close
Sayahna Sayahna
Search

ഉറങ്ങുന്ന സര്‍പ്പങ്ങള്‍ 03


ഉറങ്ങുന്ന സര്‍പ്പങ്ങള്‍ 03
EHK Novel 01.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഉറങ്ങുന്ന സര്‍പ്പങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ സീമയുടെ രണ്ടാമത്തെ എക്‌സിബിഷനായിരുന്നു. മനോഹരൻ മിയ്ക്കവാറും മൂന്നു മണിയ്ക്ക് ഓഫീസിൽ നിന്ന് കുറച്ചു നേരത്തേയ്ക്ക് പുറത്തിറങ്ങാറുണ്ട്. മിക്കവാറും എല്ലാ ദിവസവും പോയിരുന്നത് ആർട്ട് ഗ്യാലറിയിലേയ്ക്കായിരുന്നു. എന്നും എന്തെങ്കിലും എക്‌സിബിഷൻ ഉണ്ടാവും. ഒന്നുകിൽ പെയിന്റിംഗ് അല്ലെങ്കിൽ ശിൽപങ്ങൾ. അല്ലെങ്കിൽ ഫോട്ടോഗ്രാഫി. അന്നു പോയപ്പോൾ സീമയുടെ എക്‌സി ബിഷനായിരുന്നു. ഇടത്തുവശത്തെ ഹാളിൽ. അയാൾ ചെന്നപ്പോൾ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. വാതിലിന്നരികിലിട്ട മേശയ്ക്കു മുമ്പിൽ സീമ ഇരിയ്ക്കുന്നു. ഹാളിൽ അവിടേയുമിവിടേയുമായി രണ്ടു മൂന്നു പെൺകുട്ടികൾ നില്ക്കുന്നുണ്ട്. മേശമേൽ നിന്ന് സൈക്ലോസ്റ്റൈൽ ചെയ്ത കാറ്റലോഗ് എടുക്കുമ്പോൾ അയാൾ ചോദിച്ചു.

നിങ്ങളാണോ പെയിന്റർ?

അതെ.

അയാൾ ഓരോ പെയിന്റിംഗായി നോക്കാൻ തുടങ്ങി. നോക്കിക്കൊണ്ടിരിക്കെ അവളുടെ ചിത്രങ്ങളിലെയെല്ലാം സ്ഥായിയായ ഭാവം ഏകാന്തതയാണെന്നയാൾക്കു തോന്നി. ചക്രമോടിച്ചു പോകുന്ന കുട്ടി, വള വിൽപ്പനക്കാരൻ, പട്ടം പറപ്പിക്കുന്ന ചെറുപ്പക്കാരി മുതലായ മൂർത്തങ്ങളായ ചിത്രങ്ങൾ തൊട്ട് അമൂർത്തങ്ങളായ കോംപൊസി ഷനുകൾവരെ ഈ വാസ്തവം വെളിപ്പെടുത്തി. ഗ്യാലറി ഒരു വട്ടം ചുറ്റി വാതിലിനടുത്തെത്തിയപ്പോൾ സീമ അതേ ഇരിപ്പു തന്നെയാണ്. ഹാളിലുണ്ടായിരുന്ന മറ്റു പെൺകുട്ടികൾ പുറത്ത് പോയിരുന്നു. കാറ്റലോഗ് തിരിച്ചേൽ പ്പിക്കുമ്പോൾ അയാൾ പറഞ്ഞു.

നന്ദി. എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു.

താങ്ക്‌സ്.

പിന്നെയും എന്തെങ്കിലും പറയണമെന്നും, അവളുമായി കൂടുതൽ പരിചയപ്പെടണമെന്നും അയാൾക്കു ണ്ടായിരുന്നു. പക്ഷെ അതൊന്നും ചെയ്യാതെ അയാൾ പുറത്ത് കടന്നു. പിറ്റെ ദിവസവും മൂന്നുമണിയായപ്പോൾ അയാൾ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ പോയി. സീമ തലേ ദിവസത്തെ അതേ ഇരിപ്പു തന്നെ. ഹാൾ, ഒരു വിദേശദമ്പതികൾ ഉണ്ടെന്നതൊഴിച്ചാൽ ഒഴിഞ്ഞു കിടന്നിരുന്നു. അയാൾ സീമയോട് പറഞ്ഞു.

ഗുഡ് ആഫ്റ്റർ നൂൺ.

അവൾ തല പൊന്തിച്ചു. ഗുഡ് ആഫ്റ്റർ നൂൺ. വീണ്ടും വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകത്തിലേക്ക് തല താഴ്ത്തി. പെട്ടെന്ന് എന്തോ സംശയം വന്ന പോലെ അവൾ മുഖമുയർത്തി അയാളെ നോക്കി.

ഇന്നലെ വന്നിരുന്നു അല്ലെ?

അതെ.

ഞാൻ പേരു ചോദിക്കാൻ മറന്നു പോയി.

മനോഹരൻ.

മലയാളിയാണല്ലെ? ഞാനും മലയാളി തന്നെ. പക്ഷേ എന്നിൽ മലയാളിയായി ഒന്നും ഇല്ല.

അയാൾ ചിരിച്ചു.

അയാൾ നടക്കാൻ തുടങ്ങിയപ്പോൾ സീമയും ഒപ്പം വന്നു. കാൻവാസുകൾ നോക്കി നടക്കെ അയാൾ ചോദിച്ചു.

എന്തിനാണ് ഏകാന്തതയെ ഇത്രയധികം പ്രകീർത്തിക്കുന്നത്?

ഞാൻ പ്രകീർത്തിക്കുകയല്ല. അതെന്റെ സ്വഭാവമാണ്. ഒരമ്മയുടെ മുഖച്ഛായ മകൾക്ക് കിട്ടുന്ന പോലെ എന്റെ ചിത്രങ്ങൾക്കു കിട്ടുകയാണ്. ഞാനത് ആദ്യം മനസ്സിലാക്കിയിരുന്നില്ല. പിന്നെ മറ്റുള്ളവർ പറയുമ്പോഴാണ് മനസ്സിലാവുന്നത്.

ആരാണ് ഈ എക്‌സിബിഷൻ നടത്താൻ സഹായിച്ചത്?

ഞാൻ താമസിച്ചിരുന്ന ഹോസ്റ്റലിലെ സ്‌നേഹിതകളുണ്ടായിരുന്നു. അവരെല്ലാം ജോലിയുള്ളവരാണ്, എല്ലാം ശരിയാക്കിക്കഴിഞ്ഞപ്പോൾ ഞാൻ അവരോട് പൊയ്‌ക്കൊള്ളാൻ പറഞ്ഞു.

ഒരു പെയിന്റിംഗിനു താഴെ സോൾഡ് എന്നെഴുതിയതു കണ്ടു അയാൾ ചോദിച്ചു.

പെയിന്റിംഗ്‌സ് ധാരാളം വിൽ ക്കാറുണ്ടോ?

അധികമൊന്നുമില്ല. കഴിഞ്ഞ എക്‌സിബിഷനിൽ നാലെണ്ണം വിറ്റു. അതൊരു നല്ല കാര്യമാണ്. ഈ ചിത്രം ഇന്നലെ ഒരാൾ വാങ്ങിയ താണ്. ഒരു പാർസി. പാർസികൾ സ്വതവേ പ്രത്യേക അഭിരുചിയുള്ളവരാണ്. അതുകൊണ്ട് അയാൾക്കീ പെയിന്റിംഗിൽ താൽപര്യമുണ്ടായ തിൽ അദ്ഭുതമില്ല.

ആ പെയിന്റിംഗ് ഒരു മത്സ്യ ക്കാരിയുടേതായിരുന്നു. മുമ്പിൽ കൊട്ടയിലെ മത്സ്യവു മായിരിക്കുന്ന മൂക്കുത്തിയിട്ട മത്സ്യക്കാരിയുടെ അരികിൽ അത്രയും തന്നെ ഗൗരവ ത്തോടെ ഇരിക്കുന്ന പൂച്ച. പൂച്ചയു ടെയും മീൻകാരിയുടെയും മുഖ ഭാവം ശ്രദ്ധിച്ചാൽ മനസ്സിലാവുക പൂച്ച മത്സ്യം വിൽക്കാനിരിക്കു കയും മത്സ്യക്കാരി മത്സ്യം തട്ടിയെടു ത്തോടാൻ നിൽക്കുകയുമാണെ ന്നാണ്.

മനോഹരൻ ചിരിച്ചു.

നിങ്ങൾ വല്ല പത്രറിപ്പോർട്ടറോ ആർട്ട് ക്രിട്ടിക്കോ ആണോ?

രണ്ടുമല്ല. മനോഹരൻ പറഞ്ഞു. എന്താണ് ആർട്ട് ക്രിട്ടിക്കുകളെ ഇഷ്ടമല്ലെ?

ഇഷ്ടക്കേടൊന്നുമില്ല. ഇഷ്ട മാണെന്നു തന്നെ പറയാം. ഞങ്ങ ളുടെ തൊഴിലിന് അവർ കുറെ യൊക്കെ ആവശ്യമാണ്.

എവിടെയാണ് നിങ്ങളുടെ സ്റ്റു ഡിയോ?

ഞാൻ താമസിക്കുന്നിടത്തു തന്നെയാണ്. സയനിൽ.

ഒറ്റക്കാണോ താമസിക്കുന്നത്?

ഒരു വയസ്സായ സിന്ധിദമ്പതികളുടെ കൂടെ. അവർ ഒരു മുറി വാടകയ്ക്ക് തന്നിരിക്കയാണ്.

വിദേശികൾ അവരുടെ നേരെ നടന്നുവന്നു. അവർക്ക് സീമയോട് എന്തോ ചോദിക്കാനുണ്ടായിരുന്നു.

ഞാൻ പോകുന്നു. എന്റെ ഓഫീസ് തൊട്ടടുത്തു തന്നെയാണ്. ഞാൻ ഇനിയും വരാം. മനോഹരൻ പറഞ്ഞു.

നന്ദി.

അയാൾ പിന്നീട് ദിവസവും അവളെ കണ്ടു. അഞ്ചുമണിക്ക് ഓഫീസ് വിട്ടുവന്നാൽ അയാൾ അവളെ കാന്റീനിൽ ചായ കുടിക്കാൻ ക്ഷണിക്കും. പിന്നെ എട്ടുമണിക്ക് എക്‌സിബിഷൻ അടയ്ക്കുന്ന വരെ അയാൾ ഹാളിൽ സീമയോടൊപ്പമുണ്ടാവും. എട്ടു മണിക്ക് വി.ടി. സ്റ്റേഷനിൽ അവളെ ട്രെയിൻ കയറ്റിയ ശേഷമേ അയാൾ വീട്ടിലേയ്ക്ക് പോകാറുള്ളു. ആറു ദിവസമായി ഇത് ഒരു മുറ പോലെ അയാൾ അനുഷ്ഠിച്ചു. സീമയുടെ സാമീപ്യം അയാൾക്ക് എന്തോ ഒരു പ്രത്യേക വികാരമാണുണർത്തിയത്. അയാൾ ഒരു കാലത്ത് ശിൽപങ്ങളുണ്ടാക്കിയിരുന്നു. ഒരു ഹോബിയായി തുടങ്ങിയതാണ്. ഒരു ഹോബിയായിത്തന്നെ അവസാനിക്കുകയും ചെയ്തു. പ്രത്യേകിച്ചും ഹെൻറിമൂറിന്റെ ശിൽപ്പങ്ങൾ കാണാനിടയായതോടെയാണ് അയാൾ അത് നിർത്തിയത്. തന്റെ മനസ്സിലുള്ള രൂപങ്ങൾക്ക് പലതിനും തന്നേക്കാൾ പ്രഗൽഭരായ ശിൽപികൾ രൂപം നൽകിയിട്ടുണ്ടെന്നയാൾക്കു മനസ്സിലായി. ഇതിനെപ്പറ്റി പറഞ്ഞപ്പോൾ സീമ പറഞ്ഞു.

നിർത്തിയത് എന്തായാലും ശരിയായില്ല. മറ്റുള്ളവർ നമ്മേക്കാൾ നന്നായി ചെയ്യുന്നുണ്ടെന്നതു കൊണ്ട് നമ്മൾ നിർത്തേണ്ട കാര്യമൊന്നുമില്ല. ആട്ടെ മനോഹരന്റെ കയ്യിൽ മുമ്പുണ്ടാക്കിയതു വല്ലതും ബാക്കിയുണ്ടൊ?

ഉണ്ടെന്നയാൾ പറഞ്ഞു.

അവൾക്കതു കാണിച്ചുകൊടുക്കാമെന്നയാൾക്ക് വാഗ്ദാനം ചെയ്യേണ്ടിവന്നു.

ഈ ആറു ദിവസത്തെ പരിചയം അയാൾക്ക് ആത്മീയമായ ഒരു സമ്പന്നതയുണ്ടാക്കി. എക്‌സിബിഷൻ കഴിഞ്ഞ് വിൽക്കാതെ ബാക്കി വന്ന പെയിന്റിംഗുകൾ വീട്ടിലെത്തിക്കാൻ അവളെ സഹായിച്ച ശേഷം അവളോട് വിട ചോദിക്കുമ്പോൾ അയാൾക്കറിയാമായിരുന്നു താൻ അവളുടെ അടുത്തേയ്ക്ക് വീണ്ടും പോകുമെന്ന്.

ഊർമ്മിള അപ്പോഴും അയാളെ നോക്കിയിരിക്കയായിരുന്നു. അനുതാപത്തോടെ. അവൾ അവസാനത്തെ കഷ്ണം സാന്റ്‌വിച്ചും വായിലിട്ട് ചവച്ചുതിന്ന് കാപ്പി മോന്തിയ ശേഷം പറഞ്ഞു.

ആവൂ, ഞാൻ വിശന്നു മരിച്ചു പോകുമായിരുന്നു.

ഇവിടെ അടുത്ത് എവിടെയാണ് അണ്ടർടേക്കർ?

അവൾ ഉറക്കെ ചിരിച്ചു.

ഊർമ്മിളയോട് സംസാരിക്കുക എളുപ്പമാണെന്നയാൾക്ക് മനസ്സിലായി. ചില പെൺകുട്ടികളോടയാൾക്ക് സംസാരിക്കാനേ പറ്റാറില്ല. അവരുടെ മുഖഭാവത്തിലുള്ള പ്രത്യേകതയോ, സംസാരിക്കുമ്പോഴുള്ള അംഗ വിക്ഷേപങ്ങളോ എന്തോ അതിനു തടസ്സമായി നിലകൊണ്ടു. ഇത് വളരെ കുട്ടിക്കാലം മുതൽക്കുള്ള സ്വഭാവ മായിരുന്നു. ഒരിക്കൽ കുട്ടിക്കാലത്ത് വീട്ടിൽ വന്ന ഒരു സ്ത്രീയേയും അവരുടെ പത്തുപതിനഞ്ചു വയസ്സുള്ള മകളേയും പറഞ്ഞു വിടാൻ വേണ്ടി അയാൾ നിർത്താതെ കരയുകയുണ്ടായിട്ടുണ്ട്. ആ പെൺകുട്ടിയെ ഉപദ്രവിയ്ക്കു കയും ചെയ്തിട്ടുണ്ട്. അവസാനം ഒരു നീണ്ട സുഹൃത് സന്ദർശനവും പരിപാടിയിട്ടു വന്ന അവർക്ക് ചായ കുടിക്കാൻ കൂടി നിൽക്കാതെ സ്ഥലം വിടേണ്ടി വന്നു. അതിനെപ്പറ്റി പിന്നീട്, കുറച്ചുകൂടി മുതിർന്നപ്പോൾ ആലോചിച്ചപ്പോൾ താൻ വളരെ ഹീനമായാണ് അവരോട് പെരുമാറിയതെന്നു തോന്നിയിട്ടുണ്ട്. പക്ഷെ അയാൾക്കതിൽ ഒന്നു ചെയ്യാനില്ലായിരുന്നു.

ഊർമ്മിള പേപ്പർ നാപ്കിൻ കൊണ്ട് അവളുടെ ചുണ്ടുകൾ തുടയ്ക്കുകയാണ്. അവൾ ലിപ്സ്റ്റിക്ക് ഇട്ടിട്ടു ണ്ടായിരുന്നില്ല. അവളെപ്പോലെ പരിഷ്‌ക്കാരിയായ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അതൊര ദ്ഭുതമായിരുന്നു. അയാൾക്കവളെ കൂടുതൾ ഇഷ്ടപ്പെട്ടു വരികയായിരുന്നു. സീമയെപ്പെറ്റി കൂടുതൽ അറിവ് ഊർമ്മിളയിൽ നിന്ന് കിട്ടുമെന്ന മോഹം അയാൾ തീരെ വിട്ടിട്ടുണ്ടായിരുന്നതുമില്ല. സാവധാനത്തിൽ അവൾ പറയുമായിരിക്കും.

സീമ അവളുടെ പെയിന്റിംഗുകളെല്ലാം എന്താണ് ചെയ്തത്?

അവൾ പോകുന്നതിന്റെ തലേ ദിവസം പെയിന്റിംഗുകളെല്ലാം എങ്ങോട്ടോ കൊണ്ടു പോയി എന്നാണ് വീട്ടുടമസ്ഥ പറഞ്ഞത്.

അറുപതിലധികം പെയിന്റിംഗുകളുണ്ടായിരുന്നു.

എനിക്കറിയില്ല. ഊർമ്മിള പറഞ്ഞു പക്ഷെ അവളുടെ മുഖത്ത് ഒരു അസ്ഥിരതയുണ്ടായിരുന്നു. അവൾ സത്യം മറച്ചു വെയ്ക്കുകയാണെന്നയാൾക്കു തോന്നി.

ഊർമ്മിള പറയു നിനക്കറിയാം. സീമയെ കാണാൻ പറ്റില്ലെങ്കിൽക്കൂടി എനിക്കവളുടെ പെയിന്റിംഗ്‌സെങ്കിലും കണ്ടുകൂടെ?

മനോഹരൻ പറഞ്ഞത് അവളെ സ്പർശിച്ചെന്നു തോന്നുന്നു.

ആദ്യത്തെ സംശയത്തിനു ശേഷം ഊർമ്മിള പറഞ്ഞു.

അതെല്ലാം ഒരു സ്വകാര്യ ഗ്യാലറിയിൽ ഏൽപ്പിച്ചിരിക്കയാണ്. പോകുന്നതിനു മുമ്പ് എനിക്കെഴുതി പോസ്റ്റ് ചെയ്ത കത്തിൽ ആ അഡ്രസ്സുണ്ടായിരുന്നു.

എവിടെയാണാ ഗ്യാലറി?

കൊളാബയിലാണ്. അഡ്രസ്സ് ഞാൻ ഫോണിൽ അറിയിക്കാം.