close
Sayahna Sayahna
Search

ഉറങ്ങുന്ന സര്‍പ്പങ്ങള്‍ 02


ഉറങ്ങുന്ന സര്‍പ്പങ്ങള്‍ 02
EHK Novel 01.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഉറങ്ങുന്ന സര്‍പ്പങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

എയർകണ്ടീഷൻ ചെയ്ത റെസ്റ്റോറണ്ടിനു പുറത്ത് ചായ്പിൽ മേശകളിട്ടതിൽ ഒന്നിനു മുമ്പിൽ അയാൾ കാത്തിരുന്നു. പുറത്ത് നിരത്തിൽ വൈകുന്നേരത്തെ തിരക്കായിരുന്നു. അതു നോക്കി നിൽക്കാൻ അയാൾ ക്കിഷ്ടമായിരുന്നു. നോക്കി നിൽക്കെ ഒരു ജീൻസും ടോപ്പും ധരിച്ച് വലിയ ഗോഗിൾസും ഇട്ട ഒരു പെൺകുട്ടി ഫുട്പാത്തിൽ നിന്ന് റെസ്റ്റോറണ്ടിലേക്ക് തിരിഞ്ഞു. അത് ഊർമ്മിളയായിരിക്കുമെന്ന് അയാൾ തീർച്ചയാക്കി. പക്ഷെ അവൾ അയാളേയും കടന്ന് ചുമരരുക്കിലിരുന്ന ഒരു ചെറുപ്പക്കാരന്റെ അടുത്തേക്ക് പോയി. ഒട്ടും അറിയാത്ത ഒരു പെൺകുട്ടിയെ കാത്തിരിക്കുക രസകരമായ ഒരനുഭവമാണ്. അവളുടെ പ്രായമറിയില്ല, മുഖച്ഛായ അറിയില്ല, അവൾ എന്ത് വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നറിയില്ല.

ഊർമ്മിളയോട് ചോദിക്കേണ്ട കാര്യങ്ങളെല്ലാം അയാൾ മനസ്സിൽ കുറിച്ചുവെച്ചു. സീമ എവിടെയാണെന്നാണ് അറിയേണ്ടത്. അതിന് തൃപ്തികരമായ വല്ല മറുപടിയും കിട്ടുമോ എന്ന് ഒരു നിശ്ചയവുമില്ല. സീമ എന്തിനാണ് തന്നെ ഉപേക്ഷിച്ചു പോയതെന്നത് ഇപ്പോഴും അയാൾക്ക് ഒരു രഹസ്യമാണ്. അവൾ പറയാറുണ്ട്, എല്ലാ ബന്ധങ്ങൾക്കും ഒരു പരിധി വരെ മാത്രമെ പോകാൻ പറ്റു. ഞാൻ മനുവിന്റെ ഒപ്പം വളരെ സന്തോഷവതിയാണ്. ജീവിതത്തിൽ മുമ്പൊന്നും ഇത്ര സന്തോഷമുണ്ടായിട്ടില്ല. ഇനി ഭാവിയിൽ ഉണ്ടാവുമെന്നും തോന്നുന്നില്ല. സന്തോഷമുള്ള നിമിഷങ്ങൾ എനിക്ക് അധികകാലം തുടർന്നു കിട്ടില്ല. അത് എന്റെ മേലുള്ള ഒരു ശാപമാണ്. സീമ പലപ്പോഴും കടംകഥയായാണ് സംസാരിച്ചിരുന്നത്. അവൾ ഒരിക്കലും വിശദീകരണങ്ങൾ നൽകിയിരുന്നില്ല. കൂടുതൽ കുത്തിച്ചോദിച്ചാൽ അവൾ ഒരു ചുംബനം കൊണ്ട് അയാളെ നിശ്ശബ്ദനാക്കും. എന്തിന് ഭാവിയെപ്പറ്റി അന്വേഷിക്കണം? നമ്മൾ ഈ നിമിഷത്തിൽ സന്തുഷ്ടരല്ലെ?

ഊർമ്മിള ആറുമണിക്ക് വരാമെന്നാണ് പറഞ്ഞിരുന്നത്. സമയം ആറേകാൽ ആയിരിക്കുന്നു. പുറത്ത് തെരുവ് ഒരു പഴകി പൊടിപിടിച്ച പെയിന്റിംഗ് പോലെ ആയിരുന്നു. ഇനി തെരുവുവിളക്കുകളും പീടികകളുടെ പുറമെയുള്ള നിയോൺ വിളക്കുകളും തെരുവിനെ പ്രകാശമയമാക്കുന്നവരെ ചിത്രം മങ്ങിത്തന്നെയിരിക്കും.

പെട്ടെന്ന് ആൾക്കൂട്ടത്തിൽ നിന്ന് ഒരു പെൺകുട്ടി റെസ്റ്റോറണ്ടിലേക്കു കടന്നു അയാളെ നോക്കി ചിരിച്ചു. അവൾ മഞ്ഞനിറത്തിലുള്ള സാരിയാണുടുത്തിരുന്നത്. പുള്ളികളുള്ള ബ്ലൗസും. അവൾക്ക് വളരെ ഭംഗിയുണ്ടെന്നയാൾ പെട്ടെന്ന് മനസ്സിലാക്കി. തന്റെ മനസ്സിൽ ഭംഗിയുള്ള കുട്ടിയല്ല ഉണ്ടായിരുന്നതെന്നയാൾ അദ്ഭുതത്തോടെ ഓർത്തു. എന്തായിരിക്കാം കാരണം? സീമയ്ക്ക് വലിയ ഭംഗിയൊന്നുമുണ്ടായിരുന്നില്ല. അവൾ ഇരുനിറമാണ്. മേക്കപ്പു പോയി, തലമുടി മര്യാദയ്ക്ക് ഒതുക്കിവെക്കാൻ പോലും അവൾ മിനക്കെടാറുണ്ടായിരുന്നുമില്ല.

ഊർമ്മിള നടന്നുവന്ന് അയാൾക്കു മുമ്പിൽ മേശക്കപ്പുറത്തുള്ള കസേരയിൽ ഇരുന്നു. മേശമേൽ കൈ കുത്തി കൈകൊണ്ട് കവിളുകൾ താങ്ങി അയാളെ നോക്കി ചിരിച്ചു.

മനു, ഞാനാണ് ഊർമ്മിള.

അയാൾ ഒരു ദീർഘനിശ്വാസത്തോടെ കസേരയിൽ ചാഞ്ഞിരുന്നു. പെട്ടെന്നുണ്ടായ അന്തർവേഗം അമർത്താൻ അയാൾ പണിപ്പെടുകയായിരുന്നു. ആ നിമിഷത്തിൽ അയാൾക്കു സീമയെപ്പറ്റി പലതും ചോദിക്കണമെന്നുണ്ട്. നൂറു ചോദ്യങ്ങൾ. കുറച്ചു നേരത്തേക്ക് അയാൾക്ക് സംസാരിക്കാൻ പറ്റിയില്ല. പിന്നെ നിവർന്നിരുന്നു ചോദിച്ചു.

എന്താണ് കഴിക്കുന്നത്?

മനു എന്താണ് കഴിക്കുന്നത്?

കാഫി.

എനിക്കു വിശക്കുന്നുണ്ട്. കുറച്ച് ചീസ് സാന്റ്‌വിച്ചും ഓർഡർ ചെയ്യു.

അയാൾ ചിരിച്ചു. അവളുടെ തുറന്ന പെരുമാറ്റം അയാൾക്കിഷ്ട്ടപ്പെട്ടു. അയാൾ ശ് ശ് ശബ്ദമുണ്ടാക്കി വെയ്റ്ററെ വിളിച്ച് ചീസ് സാന്റ്‌വിച്ചും കാപ്പിയും ഓർഡർ കൊടുത്തു. വെയ്റ്റർ പോയപ്പോൾ ഊർമ്മിള ചോദിച്ചു.

ഇനി പറയു എന്താണ് സംസാരിക്കാനുള്ളത്?

പെട്ടെന്നയാൾ നിരാശനായി. പ്രതീക്ഷിച്ച ഉത്തരങ്ങളൊന്നും കിട്ടാൻ പോകുന്നില്ലെന്ന ഒരു ഭൂതോദയം അയാൾക്കുണ്ടായി. വരാൻ പോകുന്ന നൈരാശ്യത്തെപ്പറ്റി, ദുരന്തത്തെപ്പറ്റിയുള്ള ദു:ഖമയമായ മുന്നറിയിപ്പ്. അതിന്റെ നിഴലിൽ അയാൾ മയങ്ങിക്കിടക്കവേ ഊർമ്മിള വീണ്ടും ചോദിച്ചു.

എന്താണ് ഒന്നും മിണ്ടാത്തത്?

അയാൾ ചോദിച്ചു.

സീമ എവിടെയാണ്?

ഇപ്രാവശ്യം നിശ്ശബ്ദയായത് ഊർമ്മിളയായിരുന്നു. അവൾ പ്രതീക്ഷിച്ച ചോദ്യമായിരുന്നെന്നും പക്ഷെ അതിന് ഉത്തരം തയ്യാറാക്കിയിരുന്നില്ലെന്നും വ്യക്തം. അവൾ സാവധാനത്തിൽ തനിക്കറിയില്ലെന്ന മട്ടിൽ ചുമൽ കുലുക്കി.

കോട്ടയ്ക്കകത്തെ തുറക്കാൻ തുടങ്ങിയ വാതിലുകൾ വീണ്ടും അടയ്ക്കപ്പെട്ടു. ആ പടുകൂറ്റൻ വാതിലിനു നേരെ നിസ്സഹായനായി നോക്കി നിൽക്കെ അയാൾ ഊർമ്മിളയുടെ പതിഞ്ഞ ശബ്ദം കേട്ടു.

എനിക്കറിയില്ല മനു.

പുറത്ത് ഒരായിരം വിളക്കുകൾ ഇതിനകം കണ്ണു തുറന്നിരുന്നു. ഇരുട്ടിയതെപ്പോഴാണ്?

വരച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രത്തിൽ ചായക്കൂട്ട് തട്ടിമറിയുന്ന പോലെയാണ് രാത്രിയാവുക. സീമ പറയാറുണ്ട്. പെട്ടെന്നാണ് അത് സംഭവിക്കുക. നാം കരുതലില്ലാതിരിക്കുന്ന നിമിഷത്തിൽ. നാം അറിയാതെ. കുട്ടിക്കാലത്ത് ഞാൻ എന്നും ഉറങ്ങാൻ കിടക്കുമ്പോൾ ഉറങ്ങാൻ തുടങ്ങുന്ന സമയം കണ്ടുപിടിക്കാൻ വേണ്ടി ശ്രമിക്കാറുണ്ട്. പക്ഷെ ഒരിക്കലും കഴിയാറില്ല. അങ്ങിനെ ശ്രദ്ധിച്ചു കിടക്കെ എന്തെങ്കിലും വിചാരധാരയിൽ അകപ്പെട്ടു പോകുന്നു. എന്തു ശ്രദ്ധിച്ചാണ് കിടന്നിരുന്നതെന്നു തന്നെ മറന്നു പോകുന്നു. പിന്നെ ഉണരുമ്പോ ഴാണ് ഒരു ജാള്യതയോടെ നിരാശയോടെ ഓർമ്മ വരുക, ഉറങ്ങിയ നിമിഷം കണ്ടു പിടിച്ചില്ലെന്ന്.

മനുവിന് എത്രത്തോളം വിഷമമു ണ്ടെന്നെനിക്കറിയാം. ഊർമ്മിള പറയു കയാണ്. ഞാൻ വരാൻ പാടില്ലായി രുന്നു.

ഊർമ്മിള വന്നതു നന്നായി.

മനോഹരൻ പറഞ്ഞു. അയാൾ കരുതി ക്കൂട്ടി ഊർമ്മി എന്നു വിളിക്കാതിരുന്നു.

സീമ എവിടെയാണെന്നറിയില്ലെങ്കിൽ ക്കൂടി, സീമയെപ്പറ്റി മറ്റു പലതും ഊർമ്മിളയ്ക്ക് പറഞ്ഞു തരാൻ കഴിയുമായിരി ക്കും. ഇല്ലെ?

എനിയ്ക്ക് കാര്യമായിട്ടൊന്നും അറിയില്ല.

സാന്റ്‌വിച്ചും കാപ്പിയും എത്തിയി രുന്നു. സാന്റ്‌വിച്ച് തിന്നു കൊണ്ടിരിക്കെ അയാൾ ചോദിച്ചു.

നീ എന്തിനാണ് ടെലിഫോൺ ചെ യ്തത്? നാം തമ്മിൽ നേരിട്ട് പരിചയം ഇല്ലല്ലൊ.

ഊർമ്മിള ഒന്നം പറഞ്ഞില്ല. മറുപടി പറയാൻ ഒന്നുമില്ലെന്ന് മനോഹരൻ ഓർത്തു. സീമയും ഊർമ്മിളയുമായുള്ള ബന്ധം താനും സീമയുമായുള്ള ബന്ധ ത്തോളം അടുത്തതായിരുന്നുവെന്ന യാൾക്കറിയാം. അപ്പോൾ സീമയെപ്പറ്റി ഓർമ്മ വന്നപ്പോൾ കുറച്ച് ആശ്വാസത്തി നു വേണ്ടി തനിക്കു ഫോൺ ചെയ്തതാ വാം. ഒരു തണലിനു വേണ്ടി. അൽപം തണുപ്പിനു വേണ്ടി. അതിൽ അസാധാ രണമായൊന്നുമില്ല.

എല്ലാം അദ്ഭുതമായിരിക്കുന്നു. മനോ ഹരൻ പറഞ്ഞു. സീമ ഒരു മുന്നറിയിപ്പും തരാതെയാണ് പോയത്.

എന്താണുണ്ടായത്? ഊർമ്മിള ചോ ദിച്ചു. പോകുന്നതിനു മുമ്പ് സീമ എന്താ ണ് പറഞ്ഞത്?

മനോഹരൻ ആലോചിക്കുകയായി രുന്നു. രണ്ടു കൊല്ലം മുമ്പ് നടന്നതാണ്. പക്ഷേ ഓർമ്മകൾക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. മനോഹരൻ പറഞ്ഞു.

അവൾ ഒന്നും പറഞ്ഞിരുന്നില്ല. ഒരു ദിവസം അവളെ കാണാൻ വീട്ടിൽ ചെന്നപ്പോൾ മുറി അടച്ചിട്ടു കണ്ടു. മടങ്ങിപ്പോകാൻ തുടങ്ങുമ്പോൾ വീട്ടുടമസ്ഥ ചോദിച്ചു.

നിങ്ങളല്ലെ മിസ്റ്റർ മനോഹരൻ?

അതെ.

ഇതാ ഒരു കത്തുണ്ട്. സീമ ഇവിടെ നിന്നു മാറിയിരിക്കന്നു.

കത്തു വളരെ ചെറുതായിരുന്നു.

എന്നിലെ ശാപത്തെപ്പറ്റി പറയാറില്ലെ മനു, സുഖത്തിന്റെ നിമിഷങ്ങൾ അധികകാലം ഉണ്ടാവില്ലെന്ന ശാപം. ആ ശാപം ഫലിക്കുകയാണ്. ഞാൻ പോകുന്നു. എനിക്ക് വേറൊരു നഗരത്തിൽ ജോലി കിട്ടിയിട്ടുണ്ട്. ആർട്ട് ടീച്ചറായി. എന്നെപ്പറ്റി അന്വേഷിക്കാതിരിക്കു.

മനു തന്ന സുഖനിമിഷങ്ങൾക്ക് (അവ നിരവധിയാണ്) ഞാൻ എങ്ങിനെ നന്ദി പറയണമെന്നറിയുന്നില്ല. അല്ലെങ്കിൽ മനുവിനോട് എന്തിനു നന്ദി പറയുന്നു അല്ലെ? ദയവു ചെയ്ത് എന്നെപ്പറ്റി അന്വേഷിക്കാതിരിക്കുക. ബോംബെയിൽ ആർക്കും ഞാൻ എവിടെയാണെന്നതിനെപ്പറ്റി അറിയില്ല.

സ്‌നേഹത്തോടെ ചുംബനങ്ങളോടെ, മനുവിന്റെ മാത്രം സീമ.

സീമ എനിയ്ക്ക് സംസാരിക്കാൻ കൂടി അവസരം തന്നില്ല. അവൾ എഴുതിയ കത്തിലാകട്ടെ അവളെപ്പറ്റി അന്വേഷിക്കരുതെന്നുമായിരുന്നു. സീമ പോകുന്നതിനു മുമ്പ് ഊർമ്മിള കണ്ടിരുന്നോ?

ഇല്ല.

എന്താണ് പോകാൻ കാരണമെന്നറിയുമോ?

ഇല്ല. മനുവിനറിയില്ലെങ്കിൽ പിന്നെ എനിക്കാണോ അറിയുക.

സീമ എല്ലായ്‌പ്പോഴും ഒരു കടങ്കഥ പോലെയാണ് സംസാരിക്കാറ്.

ആട്ടെ മനു സീമയെ എങ്ങിനെയാണ് പരിചയപ്പെട്ടത്?

ഒരു പെയിന്റിംഗ് എക്‌സിബിഷനിൽ വെച്ച്. അവളുടെ ഒറ്റയ്ക്കുള്ള എക്‌സിബഷനായി രുന്നു. ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ വെച്ച്.