close
Sayahna Sayahna
Search

ഭർത്തൃഹരി


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ർത്തൃഹരി ആദ്യമേതന്നെ നിത്യ ബ്രഹ്മചാരിയായിരുന്നു എന്നും അതല്ല അദ്ദേഹം ആദ്യം വിവാഹം കഴിക്കുകയും ഗൃഹസ്ഥാശ്രമത്തെ സ്വീകരിച്ചു കുറച്ചുകാലം ഇരിക്കുകയും ചെയ്തു. പിന്നീടു വിരക്തനും സന്യാസിയുമായിത്തീർന്നതാണെന്നും ഇങ്ങനെ രണ്ടുവിധം കേൾവിയുണ്ടു്. അദ്ദേഹം ഐഹിക സുഖങ്ങളെ ഉപേക്ഷിച്ചു വിരക്തനായിത്തീർന്നതിനു് ഒരു കാരണവും ചിലർ പറയുന്നുണ്ടു്. അതു താഴെ പറഞ്ഞുകൊള്ളുന്നു.

ഒരു ദിവസം ഒരു യോഗീശ്വരൻ ഭർത്തൃഹരിയുടെ ഗൃഹത്തിൽ വന്നു. ആ യോഗി ഒരു മാമ്പഴം ഭർത്തൃഹരിയുടെ കൈയിൽ കൊടുത്തിട്ടു്, “ഈ മാമ്പഴം തിന്നാൽ ജരാനരകൾ കൂടാതെ എന്നും ജീവിച്ചിരിക്കും” എന്നു പറഞ്ഞു ഉടനെ ഇറങ്ങിപ്പോവുകയും ചെയ്തു.

യോഗി പോയതിന്റെ ശേഷം ഭർത്തൃഹരി, “കുറച്ചു കാലം കഴിയുമ്പോൾ എന്റെ പ്രിയതമ വാർധക്യം നിമിത്തം ജരാനരകളാൽ ബാധിതയായി മരിച്ചുപോകുമല്ലോ. അവൾ മരിച്ചിട്ടു പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണു്? അതിനാൽ ഈ മാമ്പഴം അവൾക്കു കൊടുക്കണം. അവൾ എന്നും ജീവിച്ചിരിക്കട്ടെ” എന്നു വിചാരിച്ചു് ആ മാമ്പഴം ഭാര്യയ്ക്കു കൊടുക്കുകയും അതിന്റെ മാഹാത്മ്യം ഇന്നപ്രകാരമാണെന്നു് അവളെ ധരിപ്പിക്കുകയും ചെയ്തു. ഭർത്തൃഹരി അസാമാന്യമായി സ്നേഹിച്ചും പതിവ്രതാശിരോമണിയെന്നു വിശ്വസിച്ചും വെച്ചിരുന്ന ആ ഭാര്യയ്ക്കു് ഒരു ജാരൻ ഉണ്ടായിരുന്നു. അവൻ ഭർത്തൃഹരിയുടെ അശ്വപാലകൻ (കുതിരക്കാരൻ) തന്നെയായിരുന്നു. മാമ്പഴം കൈയിൽക്കിട്ടുകയും അതിന്റെ മാഹാത്മ്യത്തെപ്പറ്റി അറിയുകയും ചെയ്തപ്പോൾ പുംശ്ചലിയായ ആ സ്ത്രീ, “നമ്മുടെ ജാരൻ മരിച്ചിട്ടു പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണു്? അവൻ എന്നും ജീവിച്ചിരിക്കട്ടെ” എന്നു വിചാരിച്ചു് ആ മാമ്പഴം ആരുമറിയാതെ ജാരനെ വരുത്തി, അവനു കൊടുക്കുകയും അതിന്റെ മാഹാത്മ്യത്തെ ഗ്രഹിപ്പിക്കുകയും ചെയ്തു. ആ കുതിരക്കാരൻ, എന്റെ ഭാര്യ മരിച്ചിട്ടു പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണു്? അവൾ എന്നും ജീവിച്ചിരിക്കട്ടെ എന്നു വിചാരിച്ചു് അതു് അവന്റെ ഭാര്യയ്ക്കു കൊടുത്തു. കുതിരക്കാരന്റെ ഭാര്യ ഭർത്തൃഹരിയുടെ ഭവനത്തിലെ അടിച്ചുതളിക്കാരത്തിയുമായിരുന്നു. അവൾ അവിടെ വന്നു് അടിച്ചുതളി കഴിഞ്ഞു് അവളുടെ വീട്ടിലേക്കു പോയ സമയത്താണു് കുതിരക്കാരൻ ഈ മാമ്പഴം അവൾക്കു കൊടുത്തു് അതിന്റെ മാഹാത്മ്യത്തെ ധരിപ്പിച്ചതു്. ഭർത്തൃഹരി പുറത്തു് എവിടെയോ പോയി തിരിച്ചു വരുമ്പോൾ മാധ്യേമാർഗ്ഗം ആ സ്ത്രീ ആ മാമ്പഴവും കൊണ്ടു പോകുന്നതു കണ്ടു. മാമ്പഴം കണ്ടപ്പോൾ അതു തനിക്കു് യോഗി തരികയും താൻ ഭാര്യയ്ക്കു കൊടുക്കുകയും ചെയ്തതാണെന്നു് അദ്ദേഹത്തിനും മനസ്സിലാവുകയാൽ അദ്ദേഹം അവളോടു് “നിനക്കു് ഈ മാമ്പഴം എവിടെനിന്നു കിട്ടി?” എന്നു ചോദിച്ചു. “ഇതു് എനിക്കു് എന്റെ ഭർത്താവു തന്നതാണു്” എന്നു മാത്രം പറഞ്ഞിട്ടു് അവൾ പോയി.

ഭർത്തൃഹരി സ്വഗൃഹത്തിൽ വന്നതിന്റെശേഷം കുതിരക്കാരനെ വരുത്തി, ആ മാമ്പഴം അവനു് എവിടെനിന്നും കിട്ടി എന്നു ചോദിച്ചു. ആദ്യമൊക്കെ അവൻ ചില വ്യാജങ്ങൾ പറഞ്ഞുവെങ്കിലും ഒടുക്കം ഭർത്തൃഹരിയുടെ നിർബന്ധവും ഭീഷണിയും കൊണ്ടു വാസ്തവംതന്നെ പറഞ്ഞു. അതു കേട്ടപ്പോൾ ഭർത്തൃഹരിക്കു വളരെ വ്യസനമുണ്ടായി. “കഷ്ടം! ഞാൻ അതിമാത്രം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നതു് ഈ കുലടയെ ആണല്ലോ. സ്ത്രീകളെ ഒരിക്കലും വിശ്വസിക്കാൻ പാടില്ല. കഷ്ടം! ഇവൾക്കു വിരൂപനും തന്റെ ഭൃത്യനുമായ ഈ നീചങ്കലാണല്ലോ അഭിനിവേശമുണ്ടായതു്. ആശ്ചര്യം തന്നെ! ഇവൻ ഇവളുടെ ജാരനല്ലെങ്കിൽ ഇവൾക്കു് ഇവനോടു് ഇത്രയും സ്നേഹം തോന്നാനും ഈ മാമ്പഴം ഇവനു കൊടുക്കാനും ഇടയില്ല. ഏതായാലും ഇതിനെക്കുറിച്ചു് ഇപ്പോൾ ഒന്നും പറയേണ്ടാ” എന്നിങ്ങനെ വിചാരിച്ചു് അദ്ദേഹം കുതിരക്കാരനെ പറഞ്ഞയച്ചിട്ടു് ശയന ഗൃഹത്തിൽ പോയി വിചാരമഗ്നനായി കിടന്നു. കുതിരക്കാരൻ ഈ ഉണ്ടായ സംഗതിയെല്ലാം ഒരു ദാസിമുഖേന ഭർത്തൃഹരിയുടെ ഭാര്യയെ ഗ്രഹിപ്പിച്ചു. തന്റെ വ്യാജപ്രവൃത്തികളെല്ലാം ഭർത്താവറിഞ്ഞു എന്നറിഞ്ഞപ്പോൾ അവൾക്കു വളരെ വ്യസനവും ഭയവുമുണ്ടായി. ഇതു നിമിത്തം തന്റെ ജാരനു കഠിനശിക്ഷയും തനിക്കു് ദുര്യശസ്സു മുണ്ടാകുമെന്നും ഇവ രണ്ടും ഉണ്ടാകാതെയിരിക്കണമെങ്കിൽ ഭർത്താവിന്റെ കഥ ഉടനെ കഴിക്കണമെന്നും അവൾ നിശ്ചയിച്ചു. ഉടനെ അവൾ വിഷം ചേർത്തു് ഒരു ഓട്ടട (ഒരു പലഹാരം) ഉണ്ടാക്കി, “ഭക്ഷണം തയ്യാറാക്കാൻ കുറച്ചു താമസമുണ്ടു്. വയറു കായാതിരിക്കട്ടെ. ഇതു തിന്നോളൂ” എന്നു പറഞ്ഞു് ആ പലഹാരം ഭർത്തൃഹരിയുടെ കൈയിൽ കൊടുത്തു. അംഗനാജനത്തോളം ദുർബുദ്ധി മറ്റാർക്കുള്ളു?

Chap4pge19.png

ഭർത്തൃഹരി പലഹാരം കൈയിൽ വാങ്ങിക്കൊണ്ടു്, “ഇവൾ എന്നെ കൊല്ലാനായി വിഷം കൂട്ടി ഉണ്ടാക്കിയതായിരിക്കണം. ഇനി ഇവളുടെ സഹവാസം ഉപേക്ഷിക്കുക തന്നെയാണു് യുക്തം; സംശയമില്ല. നാലാശ്രമങ്ങളുള്ളതിൽ ഉത്തമവും സുഖപ്രദവും ദുഃഖരഹിതവുമായിരിക്കുന്നതു് ചതുർത്ഥാശ്രമം തന്നെയാണു്. അതിനാൽ അചിരേണ അതിനെത്തന്നെ സ്വീകരിക്കണം” എന്നു മനസ്സിലാക്കിക്കൊണ്ടു നിശ്ചയിച്ചിട്ടു് “ഓട്ടപ്പം വീട്ടേച്ചുടും” എന്നു പറഞ്ഞുകൊണ്ടു് അവിടെനിന്നെണീറ്റു പുറത്തുവന്നു. ആ പലഹാരം പുരയുടെ ഇറമ്പിൽ തിരുകിവെച്ചിട്ടു് അദ്ദേഹം ഭിക്ഷവാങ്ങി ഭക്ഷിക്കുന്നതിനായി ഒരു ചട്ടി കൈയിലെടുത്തുകൊണ്ടു പുറത്തിറങ്ങിപ്പോവുകയും ചെയ്തു. ഭർത്തൃഹരി പടിക്കു പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ പുരയ്ക്കു തീപിടിക്കുകയും സർവസ്വവും ഭസ്മാവശേഷമായിത്തീരുകയും ചെയ്തു.

അനന്തരം ഭർത്തൃഹരി സന്യാസവൃത്തിയോടുകൂടിയും ഭിക്ഷയെടുത്തു ഭക്ഷണം കഴിച്ചും പല സ്ഥലങ്ങളിൽ സഞ്ചരിച്ചു. ഒടുക്കം അദ്ദേഹം ഭിക്ഷ യാചിച്ചു വാങ്ങി ഭക്ഷണം കഴിക്കുന്നതു യുക്തമല്ലെന്നും വല്ലവരും വല്ലതും കൊണ്ടുവന്നുതന്നെങ്കിൽ മാത്രം ഭക്ഷിച്ചാൽ മതിയെന്നും നിശ്ചയിച്ചു് പരദേശത്തുള്ള ഒരു മഹാക്ഷേത്രത്തിൽ (ചിദംബരത്താണെന്നു ചിലർ പറയുന്നു) ചെന്നുചേർന്നു. അവിടെ കിഴക്കേ ഗോപുരത്തിൽ “പട്ടണത്തുപിള്ള” എന്നു പ്രസിദ്ധനായ സന്യാസി ശ്രേഷ്ഠൻ ഇരിക്കുന്നുണ്ടായിരുന്നു. അതിനാൽ ഭർത്തൃഹരി പടിഞ്ഞാറേ ഗോപുരത്തിൽ പോയി തന്റെ ചട്ടിയും മുമ്പിൽവെച്ചു് അവിടെയിരുന്നു. ആ ചട്ടിയിൽ വല്ലവരും ഭക്ഷണസാധനവും കൊണ്ടു ചെന്നിട്ടാൽ ഭർത്തൃഹരി അതെടുത്തു ഭക്ഷിച്ചിരുന്നു. അതിൽ ആരും ഒന്നും കൊണ്ടു ചെന്നിട്ടു കൊടുത്തില്ലെങ്കിൽ അദ്ദേഹം ഭക്ഷിക്കാറുമില്ല. ഭക്ഷണം കൂടാതെ അദ്ദേഹം അനേകം ദിവസങ്ങൾ കഴിച്ചുകൂട്ടാറുണ്ടായിരുന്നു. എന്നാൽ അതുകൊണ്ടു് അദ്ദേഹത്തിനു് വിശേഷിച്ചു യാതൊരു സുഖക്കേടും ക്ഷീണവും ഉണ്ടാകാറുമില്ല.

അങ്ങനെയിരിക്കുന്ന കാലത്തു് ഒരു ദിവസം ഒരു ഭിക്ഷക്കാരൻ അവിടെ കിഴക്കേ ഗോപുരത്തിൽ ചെന്നു പട്ടണത്തുപിള്ളയോടു ഭിക്ഷ യാചിച്ചു. അപ്പോൾ പട്ടണത്തുപിള്ള “ഞാനും തന്നേപ്പോലെ തന്നെ ഒരു ഭിക്ഷക്കാരനാണു്. തനിക്കു തരുന്നതിനു് എന്റെ കൈവശം യാതൊന്നുമില്ല. എന്നാൽ പടിഞ്ഞാറേ ഗോപുരത്തിൽ ഒരു ധനികൻ ഇരിക്കുന്നുണ്ടു്. അവിടെച്ചെന്നു ചോദിച്ചാൽ അദ്ദേഹം വല്ലതും തരുമായിരിക്കും” എന്നു പറഞ്ഞു. ഉടനെ ആ ഭിക്ഷക്കാരൻ പടിഞ്ഞാറേ ഗോപുരത്തിൽ ഭർത്തൃഹരിയുടെ അടുക്കൽ ചെന്നു ഭിക്ഷ ചോദിച്ചു. അപ്പോൾ ഭർത്തൃഹരിയും “ഭിക്ഷ കൊടുക്കുന്നതിനു് എന്റെ കൈവശം യാതൊന്നുമില്ല. ഞാനും തന്നേപ്പോലെ ഒരു ദരിദ്രനാണു്” എന്നു പറഞ്ഞു. ഉടനെ ഭിക്ഷക്കാരൻ “അങ്ങു് ഒരു ധനവാനാണെന്നു കിഴക്കേ ഗോപുരത്തിലിരിക്കുന്ന മനുഷ്യൻ പറഞ്ഞല്ലോ?” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ താനൊരു ചട്ടി വച്ചുകൊണ്ടിരിക്കുന്നതിനാലാണു് പട്ടണത്തു പിള്ള ഇങ്ങനെ പറഞ്ഞയച്ചതെന്നും, വിരക്തൻമാർക്കു് ഇങ്ങനെ ഒരു ചട്ടി വെച്ചുകൊണ്ടിരിക്കുന്നതു് അയുക്തവും അനാവശ്യവുമാണെന്നും ഇങ്ങനെ ഒരു പാത്രം വെച്ചുകൊണ്ടിരുന്നാൽ വല്ലവരും വല്ലതും തന്നാൽ കൊള്ളാമെന്നു് തനിക്കാഗ്രഹമുണ്ടെന്നു് അർത്ഥമാകുന്നതാണെന്നുമാണു് പിള്ളയുടെ അഭിപ്രായമെന്നും മനസ്സിലാവുകയാൽ “ഇനി ഇതിരുന്നിട്ടു് ആരും ഇങ്ങനെ പറയാനിടയാകരുതു്” എന്നും പറഞ്ഞു് അദ്ദേഹം ആ ചട്ടിയെടുത്തു് ഒരേറുകൊടുത്തു. മൺപാത്രമായ ചട്ടി ഉടഞ്ഞു തകർന്നുപോയി എന്നുള്ളതു പറയണമെന്നില്ലല്ലോ. പിന്നെ ഭർത്തൃഹരി ആജീവനാന്തം ആ പുണ്യക്ഷേത്രസന്നിധിയിൽ തന്നെ ഇരുന്നിരുന്നുവെന്നും അദ്ദേഹത്തിന്റെ വിശിഷ്ട കൃതികളെല്ലാം അദ്ദേഹം അവിടെയിരുന്നു് ഉണ്ടാക്കിയിട്ടുള്ളവയാണെന്നുമാണു് കേൾവി.