവസ്ഥയിലും ജോസഫേട്ടൻ ചിരിച്ചു.

പിന്നെ നഴ്‌സിങ്ങ് ഹോമിലെ ജീവിതം സുഖമായിരുന്നു. ഒരു പിക്‌നിക്കിന്നു പോയ പ്രതീതി. ഇന്റൻസീവ് കെയർ യൂനിറ്റിനു പുറത്തു സന്നിഗ്ദാവസ്ഥയിലുള്ള രോഗികളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് വിഷമമില്ലാതെ ജനറൽ വാർഡിലും മുറികളിലും നടന്ന് അന്വേഷിക്കാം. ത്രേസ്യാമ്മ ദിവസവും അതൊരു പതിവാക്കി. പകൽ മിക്കവാറും അനിയത്തി ക്ലാര വന്നിരിക്കും. അവൾക്ക് വീട്ടിൽ തൊഴിലൊന്നുമില്ലാതെ ഇരിക്കയാണ്. തനിക്ക് പ്ലേസ്‌കൂളിലെ കുട്ടികളെ നോക്കേണ്ടതുണ്ട്. വൈകുന്നേരം ആറുമണിയോടെ അച്ചായന്നുള്ള ഭക്ഷണവുമായി നഴ്‌സിങ്ങ്‌ഹോമിലെത്തി ക്ലാരയെ പറഞ്ഞയക്കും. ജോസഫേട്ടന്ന് കാപ്പി കൊടുത്തു കഴിഞ്ഞാൽ പുറത്തിറങ്ങി ഓരോ രോഗികളുടേയും അടുത്തുചെന്ന് കുശലമന്വേഷിക്കും. അങ്ങിനെയാണ് ജോർജൂട്ടിയേയും ഗ്രേസിയേയും പരിചയപ്പെട്ടത്. നല്ല സുന്ദരിയായ പെൺകൊച്ച്. അതിന് ഇങ്ങിനെയൊരു രോഗം ഉണ്ടെന്നാരും പറയില്ല. ഹൃദയത്തിന്റെ വാൾവിന് തകരാറാണത്രെ. ജോർജൂട്ടിയും നല്ല സുന്ദരൻ. നല്ല ജോടിയാണ്. ഗ്രേസി അധികം സംസാരിക്കാത്ത പ്രകൃതമാണ്. ജോർജൂട്ടി നേരെ മറിച്ചും.

“ആരെങ്കിലും ഒരാൾ സംസാരിച്ചാൽ മതീന്ന് വെച്ചിട്ടാണ്” ഗ്രേസി ഒരിക്കൽ പറഞ്ഞു. ‘ജോർജൂട്ടിടെ സംസാരം തന്നെ പോരെ?”

ജോർജൂട്ടി ഇടക്കിടക്ക് ജോസഫേട്ടന്റെ മുറിയിൽ വരും, കുറേ നേരം സംസാരിച്ചിരിക്കും. മെഡിക്കൽ റെപ്രസെന്റേറ്റീവായിരുന്ന അയാൾ ഇടക്കിടക്ക് വിറ്റാമിൻ ഗുളികകളുടെ സാംബിൾ കൊണ്ടുവന്നു കൊടുക്കും. ഒരാഴ്ചക്കുള്ളിൽ ഒരായുഷ്‌ക്കാലത്തെ പരിചയം അയാൾ ഉണ്ടാക്കിയിരുന്നു.

ആശുപത്രി വിട്ടശേഷവും അവരെ ഇടയ്ക്ക് കാണാറുണ്ട്. ഗ്രേസിയേ ബൈക്കിനു പുറകിലിരുത്തി ഓടിച്ചു പോവുകയോ, റെഡിമെയ്ഡ് ഷോപ്പുകളിൽ ചൂരിദാർ നോക്കിക്കൊണ്ടു നിൽക്കയോ ആയിരിക്കും. കണ്ടാ ൽ അടുത്തുവന്ന് ലോഗ്യം പറയും. ഒരു ദിവസം വീട്ടിൽ വരാമെന്ന് പറയും. പറച്ചിലല്ലാതെ ഇതുവരെ വീട്ടിൽ വന്നിട്ടൊന്നുമില്ല. ചോദിച്ചാൽ പറയും. “സമയം കിട്ടിയില്ല ആന്റി, ഒരു ദിവസം ഞങ്ങൾ ആന്റിയേയും അങ്കിളിനേയും സർപ്രൈസ് ചെയ്യും.”

ആ സർപ്രൈസാണ് സെമിത്തേരിയിലുണ്ടായത്. അന്നു രാത്രി ത്രേസ്യാമ്മ കുറേ നേരം കരഞ്ഞു.

ഡിപ്പാർട്ടുമെന്റ് സ്റ്റോറിൽ ഗ്രേസിയെ ഒറ്റക്ക് കണ്ടശേഷം ഒരിക്കൽപോലും അവ രെ രണ്ടുപേരേയും കാണുകയുണ്ടായില്ല. അതുകൊണ്ട് ഗ്രേസിയെയായിരിക്കില്ല കണ്ടതെന്ന് ത്രേസ്യാമ്മ കരുതി. ഒരു തൽക്കാല വിഭ്രാന്തിയോ മറ്റോ ആയിരിക്കും അത്.

“ഞാൻ പറഞ്ഞില്ലെ?” ജോസഫേട്ടൻ ആണയിട്ടു. “ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാ.”

“ഒരു കാര്യം അദ്ഭുതമായിരിക്കുന്നു,” ത്രേസ്യാമ്മ പറഞ്ഞു. ‘അതിനുശേഷം ജോർജൂട്ടിയെ കണ്ടിട്ടേയില്ല. ഇപ്പോ അഞ്ചെട്ടു മാസായില്ലേ?”

“അവൻ എങ്ങോട്ടെങ്കിലും ട്രാൻസ്ഫർ വാങ്ങിപ്പോയിട്ടുണ്ടാകും.”

“പോകുന്നതിനുമുമ്പ് നമ്മളെ ഒന്ന് വന്ന് കണ്ടില്ല.”

“ട്രാൻസ്ഫറായീന്ന് ഞാൻ ഊഹിച്ചതാണ് കെട്ടോ ത്രേസ്യേ. പിന്നെ ഭാര്യ മരിച്ചതിന്റെ ശേഷം നമ്മളെ ഒക്കെ വന്ന് കാണാൻ അവന് വിഷമമുണ്ടാകും. അത് സാധാരണ്യല്ലെ?”

“ആയിരിക്കാം”, ത്രേസ്യാമ്മ മുഴുവൻ ദഹിക്കാത്ത മട്ടിൽ പറഞ്ഞു. എന്തൊക്കേയോ ചോദ്യങ്ങൾ ഉത്തരമില്ലാതെ കിടക്കുന്നതായി അവർക്കു തോന്നി. വല്ലാതെ വിഷമം തോന്നുന്ന രാത്രികളിൽ കിടക്കുമ്പോൾ അവർ പ്രാർഥിച്ചു.

“കർത്താവേ ഈ കുരിശ് എന്നിൽനിന്ന് എടുത്തു മാറ്റണേ. ഓരോ ദിവസം കൂടുംതോറും എനിക്ക് ഉറപ്പായി വരുന്നുണ്ട്, ഞാൻ കണ്ടത് ഗ്രേസിയെത്തന്നെയാണെന്ന്. ഗ്രേസിക്കെന്നേയും മനസ്സിലായിരിക്കുന്നു. നമ്മൾ ഒരാളെ നോക്കുമ്പോൾ അവൾക്ക് നമ്മെ പരിചയമുണ്ടെങ്കിൽ കണ്ണിൽ ഒരു പ്രത്യേക ഭാവമുണ്ടാവില്ലെ, ഒരു തിളക്കം. അതു ഞാൻ ഗ്രേസിയുടെ കണ്ണിൽ കണ്ടതാണ്. ഞാൻ പാറുകുട്ടിയെ വിളിക്കാൻ തിരിഞ്ഞപ്പോഴേയ്ക്ക് അവൾ എവിടെ പോയി മറഞ്ഞൂന്ന് അറിയില്ല. കർത്താവേ പ്രേതങ്ങള് ചൂരിദാറിട്ട് നടക്കാറുണ്ടോ? അതും പട്ടാപ്പകൽ?’

കർത്താവ് മറുപടിയൊന്നും കൊടുത്തില്ല. അവർ വീണ്ടും പ്രാർഥിക്കാൻ തുടങ്ങിയപ്പോൾ അച്ചായൻ ഇടപെട്ടു.

“നീയൊന്ന് വിളക്കണച്ച് കിടക്കാൻ നോക്ക് കൊച്ചുത്രേസ്യേ. കർത്താവിനും വേണ്ടേ കുറച്ച് സൈ്വരം ഒക്കെ?’

ത്രേസ്യാമ്മ വിളക്കണച്ച് കുരിശു വരച്ചു കിടന്നു, നെടുവീർപ്പിട്ടു.

ശനിയാഴ്ചകളിൽ വൈകുന്നേരം ത്രേസ്യാമ്മ എറണാകുളത്ത് പോകും. ശനിയാഴ്ചയായതുകൊണ്ട് മൂന്നു മണിയാവുമ്പോഴേയ്ക്ക് അച്ഛനമ്മമാർ വന്ന് കുട്ടികളെ കൊണ്ടുപോകും. നാലു മണിയോടെ ത്രേസ്യാമ്മ പാറുകുട്ടിയുമായി പുറത്തിറങ്ങും. രാവിലെത്തന്നെ കോളനിയിൽ നടന്ന് എല്ലാവരോടും എന്തെങ്കിലും വാങ്ങിക്കൊണ്ടുവരാനുണ്ടോ എന്ന് അന്വേഷിക്കും. എറണാകുളത്തു മാത്രം കിട്ടുന്ന സാധനങ്ങളുണ്ട്, അല്ലെങ്കിൽ എറണാകുളത്ത് വില കുറഞ്ഞു കിട്ടുന്ന സാധനങ്ങൾ. ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയുണ്ടാക്കും. മുൻകൂറായി പണവും വാങ്ങും. ലാഭേഛയില്ലാതെ ചെയ്യുന്ന ഒരേയൊരു സേവനമാണ്. സാധനം വാങ്ങിക്കൊണ്ടു വന്നു കൊടുത്തശേഷം പണം പിന്നെത്തരാമെന്നോ, അയ്യോ ഇതല്ല ഞാനുദ്ദേശിച്ച സാധനം എന്നോ പറഞ്ഞാൽ ശരിയാവില്ല.

ഫാൻസി സ്റ്റോറിൽ പൊട്ടും, വളകളും, ഹെയർപിന്നും നോക്കിക്കൊണ്ടിരിക്കെയാണതുണ്ടായത്. തൊട്ടടുത്ത് കൗണ്ടറിൽ വെച്ച കൈയ്യാണ് ആദ്യം കണ്ടത്. വെളുത്തു നീണ്ട വിരലുകൾ, വളർത്തി ഭംഗിയായി കമാനത്തിൽ വെട്ടിനിർത്തിയ നഖങ്ങളിൽ ചുവന്ന പോളിഷ്. ഇത്ര ഭംഗിയുള്ള കയ്യിന്റെ ഉടമസ്ഥയെ നല്ലവണ്ണം ഒന്ന് കാണാമല്ലൊ എന്നു കരുതി നോക്കിയപ്പോൾ ത്രേസ്യാമ്മ ഞെട്ടിപ്പോയി. അപ്പോഴാണ് തന്റെ അടുത്ത് നിന്നിരുന്ന മദ്ധ്യവയസ്‌കയെ ആ പെൺകുട്ടിയും കണ്ടത്. രണ്ടുപേരുടേയും കണ്ണുകളിടഞ്ഞു. ഒരു നിമിഷാർദ്ധം മാത്രം. പെട്ടെന്നവൾ തിരിഞ്ഞ് ഷോപ്പിൽനിന്ന് പുറത്തേയ്ക്ക് ധൃതിയിൽ നടന്നു.

ത്രേസ്യാമ്മ അനങ്ങാൻ പറ്റാതെ തരിച്ചുനിന്നു.

“ചേച്ചി ഏതു കളറാണ് വേണ്ടത്?” കൌണ്ടറിൽ നിന്ന പയ്യൻ ചോദിച്ചു. ത്രേസ്യാമ്മ ഒരിക്കൽക്കൂടി ഞെട്ടി.

“പാറുകുട്ടി നീ എന്നെ ഒന്ന് നുള്ളിയേ.”

“എന്തിനാ അമ്മച്ചീ?”

‘ഞാൻ ഒറങ്ങ്വാണോ അതോ ഉണർന്നിരിക്ക്യാണോന്ന് നോക്കാനാ.’

“അമ്മച്ചി ഉറങ്ങ്വൊന്നും അല്ല.”

“നീ കണ്ടോ പെണ്ണേ, ഇപ്പം പോയത് ഗ്രേസി അല്ലായിരുന്നോ?”

പാറുകുട്ടി തിരിഞ്ഞുനോക്കി. അവൾ കൈ മലർത്തി. “ആ ഞാൻ കണ്ടില്ലമ്മച്ചീ.” അവൾ കൗണ്ടറിൽ നിരത്തിയ വർണപ്രപഞ്ചത്തിൽ മുഴുകിയിരിക്കുകയായിരുന്നു.

ത്രേസ്യാമ്മ ദീർഘശ്വാസമിട്ടു. രണ്ടാമത്തെ തവണയാണ് ഗ്രേസി കൈവിട്ടുപോകുന്നത്. എന്താണവളെ ചൂഴ്ന്നുനിൽക്കുന്ന രഹസ്യം? എന്തെങ്കിലുമാവട്ടെ. അവർ കയ്യിലുള്ള പട്ടികയിൽ കണ്ണോടിച്ചു. ശ്യാമളക്ക് വേണ്ടത് മറൂൺ കളറിലുള്ള വളകളാണ്. നാലുജോടി. അളവിനുള്ള വളയും തന്നിട്ടുണ്ട്.

“ഇതു നാലുജോടി എടുക്ക്”, അവർ പയ്യനോടു പറഞ്ഞു.

അപ്പോഴാണ് അതുണ്ടായത്. പതുപതുത്ത രണ്ടു കൈകൾ അവരുടെ കണ്ണുകളെ മൂടി.

“ആരാണെന്നു പറഞ്ഞാൽ ഒരു സമ്മാനം.” സുപരിചിതമായ മധുരസ്വരം.

“മോളെ ഗ്രേസി”, അവർ തിരിഞ്ഞു ഗ്രേസിയെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു മുത്തം കൊടുത്തു.

“സമ്മാനം വേണ്ടെ?”, ഗ്രേസി കുസൃതിയോടെ ചോദിച്ചു. ‘അതാ സമ്മാനം.’

അവൾ ചൂണ്ടിക്കാട്ടിയ ഇടത്തേക്കു നോക്കിയപ്പോൾ ജോർജ്ജൂട്ടി നിൽക്കുന്നു, ചിരിച്ചുകൊണ്ട്.

“ജോർജ്ജൂട്ടി!”

അയാൾ അടുത്തുവന്നു.

“ആന്റി അങ്കിൾ എന്തു പറയുന്നു?”

നീ കുറേയേറെ കാര്യങ്ങൾക്ക് ഉത്തരം പറയേണ്ടിയിരിക്കുന്നു എന്ന മട്ടിൽ ത്രേസ്യാമ്മ അവനെ നോക്കി.

“ആന്റി’ ജോർജ്ജൂട്ടി പറഞ്ഞു. “ഞങ്ങൾക്ക് നാളെ ഞായറാഴ്ച ആന്റിയുടെയും അങ്കിളിന്റെയും അടുത്താണ് ഊണ്. ഞങ്ങൾ കൃത്യം പന്ത്രണ്ടുമണിക്ക് എത്തും. അപ്പോ കാണാം.”

അയാൾ ഗ്രേസിയുടെ കൈ പിടിച്ച് നടന്നു. പിന്നെ ഒരു കാര്യം പറയാനായി തിരിച്ചു വന്നു.

“ഞങ്ങൾക്ക് ചില്ലിചിക്കൻ വേണം. ആന്റിയുടെ ചില്ലിചിക്കൻ കേമമാണെന്ന് ഗ്രേസി പറഞ്ഞിട്ടൊണ്ട്.”

അവർ പോയി, ഒരു കൊടുങ്കാറ്റ് വന്നൊഴിഞ്ഞപോലെ. ത്രേസ്യാമ്മ കുറച്ചുനേരം ഒന്നും ചെയ്യാനാകാതെ നിന്നു. ഒരു മിനിറ്റു മുമ്പ് നടന്നതാണെങ്കിൽക്കൂടി, അത് പണ്ടെങ്ങാനും നടന്നപോലെ അവർക്കു തോന്നി. ചില്ലിചിക്കന്റെ കാര്യം നഴ്‌സിങ്ങ്‌ഹോമിൽ കഴിഞ്ഞിരുന്നപ്പോൾ പറഞ്ഞിരുന്നതാണ്. എന്തായാലും ജോസഫേട്ടൻ മാർക്കറ്റിൽ പോകുമ്പോൾ നല്ല തുടമുള്ള കോഴിയിറച്ചി വാങ്ങാൻ പറയണം.

അവർ കൈയ്യിലുള്ള പട്ടികയിൽ നോക്കി.

“എടോ, നാലുജോടി മറൂൺ വളകളെടുത്തുവോ?”

ശൈലജ പൊട്ടുകൾ വാങ്ങാൻ പറഞ്ഞിട്ടുണ്ട്. ആരാണ് ഹെയർപിൻ വാങ്ങാൻ എല്പിച്ചിട്ടുള്ളത്?....

വീട്ടിലെത്തി നടന്നതെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ ജോസഫേട്ടൻ ചിന്താധീനനായി. കുറച്ചുനേരം അങ്ങിനെ ഇരുന്ന ശേഷം അദ്ദേഹം ചോദിച്ചു.

“അപ്പോ നെനക്ക് ചോദിക്കാൻ മേലായിരുന്നോ.”

“എന്ത്?

“ഞാൻ അവന്റെ ഭാര്യടെ ശവമടക്കിന് പോയ കാര്യം.”

“ഗ്രേസിയെ മുന്നിൽ വെച്ചുകൊണ്ട് ഞാൻ എങ്ങനാ അതു ചോദിക്കണത്. പിന്നെ പോരാത്തതിന് അതിനൊന്നും സമയം കിട്ടിയതുമില്ല.”

“അതും ശരിയാ, നിന്നെയല്ലെ പള്ളീല് അടക്കം ചെയ്യണത് കണ്ടത്ന്ന് ഒരാളോട് ചോദിക്കാൻ പറ്റ്വോ?”

ഒരു കൊടുങ്കാറ്റുപോലെയായിരുന്നു. ഗ്രേസി വന്ന് കണ്ണു പൊത്തിയതും, ജോർജ്ജൂട്ടി വന്ന് സംസാരിച്ചതുമെല്ലാം ഒരു നിമിഷം കൊണ്ടു കഴിഞ്ഞു. തെറ്റിയ താളം ഒപ്പിച്ചെടുക്കുമ്പോഴേയ്ക്ക് അവർ പോയിരുന്നു.

ഞായറാഴ്ച രാവിലെ ബൈക്കിന്റെ പിന്നിൽ ഗ്രേസിയെ ഇരുത്തി വന്ന ജോർജ്ജൂട്ടിക്ക് രഹസ്യങ്ങൾ അനാവരണം ചെയ്യാൻ വലിയ ധൃതിയൊന്നും കണ്ടില്ല. അവൻ പറയുകയും ചെയ്തു.

“എന്താണിത്ര ധൃതി, ആന്റീ? നിങ്ങളുടെ ഊണ് നശിപ്പിക്കണ്ട. ഊണു കഴിഞ്ഞ് സാവധാനം പറയാം പോരെ?”

“അവൻ സൂത്രക്കാരനാ കൊച്ചു ത്രേസ്യേ,” ജോസഫേട്ടൻ പറഞ്ഞു. “ഊണു കഴിഞ്ഞാ പെമ്പ്രന്നോരേം പൊക്കിയെടുത്ത് അവൻ പറക്കും.”

“ഇല്ല അങ്ക്ൾ, ഞാൻ വാക്കു തരാം.”

ആ ഉറപ്പിൽ ഊണ് വിളമ്പപ്പെട്ടു. ചില്ലിചിക്കൻ അപാരമായിരുന്നു.

ജോർജ്ജൂട്ടിയുടെ കഥ ദുഃഖമയമായിരുന്നു. ഒരു മണിക്കൂർ കേട്ടിരുന്നപ്പോൾ ത്രേസ്യാമ്മക്ക് അതു കേൾക്കേണ്ടിയിരുന്നില്ലെന്നു തോന്നി.

“എന്റെ ഭാര്യ തന്നെയാണ് മരിച്ചത്. അങ്ക്ൾ കണ്ടതെല്ലാം ശരിയായിരുന്നു. ഒരു കൊല്ലായി ലിസി കിടപ്പിലായിരുന്നു. കല്യാണം കഴിഞ്ഞ ദിവസം തൊട്ട്. സുഖമില്ലാത്ത ഒരു കുട്ടിയെ അവളുടെ അപ്പനും മൂന്നാനും കൂടി എന്റെ തലയിലിട്ടതായിരുന്നു. പിന്നീടാണെല്ലാമറിഞ്ഞത്. അവൾ ഒരു നിത്യരോഗിയായിരുന്നു.

“ആദ്യത്തെ രാത്രിയിൽത്തന്നെ അവൾക്കൊരറ്റാക്കുണ്ടായി, ഒരു ഭാഗം തളരുകയും ചെയ്തു. വലിയ പ്രതീക്ഷകളോടെ മണിയറയിലേക്കു ചെന്ന ഞാൻ കണ്ടത് വായിൽനിന്നു നുരയും പതയും വന്ന് തളർന്നു കിടക്കുന്ന നവവധുവിനെയാണ്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവളുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ആരും വന്നില്ല. അപ്പച്ചൻ ചൂടായി, അവളെ ഉടനെ വീട്ടിൽ കൊണ്ടുപോയാക്കണമെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. സംഭവിക്കേണ്ടത് സംഭവിച്ചു. അവളിപ്പോൾ രോഗിയാണ്. ഭേദമായശേഷം നമുക്കെന്തെങ്കിലും തീരുമാനിക്കാം. അവളുടെ അസുഖം പക്ഷെ മാറുകയുണ്ടായില്ല. എട്ടുമാസം കിടന്നു. ആ എട്ടു മാസവും ഞാനവളെ ശുശ്രൂഷിച്ചു.”

“അപ്പോ ഗ്രേസി ആരാണ്?”

ത്രേസ്യാമ്മയും ജോസഫേട്ടനും ഏതാണ്ട് ഒരേ സമയത്താണ് അതു ചോദിച്ചത്.

“കർത്താവു പറഞ്ഞയച്ച മാലാഖ.” ജോർജ്ജൂട്ടി പറഞ്ഞു. “ആ എട്ടുമാസത്തെ നരകത്തിൽ എനിക്ക് ആകെയുണ്ടായിരുന്ന അഭയമായിരുന്നു ഗ്രേസി.”

ത്രേസ്യാമ്മ തലയിൽ കൈ വെച്ചിരുന്നുപോയി. എന്തൊക്കെയാണ് കർത്താവേ കേൾക്കുന്നത് !

ജോർജ്ജൂട്ടി മേശമേൽ വെച്ചിരുന്ന കവറെടുത്ത് അതിൽ നിന്ന് ഒരു ക്ഷണക്കത്തെടുത്ത് ജോസഫേട്ടന്റെ നേരെ നീട്ടി.

ഞങ്ങളുടെ കല്യാണമാണ് വരുന്ന ഞായറാഴ്ച. സെന്റ് പോൾസ് ചർച്ചിൽവെച്ച്. നിങ്ങൾ മൂന്നുപേരും വരണം.’

ജോസഫേട്ടൻ കണ്ണടയെടുത്തുവെച്ച് ക്ഷണക്കത്തു വായിച്ചു. കത്തിന്റെ അവസാനഭാഗം ജോസഫേട്ടൻ ഉറക്കെ വായിച്ചു. “ദയവു ചെയ്ത് ഉപഹാരങ്ങൾ ഒന്നും കൊണ്ടുവരരുത്.’

“അത് അങ്ക്ൾ.....” ജോർജ്ജൂട്ടി പറഞ്ഞു. “ആരെങ്കിലും പ്രസന്റേഷൻ കൊണ്ടുവരാൻ മറന്നെങ്കിലോ എന്നു കരുതി ഓർമ്മിപ്പിക്കാൻ എഴുതിച്ചേർത്തതാണ്.”

“ഇതു കണ്ടോ നാണമില്ലാതെ...” ഗ്രേസി പറഞ്ഞു.

എല്ലാവരും ചിരിച്ചു. ചിരിച്ചുകൊണ്ടിരുന്നപ്പോഴും ത്രേസ്യാമ്മ ആലോചിച്ചു കൊണ്ടിരുന്നത് ഗ്രേസി ആശുപത്രിയിൽ കിടന്നിരുന്നതിനെപ്പറ്റിയായിരുന്നു. ത്രേസ്യാമ്മക്ക് ഒരു സംശയവും വെച്ചിരിക്കാൻ പറ്റില്ല; അതെങ്ങിനെയാണ് ചോദിക്കുക എന്ന വിഷമവും. അപ്പോഴാണ് ഭാഗ്യത്തിന് ജോസഫേട്ടൻ ചോദിച്ചത്.

“ഗ്രേസിയുടെ അസുഖം ഒക്കെ മാറിയില്ലെ?”

“എന്തസുഖം അങ്ക്ൾ?” ജോർജ്ജൂട്ടി ചോദിച്ചു.

“ഗ്രേസിയെ ആശുപത്രിയിൽ കിടത്തിയിരുന്നില്ലെ, ഹൃദയത്തിന്റെ വാൾവിന് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞ്?”

ജോർജ്ജൂട്ടിയുടെ ചിരി പെട്ടെന്ന് മാഞ്ഞു. അയാളുടെ മുഖം ഗൗരവമായി. താഴ്ന്ന സ്വരത്തിൽ അയാൾ പറഞ്ഞുതുടങ്ങി.

“പറയാൻ കൊള്ളില്ല അങ്ക്ൾ, പക്ഷെ അതു ഞങ്ങളുടെ മധുവിധുവായിരുന്നു.”

“മധുവിധു?”

“അതെ ഹണിമൂൺ. ഞങ്ങൾ രഹസ്യമായി കല്യാണം കഴിച്ചു. പള്ളിയിൽ പോയി കല്യാണം കഴിക്കണമെങ്കിൽ ഭാര്യയുടെ മരണശേഷമേ പറ്റൂ. അതിനു കാത്തു നിൽക്കാനുള്ള ക്ഷമയില്ലാതായി. ഹോട്ടൽ മുറികളൊന്നും അത്ര സുരക്ഷിതമല്ല. അപ്പോഴാണ് ഇങ്ങിനെ ഒരാശയം മനസ്സിൽ വന്നത്. ഗ്രേസി സമ്മതിച്ചതേയില്ല. ഞാൻ നിർബ്ബന്ധിച്ചു കൊണ്ടുവന്നതാണ്.”

ഗ്രേസി തല താഴ്ത്തിയിരിക്കയാണ്. നാണം കൊണ്ട് അവളുടെ മുഖം ചുവന്നിരുന്നു.

“പരിചയമുള്ള ഒരു ഡോക്ടറും നഴ്‌സും ഉള്ളതുകൊണ്ടാണത് കഴിഞ്ഞത്. ആശുപത്രി മണവും ശ്വസിച്ച് രോഗികളുടേയും മരുന്നുകളുടേയും നടുവിൽ ഒരു മധുവിധു. അവസാനം പക്ഷെ പ്രശ്‌നമായി. ഡോക്ടർ നായർ അറിഞ്ഞപ്പോൾ ആകെ ചൂടായി, കേസെടുക്കും എന്നൊക്കെ പറഞ്ഞു. ഒരു വിധം പറഞ്ഞു നിർത്തിയതാണ്.”

“അതൊക്കെയാണ് ആന്റി, ഞങ്ങളുടെ കഥ. ഇപ്പോൾ തോന്നുന്നുണ്ടാവും കേൾക്കേണ്ടിയിരുന്നില്ലാന്ന്, അല്ലേ?”

ത്രേസ്യാമ്മയും അതു തന്നെയാണ് ആലോചിച്ചുകൊണ്ടിരുന്നത്.

അവർ പുറത്തിറങ്ങി. ബൈക്ക് സ്റ്റാർട്ടാക്കുന്നതിനു മുമ്പ് ജോർജ്ജൂട്ടി വിളിച്ചു പറഞ്ഞു.

“കല്യാണത്തിന് വരണം കേട്ടോ. പിന്നെ പ്രസന്റേഷന്റെ കാര്യം മറക്കരുതേ.”