close
Sayahna Sayahna
Search

എപ്പോഴും സ്തുതിയായിരിക്കട്ടെ‍ 03


എപ്പോഴും സ്തുതിയായിരിക്കട്ടെ‍ 03
EHK Novelette 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എപ്പോഴും സ്തുതിയായിരിക്കട്ടെ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവലെറ്റ്
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 26

വിൻസന്റ് ചേട്ടന്റെ ചായക്കടയിൽനിന്ന് ഒരു ചായ കുടിച്ചപ്പോൾ കാര്യങ്ങളൊന്നും അത്ര മോശമല്ലെന്നും, എല്ലാം തനിക്ക് ശരിയാക്കിയെടുക്കാൻ പറ്റുമെന്നുമുള്ള ബോധമുണ്ടായി. ഒരു കടുപ്പം ചായക്ക് ചെയ്യാൻ പറ്റുന്ന എറ്റവും വലിയ കാര്യമാണത്. അയാൾ അതിനെതിർവശത്തുള്ള കമ്മിറ്റി ഓഫീസിലേയ്ക്കു നടന്നു.

മാത്യു അച്ചൻ കമ്മിറ്റി ഓഫീസിൽനിന്ന് പുറത്തു വരികയായിരുന്നു.

‘പ്രെയ്‌സ് ദ ലോഡ്.’

‘പ്രെയ്‌സ് ദ ലോഡ്. എന്താ ഷിജോ വിശേഷം?’

‘നമ്മടെ അനാഥാലയത്തിന്റെ കാര്യങ്ങള് ഒന്ന് സംസാരിക്കാൻ അച്ചനെ കാണാൻ വന്നതാണ്.’

‘നല്ലത്, വരൂ.’

താല്പര്യത്തോടെ എല്ലാം കേട്ടിരുന്ന മാത്യു അച്ചൻ എഴുന്നേറ്റ് ചുമരരുകിൽ വച്ച സ്റ്റീൽ അലമാറി തുറന്ന് രണ്ടു ഫയലും ഏതാനും രജിസ്റ്ററുകളും പുറത്തെടുത്തു. എല്ലാം മേശപ്പുറത്തു വച്ചശേഷം അദ്ദേഹം ഷിജോവിന്റെ മുഖത്തു നോക്കി.

‘നമുക്ക് രാവിലത്തെ കാര്യം തൊട്ട് തുടങ്ങാം. ഇന്ന് 18—ാം തിയ്യതിയല്ലെ. ഈ മാസം ഇതിനകം രണ്ടു പ്രാവശ്യം പലചരക്കു വാങ്ങിക്കഴിഞ്ഞു. ഇഡ്ഡ്‌ലിയും ദോശയും ഉണ്ടാക്കാനുള്ള അരിയും ഉഴുന്നു പരിപ്പും വാങ്ങിയിട്ടുണ്ട്. അമ്പത് കിലൊ പൊന്നിയരിയും പതിനഞ്ച് കിലൊ ഉഴുന്നും. പതിനാറ് കുട്ടികൾക്കും വാർഡനും കുക്കിനും പത്ത് പന്ത്രണ്ട് ദിവസം കഴിക്കാന്ള്ള ഇഡ്ഡ്‌ലിണ്ടാക്കാം. അപ്പൊപ്പിന്നെ എന്നും റവ ഉപ്പുമാവ് വെയ്ക്കുന്നു എന്ന പരാതിയെങ്ങിനെ വരുണു?’

‘ഇനി, മറ്റുള്ള സാധനങ്ങള് നോക്കാം. ഇതാ…’ ഫയലിൽ നോക്കിക്കൊണ്ട് മാത്യു അച്ചൻ പറഞ്ഞു. ‘പതിനഞ്ചു കിലോ അരിപ്പൊടി വാങ്ങിയതായി കാണുന്നുണ്ട്. പത്തു കിലൊ കടല, ഇരുപത്തഞ്ചു കിലൊ ഗോതമ്പു പൊടി, കോഴിമുട്ട അഞ്ചു പ്രാവശ്യം ഒന്നര ഡസൻ വീതം.’

ഫയലടച്ചുവെച്ച് മാത്യു അച്ചൻ ഷിജോവിനെ നോക്കി.

‘അച്ചോ ഇതൊന്നും അവിട്‌ത്തെ അടുക്കളേല് എത്ത്ണ്ണ്ട്ന്ന് തോന്ന്ണില്ല്യ. ഉണ്ടെങ്കിൽ ലിസിച്ചേച്ചി പറയുമായിരുന്നു.’

‘ഇതെല്ലാം വാങ്ങിക്കൊടുക്കണത് മാനേജരാണ്. അദ്ദേഹം തന്ന കണക്കുകളാണിതൊക്കെ. എല്ലാറ്റിനും രസീതുണ്ട്. ഇത് അന്വേഷിക്കേണ്ട കാര്യാണ്. പാവം കുട്ടികൾ, അവർക്കുവേണ്ടി വാങ്ങണ സാധനങ്ങളൊന്നും അവർക്ക് കിട്ട്ണില്ലെന്നർത്ഥം. ഒരു കാര്യം ചെയ്യ്. ഷിജൊ ഇപ്പൊ പൊയ്‌ക്കൊ, ഞാനിതൊന്ന് അന്വേഷിക്കട്ടെ. എന്നെ കണ്ടൂ, ഇതൊക്കെ സംസാരിച്ചൂന്ന് ആരും അറിയണ്ട. സഭ ഒരുപാട് പണം ഈ അനാഥാലയത്തിന് വേണ്ടി ചെലവാക്ക്ണ്ണ്ട്. ഒക്കെ നല്ലവര് ദാനം ചെയ്തതും സഭേടെ ഫണ്ടിൽനിന്ന് എടുത്തതും ഒക്ക്യാണ്. അതൊക്കെ ആ സാധുക്കുട്ടികൾക്ക് കിട്ട്ണില്ലെങ്കിൽ കഷ്ടാണ്… ഒരു വിധത്തിൽ ഞാനും തെറ്റുകാരനാണ്. കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു. പോട്ടെ…’

‘കർത്താവിന് സ്തുതി.’

‘എപ്പോഴും ഉണ്ടായിരിക്കട്ടെ.’

നന്ദിതയ്ക്കു വേണ്ടി അറ്റത്ത് റബ്ബറുള്ള നല്ലൊരു പെൻസിൽ വാങ്ങുമ്പോൾ അയാൾ മാനേജരുടെ മുറിയിൽ കണ്ട മോശം പെൻസിലുകളും കടയിൽ കണ്ടു. ഏകദേശം പകുതിയിൽ താഴെ മാത്രം വിലയുള്ള ആ പെൻസിലുകൾ എന്തുകൊണ്ടോ അയാളെ വേദനിപ്പിച്ചു. കൂട്ടുകാരിൽ പലർക്കും എച്ച്. ബി. എന്നെഴുതിയ ഭംഗിയുള്ള പെൻസിലുകളുണ്ടായിരുന്നു. അതുപോലുള്ള പെൻസിൽ വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞാലും അപ്പൻ വാങ്ങിക്കൊണ്ടുവരിക ഏറ്റവും വില കുറഞ്ഞ തീരെ ഭംഗിയില്ലാത്ത, ചെത്തുമ്പോൾ മുന പൊട്ടിപ്പൊട്ടി പോകുന്ന പെൻസിലുകളായിരിക്കും. അത്രയ്‌ക്കേ അപ്പന് പറ്റിയിരുന്നുള്ളു.

ഉച്ചഭക്ഷണത്തിന് വന്ന ഉടനെ നന്ദിത പെൻസിലിന്റെ കാര്യം ചോദിക്കുമെന്നാണ് ഷിജോ കരുതിയത്. അവൾ പക്ഷെ ചോദിക്കുകയുണ്ടായില്ല. ഇടയ്ക്കിടയ്ക്ക് അയാളുടെ മുറിയുടെ മുമ്പിലൂടെ നടന്നു. വാതിൽക്കലെത്തിയാൽ അവളുടെ നടത്തം പതുക്കെയാവും, തല തിരിച്ച് അയാളെ നോക്കി ചിരിക്കുകയും ചെയ്യും. ചോദിച്ച് കിട്ടാതെ വഷളാവേണ്ടെന്ന് അവൾ കരുതിയിരിക്കും. നാലാമത്തെ തവണ അവൾ വാതിൽക്കലെത്തിയപ്പോൾ ഷിജോ ചോദിച്ചു.

‘എന്താ നന്ദിത മോളെ?’

അവൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ തലയാട്ടി. അവളുടെ മുഖം പെട്ടെന്ന് ഇരുണ്ടത് അയാൾ ശ്രദ്ധിച്ചു. സാർ പെൻസിലിന്റെ കാര്യം മറന്നുവെന്നവൾക്കു തോന്നി. ഒരു പക്ഷെ ക്ലാസ്സിൽ അവളുടെ കൂട്ടുകാരികളോട് അവൾ പുതിയ പെൻസിൽ കിട്ടുന്നതിനെപ്പറ്റി സംസാരിച്ചിട്ടുണ്ടാവണം. അറ്റത്ത് റബ്ബറുള്ള ഭംഗിയുള്ള പെൻസിൽ. ഇനി ക്ലാസ്സിൽ പുതിയ പെൻസിലില്ലാതെ പോകുമ്പോൾ…?

ഇങ്ങിനെ ഒരു കൊച്ചുകുട്ടിയെ കഷ്ടപ്പെടുത്തുന്നത് ശരിയല്ല. ഷിജോ അവളെ വിളിച്ചു.

‘മോൾ ഇവിടെ വാ.’

‘എന്താ സാർ.’

അയാൾ മേശവലിപ്പിൽ നിന്ന് കടും പച്ച നിറമുള്ള, അറ്റത്ത് റബ്ബറുള്ള പെൻസിൽ പുറത്തേയ്‌ക്കെടുത്തു.

‘മോൾ ഇതന്വേഷിച്ച് നടക്ക്വായിരുന്നോ?’

അവളുടെ മുഖത്ത് നാണം. അവൾ കൈ നീട്ടിക്കൊണ്ട് ഓടിവന്നു. പെൻസിൽ മൂക്കിനു മുമ്പിൽ കൊണ്ടുപോയി പുതുമയുടെ മണം ആസ്വദിക്കുകയാണ് നന്ദിത.

‘നോക്ക്, റബ്ബറിനും നല്ല വാസനണ്ട്.’

അവളതു വാസനിച്ചു നോക്കി തലയാട്ടി.

‘മോക്കിത് ഇഷ്ടായോ?’

‘ഊം…?’ അവൾ ഓടിപ്പോയി. പുതിയ പെൻസിൽ ചേച്ചിമാരെ കാണിക്കാൻ ധൃതിയായിട്ടുണ്ടാകണം അവൾക്ക്.