close
Sayahna Sayahna
Search

ചെമ്പകശ്ശേരിരാജാവും രാജ്ഞിയും


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ടുവിൽ ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജ്യം ഭരിച്ചിരുന്ന രാജാവു് ഒരു മുൻകോപിയും ശുദ്ധാത്മാവുമായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണു് അമ്പലുപ്പുഴനാടു് മാർത്താണ്ഡവർമ്മ മഹാരാജാവു് പിടിച്ചടക്കി തിരുവിതാംകൂറിനോടു് ചേർത്തതു്. ‌‌‌ ഒരിക്കൽ മാർത്താണ്ഡവർമ്മ മഹാരാജാവു് അമ്പലപ്പുഴരാജാവിന്റെ പേർക്കു് ഒരു തിരുവെഴുത്തയച്ചു. അതിന്റെ ചുരുക്കം “എനിക്കു് അമ്പലപ്പുഴനാട്ടിലെ മണ്ണിന്റെ ഗുണം അറിയേണ്ടിയിരിക്കുന്നു. അതിനു് എപ്പോളാണു് ഞാനങ്ങോട്ടു് വരേണ്ടതു്?” എന്നായിരുന്നു. രാജാവു് ആ തിരുവെഴുത്തു തന്റെ മന്ത്രിയായ മാത്തൂർപ്പണിക്കരുടെ പക്കൽ കൊടുത്തിട്ടു് അതിനു സമുചിതമായ ഒരു മറുപടി അയച്ചേക്കാൻ പറഞ്ഞു. പണിക്കർ അതിനു് അയച്ച മറുപടി, “ഒരു കുട്ടയും രൂപയും കൊടുത്തു് ഒരാളെ ഇങ്ങോട്ടയച്ചാൽ കുറച്ചു മണ്ണു് അങ്ങോട്ടു കൊടുത്തയയ്ക്കാം. അതിനായി ഇങ്ങോട്ടു വരണമെന്നില്ല” എന്നായിരുന്നു. മഹാരാജാവിന്റെ തിരുവെഴുത്തിന്റെ സാരം അമ്പലപ്പുഴ രാജ്യം തനിക്കു വിട്ടുതരണമെന്നും അതെന്നാണെന്നറിയിക്കണമെന്നുമായിരുന്നു. അതു മനസ്സിലാക്കിയാണു് മാത്തൂർപ്പണിക്കർ മറുപടി അയച്ചതു്.

പണിക്കരുടെ മറുപടിയുടെ സാരം രാജ്യം വിട്ടുതരാൻ തയ്യാറില്ലെന്നും അതിനായിട്ടു് ഇങ്ങോട്ടു പോരേണ്ട എന്നുമായിരുന്നു. അതു മഹാരാജാവിനും മനസ്സിലായി. ഈ മറുപടി കണ്ടപ്പോൾ മഹാരാജാവു് “എടാ കേമാ, നിനക്കു് ഇത്രമാത്രം ബുദ്ധിയും ശൗര്യവും ധൈര്യവുമുണ്ടോ? നീ സമർത്ഥൻതന്നെ” എന്നും, ഈ മനുഷ്യനെ ഒന്നു കാണണമെന്നും തിരുമനസ്സിൽ വിചാരിച്ചിട്ടു്: “നമ്മുടെ പേർക്കു മറുപടി അയച്ച സമർത്ഥനും നിങ്ങളുടെ മന്ത്രിയുമായ മാത്തൂർപ്പണിക്കരെ നമുക്കൊന്നും കണ്ടാൽക്കൊള്ളാമെന്നുണ്ടു്. അതിനാൽ ആ മനുഷ്യനെ ഇങ്ങോട്ടൊന്നു പറഞ്ഞയയ്ക്കണം” എന്നൊരു തിരുവെഴുത്തു വീണ്ടും ചെമ്പകശ്ശേരിരാജാവിന്റെ പേർക്കു കൽപിച്ചയച്ചു. ആ തിരുവെഴുത്തു ചെമ്പകശ്ശേരിരാജാവു് മാത്തൂർപ്പണിക്കരെ കാണിക്കുകയും “പണിക്കരുടെ മറുപടി കണ്ടിട്ടു തിരുവിതാംകൂർ മഹാരാജാവിനു സാമാന്യത്തിലധികം കോപമുണ്ടായിട്ടുണ്ടെന്നാണു തോന്നുന്നതു്. പണിക്കരവിടെ ചെന്നാൽ മടങ്ങിപ്പോരാൻ സാധിക്കുമെന്നു തോന്നുന്നില്ല. പണിക്കരെ അദ്ദേഹം അകപ്പെടുത്തും. അതിനാൽ പോകാതെയിരിക്കുകയാണു് നല്ലതു്” എന്നു പറയുകയും ചെയ്തു. അതു കേട്ടിട്ടു പണിക്കർ “വിടകൊള്ളാതെയിരിക്കുന്നതു് പുരുഷധർമ്മമല്ല; ഭീരുത്വലക്ഷണമാണു്, അതുകൊണ്ടു് വിടകൊള്ളണമെന്നാണു് അടിയന്റെ അഭിപ്രായം” എന്നറിയിച്ചു. “എന്നാൽ പണിക്കരുടെ ഇഷ്ടംപോലെയാവട്ടെ” എന്നു സമ്മതിക്കുകയാൽ പണിക്കർ അന്നുതന്നെ യാത്രയായി. ‌‌‌ മാത്തൂർപ്പണിക്കർ തിരുവനന്തപുരത്തെത്തിയ ദിവസംതന്നെ മുഖം കാണിച്ചു. മഹാരാജാവു് താൻ വിചാരിച്ചിരിക്കുന്ന കാര്യം സാധിക്കുന്നതിനു മാത്തൂർപ്പണിക്കരെ ധ്വംസിക്കുകയല്ല, പാട്ടിൽപ്പിടിക്കുകയാണു വേണ്ടതെന്നു വിചാരിച്ചിട്ടോ എന്തോ, പണിക്കരെ കണ്ടിട്ടു സന്തോഷഭാവത്തിൽ ചിലതൊക്കെ കൽപിക്കുകയും ഒടുക്കം പണിക്കർക്കു രണ്ടു കൈക്കും വീരശൃംഖല കൽപിച്ചുകൊടുത്തയയ്ക്കുകയുമാണു ചെയ്തതു്.

Chap111pge994.png

‌‌‌പണിക്കർ വരുകയില്ലെന്നു വിചാരിച്ചുകൊണ്ടിരുന്ന അമ്പലപ്പുഴക്കാർക്കു് അദ്ദേഹം മഹാരാജവിങ്കൽനിന്നു സമ്മാനവും ലഭിച്ചു തിരിച്ചുവന്നിരിക്കുന്നതായി കേട്ടപ്പോൾ വളരെ സന്തോഷവും അത്ഭുതവും തോന്നി. എങ്കിലും പണിക്കരുടെ ശത്രുക്കളും രാജസേവകന്മാരുമായിരുന്ന ചിലർ മാത്തൂർപ്പണിക്കർ അമ്പലപ്പുഴ രാജ്യം മാർത്താണ്ഡവർമ്മമഹാരാജാവിനു് ഉപായത്തിൽ കൈവശപ്പെടുത്തിക്കൊടുക്കാമെന്നു സമ്മതിച്ചാണു് സമ്മാനവും വാങ്ങി വന്നിരിക്കുന്നതെന്നു ചെമ്പകശ്ശേരിരാജാവിന്റെ അടുക്കൽ പറഞ്ഞുപിടിപ്പിച്ചു. രാജാവു് അതുകേട്ടു വിശ്വിസിച്ചു പെട്ടെന്നുണ്ടായ കോപത്തോടുകൂടി പണിക്കരെ പിടിച്ചു ബന്ധിച്ചു സമുദ്രത്തിൽ താഴ്ത്തിക്കൊല്ലുന്നതിനു കൽപിക്കുകയും രാജഭടന്മാർ അപ്രകാരം ചെയ്യുകയും ചെയ്തു.

‌‌‌സമർത്ഥനും സ്വാമിഭക്തനും സ്വരാജ്യസ്നേഹിയും നിഷ്ക്കളങ്കനുമായ ആ മന്ത്രിസത്തമനെ യാതൊരു കാരണവും കൂടാതെ നിഷ്ക്കരുണം വധിപ്പിച്ച ആ രാജാവു കേവലം അവിവേകിയായിരുന്നു എന്നുള്ളതിനു വേറെ ലക്ഷ്യമൊന്നും വേണമെന്നില്ലല്ലോ.

‌‌‌നമ്പൂരിമാരായിരുന്ന ചെമ്പകശ്ശേരിരാജാക്കന്മാരുടെ അന്തർജ്ജനങ്ങൾക്കു് അമ്പലപ്പുഴെത്താമസിക്കുന്നതിനു സൗകര്യമില്ലാതിരുന്നതിനാൽ അവർ കുടമാളൂരെന്ന ദേശത്തുള്ള സ്വന്തം മഠത്തിലാണു് താമസിച്ചിരുന്നതു്. അതിനാൽ ചിലപ്പോൾ രാജാക്കന്മാരും അവിടെ വന്നു താമസിച്ചിരുന്നു. ആ പതിവുപോലെ അവിവേകിയായ ആ രാജാവു് ഒരിക്കൽ കുടമാളൂർ വന്നു താമസിച്ചിരുന്നപ്പോൾ ആ ദേശത്തുള്ള ഒരു നായരുടെ പശു ഒരു മാപ്പിളയുടെ വേലിക്കകത്തു കയറി വിളവു നശിപ്പിച്ചപ്പോൾ മാപ്പിള ഒരു കല്ലെടുത്തു് ഒരേറു കൊടുത്തു. ഏറുകൊണ്ട ക്ഷണത്തിൽ പശു നിലത്തു വീണു ചത്തതുപോലെ കിടന്നു. നായരോടിച്ചെന്നു തന്റെ പശുവിനെ ഒരു മാപ്പിള കല്ലുകൊണ്ടെറിഞ്ഞു കൊന്നു എന്നു രാജാവിനോടു് പറഞ്ഞു. രാജാവു് അതുകേട്ടു് ആ മാപ്പിളയെ പിടിച്ചു കഴുവിലിട്ടു തൂക്കിക്കൊല്ലാൻ കൽപിച്ചു. ഉടനേ രാജഭടന്മാരപ്രകാരം ചെയ്തു. രാജാവിന്റെ കോപം നായരുടെ നേരെയായി. “വ്യാജം പറഞ്ഞു വെറുതെ മാപ്പിളയെ കൊല്ലിച്ച നായരുടെ കുടുംബം നശിച്ചുപോകട്ടെ” എന്നു് അദ്ദേഹം ശപിച്ചു. അതു് ഉടനെ അല്ലെങ്കിലും കാലാന്തരത്തിൽ ഫലിച്ചു. അവിവേകിയെങ്കിലും അദ്ദേഹം ശുദ്ധാത്മാവും ബ്രാഹ്മണോത്തമനും ആയിരുന്നുവല്ലോ.

‌‌‌ചെമ്പകശ്ശേരി രാജകുടുംബത്തിൽ പണ്ടുണ്ടായിരുന്ന ഒരു തമ്പുരാട്ടി വലിയ മനസ്വിനിയും തപസ്വിനിയുമായിരുന്നു. തപശ്ശക്തി നിമിത്തം ഈശ്വരന്മാർ തന്നെയും ആ തമ്പുരാട്ടിയുടെ ഹിതത്തെ അനുവർത്തിച്ചിരുന്നു.

‌‌‌കുടമാളൂരുള്ള ചെമ്പകശ്ശേരിമഠത്തിന്റെ സമീപത്തു പടിഞ്ഞാറുകാവു് എന്നു പേരോടുകൂടിയ ഒരു ഭഗവതീക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതു് അത്യുഗ്രമൂർത്തിയായ ഭദ്രകാളിയാണു്. ആ ദേവിയെ അവിടെ ആദ്യം പ്രതിഷ്ഠിച്ചിരുന്നതു് വടക്കോട്ടു ദർശനമായിട്ടായിരുന്നു. അതിനാൽ അവിടെ പ്രതിദിനം അനേകമുപദ്രവങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.

‌‌‌കൗണാർ എന്നുകൂടി പേരുള്ള മീനച്ചിലാറിന്റെ ഒരു കൈവഴി കുടമാളൂർ ഒഴുകുന്നുണ്ടല്ലോ. ആ നദിയുടെ തെക്കുകരയിലാണു മേൽപ്പറഞ്ഞ ക്ഷേത്രമിരിക്കുന്നതു്. അതിനാൽ വടക്കോട്ടു ദർശനമായിരുന്ന ഭഗവതിയുടെ ദൃഷ്ടിപാതം നിമിത്തം രാത്രികാലങ്ങളിൽ ആ നദിയിൽക്കൂടി കൊണ്ടുപോകുന്ന തോണികൾ മുങ്ങിപ്പോവുക, തോണികളിൽ പോകുന്നവർ വല്ലാതെ ഭയപ്പെടുക മുതലായ ഉപദ്രവങ്ങളാണു് അക്കാലത്തു് ഉണ്ടായിക്കൊണ്ടിരുന്നതു്. അതിനാൽ രാത്രികാലങ്ങളിൽ ആ വഴിക്കു ജനസഞ്ചാരം നിശ്ശേഷം നിന്നുപോയി.

‌‌‌തപസ്വിനിയായിരുന്ന രാജ്ഞി ഈ വിവരമറിഞ്ഞു് ഈ ജനോപദ്രവം നിറുത്തണമെന്നു നിശ്ചയിച്ചു് ഒരു ദിവസം കുളിച്ചു പടിഞ്ഞാറ്റുകാവിൽ ചെന്നു ദേവിയെ വന്ദിച്ചു് “അല്ലയോ ദേവീ! അവിടുത്തെ ദൃഷ്ടിപാതം നിമിത്തം രാത്രികാലങ്ങളിൽ വടക്കുവശത്തുള്ള നദിയിൽക്കൂടി ജനങ്ങൾക്കു സഞ്ചരിക്കാൻ നിവൃത്തിയില്ലാതെയായിരിക്കുന്നു. ഇതു് ഏറ്റവും സങ്കടകരമായ ഒരു കാര്യമാണു്. അതിനാൽ അവിടുന്നു സദയം കിഴക്കോട്ടു തിരിഞ്ഞിരിക്കുമാറാകണം എന്നു പ്രാർത്ഥിച്ചു.

‌‌‌വടക്കോട്ടു ദർശനമായി പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ദേവീവിഗ്രഹത്തിന്റെ ദർശനം പിറ്റേദിവസം നേരം വെളുത്തപ്പോൾ കിഴക്കോട്ടായിരിക്കുന്നതായി കാണപ്പെട്ടു. അന്നുമുതൽ ആറ്റിൽക്കൂടി പോകുന്നവർക്കു യാതൊരു ഉപദ്രവവും ഭയവുമില്ലാതെ ആയിത്തീരുകയും അലതിലേയുള്ള ജനസഞ്ചാരം യഥാപൂർവ്വം രാത്രിയിലും പകലും ധാരാളമാവുകയും ചെയ്തു. അവിടെ ദേവിയുടെ ദർശനം ഇപ്പോഴും കിഴക്കോട്ടായിട്ടാണിരിക്കുന്നതു്.

‌‌‌ചെമ്പകശ്ശേരിമഠത്തിലെ വക ഗോശാല (പശുത്തൊഴുത്തു്) മഠത്തിന്റെ പടിഞ്ഞാറുവശത്തു് സ്വൽപ്പം വടക്കോട്ടുമാറിയായിരുന്നു. തപസ്വിനിയായ രാജ്ഞി ദിവസംതോറും വെളുപ്പാൻകാലത്തു് ആ ഗോശാലയിൽ ചെന്നു പശുക്കളെ കണികാണുക പതിവായിരുന്നു. ആ സമയം രാജ്ഞി തന്റെ കുലദൈവമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയെ ഭക്തിപൂർവ്വം സ്മരിച്ചുകൊണ്ടും ആ ഭഗവാനെക്കുറിച്ചുള്ള

“നരകവൈരിയാമരവിന്ദാക്ഷന്റെ
ചെറിയനാളത്തെക്കളികളും
തിരുമെയ്ശോഭയുംകരുതിക്കൂപ്പുന്നേൻ
അടുത്തു വാ കൃഷ്ണ! കണികാൺമാൻ
കണികാണുന്നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകകിങ്ങിണി വള കൈമോതിരം
അണിഞ്ഞു കാണേണം ഭഗവാനേ!”

‌‌‌ഇത്യാദി സങ്കീർത്തനം ചൊല്ലിക്കൊണ്ടുമാണു് പോവുക പതിവു്. അങ്ങിനെ രാജ്ഞി ഒരു ദിവസം വെളുപ്പാൻകാലത്തു ഗോശാലയിൽ ചെന്നപ്പോൾ സങ്കീർത്തനത്തിൽ വിവരിച്ചിട്ടുള്ളതുപോലുയുള്ള രൂപത്തിൽ ശ്രീകൃഷ്ണസ്വാമി അവിടെ ഓടിനടന്നു കളിക്കുന്നതായി കണ്ടു. ഉടനെ രാജ്ഞി ഭഗവാന്റെ പാദങ്ങളിൽ സാഷ്ടാംഗം നമസ്ക്കാരം ചെയ്തു. രാജ്ഞി എഴുന്നേറ്റു കണ്ണുതുറന്നു നോക്കിയപ്പോൾ ഭഗവാനെ അവിടെയെങ്ങും കണ്ടതുമില്ല. അതിനാൽ രാജ്ഞി താൻ ഭഗവാനെ പ്രത്യക്ഷമായി കണ്ടതായ സ്ഥലത്തു് ഒരു ക്ഷേത്രം പണികഴിപ്പിച്ചു് അവിടെ ശ്രീകൃഷ്ണസ്വാമിയുടെ ഒരു വിഗ്രഹം യഥാവിധി പ്രതിഷ്ഠിപ്പിച്ചു. പിന്നെ പതിവായി ആ ക്ഷേത്രത്തിൽ ചെന്നു ദർശനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു.

‌‌‌ഇപ്പോൾ കുടമാളൂർ ചെമ്പകശ്ശേരിമഠത്തിന്റെ സമീപത്തു കാണുന്ന ശ്രീകൃഷ്ണപുരം എന്ന ക്ഷേത്രത്തിന്റെ ഉത്ഭവം ഇങ്ങനെയാണു്. ഈ രാജ്ഞിയുടെ ദിവ്യത്വത്തേയും കുടമാളൂർദേശത്തേയും കുറിച്ചു് ഇങ്ങനെ ഇനിയും പല ഐതിഹ്യങ്ങളുണ്ടു്. അവയിൽ ചിലതു യഥാവസരം പിന്നാലെ വിവരിക്കാം. ‌‌‌