close
Sayahna Sayahna
Search

എപ്പോഴും സ്തുതിയായിരിക്കട്ടെ‍ 08


എപ്പോഴും സ്തുതിയായിരിക്കട്ടെ‍ 08
EHK Novelette 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എപ്പോഴും സ്തുതിയായിരിക്കട്ടെ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവലെറ്റ്
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 26


മാത്യു അച്ചൻ പള്ളിയിൽനിന്ന് പുറത്തു കടക്കുകയായിരുന്നു. ഈ അച്ചൻ എപ്പോഴും തിരക്കിലാണ്. ഷിജോ കരുതി.

‘കർത്താവിന് സ്തുതി.’

‘എപ്പോഴും സ്തുതിയായിരിക്കട്ടെ. എന്താ ഷിജോ വിശേഷം?’

‘ഞാനാ എസ്റ്റിമേറ്റ് കൊണ്ടുവന്നിട്ട്ണ്ട്. കമ്മിറ്റി മീറ്റിങ്ങില് വെയ്ക്കാന്ള്ളത്.’

‘ഞാനൊരു പത്ത് മിനിറ്റിനുള്ളില് എത്താം. ഓഫീസില് കാത്തുനിൽക്കു.’

‘ശരി അച്ചോ.’

ഓഫീസിൽ കമ്പ്യൂട്ടറിനു മുമ്പിലിരിക്കുന്ന സിസ്റ്റർ തെരേസയും ഒരോഫീസ് അസിസ്റ്റന്റും മാത്രമേയുള്ളു.

‘എന്താ ഷിജോ?’

‘ഒന്നുംല്ല്യ സിസ്റ്റർ, മാത്യു അച്ചൻ കാത്തുനിൽക്കാൻ പറഞ്ഞിട്ട്ണ്ട്.’

‘അച്ചന്റെ മുറീല് ഇരുന്നോളു. എനിയ്ക്ക് കുറച്ച് അത്യാവശ്യജോലികൾ തീർക്കാന്ണ്ട്. നാള്യാണ് മീറ്റിങ്ങ്.’

ഫാനിന്റെ സ്വിച്ചിട്ടശേഷം ഷിജോ അച്ചനുവേണ്ടി കാത്തിരുന്നു. ജിസിയുടെ കാര്യം എങ്ങിനെയാണ് തുടങ്ങുക? ഒരച്ചനോട് സംസാരിക്കാൻ പറ്റിയ കാര്യമേയല്ല അത്. പിന്നെ അയാൾ സ്വയം ആശ്വസിച്ചു. താനിത്ര ബേജാറാവേണ്ട ആവശ്യമൊന്നുമില്ല. എല്ലാം അതാതിന്റെ പാട്ടിന് സ്വാഭാവികമായി വന്നുകൊള്ളും.

അഞ്ചു മിനിറ്റിനുള്ളിൽ മാത്യു അച്ചൻ എത്തി. ഷിജോവിന്റെ കയ്യിൽനിന്ന് എസ്റ്റിമേറ്റ് വാങ്ങി കസേലയിൽ പോയി ഇരുന്നു.

‘മാനേജര് ഹാന്റോവർ ചെയ്യുമ്പൊ ഏഴായിരത്തി അറുനൂറ്റി അമ്പത് രൂപ തന്നിട്ട്ണ്ട്. അത് ഞാൻ മാസാവസാനം കണക്കുണ്ടാക്കുമ്പൊ ഉൾക്കൊള്ളിക്കാം.’

അച്ചൻ എസ്റ്റിമേറ്റ് മേശപ്പുറത്തു വെച്ചു.

‘ഇതില് കുട്ടികൾക്കും ലിസിയ്ക്കും നൈറ്റികള് വാങ്ങാൻ ഒരു തുക വെച്ചിട്ട്ണ്ടല്ലൊ. അതിന്റെ ആവശ്യണ്ടോ? നമ്മടെ സംഭാവനാപെട്ടീല് ധാരാളം പഴേ ഉടുപ്പുകള് ആൾക്കാര് കൊണ്ടുവന്നിട്ണ്ണ്ട്. അതില് നോക്ക്യാ കുട്ടികൾക്ക് പാകള്ളതൊക്കെ കിട്ടും. അതു പോരെ?’

ഷിജോ പെട്ടെന്ന് പോയത് മറ്റുള്ള കുട്ടികളുടെ നരച്ചു കീറിത്തുടങ്ങിയ ഉടുപ്പുകളിട്ട് സ്‌കൂളിൽ പോയിരുന്ന സ്വന്തം കുട്ടിക്കാലത്തേയ്ക്കായിരുന്നു. കീറിയ ഉടുപ്പുകൾ അമ്മ പകലിരുന്ന് തുന്നിവെയ്ക്കും. വലുതായപ്പോൾ ചാരിറ്റിയ്ക്കു വേണ്ടി വീടുകളിൽ കൂട്ടുകാർക്കൊപ്പം പോയിരുന്ന ഓർമ്മയുമുണ്ട്. അയാൾ പറഞ്ഞു.

‘അതു പോര അച്ചോ. ഒന്നാമത് ഉപയോഗിച്ച് കീറപ്രാഞ്ചിയായ ഉടുപ്പുകളേ ആൾക്കാർ ദാനം ചെയ്യാറുള്ളു. പിന്നെ അനാഥാലയത്തിലാണെങ്കിലും അവര് അനാഥകളാണ്ന്ന ബോധം ഉണ്ടാക്കാതെ നോക്കണംന്ന്ണ്ട് എനിയ്ക്ക്. ഞാനിവിടെ ചേർന്ന് നാലു ദിവസം കൊണ്ടന്നെ അവര്‌ടെ പ്രകൃതൊക്കെ മാറീരിക്കുണു.’

‘ശരി, കമ്മിറ്റി മെമ്പർമാർ പറഞ്ഞേക്കാവ്ണ ഒരു കാര്യം പറഞ്ഞൂന്നേള്ളു. ഞാൻ കുട്ടികൾക്കു വേണ്ടി വാദിക്കാം.’

‘പിന്നെ വേറൊരു പ്രധാനപ്പെട്ട കാര്യം പറയാന്ണ്ട്. സ്വകാര്യാണ്, ഇവ്ട്ന്ന് പറഞ്ഞാ ശര്യാവ്വോന്നറീല്യ.’

‘വേണ്ട നമ്ക്ക് പള്ളിമേടേല്ക്ക് പോവാം. വരൂ.’

നടന്നുകൊണ്ടിരിക്കെ ഷിജോ പറഞ്ഞു തുടങ്ങി. ‘ജിസിയ്ക്ക് രാവിലെ സുഖല്യാതായി. വയറ് വേദന്യാന്നാ എന്നോട് പറഞ്ഞത്. പിന്നെ ലിസിച്ചേച്ചിയാണ് പറഞ്ഞത് ആ കുട്ടിയ്ക്ക് കുറച്ചു ദിവസായിട്ട് രാവിലെ എണീറ്റാൽ ഛർദ്ദിയുണ്ടെന്ന്. ഇതൊരു ഗൗരവായ കാര്യാണ്. ഞാനവിടെ ചേർന്ന് രണ്ടാം ദിവസം ഒരു സംഭവംണ്ടായി, പറയാം…’

രാത്രി ആനി വന്ന കാര്യം കേട്ടുകൊണ്ടിരിക്കെ മാത്യു അച്ചൻ ക്ഷോഭിച്ചു.

‘ഞാൻ കുത്തിച്ചോദിച്ചപ്പോഴാണ് അവൾ പറേണത്, പുതിയ വാർഡൻ വന്നാലും ഇതൊന്നും മൊടക്കണ്ട, നിങ്ങള്‌ടെ ഊഴം അനുസരിച്ച് വാർഡന്റെ അടുത്തേയ്ക്ക് രാത്രി വന്നോളൂന്ന് ആ കുട്ടികളോട് അങ്ങേര് പറഞ്ഞൂത്രേ.’

‘കർത്താവേ! പക്ഷെ ഷിജോ, എന്താണയാള്‌ടെ ഉദ്ദേശ്യം?’

‘എനിക്ക് തോന്നണത് പുതിയ വാർഡൻ എങ്ങിനേങ്കിലും ഇത് അറിയും അപ്പോൾ അയാളേം കുറ്റവാള്യാക്ക്യാൽ ഇതൊന്നും പൊറത്ത് വരില്ലാന്നായിരിക്കും.’

‘അതു ശര്യായിരിക്കും. അപ്പൊ ഇത്രയ്‌ക്കൊക്കെ പ്രശ്‌നങ്ങളുണ്ടായിരുന്നോ? പഴയ വാർഡന് ഈ കുട്ടികള്‌ടെ അപ്പൂപ്പനാവാന്ള്ള പ്രായണ്ട്.’

‘എന്താണയാളെ മാറ്റാന്ള്ള പ്രേരണ? അല്ല, അച്ചനെങ്ങിനെ ഇതേപ്പറ്റി അറിഞ്ഞു?’

‘അതോ?… അത്… ഞങ്ങൾ പുരോഹിതന്മാർക്ക് കുമ്പസാരക്കൂട്ടിൽ കേട്ട കാര്യം പുറത്തു പറയാൻ പാടില്ലാന്നാ. പാപം ചെയ്തവർ അത് ദൈവത്തിനുമുമ്പിൽ ഏറ്റുപറയുന്നതാണ്. അതായത് ദൈവത്തിന്റെ പ്രതിപുരുഷന്റെ മുമ്പിൽ. പക്ഷെ കുട്ടികളും മുഴുവൻ ഏറ്റുപറഞ്ഞിട്ടില്ലാന്നല്ലെ കാണിക്കണത്.’

‘ആ മനുഷ്യൻ ഈ പാവം കുട്ടികളെ ഭീഷണിപ്പെട്ത്തിയിരിക്ക്യായിരുന്നു. അയാളിനി തിരിച്ചുവരില്ലെന്ന ഉറപ്പു കിട്ട്യപ്പോഴാണ് ആനി ഇത്രെ്യങ്കിലും പറഞ്ഞത്.’

‘ഇതൊരു വലിയ പ്രശ്‌നായല്ലൊ. ഷിജോവിന് ഉറപ്പാണോ ആ കുട്ടി കുഴപ്പത്തിലായീന്ന്?’

‘അങ്ങിന്യാണ് ലിസിച്ചേച്ചി പറഞ്ഞത്. കല്യാണം കഴിച്ചില്ലെങ്കിലും അമ്മയായില്ലെങ്കിലും അവർക്കതിന്റെ പൊരുൾ പെട്ടെന്ന് പിടുത്തം കിട്ട്ണ്ണ്ടാവും. അതുറപ്പിക്കാൻ ഒരു വഴിയേയുള്ളു. ഡോക്ടറെ കാണിക്ക്യ. ഉറപ്പാക്കാൻ പറ്റുമല്ലൊ.’

‘ഇതുറപ്പാക്കാൻ ഡോക്ടറ്‌ടെ അട്‌ത്തൊന്നും പോണ്ട. മൂത്രം ടെസ്റ്റ് ചെയ്താൽ മതി.’ മാത്യു അച്ചൻ പറഞ്ഞു.

‘ഉറപ്പായാലോ?’

‘ഷിജോ, അതാണ് വല്യേ ചോദ്യം. അതിന്ള്ള ഉത്തരം അത്ര എളുപ്പല്ല. തല്ക്കാലം ആരോടും പറയണ്ട, പ്രത്യേകിച്ച് തിരുമേനിയോട്. പഴയ വാർഡൻ പെൺകുട്ടികളോട് അത്ര നന്നായിട്ടല്ല പെരുമാറ്ണത്ന്ന് മാത്രേ അദ്ദേഹത്തിനറിയു. കാര്യങ്ങൾ അതിരുകടന്നു എന്നറിഞ്ഞാൽ ആ ശുദ്ധാത്മാവ് ക്ഷോഭിക്കും. ഞാനൊരാളെ പറഞ്ഞു വിടാം. അയാള്‌ടെ കയ്യിൽ മൂത്രത്തിന്റെ സാമ്പ്‌ള് കൊടുത്തുവിട്ടാമതി. ഇന്നന്നെ അയാളെ അയക്കാം. അല്ലെങ്കീ വേണ്ട അതിവിടെ കൊണ്ടുവന്ന് സിസ്റ്റർ തെരേസടെ കയ്യില് കൊടുത്താമതി. അയാളും എന്തിനാ അറീണത് എവ്ട്ത്ത്യാന്നൊക്കെ? കുട്ടീടെ പേരൊന്നും കൊടുക്കണ്ട. പ്രസ്സ്‌കാർക്ക് ഒരു ചെറിയ തുമ്പു കിട്ട്യാൽ മതി അവരാ കുട്ടീടെ പേര് നാറ്റിക്കും, സഭേടേം.’

കയ്യിലുള്ള എസ്റ്റിമേറ്റ് നോക്കിക്കൊണ്ട് അച്ചൻ തുടർന്നു.

‘ഇത് സാങ്ഷനായീന്ന് തന്നെ വെച്ചൊ. കുട്ടികള് മനുഷ്യരെപ്പോലെ ജീവിക്കട്ടെ.’

‘ശരി, അച്ചോ.’

പള്ളിമേടയിലൊന്നും എത്തിയിട്ടില്ലെന്നും മുറ്റത്ത് പടർന്നു നിൽക്കുന്ന മാവിൻ ചുവട്ടിൽ നിന്നുകൊണ്ടാണ് സംസാരിച്ചിരുന്നതെന്നുമുള്ള ബോധം അപ്പോഴാണ് ഷിജോവിനുണ്ടായത്. നേരിയ തണുപ്പുള്ള കാറ്റ് സാന്ത്വനമായി തലോടുന്നു.

‘അച്ചോ, ഒരു കാര്യം കൂടി.’

‘എന്താ ഷിജോ, പറേ.’

‘പഴേ വാർഡൻ ഇപ്പൊ എവിട്യാണ്?’

‘അയാളോ? അയാളെ ഇടുക്കീടെ അട്ത്ത്ള്ള ഒരു സ്ഥലത്ത് ആൺകുട്ട്യോള് മാത്രംള്ള അനാഥാലയത്തിലേയ്ക്ക് മാറ്റിയിര്ക്ക്യാണ്.’

ഷിജോ അസ്വസ്ഥനായി. ആ മനുഷ്യന് ആൺകുട്ടി, പെൺകുട്ടി എന്ന വ്യത്യാസമൊന്നുമുണ്ടാവില്ല.

‘ശരിയാണ് ഷിജോ പറഞ്ഞത്.’

അച്ചൻ അതു പറഞ്ഞപ്പോഴാണ് താൻ മനസ്സിൽ കണ്ട കാര്യം ഉറക്കെ പറഞ്ഞുവെന്ന് ഷിജോവിന് മനസ്സിലായത്. മാത്യു അച്ചൻ തുടർന്നു. ‘അതിനെന്തെങ്കിലും വഴീണ്ടാക്കാം.’

അച്ചൻ തിരിച്ച് ഓഫീസിലേയ്ക്കുതന്നെ നടന്നു.

‘ഷിജോ, താൻ സമാധാനായി പൊയ്‌ക്കോ. എനിക്ക് ഓഫീസിൽ കുറച്ചു ജോലിണ്ട്.’

കുറച്ചു പച്ചക്കറികൾ വാങ്ങി പോകാം. പള്ളിവളപ്പിൽനിന്ന് പുറത്തു കടക്കുമ്പോൾ ഷിജോ ആലോചിച്ചു.