close
Sayahna Sayahna
Search

എപ്പോഴും സ്തുതിയായിരിക്കട്ടെ‍ 05


എപ്പോഴും സ്തുതിയായിരിക്കട്ടെ‍ 05
EHK Novelette 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എപ്പോഴും സ്തുതിയായിരിക്കട്ടെ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവലെറ്റ്
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 26

അരമനയിൽ താഴത്തെ നിലയിൽ പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന ഒരു വിശാലമായ മുറിയാണ് തിരുമേനിയുടെ ഓഫീസ്. അനാഥാലയത്തിൽ വാർഡനായി ചേരുന്നതിനു മുമ്പ് ഒരിക്കൽ മാത്രമേ ആ മുറി കണ്ടിട്ടുള്ളു. പതുപതുത്ത പരവതാനിയ്ക്കു മീതെയിട്ട ഈട്ടി കൊണ്ടുണ്ടാക്കിയ വിശാലമായ മേശക്കു മുകളിൽ ഗ്ലാസ്സ്‌ടോപ്പ്. പിന്നിലിട്ട റിവോൾവിങ് ചെയറിനു പിന്നിൽ കർട്ടനിട്ടു മറച്ച ജനലിനു മുകളിൽ ചുമരിലായി കുരിശിൽ തറച്ച നിലയിൽ കർത്താവിന്റെ ആൾരൂപം.

വാർഡനായി ജോലി തരാനുള്ള കൂടിക്കാഴ്ചയായിരുന്നു അത്.

തിരുമേനി പറഞ്ഞു.

‘തന്റെ പേര് ഷിജോ. ഷിജോ ജോസഫ് കുരിയൻ. തന്റെ അപ്പൻ ഒരു നല്ല പേരുണ്ടാക്കിയിട്ടാ പോയത്, അറിയാലോ?’

ഷിജോ തലയാട്ടി.

‘ആ സൽപേര് കളഞ്ഞ്കുളിക്കാതെ നല്ല കാര്യങ്ങള് മാത്രം ചെയ്യാ. ഇത്രേ എനിക്ക് പറയാനുള്ളു.’

അയാൾ തലയാട്ടി.

‘കൊച്ചു കുട്ടികള്യാണ് തന്നെ ഏൽപ്പിക്കണത്. മാതാപിതാക്കൾ നഷ്ടപ്പെട്ടവരാണ് മിക്കവരും. അവർക്ക് ആ തോന്നല്ണ്ടാവാതെ നോക്കണം. അങ്ങിനെ ചെയ്യും എന്ന് കർത്താവിന്റെ പേരിൽ വാക്കു തരണം.’

‘ഞാൻ കർത്താവിന്റെ പേരിൽ വാക്കു തരുന്നു.’ കുമ്പിട്ടുകൊണ്ട് ഷിജോ പറഞ്ഞു.

‘ഇനി നമുക്ക് പ്രാർത്ഥിക്കാം.’ കസേലയിൽ നിന്ന് എഴുന്നേറ്റ് മേശക്കരികിലേയ്ക്ക് നടന്നുകൊണ്ട് തിരുമേനി പറഞ്ഞു.

പ്രാർത്ഥന കഴിഞ്ഞ് ആശീർവാദം സ്വീകരിച്ച് പോയതിനു ശേഷം പതിനഞ്ചു ദിവസങ്ങൾക്കു ശേഷമാണ് വീണ്ടും വരാൻ യോഗമുണ്ടായത്, അതും അനാഥാലയത്തിൽ ചേർന്ന് നാലു ദിവസത്തിനുള്ളിൽ.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഷിജോ എഴുന്നേറ്റു നിന്നു, തിരിഞ്ഞു നോക്കി. മുമ്പിൽ തിരുമേനിയും പിന്നിൽ വാതിൽ തുറന്നു പിടിച്ചുകൊണ്ട് മാത്യു അച്ചനും. ഷിജോ തിരുമേനിയുടെ മുമ്പിൽ കുമ്പിട്ടുനിന്നു.

‘പ്രെയ്‌സ് ദ ലോഡ്.’

തിരുമേനി ഷിജോവിന്റെ കൈ പിടിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. ഏകദേശം ഒരു മിനുറ്റ് നീണ്ടു നിന്ന പ്രാർത്ഥനയ്ക്കു ശേഷം തിരുമേനി മേശയുടെ ഇടത്തുവശത്തുകൂടെ നടന്ന് കസേലയിൽ ഇരുന്നു.

‘ഇരിക്കു.’ മാത്യു അച്ചനോടും ഷിജോവിനോടുമായി തിരുമേനി പറഞ്ഞു.

തിരുമേനി രണ്ടു മിനുറ്റുനേരം ഷിജോവിന്റെ മുഖത്ത് നോക്കിയിരുന്നു, തന്റെ മുഖഭാവങ്ങളിലൂടെ മനസ്സിലേയ്ക്ക് കടന്നുചെന്ന് അവിടം മുഴുവൻ പഠിക്കാനെന്ന പോലെ. സംതൃപ്തനായപോലെ അദ്ദേഹം ചാഞ്ഞിരുന്നു, ഇനിയൊന്നും ചോദിക്കാനും ചെയ്യാനുമില്ലെന്ന മട്ടിൽ. പിന്നെ മുന്നോട്ടാഞ്ഞിരുന്ന് മുമ്പിൽ വച്ച ഫയൽ തുറന്ന് അതിലൂടെ കണ്ണോടിച്ചു.

‘ഇവനോട് കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ടല്ലോ.’ ചോദ്യം മാത്യു അച്ചനോടായിരുന്നു.

‘ഇല്ല തിരുമേനി, മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടില്ല. സ്ഥാപനത്തിന്റെ നടത്തിപ്പിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. മറ്റേ കാര്യം ഒന്നും സംസാരിച്ചിട്ടില്ല.’

മറ്റേ കാര്യം എന്താണെന്ന് ഷിജോ ഊഹിച്ചെടുത്തു. അപ്പോൾ തനിക്കു മുമ്പ് ഉണ്ടായിരുന്ന വാർഡന്റെ വിക്രിയകൾ ഇവർക്കറിയാമായിരുന്നു.

‘അതേപ്പറ്റി ഇപ്പോൾ പറഞ്ഞുകൊടുക്കു.’

തിരുമേനി അതൃപ്തനായപോലെ. തന്റെ സാന്നിദ്ധ്യത്തിൽ അങ്ങിനെയൊരു കാര്യം ചർച്ച ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമായില്ലെന്നു തോന്നുന്നു.

‘കാര്യം ഇതാണ്.’ മാത്യു അച്ചൻ അറച്ചറച്ചുകൊണ്ട് പറഞ്ഞു. ഇതിനു മുമ്പുണ്ടായിരുന്ന വാർഡന്റെ സ്വഭാവം പെൺകുട്ടികൾ മാത്രം അന്തേവാസികളായിട്ടുള്ള ഒരു സ്ഥാപനത്തിന്റെ വാർഡനു ചേർന്നതല്ല. അതുകൊണ്ടാണ് അങ്ങേരെ മാറ്റി ഷിജോവിനെ വെച്ചിട്ടുള്ളത്.’

സംസാരം ശരിയായ വഴിക്കുതന്നെയാണ് നീങ്ങുന്നതെന്ന മട്ടിൽ തിരുമേനി തലയാട്ടി. മനസ്സിലായെന്ന് ഷിജോ പറഞ്ഞു.

‘അതെന്തെങ്കിലുമാവട്ടെ.’ തിരുമേനി പറഞ്ഞു. ‘ഇനി അങ്ങിനെയൊന്നും ഉണ്ടാവരുത്. അതിനാണ് ജോസഫിന്റെ മകനെത്തന്നെ ഈ സ്ഥാപനം മുഴുവൻ ഏല്പിക്കാൻ തീർച്ചയാക്കിയിരിക്കണത്. മുഴുവൻ…’ ഒരു ഇഫക്ടിനു വേണ്ടി ഒന്നു നിർത്തിയ ശേഷം അദ്ദേഹം പറഞ്ഞു. ‘മുഴുവൻ ചാർജ്ജും.’

ഷിജോ ഒരു ചോദ്യത്തോടെ ആദ്യം തിരുമേനിയേയും പിന്നെ മാത്യു അച്ചനേയും നോക്കി. മാത്യു അച്ചൻ തലയാട്ടിക്കൊണ്ട് പറഞ്ഞു.

‘ഇന്നു മുതൽ മാനേജർ വരില്ല. അങ്ങേരെ ഒഴിവാക്കിയിരിക്കുണു. ആ ജോലിയും കൂടി ഷിജോ ചെയ്യണം.’

‘അതിനനുസരിച്ച് ശമ്പളം കൂട്ടിത്തരും.’ തിരുമേനി പറഞ്ഞു. ‘അതെത്ര്യാണ്ന്ന് കമ്മിറ്റി തീർച്ച്യാക്കും. എന്താ സമ്മതല്ലേ?’

‘ഞാൻ ശ്രമിക്കാം.’

‘പിന്നെ,’ തിരുമേനി തുടർന്നു. ‘അവിടെ ഒരു മാസം എന്തു ചെലവ് വരും എന്ന് ഒരു കണക്കുണ്ടാക്കു. അത് ഈ ആഴ്ചത്തെ മീറ്റിങ്ങിൽ വെയ്ക്കാം. കുട്ടികൾക്ക് ഒരുമാതിരി നല്ല നിലയിൽ കഴിയാനുള്ള ഒരു സ്ഥിതിണ്ടാവണം. ഞാനുദ്ദേശിക്കണത് ആഢംബരൊന്ന്വല്ല, പക്ഷെ നല്ല നിലയില് കഴിയാൻ. അതിന് വേണ്ട ചെലവ് എത്ര്യാണ്ന്ന് പറയണം. ലിസിയോട് സംസാരിച്ചാൽ ഒരു ഏകദേശരൂപം കിട്ടും.’

ഷിജോ തലയാട്ടി. തിരുമേനി എഴുന്നേറ്റു.

‘നമുക്ക് ആ പാവം കുട്ടികളുടെ നല്ല ഭാവിയ്ക്കു വേണ്ടി പ്രാർത്ഥിക്കാം.’

മൂന്നു പേരും വട്ടമിട്ടുനിന്നു. ബിഷപ്പ് കണ്ണടച്ചുകൊണ്ട് വളരെ സൗമ്യമായ ശബ്ദത്തിൽ പ്രാർത്ഥന ഉരുവിടാൻ തുടങ്ങി. അദ്ദേഹത്തിന്റെ മുഖത്തെ ചുളിവുകളിൽ കണ്ണും നട്ട് ഷിജോ അതേറ്റു ചൊല്ലി.

പള്ളിയിലേയ്ക്കു നടക്കുമ്പോൾ മാത്യു അച്ചൻ പറഞ്ഞു.

‘തനിക്കതു ചെയ്യാൻ കഴിയും. മാനേജരുടെ ജോലി എന്നു പറഞ്ഞാൽ കുറേ ഭാവനയും വേണ്ട ജോലിയാണ്. ആ മനുഷ്യന് കുറുക്കു വഴിയിൽക്കൂടി പണംണ്ടാക്കാന്ള്ള ഭാവന മാത്രേണ്ടായിരുന്നുള്ളു. ആ സ്ഥാപനം എങ്ങിനെയൊക്കെ നന്നാക്കിയെടുക്കാൻ പറ്റും എന്ന് ഷിജോ ആലോചിച്ചുണ്ടാക്കു. പണം ഒരു പ്രശ്‌നല്ല. പിന്നെ വേറൊരു കാര്യം. ഒരു നല്ല മനുഷ്യൻ അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ ദാനം ചെയ്തിട്ട്ണ്ട് സ്‌കൂളിലോ കമ്മിറ്റി ഓഫീസിലോ വെക്കാംന്ന് പറഞ്ഞു. രണ്ടുകൊല്ലം പഴക്കേള്ളു. അങ്ങേര് പുതിയ സിസ്റ്റം വാങ്ങിയപ്പോൾ ഇത് തന്നതാണ്. സ്‌കൂളില് ഇപ്പോത്തന്നെ പത്തു കമ്പ്യൂട്ടറുണ്ട്, ഓഫീസിലും ആവശ്യത്തിന് ഒരെണ്ണംണ്ട്. ഇത് വേണങ്കീ അവിടെ വെയ്ക്കാം. ബ്രോഡ് ബാന്റ് കണക്ഷനും എടുത്താ മതി. ഡൊനേഷനു വേണ്ടി പലരുമായി കോൺടാക്ട് ചെയ്യണ്ടി വരും. ഇപ്പൊ സിസ്റ്റർ തെരേസ്യാണ് അതൊക്കെ ചെയ്യണത്. ഷിജോവിന് കൊറ്യൊക്കെ സഹായിക്കാൻ പറ്റും.’

‘നല്ല കാര്യാണ്. ഓഫീസ് കാര്യങ്ങളും അതിൽ വെയ്ക്കാലോ. പിന്നെ ഞായറാഴ്ചീം മറ്റ് ഒഴിവ് ദിവസങ്ങളിലും കുട്ടികൾക്കും അതിൽ പ്രാക്ടീസ് ചെയ്യാം, കളിക്കാം.’

‘എന്നാൽ ശരി ഷിജോ,’ വാച്ചു നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ‘എനിക്ക് കുർബാനയ്ക്കുള്ള സമയായി. നന്നായി വരട്ടെ.’

മുറിയിലേയ്ക്ക് നടക്കുമ്പോൾ ഷിജോ ആലോചിച്ചു. കുട്ടികളുടെ സ്ഥിതി നന്നാക്കാൻ തനിയ്ക്ക് കുറച്ചുകൂടി അധികാരം കിട്ടിയാൽ എത്ര നന്നായിരുന്നുവെന്ന് ഇന്നലെക്കൂടി ആലോചിച്ചതാണ്. ഇന്നിതാ എല്ലാ അധികാരവും തന്നിലർപ്പിച്ചിരിക്കുന്നു. എത്ര പെട്ടെന്നാണ്? അയാൾ മാനേജരെ ഓർത്തു. അയാൾ പോയതു നന്നായി. വെറുക്കപ്പെടേണ്ട വൃത്തികെട്ട മനുഷ്യൻ.

മുറിയിലേയ്ക്കു നടക്കാതെ അയാൾ അടുക്കളയിലേയ്ക്കു നടന്നു. വാതിൽ തുറന്നിട്ടിട്ടാണെങ്കിലും മുട്ടിയശേഷമേ അകത്തു കടന്നുള്ളു. ഒപ്പംതന്നെ വിളിക്കുകയും ചെയ്തു.

‘ലിസിച്ചേച്ചീ…’

അടുക്കളത്തിണ്ണയ്ക്കരികെ ജനലിലൂടെ പുറത്തേയ്ക്കു നോക്കിയിരിക്കുന്ന ലിസി എഴുന്നേറ്റു.

‘എന്താ സാർ? ചായ വേണോ?’

ചായ കുടിക്കാനുള്ള ഉദ്ദേശ്യമൊന്നുമുണ്ടായിരുന്നില്ല ഷിജോവിന്. ലിസിയെ കാണണം, തിരുമേനിയുമായുണ്ടായ കൂടിക്കാഴ്ചയെപ്പറ്റി സംസാരിക്കണം, കാര്യങ്ങളെല്ലാം നേർവഴിക്ക് നടത്താനുള്ള വഴി തെളിഞ്ഞിട്ടുണ്ട് എന്ന് പറയണം, എന്നൊക്കെയേ ഉണ്ടായിരുന്നുള്ളു. പക്ഷെ ലിസിയുടെ ചോദ്യം അയാളിൽ ചായ കുടിക്കാനുള്ള ആഗ്രഹം ജനിപ്പിച്ചു. ശരിയാണ്, രാവിലത്തെ ടെൻഷനു ശേഷം അതൊരാവശ്യമാണ്. അയാൾ പറഞ്ഞു.

‘വേണം ചേച്ചി, നല്ലൊരു ചായ.’

‘ഞാൻ കൊണ്ടുവരാം, സാറ് പൊയ്‌ക്കോ.’

‘സാരല്ല്യ. ഞാനിവിടെ നിന്നുകൊള്ളാം. പിന്നെ ഞാനിപ്പൊ വരണത് ബിഷപ്പ് പാലസീന്നാണ്.’

എന്തിനാണ് തിരുമേനിയെ കണ്ടതെന്ന മട്ടിൽ ലിസി അയാളെ അദ്ഭുതത്തോടെ നോക്കി, പിന്നെ തിരിഞ്ഞുനിന്ന് ചായക്കുള്ള വെള്ളം ഗ്യാസടുപ്പിനു മുകളിൽ വെച്ചു.

‘കുട്ടികള്‌ടെ കാര്യം ഒക്കെ ശര്യാക്കാംന്ന് ഏറ്റിട്ട്ണ്ട്. പിന്നെ വേറൊരു കാര്യം, നമ്മടെ മാനേജര് ഇന്ന്‌തൊട്ട് വരില്ല.’

‘എന്തേ?’

‘അങ്ങേരെ പിരിച്ചു വിട്ടിരിക്കുണു.’

‘അത് തന്ന്യാണ്, കക്ഷിയെ ഇതുവരെ കണ്ടിട്ടില്ല. ഇനി വേറെ ആള് വര്വായിരിക്കും അല്ലെ.’

‘ഇല്ല. എന്നോട്തന്നെ അങ്ങേര്‌ടെ ജോലീം ചെയ്യാൻ പറഞ്ഞിരിക്ക്യാണ്.’

‘അത്യോ?’

ലിസിയുടെ ശബ്ദത്തിൽ ആഹ്ലാദമുണ്ടായിരുന്നു. ആദ്യമായാണ് അവരുടെ മുഖത്ത് സ്ഥായിയായ നിർവികാരതയ്ക്കു പകരം മറ്റൊരു വികാരം കാണുന്നത്.

‘എന്താണ്ടായത്ന്ന് ഞാൻ പറയാം…’

‘ചായ നന്നായിട്ട്ണ്ട് ചേച്ചി.’

അതു കുടിച്ചുകൊണ്ട് അയാൾ ലിസിയോട് സംസാരിച്ചു.