close
Sayahna Sayahna
Search

എലിപ്പൂച്ച


എലിപ്പൂച്ച
AymanamJohn.jpg
ഗ്രന്ഥകർത്താവ് അയ്മനം ജോൺ
മൂലകൃതി ഒന്നാം പാഠം ബഹിരാകാശം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
വര്‍ഷം
2014

വായിച്ചുകഴിഞ്ഞ് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിച്ചുവെന്നു വരില്ല. അതിനാല്‍ വായന തുടങ്ങും മുന്‍പുതന്നെ പറയട്ടെ-ഇതൊരു കഥയല്ല. കുട്ടിക്കാലത്ത് വീട്ടില്‍ നടന്ന ഒരു സംഭവമാണ്. കുട്ടിക്കാലത്തെ ആ വീട് — വലിയപ്പച്ചന്റെ കാലത്ത് പണിത്, അപ്പന്റെ കാലത്ത് കുറച്ചൊന്നു പുതുക്കിപ്പണിത വീട് — ഇന്നില്ല. എന്നു മാത്രമല്ല, ഇരുളടഞ്ഞ കൊച്ചു മുറികളും അതിനിടയിലൊരറപ്പുരയുമായി, മുന്‍പാതി ഓടിട്ട്, പിന്‍പാതി ഓല മേഞ്ഞ്, ആറ്റുതീരത്തേക്ക് തിരിഞ്ഞിരുന്ന ആ വീടിനോട് സാദൃശ്യം തോന്നുന്ന വീടുകള്‍പോലും ഇന്നില്ല. അപ്പന്‍, അമ്മ, ചാക്കോച്ചിയപ്പാപ്പന്‍, അമ്മുവല്യമ്മ, ഇട്ടിക്കോരസാര്‍ എന്നീ കഥാപാത്രങ്ങളുടെയും ഭൂവാസം കഴിഞ്ഞുപോയി. അതുകൊണ്ടൊക്കെയാവാം ഇന്ന് ഇതെഴുതുമ്പോള്‍ എല്ലാം ഒരു കഥപോലെ തോന്നുന്നതും.

വീട്ടില്‍ എലിശല്യം ഏറെയായിരുന്ന ഒരു കൊയ്ത്തുകാലത്താണ് ഇതെല്ലാം നടന്നത്. വിളകള്‍ പതിവിലധികമായിരുന്നതിനാലാണെന്നു തോന്നുന്നു അക്കൊല്ലം അതുപോലെ എലികള്‍ പെരുകിയിരുന്നത്. മണ്ണെലി, ചുണ്ടെലി, പുരയെലി, പന്നിയെലി എന്നിങ്ങനെ എല്ലായിനം എലികളും ഏറെയായി കാണപ്പെട്ടു. വീട്ടിലും അയല്‍വീടുകളിലുമായി മീന്‍ തിന്നും പാലു കുടിച്ചും വളര്‍ന്നിരുന്ന പൂച്ചകളുടെ വന്‍ സൈന്യനിരതന്നെയുണ്ടായിരുന്നിട്ടും എലികളുടെ പടയോട്ടങ്ങളെ തുരത്താന്‍ അവയെക്കൊണ്ട് കഴിഞ്ഞതേയില്ല. പറമ്പിലെ കപ്പയെല്ലാം മാന്തിത്തിന്നും അറപ്പുരയില്‍ അരിയും പയറും കിഴങ്ങുകളുമൊക്കെ സൂക്ഷിച്ചിരുന്ന ചാക്കുകെട്ടുകള്‍ കരണ്ടുതിന്നും തട്ടിന്‍പുറം നിറയെ കാട്ടമിട്ടുമൊക്കെ എലികള്‍ പല വിധേന ഞങ്ങളെ ദുഃഖിപ്പിച്ചുപോന്നു. എലിയോട്ടങ്ങളുടെയും പൂച്ചച്ചാട്ടങ്ങളുടെയും ഒച്ചയും ബഹളവും മൂലം പല രാത്രികളിലും ഉറക്കവും അലങ്കോലപ്പെട്ടിരുന്നു.

ആയിടെ ഒരു ദിവസം ചന്തയ്ക്കുപോയി വന്നപ്പോള്‍ ചാക്കോച്ചിയപ്പാപ്പന്‍ ഒരു എലിപ്പെട്ടിയും വാങ്ങിവന്നു. ചാക്കോച്ചിയപ്പാപ്പന്‍ അങ്ങനെ ഒരാളായിരുന്നു.

വീട്ടില്‍ അതാത് സമയത്ത് ആവശ്യമായി വരുന്ന സാധനങ്ങള്‍ ഏതേതെന്നു കണ്ടറിഞ്ഞ് ഒരു മുന്നറിയിപ്പും തരാതെ ആഴ്ചച്ചന്തയ്ക്ക് പോയിവരുമ്പോള്‍ അതെല്ലാം വാങ്ങിക്കൊണ്ടുവരും. വീടു നോക്കി നടത്താന്‍ അപ്പനെക്കാള്‍ സമര്‍ത്ഥനായിരുന്ന ചാക്കോച്ചിയപ്പാപ്പന്‍ പെണ്ണുകെട്ടാതെ നടക്കേണ്ട ഒരാവശ്യവുമില്ലായിരുന്നുവെന്നു പറഞ്ഞ് അമ്മ പലപ്പോഴും അപ്പാപ്പനെ ശകാരിച്ചിരുന്നു.

ചാക്കോച്ചിയപ്പാപ്പന്‍ കൊണ്ടുവന്ന എലിയെ പിടിക്കുന്ന യന്ത്രം ഞങ്ങള്‍ — ഞാനും എട്ടത്തിയും — ആദ്യം കാണുകയായിരുന്നു. തെക്കേത്തിണ്ണയുടെ അരഭിത്തിമേല്‍ ഇരുന്ന് പറഞ്ഞും കാണിച്ചും അപ്പാപ്പന്‍ അതിന്റെ പ്രവര്‍ത്തനം മന

സ്സിലാക്കിത്തരുന്നത് ഇന്നലെയായിരുന്നോ എന്നു തോന്നുംവിധം ഞാന്‍ നന്നായി ഓര്‍മിക്കുന്നു.

എല്ലാം കണ്ടും കേട്ടും ബോധ്യപ്പെട്ടുകഴിഞ്ഞപ്പോള്‍ ഏട്ടത്തിക്കറിയണം എലിപ്പെട്ടി കണ്ടുപിടിച്ചത് ആരാണെന്ന്.

“ഓ, കൊള്ളാം, റേഡിയോയും ആവിയന്ത്രോമൊക്കെ കണ്ടുപിടിച്ച മനുഷ്യന് ഒരെലിപ്പെട്ടി ഒണ്ടാക്കാനാന്നോടീ കൊച്ചേ ഇത്ര പാട്?” എന്നായി അപ്പാപ്പന്‍.

രാത്രി ഉറങ്ങാന്‍ പോകുംവരെ ഞങ്ങള്‍ ആ കൗതുകവസ്തുവിനെ ചുറ്റിപ്പറ്റി നടന്നു. അപ്പനും അപ്പാപ്പനുമൊക്കെ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയ തക്കത്തിന് എലിപ്പെട്ടി പ്രവര്‍ത്തിപ്പിച്ചു നോക്കുകയും ചെയ്തു. “നല്ല രസം, നല്ല രസം” എലിപ്പെട്ടിയുടെ വാതില്‍ ഓരോ തവണ അലച്ചുവീണപ്പോഴും ഞങ്ങള്‍ ആഹ്ലാദിച്ചു.

അത്താഴം കഴിഞ്ഞ് പതിവുള്ള ബീഡിവലിയും പാടത്തിറമ്പത്തേക്കുള്ള കാറ്റുകൊള്ളാന്‍പോക്കും കഴിഞ്ഞുവന്ന് ചാക്കോച്ചിയപ്പാപ്പന്‍ എലിക്കെണി ഒരുക്കി. വലിയൊരു തേങ്ങാപ്പൂളായിരുന്നു കെണിയില്‍ കൊരുത്തത്. പത്തായത്തിനു മുകളില്‍, എലിയൊച്ചകള്‍ അധികം കേട്ടിരുന്ന കോണില്‍, അപ്പാപ്പന്‍ പെട്ടിവെച്ചു. വിളക്കണച്ചതും ഇരുട്ടില്‍ അദൃശ്യമായിക്കഴിഞ്ഞ പെട്ടിക്കുള്ളില്‍ ഒരു ചതിയന്റെ ചിരിപോലെ വെളുത്തു കണ്ട ആ തേങ്ങാപ്പൂള് നോക്കി നോക്കി കുറേ നേരംകൂടി രസിച്ചുനിന്നിട്ടാണ് ഞങ്ങള്‍ ഉറങ്ങാന്‍ പോയത്. കെണിവീഴുന്ന ഒച്ചയ്ക്കായി കാത്ത് ഏറെനേരം ഉറങ്ങാതെ കിടന്നു നോക്കിയെങ്കിലും എലിക്കെണിക്കു മുന്‍പ് തലയ്ക്കുള്ളിലെ ഉറക്കത്തിന്റെ കെണി ഒച്ചയില്ലാതെ വീണു.

വെളുപ്പിന് അമ്മയോടൊപ്പം നേരത്തേ ഉണര്‍ന്ന് ശീലിച്ചിരുന്ന ഏട്ടത്തി എണീറ്റയുടന്‍ എലിപ്പെട്ടിക്കടുത്തേക്ക് ഓടിക്കാണണം. “അപ്പാപ്പോ... അപ്പാപ്പോ... എലിപ്പെട്ടീല്‍ പൂച്ച വീണേ...” എന്ന് വലിയ വായിലേ വിളിച്ചുപറഞ്ഞുകൊണ്ട് തിരിച്ചോടിയ ഏട്ടത്തിയാണ് ഞങ്ങളെയെല്ലാം ഉണര്‍ത്തിയത്.

“അതിരാവിലേകെടന്ന് തൊള്ള തൊറക്കാതെടീ പെണ്ണേ” എന്ന് ഏട്ടത്തിയെ ശാസിച്ചുകൊണ്ട് തളത്തില്‍നിന്ന് അപ്പനും ‘പോടീ പെണ്ണേ, കളിപറയാതെടി” എന്നു പറഞ്ഞുകൊണ്ട് ചാവടിയില്‍നിന്ന് ചാക്കോച്ചിയപ്പാപ്പനും എലിപ്പെട്ടിക്കടുത്തേക്കു നടന്നു. പെട്ടിക്കുള്ളിലേക്ക് കുറേനേരം സൂക്ഷിച്ചുനോക്കിയിട്ട് “പെണ്ണു പറഞ്ഞത് കളിയല്ലെന്ന് തോന്നുന്നല്ലോടാ ചാക്കോച്ചീ...” എന്നായി അപ്പന്‍. അതു കേട്ടതും ചാക്കോച്ചിയപ്പാപ്പന്‍ കുറേക്കൂടി അടുത്തേക്കു ചെന്ന് എലിപ്പെട്ടിക്കകത്തേക്ക് ചാഞ്ഞും ചെരിഞ്ഞുമൊക്കെ നിന്ന് സസൂക്ഷ്മം നോക്കിയപ്പോഴാണ് മഹാതിശയം വെളിപ്പെട്ടത്: “അയ്യോ! കൊച്ചായാ, എന്താ ഈ കാണുന്നത്! പൂച്ചേമല്ല എലീമല്ലാത്ത ഒരു ജന്തുവാണല്ലോ ഇത്. അതിശയം! മഹാതിശയം!”

ബഹളം കേട്ട് ‘ങേ...ങേ’ എന്നു ചോദിച്ച് അടുക്കളയില്‍നിന്ന് അമ്മയും ഓടിയെത്തി. അതിനിടെ രണ്ടാം പരിശോധനയില്‍ അപ്പനും അതിശയം ബോധ്യപ്പെട്ടിരുന്നു.

“ശരിയാണല്ലോ... ഇതെന്നാ ജന്തുവാ? കൊച്ചേലീ നീയൊന്ന് നോക്കിക്കേ.”

തുടര്‍ന്ന്, അമ്മ സ്ത്രീപക്ഷത്തുനിന്നുള്ള പരിശോധന നടത്തി: “ദൈവംതമ്പുരാനേ, എന്തോന്ന് ജന്തുവാ ഇത്? തല പൂച്ചേടേം ഒടല് എലീടേം...”

പൊടുന്നനേ ‘ഞാമ്പറഞ്ഞില്ലേ, ഞാമ്പറഞ്ഞില്ലേ...’ എന്ന് വീരവാദം മുഴക്കി ഏട്ടത്തിയും ഉത്കണ്ഠാകുലനായിത്തീര്‍ന്ന ഞാനും ചേര്‍ന്ന് ആ വിചിത്രജീവിയെ കണ്ടു. തനി പൂച്ചയുടെ മുഖവും എലിയുടെ ഉടലും വാലുമുള്ള ആ ജീവി ആകെ പകച്ച് എലിപ്പെട്ടിയുടെ കോണ് ചേര്‍ന്ന് അനങ്ങാതെ ഇരിക്കുകയാണ്. പ്രാണഭയം മുഴുവന്‍ പുറത്തറിയിച്ച് അത് വല്ലാതെ കിതയ്ക്കുന്നുമുണ്ടായിരുന്നു. ഓടിയോടിത്തളര്‍ന്നതുപോലെ.

“വെട്ടത്തോട്ട് കൊണ്ടുപോയി നോക്കാം...” എന്നു പറഞ്ഞ് ചാക്കോച്ചിയപ്പാപ്പന്‍ എലിപ്പെട്ടി കൈയിലെടുത്ത് പുറത്തേക്കു നടന്നു പോകുംവഴി ആ ജീവി വല്ലാതെ ഭയന്നിട്ടെന്നപോലെ ഒരു വിചിത്ര ശബ്ദത്തില്‍ കരഞ്ഞു — പൂച്ചയുടെയോ എലിയുടെയോ അല്ലാത്ത ഒരു കരച്ചിലായിരുന്നു അത്.

ചാവടിത്തിണ്ണയുടെ കോണില്‍ ചാക്കോച്ചിയപ്പാപ്പന്‍ എലിപ്പെട്ടി താഴ്ത്തിവെച്ചു.

ഞങ്ങള്‍ വീണ്ടും പെട്ടിയെ വളഞ്ഞു.

എല്ലാ സംശയങ്ങളും തീര്‍ത്ത് ആ വിചിത്രജീവി അതിന്റെ നഗ്നത കാട്ടി ഞങ്ങളെ ദയനീയമായി നോക്കി. ഒരു കാടന്‍പൂച്ചയുടെ തല. പൊണ്ണന്‍ എലിയുടെ ഉടല്‍. മൂക്കീന്‍തുമ്പത്ത് ഉണങ്ങിപ്പിടിച്ച കുറെ ചോരപ്പാടുകളും (എലിപ്പെട്ടിയുടെ കമ്പിയഴികള്‍ കടിച്ചുമുറിക്കാനുള്ള വിഫലശ്രമങ്ങള്‍ക്കിടയിലേറ്റ മുറിവുകളാണ് അത് എന്ന് വിശദീകരിച്ചുകൊടുത്ത് ചാക്കോച്ചിയപ്പാപ്പന്‍ ഏട്ടത്തിയെ നിശ്ശബ്ദയാക്കി).

അത്യത്ഭുതം ഉള്‍ക്കൊള്ളാനുള്ള സമയമെടുത്തിട്ട്, ‘വല്യ ഒരതിശയംതന്നെയാണല്ലോടാ ചാക്കോച്ചീ... കേട്ടുകേള്‍വിപോലുമില്ലാത്ത...’ എന്ന് അപ്പനും ‘മാതാവേ... ഇതേതാണ്ടിന്റെ അടയാളമാണല്ലോ... അവസാന കാലമടുത്തോ കര്‍ത്താവേ...’ എന്ന് അമ്മയും പറഞ്ഞതോര്‍ക്കുന്നു.

അപ്പോഴായിരുന്നു പാല്‍ നിറച്ച ഓട്ടുമൊന്തയും പിടിച്ച് അമ്മുവല്യമ്മയുടെ പതിവുവരവ്. വല്യമ്മയെ പടിക്കല്‍ കണ്ടപ്പോള്‍ത്തന്നെ ‘വല്യമ്മേ വാ... കാണണേ വാ... അതിശയം കാണണേ ഓടിവാ...’ എന്നൊക്കെപ്പറഞ്ഞ് ഏട്ടത്തി ഓടിച്ചെന്നിരുന്നു.

“എന്നാ കുഞ്ഞേ, എന്നാ പറ്റി...?” വല്യമ്മ ഞങ്ങളുടെ അടുത്തേക്ക് ഝടുതിയില്‍ നടന്നു.

“ആ എലിപ്പെട്ടീലോട്ടൊന്ന് നോക്കിക്കേ...”

ചാക്കോച്ചിയപ്പാപ്പന്‍ ഒരൊതുക്കിച്ചിരിയോടെ പറഞ്ഞു. കണ്ണുകള്‍ ചുളുക്കിക്കൂര്‍പ്പിച്ച് അമ്മുവല്യമ്മ എലിപ്പെട്ടിക്കകത്തേക്ക് നോക്കി.

“ഹെന്റെ ഈശ്വരാ... ഇതെന്നതാ!” വല്യമ്മയും സ്തബ്ധയായി.

“അതാണ് എട്ടാമത്തെലോകമഹാത്ഭുതം — എലിപ്പൂച്ച.” ചാക്കോച്ചിയപ്പാപ്പന്‍ പറഞ്ഞു.

ഞങ്ങളെല്ലാവരും ചിരിച്ചുപോയി. “നല്ല പേര്. എലി അധികം പൂച്ച സമം എലിപ്പൂച്ച.” -ഏട്ടത്തി എന്നോട് സ്വകാര്യവും പറഞ്ഞു.

അമ്മുവല്യമ്മയ്ക്ക് മാത്രം ചിരിക്കാന്‍ കഴിഞ്ഞില്ല.

“എവിടന്ന് കിട്ടി ഇതിനെ?” വല്യമ്മ അതിശയത്തോടെ ചോദിച്ചു

“ഇന്നലെ രാത്രി എലിയെപ്പിടിക്കാന്‍ പെട്ടി പൂട്ടിവെച്ചതാ അമ്മുവമ്മെ. വീണുകിട്ടിയത് ഇതിനെയാ...” ചാക്കോച്ചിയപ്പാപ്പന്‍ പറഞ്ഞു.

വായ് പിളര്‍ന്ന മട്ടില്‍ കുറേനേരം നിന്നിട്ട് അമ്മുവല്യമ്മ ആകാശത്തേക്ക് കണ്ണുകള്‍ ഒന്നുയര്‍ത്തിത്താഴ്ത്തിയിട്ട് പറഞ്ഞു: “ഭഗവാനേ... മായ... മായ...”

എന്നിട്ട് പതുക്കെ ചാക്കോച്ചിയപ്പാപ്പന്റെ അടുത്തേക്കു മാറിനിന്ന് വലിയൊരു ദുരന്തത്തെപ്പറ്റി ചോദിച്ചറിയുംപോലെ ചന്തയ്ക്കു പോയി എലിപ്പെട്ടി വാങ്ങിക്കൊണ്ടുവന്നതുമുതലുള്ള സംഭവങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. എല്ലാം കഴിഞ്ഞ്, “അയ്യോ... പറഞ്ഞോണ്ട്നിന്ന് നേരം പോയല്ലോ ചാക്കോച്ചിമാപ്പളെ... പാലെല്ലാം കൊടുക്കാങ്കെടക്കുവാ...” എന്നു പറഞ്ഞ് മൊന്തയുമെടുത്ത് മടങ്ങിപ്പോയി.

അമ്മുവല്യമ്മ ഒരു സംഗതിയറിഞ്ഞാല്‍ ഏറ്റവും പ്രചാരമുള്ള പത്രത്തിലൂടെ അറിയുന്നതിലും വേഗത്തില്‍ അത് നാടെല്ലാം പരസ്യമാകുമായിരുന്നു. പൂച്ച തട്ടിക്കമത്തിയ പാല്‍പാത്രത്തില്‍നിന്ന് പാല്‍ ഒഴികിപ്പരക്കുംപോലെ എന്ന് ചാക്കോച്ചിയപ്പാപ്പന്റെ വക മറ്റൊരുപമയും ഉണ്ടായിരുന്നു.

വല്യമ്മ പോയി ഏറെക്കഴിയും മുന്‍പേ അയല്‍ക്കാര്‍ ഓരോരുത്തരായി എലിപ്പൂച്ചയെ കാണാന്‍ എത്തിത്തുടങ്ങി. വീട്ടുമുറ്റത്ത് ഒരാള്‍ക്കൂട്ടംതന്നെ രൂപപ്പെടാന്‍ ഏറെനേരം വേണ്ടിവന്നില്ല.

“ഇനീം ആളോടിക്കൂടും മുന്‍പേ എടുത്തോണ്ടുപോയികൊന്ന് കുഴിച്ചുമൂടിയേര് ചാക്കോച്ചീ അശ്രീകരത്തിനെ” എന്നു പറഞ്ഞ് അമ്മ തിരക്കിട്ട് അടുക്കളെയിലേക്കു നടന്നു.

ചാക്കോച്ചിയപ്പാപ്പനാകട്ടെ, അത് കേട്ടതുപോലുമില്ല. എലിപ്പൂച്ചയെ കാണാനെത്തിയ ഓരോരുത്തരുടെയും പ്രതികരണങ്ങള്‍ ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്നു അപ്പാപ്പന്‍. ആള്‍വരവ് പിന്നെയും കൂടിക്കൂടി വന്നപ്പോള്‍ അത്ഭുതദൃശ്യം കുറേക്കൂടി ആകര്‍ഷകമാക്കുവാന്‍ അപ്പാപ്പനും കൂട്ടുകാരും ചേര്‍ന്ന് അയല്‍പക്കത്തെ തെക്കേക്കരക്കാരുടെ വീട്ടില്‍നിന്ന് ഒഴിഞ്ഞുകിടന്ന ഒരണ്ണാന്‍കൂട് എടുത്തു കൊണ്ടു വന്നു. പെട്ടിക്കുള്ളില്‍ അനങ്ങാന്‍പോലും ഭയന്ന് പതുങ്ങിയിരുന്ന എലിപ്പൂച്ചയെ കമ്പിട്ടുകുത്തിയും പെട്ടിയോടെ കുടഞ്ഞുമൊക്കെ ഏറെ പണിപ്പെട്ടാണ് അണ്ണാന്‍കൂടിനകത്താക്കി കൂടടച്ചത്.

എലിപ്പൂച്ചയുടെ സത്യത്തെപ്പറ്റി ആള്‍ക്കൂട്ടം പലതും പറയാന്‍ തുടങ്ങി. മനുഷ്യര്‍ക്ക് ഇതുവരെ കാണാനായിട്ടില്ലാത്ത ഒട്ടേറെ ഇനം വിചിത്രജീവികള്‍ ഭൂമിയിലുണ്ടെന്നും തൊണ്ണൂറ്റൊന്‍പതിലെ വെള്ളപ്പൊക്കത്തില്‍ ഹൈറേഞ്ചിലെ കാടുകളില്‍നിന്ന് പിഴുതെറിയപ്പെട്ട് ഒഴുകിയെത്തിയ വന്‍മരങ്ങള്‍ കൂടെക്കൊണ്ടു പോന്ന ജന്തുക്കളുടെ കൂട്ടത്തില്‍ ഇത്തരം പലയിനങ്ങളെ കണ്ടതായി കേട്ടിട്ടുണ്ടെന്നുമൊക്കെയുള്ള വാദഗതികളായിരുന്നു ഏറെയും.

അങ്ങനെയിരിക്കെ, ഇട്ടിക്കോരസാറും എത്തി. ആറ്റിറമ്പ് പ്രൈമറി സ്കൂളിലെ സയന്‍സ് മാസ്റ്ററും പല തവണ പഞ്ചായത്ത് മെമ്പറുമായിരുന്ന ഇട്ടിക്കോരസാറായിരുന്നു ഇത്തരം അത്ഭുതപ്രതിഭാസങ്ങള്‍ ഞങ്ങള്‍ നാട്ടുകാര്‍ക്ക് വിശദീകരിച്ചുതന്നിരുന്നത്. വാല്‍നക്ഷത്രം, ജറ്റുവിമാനം തുടങ്ങിയ ആകാശക്കാഴ്ചകളും ഗ്രാമഫോണ്‍, കമ്പിയില്ലാക്കമ്പി തുടങ്ങിയ ഭൂമിയിലെ അതിശയങ്ങളും വിശദീകരിച്ചു പറഞ്ഞുമനസ്സിലാക്കാന്‍ സാറ് സമര്‍ത്ഥനായിരുന്നു. അതു കൊണ്ടാണ്

ഇട്ടിക്കോരസാറിന്റെ വരവു കണ്ടതും അന്ത്യകൂദാശകള്‍ക്കെത്തിയ പുരോഹിതനെ സ്വീകരിക്കുംപോലെ ആള്‍ക്കൂട്ടം വകഞ്ഞുമാറി വഴി കൊടുത്ത് നിശബ്ദരായി നിന്നത്. ചാക്കോച്ചിയപ്പാപ്പന്‍ ഓടിപ്പോയി എടുത്തുകൊണ്ടുവന്നിട്ട സ്റ്റൂളിലിരുന്ന് എലിപ്പൂച്ചയെ ഏറെനേരം നിരീക്ഷിച്ച ശേഷമാണ് ഇട്ടിക്കോരസാര്‍ എഴുന്നേറ്റത്. പിന്നെയും കുറേനേരം എന്തൊക്കെയോ ഓര്‍ത്തോര്‍ത്ത് നിന്നിട്ട് ഇട്ടിക്കോരസാര്‍ ആള്‍ക്കൂട്ടത്തോട് ഏതാണ്ട് ഇപ്രകാരം പറഞ്ഞു:

“പണ്ട് ഇംഗ്ലണ്ടില്‍ ചാള്‍സ് ഡാര്‍വിന്‍ എന്നു പേരുള്ള മഹാബുദ്ധിമാനായിരുന്ന ഒരു സായിപ്പ് ജീവിച്ചിരുന്നു. ആ സായിപ്പിന്റേതായി പരിണാമസിദ്ധാന്തം എന്ന പേരില്‍ ഒരു സിദ്ധാന്തമുണ്ട്. ആ സിദ്ധാന്തപ്രകാരം നമ്മള്‍ മനുഷ്യരടക്കം ഇന്ന് ഭൂമിയില്‍ കാണുന്ന ജീവജാലങ്ങളൊന്നും ഭൂമിയുടെ ഉത്ഭവംമുതല്‍ ഇതേരൂപത്തില്‍ ഉടലെടുത്തതൊന്നുമല്ല. കടല്‍ജീവികളില്‍നിന്നും പക്ഷികളില്‍നിന്നും കുരങ്ങന്മാരില്‍നിന്നുമൊക്കെ പരിണമിച്ചവരാണ് നമ്മളൊക്കെ. അങ്ങനെ, പരിണാമങ്ങള്‍ പലത് നടന്നതിനിടയ്ക്ക് ഭൂമിയില്‍നിന്ന് വംശനാശം വന്ന് അപ്രത്യക്ഷമായ ജീവികളും പലതുണ്ട്. അതില്‍പ്പെട്ട ഒന്നായിരിക്കാം നമ്മള്‍ കാണുന്ന ഈ ജന്തു. എലിക്കും പൂച്ചയ്ക്കുമൊക്കെ മുന്‍പ് ഒരു പക്ഷേ, രണ്ടും ചേര്‍ന്ന ഈ ജീവിയായിരുന്നിരിക്കാം ഭൂമിയില്‍ ഉണ്ടായിരുന്നത്. പില്‍ക്കാലത്ത് ആ ഒരു ജീവി പരിണമിച്ച് ഇരുജീവികളായതായിരിക്കാം എലിയും പൂച്ചയും.”

ഇട്ടിക്കോരസാര്‍ അത്രയും പറഞ്ഞപ്പോള്‍ത്തന്നെ ആള്‍ക്കൂട്ടത്തില്‍നിന്ന് പല അനുബന്ധാഭിപ്രായങ്ങളും ഉയരാന്‍ തുടങ്ങിയിരുന്നു. ആദാമിന്റെ വാരിയെല്ലൂരിയെടുത്ത് ഹവ്വായെ സൃഷ്ടിച്ചതുപോലെ എലിപ്പൂച്ചയുടെ തല വെട്ടിയെടുത്തായിരിക്കാം ദൈവം പൂച്ചയെ സൃഷ്ടിച്ചത്. എലിയുടെ തല തേമ്പിയിരിക്കുന്നത് അതുകൊണ്ടായിരിക്കും... എന്നിങ്ങനെ ഓരോന്ന്.

പക്ഷേ, ഇട്ടിക്കോരസാര്‍ അതിനൊന്നും ചെവി കൊടുക്കാതെ തുടരുകയാണുണ്ടായത്. ഡാര്‍വിന്‍ പറയുംപ്രകാരം പറഞ്ഞാല്‍ ഇരയെ പിടിക്കാനും മറ്റൊന്നിന് ഇരയാകാതിരിക്കാനും ഒരുപോലെ അനുയോജ്യമായ രൂപമാറ്റങ്ങള്‍ സ്വീകരിച്ചാണ് ജീവജാലങ്ങള്‍ പരിണാമം പ്രാപിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ പൂച്ചകളില്‍നിന്ന് രക്ഷ പ്രാപിക്കാനുതകുന്ന രൂപമാറ്റങ്ങളായിരിക്കും എലിവംശത്തിന് ഉണ്ടായിക്കൊണ്ടിരുന്ന പരിണാമം. അതുകൊണ്ട് നാളെ പിറക്കാനിരിക്കുന്ന എലിയുടെ രൂപമാണ് നമ്മള്‍ ഈ കാണുന്നത് എന്നും വരാം.

എലിപ്പൂച്ച ഒന്നുകില്‍ വംശനാശം സംഭവിച്ച ജീവിവര്‍ഗത്തില്‍പ്പെട്ട ഒന്ന്. അല്ലെങ്കില്‍ ഭൂമിയില്‍ പിറക്കാനിരിക്കുന്ന ഒരു പുത്തന്‍ ജീവിവര്‍ഗത്തിന്റെ മോഡല്‍ — ഇതായിരുന്നു ഇട്ടിക്കോരസാര്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കം. രണ്ടായാലും കൂട്ടില്‍ കിടക്കുന്നത് അത്യപൂര്‍വവും വിലപ്പെട്ടതുമായ ഒരു കണ്ടെത്തലാണെന്ന് സാര്‍ തറപ്പിച്ചു പറഞ്ഞു. എലിപ്പൂച്ചയെ ശ്രദ്ധാപൂര്‍വം സംരക്ഷിച്ചു കൊള്ളണമെന്നും താന്‍ എത്രയും വേഗം തലസ്ഥാനത്തെ മൃഗശാലയില്‍ വിവരമറിയിച്ച് എലിപ്പൂച്ചയെ അവിടേക്ക് മാറ്റാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുവരാമെന്നും പറ‍ഞ്ഞാണ് ഇട്ടിക്കോരസാര്‍ തിരക്കിട്ട് മടങ്ങിപ്പോയത്. നടക്കുംവഴി തിരിഞ്ഞു നിന്ന് പത്രമോഫീസുകളിലും വിവരമറിയിച്ചേക്കാം എന്നും പറയുകയുണ്ടായി അദ്ദേഹം.

ഇട്ടിക്കോരസാര്‍ പോയതു മുതല്‍ സാറിന്റെ നിര്‍ദേശപ്രകാരം എലിപ്പൂച്ചയ്ക്ക് ആഹാരം കൊടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. പാല്‍, മീന്‍, കപ്പപ്പൂള് എന്നിങ്ങനെ എലിയോ പൂച്ചയോ തിന്നാറുള്ള ഓരോരോ സാധനങ്ങള്‍ കൊടുത്തു നോക്കിയിട്ടും എലിപ്പൂച്ച ഏതെങ്കിലുമൊന്ന് മണത്തുനോക്കാന്‍പോലും തയാറായില്ല. കൂടിന് പുറത്തെ ലോകത്തേക്ക് ഭയപ്പാടോടെ നോക്കിക്കൊണ്ട് അത് ഒരേയിരൂപ്പ് തുടര്‍ന്നു. ഇടയ്ക്കിടെ ആ വിചിത്രശബ്ദത്തില്‍ കരഞ്ഞു. കരച്ചിലിനെക്കാള്‍ ഞരക്കം എന്നു തോന്നുന്ന ഒരു ശബ്ദമായിരുന്നു അത്. ആരെയും സങ്കടപ്പെടുത്തുന്ന ഒരു ദൈന്യത അതിന്റെ ദൃഷ്ടികളിലുണ്ടായിരുന്നു. അതിനാല്‍ എലിപ്പൂച്ചയെ വിട്ടുപോകാന്‍ ഞങ്ങള്‍ക്ക് മനസ്സു വന്നതേയില്ല.

എന്നാല്‍, എലിപ്പൂച്ചയുടെ പേരില്‍ അവധി എടുക്കാന്‍ അനുവദിക്കണമെന്ന ഞങ്ങളുടെ അപേക്ഷ അപ്പന്‍ കേട്ടപാടെ തള്ളിക്കളഞ്ഞു. “പൊയ്ക്കോ അവിടന്ന്. പരീക്ഷയടുത്ത സമയത്ത് എലിയേം പൂച്ചേം കണ്ടോണ്ടിരുന്നാല്‍ മതിയല്ലോ. വേഗന്നൊരുങ്ങി പള്ളിക്കൂടത്തിപ്പോകാന്‍ നോക്ക്.”

അമ്മയുടെയോ ചാക്കോച്ചിയപ്പാപ്പന്റെയോ ശിപാര്‍ശകൊണ്ടുപോലും ഫലമില്ലെന്നു തോന്നുന്നത്ര ശക്തിയിലായിരുന്നു ആ ശകാരം. അതിനാല്‍ മറ്റൊരു പോംവഴി കാണാതെ ഞങ്ങള്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങി. മൃഗശാലക്കാര്‍ എത്താന്‍ എങ്ങനെ പോയാലും സന്ധ്യയോളമാവുമെന്നും എലിപ്പൂച്ചയുടെ യാത്രയയപ്പില്‍ ഞങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിയുമെന്നും പറഞ്ഞ് ചാക്കോച്ചിയപ്പാപ്പന്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.

ഒന്നും തിന്നാതെയും കുടിക്കാതെയും ശൂന്യമായ ദൃഷ്ടികളോടെ കിടക്കുന്ന എലിപ്പൂച്ചയെ കണ്ടിട്ടുപോയതിനാലാവാം വലിയപ്പച്ചന്‍ മരിക്കാറായിക്കിടന്നിരുന്ന നാളുകളിലെ ആശങ്കകളോടെയായിരുന്നു ക്ലാസ്സില്‍ ആ ദിവസം ഞങ്ങള്‍ കഴിച്ചു കൂട്ടിയത്. ഒപ്പംതന്നെ എലിപ്പൂച്ചയെ വര്‍ണിച്ചു കേള്‍പ്പിച്ച് കൂട്ടുകാരെയെല്ലാം അമ്പരപ്പിച്ചതിന്റെ ആനന്ദവും ഉണ്ടായിരുന്നുവെങ്കിലും. ഇന്റര്‍വെല്ലിന് ഓടിപ്പോയി എലിപ്പൂച്ചയെ കണ്ടിട്ടുവരാമെന്ന ആശയം കൂട്ടുകാര്‍ പലരും അവതരിപ്പിച്ചുവെങ്കിലും എത്ര ഓടിയാലും ആ സമയംകൊണ്ട് പോയിവരാന്‍ അനുവദിക്കാത്തത്ര അകലെയായിപ്പോയി ഞങ്ങളുടെ വീട്.

സ്കൂള്‍ വിട്ടാല്‍ ആദ്യം പുറപ്പെടുന്ന കടത്തുവെള്ളം തിക്കും തിരക്കും കാരണം ഞങ്ങള്‍ ഒഴിവാക്കാറായിരുന്നു പതിവ്. എന്നാല്‍ അന്നേദിവസം ആദ്യത്തെ വള്ളം അടുപ്പിച്ചയുടന്‍ ചാടിക്കയറിയത് ഞാനും ഏട്ടത്തിയുമായിരിക്കണം.

വലിയ ഉത്സാഹത്തോടെയും ഉത്കണ്ഠകളോടെയും ഓടിച്ചാടി വീട്ടിലെത്തിയ ഞങ്ങള്‍ എലിപ്പൂച്ച അതിന്റെ കൂട്ടില്‍ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇരിക്കുന്നതാണ് കണ്ടത്. അതിന്റെ മനസ്സ് അത്യഗാധമായ ഒരേകാന്തതയില്‍ വീണുകിടക്കുകയാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാവുമായിരുന്നു. പരിത്യജിച്ച ഭക്ഷണപദാര്‍ത്ഥങ്ങളുടെ പൊട്ടും പൊടിയും ചിതറിക്കിടന്നിടത്ത് ഉറുമ്പുകള്‍ പറ്റം പറ്റമായി അരിച്ചുനടന്നു.

അത്ര നേരം കാത്തിരുന്നിട്ടും മൃഗശാലക്കാരെയോ പത്രക്കാരെയോ കാണാത്തതിനാല്‍ ചാക്കോച്ചിയപ്പാപ്പന്‍ ഇട്ടിക്കോരസാറിനെ തിരക്കിപ്പോയിരിക്കയായിരുന്നു. കാലത്തുതന്നെ അക്കരപ്പാടത്തെ കൊയ്ത്തിന് ആളെയും കൂട്ടിപ്പോയ അപ്പന്‍ മടങ്ങിയെത്തിയിരുന്നുമില്ല. ഇന്റര്‍വെല്‍ സമയത്ത് ഇട്ടിക്കോരസാറിന്റെ സ്കൂളിലെ കുട്ടികള്‍ സംഘങ്ങളായി വന്ന് ക്യൂ നിന്ന് എലിപ്പൂച്ചയെ കണ്ടിട്ടു

പോയശേഷം കാഴ്ചക്കാരും ഏറെയൊന്നും വന്നില്ലെന്ന് അമ്മ പറഞ്ഞു. ഉച്ചതിരിഞ്ഞ്, അമ്മയോട് നാട്ടുവര്‍ത്തമാനം പറയാന്‍ വന്ന വരവില്‍ അമ്മുവല്യമ്മ അതിനെ കുറെ നേരംകൂടി നോക്കിനിന്നിട്ടുപോയതു മാത്രം. പരീക്ഷിച്ചു നോക്കിയ ഒരാഹാരസാധനവും എലിപ്പൂച്ച തൊട്ടില്ലെന്നുതന്നെയല്ല ആഹാരം കഴിക്കുന്ന ജന്തുവാണോ അതെന്നുതന്നെ സംശയം തോന്നും വിധമായിരുന്നു അതിന്റെ കിടപ്പ് എന്നും അമ്മ അറിയിച്ചു.

എലിപ്പൂച്ചയുടെ നിസ്സഹകരണപ്രസ്ഥാനം തകര്‍ക്കുവാനുള്ള വഴികളൊന്നും കാണാതെ ഞങ്ങള്‍ ചാക്കോച്ചിയപ്പാപ്പന്റെ വരവും കാത്ത്, അതിന്റെ കൂടിനരികില്‍ത്തന്നെ മൂകരായി ഇരുന്നു.

സന്ധ്യയോടെ ചാക്കോച്ചിയപ്പാപ്പന്‍ മടങ്ങിയെത്തി “ഒന്നും നടക്കുകേല പിള്ളേരെ.” മുറ്റത്തേക്കു കയറി തോളിലെ തോര്‍ത്തെടുത്ത് ഒന്നു കുടഞ്ഞ് വിയര്‍പ്പ് തുടയ്ക്കുന്നതിനിടയില്‍ത്തന്നെ ചാക്കോച്ചിയപ്പാപ്പന്‍ തന്റെ നിരാശ ഞങ്ങള്‍ക്കും പങ്കിട്ടു. ഏറെ ശ്രമങ്ങള്‍ക്കു ശേഷം മൃഗശാലക്കാരുമായി ഫോണില്‍ സംസാരിച്ച ഇട്ടിക്കോരസാറിന്, എലിപ്പൂച്ച അപൂര്‍വജീവിതന്നെയാണെന്ന് ആധികാരികമായി അന്വേഷിച്ചറിഞ്ഞാല്‍ മാത്രമേ വരാന്‍ കഴിയൂ എന്ന മറുപടിയാണ് കിട്ടിയത്. പ്രാഥമികാന്വേഷണത്തിനായി സ്ഥലത്തെ മൃഗസംരക്ഷണ വകുപ്പിനെയാണ് നിയോഗിക്കുക എന്നറിഞ്ഞ് ഇട്ടിക്കോരസാര്‍ പ്രസ്തുത വകുപ്പോഫീസ് തിരക്കിക്കണ്ടുപിടിച്ചു ചെന്ന് അന്വേഷിച്ചപ്പോഴാകട്ടെ മൃഗശാലയില്‍നിന്നുള്ള അറിയിപ്പ് വരട്ടെ, സ്ഥലത്തു വന്ന് അന്വേഷിച്ചു വേണ്ടതു ചെയ്യാം എന്ന മറുപടിയും കിട്ടി. പത്രക്കാരെ തെരഞ്ഞു പോയിട്ടാണെങ്കിലോ തെരഞ്ഞെടുപ്പുകാലമായതിനാല്‍ എലിയുടെയും പൂച്ചയുടെയുമൊക്കെ പുറകെ നടക്കാന്‍ ആര്‍ക്കും നേരമില്ലത്രെ! (നാട്ടിന്‍പുറത്തെ ഒരു പ്രൈമറി സ്കൂള്‍ അധ്യാപകന് തലസ്ഥാനത്തു നിന്ന് ഒരു കാര്യം എത്രയെളുപ്പത്തില്‍ സാധിക്കാന്‍ കഴിയും എന്ന് പില്‍ക്കാലത്ത് മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ അന്നത്തെ ആ കാത്തിരിപ്പിന്റെ വങ്കത്തമോര്‍ത്ത് ഞങ്ങള്‍ ചിരിച്ചുപോയിട്ടുണ്ട്).

“ഈ കെടപ്പ് കെടന്നാല്‍ അത് ചത്തുപോകത്തേയുള്ളൂന്ന് തോന്നുന്നു. നിങ്ങള് വല്ലതും കൊടുത്ത് നോക്കിയോ?” ചാക്കോച്ചിയപ്പാപ്പന്‍ ചോദിച്ചു.

“നോക്കാവുന്നതെല്ലാം ഞങ്ങളും നോക്കി അപ്പാപ്പാ. ഒരു വിശേഷവുമില്ല”. ഏട്ടത്തി സങ്കടത്തോടെ പറഞ്ഞു.

ആ സംഭാഷണം കേട്ടുകൊണ്ട് കടന്നുവന്ന അമ്മ അതുവരെ ഉള്ളിലൊതുക്കിയ കലിയെല്ലാം പുറത്തെടുത്ത് ഒച്ചയുയര്‍ത്തി പറഞ്ഞു: “അതിനെക്കൊണ്ടെ ആ പാടത്തെറമ്പത്തെങ്ങാനും കുഴിച്ചുമൂട് ചാക്കോച്ചീ... ആ പിള്ളേര് വന്നു കേറിയപ്പം മൊതലേ അതിന്റെ മുന്നീന്ന് മാറിട്ടില്ല.” ചാക്കോച്ചിയപ്പാപ്പന്‍ പ്രതീക്ഷിച്ചിരുന്നതാണെന്ന് തോന്നുന്നു ആ പൊട്ടിത്തെറി. അമ്മ പറഞ്ഞുതീര്‍ക്കും മുന്‍പ് അപ്പാപ്പന്‍ പ്രതിവചിച്ചുകഴിഞ്ഞു: “ആട്ടെ ചേട്ടത്തി... വാ പിള്ളേരെ...”

എലിക്കൂടിന് നേരെ വേഗം നടന്നുചെന്ന് അപ്പാപ്പന്‍ അത് പൊടുന്നനേ പൊക്കിയെടുത്ത് മുറ്റം കടന്ന് കുത്തുകല്ലിറങ്ങി നടക്കാന്‍ തുടങ്ങി.

ഒപ്പം ഞങ്ങളും കൂടിയപ്പോള്‍ അതൊരു വിലാപയാത്രയായി. അതുവരെ അനക്കമറ്റ് കാണപ്പെട്ടിരുന്ന എലിപ്പൂച്ച കൂട്ടില്‍ കിടന്ന് അക്ഷമ

യോടെ അപ്പുറമിപ്പുറം ഓടാന്‍ തുടങ്ങി. തുടരെത്തുടരെ ഞരക്കങ്ങളും കേട്ടു.

പാടത്തിറമ്പത്തെ വാഴത്തോപ്പിലെത്തിയപ്പോള്‍ ചാക്കോച്ചിയപ്പാപ്പന്‍ എലിക്കൂട് കണ്ണിനുനേരെ പിടിച്ച് എലിപ്പൂച്ചയെ അനുതാപത്തോടെ നോക്കി കുറച്ചു നേരം നിന്നു. എന്നിട്ട് തന്നോടുതന്നെ പറയുംപോലെ പറഞ്ഞു:

“പാവം... ഒറ്റത്തടി... തന്തേമില്ല... തള്ളേമില്ല... ഉറ്റോരുമില്ല... ഒടേരുമില്ല... കൊല്ലണോ പിള്ളാരെ?”

“വേണ്ടപ്പാപ്പാ...കൊല്ലണ്ടപ്പാപ്പ...”

ഒരേമയം ഒരേ സ്വരത്തില്‍ ഞങ്ങള്‍ പറഞ്ഞു.

വാഴത്തോപ്പിന് കോണില്‍നിന്ന് പാടത്തേക്കിറങ്ങുന്നിടത്തെ ചാഞ്ഞ തെങ്ങിന്‍ചുവട്ടില്‍ പെട്ടി താഴ്ത്തിവെച്ച് ചാക്കോച്ചിയപ്പാപ്പന്‍ പൊടുന്നനെ അതിന്റെ വാതില്‍ തുറന്നു. പെട്ടെന്ന്, കണ്ണുകളില്‍ ഒരു കറുത്ത കൊള്ളിയാന്‍ മിനിയതുപോലെ ഞങ്ങള്‍ക്ക് തോന്നി — അത്ര വേഗമായിരുന്നു എലിപ്പൂച്ച പുറത്തേക്കെടുത്തുചാടി ഇരുള്‍ മൂടിക്കിടന്ന പുല്ലിന്‍കൂട്ടങ്ങള്‍ക്കിടയിലൂടെ എങ്ങോട്ടോ ഓടിമറഞ്ഞത്.


ചില കഥാനന്തര ചിന്തകൾ

ഒന്ന്: അന്ന് ചാക്കോച്ചിയപ്പാപ്പന്‍ കൊല്ലാതെ വിട്ട എലിപ്പൂച്ചയല്ലേ പിന്നീട് ചരിത്രത്തിന് കുറുകെച്ചാടി ഇക്കണ്ട വിക്രിയകളൊക്കെ കാട്ടിക്കൂട്ടിയത്? മഹാസംസ്കാരങ്ങളും മഹാസാമ്രാജ്യങ്ങളും തകര്‍ത്ത് എലിപ്പൂച്ച അവയെ സ്വന്തം രൂപത്തിലാക്കി. മുതലാളിത്തത്തിന്റെ പൂച്ചത്തലയും കമ്യൂണിസത്തിന്റെ എലിവാലുമായി ചരിത്രത്തിന്റെ എലിപ്പെട്ടിയില്‍ പകച്ചിരിക്കുന്ന ആ രാഷ്ട്രങ്ങളെ നോക്കുക. അല്ലെങ്കില്‍, മതങ്ങളുടെ പൂച്ചത്തലയും മതേതരത്വത്തിന്റെ എലിവാലുമായി എലിപ്പെട്ടിയുടെ അറ്റംപറ്റിയിരിക്കുന്ന അയല്‍ രാജ്യത്തെ, ആയുധ ശക്തി സ്ഫുരിക്കുന്ന പൂച്ചക്കണ്ണുകളും നിരായുധീകരണത്തിന്റെ എലിവാലുമായി എലിപ്പെട്ടി കടിച്ചുമുറിച്ചു പുറത്തുചാടുവാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വ ശക്തിയെ.

ചുറ്റും കാണുന്ന മനുഷ്യ ജീവിതങ്ങളിലേക്ക് നോക്കിയാലോ? എത്രയോ ജീവിതങ്ങളുടെ മധ്യകാലത്ത് അവയ്ക്ക് വിലങ്ങംചാടി എലിപ്പൂച്ച അവയെ നാനാ വിധമാക്കി. ഏതിരുട്ടത്തും കണ്ണുകാണുന്ന പൂച്ചയുടെ ജാഗരൂകതയോടെ ഏതനക്കം കേട്ടാലും എടുത്തുചാടുകയും ഏതചേതന വസ്തുവിനെപ്പോലും തട്ടിത്തട്ടി തിരിച്ചിട്ടും മറിച്ചിട്ടും പരിശോധിക്കുകയും ചെയ്തിരുന്ന ഒരു തലമുറയല്ലേ എലിപ്പൂച്ചയുടെ അപഹാരത്തിനു ശേഷം ജീവിതത്തിന്റെ മറുപാതിയിലേക്കു കടന്നപ്പോള്‍, ഏതനക്കം കേട്ടാലും ഓടിയൊളിക്കുകയും നിഗൂഢമാര്‍ഗ്ഗങ്ങള്‍ നിറഞ്ഞ മാളങ്ങളില്‍, പകല്‍വെട്ടത്തെ ഭയന്ന് ഒളിച്ചുപാര്‍ക്കുകയും പഴയ പുസ്തകങ്ങള്‍ കരണ്ടുതിന്ന് കാലം കഴിക്കുകയും ചെയ്യുന്ന എലിസദൃശരായി പരിണാമം പ്രാപിച്ചത്? അവരുടെ ജീവിതത്തിന്റെ ആകെത്തുകയെടുത്താല്‍, അതിനുമില്ലേ ഒരെലിപ്പൂച്ചയോട് രൂപസാദൃശ്യം?

എന്തിനേറെപ്പറയുന്നു?

നിങ്ങളറിഞ്ഞ കാലത്തെ ഒരെലിപ്പെട്ടിയുടെ വലിപ്പത്തിലേക്കു ചുരുക്കിയിട്ട് അതിനുള്ളിലേക്കു നോക്കുക.

ചരിത്രം ഒരു എലിപ്പൂച്ചയുടെ രൂപം പൂണ്ട് അതില്‍ പതുങ്ങിക്കിടക്കുന്നതു കാണുന്നില്ലേ?

രണ്ട്: ഇന്ന് എവിടെയെങ്കിലും ഒരെലിപ്പെട്ടിയില്‍ എലിപ്പൂച്ച വീണാല്‍ ഒരു കഥാകൃത്തിനും അതൊരു കഥയാക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഭൂതലം മുഴുവന്‍ പാഞ്ഞോടി നടക്കുന്ന പത്രപ്രവര്‍ത്തകരും ടെലിവിഷന്‍ വാര്‍ത്താ — ക്യാമറാസംഘങ്ങളും ഓടിയെത്തി ആ മഹാത്ഭുതത്തെ ഇഞ്ചിഞ്ചായി കടിച്ചുകീറിപങ്കിട്ടെടുക്കുമായിരുന്നു. പിറ്റേന്നത്തെ ദിനപത്രങ്ങളുടെ മുന്‍പേജിലെ മുഖ്യസ്ഥാനത്ത് അച്ചടിക്കപ്പെടുന്ന എലിപ്പൂച്ചയുടെ ചിത്രവും കഥയും നാടായ നാടെങ്ങും വീടായ വീടുകളിലുമെല്ലാം സ്വീകരണമുറികളില്‍ വലിയ ചര്‍ച്ചാവിഷയമായേനെ. അതിന്റെ പളുങ്കുകണ്ണുകളിലെ പകച്ച നോട്ടങ്ങള്‍ കോടാനുകോടി ടെലിവിഷന്‍ സ്ക്രീനുകളില്‍ വെട്ടിത്തിളങ്ങി മനുഷ്യരാശിയെ ഒന്നാകെ വിസ്മയംകൊള്ളിച്ചേനെ. ഇതിനൊക്കെയിടയില്‍ സാക്ഷാല്‍ എലിപ്പൂച്ചയാകട്ടെ, അന്യഗൃഹത്തില്‍നിന്നെത്തിയ അതിഥിയെപ്പോലെ രാജ്യങ്ങള്‍തോറും സ്വീകരിച്ചാനയിക്കപ്പെട്ട്, ഒടുവില്‍ മാലോകരെല്ലാം ചേര്‍ന്ന് അതിനെ ഒരു ക്ലോണിങ് വിദഗ്ദ്ധന്റെ കൈകളിലെത്തിക്കുകയും അനന്തരം എലിപ്പൂച്ചയുടെ വംശം ഭൂമിയാകെ പെരുകുകയും ചെയ്യുമായിരുന്നു.

അടിക്കുറിപ്പ്: നേരുള്ള വാര്‍ത്തകള്‍ നിരോധിക്കപ്പെട്ടിരുന്ന കാലത്ത് ഒരു ദിവസം നമ്മുടെ നാട്ടിലെ ഒരു വിശിഷ്ടപത്രത്തിന്റെ മുന്‍പേജിലെ മുഖ്യവാര്‍ത്തയായി വന്നത് തലേന്ന് എവിടെയോ ഒരു നാട്ടിന്‍പുറത്ത് പിടിക്കപ്പെട്ട ഒരപൂര്‍വ ജീവിയുടെ ചിത്രവും കഥയുമായിരുന്നു എന്നോര്‍ക്കുന്നു. നേരുള്ള കഥകള്‍ വാര്‍ത്തകളായി വായിച്ചു വലിച്ചെറിയപ്പെടുകയും വര്‍ണചിത്രങ്ങളായി കണ്ട് മറക്കപ്പെടുകയും അങ്ങനെ ചരിത്രംതന്നെ വലിയ ഒരു കഥയില്ലായ്മയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ‘എലിപ്പൂച്ച’ പോലുള്ള കഥകളും പ്രത്യക്ഷപ്പെടുന്നു.