close
Sayahna Sayahna
Search

ഏകാന്തതയുടെ ലയം: അവതാരിക


ഏകാന്തതയുടെ ലയം: അവതാരിക
Mkn-11.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഏകാന്തതയുടെ ലയം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1984
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ഏകാന്തതയുടെ ലയം

പ്രഫസര്‍ എം. കൃഷ്ണന്‍നായരുടെ സാഹിത്യനിരൂപണപരമായ ലേഖനങ്ങള്‍ എല്ലായപ്പോഴും സഹൃദയരുടെ ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുണ്ട്. ഇതിന് മുമ്പ് പ്രഭാത് ബുക്ക് ഹൗസ് അദ്ദേഹത്തിന്റെ രണ്ട് ലേഖനസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അവയ്ക്ക് (“ചിത്രശലഭങ്ങള്‍ പറക്കുന്നു”, “പ്രതിഭയുടെ ജ്വാലാഗ്നി”) വായനക്കാരില്‍ നിന്ന് ലഭിച്ച സ്വീകരണം ചാരിതാര്‍ത്ഥ്യജനകമാണ്. അദ്ദേഹത്തിന്റെ മൂന്നാമത്തെ ലേഖനസമാഹാരമാണ് “ഏകാന്തതയുടെ ലയം” എന്ന പേരില്‍ പ്രഭാത് ബുക്ക് ഹൗസ് ഇപ്പോള്‍ പുറത്തിറക്കുന്നത്.

പ്രഫസര്‍ കൃഷ്ണന്‍ നായരുടെ സാഹിത്യനിരൂപണലേഖനങ്ങള്‍ വായിക്കുമ്പോള്‍, ഞാന്‍ കേസരി ഏ. ബാലകൃഷ്ണപിള്ളയെ ഓര്‍ത്തുപോകാറുണ്ട്. നിത്യസ്‌മരണീയനായ കേസരി ബാലകൃഷ്ണപിള്ള മലയാളികള്‍ക്കും മലയാള സാഹിത്യത്തിനും ചെയ്ത മഹത്തായ സേവനങ്ങളിലൊന്ന്, സമകാലീന പാശ്ചാത്യ സാഹിത്യത്തിലേയ്‌ക്ക് എത്തി നോക്കാനും അതിലെ നൂതന പ്രവണതകളുടെ വായു ശ്വസിക്കാനും അസുലഭമായ അവസരമുണ്ടാക്കിത്തന്നുവെന്നതാണ്.

1920 കളുടെ മദ്ധ്യത്തിലാണ് കവിപ്രചരനായ നാലപ്പാട്ടു നാരായണമേനോന്‍ വിക്റ്റര്‍ യൂഗോയുടെ ‘ലാമിറാബ്ളെ’ എന്ന വിശ്വപ്രസിദ്ധമായ ഫ്രഞ്ച് നോവല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. അത് തര്‍ജ്ജിമ ചെയ്യാനും പ്രസിദ്ധീകരിക്കാനും മഹാകവി വള്ളത്തോളാണ് നാലപ്പാടന് പ്രചോദനവും പ്രോത്സാഹനവും നല്‍കിയതെന്ന് കേട്ടിട്ടുണ്ട്. “പാവങ്ങള്‍” അക്കാലത്ത് മലയാളസാഹിത്യത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. അത് വിപ്ളവകരമായിരുന്നുവെന്ന് പറയുന്നതില്‍ തെറ്റില്ല. പുരോഗമനപരവും സാമൂഹ്യപരിവര്‍ത്തനപരവുമായ ചിന്തകളിലേയ്ക്കും സമീപനങ്ങളിലേക്കും “പാവങ്ങള്‍” ഒട്ടേറെ അന്നത്തെ ചെറുപ്പക്കാരായ എഴുത്തുകാരെ കൈപിടിച്ചു നടത്തി ലളിതവും നിശിതവും കാവ്യാത്മകവുമായ ആ പുസ്തകത്തിലെ ഗദ്യശൈലി വലിയൊരു ആകര്‍ഷണമായിരുന്നു.

കേസരി ബാലകൃഷ്ണപിള്ളയാവട്ടെ പാശ്ചാത്യസാഹിത്യകൃതികളെ, പ്രത്യേകിച്ചും ഫ്രാന്‍സിലെ വിമര്‍ശനാത്മക റിയലിസ്റ്റിക്ക് സാഹിത്യത്തെ, മലയാളികള്‍ക്ക് പരിചയപ്പെടുത്തികൊടുത്തു. അദ്ദേഹം അത്ര മാത്രമല്ല ചെയ്തത്. ക്രാന്തദര്‍ശിയായ ആ പരിഷ്ക്കര്‍ത്താവ് മലയാളത്തിലും റിയലിസ്റ്റിക് സാഹിത്യസൃഷ്ടി നടത്താന്‍ പുതിയ എഴുത്തുകാരെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തീര്‍ച്ചയായും ഈ നൂറ്റാണ്ടിന്റെ മുപ്പതുകളിലും നാല്‍പ്പതുകളിലും അത്തരം സാഹിത്യസൃഷ്ടി കേരളത്തിലെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ക്കുവേണ്ടി പൊരുതുന്ന ജനങ്ങള്‍ക്ക് ഒരാവശ്യമായി ഉയര്‍ന്നുവന്നിട്ടുണ്ടായിരുന്നു; അതിനുവേണ്ട അസംസ്ക്കൃതവസ്തുക്കളായ ജീവിതാനുഭവങ്ങളും സുലഭമായിക്കഴിഞ്ഞിരുന്നു.

പ്രഫസര്‍ കൃഷ്ണന്‍നായര്‍ക്ക് അത്രയ്ക്കൊന്നും പോകാന്‍ കഴിഞ്ഞിട്ടില്ല. അങ്ങിനെയൊരു ഉദ്ദേശം തനിക്കുണ്ടെന്ന് അദ്ദേഹം പോലും അവകാശപ്പെടുമെന്നും തോന്നുന്നില്ല. എങ്കില്‍ത്തന്നെയും, കേസരി ബാലകൃഷ്ണപിള്ളയുടെ സാഹിത്യസേവനത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടു കൊണ്ട്, യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേയും മറ്റു, പുതിയ സാഹിത്യകാരന്‍മാരേയും അവരുടെ കൃതികളേയും മലയാളികള്‍ക്ക് പരിചയപ്പെടുത്തികൊടുക്കുക എന്നത് ഒരു വ്രതമായെടുത്തിട്ടുള്ള സാഹിത്യനിരൂപകനാണ് പ്രഫസർ കൃഷ്ണന്‍നായരെന്ന് പറയാന്‍ ഞാന്‍ സംശയിക്കുന്നില്ല. അങ്ങിനെ മലയാളികളുടെ വീക്ഷണചക്രവാളങ്ങള്‍ വിപുലപ്പെടുത്താന്‍ അദ്ദേഹം സംഭാവന നല്‍കുന്നു.

വിശ്വസാഹിത്യത്തില്‍ നിന്ന് മനോഹരങ്ങളും ആലോചനാമൃതങ്ങളുമായ എത്രയെത്ര മണിച്ചെപ്പുകളാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ നമ്മുടെ മുമ്പില്‍ തുറന്നുവയ്ക്കുന്നത്.

അതിനുവേണ്ടി അദ്ദേഹം നിരന്തരം നടത്തുന്ന വായനയും പഠനവും ഒരു ഭഗീരഥപ്രയത്നം തന്നെയാണ്. അതിനദ്ദേഹം മലയാളികളായ സഹൃദയരുടെ സാദരമായ അഭിനന്ദനവും കൃതജ്ഞതയും അര്‍ഹിക്കുന്നുണ്ട്.

എന്നാല്‍ അദ്ദേഹത്തിന് ലഭ്യമാവുന്നതും പഠിക്കാന്‍ കഴിയുന്നതുമായ അന്യദേശീയസാഹിത്യകാരന്‍മാരും അവരുടെ കൃതികളും ഇന്നത്തെ വിശ്വസാഹിത്യത്തിന്റെ ഒരുഭാഗം മാത്രമാണെന്ന് എനിക്ക് തോന്നീട്ടുണ്ട്. ഇന്ന് ലോകം ഒന്നല്ലല്ലൊ. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ പാശ്ചാത്യമുതലാളിത്തരാജ്യങ്ങളുണ്ട്. കൂടാതെ യൂറോപ്പിലും ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലേയ്ക്കും വ്യാപിച്ചുകഴിഞ്ഞിട്ടുള്ള സോഷ്യലിസ്റ്റ് ലോകമുണ്ട്. അതില്‍ ആദ്യത്തേതും മുന്‍പന്തിയില്‍ നില്‍ക്കുന്നതും സോവിയറ്റ് യൂണിയനാണ്. പിന്നെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാമ്രാജ്യത്വകൊളോണിയലടിമത്തത്തില്‍ നിന്ന് മോചനം നേടിയ ലാറ്റിന്‍ അമേരിക്കയിലേയും ആഫ്രിക്കയിലേയും ഏഷ്യയിലേയും രാജ്യങ്ങളുണ്ട്; ഇന്നും സ്വാതന്ത്ര്യപ്പോരാട്ടം നടത്തുന്ന ജനതകളുണ്ട്.

ഇതെല്ലാം കൂടിയതാണ് ലോകം. ഇവരുടെയെല്ലാം സാഹിത്യസംഭാവനകളടങ്ങിയതാണ് വിശ്വസാഹിത്യം. പാശ്ചാത്യമുതലാളിത്തരാജ്യങ്ങളിലെ സാഹിത്യകാരന്‍മാരിലും അവരെഴുതുന്ന കൃതികളിലും മുഖ്യമായും ശ്രദ്ധകേന്ദ്രീകരിച്ചാല്‍ വിശ്വസാഹിത്യത്തിന്റെ വളരെ ചെറിയൊരു വശത്തെ മാത്രമേ നാം സ്പര്‍ശിക്കുന്നുള്ളു. വളരുന്നതും ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്നതുമായ സാഹിത്യസൃഷ്ടികള്‍ പ്രധാനമായും നടക്കുന്നത് ഇന്നവിടെയല്ല. തീര്‍ച്ചയായും നമുക്ക് ഒരു പ്രായോഗിക പ്രതിബന്ധമുണ്ട്. ഇന്ത്യയ്ക്കപ്പുറമുള്ള ലോകത്തെ അറിയാനുള്ള നമ്മുടെ മാധ്യമം ഇപ്പോഴും മുഖ്യമായി ഇംഗ്ളീഷാണ്. ഈ പുതിയ സാഹിത്യം അത്രയൊന്നും ഇംഗ്ളീഷില്‍ ലഭ്യമാവുന്നില്ല.

സോഷ്യലിസ്റ്റ് രാജ്യങ്ങളിലേയും ആഫ്രോ-ഏഷ്യന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയും പുതിയ സാഹിത്യകാരന്മാരില്‍ ചിലരെ പ്രഫസര്‍ കൃഷ്ണന്‍നായര്‍ നമുക്ക് പരിചയപ്പെടുത്തിത്തരുന്നുണ്ട്. ഈ സമാഹാരത്തിലെ ആദ്യ ലേഖനം ലോകപ്രസിദ്ധനായി ഉയര്‍ന്ന അത്തരമൊരു സാഹിത്യകാരനെപ്പറ്റിയാണ്. ലാറ്റിനമേരിക്കയിലെ കൊളംബിയയില്‍ ജനിച്ച് സ്പാനിഷ് ഭാഷയില്‍ കഥകളും നോവലുകളുമെഴുതുന്ന ഗ്രേബിയല്‍ ഗാര്‍സിയ മാര്‍ക്വെസിന് 1982 ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടി.

മാര്‍ക്വെസിന്റെ ഏറ്റവും പ്രസിദ്ധവും അദ്ദേഹത്തിന് നോബല്‍ സമ്മാനം വാങ്ങിക്കൊടുത്തതുമായ അസാധാരണമായ ഒരു നോവലാണ് “ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍” അതില്‍ നിന്നാണ് തന്റെ ലേഖനത്തിനും ഈ സമാഹാരത്തിനും പ്രഫസര്‍ കൃഷ്ണന്‍നായര്‍ “ഏകാന്തതയുടെ ലയം” എന്നു പേരിട്ടത്. ആ നോവല്‍ മുപ്പത്തിരൻട് ഭാഷകളിലേയ്ക്ക് തര്‍ജ്ജിമ ചെയ്തിട്ടുണ്ട്; അതിന്റെ ഒരു കോടിയിലധികം കോപ്പികള്‍ ഇതിനകം ചെലവായിക്കഴിഞ്ഞു.

മക്കൊണ്ട എന്ന ഒരു സാങ്കല്‍പിക ഗ്രാമത്തിന്റെ ഉയര്‍ച്ചയും തകര്‍ച്ചയുമാണ് മാര്‍ക്വെസ് ആ നോവലില്‍ വര്‍ണ്ണിക്കുന്നത്. അയഥാര്‍ത്ഥമെന്നു തോന്നുന്ന സാങ്കല്‍പികവും ഭാവനാസൃഷ്ടവുമായ കഥാപാത്രങ്ങളിലൂടെയും സംഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിക്കുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ക്കുമാത്രം സാധിക്കുന്ന ഒരു രീതിയാണിതെന്ന് എനിക്കു തോന്നുന്നു. സാങ്കല്‍പികതയുടെ ഈ ആവരണം പിച്ചിച്ചീന്തിയാലേ മാര്‍ക്വെസിന്റെ കഥകള്‍ ആസ്വദിക്കാനാവുകയുള്ളു. അപ്പോള്‍ “ഏകാന്തതയുടെ ലയ”മല്ല നാം കാണുന്നത്. പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും അമേരിക്കന്‍ സാമ്രാജ്യത്വകുത്തകക്കമ്പനികളുടെ ക്രൂരമായ കൊള്ളയടിക്കലും അതിന് കൂട്ടുനില്‍ക്കുന്നതും ശ്വാസം മുട്ടിക്കുന്നതുമായ ഏകാധിപത്യവാഴ്ചകളും സൃഷ്ടിച്ച ഏകാന്തതയുടെ ദുഃഖവും അതിനെതിരായ പ്രതിഷേധവുമാണ് അദ്ദേഹത്തിന്റെ കൃതികളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.

അതുകൊണ്ട് മാര്‍ക്വെസ്സിന് ഇപ്പോഴും സ്വന്തം മാതൃഭൂമിയായ കൊളംബിയായില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അവകാശമില്ല. അവിടെ ചെന്നാല്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്തു ജയിലിലടയ്ക്കും; ചിലപ്പോള്‍ രഹസ്യപ്പോലീസ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി നാമാവശേഷനാക്കിയെന്നും വരാം. കൊളംബിയയില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തുകയും പോരാടുകയും ചെയ്യുന്നവരുടെയെല്ലാം ഗതിയതാണ്.

മാര്‍ക്വെസ് ഒരു വിപ്ളവകാരിയാണ്. അഞ്ചുകൊല്ലം മുമ്പ് അദ്ദെഹം മെക്സിക്കൊ സിറ്റിയില്‍ വന്നിറങ്ങിയപ്പോള്‍, എയര്‍പോര്‍ട്ടില്‍വെച്ച് പത്രലേഖകര്‍ അദ്ദേഹത്തോടുപറഞ്ഞു: മെക്സിക്കന്‍ ടെലിവിഷനില്‍ അന്തൊണിക്വിന്‍” ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍” ഫിലിമാക്കി ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശത്തിന് പത്തു ലക്ഷം ഡോളര്‍ വില നല്‍കാന്‍ തയ്യാറാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. മാര്‍ക്വെസ് അതിനു മറുപടി പറഞ്ഞു: പത്തു ലക്ഷം ഡോളര്‍ പോരാ. ഇരുപതു ലക്ഷം ഡോളര്‍ വേണം. പത്തു ലക്ഷം എനിക്കും പത്തു ലക്ഷം ലാറ്റിന്‍ അമേരിക്കയിലെ വിപ്ളവത്തിനും, മാര്‍ക്വെസ് തന്നെ ഒരു ലേഖനത്തിലാണ് ഈയിടെ ഈ സംഭവം വിവരിച്ചിട്ടുള്ളത് (“പ്രാമ്മ”-1983 ജൂണ്‍ 19 ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം. ഇംഗ്ളീഷ് വരാന്തപതിപ്പ്).

നിര്‍ഭാഗ്യവശാല്‍, മാര്‍ക്വെസ് എന്ന പ്രതിഭാശാലിയായ സാഹിത്യകാരന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നും അദ്ദേഹത്തിന്റെ കൃതികളുടെ ഉജ്ജ്വലിക്കുന്ന ആത്മാവ് എന്താണെന്നും അനാവരണം ചെയ്തുകാണിക്കാൻ പ്രഫസര്‍ കൃഷ്ണന്‍ നായര്‍ മറന്നുപോയതായി കാണുന്നു. മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രതത്വങ്ങളെ പരാമര്‍ശിക്കുന്ന മൂന്നു ലേഖനങ്ങളും ഈ സമാഹാരത്തിലുണ്ട്. ഗ്യോര്‍ഗി ലൂക്കോച്ച് (ഹംഗറി), വാള്‍ട്ടര്‍ ബെന്‍യജോമിന്‍ (ജര്‍മ്മനി) ഹെര്‍ബര്‍ട് മാര്‍ക്യൂസ് (അമേരിക്ക) എന്നീ തത്വജ്ഞാനികളും സാഹിത്യനിരൂപകരുമായ പ്രശസ്ത പണ്ഡിതന്‍മാര്‍ എഴുതുകയും വിശദീകരിക്കുകയും ചെയ്യുന്ന സാഹിത്യസങ്കല്‍പ്പങ്ങളാണ് പ്രഫസര്‍ കൃഷ്ണന്‍ നായര്‍ നമുക്ക് വിവരിച്ചുതരുന്നത്.


“ഈ ശതാബ്ദത്തിലെ മഹാനായ മാര്‍ക്സിസ്റ്റു ചിന്തകനാര്? മഹാനായ സാഹിത്യനിരൂപകാര്? ഈ ചോദ്യങ്ങള്‍ ആരില്‍ നിന്നെങ്കിലുമുണ്ടായാല്‍ ഉത്തരം ഒന്നേയുള്ളു–ഹംഗറിയിലെ ദ്യോരദി (ഗ്യോര്‍ഗി-ജോര്‍ജ്) ലൂക്കാച്ച്. പ്രഫസര്‍ കൃഷ്ണന്‍ നായര്‍ ലൂക്കാച്ചിനെ അവതരിപ്പിക്കുന്നത് ഇത്തരത്തിലാണ്. ഇരുപതാം നൂറ്റാണ്ടിലെ വിപ്ളവകാരികളിലും മാര്‍ക്സിസ്റ്റ് ചിന്തകന്‍മാരിലും അപ്രേസരനും അദ്‌ദ്വിതിയനുമായ മഹാനായ ലെനിനെ മറന്നു കൊണ്ട് ലൂക്കാച്ചിനെപ്പറ്റിയുള്ള ഈ വിശേഷണം അദ്ദേഹം തന്നെയും നിഷേധിക്കുമെന്ന് തീര്‍ച്ചയാണ്. ലെനിനിന്റെ മാത്രമല്ല, മാക്സിംഗോര്‍ക്കിയുടെയും ലൂനാചാര്‍സ്മിയുടെയും പിന്‍ഗാമിയായിട്ടേ ലൂക്കാച്ചിനെ വിലയിരുത്താന്‍ നിവൃത്തിയുള്ളു.

“ലോകത്തേയും സത്യത്തേയും മനസ്സിലാക്കാന്‍ മനുഷ്യനെ സഹായിക്കുന്നത് റിയലിസ്റ്റ് കല മാത്രമാണെന്ന് അഭിപ്രായപ്പെട്ട ആദ്യത്തെ നിരൂപകനും സാഹിത്യചിന്തകനുമാണ് ലൂക്കാച്ച്” എന്നും പ്രഫസര്‍ കൃഷ്ണന്‍നായര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. സാഹിത്യാദി കലകളുടെ പഠനത്തില്‍ മാര്‍ക്സും എംഗല്‍സും ശ്രദ്ധ കേന്ദ്രീകരിച്ചത് റിയലിസത്തിന്റെ പ്രശ്നത്തിലായിരുന്നുവെന്ന് മറന്നുകൊണ്ടുള്ള ഒരു സ്തുതിയാണ് പ്രഫസര്‍കൃഷ്ണന്‍നായരുടെ അഭിപ്രായം. സാഹിത്യത്തിലെ ഒരു പ്രവണതയെന്ന നിലയ്‌ക്കും കലാ സൃഷ്ടിയുടെ രീതിയെന്ന നിലയ്ക്കും കലാസൃഷ്ടിയുടെ രീതിയെന്ന നിലയ്ക്കും ലോകത്തിലെ കലയുടെ ഏറ്റവും ഉയര്‍ന്ന നേട്ടമായിട്ടാണ് അവര്‍ റിയലിസത്തെ കണക്കാക്കിയത്.

1888 ല്‍ ഇംഗ്ളീഷു എഴുത്തുകാരിയായ മാര്‍ഗററ്റ് ഹാര്‍ക്ക്നെസിന് എംഗല്‍സ് എഴുതിയ കത്തു പ്രസിദ്ധമാണ്. ആ കത്തില്‍ ഹാര്‍ക്കനെസിന്റെ “സിറ്റിഗേള്‍” എന്ന ആഖ്യായികയെപ്പറ്റിയാണ് എംഗല്‍സു എഴുതുന്നത്. എന്താണ് സാഹിത്യാദി കലകളിലെ റിയലിസമെന്ന് അതില്‍ എംഗല്‍സ് നിര്‍വചിക്കുന്നുണ്ട്: “റിയലിസത്തില്‍, വിശദാംശങ്ങളുടെ സത്യസന്ധമായ ചിത്രീകരണത്തോടൊപ്പം തന്നെ, “ടിപ്പിക്കല്‍” പരിതസ്ഥിതികളിലുള്ള “ടിപ്പിക്കല്‍” കഥാപാത്രങ്ങളുടെ സത്യപൂര്‍ണ്ണമായ പുനരുല്‍പ്പാദനവും ഉള്‍ക്കൊള്ളുന്നുവെന്ന് എനിക്കു തോന്നുന്നു” (കലയേയും സാഹിത്യത്തേയും പറ്റി മാര്‍ക്സും, എംഗല്‍സും, ഇംഗ്ളീഷ്, പ്രോഗ്രസ് പബ്ളിഷേര്‍സ്, മോസ്ക്കോ, പേജ് 89-92 നോക്കുക).

പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇംഗ്ളീഷു നോവലിസ്റ്റുകാരായ ഡിക്കന്‍സ്, താക്കറെ, ഗാസ്ക്കെല്‍ തുടങ്ങിയവരേയും ഫ്രഞ്ച് സോഷ്യലിസ്റ്റുകാരുടെ സാമ്രാട്ടായ ബല്‍സാക്കിനേയും മറ്റും റിയലിസത്തിന്റെ ഉജ്ജ്വലപ്രതിനിധികളായിട്ടാണ് മാര്‍ക്സും എംഗല്‍സും ആസ്വദിക്കുകയും വിലയിരുത്തുകയും ചെയ്തത്. രാഷ്ട്രീയനേതാക്കളും പ്രസിദ്ധീകരണക്കാരും സദാചാര പ്രചാരകരുമെല്ലാം പറഞ്ഞിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ “സാമൂഹ്യവും രാഷ്ട്രീയവുമായ സത്യം” ഈ സാഹിത്യകാരന്‍മാര്‍ ലോകത്തിന് നല്‍കീട്ടുണ്ട്-മാര്‍ക്സും എംഗല്‍സും അഭിപ്രായപ്പെട്ടു. (മേലുദ്ധരിച്ച സമാഹാരം, പേജ് 91,339). മാര്‍ക്സും എംഗല്‍സും കാണിച്ചുകൊടുത്ത വഴിയിലൂടെ മുന്നോട്ടു പോവുകയാണ് ലൂക്കാച്ച് ചെയ്തത്.

ലൂക്കാച്ചില്‍നിന്ന് വ്യത്യസ്തമായി, വാല്‍ട്ടര്‍ ബെന്‍ജമിനും ഹെര്‍ബര്‍ട്ട് മാര്‍ക്യൂസും മാര്‍ക്സിസം അംഗീകരിക്കുന്നവരല്ല മാര്‍ക്സിസത്തെ ഒട്ടുമൊത്തം, മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തെ മാത്രമല്ല, വളച്ചൊടിക്കുകയും വികൃതപ്പെടുത്തുകയും എതിര്‍ക്കുകയും ചെയ്യുന്നവരാണ് അവര്‍ രണ്ടാളും “ഫ്രാങ്ക് ഫര്‍ട്ട് സ്കൂളി”ല്‍ പെട്ടവരാണന്ന് പ്രഫസര്‍ കൃഷ്ണന്‍ നായര്‍ തന്നെ പറയുന്നുണ്ട്. മാര്‍ക്സിസം–ലെനിനിസത്തേയും സോഷ്യലിസത്തേയും സൈദ്ധാന്തികമായി എതിര്‍ക്കാന്‍ പിന്തിരിപ്പന്‍ ചിന്തകന്‍മാര്‍ രൂപീകരിച്ചിട്ടുള്ളതാണ് പശ്ചിമജര്‍മ്മനിയിലെ ഈ ‌‌ഫ്രാങ്ക് ഫര്‍ട്ട്” സ്കൂള്‍.

മാര്‍ക്യൂസിനെ “നിയോമാര്‍ക്സിസ്റ്റ്” എന്നാണ് പ്രഫസര്‍ കൃഷ്ണന്‍ നായര്‍ വിശേഷിപ്പിക്കുന്നത്. മാര്‍ക്സും എംഗല്‍സും ലെനിനും ആവിഷ്കരിച്ച തത്വങ്ങള്‍ “കാലാനുസൃത”മായി നവീകരിക്കുന്നുവെന്ന് അവകാശപ്പെടുന്നവരാണ് “നിയോ മാര്‍ക്സിസ്റ്റു”കാര്‍. അതുപോലെ “ക്ളാസിക്കല്‍” മാര്‍ക്സിസ്റ്റുകാരെപ്പറ്റിയും പ്രഫസര്‍ കൃഷ്ണന്‍നായര്‍ പറയുന്നുണ്ട്. മാര്‍ക്സിസ്റ്റ് ബോധനങ്ങളെ അന്ധമായി മുറുകെപ്പിടിക്കുന്നവര്‍ എന്നായിരിക്കാം വിവക്ഷ. പക്ഷേ വാസ്തവമെന്താണ്? “നിയോ മാര്‍ക്സിസ്റ്റു”കാരാണെന്ന് അവകാശപ്പെടുന്നവരോ “ക്ലാസ്സിക്കല്‍” മാര്‍ക്സിസ്റ്റുകാരാണെന്ന് ആക്ഷേപിക്കുന്നവരോ യഥാര്‍ത്ഥത്തില്‍ മാര്‍ക്‍സിസ്റ്റ്-ലെനിനിസ്റ്റുകാരല്ല.

എന്തുകൊണ്ട്? മാര്‍ക്സിസം–ലെനിനിസം എന്നന്നേക്കുമായി എഴുതിവച്ചിട്ടുള്ളതും എവിടെയും യാന്ത്രികമായി എടുത്തുപ്രയോഗിക്കാവുന്നതുമായ വരട്ടുതത്വങ്ങളുടെ ഒരു സംഹിതയല്ല. അപ്പോഴല്ലേ അവയില്‍ മാറ്റം വരുത്താന്‍ പാടില്ലെന്ന് ശാഠ്യം പിടിക്കുന്നവരും അവയെ നവീകരിക്കണമെന്ന് വാദിക്കുന്നവരും ഉണ്ടാവുക? മാര്‍ക്സിസം ഒരു “ഡോഗ്‌മ”യല്ല; വിപ്ളവകരമായ പ്രവര്‍ത്തനത്തിനുള്ള വഴികാട്ടിയാണെന്ന് ലെനിന്‍ ആവര്‍ത്തിച്ചു പറയാറുള്ളതാണ്. പ്രകൃതിയിലും മനുഷ്യസമുദായത്തിലും ഉണ്ടാകുന്ന മാറ്റങ്ങളെയും ശാസ്ത്രങ്ങളുടെ വികാസത്തിന്റെ ഫലമായി ലഭിക്കുന്ന പുതിയ അറിവുകളേയും സാമൂഹ്യപുരോഗതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ അനുഭവങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ട് അനുസ്യൂതം വികസിക്കുന്ന ഒരു ലോകവീക്ഷണവും ദര്‍ശനവുമാണ് മാര്‍ക്സിസം-ലെനിനിസം.

“കല നിയോ മാര്‍ക്സിസ്റ്റിന്റെ ദൃഷ്ടിയില്‍” എന്ന ലേഖനം ഹെര്‍ബര്‍ഗ്‌ മാര്‍ക്യൂസിനെ കുറിച്ചുള്ളതാണ്. മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രതത്വങ്ങളെന്ന പേരില്‍ അതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്ക് ആ തത്വങ്ങളുമായി യാതൊരു ബന്ധവുമില്ല. മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തെ മറ്റ് സൌന്ദര്യശാസ്ത്രങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന മൗലികവസ്തുതയേതെന്ന് മാര്‍ക്യൂസ് പറയുന്നില്ല. മാര്‍ക്സിന്റെയും എംഗല്‍സിന്റേയും ലെനിനിന്റേയും അഭിപ്രായത്തില്‍ സാഹിത്യാദികലകള്‍ സാമൂഹ്യമായ ബോധത്തിന്റെ ഒരു രൂപമാണ്. സാമൂഹ്യബോധമാകട്ടെ സാമൂഹ്യമായ അസ്തിത്വത്തിന്റെ പ്രതിഫലനവും പുനരാവിഷ്ക്കരണവുമാണ്.

അപ്പോള്‍ സാഹിത്യാദികലകളില്‍ വരുന്ന മാറ്റങ്ങലൾക്കും വികാസപരിണാമങ്ങള്‍ക്കുമുള്ള കാരണങ്ങള്‍ ആരായേണ്ടത് സാഹിത്യാദി കലകളുടെ സ്രഷ്ടാക്കളും ആസ്വാദകരുമായ മനുഷ്യരുടെ സാമൂഹ്യമായ അസ്തിത്വത്തിലാണ്. മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ ഈ അടിസ്താനതത്വം ഈ സമാഹാരത്തിലെ മൂന്ന് ലേഖനങ്ങളിലും വിശദീകരിച്ചുകണ്ടില്ല. മാര്‍ക്സും എംഗല്‍സും ലെനിനും മാത്രമല്ല, മാര്‍ക്സിംഗോര്‍ക്കിയും ഗ്യോര്‍ഗി ലൂക്കാച്ചും പ്രഫസര്‍ ജോര്‍ജ് തോംപ്‌സനും ക്രിസ്തഫര്‍ കോഡ്‌വെല്ലും സോഷ്യലിസ്റ്റ് രാജ്യങ്ങളിലും പുറത്തുമുള്ള ഇന്നത്തെ മാര്‍ക്സിസ്റ്റ് സാഹിത്യ നിരൂപകന്‍മാരുമെല്ലാം അംഗീകരിക്കുകയും തങ്ങളുടെ പഠനത്തില്‍ പ്രയോഗിക്കുകയും ചെയ്തിട്ടുള്ളതും ചെയ്യുന്നതും ഈ അടിസ്ഥാനതത്വമാണ്.

എന്നാല്‍ “കലയും ഉല്‍പാദനബന്ധങ്ങളും തമ്മില്‍ ഒരു നിശ്ചിത ബന്ധമുണ്ട്. ഉല്‍പാദന ബന്ധങ്ങള്‍ മാറുമ്പോള്‍ ഉപരിഘടനയുടെ ഭാഗമെന്ന നിലയില്‍ കലയ്ക്കും മാറ്റം വരുന്നു” എന്ന മാര്‍ക്യൂസ് സിദ്ധാന്തിക്കുന്നതായി പ്രഫസര്‍ കൃഷ്ണന്‍ നായര്‍ ഉദ്ധരിച്ചിട്ടുള്ളത് ഒരു അര്‍ധ സത്യം മാത്രമാണ്. കാരണം, സാമൂഹ്യമായ അസ്തിത്വത്താല്‍ (അതില്‍ ഉല്‍പാദന ബന്ധങ്ങളും ഉല്‍പ്പെടുന്നു) നിര്‍ണ്ണയിക്കപ്പെടുന്നതാണെങ്കിലും, സാമൂഹ്യബോധത്തിന് സാപേക്ഷമായ സ്വാതന്ത്ര്യമുണ്ട്. സാമ്പത്തിക ഘടനയില്‍ മാറ്റം വരുമ്പോള്‍, സ്വയമേവ ഉടന്‍തന്നെ സാമൂഹ്യബോധത്തില്‍ സമാനമായ മാറ്റങ്ങള്‍ തുടര്‍ന്നുണ്ടാവുന്നില്ല. സാമൂഹ്യബോധം ഒരിക്കല്‍ രൂപംകൊണ്ടു കഴിഞ്ഞാല്‍ അത് സാമൂഹ്യമായ അസ്തിത്വത്തിലും അതിന്റെ മാറ്റങ്ങളിലും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്.

ഇതെല്ലാം ചരിത്രം തെളിയിച്ചിട്ടുള്ള വസ്തുതകളാണ്. നമ്മുടെ ജീവിതാനുഭവവും അതുതന്നെയാണ്. ഹെര്‍ബര്‍ഗ് മാര്‍ക്യൂസിന്റെ ധാരണകള്‍ മാര്‍ക്സിസ്റ്റ് സൗന്ദര്യ ശാസ്ത്രത്തിന്റെ ധാരണകളല്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് ഇത്രയും പറഞ്ഞത്.

പ്രയോജനകരവും താല്‍പര്യജനകവും ആശയവ്യക്തതയ്ക്ക് സഹായകവുമായ ഇത്തരം ചിന്തകള്‍ തട്ടിയുണര്‍ത്താന്‍ പ്രേരകമായ പ്രഫസര്‍ എം.കൃഷ്ണന്‍ നായരുടെ ഈ ലേഖന സമാഹാരം പ്രഭാത് ബുക്ക് ഹൗസിനുവേണ്ടി വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ എനിക്ക് സന്തോഷമുണ്ട്.

സി.ഉണ്ണിരാജ
15-1-1984