close
Sayahna Sayahna
Search

വെൺമണി നമ്പൂതിരിപ്പാടന്മാർ


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വെൺമണിനമ്പൂരിപ്പാട്ടിലെ ഇല്ലം കൊച്ചി രാജ്യത്തു ‘വെള്ളാരപ്പിള്ളി’ എന്ന ദേശത്താണു്. ആ ഇല്ലത്തു് ഒരു കാലത്തു മന്ദബുദ്ധിയായിട്ടു് ഒരു ബ്രാഹ്മണകുമാരൻ ഉണ്ടായിത്തീർന്നു. അദ്ദേഹത്തെ അദ്ദേഹത്തിന്റെ അച്ഛൻ യഥാകാലം ഉപനയനം, സമാവർത്തനം മുതലായവ കഴിച്ചു വേദാധ്യായനത്തിനായി തൃശ്ശിവപേരൂർ ബ്രഹ്മസ്വം മഠത്തിൽ കൊണ്ടു ചെന്നാക്കി. അദ്ദേഹം വേദാധ്യയനം ചെയ്തു തൃശ്ശിവപേരൂർ താമസിച്ചിരുന്നതു സഹപാഠികളുടെ പരിഹാസപാത്രമായിട്ടാണു്. ഇദ്ദേഹം ഒരു ഭോ‌ഷനും സാധുവുമായിരുന്നതിനാൽ ദുസ്സാമർത്ഥ്യക്കാരായ ഉണ്ണിനമ്പൂരിമാർ ഇദ്ദേഹത്തെ പലവിധത്തിൽ ഭോ‌ഷങ്കളിപ്പിക്കുകയും പരിഹസിക്കുകയും ഉപദ്രവിക്കുകയും പല അപകടങ്ങളിൽ അകപ്പെടുത്തി ബുദ്ധിമുട്ടിക്കുകയും മറ്റും ചെയ്തു കൊണ്ടിരുന്നു.

അക്കാലത്തു തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിൽ ശ്രീകോവിലിന്റെ ഭിത്തിയിൽ ഒരു ചിത്രമെഴുത്തുകാരൻ ഒരു യക്ഷിയുടെ രൂപം എഴുതുകയും ആ ചിത്രം സകല ലക്ഷണങ്ങളും തികഞ്ഞതായിത്തീരുകയാൽ അവിടെ ഒരു യക്ഷിയുടെ സാന്നിധ്യമുണ്ടാവുകയും ചെയ്തിരുന്നു. ആ യക്ഷി രാത്രികാലങ്ങളിൽ സഹശയനത്തിനായി ആ ദിക്കിലുള്ള യവൗനയുക്തന്മാരായ പുരു‌ഷന്മാരുടെ അടുക്കൽ ചെല്ലുകയും അങ്ങനെ പലരെ ഉപദ്രവിക്കുകയും പതിവായിരുന്നു. അക്കാലത്തു് ആ ദിക്കിൽ യക്ഷിയാൽ ബാധിതരായി, ആ ദിവ്യരതിക്രീഡയെ അനുഭവിക്കാൻ അശക്തന്മാരായ പലർ പിറ്റേ ദിവസത്തേക്കു മരിച്ചുപോകുകയും ചിലർ എണീക്കാൻ പാടില്ലാത്തവണ്ണം ക്ഷീണിച്ചു് അവശന്മാരായിത്തീരുകയും നല്ലപോലെ ദേഹബലവും ധൈര്യവുമുള്ള ചിലർ മാത്രം അപകടമൊന്നും കൂടാതെ സുഖമനുഭവിക്കുകയും ചെയ്തുകൊണ്ടിരുന്നു. യക്ഷി ആരെയാണു പിടികൂടുന്നതെന്നു നിശ്ചയമില്ലാതിരുന്നതിനാൽ അക്കാലത്തു് ആ ദിക്കിലുള്ള പുരു‌ഷന്മാരെല്ലാം വളരെ ഭയപ്പെട്ടാണു് രാത്രികാലങ്ങൾ കഴിച്ചുകൂട്ടികൊണ്ടിരുന്നതു്; മേൽപറഞ്ഞ ചിത്രത്തിന്റെ അടുക്കൽ പുരു‌ഷന്മാരാരെങ്കിലും ചെന്നു് ‘ഇന്നു് രാത്രിയിൽ എന്റെ അടുക്കൽ വരണം’ എന്നു പറഞ്ഞാൽ അന്നു രാത്രിയിൽ ആ യക്ഷി ആ പുരു‌ഷന്റെ അടുക്കലെത്തും. ആ യക്ഷിക്കു് അങ്ങനെ ഒരു വിശേ‌ഷം കൂടിയുണ്ടായിരുന്നു.

Chap17pge127.png

ഇങ്ങനെയിരിക്കുന്ന കാലത്തു് ഒരു ദിവസം വൈകുന്നേരം ചില ഉണ്ണിനമ്പൂരിമാരും വെൺമണി നമ്പൂരിപ്പാടുംകൂടി വടക്കുന്നഥക്ഷേത്രത്തിൽ തൊഴാനായിട്ടുപോയി. അവിടെചെന്നു് യഥാക്രമം ഓരോ ദേവന്മാരെ തൊഴുതുതൊഴുതു് ആ യക്ഷിയുടെ ചിത്രത്തിന്റെ അടുക്കൽ ചെന്നപ്പോൾ ഉണ്ണിനമ്പൂരിമാരെല്ലാവരുംകൂടി പറഞ്ഞിളക്കി വെൺമണി നമ്പൂരിപ്പാടിനെക്കൊണ്ടു് ആ യക്ഷിയുടെ അടുക്കൽ “ഇന്നു രാത്രിയിൽ എന്റെ അടുക്കൽ വരണം” എന്നു പറയിച്ചു. എലാവരുംകൂടി അങ്ങനെ പറയണമെന്നു നിർബന്ധിച്ചതുകൊണ്ടു് അങ്ങനെ പറഞ്ഞു എന്നല്ലാതെ അങ്ങനെ പറയുന്നതു് എന്തിനായിട്ടാണെന്നും അങ്ങനെ പറഞ്ഞാലുണ്ടാകുന്ന ഫലമെന്താണെന്നും ഒന്നും അദ്ദേഹത്തിനു് അറിവില്ലായിരുന്നു. തൊഴുക കഴിഞ്ഞു് എല്ലാവരുംകൂടി ബ്രഹ്മസ്വം മഠത്തിലേക്കു പോയി. സന്ധ്യാവന്ദനാദികളും അത്താഴവും കഴിഞ്ഞു പതിവുപോലെ എല്ലാവരും അവരവരുടെ കിടപ്പുസ്ഥലത്തു ചെന്നു കിടക്കുകയും ചെയ്തു. എല്ലാവരും ഉറക്കമായപ്പോൾ യക്ഷി ആ മഹൻ നമ്പൂരിപ്പാട്ടിലെ അടുക്കൽ എത്തി. യക്ഷി ചെന്നു തൊട്ട ഉടനെ അദ്ദേഹം ഉണർന്നു. പിന്നെ അവർ യഥേഷ്ടം സുഖാനുഭൂതിയോടുകൂടി സഹശയനംചെയ്തു. ആ ദിവസംവരെ ബ്രഹ്മച്ചര്യത്തോടുകൂടിയും സ്ത്രീസുഖമറിയാതെയും ഇരുന്നിരുന്ന നമ്പൂരിപ്പാട്ടിലേക്കു് ആ യക്ഷിയുടെ സഹശയനം പരമാനന്ദകരമായിഭവിച്ചു. അപ്രകാരം തന്നെ യക്ഷിയും അദ്ദേഹത്തിന്റെ സഹശയനം ഏറ്റവും തൃപ്തികരവും സന്തോ‌ഷാവഹവുമായിത്തീർന്നു. ആ യക്ഷിക്കു് അന്നത്തെപ്പോലെ ഒരു സുഖവും തൃപ്തിയും അതിനുമുമ്പു് ഒരിക്കലും ഉണ്ടായതായി തോന്നിയില്ല. സുഖാനുഭവങ്ങളെല്ലാം കഴിഞ്ഞു് അന്ത്യയാമം ആകാറായപ്പോൾ യക്ഷി, “എനിക്കു് ഇവിടെ താമസിക്കാൻ പാടില്ല. മനു‌ഷ്യസഞ്ചാരം തുടങ്ങുന്നതിനു മുമ്പു് എനിക്കു് സ്വസ്ഥാനത്തു് എത്തണം. അതിനാൽ ഇപ്പോൾ ഞാൻ പോകുന്നു” എന്നു പറഞ്ഞു. ഉടനെ നമ്പൂരിപ്പാടു് “ഇന്നു രാത്രിയിലും വരാമോ?” എന്നു ചോദിച്ചു. അപ്പോൾ യക്ഷി “അവിടേക്കു് അങ്ങനെ ആഗ്രഹവും എന്റെ പേരിൽ സന്തോ‌ഷവുമുണ്ടെങ്കിൽ ഞാൻ ഇന്നെന്നല്ലാ, എല്ലാ ദിവസം രാത്രിയിലും അവിടുത്തെ അടുക്കൽ വന്നുകൊള്ളം. എന്നാൽ ഒരു കാര്യമുണ്ടു്. അതുകൂടി പറഞ്ഞേക്കാം. അവിടുന്നു് എന്റെ സമ്മതം കൂടാതെ അന്യസ്ത്രീകളെ തൊടരുതു്. വേറെ ഒരു സ്ത്രീയെ അവിടുന്നു തൊട്ടാൽപ്പിന്നെ ഞാൻ അവിടുത്തെ അടുക്കൽ വരികില്ല.”

നമ്പൂരിപ്പാടു്
ഇല്ല; എന്റെ അച്ഛനാണെ ഇല്ല. നിന്റെ അനുവാദം കൂടാതെ ഞാൻ യാതൊരു സ്ത്രീയെയും തൊടുകയില്ല.

ഇതു കേട്ടപ്പോൾ യക്ഷി സന്തോ‌ഷത്തോടുകൂടി “എന്നാൽ ഞാൻ പതിവായി വന്നുകൊള്ളാം” എന്നു പറഞ്ഞു പോവുകയും പിന്നെ പതിവായി രാത്രിതോറും നമ്പൂരിപ്പാട്ടിലെ അടുക്കൽ വന്നുകൊണ്ടിരിക്കുകയും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ പരസ്പരസ്നേഹാകുലരായിത്തീരുകയും ചെയ്തു.

അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ മഹൻ നമ്പൂരിപ്പാട്ടിലെ വേദാധ്യയനം നിറുത്തി, ഇല്ലത്തേയ്ക്കു കൂട്ടിക്കൊണ്ടു പോകാനായി അച്ഛൻനമ്പൂരിപ്പാടു് ഒരു ദിവസം ത്രിശ്ശിവപേരൂർ ചെന്നു. അച്ഛൻ തന്നെ കൂട്ടികൊണ്ടു പോകാനായിട്ടാണു് വന്നിരിക്കുന്നതു് എന്നറിഞ്ഞപ്പോൾ, യക്ഷിയെ പിരിഞ്ഞു പോകണമല്ലോ എന്നു വിചാരിച്ചു മഹൻ നമ്പൂരിപ്പാട്ടിലേക്കു വളരെ വ്യസനമായി. അന്നു രാത്രിയിൽ യക്ഷി വന്നപ്പോൾ നമ്പൂരിപ്പാടു വളരെ മനസ്താപത്തോടുകൂടി, “എന്നെ ഇല്ലത്തേക്കു കൊണ്ടുപോകാൻ അച്ഛൻ വന്നിട്ടുണ്ടു്. നാളെ രാവിലെ പോകണമെന്നാണു് പറഞ്ഞിരിക്കുന്നതു്. ഞാനെന്താണു വേണ്ടതു്?” എന്നു ചോദിച്ചു. അപ്പോൾ യക്ഷി “അവിടുന്നു് ഒട്ടും വ്യസനിക്കേണ്ട. അവിടുന്നു് ഇല്ലത്തേക്കു പോയാൽ പിന്നെ പതിവായി ഞാൻ അവിടെ വന്നുകൊള്ളാം” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ നമ്പൂരിപ്പാട്ടിലേക്കു വ്യസനമെല്ലാം തീർന്നു, വളരെ സന്തോ‌ഷമായി. പിന്നെ പതിവുപോലെ അവർ സുഖമായി ഒരുമിച്ചു് രമിക്കുകയും വെളുപ്പാൻ കാലമായപ്പോൾ പോവുകയും ചെയുതു. രാവിലെ അച്ഛൻനമ്പൂരിപ്പാടു മഹനെ കൂട്ടികൊണ്ടു് ഇലത്തേക്കു പോയി. മഹൻ നമ്പൂരിപ്പാടു് ഇലത്തുചെന്നു താമസമായതിന്റെ ശേ‌ഷവും യക്ഷിരാത്രിതോറും പതിവായി അവിടെയും ചെന്നു കൊണ്ടിരുന്നു.

അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ അച്ഛൻനമ്പൂരിപ്പാടു് മകനെക്കൊണ്ടു് ഒന്നു വേളികഴിപ്പിക്കണമെന്നു നിശ്ചയിച്ചു് പില സ്ത്രീജാതകങ്ങൾ വരുത്തി നോക്കിക്കുക മുതലായ ചില ശ്രമങ്ങൾ തുടങ്ങി. ഈ വിവരമറിഞ്ഞപ്പോൾ, താൻ വേളികഴിച്ചാൽ പിന്നെ യക്ഷി തന്റെ അടുക്കൽ വരികില്ലല്ലോ എന്നു വിചാരിച്ചിട്ടു് അതും മകൻനമ്പൂതിപ്പാട്ടിലേക്കു് അത്യന്തം വ്യസനകാരണമായിത്തീർന്നു. അതിനാൽ അദ്ദേഹം തനിക്കു വേളി കഴിക്കാൻ മനസ്സില്ലെന്നും അതിനായി അച്ഛൻ നിർബന്ധിക്കരുതെന്നും മറ്റൊരാൾ മുഖാന്തരം അച്ഛനെ ഗ്രഹിപ്പിച്ചു.

Chap17pge129.png

അച്ഛൻനമ്പൂരിപ്പാട്ടിലേക്കു് അതുകേട്ടപ്പോൾ വ്യസനവും കോപവും സഹിക്കവഹിയാതെയായിത്തീർന്നു. ഉടനെ അദ്ദേഹം മഹനെ വിളിച്ചു നേരിട്ടുതന്നെ “എന്താ ഉണ്ണിക്കു വേളി കഴിക്കാൻ മനസ്സില്ല, അല്ലേ? നീ ഇത്ര കഥയില്ലാത്തവനായി തീർന്നല്ലോ. നീ ഒന്നു് വേളി കഴിച്ചു്, അതിൽ ചില സന്താനങ്ങളുണ്ടായിക്കണ്ടിട്ടു നമ്മുടെ കാലം കഴിഞ്ഞാൽ കൊള്ളാമെന്നാണു് എന്റെ ആഗ്രഹം. അതൊന്നും സാധിച്ചില്ലെങ്കിലും ഈ തറവാടു നശിക്കാതെയിരിക്കണമല്ലോ. അതിനു നീ വേളി കഴിക്കാതിരുന്നാൽ പിന്നെ എന്താ മാർഗം?”

മഹൻ
അച്ഛൻ പറയുന്നതൊക്കെ കാര്യമാണു്. ഇതിനൊക്കെ സമാധാനം പറയാൻ എനിക്കറിഞ്ഞുകൂടാ. എന്തൊക്കെയായാലും ഞാൻ വേളി കഴിക്കയില്ല. അതിനു് അച്ഛൻ എന്നൊടു നിർബന്ധിക്കയുമരുതു്.
അച്ഛൻ
വേളി കഴിക്കയില്ല എന്നു പറഞ്ഞാൽ മതിയോ? കഴിക്കയില്ലാത്തതിന്റെ കാരണമെന്താണു്? അതു കേൾക്കട്ടെ.
മഹൻ
കാരണമൊന്നുമില്ല. എനിക്കതിന്നു മനസ്സില്ല എന്നേയുള്ളു.
അച്ഛൻ
വേണ്ടുന്ന കാര്യം ചെ‌‌യ്‌‌വാൻ മനസ്സില്ലെങ്കിൽ നീ ഈ തറവാട്ടിൽ കേറരുതു്. എവിടെയെങ്കിലും പൊയ്ക്കൊള്ളണം. ഏഭ്യാ! നിനക്കു മനസ്സില്ല, അല്ലേ? എന്റെ മുമ്പിൽ നിന്നു നിനക്കിങ്ങനെ പറയാൻ ധൈര്യമുണ്ടായല്ലോ. പോ, എന്റെ മുമ്പിൽനിന്നു്. കൊശവനെ ഇനി ഇവിടെ കണ്ടാലറിയാം.

ഇങ്ങനെ അച്ഛൻ കോപത്തോടുകൂടി ശകാരിച്ചതു കേട്ടപ്പോൾ സാധുവും ശുദ്ധഹൃദയനുമായ മഹൻ നമ്പൂതിരിപ്പാട്ടിലേക്കു വ്യസനം സഹിക്കവഹിയാതെയായി. ഈ സംഭാ‌ഷണമുണ്ടായതു രാത്രിയിൽ അത്താഴത്തിനു മുമ്പായിട്ടായിരുന്നു. അതിനാൽ മഹൻനമ്പൂതിരിപ്പാട്ടിലേക്കു വ്യസനം നിമിത്തം അത്താഴമുണ്ണാതെ കരഞ്ഞും കൊണ്ടു പോയിക്കിടന്നു. പതിവുസമയമായപ്പോൾ യക്ഷി അദ്ദേഹത്തിന്റെ അടുക്കൽവന്നു. അപ്പോൾ അദ്ദേഹം വ്യസനിച്ചു കരഞ്ഞുകൊണ്ടു കിടക്കുകയാണെന്നു യക്ഷിക്കു മനസ്സിലായതിനാൽ വ്യസനകാരണമെന്താണെന്നു ചോദിച്ചു. ഈ സംഗതി യക്ഷിയോടു പറയാൻ അദ്ദേഹത്തിനു വളരെ മടിയും ലജ്ജയുമുണ്ടായിരുന്നതിനാൽ ആദ്യം ഒന്നും പറയാതെ ഉപായത്തിൽ കഴിച്ചുകൂട്ടാൻ അദ്ദേഹം കഴിയുന്നതും ശ്രമിച്ചുനോക്കി. എങ്കിലും യക്ഷിയുടെ നിർബന്ധം നിമിത്തം ഒടുക്കം പരമാർത്ഥമൊക്കെ അദ്ദേഹം യക്ഷിയോടു പറഞ്ഞു. അപ്പോൾ യക്ഷി. “അവിടുന്നു് ഒട്ടും വ്യസനിക്കേണ്ടാ. വേളി കഴിക്കുന്നതിനു എനിക്കു യാതൊരു വിരോധവുമില്ല. അവിടുന്നു വേളി കഴിക്കാതെയിരുന്നാൽ ഈ തറവാടു നശിച്ചു പോകുമല്ലോ. ഞാൻ നിമിത്തം അങ്ങനെ വരുന്നതു് എനിക്കും വളരെ വ്യസനമാണു്. അവിടുന്നു വേളി കഴിച്ചാലും എന്നെ ഉപേക്ഷിക്കരുതു് എന്നു മാത്രമേ എനിക്കു നിർബന്ധമുള്ളു. വേളി കഴിച്ചാൽ ഒന്നരാടൻ ദിവസം ആ അന്തർജനത്തിന്റെ അടുക്കൽ സഹശയനം ചെയ്തുകൊള്ളണം. ഒന്നരാടൻ മാറി വേറെ സ്ഥലത്തു കിടന്നുകൊള്ളണം. ആ ദിവസങ്ങളിൽ ഞാൻ അവിടുത്തെ അടുക്കൽ വന്നുകൊള്ളാം. അതിനാൽ നാളെ രാവിലെ അച്ഛന്റെ അടുക്കൽചെന്നു വേളി കഴിക്കാൻ സമ്മതമാണെന്നു പറയണം. അച്ഛൻ പറഞ്ഞതിനെ കേൾക്കാതിരിക്കുന്നതു ശരിയല്ല” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ മഹൻ നമ്പുരിപ്പാട്ടിലേക്കു വളരെ സന്തോ‌ഷമായി. പിന്നെ അവർ രണ്ടുപേരുംകൂടി രാത്രിയെ സുഖമായി നയിച്ചു. വെളുപ്പാൻ കാലമായപ്പോൾ യക്ഷി പോയി. മഹൻനമ്പൂതിരിപ്പാടു് രാവിലെ എണീറ്റു് അച്ഛന്റെ അടുക്കൽ ചെന്നു വേളികഴിച്ചുകൊള്ളാമെന്നു സമ്മതിച്ചു പറയുകയും അച്ഛൻ നമ്പൂതിപ്പാടു് അതു കേട്ടു സന്തോ‌ഷിക്കുകയും താമസിയാതെ ഒരു മൂഹൂർത്തത്തിൽ മഹന്റെ വേളിയും കുടിവെപ്പും കേമമായും ഭംഗിയായും നടത്തിക്കുകയും ചെയ്തു. വേളി കഴിച്ചതിന്റെ ശേ‌ഷം മഹൻ നമ്പൂതിരിപ്പാടു് യക്ഷി പറഞ്ഞിട്ടുള്ളതുപോലെ ഒന്നരാടൻ ദിവസം അന്തൻജനത്തിന്റെ അടുക്കലും ഒന്നരാടൻ വേറെയും കിടന്നുകൊണ്ടിരിക്കുകയും ദിവസ മുറയ്ക്കു യക്ഷി അദ്ദേഹത്തിന്റെ അടുക്കൽ ചെന്നുകൊണ്ടിരിക്കുകയും ചെയ്തു.

അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ അന്തർജനം ഗർഭം ധരിക്കുകയും പത്തുമാസവും തികഞ്ഞു് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. മഹൻനമ്പൂരിപ്പാടു പുത്രന്റെ ജാതകർമ്മം, നാമകരണം, അന്ന പ്രാശനം മുതലായവ അച്ഛന്റെ സഹായത്തോടും ആജ്ഞപ്രകാരവും യഥാ കാലം വേണ്ടതുപോലെ നടത്തി. അപ്പോഴേക്കും അച്ഛൻനമ്പൂരിപ്പാടു് അദ്ദേഹത്തിന്റെ ആഗ്രഹംപോലെത്തന്നെ പത്രമുഖം കണ്ടു സന്തോ‌ഷിച്ചുകൊണ്ടു ചരമഗതിയെ പ്രാപിച്ചു. പിന്നെ മഹൻനമ്പൂതിരിപ്പാടു് അച്ഛന്റെ പിണ്ഡം, സംവൽസരദീക്ഷ, പന്ത്രാണ്ടാം മാസം മുതലായവ യഥാശക്തി കഴിച്ചുകൂട്ടി.

അപ്പോഴേക്കും മഹനെ ഉപനയിക്കാനുള്ള കാലമായി. പിന്നെ അതിനു മുഹൂർത്തം നിശ്ചയിക്കുകയും ക്രിയാദികൾക്കും മറ്റും വേണ്ടുന്ന ആളുകളെ ഒക്കെ ക്ഷണിക്കുകയും സാമാനങ്ങളെല്ലാം വട്ടംകൂട്ടുകയും ചെയ്തു. ഉപനയനത്തിന്റെ തലേദിവസം രാത്രി യക്ഷിയുടെ മുറയായിരുന്നതിനാൽ യക്ഷി പതിവുപോലെ നമ്പൂരിപ്പാട്ടിലെ അടുക്കലെത്തി. അപ്പോൾ നമ്പൂരിപ്പാടു പ്രസംഗവശാൽ “നാളെ കാലത്തു കുംഭരാശി മുഹൂർത്തത്തത്തിനു് ഉണ്ണിയുടെ ഉപനയനം കഴിച്ചാൽ കൊള്ളാമെന്നു വിചാരമുണ്ടു്” എന്നു പറഞ്ഞു. അപ്പോൾ യക്ഷി, “എന്നാൽ എനിക്കു് ഒരാഗ്രഹമുണ്ടു്. അതു് അവിടുന്നു സാധിപ്പിച്ചുതരണം. അവിടുത്തെ പ്രധാനഭാര്യ അഗ്നിസാക്ഷികമായി വിവാഹം ചെയ്യപ്പെട്ടു് ആ അന്തർജനമാണെങ്കിലും ആദ്യഭാര്യ ഞാനാണല്ലോ. അതിനാൽ അവിടുത്തെ പുത്രനായ ആ ഉണ്ണിക്കു ഞാൻ വലിയമ്മയാണു്. അതുകൊണ്ടു് നാളെ ഉപനയനസമയത്തു് ഉണ്ണി ക്രിയാംഗമായി ഭിക്ഷ യാചിക്കുമ്പോൾ ആദ്യം ഭിക്ഷ കൊടുക്കാൻ ഞാനായാൽ കൊള്ളാമെന്നു് എനിക്കു വളരെ ആഗ്രഹമുണ്ടു്. അതു് അവിടുന്ന അനുവദിക്കുകയും എന്നെക്കൊണ്ടു നടത്തിക്കുകയും വേണം. സമയമാകുമ്പോൾ ഞാൻ ഒരന്തർജനത്തിന്റെ വേ‌ഷത്തിൽ ഇവിടെ വന്നുകൊള്ളാം” എന്നു പറഞ്ഞു. ഉടനെ നമ്പൂരിപ്പാടു്, “അതിനെന്തു വിരോധമാണു്? എനിക്കതു വളരെ സന്തോ‌ഷമാണു്. സമയമാകുമ്പോൾ ഇവിടെ വന്നോളു. കാര്യം ഞാൻ നടത്തിച്ചുകൊള്ളാം.” എന്നു സമ്മതിച്ചു പറയുകയും ചെയ്തു.

ക്രിയയ്ക്കു വേണ്ടുന്ന ആളുകളും ഓതിക്കോനും ചാർച്ചക്കാര്യം വേഴ്ചക്കാരും മറ്റുമായിട്ടുള്ള വേറെ അനേകം ബ്രാഹ്മണശ്രേഷ്ഠന്മാരും അന്തർജനങ്ങളും കിടാങ്ങളുമൊക്കെ തലേദിവസംതന്നെ എത്തീട്ടുണ്ടായിരുന്നു. പിറ്റേദിവസം നേരം വെളുത്തപ്പോഴേക്കും എല്ലാവരും കുളിച്ചു തറ്റുടുത്തു ഹാജരായി. ഉടനെ ക്രിയകൾ ആരംഭിക്കുകയും ചെയ്തു. ഭിക്ഷ കൊടുക്കാനുള്ള സമയമായപ്പോഴേക്കും മറക്കുടയും പുതപ്പും ധരിച്ചു് അന്തർജനത്തിന്റെ വേ‌ഷമായി കുറെ അരിയും ഒരു പാത്രത്തിലെടുത്തു കൊണ്ടു് യക്ഷിയും ആ സ്ഥലത്തെത്തി. യക്ഷി ചെന്നു യാതൊരു ശങ്കയുംകൂടാതെ അന്തർജനങ്ങളുടെ കൂട്ടത്തിൽ കേറി നിലയായി. അന്തർജനവേ‌ഷധാരിണിയായ യക്ഷിയെ കണ്ടപ്പോൾതന്നെ നമ്പൂരിപ്പാട്ടിലേക്കു് ആളെ മനസ്സിലായി. എങ്കിലും ശേ‌ഷമുള്ള ബ്രാഹ്മണരുടേയും അന്തർജനങ്ങളുടേയും ഇടയിൽ “ഈ അന്തർജനം ഏതാണു്, എവിടുത്തേതാണു്, എന്തിനാണു് വന്നതു്?” എന്നും മറ്റും അപ്പോൾ സംസാരം തുടങ്ങി. “ഏതായാലും തൊടരുതു്” എന്നു പറഞ്ഞു ശേ‌ഷമുള്ള അന്തർജനങ്ങളെല്ലാം മാറിനിന്നു.

ഭിക്ഷ യാചിക്കുക എന്നുള്ള ക്രിയയായപ്പോൾ നമ്പൂരിപ്പാടു് ഓതിക്കോനോടു് “ഇപ്പോൾ വിശേ‌ഷാൽ വന്നിരിക്കുന്ന ആ അന്തർജനത്തിന്റെ അടുക്കൽ വേണം ഭിക്ഷ യാചിക്കാൻ. ആദ്യം ഭിക്ഷയിടാനും ആ അന്തർജനം വേണം. ഉണ്ണിയുടെ അമ്മ രണ്ടാമതു ഭിക്ഷയിട്ടുകൊള്ളട്ടെ. അതു മതി” എന്നു പറഞ്ഞു.

ഓതിക്കോൻ
അതു വിഹിതമല്ല. ഉണ്ണിയുടെ അമ്മയാണു് ആദ്യം ഭിക്ഷയിടേണ്ടതു്. അതു കഴിഞ്ഞല്ലാതെ മറ്റാർക്കും ഭിക്ഷയിടാൻ പാടില്ല.
നമ്പൂരിപ്പാടു്
ഇപ്പോൾ വന്നിരിക്കുന്നതു് ഉണ്ണിയുടെ വലിയമ്മയാണു്. ഞാൻ ആദ്യം വേളി കഴിച്ചതു് ഈ അന്തർജനത്തെയാണു്. അതിനാൽ ഈ അന്തർജനം വേണം ആദ്യം ഭിക്ഷയിടാൻ.

ഇതു കേട്ടപ്പോൾ നമ്പൂരിപ്പാട്ടിലെ ചാർച്ചക്കാരായും സ്വജനങ്ങളായും മറ്റും അവിടെ വന്നുകൂടിയിരുന്ന നമ്പൂരിമാരും അന്തർജനങ്ങളും ഓതിക്കോനും എല്ലാവരും “അങ്ങു് ഈ ഉണ്ണിയുടെ അമ്മയെ വേളി കഴിക്കുന്നതിനു മുമ്പു് ഒന്നുകൂടി വേളി കഴിച്ചിട്ടുണ്ടെങ്കിൽ അതു ഞങ്ങളാരും അറിയാതിരിക്കുമോ? അങ്ങു് ഈ പറഞ്ഞതു ശുദ്ധമേ ഭോ‌ഷ്കാണു്. അല്ലെങ്കിൽ പറയു, കേൾക്കട്ടെ; ഈ അന്തർജനം എവിടുത്തെ, ആരുടെ മകളാണു്?” എന്നും മറ്റും ചില ചോദ്യങ്ങളും വഴക്കുകളും തർക്കങ്ങളും കലശലായി. ഈ വന്നിരിക്കുന്നതു തന്റെ സഹപത്നിയാണെന്നും തന്നെക്കൊണ്ടു് ആദ്യം ഭിക്ഷയിടുവിക്കുകയില്ലെന്നും അറിഞ്ഞപ്പോൾ ആ ഉണ്ണിയുടെ അമ്മയായ അന്തർജനത്തിനു കോപവും മനസ്താപവും ദുസ്സഹമായിത്തീരുകയാൽ ആ അന്തർജനം, “എനിക്കു് കാൺമാൻ കൊതിച്ചു് ആദ്യമുണ്ടായ ഈ ഉണ്ണിക്കു് ആദ്യമെന്നല്ല, ഒരിക്കലും ഈ തെണ്ടിക്കേറിവന്ന വരത്തയെക്കൊണ്ടു ഭിക്ഷയിടീക്കാൻ ഞാൻ സമ്മതിക്കില്ല. എന്റെ ഉണ്ണിക്കു് ഞാൻ ഭിക്ഷയിട്ടാൽ മതി. ഈ പിശാചു് വല്യമ്മ ചമഞ്ഞു് ഇപ്പോൾ എവിടുന്നാണു് കേറിവന്നതു്? എന്റെ ഉണ്ണിക്കു് ഇവൾ ഭിക്ഷയിടുകയാണെങ്കിൽ ഇവളുടെ മുഖത്തു ഞാൻ ചൂലെടുത്തടിക്കും” എന്നും മറ്റും ശകാരവും വഴക്കും പൊടിപൊടിച്ചു തുടങ്ങി. എല്ലാവരും ഇങ്ങനെ തനിക്കു വിരോധമായി പറഞ്ഞുതുടങ്ങുകയാൽ നമ്പൂരിപ്പാടു് ഒന്നും പറയാൻ ശക്തനല്ലാതെ അങ്ങനെ വല്ലാതെ അന്ധനായിത്തീർന്നു. അപ്പോൾ യക്ഷി, “ഞാൻ ഉണ്ണിക്കു ഭിക്ഷയിടാനാണു് വന്നതു്. ഉണ്ണിയുടെ അച്ഛനു് അതു സമ്മതവുമാണു്. അതിനാൽ നിങ്ങളൊക്കെ എന്തെല്ലാം പറഞ്ഞാലും ഭിക്ഷയിടാതെ ഞാൻ പോവുകയില്ല, നിശ്ചയംതന്നെ” എന്നു പറഞ്ഞു. ഉടനെ അന്തർജനം, “നിനക്കു് അത്ര നിശ്ചയവും മിടുക്കുമുണ്ടോ? എന്നാലതുതന്നെ ഒന്നറിയണം. നിന്നെ ഇവിടെനിന്നു പുറത്തിറക്കിയല്ലാതെ ഇവിടെ ഇനി ഉപനയനത്തിന്റെ ക്രിയ യാതൊന്നും പാടില്ല. ഞാനാണു് പറഞ്ഞതു്. ഭിക്ഷയാചിക്കാനും ഭിക്ഷയിടാനും ഇവളെ ഇവിടെനിന്നു് ഇറക്കി വിട്ടിട്ടു വേണം. വരുവിൻ, ആത്തേമ്മാരുകളെല്ലാരും വരുവിൻ! നമുക്കിവളെപ്പിടിച്ചു് ഇവിടെ നിന്നു പുറത്താക്കാം. പിന്നെ നമ്പൂരിമാരും വാലിയക്കാരുംകൂടി ഇവളെ പടിക്കു പുറത്താക്കി അയച്ചോളും” എന്നു പറഞ്ഞു ശേ‌ഷമുള്ള അന്തർജനങ്ങളുടെ സഹായത്തോടുകൂടി യക്ഷിയെ പിടിച്ചു് ആ അകത്തുനിന്നു പുറത്താക്കി. നമ്പൂരിപ്പാടു് “അയ്യോ! സാഹസം പ്രവർത്തിക്കരുതു്” എന്നു പറഞ്ഞു നിലവിളച്ചുകൊണ്ടു് പിന്നാലെചെന്നു. പടിക്കു പുറത്തു് കൊണ്ടുപോയി തള്ളിയെ ഉടനെ ലജ്ജയും കോപവും സഹിക്കാൻ പാടില്ലാതെ യക്ഷി സ്വന്തമായ രൂപത്തെത്തന്നെ സ്വീകരിച്ചു് അവിടെ നിന്നുകൊണ്ടു് നമ്പൂരിപ്പാടിനോടായിട്ടു്, “അവിടുന്നു് ഒട്ടും വ്യസനിക്കരുതു്. ഇതൊന്നും അവിടുത്തെ ദോ‌ഷംകൊണ്ടല്ലെന്നു് എനിക്കറിയാം. എനിക്കു് അവിടുത്തേപ്പേരിൽ ലേശംപോലും പരിഭവവുമില്ല. എങ്കിലും ഈ സ്ഥലത്തും ഈ അടിയന്തരത്തിങ്കലുംവെച്ചു് എന്നെ ഇപ്രകാരം അവമാനിച്ചതിനാൽ ഇനി മൂന്നു തലമുറ കഴിഞ്ഞാൽപിന്നെ ഈ തറവാട്ടിൽ ഉണ്ണിയുണ്ടായിട്ടു് ഉപനയനം കഴിക്കാൻ സംഗതിയാവുകയില്ല, നിശ്ചയംതന്നെ. എന്നാൽ, ഇപ്പോൾ ഒരു വ്യാഴവട്ടത്തിലധികം കാലമായി എന്റെ സാന്നിധ്യം ഈ സ്ഥലത്തു് ഉണ്ടായിട്ടുള്ളതിന്റെ ഫലമാഹാത്മ്യം ഹേതുവായിട്ടു് ഒടുവിൽ രണ്ടു തലമുറയ്ക്കുണ്ടാകുന്ന രണ്ടു പുരു‌ഷന്മാർ സരസ്വതീപ്രസാദംകൊണ്ടു് വിശ്വവിശ്രുതന്മാരായിത്തീരുകയും ചെയ്യും. ഇത്രയും കാലം മനു‌ഷ്യസഹവാസത്തോടുകൂടി ഞാൻ ഭൂലോകത്തിൽത്തന്നെ താമസിച്ചു പോയതുകൊണ്ടു് ഇനി ഞാൻ ഞങ്ങളുടെ ലോകത്തിൽ ചെന്നാൽ എന്നെ അവിടെ യഥാപൂർവം സ്വീകരിക്കുമെന്നു തോന്നുന്നില്ല. എന്നുമാത്രമല്ല, ഈ അവമാനം അനുഭവിച്ചിട്ടു് ഇനി ജീവിച്ചിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. അവിടുന്നു് എന്നെക്കുറിച്ചു് വിചാരിച്ചു് വ്യസനിക്കരുതു്. അകത്തു് പോയി ഉപനയനത്തിന്റെ ശേ‌ഷം ക്രിയകൾകൂടി നടത്തി, ഇനിയും വളരെക്കാലം ഭാര്യാപുത്രാദികളോടുകൂടി സുഖമായി ജീവിച്ചിരുന്നാലും. ഞാൻ ഇതാ യോഗാഗ്നിയിൽ എന്റെ ദേഹത്തെ ഭസ്മീകരിക്കുന്നു” എന്നു പറയുകയും ഉടനെ ആ യക്ഷി എല്ലാവർക്കും അദൃഷ്ടയായി ഭവിക്കുകയും ഒരു തേജസ്സു മേൽപ്പോട്ടുയർന്നു മേഘമണ്ഡലത്തിൽ കേറി മറയുന്നതു് എല്ലാവരാലും കാണപ്പെടുകയും ചെയ്തു. യക്ഷിയുടെ ഈ വാക്കു കേൾക്കുകയും ഈ അത്ഭുതം കാണുകയും ചെയ്തപ്പോൾ തങ്ങൾ പ്രവർത്തിച്ചതു സാഹസവും അവിവേകവുമായി എന്നു് എല്ലാവർക്കും തോന്നി എങ്കിലും “അതീത കാര്യാനുശയേന കിം സ്യാതു്”. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ വെൺമണിനമ്പൂരിപ്പാടന്മാരുടെ സാക്ഷാൽ തറവാടു് ഇപ്പോൾ പുരു‌ഷന്മാരില്ലാതെ ശൂന്യപ്രായമായിരിക്കുന്നതു് ആ യക്ഷിയുടെ ശാപം കൊണ്ടും ഒടുവിലത്തെ തലമുറക്കാരും കൊല്ലം 1066-ആമാണ്ടു വൃശ്ചികമാസത്തിലും 1068-ആമാണ്ടു മകര മാസത്തിലുമായി ദേഹവിയോഗം ചെയ്തവരുമായ വെൺമണി അച്ഛൻനമ്പൂരിപ്പാടും മഹൻ നമ്പൂരിപ്പാടു വിശ്വവിശ്രുതന്മാരായിത്തീർന്നതു് ആ യക്ഷിയുടെ അനുഗ്രഹമാഹത്മ്യം കൊണ്ടു മാത്രമാണെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഇപ്പോൾ‍ ഉള്ള വെൺമണിനമ്പൂരിപ്പാടന്മാർ പണ്ടേതന്നെ ഈ കുടുംബത്തിൽനിന്നു പിരിഞ്ഞുപോയിട്ടുള്ള ഒരു അച്ഛൻ നമ്പൂരിപ്പാട്ടിലെ ശാഖയിലുണ്ടായിട്ടുള്ളവരാണു്.