close
Sayahna Sayahna
Search

എപ്പടി എഴുതിനാരോ


എപ്പടി എഴുതിനാരോ
Sundar.jpg
സുന്ദര്‍
പ്രസിദ്ധീകരണം പിറവി
തിയതി 2013 05 24

പുസ്തകനിരൂപണം — ഇന്ദിരാ മേനോൻ: എപ്പടി പാടിനാരോ, വിവ. പി.കെ. ഉത്തമൻ, എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം


അത്യപൂർവ്വമായൊരു പുസ്തകമാണ് ഇന്ദിരാ മേനോൻ ഇംഗ്ലീഷിലെഴുതി പി. കെ. ഉത്തമൻ സംശോധന ചെയ്ത് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്ത എപ്പടി പാടിനാരോ.

എപ്പടി പാടിനാരോ അത്യപൂർവ്വമാണെന്നു പറയാൻ പല കാരണങ്ങളുമുണ്ട്. കർണ്ണാടക സംഗീതത്തിന്റെ സുവർണ്ണകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1930–65 വർഷങ്ങളെ വ്യത്യസ്തമായ ശൈലികളിലൂടെ ശ്രവ്യസമ്പന്നമാക്കിയ അരിയക്കുടി രാമാനുജ അയ്യങ്കാർ, മുസിരി സുബ്രഹ്മണ്യയ്യർ, മഹാരാജപുരം വിശ്വനാഥയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, മധുര മണി അയ്യർ, ശെമ്മങ്കുടി ശ്രീനിവാസയ്യർ, റ്റി. വൃന്ദ, റ്റി. മുക്ത, എം. എസ്. സുബ്ബുലക്ഷ്മി, ഡി. കെ. പട്ടമ്മാൾ, ജി. എൻ. ബാലസുബ്രഹ്മണ്യം, എം. എൽ. വസന്തകുമാരി, കെ. വി. നാരായണസ്വാമി, എം. ഡി. രാമനാഥൻ എന്നീ പതിനാലു വായ്‌പ്പാട്ടുകാരുടെ സംഗീത ജീവിതമാണ് എപ്പടി പാടിനാരോ.

ഇത്തരമൊരു പുസ്തകം മലയാളത്തിലുണ്ടായിട്ടില്ല.

ഭാവസാന്ദ്രമായ, ഭക്തിനിർഭരമായ ഗാനാലാപത്തിലൂടെ ശുദ്ധ കർണ്ണാടക സംഗീതപ്രേമികളുടെ മനസ്സിലും കാതിലും നിറഞ്ഞു നിൽക്കുന്ന, ഡി. കെ. പട്ടമ്മാൾ ആലപിച്ച് പ്രചുരപ്രചാരത്തിലാക്കിയ എപ്പടി പാടിനാരോ എന്ന ശുദ്ധാനന്ദഭാരതികൃതിയുടെ പല്ലവിത്തുടക്കമാണ് പുസ്തകത്തിന്റെ ശീർഷകം. ഉത്തമൻ എടുത്ത പട്ടമ്മാൾ ചിത്രം തന്നെയാണ് ഭട്ടതിരി രൂപകല്പന ചെയ്ത മനോഹരമായ പുറംചട്ടയിൽ. ആത്മാവിൽ തൊടുന്ന ഇത്തരമൊരു ശീർഷകവും മുഖചിത്രവും ഒരു മലയാളസംഗീത പുസ്തകത്തിനുമുണ്ടായിട്ടില്ലിതു വരെ.

മൊഴിമാറി വന്നതാണീ പുസ്തകം എന്ന് വിശ്വസിക്കാനാവില്ല. സംഗീതത്തിൽ കമ്പമുള്ള സുഹൃത്തുക്കൾക്ക് ഈ പുസ്തകത്തിന്റെ പ്രതികൾ വാങ്ങി സമ്മാനിച്ച ഒരു പ്രശസ്ത ഹാസ്യചിത്രകാരൻ പറഞ്ഞതു പോലെ നല്ല മലയാളത്തിന്റെ ഏറ്റവും ഉത്തമ മാതൃകയായ നൂറു പുസ്തകങ്ങളിലൊന്നാണ് എപ്പടി പാടിനാരോ. ഇന്ദിരാ മേനോൻ എഴുതിയത് കൂടാതെ അവരുടെ കത്തുകളിലും സ്വകാര്യ സംഭാഷണത്തിലും തെളിഞ്ഞു വന്ന കാഴ്ചപ്പാടുകളും പുസ്തകത്തിൽ സന്നിവേശിപ്പിച്ചതിനും പുറമേ, സന്ദർഭത്തിനനുയോജ്യമായി ബഷീറിനെയും പി. നാരായണക്കുറുപ്പിനെയും വിളക്കിച്ചേർത്തു. ഇന്നു വരെ മലയാളത്തിലിറങ്ങിയിട്ടുള്ള ഒരു പുസ്തകത്തിനുമില്ലാത്ത താളവും കവിത്വവും.

ഇന്ദിരാ മേനോന് ഇങ്ങനെയൊരു പുസ്തകത്തിന്റെ സദ്ധ്യതയെക്കുറിച്ച് സൂചന നൽകിയത് ഉത്തമൻ. ഇംഗ്ലീഷിലാണ് എഴുതിയതെങ്കിലും പരിഭാഷപ്പെടുത്തി ‘കലാകൗമുദി’ യ്ക്കു പ്രസിദ്ധീകരിക്കാൻ വേണ്ടി എഴുതിയതാണീ പുസ്തകത്തിലെ ലേഖനങ്ങൾ. പിന്നീട് തിരുത്തി തിരുത്തി ചിന്തേരിട്ടാണ് ഇന്ദിരാ മേനോന്റെ Great Masters of Carnatic Music (1930–65) ഇറങ്ങുന്നത്. നിർഭാഗ്യവശാൽ ഇന്ദിരാ മേനോന്റെ മരണശേഷം മാത്രമാണ് ‘എപ്പടി പാടിനാരോ’ വെളിച്ചം കാണുന്നത്. ഭാഗ്യവശാൽ ഇന്ദിരാ മേനോൻ ജീവിച്ചിരിക്കവേ തന്നെ ഈ പുസ്തകത്തിന്റെ ഒരു നല്ല ഡമ്മി അയച്ചു കൊടുക്കാനൊത്തു ഉത്തമന്.

sayahna.org എന്ന കോമൺ ക്രിയേറ്റീവ് കോമൺസ് പൊതുസഞ്ചയ വെബ്സൈറ്റിനു വേണ്ടി കഥാകൃത്തുക്കളുടെ ശബ്ദത്തിൽ കഥകൾ ഓഡിയോ റെക്കോർഡ് ചെയ്യുന്ന നേരത്ത് കഥകളുടെ പിന്നിലെ കഥകളെക്കുറിച്ച് കഥാകൃത്തുക്കൾ പറഞ്ഞത് കേട്ടപ്പോഴാണ് വായ്പ്പാട്ടുകാരുടെ സി. ഡി. അന്വേഷിച്ച് പോകാൻ പ്രേരിപ്പിക്കുന്ന ഈ അത്യപൂർവ്വമായ പുസ്തകത്തിന്റെ കഥ പറയണമെന്ന് തോന്നിയത്.

‘പ്രസാധകൻ’ എന്ന ശീർഷകം കൊണ്ടുതന്നെ ഇതിലാണ് ഈ കുറിപ്പ് അച്ചടിച്ചു വരേണ്ടത് എന്ന് തോന്നുന്നതും.

* * *

ഇതെഴുതുന്നയാളും ഉത്തമനുമയി ഇണങ്ങാനും പിണങ്ങാനും തുടങ്ങിയിട്ട് പത്തുമുപ്പതുവർഷത്തിലേറെയായി. സുഹൃത്തുക്കൾക്ക് സ്മാരകശിലകൾ പണിയുന്ന സംസ്കാരത്തോട് വിയോജിപ്പ് ഉള്ളതുകൊണ്ടു മാത്രമല്ല (മുമ്പൊരിക്കൽ എപ്പടി പാടിനാരോയെക്കുറിച്ച് മലയാളം വാരികയിൽ [2013 മെയ് 24] ആസ്വാദനം എഴുതിയിട്ടുണ്ടെങ്കിൽ പോലും). ഇത്രയും മഹത്തായ ഒരുകൃതിയുടെ പിറവിയെക്കുറിച്ചെഴുതാൻ ഒന്നും തടസ്സമാവരുത് എന്നും, ഇന്ദിരാ മേനോൻ — പി. കെ. ഉത്തമൻ കൂട്ടുകെട്ടിൽ നിന്നും നമുക്കും വരും തലമുറകൾക്കും പലതും പഠിക്കാനുണ്ടെന്നുമുള്ള തോന്നലിൽ നിന്നാണ് ഈ കുറിപ്പ്.

* * *

‘എപ്പടി പാടിനാരോ’യുടെ പിന്നിലെ കഥ തുടങ്ങുന്നത് രണ്ടായിരമാണ്ടിലാണ്.

ഉത്തമനെ അറിയില്ലേ? പക്ഷിനിരീക്ഷകൻ, നേച്ചർ ഫോട്ടോഗ്രാഫർ, പരിസ്ഥിതി സംരക്ഷണപ്രവർത്തകൻ, നീലകണ്ഠൻ സാറിന്റെയും (ഇന്ദുചൂഡൻ) ബഹുഗുണാജിയുടെയും പുസ്തകങ്ങൾക്കു പിന്നിൽ നിശ്ശബ്ദം പണിയെടുത്തയാൾ, വിവർത്തകൻ, എഴുത്തുകാരൻ, കർണ്ണാടക സംഗീതപ്രേമി...

ഇന്ദിരാമേനോൻ എഴുതിയ ‘The Madras Quartet — Women in Karnatak Music (Roli Books 1999) എന്ന പുസ്തകം ഉത്തമൻ വായിക്കുന്നു. അതിഗഹനമായ കർണ്ണാടക സംഗീതത്തെക്കുറിച്ച് ഇന്ദിരാമേനോൻ അസാമാന്യ തെളിമയോടെ, തെളിനീരുപോലെ സുഖകരമായൊരു വായനാനുഭൂതി പകരുന്നതുകണ്ട് ഉത്തമന് വിസ്മയവും ആദരവും തോന്നി. ആരും ആവശ്യപ്പെടാതെ എഴുതിയ ഒരു ചെറിയ ബുക്ക് റിവ്യൂ കലാകൗമുദി (അക്കാലത്തെ എഡിറ്റർ എൻ. ആർ. എസ്. ബാബുവിന്റെ ഗ്രേസ്) പ്രസിദ്ധീകരിക്കുകയും ചെയ്തു.

പുസ്തകത്തിൽ പ്രതിപാദിക്കുന്ന മൂന്നുപേരുടെ — ഡി. കെ.പട്ടമ്മാൾ. എം. എസ്. സുബ്ബുലക്ഷ്മി, എം. എൽ. വസന്തകുമാരി — സംഗീതം കേട്ടിട്ടുണ്ടെങ്കിലും റ്റി. വൃന്ദയുടെ പാട്ട് നേരിട്ട് കേട്ടിട്ടില്ലാത്ത ഉത്തമൻ, വൃന്ദയുടെ ഒരു പദമെങ്കിലും കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചുകൊണ്ടാണ് റിവ്യൂ അവസാനിപ്പിച്ചത് (സംഗീതം റിക്കോർഡ് ചെയ്യാൻ വൃന്ദ അനുവദിച്ചിരുന്നില്ല).

ഇതു വയിച്ച ഇന്ദിരാ മേനോൻ, പി. കെ. ഉത്തമൻ, C/o കലാകൗമുദി, പേട്ട, തിരുവനന്തപുരം എന്ന വിലാസത്തിൽ, ഉത്തമൻ വിലാസമറിയിച്ചാൽ തന്റെ കൈവശമുള്ള വൃന്ദയുടേ റെക്കോർഡിങ് എത്തിക്കാമെന്ന് എഴുതുന്നു.

അങ്ങനെയാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്.

Madras Quarter വായിച്ചുൾക്കൊണ്ട ഉത്തമന് അത് പരിഭാഷപ്പെടുത്താനാഗ്രഹം. പട്ടമ്മാളെ കാണാനും മുൻപ് ഉത്തമനെടുത്ത പടങ്ങൾ കൊടുക്കാനുമായി ചെന്നൈയിലേക്ക് പോകാനിരുന്നപ്പോഴാണ് ഇന്ദിരാ മേനോൻ ഡൽഹിയിൽ നിന്ന് ചെന്നൈയിലെത്തുന്നതും രണ്ടാളൂമൊരുമിച്ച് പട്ടമ്മാളെയും ശെമ്മങ്കുടിയെയും മുക്തയെയും ചെന്നു കാണുന്നതും.

ഇന്ദിരാ മേനോന്റെ മുത്തശ്ശൻ മദ്രാസ് സർവ്വകലാശല വൈസ് ചാൻസലറായിരുന്ന സർ കെ. രാമുണ്ണിമേനോന്റെ 78RPM റെക്കോർഡ് കളക്ഷൻ ശ്രുതിമാസികയുടെ എം. എസ്. സുബ്ബുലക്ഷ്മി ആർക്കൈവ്സിലേക്ക് സംഭാവന ചെയ്യും മുൻപേ, കിട്ടാനൊത്തിരി പ്രയാസമുള്ള കോയമ്പത്തൂർ തായി, ബാംഗ്ലൂർ തായി, മധുര വീണാ ഷണ്മുഖവടിവു (എം. എസ്. സുബ്ബുലക്ഷ്മിയുടെ അമ്മ), ധനക്കോടി സഹോദരിമാർ (നയന പിള്ളയുടെ അമ്മയും മാതൃസഹോദരിയും), വീണാ ധനമ്മാൾ, ടൈഗർ വരദാചാരി, എസ്. ജി. കിട്ടപ്പ, മുസിരി സുബ്രഹ്മണ്യയ്യർ. എം. എൽ. വസന്തകുമാരിയുടെ അമ്മ ലളിതാംഗി, സി. സരസ്വതീഭായി തുടാങ്ങിയവരുടെ പാട്ടുകൾ കാസറ്റിലേക്ക് ഇവരൊരുമിച്ച് പകർത്തിയെടുത്തു.

Madras Quartet ഉത്തമൻ പരിഭാഷപ്പെടുത്തുന്നതിൽ ഇന്ദിരാ മേനോന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ (ഇനിയെങ്കിലും ഉത്തമൻ അത് പരിഭാഷപ്പെടുത്തിക്കാണാൻ മോഹമുണ്ട്).

കർണ്ണാടക സംഗീതത്തിലെ മഹാപ്രതിഭകളായ പാട്ടുകാരെക്കുറിച്ച് ഇന്ദിരാമേനോൻ എഴിതിത്തരുകയാണെങ്കിൽ കലാകൗമുദിക്കു വേണ്ടി പരിഭാഷപ്പെടുത്താമെന്ന് എൻ. ആർ. എസ്. ബാബുവിലുള്ള വിശ്വാസത്തിൽ ഉത്തമൻ ഏൽക്കുന്നു.

* * *

ഡൽഹിയിൽ മടങ്ങിയെത്തിയ ഇന്ദിരാമേനോൻ വായ്പാട്ടുകാരെക്കുറിച്ച് എഴുതാനാരംഭിച്ചു. ഒന്നുരണ്ട് ആഴ്ചക്കകം ആദ്യത്തെ രണ്ട് ലേഖനങ്ങൾ (അരിയക്കുടിയും മുസിരിയും) ഉത്തമന് അയച്ചുകൊടുക്കുന്നു.

പരിഭാഷപ്പെടുത്തിയ അരിയക്കുടി ലേഖനവുമായി ഉത്തമൻ എൻ. ആർ. എസ്. ബാബുവിനെ കാണുന്നു.

ഒരു പോപ്പുലർ പ്രസിദ്ധീകരണം സംഗീതജ്ഞന്മാരെക്കുറിച്ച് വിശദമായി, ഗഹനമായി ആഴ്ചതോറും ലേഖനം കൊടുക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല ഉത്തമന്. പോരാഞ്ഞ് അന്ന് ദൂരദർശനിൽ പണിയെടുത്തിരുന്ന ഉത്തമന്റെ സമയക്കുറവും, മാസത്തിലൊരു ലേഖനം മതിയാവും എന്നു കരുതി ഉത്തമൻ.

പക്ഷേ, ആഴ്ചതോറും ഓരോ

വായ്പാട്ടുകാരെക്കുറിച്ചോരോ ലേഖനം വേണമെന്നായി എൻ. ആർ. എസ്. അത് തൊട്ടടുത്ത ആഴ്ചയിൽത്തന്നെ ആരംഭിക്കണമെന്നും.

എല്ലാ ആഴ്ചയും ഇന്ദിരാമേനോൻ അയച്ചുകൊടുക്കുന്ന ലേഖനം പരിഭാഷപ്പെടുത്തി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉത്തമൻ സ്പീഡ് പോസ്റ്റിൽ ഡൽഹിക്കയക്കും. ബുധനാഴ്ചയ്ക്കകം അതു കിട്ടുന്ന ഇന്ദിരാമേനോൻ ഫോണിൽ വിളിച്ച് മാറ്റങ്ങളൂം നിർദ്ദേശിക്കും (പലപ്പോഴും ഉച്ചാരണവുമായി ബന്ധപ്പെട്ട തിരുത്തലുകൾ). തിരുത്തിയെഴുതിയത് വ്യാഴാഴ്ച ഉത്തമൻ കലാകൗമുദിയിൽ എത്തിക്കും. തിങ്കളാഴ്ച അതച്ചടിച്ച കലാകൗമുദി പുറത്തിറങ്ങും.

* * *

2002 ആഗസ്റ്റിനും നവംബറിനും ഇടയ്ക്ക് പന്ത്രണ്ട് ലേഖനങ്ങൾ കലാകൗമുദി പ്രസിദ്ധീകരിച്ചു — ഉത്തമന്റെ ജോലിത്തിരക്ക് കൊണ്ടു മാത്രം ഒരു ലക്കം മുടങ്ങി.

അനായാസമായിട്ടായിരുന്നു ഇന്ദിരാമേനോൻ എഴുതിയിരുന്നത്. ഏറ്റവും പ്രയാസം ഉത്തമനനുഭവിച്ചത് ശെമ്മങ്കുടി പരിഭാഷപ്പെടുത്തുമ്പോഴാായിരുന്നു. ഇന്ദിരാമേനോൻ എഴുതാൻ സമയമെടുത്തതും ശെമ്മങ്കുടിയെക്കുറിച്ചെഴുതുമ്പോഴാണ് (ശെമ്മങ്കുടിയുടെ സംഗീതത്തിന്റെ സങ്കീർണ്ണതകൾ അനുഭവിച്ചാസ്വദിച്ചിട്ടുള്ള വായനക്കാർക്ക് കാര്യകാരണങ്ങൾ ആരായേണ്ടി വരില്ലല്ലോ). സ്വന്തം ഗുരുവായ മുക്തയെക്കുറിച്ച് ഇന്ദിരാമേനോൻ എഴുതുമ്പോഴുളവാകുന്ന ഊഷ്മളത അനായാസമായി ഉൾക്കൊള്ളാനും പകരാനും കഴിഞ്ഞു ഉത്തമന്.

* * *

നിനച്ചിരിക്കാതെ തമാശകളുണ്ടായിട്ടുണ്ടീ പുസ്തകവുമായി ബന്ധപ്പെടുത്തി. ഉത്തമന്റെ പരിഭാഷ വായിച്ച്, അറിഞ്ഞാസ്വദിച്ച ഇന്ദിരമേനോന്റെ ഒരു ബന്ധു അവരോട് പറഞ്ഞു. ഒറിജിനൽ നല്ലതായിരിക്കാം, പക്ഷേ, പരിഭാഷ കേമമാണ്.

സംഗീത സംബന്ധിയായ കാര്യങ്ങളിൽ ഇന്ദിരാമേനോനും ഉത്തമനും സമാനഹൃദയരായതുകൊണ്ടുതന്നെയാവണം തർജ്ജമ മനോഹരമായത്.

സാധാരണ, സംഗീതത്തെക്കുറിച്ചെഴുതുന്നവർക്ക് മറ്റുകാര്യങ്ങളെക്കുറിച്ച് അറിവുണ്ടാവാറില്ല. മറ്റുകാര്യങ്ങളറിഞ്ഞ് സംഗീതത്തെക്കുറിച്ചെഴുതുന്നവർക്ക് സംഗീതത്തെക്കുറിച്ചറിവുണ്ടാവാറില്ല.

ഇന്ദിരാമേനോന് സംഗീതമറിയാമായിരുന്നു. മനുഷ്യന്റെയും പക്ഷിയുടെയും സംഗിതമിഷ്ടമായിരുന്നു. ചിത്രകലാപ്രേമിയായിരുന്നു (ത്യാഗരാജനെയും വാൻഗോഗിനെയും ഒരുപോലെ ആദരിച്ചിരുന്നു). ചിത്രരചന നടത്തുമായിരുന്നു. ഫോട്ടോഗ്രാഫറായിരുന്നു. സാഹിത്യത്തിൽ അതീവ കമ്പമുണ്ടായിരുന്ന ഇന്ദിരാമേനോൻ ഷേക്സ്പിയറും കോൾറിഡ്ജും വേർഡ്സ്‌വർത്തും ഒക്കെ ഉദ്ധരിക്കുമായിരുന്നു. സഞ്ചാരിയായിരുന്നു. ക്ഷേത്രവാസ്തുശില്പത്തിൽ അവഗാഹമുണ്ടായിരുന്നു. ദക്ഷിണേന്ത്യൻ ക്ഷേത്രവാസ്തുവിദ്യയെപ്പറ്റി Rythms in Stone എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു. കോളേജിൽ പഠിപ്പിച്ചിരുന്നത് എക്കണോമിക്സ്. ഈ അറിവും അനുഭവസമ്പത്തുമെല്ലാം ഇന്ദിരാ മേനോന് എഴുത്തിൽ സഹായകമായി.

സംഗീത സംബന്ധിയായ കാര്യങ്ങളിൽ മാത്രമല്ല, മറ്റെല്ലാ മേഖലകളിലും സമാനഹൃദയരായിരുന്നു ഇന്ദിരാമേനോനും ഉത്തമനും.

(ഇന്ദിരാമേനോൻ അകാലത്തിൽ മരിച്ചതിന്റെ ദുഃഖം വിട്ടുമാറുന്നില്ല ഉത്തമന്. കുറച്ചുകാലം കൂടി അവർ ജീവിച്ചിരുന്നെങ്കിൽ അതുവരെ 1965 വരെയുള്ള പാട്ടുകാരിൽ മാത്രം മനസ്സർപ്പിച്ചിരുന്ന ഇന്ദിരാമേനോനെക്കൊണ്ട് പുതിയ വായ്പാട്ടുകാരെക്കുറിച്ചെഴുതിക്കാമായിരുന്നു എന്ന് ഉത്തമൻ വിശ്വസിക്കുന്നു. എപ്പടി പാടിനാരോ കലാകൗമുദിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചതോടെ, ഇന്ദിരാ മേനോൻ പുതിയ തലമുറയുടെ പാട്ടുകൾ കേൾക്കാനാരംഭിച്ചിരുന്നു).

* * *

കലാകൗമുദിയിൽ അച്ചടിച്ചു വന്നയുടൻ ഇംഗ്ലീഷിലും മലയാളത്തിലും ഈ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച ഇന്ദിരാ മേനോൻ കുറച്ചുപേരെ കൂടി ഇന്റർവ്യൂ ചെയ്യുകയും, റിസർച്ച് ചെയ്യുകയും ചെയ്ത് ലേഖനങ്ങൾ പുതുക്കിയെഴുതി ഉത്തമന് അയച്ചുകൊടുത്തു. ഒരു കൊല്ലത്തോളമെടുത്ത്, കുറഞ്ഞത് അഞ്ചുകുറിയെങ്കിലും തിരുത്തിയെഴുതി, ഉത്തമൻ എപ്പടി പാടിനാരോ പ്രസിദ്ധീകരണ യോഗ്യമാക്കി.

* * *

എൻ. വി. കൃഷ്ണവാര്യരും കൂട്ടരും കോലം കെടുത്തിയ മലയാളലിപി സഹിക്കാനാവാത്ത ഉത്തമന് പഴയലിപിയിൽ തന്നെ പുസ്തകം അച്ചടിക്കണമെന്ന് നിർബന്ധമായിരുന്നതിനാൽ മനോഹരമായ ‘രചന’ ഫോണ്ടിലാണ് ഭട്ടതിരിയുടെ സ്ഥാപനത്തിൽ ഡാറ്റാ എൻട്രി ചെയ്യിച്ചത്. നിർഭാഗ്യവശാൽ ടെക്നോളജി ചതിച്ചു — ഫൈനൽ വെർഷൻ ഒരുനാൾ തുറന്ന് നോക്കിയപ്പോൾ ഉടനീളം കൺട്രോൾ ക്യാരക്ടേഴ്സ്. അതൊന്ന് നൂത്തെടുക്കാൻ മിഡിൽ ഈസ്റ്റിലെ കെ. ഗോപകുമാർ വേണ്ടി വന്നു.

* * *

സ്വാഭാവികമായും പ്രസാധകരെ കിട്ടാൻ പ്രയാസമായിരുന്നു. പുസ്തകം അച്ചടിച്ച് വിതരണം ചെയ്യാൻ തയ്യാറായ ഒരു പ്രസിദ്ധീകരണശാലയിലെ പുതുതായി ചാർജ്ജെടുത്ത മാനേജർ, എന്തുകൊണ്ടോ ഡി. കെ. പട്ടമ്മാളുടെ മുഖചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഒരക്ഷരം ഉരിയാടാതെ ക്യാമറാ റെഡി കോപ്പിയുമായി ഉത്തമൻ പുറത്തുകടന്നു.

പിന്നെ എം. ജി. യൂണിവേഴ്സിറ്റിയുടെ ഊഴമായിരുന്നു. മൂന്നുമാസത്തിനകം അച്ചടിച്ചിറക്കാമെന്ന് വാക്കു കൊടുത്തവർ വാക്ക് പാലിക്കാൻ മൂന്നു വർഷമെടുത്തു.

അതിനിടെ ഇന്ദിരാമേനോൻ അന്തരിച്ചു. ഡി. കെ. പട്ടമ്മാളും.

2012 ആഗസ്റ്റിൽ എപ്പടി പാടിനാരോയുടെ ആദ്യപതിപ്പ് പുറത്തിറങ്ങി.