close
Sayahna Sayahna
Search

ഐതിഹ്യമാല-36


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഒരന്തർജ്ജനത്തിന്റെ യുക്തി

സ്ത്രീകൾ വിവേകശൂന്യകളും ദുർമാർഗ്ഗചാരിണികളും ഭർതൃശുശ്രൂ‌ഷാവിമുഖികളും ആയിപ്പോകുന്നതു് അവരുടെ ഭർത്താക്കന്മാരുടെ കൊള്ളരുതായ്കകൊണ്ടാണെന്നാണല്ലോ മഹാന്മാരുടെ അഭിപ്രായം. ‘യോ‌ഷാദോ‌ഷം മൃ‌ഷാ യഃ കഥയതി വിദു‌ഷേ ഹന്ത! തസ്മൈ നമസ്തേ’ എന്നൊരു മഹദ്വചനമുണ്ടായിട്ടുള്ളതും ഈ അഭിപ്രായത്തിൽ നിന്നാണല്ലോ. എന്നാൽ, പുരു‌ഷന്മാർ ദുർമാർഗ്ഗചാരികളായി ധൂർത്തടിച്ചു നടക്കുന്നതു് അവരുടെ ഭാര്യമാരായ സ്ത്രീകളുടെ കൊള്ളരുതായ്ക കൊണ്ടാണെന്നും നിസ്സംശയം പറയാവുന്നതാണു്. വാസ്തവം വിചാരിച്ചാൽ നല്ല തന്റേടമുള്ള ഒരു പുരു‌ഷനു തന്റെ ഭാര്യയെ ഭർതൃശുശ്രൂ‌ഷാനിരതയും പാതിവ്രത്യ നിഷ്ഠയുള്ളവളുമായിരുന്നാൽ എത്രത്തോളം കഴിയുമോ അതിൽ പതിന്മടങ്ങു്, ഒരു സ്ത്രീ നല്ല വൈദഗ്ദ്ധ്യമുള്ളവളാണങ്കിൽ അവളുടെ ഭർത്താവിനെ ഏകപത്നീവ്രതത്തോടുകൂടി സന്മാർഗ്ഗത്തിൽ നടത്താൻ കഴിയുമെന്നുള്ളതിനു സംശയമില്ല. ഇനി സ്ത്രീകൾ ദുർമാർഗ്ഗചാരിണികളും പുരു‌ഷന്മാർ ദുർമാർഗ്ഗചാരികളുമായിത്തീരുന്നതിന്റെ കാരണം വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഇതിനു രണ്ടിനും ദൃഷ്ടാന്തം നമ്മുടെ നാട്ടുകാരുടെ ഇടയിൽ തന്നെ ധാരാളമുള്ളതുകൊണ്ടു് ഇതിനുവേറേ തെളിവൊന്നും വേണമെന്നും തോന്നുന്നില്ല. എങ്കിലും ഇതിനു ദൃഷ്ടാന്തമായി കേട്ടിട്ടുള്ള ഒരൈതിഹ്യം ഇവിടെ പറഞ്ഞുകൊള്ളുന്നു.

പണ്ടു് ഇടപ്പള്ളിയിലെ ഒരു വലിയ തമ്പുരാൻ അവിടുത്തെ ദേശവഴികളിൽ ഒന്നായ ‘കല്ലൂപ്പാറ’ എന്ന ദിക്കിൽ പോയി താമസിച്ചിരുന്നു. വിവാഹം ചെയ്തിട്ടുണ്ടായിരുന്നു എങ്കിലും കല്ലൂപ്പാറ ഒരു ബാന്ധവമുണ്ടായിരുന്നതിനാൽ അവിടുന്നു ഇടപ്പള്ളിൽപോയി താമസിക്കുക പതിവില്ല. വിവാഹസംബന്ധങ്ങളായ ക്രിയകളെല്ലാം കഴിഞ്ഞതിന്റെ ശേ‌ഷം അവിടുന്നു് അന്തർജനത്തെതൊട്ടിട്ടില്ലെന്നല്ല, കാണുകപോലും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണു് .

ഇങ്ങിനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ അവിടുത്തെ ബാന്ധവജനങ്ങൾക്കെല്ലാം വളരെ വ്യസനമായിത്തീർന്നു. ‘വിവാഹം കഴിച്ചിട്ടു പത്തു പന്ത്രണ്ടു കൊല്ലമായി. ഇതുവരെ സന്തതിയുണ്ടായിട്ടില്ല. രാജത്വം കൂടിയുള്ള ഒരു വലിയ ബ്രാഹ്മണകുടുംബം സന്തതിയില്ലാതെ നശിച്ചുപോകുന്നതു കഷ്ടമാണല്ലോ. സന്താനാർത്ഥം വല്ല സൽകർമ്മങ്ങളും തുടങ്ങണം അല്ലെങ്കിൽ അവിടുത്തെക്കൊണ്ടു് ഒന്നുകൂടി വിവാഹം കഴിപ്പിക്കണമെന്നിങ്ങനെ വിചാരിച്ചു ബന്ധുക്കളായ ചില നമ്പൂതിരിമാർ കല്ലൂപ്പാറയെത്തി വലിയതമ്പുരാനെക്കണ്ടു തങ്ങൾ ചെന്ന കാര്യം അറിയിച്ചു. ആദ്യം അവിടുന്നു് ഇവർ പറഞ്ഞതൊന്നും അത്ര ആദരിച്ചില്ല. എങ്കിലും നമ്പൂതിരിമാർ വീണ്ടും നിർബന്ധിക്കുകയാൽ ഒന്നു കൂടി വേളി കഴിക്കാമെന്നു് അവിടുന്നു് സമ്മതിച്ചു. ആദ്യത്തെ അന്തർജനം വന്ധ്യയായതിനാലാണു് സന്തതിയുണ്ടാകാത്തതെന്നായിരുന്നു നമ്പൂരിമാരുടെ വിചാരം. അതിനാലാണു് അവർ രണ്ടാം വിവാഹത്തിനു അത്ര നിർബന്ധിച്ചതു്. ഒടുക്കം വലിയ തമ്പുരാൻ ‘നാമിനി രണ്ടാമതും വിവാഹം ചെയ്യണമെങ്കിൽ ആദ്യത്തെ അന്തർജനത്തിന്റെ സമ്മതം വേണമല്ലോ. അതെങ്ങിനെയാണു്? എനിയ്ക്കു് അവരോടു് ചോദിക്കാൻ കഴിയുകയില്ല’ എന്നു പറഞ്ഞു.

Chap36pge252.png

അപ്പോൾ നമ്പൂതിരിമാർ ‘അകായിലെ സമ്മതം ഞങ്ങൾ വാങ്ങിക്കൊള്ളാം. അതിനൊന്നും പ്രയാസമില്ല.’ എന്നു പറഞ്ഞു. എന്നാൽ ‘നമ്മുടെ കാര്യസ്ഥനെ കൂടി അയയ്ക്കാം. അകായിൽ നിന്നു അനുവദിക്കുന്ന പക്ഷം ആ വിവരം കാര്യസ്ഥനോടു പറഞ്ഞയച്ചാൽ ഉടനെ നാം അങ്ങോട്ടുവരാം’ എന്നു വലിയതമ്പുരാനും പറഞ്ഞു. അങ്ങിനെ സമ്മതിച്ചു നമ്പൂതിരിമാരും കാര്യസ്ഥനും കൂടി പുറപ്പെട്ടു് ഇടപ്പള്ളിയിൽ എത്തി. ഒരു ദാസി മുഖാന്തിരം വിവരം അകായിലെ ധരിപ്പിക്കുകയും അനുവാദം ചോദിക്കുകയും ചെയ്തു. അപ്പോൾ ആ അന്തർജനം ‘ഇവിടെ സന്തതിയുണ്ടാകേണ്ടതു അത്യാവശ്യമാണു് . അതു എനിക്കു വളരെ ആഗ്രഹമുള്ള കാര്യമാണു്. അതിനാൽ അവിടുന്നു രണ്ടാമതും വിവാഹം കഴിക്കുന്നതിനു എനിക്കു പൂർണ്ണസമ്മതമാണു്. എന്നാൽ ഒരു കാര്യം കൂടി എനിക്കു ആഗ്രഹമുണ്ടു്. ഇനി വേളികഴിക്കുന്നെങ്കിലും നല്ലതുപോലെ ജാതകം നോക്കി വേണം. ഒന്നിങ്ങനെ വന്നു, ഇനി വരരുതല്ലോ. എന്റെ ജാതകംപോലുള്ളവരെ വിവാഹം ചെയ്തതുകൊണ്ടു് പ്രയോജനമില്ല. അവിടുന്നു് കല്ലൂപ്പാറ താമസിച്ചാൽ ഇവിടെ സന്തതിയുണ്ടാകണം. അങ്ങിനെയുള്ള ജാതകമുണ്ടങ്കിൽ അതു നോക്കി വേണം ഇനി വിവാഹം കഴിക്കാൻ’ എന്നു പറഞ്ഞു. ഇതു കേട്ടപ്പോഴാണു സംഗതി എല്ലാവർക്കും മനസ്സിലായതു്. കാര്യസ്ഥൻ ഉടനെപോയി കല്ലൂപ്പാറയിൽ ചെന്നു അകായിൽ പറഞ്ഞതുപോലെ വലിയ തമ്പുരാന്റെ അടുക്കൽ അറിയിച്ചു. ഇതു കേട്ടപ്പോൾ തമ്പുരാന്റെ മനസ്സിൽ ലജ്ജയോ, അത്ഭുതമോ, മനസ്താപമോ എന്തെല്ലാമാണുണ്ടായതെന്നു അവിടേക്കു തന്നെ അറിയാം. എതെങ്കിലും ഈ അന്തർജനത്തിന്റെ യുക്തി കേട്ടിട്ടു മാത്ര പോലും താമസിയാതെ വലിയതമ്പുരാൻ ബോട്ടുകയറി ഇടപ്പള്ളിയിലെത്തി താമസമായി. ആ അന്തർജനത്തിന്റെ ബുദ്ധിഗുണവും ഭർത്തൃശുശ്രൂ‌ഷാസാമർഥ്യവും മറ്റും കൊണ്ടു മനസ്സുലയിച്ചു പോകയാൽ പിന്നെ രണ്ടാം വിവാഹത്തിന്റെ പ്രസംഗംപോലുമുണ്ടായില്ല. കല്ലൂപ്പാറയ്ക്കു പോകണമെന്ന ആഗ്രഹവും നിലച്ചു. മുറയ്ക്കു ഗൃഹസ്ഥാശ്രമം അനുഷ്ഠിച്ചുകൊണ്ടു് ഇടപ്പള്ളിയിൽ താമസവുമായി. അങ്ങിനെ ഒരു കൊല്ലം കഴിയുന്നതിനു മുൻപു അവിടേയ്ക്കു ഒരു പുത്രസന്താനം ഉണ്ടാവുകയും ചെയ്തു. പിന്നെ അവിടുന്നു അജീവനാന്തം ആ നിലയിൽ തന്നെ താമസിച്ചിരുന്നു എന്നും ആ അന്തർജനത്തിൽ നിന്നും അനേകം സന്താനങ്ങൾ അവിടേക്കു് ഉണ്ടായി എന്നും കേട്ടിരിക്കുന്നു. ആ അന്തർജനത്തെപ്പോലെ യുക്തിയുക്തമായി സംഭാ‌ഷണം ചെയ്തും ഭക്തിപൂർവം ഭർത്തൃശുശ്രൂ‌ഷചെയ്തും പാതിവ്രത്യനിഷ്ഠയോടുകൂടിയിരുന്നു നമ്മുടെ കേരളീയസ്ത്രീകളെല്ലാവരും തങ്ങളുടെ ഭർത്താക്കന്മാരെ ദുർമാർഗ്ഗത്തിൽ വിടാതെ തങ്ങളിൽ ആസക്തചിത്തന്മാരാക്കിത്തീർത്തു് ഭർത്തൃസുഖത്തോടും സൽസന്താനലാഭത്തോടും കൂടി സുഖമാകുംവണ്ണം വസിക്കട്ടെ.