close
Sayahna Sayahna
Search

Difference between revisions of "ഐതിഹ്യമാല-92"


Line 1: Line 1:
 
__NOTITLE____NOTOC__←  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]
 
__NOTITLE____NOTOC__←  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]
{{SFN/Aim}}{{SFN/AimBox}}
+
{{SFN/Aim}}{{SFN/AimBox}}{{DISPLAYTITLE:ഉത്രം തിരുനാൾ തിരുമനസ്സുകൊണ്ടും കഥകളിയോഗവും}}
==ഉത്രം തിരുനാൾ തിരുമനസ്സുകൊണ്ടും കഥകളിയോഗവും==
 
 
 
 
ഗംഭീരാശയനും സംഗീതസാഹിത്യകുശലനെന്നല്ല, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാൾ രാമവർമ്മമഹാരാജാവു തിരുമനസ്സിലെ കനിഷ്ഠഭ്രാതാവായ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു് തിരുവവതാരം ചെയ്തരുളിയതു് കൊല്ലം 990-ആമാണ്ടു ചിങ്ങമാസത്തിലായിരുന്നു. ഈ തിരുമനസ്സുകൊണ്ടു് അവിടുത്തെ ജ്യേഷ്ഠഭ്രാതാവിനെപ്പോലെതന്നെ ഗാംഭീര്യവും പല ഭാ‌ഷകളിൽ പാണ്ഡിത്യവും സംഗീതസാഹിത്യങ്ങളിൽ അനന്യസാധാരണമായ നൈപുണ്യവും സമ്പാദിച്ചിരുന്നില്ലെങ്കിലും മലയാളം, സംസ്കൃതം, ഇംഗ്ലീഷു് എന്നീ ഭാ‌ഷകളിൽ സാമാന്യജ്ഞാനവും ഒരുവിധം കവിതാവാസനയും അവിടേക്കുണ്ടായിരുന്നു. അവിടേക്കു സംസ്കൃതഭാ‌ഷാജ്ഞാനവും ഒരു വിധം കവിതാവാസനയുമുണ്ടായിരുന്നു എന്നുള്ളതു് അവിടുന്നു് കല്പിച്ചുണ്ടാക്കിയ “സിംഹധ്വജചരിതം” ആട്ടക്കഥകൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ടു്.
 
ഗംഭീരാശയനും സംഗീതസാഹിത്യകുശലനെന്നല്ല, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാൾ രാമവർമ്മമഹാരാജാവു തിരുമനസ്സിലെ കനിഷ്ഠഭ്രാതാവായ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു് തിരുവവതാരം ചെയ്തരുളിയതു് കൊല്ലം 990-ആമാണ്ടു ചിങ്ങമാസത്തിലായിരുന്നു. ഈ തിരുമനസ്സുകൊണ്ടു് അവിടുത്തെ ജ്യേഷ്ഠഭ്രാതാവിനെപ്പോലെതന്നെ ഗാംഭീര്യവും പല ഭാ‌ഷകളിൽ പാണ്ഡിത്യവും സംഗീതസാഹിത്യങ്ങളിൽ അനന്യസാധാരണമായ നൈപുണ്യവും സമ്പാദിച്ചിരുന്നില്ലെങ്കിലും മലയാളം, സംസ്കൃതം, ഇംഗ്ലീഷു് എന്നീ ഭാ‌ഷകളിൽ സാമാന്യജ്ഞാനവും ഒരുവിധം കവിതാവാസനയും അവിടേക്കുണ്ടായിരുന്നു. അവിടേക്കു സംസ്കൃതഭാ‌ഷാജ്ഞാനവും ഒരു വിധം കവിതാവാസനയുമുണ്ടായിരുന്നു എന്നുള്ളതു് അവിടുന്നു് കല്പിച്ചുണ്ടാക്കിയ “സിംഹധ്വജചരിതം” ആട്ടക്കഥകൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ടു്.
  

Revision as of 07:57, 2 September 2017

കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഗംഭീരാശയനും സംഗീതസാഹിത്യകുശലനെന്നല്ല, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാൾ രാമവർമ്മമഹാരാജാവു തിരുമനസ്സിലെ കനിഷ്ഠഭ്രാതാവായ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു് തിരുവവതാരം ചെയ്തരുളിയതു് കൊല്ലം 990-ആമാണ്ടു ചിങ്ങമാസത്തിലായിരുന്നു. ഈ തിരുമനസ്സുകൊണ്ടു് അവിടുത്തെ ജ്യേഷ്ഠഭ്രാതാവിനെപ്പോലെതന്നെ ഗാംഭീര്യവും പല ഭാ‌ഷകളിൽ പാണ്ഡിത്യവും സംഗീതസാഹിത്യങ്ങളിൽ അനന്യസാധാരണമായ നൈപുണ്യവും സമ്പാദിച്ചിരുന്നില്ലെങ്കിലും മലയാളം, സംസ്കൃതം, ഇംഗ്ലീഷു് എന്നീ ഭാ‌ഷകളിൽ സാമാന്യജ്ഞാനവും ഒരുവിധം കവിതാവാസനയും അവിടേക്കുണ്ടായിരുന്നു. അവിടേക്കു സംസ്കൃതഭാ‌ഷാജ്ഞാനവും ഒരു വിധം കവിതാവാസനയുമുണ്ടായിരുന്നു എന്നുള്ളതു് അവിടുന്നു് കല്പിച്ചുണ്ടാക്കിയ “സിംഹധ്വജചരിതം” ആട്ടക്കഥകൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ടു്.

സ്വാതിതിരുനാൾ രാമവർമ്മമഹാരാജാവു തിരുമനസ്സിലേക്കു് കൊല്ലം 1004-ആമാണ്ടു തിരുമൂപ്പു സിദ്ധിച്ചതിനോടുകൂടി മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു് ഇളംകൂർസ്ഥാനത്തെ പ്രാപിച്ചു. അക്കാലം മുതൽ അവിടുന്നു പൂജപ്പുര കൊട്ടാരത്തിലാണു് എഴുന്നള്ളിത്താമസിച്ചിരുന്നതു.

മാർത്തണ്ഡവർമ്മ മഹാരാജാവു തിരുമനസ്സിലേക്കു കഥകളിയിൽ അസാമാന്യമായ ഭ്രമവും നല്ല ജ്ഞാനവുമുണ്ടായിരുന്നു. അതിനാൽ തിരുമനസ്സുകൊണ്ടു യോഗ്യന്മാരായ ചില ആട്ടക്കാരെ തിരുവനന്തപുരത്തു വരുത്തിത്താമസിപ്പിച്ചും അവരെക്കൊണ്ടു മറ്റു ചില കുട്ടികളെക്കൂടി കഥകളിക്കു കച്ചകെട്ടിച്ചു് അഭ്യസിപ്പിച്ചു ചേർത്തും സ്വന്തമായൊരു കഥകളി യോഗമുണ്ടാക്കി. അതിനു് അന്നു പറഞ്ഞിരുന്ന പേരു് പൂജപ്പുര കൊട്ടാരം വക കഥകളിയോഗമെന്നായിരുന്നു. കഥകളിയുടെ രീതിയും സമ്പ്രദായവും കപ്ളിങ്ങാടൻ, കലടിക്കോടൻ, വെട്ടത്തുനാടൻ ഇങ്ങനെ മൂന്നുവിധമാണല്ലോ. അവയിൽ ഓരോന്നിനുമുള്ള പ്രാധാന്യവും വിശേ‌ഷവും ഓരോ വി‌ഷയത്തിലാണു്. ഒന്നിനു കാൽപ്രയോഗത്തിലും മറ്റൊന്നിനു മെയ്യിലും കയ്യിലും പിന്നെയൊന്നിനു മുഖത്തു രസം വരുത്തി തന്മയത്വസഹിതം നടിക്കുന്നതിലുമാണു് വിശേ‌ഷതയുള്ളതു്. തിരുമനസ്സുകൊണ്ടു് ആ വിശേ‌ഷ ഗുണങ്ങളെല്ലാമെടുത്തു ചേർത്താണു് സ്വന്തം കഥകളിയോഗക്കാരെ അഭ്യസിപ്പിച്ചു ശീലിപ്പിച്ചതു്. അതിനാൽ ആ കഥകളിയോഗത്തിന്റെ രീതി പ്രത്യേകമൊന്നായിരുന്നു. അതു് ഏതു ദേശക്കാർക്കും രുചിക്കുന്നതുമായിരുന്നു.

Chap92pge805.png

സ്വാതിതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടു് കൊല്ലം 1022-ആമാണ്ടു നാടുനീങ്ങിയതിന്റെ ശേ‌ഷം മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സിലേക്കു തിരുമൂപ്പു സിദ്ധിക്കുകയും അക്കാലം മുതൽ അവിടുന്നു കോട്ടയ്ക്കകത്തു വലിയ കൊട്ടാരത്തിൽത്തന്നെ എഴുന്നള്ളിത്താമസിച്ചു തുടങ്ങുകയും ചെയ്തു. തിരുമൂപ്പു സിദ്ധിച്ചതിനോടുകൂടി തിരുമനസ്സിലേക്കു രാജ്യഭരണം സംബന്ധിച്ചു് അനേകം ജോലികൾകൂടി വന്നു കൂടിയെങ്കിലും കഥകളിയിൽ അവിടേക്കുണ്ടായിരുന്ന പ്രതിപത്തി പിന്നെയും കുറഞ്ഞില്ല. അപ്പോഴും അവിടുന്നു കഥകളിയോഗത്തിൽ ആവശ്യം പോലെ ആളുകളെ ചേർക്കുകയും അഭ്യസിപ്പിക്കുകയും കളി മുറയ്ക്കു നടത്തുകയും ചെയ്തുകൊണ്ടിരുന്നു. തിരുമനസ്സിലേക്കു തിരുമൂപ്പു സിദ്ധിക്കുകയും എഴുന്നള്ളിത്താമസം വലിയ കൊട്ടാരത്തിലാവുകയും ചെയ്തതോടുകൂടി കഥകളിയോഗത്തിന്റെ പേരു് “വലിയകൊട്ടാരം വക കഥകളിയോഗം” എന്നായി. അക്കാലത്തു വലിയ കൊട്ടാരത്തിൽ കഥകളിയില്ലാത്ത ദിവസം വളരെ ചുരുക്കമായിരുന്നു. എന്നാലതു മറ്റുള്ള സ്ഥലങ്ങളെലെപ്പോലെ നേരം വെളുക്കുന്നതുവരെ പതിവില്ല. രാത്രി എട്ടുമണിക്കു കളി ആരംഭിക്കുകയും പന്ത്രണ്ടുമണിക്കു് അവസാനിപ്പിക്കുകയും ചെയ്യും. അങ്ങനെയായിരുന്നു അവിടത്തെ പതിവു്.

കഥകളിയോഗത്തിൽ ആളുകളെ ചേർക്കുന്നതിനും പുതിയതായി ചേർക്കുന്നവരെ അഭ്യസിപ്പിക്കുന്നതിനും പുത്തൻപുത്തനായി ആട്ടക്കഥകൾ നിർമ്മിക്കുന്നതിനു കവികളെ പ്രോത്സാഹിപ്പിക്കുന്നതിനും കഥകൾ ശേഖരിച്ചു കഥകളിയോഗത്തിലെ പാട്ടുകാരെ ഏല്പിച്ചു തോന്നിപ്പിക്കുന്നതിനും അങ്ങേയറ്റം കഴിപ്പിക്കുന്നതിനും കഥകളി യോഗക്കാർക്കു് ആവശ്യമുള്ളതെല്ലാം ചട്ടംകെട്ടിക്കൊടുക്കുന്നതിനും മറ്റും കല്പിച്ചു ചുമതലപ്പെടുത്തിയിരുന്നതു് വിളായിക്കോട്ടു നമ്പൂരിയെ ആയിരുന്നു. ആ നമ്പൂരിയുടെ ഇല്ലം കോട്ടയത്തിനു സമീപം കുടമാളൂർ ദേശത്തായിരുന്നുവെങ്കിലും അദ്ദേഹം കഥകളിയിൽ നല്ല ജ്ഞാനമുള്ള ആളും സംഗീതജ്ഞനുമായിരുന്നതിനാൽ തിരുമനസ്സിലെ പ്രീതിക്കു പ്രത്യേകം പ്രാത്രീഭവിക്കുകയാൽ അദ്ദേഹത്തിന്റെ സ്ഥിരതാമസം മിക്കവാറും തിരുവനന്തപുരത്തുതന്നെ ആയിത്തീർന്നിരുന്നു. അദ്ദേഹത്തിനു് അവിടെ താമസിക്കുന്നതിനു് ശ്രീകണ്ഠേശ്വരത്തു ക്ഷേത്രത്തിനു സമീപം കല്പിച്ചു് ഒരു മഠം പണിയിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

കഥകളിയോഗത്തിൽച്ചേരാൻ മനസ്സും സമ്മതവുമുള്ള കുട്ടികളെ അന്വേ‌ഷിച്ചു പിടിച്ചു് നമ്പൂരി തിരുമുമ്പാകെ കൊണ്ടു ചെന്നാലുടനെ അവരെ മുഖത്തു തേപ്പിച്ചു ചുട്ടുകുത്തിച്ചു തൃക്കൺപാർത്തിട്ടു മുഖശ്രീയും വേ‌ഷത്തിനു ഭംഗിയുമുള്ളവരെ യോഗത്തിൽ ചേർത്തു കച്ചകെട്ടിച്ചു് അഭ്യസിപ്പിക്കുന്നതിനും അവ (മുഖശ്രീയും വേ‌ഷഭംഗിയും) ഇല്ലാത്തവരെ സ്വല്പം വല്ലതും കൊടുത്തു മടക്കിയയയ്ക്കാനും കല്പന കൊടുക്കും. അങ്ങനെയായിരുന്നു പതിവു്. ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ കൊട്ടാരംവക കഥകളിയോഗത്തിലെ പ്രധാനവേ‌ഷക്കാർ ഈശ്വരപിള്ള, പുത്തൻ കൊച്ചുകൃഷ്ണപിള്ള, പഴയ കൊച്ചുകൃഷ്ണപിള്ള, പഴവങ്ങാടി നാണു പിള്ള, നളനുണ്ണി, കിട്ടുപ്പണിക്കർ മുതലായവരായിത്തീർന്നു. ഇവരിൽച്ചിലർ ചെറുപ്പത്തിൽത്തന്നെ കൊട്ടാരംവക കഥകളിയോഗത്തിൽ ചേർന്നു് അഭ്യസിച്ചിട്ടുള്ളവരും ഏതാനുംപേർ ഒരുവിധം പ്രസിദ്ധന്മാരായതിന്റെ ശേ‌ഷം ഈ യോഗത്തിൽ വന്നു ചേർന്നവരുമായിരുന്നു. ഈ യോഗത്തിലെ വേ‌ഷക്കാരെല്ലാവരും എല്ലാ വേ‌ഷങ്ങളും കെട്ടിയാടാവുന്നവരായിരുന്നു. എങ്കിലും ചിലരുടെ വേ‌ഷങ്ങൾക്കു് ചില പ്രത്യേക ഗുണങ്ങളുണ്ടായിരുന്നു. ഇതിനെക്കുറിച്ചു് കല്പിച്ചുണ്ടാക്കിയ ഒരു ശ്ലോകം കേട്ടിട്ടുണ്ടു്. അതിന്റെ പൂർവ്വാർദ്ധം താഴെച്ചേർക്കുന്നു.

“കൊച്ചയ്യപ്പനു കത്തിയും കരിയുമാം പച്ചയ്ക്കിടിച്ചേന്നനും
മെച്ചത്തിൽസ്സരസം പതിഞ്ഞ പദമങ്ങാടീടുവാനുണ്ണിയും”

ഇവിടെ “ഉണ്ണി” എന്നു പറഞ്ഞിരിക്കുന്നതു നളനുണ്ണിയെ ഉദ്ദേശിച്ചാണു്. നളനുണ്ണിയുടെ സാക്ഷാൽ പേരു വേറെ എന്തോ ആയിരുന്നു. അദ്ദേഹത്തിന്റെ നളവേ‌ഷത്തിനു് അനന്യസാധാരണമായ തന്മയത്വവും ഗുണവുമുണ്ടായിരുന്നതിനാൽ അദ്ദേഹത്തിനു് “നളനുണ്ണി” എന്ന പേരു കല്പിച്ചു കൊടുത്തതാണു്.

കൊച്ചയ്യപ്പപ്പണിക്കരുടെ കത്തിയും കരിയും വളരെ പ്രസിദ്ധങ്ങളായിരുന്നു. അദ്ദേഹത്തിന്റെ കത്തിയാണു് അധികം നല്ലതെന്നും അതല്ല, കരിയാണു് അധികം നല്ലതെന്നും അക്കാലത്തു ജനങ്ങളുടെയിടയിൽ വലിയ വാദം നടന്നിരുന്നു. കൊച്ചയ്യപ്പപ്പണിക്കരുടെ അലർച്ച തന്നെ വളരെ കേമമായിരുന്നു. അതുപോലെ അലറുന്ന വേ‌ഷക്കാർ അക്കാലത്തു വേറെയില്ലായിരുന്നുവെന്നല്ല, അതിനു മുൻപാരുമുണ്ടായിരുന്നുമില്ല, പിന്നെയാരുമുണ്ടായിട്ടുമില്ല. കൊച്ചയ്യപ്പപ്പണിക്കർ ഒരിക്കൽ തിരുമനസ്സറിയിച്ചു് അനുവാദം വാങ്ങിക്കൊണ്ടു ഗംഗാസ്നാനത്തിനു പോയിരുന്നു. സ്നാനം കഴിഞ്ഞു മടങ്ങിവന്നു് തിരുവനന്തപുരത്തെത്തിയതു് ഒരു ദിവസം സന്ധ്യ കഴിഞ്ഞപ്പോളായിരുന്നു. അദ്ദേഹം അവിടെയെത്തിയ ഉടനെ അണിയറയിൽച്ചെന്നു. അന്നു കാർത്ത്യവീര്യവിജയമായിരുന്നു കഥനിശ്ചയിച്ചിരുന്നതു്. രാവണന്റെ വേ‌ഷത്തിനു് ആരാണു് വേണ്ടതെന്നു് ആർക്കും സംശയമില്ലാതിരുന്നതിനാൽ മുഖത്തു തേയ്ക്കാൻ ഭാവിച്ചയാൾ പണിക്കരെക്കണ്ട ക്ഷണത്തിൽ വിളക്കത്തുനിന്നെണീറ്റു് അദ്ദേഹത്തെ വന്ദിച്ചിട്ടു് മാറിനിന്നു. ഉടനെ പണിക്കർ, “വേണ്ട, വേണ്ട, മാറേണ്ട, താൻതന്നെ തേയ്ക്കൂ. നിശ്ചയിച്ചതുപോലെതന്നെ നടക്കട്ടെ. ഇന്നത്തേക്കു ഇതിനു തന്നെയല്ലേ കല്പിച്ചു നിശ്ചയിച്ചിരിക്കുന്നതു്?” എന്നു പറഞ്ഞു. അപ്പോൾ മറ്റേയാൾ “എനിക്കു തല്ക്കാലത്തേക്കു മാത്രമുള്ള കല്പനയാണല്ലോ. താങ്കൾക്കു മുമ്പേ തന്നെയുള്ള കല്പനയല്ലേ? പതിവുശാന്തിക്കാരൻ വന്നാൽ മുട്ടുശാന്തിക്കാരനു മാറിക്കൊടുക്കാൻ പ്രത്യേകമനുവാദം വേണ്ടല്ലോ. എന്നു മാത്രമല്ല, പതിവു ശാന്തിക്കാരൻ ഹാജരുള്ളപ്പോൾ മുട്ടുശാന്തിക്കാരൻ പൂജകഴിച്ചാലതു ദേവനു സന്തോ‌ഷകരമാകുമെന്നും തോന്നുന്നില്ല. അതുകൊണ്ടു ഞാനിതാ ഒഴിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു് അയാൾ അണിയറയിൽനിന്നു് ഇറങ്ങിപ്പോയി. ഉടനെ കൊച്ചയ്യപ്പപ്പണിക്കർ മുഖത്തുതേച്ചു ചുട്ടിക്കു കിടക്കുകയും ക്ഷണത്തിൽ വേ‌ഷം തീർത്തു് അരങ്ങത്തെത്തുകയും രാവണന്റെ പ്രവേശനത്തിനുള്ള “ഇത്ഥം കൃത്വാ നരേന്ദ്രം” ഇത്യാദി ശ്ലോകം ചൊല്ലിത്തീർത്തപ്പോൾ പതിവുപോലെ അലറുകയും ചെയ്തു. പണിക്കർ മടങ്ങിവന്ന വിവരം തിരുമനസ്സുകൊണ്ടറിഞ്ഞിരുന്നില്ല. അതിനാൽ അലർച്ച കേട്ടപ്പോൾ അടുക്കൽ നിന്നിരുന്ന വിളായിക്കോട്ടു നമ്പൂരിയോടു് “ഹേ! കൊച്ചയ്യപ്പൻ വന്നുവലോ? ഈ അലർച്ച അവന്റേതു തന്നെയാണു്. സംശയമില്ല. ഇങ്ങനെ അലറുന്ന ഒരാട്ടക്കാരൻ ഇപ്പോൾ വേറെയുണ്ടെന്നു തോന്നുന്നില്ല! ശ്ലോകം ചൊല്ലിയവസാനിപ്പിക്കുന്ന ആ ഉച്ചസ്വരത്തിൽത്തന്നെയാണു് അവൻ അലറുക പതിവു്. അതു മറ്റാരായാലും ഇത്രയും ശരിയാവുകയില്ല. ശൃംഗാരപദം കഴിഞ്ഞാലുടനെ തുബുരുനാരദന്മാർ വരുന്നതിനുമുമ്പേ വേ‌ഷത്തോടുകൂടിത്തന്നെ അവൻ നമ്മുടെ അടുക്കൽ വരാൻ ചട്ടംകെട്ടണം” എന്നു കല്പിച്ചു. ഇങ്ങനെ ആ യോഗത്തിലുണ്ടായിരുന്ന ഓരോ വേ‌ഷക്കാരെക്കുറിച്ചും പല കഥകൾ കേട്ടിട്ടുണ്ടു്. ലേഖനദൈർഘ്യഭയത്താൽ അവയൊന്നും ഇവിടെ വിസ്തരിക്കുന്നില്ല.

കഥകളിയോഗത്തിലുണ്ടായിരുന്ന എല്ലാവരെയും കുറിച്ചു തിരുമനസ്സിലേക്കു വളരെ വാത്സല്യവും കരുണയുമുണ്ടായിരുന്നു. വിശേ‌ഷിച്ചു് അവരിൽ പുത്തൻ കൊച്ചുകൃഷ്ണപിള്ള, പഴയ കൊച്ചുകൃഷ്ണപിള്ള, പഴവങ്ങാടി നാണുപിള്ള, ഈശ്വരപിള്ള ഇവർ തിരുമനസ്സിലെ സേവകന്മാരുമായിരുന്നു. അവരിൽ പ്രധാനൻ ഈശ്വരപിള്ളയുമായിരുന്നു. തിരുമനസ്സിലേക്കു വാസ്തവത്തിൽ മറ്റു സേവകന്മാരെക്കുറിച്ചുണ്ടായിരുന്നതിൽ വളരെയധികം കൃപയും വാത്സല്യവും ഈശ്വരപിള്ളയെക്കുറിച്ചുണ്ടായിരുന്നു. അതിന്റെ കാരണങ്ങൾ അദ്ദേഹത്തിന്റെ വിനയാദി സത്ഗുണങ്ങളും ആട്ടത്തിനും വേ‌ഷത്തിനുമുണ്ടായിരുന്ന ഭംഗിയും അനന്യശരണത്വവുമായിരുന്നു. ഈ കാരണങ്ങളാൽ തിരുമനസ്സുകൊണ്ടു് അദ്ദേഹത്തെ പള്ളിയറ വിചാരിപ്പുകാരായി നിയമിക്കുകകൂടി ചെയ്തു. അക്കാലം മുതൽ അദ്ദേഹത്തിന്റെ പേരു് “ഈശ്വരപിള്ള വിചാരിപ്പുകാരെ”ന്നു് പ്രസിദ്ധമായിത്തീർന്നു.

ഈശ്വരപിള്ള വിചാരിപ്പുകാർക്കു തിരുമനസ്സിലെ കരുണയല്ലാതെ മറ്റൊരു ശരണവുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വീടു് വിളവംകോടു താലൂക്കിലെവിടെയോ ആയിരുന്നുവത്ര. ആ വീട്ടിൽ അദ്ദേഹവും അദ്ദേഹത്തിന്റെ അമ്മയുമല്ലാതെ വേറെ ആരുമുണ്ടായിരുന്നില്ല. അവർക്കു ദാരിദ്ര്യം സാമാന്യത്തിലധികമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മയ്ക്കു് അവിടെയൊരു ധനവാന്റെ വീട്ടിൽ അടിച്ചുതളിയായിരുന്നു തൊഴിൽ. അതിനു കിട്ടുന്ന ശമ്പളംകൊണ്ടു് അമ്മയ്ക്കും മകനും കൂടി നിത്യവൃത്തിക്കു മതിയാവുകയില്ലായിരുന്നു. താൻനിമിത്തം അമ്മയും കൂടി മുറിപ്പട്ടിണി കിടക്കാനിടയാകേണ്ടെന്നു വിചാരിച്ചു് ഈശ്വരപിള്ള സ്വദേശം വിട്ടുപോയി. അങ്ങനെ പല സ്ഥലങ്ങളിൽ സഞ്ചരിച്ചു് ഒടുക്കം തിരുവനന്തപുരത്തു ചെന്നുചേർന്നു. അന്നു് അദ്ദേഹത്തിനു് പന്ത്രണ്ടുവയസ്സുമാത്രമേ പ്രായമായിരുന്നുള്ളൂ. അദ്ദേഹം അവിടെ യഥാശക്തി കൂലിവേലകൾ ചെയ്തു നിത്യവൃത്തി കഴിച്ചുകൊണ്ടു് അങ്ങനെ താമസിച്ചു. അന്നു് അദ്ദേഹത്തെ എല്ലാവരും ഈച്ചരൻ എന്നാണു വിളിച്ചിരുന്നതു.

അങ്ങനെ താമസിച്ചിരുന്ന കാലത്തു് ഒരു ദിവസം ദൈവഗത്യാ വിളായിക്കോട്ടു നമ്പൂരി ഈ ബാലനെ കാണുന്നതിനിടയായി. ആ കൊച്ചന്റെ മുഖശ്രീ കണ്ടപ്പോൾ “ഇവനെ കഥകളിക്കു് അഭ്യസിപ്പിച്ചാൽ ഇവനൊരു നല്ല വേ‌ഷക്കാരനായിത്തീരും” എന്നു തോന്നുകയാൽ നമ്പൂരി അവനെ അടുക്കൽ വിളിച്ചു് അവന്റെ സ്ഥിതികളെല്ലാം ചോദിച്ചറിഞ്ഞതിന്റെ ശേ‌ഷം അവനെ വിളിച്ചുകൊണ്ടുപോയി മുഖത്തു പച്ചമനയോല തേപ്പിച്ചു ചുട്ടി കുത്തിച്ചു തിരുമുൻപാകെ കൊണ്ടുചെന്നു. അവന്റെ മുഖശ്രീയും വേ‌ഷഭംഗിയും കണ്ടു തിരുമനസ്സുകൊണ്ടു വളരെ സന്തോ‌ഷിക്കുകയും അവനെ യോഗത്തിൽ ചേർത്തു കച്ചകെട്ടിച്ചു് അഭ്യസിപ്പിച്ചുകൊള്ളുന്നതിനു കല്പിച്ചനുവദിക്കുകയും ചെയ്തു. അഞ്ചാറുമാസം കഴിഞ്ഞപ്പോൾ ഈച്ചരന്റെ അരങ്ങേറ്റം കഴിപ്പിച്ചു കുട്ടിത്തരം വേ‌ഷങ്ങൾ കെട്ടിച്ചു തുടങ്ങി. അക്കാലത്തുതന്നെ ഈച്ചരന്റെ രസവാസനയും ആട്ടത്തിന്റെ തന്മയത്വവും ഭംഗിയും വേ‌ഷത്തിന്റെ മനോഹരത്വവും കണ്ടു ജനങ്ങൾ ഈച്ചരനെ പ്രശംസിച്ചു തുടങ്ങുകയും തിരുമനസ്സുകൊണ്ടു വളരെ സന്തോ‌ഷിക്കുകയും ചെയ്തു. അന്നുതന്നെ ഈച്ചരനു ഉണ്ണാനുമുടുക്കാനും തേച്ചുകുളിക്കാനും മറ്റും കൊടുത്തുവന്നിരുന്നതുകൂടാതെ പ്രതിമാസം മൂന്നുരൂപാ ശമ്പളം കൊടുത്തുകൊള്ളുന്നതിനും കല്പിച്ചനുവദിച്ചു. തിരുമനസ്സിലേക്കു് ഈച്ചരന്റെ പേരിലുള്ള കാരുണ്യവും വാത്സല്യവും ക്രമേണ വർദ്ധിച്ചു സീമാതീതങ്ങളായിത്തീരുകയാൽ അവന്റെ ആട്ടത്തിനു് അനന്യസാധാരണമായ ഗുണ പൗഷ്ക്കല്യമുണ്ടാക്കിത്തീർക്കണമെന്നു് നിശ്ചയിച്ചു് അക്കാലത്തുണ്ടായിരുന്ന നടവര്യന്മാരിൽ പ്രസിദ്ധനും പ്രഥമഗണനീയനുമായിരുന്ന അമ്മന്നൂർ പരമേശ്വരച്ചാക്യാരെ കല്പിച്ചു തിരുവനന്തപുരത്തു വരുത്തിത്താമസിപ്പിച്ചു. അദ്ദേഹത്തെക്കൊണ്ടുംകൂടി കുറച്ചുകാലം ഈച്ചരനെ ആട്ടം അഭ്യസിപ്പിച്ചു. അതുകൊണ്ടു് വളരെ ഗുണം സിദ്ധിക്കുകയും ചെയ്തു. ഈശ്വരപിള്ളയുടെ ആട്ടത്തിനു് അനന്യസാധാരണമായ ഒരു വിശേ‌ഷമുണ്ടെന്നുള്ള സർവ്വ സമ്മതിയും പ്രസിദ്ധിയും സിദ്ധിക്കുന്നതിനുള്ള പ്രധാനകാരണം ഇതു തന്നെയാണു്. ഈശ്വരപിള്ളയുടെ കൈലാസോദ്ധാരണം, സ്വർഗ്ഗവർണ്ണന, വനവർണ്ണന, സമുദ്രവർണ്ണന മുതലായ ആട്ടങ്ങൾക്കു് അനന്യസാധാരണമായ ഒരു വിശേ‌ഷമുണ്ടെന്നു് എല്ലാവരും സമ്മതിക്കുകയും അതു പ്രസിദ്ധമായിത്തീരുകയും ചെയ്തിരുന്നുവല്ലോ. ഇത്രയുമായതിന്റെ ശേ‌ഷം അദ്ദേഹത്തെ തിരുമനസ്സുകൊണ്ടല്ലാതെ പിന്നെയാരും ഈച്ചരൻ എന്നു വിളിച്ചിരുന്നില്ല. എല്ലാവരും അദ്ദേഹത്തെ ഈശ്വരപിള്ള എന്നും പിന്നീടു് ഈശ്വരപിള്ള വിചാരിപ്പുകാരെന്നുമാണു് പറഞ്ഞിരുന്നതു. ഇതിനിടയ്ക്കു് ഈശ്വരപിള്ള അക്ഷരാഭ്യാസം ചെയ്തു് ഒരുവിധം ലോകവ്യുല്പത്തിയും സമ്പാദിച്ചു.

തിരുമനസ്സുകൊണ്ടു ക്രമേണ ഈശ്വരപിള്ളയുടെ കുടുംബസ്ഥിതികളെല്ലാം മനസ്സിലാക്കുകയും കോട്ടയ്ക്കകത്തുതന്നെ ഒരു പുരയിടം ഒഴിപ്പിച്ചെടുത്തു് അതിൽ ഒരു പുരയും പണികഴിപ്പിച്ചു് അദ്ദേഹത്തിനു കല്പിച്ചുകൊടുക്കുകയും ചെയ്തു. അനന്തരം ഈശ്വരപിള്ള കല്പനപ്രകാരം തന്റെ മാതാവിനെയും തിരുവനന്തപുരത്തു വരുത്തി ആ സ്ഥലത്തു താമസിപ്പിച്ചു. അവർക്കു നിത്യവൃത്തിക്കുവേണ്ടതെല്ലാം കല്പിച്ചുകൊടുത്തിരുന്നു. കുറചുകാലം കഴിഞ്ഞപ്പോൾ ആ അമ്മ കാലധർമ്മത്തെ പ്രാപിക്കുകയാൽ ഈശ്വരപിള്ള ഏകാകിയായിത്തീർന്നു. അപ്പോൾ ഈശ്വരപിള്ള ഒരു കുടുംബക്കാരെ കല്പനപ്രകാരം തന്റെ അനന്തിരവരാക്കി ദത്തെടുത്തു. ഇപ്പോൾ തിരുവനന്തപുരത്തു കോട്ടയ്ക്ക കത്തുള്ള “പുന്നയ്ക്കൽ” കുടുംബക്കാർ ഈശ്വരപിള്ളയുടെ ആ ദത്തവകാശികളുടെ സന്താനപരമ്പരയിലുൾപ്പെട്ടവരാണു്. അവർ താമസിക്കുന്ന ഗൃഹം മുമ്പു് ഈശ്വരപിള്ള താമസിച്ചിരുന്നതുമാണു്.

ഈശ്വരപിള്ളയ്ക്കു പ്രതിമാസം ശമ്പളമായി ആദ്യം മൂന്നും, പിന്നെ ഏഴും ഒടുവിൽ പതിന്നാലും രൂപാവീതം മാത്രമേ കല്പിച്ചുകൊടുത്തിരുന്നുള്ളൂ. എങ്കിലും ആവശ്യംപോലെ ധാരാളം പണം കല്പിചു കൊടുത്തിരുന്നതുകൂടാതെ ഒട്ടുവളരെ വസ്തുക്കൾ പതിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

ഈശ്വരപിള്ള ഒരു സ്ത്രീയെ സംബന്ധം ചെയ്തു ഭാര്യയാക്കിയിരുന്നു. അവർക്കും കല്പനപ്രകാരം കോട്ടയ്ക്കകത്തുതന്നെ ഒരു പുരയിടം വാങ്ങി അതിൽ ഒന്നാന്തരത്തിൽ ഒരു പുരയും പണിയിച്ചു കൊടുത്തിരുന്നതുകൂടാതെ അവരുടെ പേരിൽ ധാരാളം വസ്തുക്കൾ പതിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ആ സ്ത്രീയിൽ ഈശ്വരപിള്ളയ്ക്കു് ആണായും പെണ്ണായും ചില സന്താനങ്ങളുണ്ടാവുകയും ചെയ്തു. ഈശ്വരപിള്ള തന്റെ ഒരു മകനെ കച്ചകെട്ടിച്ചു് കഥകളി അഭ്യസിപ്പിച്ചു.

അദ്ദേഹവും ഒരു നല്ല ആട്ടക്കാരൻ തന്നെയായിത്തീർന്നു. ആ മനു‌ഷ്യന്റെ പേരു വേലായുധൻ എന്നായിരുന്നു. അദ്ദേഹത്തെ തിരുമനസ്സുകൊണ്ടും ഈശ്വരപിള്ളയും കൊച്ചുവേലു എന്നും മറ്റുള്ളവർ കൊച്ചുവേലുപ്പിള്ളയെന്നുമാണു് പറഞ്ഞുവന്നിരുന്നതു്. ഒടുക്കം കമ്മട്ടംസൂപ്രണ്ടായിരുന്ന അദ്ദേഹം പരലോകപ്രാപ്തനായിട്ടു് ഇപ്പോൾ പത്തു പതിനഞ്ചു കൊല്ലത്തിലധികം കാലമായിട്ടുണ്ടെന്നു തോന്നുന്നില്ല.

വിചാരിപ്പുകാരദ്ദേഹത്തിനു് ഗൗരിക്കുട്ടി എന്നു പേരായിട്ടു് ഒരു പുത്രിയുണ്ടായിരുന്നു. ആ സ്ത്രീ അസാമാന്യരൂപലാവണ്യവും വൈദു‌ഷ്യവുമുള്ള കൂട്ടത്തിലായിരുന്നു. ഈശ്വരപിള്ളയദ്ദേഹം ആ പുത്രിക്കു് തിരുമനസ്സിലെ കല്പനപ്രകാരം പഴവങ്ങാടി നാണുപിള്ളയെക്കൊണ്ടു സംബന്ധം ചെയ്യിപ്പിച്ചു. ആ പുരു‌ഷനെ ആ വിദു‌ഷിക്കു് ഒട്ടുംതന്നെ ബോധിച്ചില്ല.

“യസ്യ ‌ഷഷ്ഠി ചതുർത്ഥീ ച വിഹായ ച വിഹസ്യ ച
അഹം കഥം ദ്വിതീയാ സാദ്ദ്വിതീയാ സ്യാമഹം കഥം”

എന്നു് മനോരമത്തമ്പുരാട്ടി പറഞ്ഞതുപോലായിരുന്നു ആ വിദു‌ഷിയുടെ വിചാരം. ആ സ്ത്രീ നാണുപിള്ളയുടെ സംബന്ധം വേണ്ടെന്നു വെയ്പിക്കണമെന്നു് നിർബന്ധപൂർവം പലരോടും പറഞ്ഞു് ഈശ്വരപിള്ളയുടെ അടുക്കൽ പറയിച്ചു. ഈശ്വരപിള്ള ഇക്കാര്യത്തിൽ വല്ലാതെ വി‌ഷമിച്ചു. തന്റെ വാത്സല്യഭാജനമായ പ്രിയപുത്രി മനസ്സിണങ്ങാത്ത ഭർത്താവോടുകൂടി കാലയാപനം ചെയ്തുകൊള്ളണമെന്നു നിർബന്ധിക്കുന്നതു കഷ്ടമാണലോ. കല്പനപ്രകാരം ചെയിച്ച സംബന്ധം വേണ്ടെന്നു വെച്ചാൽ തിരുമനസ്സിലേക്കു രസമാകുമോ? “ആട്ടെ എന്തെങ്കിലും സമാധാനമുണ്ടാക്കാ” മെന്നു മനസ്സിൽ കരുതിക്കൊണ്ടു് അദ്ദേഹം പുത്രിയുടെ സങ്കടം തന്നോടു വന്നു പറഞ്ഞവരോടു്, “ഇതിനെന്തെങ്കിലും കൗശലമുണ്ടാക്കാം. കുറച്ചുദിവസം കൂടി ക്ഷമിക്കട്ടെ” എന്നു മറുപടി പറഞ്ഞു. അങ്ങനെയിരിന്നപ്പോൾ ഒരു ദിവസം കൊട്ടാരത്തിൽ കളിക്കു് ദക്ഷയാഗം കഥ കല്പിച്ചു നിശ്ചയിച്ചു. അന്നു് ദക്ഷൻ ഈശ്വരപിള്ളയും ശിവൻ നാണുപിള്ളയുമായിരുന്നു. ഈശ്വരപിള്ള, “അറിയാതെ മമ പുത്രിയെ നൽകിയതനുചിതമായിതഹോ! പരിപാവകവുമഭിമാനവും ലൗകികപദവിയുമില്ലാത്ത ഭർഗന്റെ ശീലത്തെ അറിയാതെ മമ പുത്രിയെ നൽകിയതനുചിതമായിതഹോ!” എന്നുള്ള പദം തന്മയത്വത്തോടുകൂടി ഭംഗിയായിട്ടാടി. ആട്ടമെല്ലാം തിരുമനസ്സിലെ നേരെ ആയിരുന്നു. തിരുമനസ്സിലേക്കു് ഈ ആട്ടത്തിന്റെ ആന്തരാർത്ഥം മനസ്സിലാവുകയും പിറ്റേ ദിവസംതന്നെ നാണുപിള്ളയെ തിരുമുമ്പിൽ വരുത്തി, “ഇനി സംബന്ധമുറയ്ക്കു ഗൗരിക്കുട്ടിയുടെ വീട്ടിൽ പോകേണ്ട” എന്നു കല്പിക്കുകയും ചെയ്തു. അക്കാര്യം ഈശ്വരപിള്ള വാക്കാൽ തിരുമനസ്സറിയിക്കാതെ ആട്ടംകൊണ്ടു സാധിച്ചു.

കൊട്ടാരത്തിൽ കഥകളിയുടെ ദിവസങ്ങളിൽ കഥ ഇന്നതെന്നും ഇന്നിന്നവർക്കു് ഇന്നിന്ന വേ‌ഷങ്ങളെന്നും കല്പിച്ചു നിശ്ചയിച്ചു് അപ്രകാരം ഒരു പട്ടിക തയ്യാറാക്കി പകലേ കൊട്ടാരത്തിൽനിന്നു കഥകളി യോഗത്തിലേക്കു കല്പിച്ചയച്ചു കൊടുക്കുകയും അതുപ്രകാരം എല്ലാവരും വേ‌ഷംകെട്ടി കളി നടത്തുകയുമായിരുന്നു പതിവു്. കഥയേതായാലും പ്രധാനമായ ആദ്യാവസാനവേ‌ഷം ഈശ്വരപിള്ളയ്ക്കായിരിക്കും. ഈശ്വര പിള്ളയ്ക്കു് അതിനു തക്ക യോഗ്യത ഉണ്ടായിരുന്നിട്ടായിരുന്നു അങ്ങനെ കല്പിച്ചു നിശ്ചയിച്ചിരുന്നതു. എങ്കിലും അതു നിമിത്തം മറ്റുള്ള വലിയ വേ‌ഷക്കാർക്കെല്ലാം വളരെ കുണ്ഠിതവും ഈശ്വരപിള്ളയെക്കുറിച്ചു് അസൂയയുമുണ്ടായിത്തീർന്നു. ഇതു തിരുമനസ്സിലേക്കും മനസ്സിലായി. ഇതിനൊരു സമാധാനമുണ്ടാക്കണമെന്നു കല്പിച്ചു നിശ്ചയിച്ചു് ഒരു ദിവസം കളിക്കു് കഥ രാവണോത്ഭവമെന്നും വിദ്യുജ്ജിഹ്വന്റെ വേ‌ഷം ഈശ്വരപിള്ളയ്ക്കെന്നും കല്പിച്ചു നിശ്ചയിച്ചു പട്ടിക തയ്യാറാക്കിയയച്ചു. ഇതു കണ്ടപ്പോൾ സ്പർദ്ധാലുക്കളായിരുന്നവർക്കെല്ലാം വളരെ സന്തോ‌ഷമുണ്ടായി. “എല്ലാ ദിവസവും ആദ്യാവസാനവേ‌ഷം അയാൾക്കുതന്നെ കല്പിച്ചു നിശ്ചയിക്കുന്നതുകൊണ്ടു് അയാൾക്കു് അഹംഭാവം കലശലായിട്ടുണ്ടു്. അതു കുറയണമെങ്കിൽ ചിലപ്പോൾ ഇങ്ങനെയും വേണം” എന്നും മറ്റും സ്വകാര്യമായിപ്പറഞ്ഞു് അവരെല്ലാം രസിച്ചു. എന്നാൽ ഈശ്വരപിള്ളയ്ക്കു് ഇതു കണ്ടിട്ടു് ഒട്ടും കുണ്ഠിതമുണ്ടായില്ല കല്പിച്ചാൽ ഏതു വേ‌ഷം കെട്ടാനും അദ്ദേഹം സന്നദ്ധനായിരുന്നു. പിന്നെ കുണ്ഠിതം തോന്നാനൊന്നുമില്ലല്ലോ.

ഈ കഥയിൽ വിദ്യുജ്ജിഹ്വൻ വരുന്നതു് ശൂർപ്പണഖയെ വിവാഹം കഴിക്കാനായിട്ടാണല്ലോ. അതിനുള്ള എഴുത്തു വായിച്ചു രസിച്ചുകൊണ്ടു് കുറച്ചു ദൂരത്തുനിന്നാണല്ലോ വിദ്യുജ്ജിഹ്വൻ അരങ്ങത്തേക്കു വരിക പതിവു്. അന്നു വിദ്യുജ്ജിഹ്വന്റെ വരവു കിഴക്കേക്കോട്ടവാതിൽക്കൽ നിന്നായിരുന്നു. വിദ്യുജ്ജിഹ്വന്റെ വരവായപ്പോഴേക്കും അവിടെ പട്ടാളക്കാർ, ബാന്റുവാദ്യക്കാർ, നാഗസ്വരക്കാർ, പന്തക്കുഴകൾ, തീവെട്ടികൾ മുതലായവ നിരക്കുകയും കുടച്ചക്രം, കുഴിപ്പൂവു്, വാണം, കതിനാവെടി മുതലായവ തുടങ്ങുകയും ചെയ്തു. രാക്ഷസചക്രവർത്തിയായ രാവണന്റെ സഹോദരിയുടെ വിവാഹത്തിനുള്ള മാപ്പിളപ്പുറപ്പാടിനു് ആഡംബരങ്ങൾ എത്രയായാലും അതു് അധികവും അസംബന്ധവുമായിപ്പോയി എന്നു വരികയില്ലല്ലോ. വിചാരിച്ചിരിക്കാതെയുള്ള ഘോ‌ഷങ്ങൾ കോട്ടവാതിൽക്കൽ കേട്ടു തുടങ്ങിയപ്പോഴേക്കും അരങ്ങത്തുണ്ടായിരുന്ന കാഴ്ചക്കാരെല്ലാമെണീറ്റു് അങ്ങോട്ടോടി. ആ സമയത്തു് അരങ്ങത്തു രാവണന്റെ “തരുണാരുണസാരസനയനേ! തരുണീജനമകുടമണേ! കേൾ” ഇത്യാദി പാടിപ്പദം ആരംഭിച്ചിരിക്കുകയായിരുന്നു. രാവണന്റെ വേ‌ഷം ധരിച്ചിരുന്നതു് തിരുമനസ്സിലെ സേവകന്മാരിൽത്തന്നെ ഒരാളായിരുന്നു. അയാൾ ഒരു നല്ല ആട്ടക്കാരനുമായിരുന്നു. എങ്കിലും അയാളുടെ ആട്ടം കാണാൻ മണ്ഡോദരിയും മേളക്കാരും പാട്ടുകാരും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അതിനാൽ രാവണന്റെ വേ‌ഷം കെട്ടിയ ആൾ സാമാന്യത്തിലധികം ഇളിഭ്യനായി എന്നുള്ളതു പറയണമെന്നില്ലല്ലോ. അന്നു മുതൽ ആട്ടക്കാരെല്ലാം ഈശ്വരപിള്ളയോടുള്ള അസൂയയും മത്സരവും വേണ്ടെന്നു വെച്ചു.

Chap92pge808.png

അക്കാലത്തു് അമ്പലപ്പുഴ നാരായണപ്പണിക്കരെന്നു പ്രസിദ്ധനായിട്ടു് ഒരാട്ടക്കാരനുണ്ടായിരുന്നു. അയാൾക്കു് എല്ലാ വേ‌ഷങ്ങളും കെട്ടാമായിരുന്നുവെങ്കിലും ബ്രാഹ്മണൻ, മഹർ‌ഷി മുതലായ മിനുക്കുവേ‌ഷങ്ങളായിരുന്നു അധികം നല്ലതു്. അയാളും ഒരിടയ്ക്കു് തിരുവനന്തപുരത്തുവന്നു് കൊട്ടാരംവക കളിയോഗത്തിൽച്ചേർന്നിരുന്നു. ഈശ്വരപിള്ളയ്ക്കും എല്ലാ വേ‌ഷങ്ങളും കെട്ടാമെന്നും എല്ലാം ഒന്നാന്തരമാണെന്നും പ്രസിദ്ധമായിരുന്നുവല്ലോ. എങ്കിലും മിനുക്കു വേ‌ഷങ്ങൾ പണിക്കരുടേതുതന്നെയാണു് അധികം നല്ലതെന്നു് ചിലർക്കു് അഭിപ്രായമുണ്ടായിരുന്നു. എന്നുമാത്രമല്ല, മിനുക്കുവേ‌ഷങ്ങൾക്കു തന്നെക്കഴിഞ്ഞല്ലാതെ ലോകത്തിലാരുമില്ലെന്നൊരു വിചാരം പണിക്കർക്കുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം കളിക്കു് കഥ സന്താനഗോപാലമെന്നും അർജ്ജുനൻ ഈശ്വരപിള്ളയെന്നും ബ്രാഹ്മണൻ നാരായണപ്പണിക്കരെന്നും കല്പിച്ചു നിശ്ചയിച്ചു. അന്നു ബ്രാഹ്മണൻ, “മൂടന്മാ! അതിപ്രൗഢന്മമാം നിന്നുടെ പാടവം കുത്ര ഗതം” എന്നുള്ള പദം ആടിക്കഴിഞ്ഞതിന്റെശേ‌ഷം ഇളകിയാട്ടത്തിൽ, അല്ലയോ അർജ്ജുനാ! നിന്റെ അഹംഭാവം ഒട്ടും ചില്ലറയല്ല. നിന്റെ അഹമ്മതി കൊണ്ടാണു് നീ ചിലപ്പോൾ ഇങ്ങനെ ഇളിഭ്യനായിത്തീരുന്നതു്” എന്നുകൂടി ആടി. ഇതിനു മറുപടിയായി അർജ്ജുനൻ (ഈശ്വരപിള്ള) ഒന്നും ആടിയുമില്ല. “നിശമ്യ ഭൂദേവഗിരം സപാണ്ഡവസ്തമുത്തരം കിഞ്ചനോക്തവാനസൗ” എന്നാണല്ലോ ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നതു്. അതുകൊണ്ടു് അർജ്ജുനൻ വല്ലതും മറുപടി പറഞ്ഞാൽ അതു് അസംബന്ധമായിത്തീരുകയും ചെയ്യുമല്ലോ. എന്നാൽ ഈശ്വരപിള്ള ഇതിന്റെ പകരം വീട്ടാതെയിരുന്നില്ല. ഒടുക്കം, “നമസ്തേ ഭൂസുരമലേ!” ഇത്യാദി പദത്തിൽ “അഗ്രജനിതു രണ്ടാമൻ” എന്നു തുടങ്ങി “ഭാഗ്യവാരിധേ! തവ പുത്രന്മാർ പത്തിനെയും വ്യഗ്രതതീർന്നു പരിഗ്രഹിച്ചാലും തന്നിടുന്നേൻ” എന്നുവരെ ആടി. ബ്രാഹ്മണന്റെ പുത്രന്മാരെല്ലാം കൊടുത്തുകഴിഞ്ഞതിന്റെശേ‌ഷം അല്ലയോ ശുദ്ധാത്മാവായ ബ്രാഹ്മണാ! ഞാൻ വെറുതെ ആത്മപ്രശംസ ചെയ്യുന്ന വനല്ലെന്നും ഞാൻ വിചാരിച്ചാൽ ഇതിനെക്കാൾ വലിയ കാര്യങ്ങൾ സാധിക്കാനും കഴിയുമെന്നും ഇനിയെങ്കിലും മനസ്സിലാക്കിക്കൊള്ളുക. എന്നാൽ ഇതൊന്നും എന്റെ വൈഭവം കൊണ്ടല്ലെന്നും എല്ലാം ഈ സ്വാമിയുടെ (ഇവിടെ കൈകൊണ്ടു കൃഷ്ണനെയും കണ്ണുകൊണ്ടു മഹാരാജാവിനെയും കാണിച്ചുകൊണ്ടു ആടിയതു്) കൃപകൊണ്ടാണെന്നു കൂടി മനസ്സിലാക്കണം. ഇദ്ദേഹം സേവിക്കുന്നവർക്കു് കല്പവൃക്ഷമായിട്ടുള്ള ആളാണു്. ഈ സ്വാമിയിൽ അങ്ങേക്കു് ഭക്തിയില്ലാഞ്ഞിട്ടാണു് ഇങ്ങനെയുള്ള ആപത്തുക്കളൊക്കെയുണ്ടാകുന്നതു്. ഇനിയെങ്കിലും ഈ സ്വാമിയിൽ ഭക്തിയോടു കൂടിയിരുന്നു കൊള്ളുക എന്നു കൂടി ആടി അവസാനിപ്പിച്ചു. ഈ ആട്ടം കണ്ടു കാഴ്ചക്കാരെല്ലാം ഏറ്റവും സന്തോ‌ഷിക്കുകയും “ഓഹോ! ധാരാളം മതി, പണിക്കർ കൊടുത്തതു് ഇരട്ടി പലിശയോടുകൂടി മടക്കിക്കൊടുത്തുവല്ലോ” എന്നു പതുക്കെപ്പറഞ്ഞു മന്ദമായി ചിരിച്ചു. തിരുമനസ്സിലെ തിരുമുഖത്തും സ്വല്പമായ ഒരു മന്ദഹാസം കാണപ്പെട്ടു. തിരുമനസ്സുകൊണ്ടു് അരങ്ങത്തു് എഴുന്നള്ളിയിരിക്കുന്നില്ലായിരുന്നുവെങ്കിൽ ഈശ്വരപിള്ളയുടെ ഈ ആട്ടം കണ്ടപ്പോൾ ജനങ്ങൾ കൈകൊട്ടി ആർത്തുവിളിക്കുമായിരുന്നു. അതൊന്നുമുണ്ടായില്ലെങ്കിലും പണിക്കർ സാമാന്യത്തിലധികം ഇളിഭ്യനായി. അതിൽപ്പിന്നെ ഒരിക്കലും നാരായണപ്പണിക്കർ ഈശ്വരപ്പിള്ളയോടു കൊമ്പുവെയ്ക്കാൻ പോയിരുന്നില്ല. ഇങ്ങനെ ആ കഥകളിയോഗത്തിലുൾപ്പെട്ട പ്രധാനവേ‌ഷക്കാരേയും വിശേ‌ഷിച്ചു് ഈശ്വരപിള്ള വിചാരിപ്പുകാരദ്ദേഹത്തിനെയും കുറിച്ചു് ഇനിയും പല സംഗതികൾ പറയാനുണ്ടു്. എങ്കിലും ഇപ്പോൾ അതിനായിത്തുനിയുന്നില്ല.

ഈ മഹാരാജാവു തിരുമനസ്സിലെ കഥകളിഭ്രമം നിമിത്തം നമ്മുടെ മലയാള ഭാ‌ഷായോ‌ഷയ്ക്കു് അനേകം കൃതിതല്ലജസമ്പാദ്യങ്ങളുണ്ടായിട്ടുണ്ടെന്നുള്ളതു് ഒരിക്കലും വിസ്മരിക്കാവുന്നതല്ല. തിരുമനസ്സിലെ കല്പനപ്രകാരവും പ്രീതിക്കായിട്ടും പലരും അക്കാലത്തു പല നാട്യപ്രബന്ധങ്ങൾ (ആട്ടക്കഥകൾ) ഉണ്ടാക്കിത്തീർത്തു. അതു് അവയിലെ ചില ശ്ലോകങ്ങൾ കൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ടു്.

“ശ്രീരാമവർമ്മകുലശേഖരസോദരസ്യ
മാർത്താണ്ഡവർമ്മയുവഭൂമിപതേർന്നിദേശാൽ
കേനാപി തൽപദജു‌ഷാ കില ദക്ഷയാഗ-
നാട്യപ്രബന്ധമുദിതം സുധിയഃ പുനന്തു”

(ഇരയിമ്മൻ തമ്പി)

നൃപേന്ദ്രകുലശേഖരക്ഷിതിപസോദരസ്യോജ്ജ്വല
പ്രശാന്തഗുണശാലിനോ യുവമഹീപതേരാജ്ഞയാ
കൃതാം കിമപി കേനചിത്ത്വഭിനയോചിതാമുർവ്വശീ
സ്വയംവരകഥാം ബുധാഃ ശ്രവണഗോചരീകുർവ്വതാം”

(ഹരിപ്പാട്ടു കൊച്ചുപിള്ളവാര്യർ)

ഇങ്ങനെ വേറെ ചില കഥകളിലും കാണുന്നുണ്ടു്. ഈ തിരുമനസ്സിലെ കല്പനപ്രകാരം കോട്ടയ്ക്കകത്തുതന്നെ ഒരച്ചുകൂടം സ്ഥാപിക്കുകയും അവിടെ ഈശ്വരപിള്ള വിചാരിപ്പുകാരദ്ദേഹം അൻപത്തിനാലു് ആട്ടക്കഥകൾ ചേർത്തു് ഒരു പുസ്തകം അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു കൊല്ലം 1036-ആമാണ്ടു നാടുനീങ്ങിയതിന്റെശേ‌ഷം നാടു വാണിരുന്നതു് ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടായിരുന്നല്ലോ. അവിടേക്കു കഥകളിയിലും മറ്റും അത്ര ഭ്രമമില്ലാതിരുന്നതിനാൽ കഥകളിയോഗം പിരിച്ചുവിട്ടു. എങ്കിലും ആ യോഗത്തിലെ വേ‌ഷക്കാർക്കും മറ്റും നാടുനീങ്ങിപ്പോയ തിരുമനസ്സുകൊണ്ടു കല്പിച്ചുകൊടുത്തിരുന്ന ശമ്പളം ഈ തിരുമനസ്സുകൊണ്ടും ആജീവനാന്തം അവർക്കെല്ലാവർക്കും കൊടുത്തിരുന്നു.

മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു നാടുനീങ്ങിയതിന്റെ ശേ‌ഷം ഈശ്വരപിള്ള വിചാരിപ്പുകാരദ്ദേഹം മാടത്താനിക്കുഞ്ചു പിള്ള മുതലായ ചില മഹാന്മാരുടെ കഥകളിയോഗത്തിൽച്ചേർന്നു നടന്നിരുന്നു. തിരുമനസ്സുകൊണ്ടു നാടുനീങ്ങിപ്പോയിട്ടും ഈശ്വരപിള്ളയദ്ദേഹത്തിനു് മാന്യതയ്ക്കു് ഒരു കുറവും വന്നിരുന്നില്ല. ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ യഥാപൂർവ്വം എല്ലാവരും മാനിച്ചിരുന്നു.

ഈശ്വരപിള്ള വിചാരിപ്പുകാരദ്ദേഹം ഏതു യോഗത്തിൽച്ചേർന്നു വേ‌ഷം കെട്ടിയാലും അന്യരുടെ കോപ്പുകൾ ഉപയോഗിച്ചിരുന്നില്ല. അദ്ദേഹത്തിനു പ്രത്യേക കിരീടവും മെയ്ക്കോപ്പുകളുമെല്ലാം കല്പിച്ചുണ്ടാക്കിച്ചു കൊടുത്തിരുന്നു. അദ്ദേഹം ആജീവനാന്തം ആ കോപ്പുകൾ തന്നെയാണു് ഉപയോഗിച്ചിരുന്നതു്. എവിടെപ്പോകുമ്പോഴും അദ്ദേഹം ആ കോപ്പുകൾ കൂടി കൊണ്ടുപോവുക പതിവായിരുന്നു. വിചാരിപ്പുകാരദ്ദേഹം കുമാരനല്ലൂർ കാർത്തികയ്ക്കും ഗുരുവായൂർ ഏകാദശിക്കും വൈക്കത്തഷ്ടമിക്കും അവിടെയെല്ലാം ചെന്നു ദർശനം കഴിക്കുക പതിവായിരുന്നു. അദ്ദേഹം ആ സ്ഥലങ്ങളിൽ ചെല്ലുമ്പോൾ അവിടെയെല്ലാം ഏതെങ്കിലും കഥകളിയോഗവും എത്തീട്ടുണ്ടാവും. ആ യോഗത്തിൽച്ചേർന്നു് അവിടെയെല്ലാം ഓരോ വേ‌ഷം കെട്ടുകയും പതിവായിരുന്നു. എങ്കിലും അദ്ദേഹത്തിനു് എല്ലാ സ്ഥലങ്ങളിലും ഓരോരുത്തർ കൊടുത്തിട്ടു് അൻപതും അറുപതും ചിലപ്പോൾ അതിലധികവും മുണ്ടുവീതം കിട്ടാറുണ്ടു്. വിചാരിപ്പുകാരദ്ദേഹത്തിനു കൊട്ടാരംവക കഥകളിയോഗത്തിൽച്ചേരുന്നതിനും മഹാരാജാവു തിരുമനസ്സിലെ പ്രീതി സമ്പാദിക്കുന്നതിനും കാരണഭൂതൻ വിളായിക്കോട്ടു നമ്പൂരിയായിരുന്നുവല്ലോ. ആ നമ്പൂരി കഴിഞ്ഞുപോയിട്ടും വിചാരിപ്പുകാരദ്ദേഹം ആ സ്മരണ വിട്ടുകളഞ്ഞില്ല. ആ ഇല്ലക്കാരെക്കുറിച്ചു് അദ്ദേഹത്തിനു് ആജീവനാന്തം വളരെ സ്നേഹവും ഭക്തിയുമുണ്ടായിരുന്നു. കുമാരനല്ലൂർ കാർത്തിക കഴിഞ്ഞാൽ വിചാരിപ്പു കാരദ്ദേഹം ഏതെങ്കിലും കഥകളിയോഗക്കാരെ കൂട്ടിക്കൊണ്ടു വിളായിക്കോട്ടില്ലത്തു ചെന്നു് അവിടെ ഒരരങ്ങു കളിക്കുകയും അദ്ദേഹം ഒരു വേ‌ഷം കെട്ടുകയും പതിവായിരുന്നു. കളിയോഗം ഏതായാലും വിചാരിപ്പു കാരദ്ദേഹം കൂടെയുണ്ടെങ്കിൽ ആ ഇല്ലക്കാർ ഒരരങ്ങു കളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അവിടെ വേ‌ഷം കെട്ടുന്നതിനു് വിചാരിപ്പുകാരദ്ദേഹം പ്രതിഫലമൊന്നും വാങ്ങാറില്ല. എങ്കിലും ആ ഇല്ലക്കാർ അദ്ദേഹത്തിനു നാലു മുണ്ടുകൊടുക്കുക പതിവായിരുന്നു. അവിടെയുള്ള അന്തർജ്ജനങ്ങൾക്കും കിടാങ്ങൾക്കും മറ്റും വിചാരിപ്പുകാരദ്ദേഹം അങ്ങോട്ടും ഓണപ്പുടവ കൊടുക്കാറുണ്ടായിരുന്നു. “നഹി കൃതമുപകാരം സാധവോ വിസ്മരന്തി” എന്നുണ്ടല്ലോ.

വിചാരിപ്പുകാരദ്ദേഹത്തിനു മറ്റുള്ള ആട്ടക്കാരെപ്പോലെ പകലുറക്കം പതിവില്ലായിരുന്നു. കഥകളിയുള്ള ദിവസങ്ങളിൽ വേ‌ഷമഴിച്ചു മുഖത്തേതു തുടച്ചു കഴിഞ്ഞാലുടനെ അദ്ദേഹം പോയി മുങ്ങിക്കുളിക്കും. കുളി കഴിഞ്ഞു വരുമ്പോഴേക്കും ഭൃത്യന്മാർ ഒരു കോസടി വിരിച്ചു തയ്യാറാക്കിയിരിക്കും. അദ്ദേഹം വന്നു് ഈറൻ വിഴുത്തുകഴിഞ്ഞാലുടനെ നനച്ചു കുളിച്ചു് ആ ഈറൻതോർത്തുമുണ്ടുകൂടി കോസടിയുടെ മീതെ വിരിച്ചു കിടക്കുകയും ഉടനെ ഉറങ്ങിത്തുടങ്ങുകയും ചെയ്യും. ആ ഉറക്കം ഒരു നാലഞ്ചുനാഴികയിലധികം നേരമുണ്ടായിരിക്കയില്ല. പിന്നെ പകലുറങ്ങാറുമില്ല. “അസാത്മ്യജാഗരാദ്ധം പ്രാതസ്സുപ്യാദഭുക്തവാൻ” എന്നുള്ള പ്രമാണമനുസരിച്ചാണു് അദ്ദേഹം പ്രവർത്തിച്ചിരുന്നതു്. ആജീവനാന്തം അതിനെ ഭേദപ്പെടുത്തിയിരുന്നുമില്ല.