close
Sayahna Sayahna
Search

ഐതിഹ്യമാല-97


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

മുണ്ടേമ്പിള്ളി കൃഷ്ണമാരാർ

മുണ്ടേമ്പിള്ളി മാരാരുടെ ഗൃഹം കൊച്ചിരാജ്യത്തു തൃപ്പൂണിത്തുറെയാണു്. എന്നു മാത്രമല്ല, തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ പതിവായിട്ടുള്ള കൊട്ടു്, പാട്ടു് മുതലായ അടിയന്തിരങ്ങൾ നടത്താനുള്ള സ്ഥാനവും ആ കുടുംബത്തേക്കായിരുന്നു.

Chap97pge865.png

ഇക്കാലത്തു കുലവിദ്യയായ ചെണ്ടകൊട്ടും മറ്റും അഭ്യസിക്കുന്നതും ക്ഷേത്രപ്രവൃത്തി നടത്തുന്നതും മാത്രമല്ല, മാരാന്മാരെന്നു പറയുന്നതു തന്നെ വലിയ കുറച്ചിലാണെന്നുള്ള വിചാരം അവരിൽ പലർക്കുമുണ്ടായിട്ടുണ്ടു്. അതിനാലവർ ജാതിപ്പേരുമാറ്റി നായർ, പിള്ള, പണിക്കർ ഇത്യാദി നാമങ്ങൾ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. കൊച്ചിരാജ്യത്തുള്ള ഈ ജാതിക്കാർ ആധാരങ്ങളിലും മറ്റും എഴുതുന്നതു് മാരാർ എന്നുതന്നെയാണെങ്കിലും അവരോടാരെങ്കിലും ജാതിയെന്താണെന്നു ചോദിച്ചാൽ “അമ്പലവാസി” എന്നാണു് അവർ മറുപടി പറയുന്നതു്. എങ്കിലും അമ്പലത്തിലെ പ്രവൃത്തികൾ നടത്താൻ അവരുടെ ദുരഭിമാനം അവരെ അനുവദിക്കുന്നുമില്ല. അമ്പലത്തിലെ വാസമെന്നല്ല, അമ്പലത്തിൽ പോകുന്നതുതന്നെ അപമാനകരമാണെന്നു വിചാരിക്കുന്നവർ അമ്പല വാസികളാവുന്നതെങ്ങനെയാണാവോ? കുലവിദ്യയായ ചെണ്ടകൊട്ടു്, പാണികൊട്ടു് മുതലായവ അഭ്യസിച്ചിട്ടുള്ളവർക്കു ആഭിജാത്യം കുറയും എന്നുള്ള നാട്യവും ഇവരിൽ പലർക്കും കണ്ടുവരുന്നുണ്ടു്. ജാതിത്തൊഴിൽ അഭ്യസിക്കാതെയും പാരമ്പര്യമുറയ്ക്കു് നടത്തിവന്നിരുന്ന ക്ഷേത്രപ്രവൃത്തികൾ നടത്താതെയുമിരിക്കുക നിമിത്തം പതിവായി കിട്ടിവന്നിരുന്ന ചോറു കിട്ടാതെയും ക്ഷേത്രദർശനത്തിനുപോലും സംഗതിയാകാതെയും കഷ്ടപ്പെട്ടു് അലഞ്ഞു നടക്കുന്നവർ ഇവരുടെ കൂട്ടത്തിലിപ്പോൾ ധാരാളമായിരിക്കുന്നു.

എന്നാൽ കൃഷ്ണമാരാർ ഇക്കൂട്ടത്തിലുള്ള ഒരാളല്ലായിരുന്നു. കുലവിദ്യ അഭ്യസിക്കുകയും അതു സാമാന്യംപോലെ പ്രവർത്തിക്കാറാവുകയും പ്രവർത്തിക്കുകയും ചെയ്യുന്നതു കുറച്ചിലല്ലെന്നും പ്രത്യുത അതു മാന്യതയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതിനാൽ കൃഷ്ണമാരാർ അക്ഷരാഭ്യാസത്തോടുകൂടിത്തന്നെ കുലവിദ്യയും അഭ്യസിച്ചു തുടങ്ങുകയും സാമാന്യംപോലെ എഴുതാനും വായിക്കാനും പഠിച്ചു കഴിഞ്ഞപ്പോഴേക്കും ചെണ്ട, തിമില, മദ്ദളം എടയ്ക്ക മുതലായവ കൊട്ടാനും സോപാനത്തിങ്കൽ സാധാരണമായി പാടാറുള്ള കീർത്തനങ്ങൾ, അഷ്ടപദി മുതലായവ പാടാനും ശീലമാക്കി. കൃഷ്ണമാരാർ ചെണ്ട കൊട്ടു് മുതലായവ അഭ്യസിച്ചതു് അദ്ദേഹത്തിന്റെ മാതുലന്മാരുടെ അടുക്കൽത്തന്നെ ആയിരുന്നു. അവരും മാരാന്മാർക്കു വേണ്ടുന്ന തൊഴിലുകളെല്ലാം പഠിച്ചിരുന്നവരും പ്രവർത്തിക്കുന്നവരുമായിരുന്നു. കുലവിദ്യ പ്രവർത്തിക്കുന്നതു് അപമാനകരമാണെന്നുള്ള വിചാരവും അതിനെക്കുറിച്ചു നിന്ദയും അവർക്കുമുണ്ടായിരുന്നില്ല. അവരെ ജാതിപ്പേരു ചേർത്തു വിളിക്കുന്നതിൽ സന്തോ‌ഷമല്ലാതെ വിരോധവും അവർ ഭാവിച്ചിരുന്നില്ല.

കൃഷ്ണമാരാർ കൊട്ടു്, പാട്ടു് മുതലായവ പഠിക്കുകയും അവയെല്ലാം സാമാന്യം പോലെ പ്രയോഗിക്കാറാവുകയും ചെയ്തതിന്റെ ശേ‌ഷം എവിടെയെങ്കിലും ചെന്നു സ്വവിദ്യകൾക്കു സ്വൽപം കൂടി നൈപുണ്യം സമ്പാദിക്കണമെന്നു നിശ്ചയിച്ചു് സ്വദേശം വിട്ടുപോയി. അങ്ങനെ ഒന്നു രണ്ടു ദിവസത്തെ വഴി വടക്കോട്ടു ചെന്നപ്പോൾ വഴിക്കുവെച്ചു ചില മലയാളികളെ കാണുകയും അവർ മൂകാംബിയിൽ ഭജനത്തിനു പോകുന്നവരാണെന്നും പറയുകയും ചെയ്യുകയാൽ അവരോടുകൂടി കൃഷ്ണമാരാരും മൂകാംബിയിലെത്തി ഭജനം തുടങ്ങി.

മൂകാംബിയിൽ ചില വിശേ‌ഷങ്ങളുണ്ടു്. അവിടെ അത്താഴപ്പൂജ കഴിഞ്ഞു നടയടയ്ക്കുന്ന സമയം ത്രിമധുരനിവേദ്യത്തിനു വേണ്ടുന്ന തേനും കദളിപ്പഴവും പഞ്ചസാരയും കൂടി ഒരു പാത്രത്തിലാക്കി ബിംബത്തിന്റെ മുൻപിൽ വെച്ചിട്ടു വേണം നടയടയ്ക്കാൻ. അതു ദേവിക്കു നിവേദിക്കുന്നതു് ദേവന്മാരാണു്. ദേവന്മാർ രാത്രികാലങ്ങളിൽ പതിവായി അവിടെ വരികയും ഈ ത്രിമധുരം നിവേദിച്ചു ദേവിയെ വന്ദിച്ചു പോവുകയും ചെയ്യുന്നുണ്ടു്. അതിനാൽ മിക്ക ദിവസങ്ങളിലും കല്പവൃക്ഷ സുമങ്ങൾ ബിംബത്തിങ്കൽ കാണും. അതൊന്നും ശാന്തിക്കാർ ആരെയും കാണിക്കുകയും ആരോടും പറയുകയും ചെയ്യാറില്ല. “അകത്തു കണ്ടതു പുറത്തു പറയുകയില്ല” എന്നു സത്യം ചെയ്യിച്ചിട്ടാണു് അവിടെ ശാന്തിക്കാരെ അവരോധിക്കുന്നതു്. ഏഴര നാഴിക വെളുപ്പാനുള്ളപ്പോൾ ശാന്തിക്കാർ കുളിച്ചുചെന്നു നടതുറന്നു നിർമ്മാല്യം (തലേദിവസത്തെ പൂവും മാലയും) വാങ്ങി അതും ദേവന്മാർ നിവേദിക്കുന്ന ത്രിമധുരവും കൊണ്ടുപോയി ഒരു കിണറ്റിലിടുകയാണു് പതിവു്. ആ ത്രിമധുരം ആർക്കും കൊടുക്കാറില്ല. ആ ത്രിമധുരം സേവിച്ചാൽ മലയാളികൾ ഏറ്റവും ബുദ്ധിമാന്മാരും വലിയ വിദ്വാന്മാരുമായിത്തീരും. പരദേശികൾ സേവിച്ചാൽ ഒരു വിശേ‌ഷവുമുണ്ടാവുകയില്ല.

കൃഷ്ണമാരാർ ഭജനം തുടങ്ങി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഈ വിശേ‌ഷങ്ങളെല്ലാം ആരോ പറഞ്ഞറിയുകയാൽ ഏതു വിധവും ആ ത്രിമധുരം സ്വൽ പമെങ്കിലും സേവിക്കണമെന്നു് തീർച്ചപ്പെടുത്തി. പക്ഷേ അതത്ര ക്ഷിപ്രസാദ്ധ്യമായ കാര്യമല്ലായിരുന്നു. ശാന്തിക്കാർ മനസ്സറിഞ്ഞു് അതാർക്കും കൊടുക്കുകയില്ല. ത്രിമധുരം കൊണ്ടു ചെന്നിടുന്ന കിണറ്റിനു് അടപ്പൂം പൂട്ടും അവിടെ കാവൽക്കാരുമുണ്ടു്. ശാന്തിക്കാർ ത്രിമധുരം കൊണ്ടുചെല്ലുന്ന സമയം കാവൽക്കാർ പൂട്ടു തുറന്നു് അടപ്പു മാറ്റുകയും ശാന്തിക്കാർ ത്രിമധുരം കിണറ്റിലിട്ടു പോവുകയും ഉടനെ കാവൽക്കാർ കിണറടച്ചു പൂട്ടുകയുമാണു് പതിവു്. ഈ സ്ഥിതിയിൽ മാരാരുടെ ആഗ്രഹം സാധിക്കുന്നതെങ്ങനെയാണു്? എങ്കിലും പ്രകൃത്യാതന്നെ അപകടനും വക്രബുദ്ധിയുമായിരുന്ന ആ മനു‌ഷ്യൻ ഈ വിവരങ്ങളൊക്കെ അറിഞ്ഞിട്ടു നിരുത്സാഹനായില്ല. പതിവായി ശാന്തിക്കാരൻ കുളിച്ചുവന്നു നട തുറക്കുമ്പോഴേക്കും കൃഷ്ണമാരാരും കുളിച്ചു നിർമാല്യം തൊഴാനായി അമ്പലത്തിലെത്തും. അതു് ഏഴര നാഴിക വെളുപ്പിനായിരിക്കുമല്ലോ. ആ സമയത്തു ശാന്തിക്കാർക്കു കിണറ്റിൻ കരയിലേക്കു വെളിച്ചം കാണിച്ചുകൊടുക്കാൻ ക്ഷേത്രത്തിലെ നടകാവൽക്കാരനും കുളിച്ചു് അവിടെ എത്തിയിരിക്കണമെന്നാണു് ചട്ടം. എന്നാൽ ചില ദിവസം അയാൾ വരാൻ സ്വൽപം താമസിച്ചു പോകും. അങ്ങനെ വരുന്ന ദിവസങ്ങളിൽ വിളക്കു കാണിച്ചു കൊടുക്കാൻ ശാന്തിക്കാരൻ കൃഷ്ണമാരാരോടു പറയുകയും ആ മനു‌ഷ്യൻ സസന്തോ‌ഷം വിളക്കു കാണിച്ചുകൊടുക്കുകയും ചെയ്തു തുടങ്ങി. അങ്ങനെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ കുശാഗ്രബുദ്ധിയായ മാരാർ ഒരു കൗശലം കണ്ടുപിടിച്ചു. വെളുപ്പാൻകാലത്തു കിടന്നുറങ്ങാതെ ശാന്തിക്കാർ ത്രിമധുരവും കൊണ്ടു ചെല്ലുന്നതുവരെ കാത്തു നിൽക്കുന്ന കാര്യം വലിയ ബുദ്ധിമുട്ടായിട്ടുള്ളതാകയാൽ കിണറു കാവൽക്കാർ ഒരുറക്കം കഴിഞ്ഞുണരുമ്പോൾ പന്ത്രണ്ടു മണിക്കോ, ഒരു മണിക്കോ, രണ്ടു മണിക്കോ എപ്പോഴെങ്കിലും കിണറ്റിന്റെ പൂട്ടു തുറന്നിട്ടേക്കും. പിന്നെയതു് പൂട്ടുന്നതു്, അവർ രണ്ടാമതു് ഉണരുമ്പോളാണു്. അതു ചിലപ്പോൾ നേരം വെളുത്തിട്ടായിയെന്നും വരും. ഇതു് ഏറ്റവും രഹസ്യമായിട്ടുള്ള ഒരേർപ്പാടാണു്. ഈ പതിവു് ശാന്തിക്കാർക്കും കാവൽക്കാർക്കുമല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടായിരുന്നു. എങ്കിലും രണ്ടു മൂന്നു ദിവസത്തെ സഹകരണം കൊണ്ടു് സൂക്ഷ്മഗ്രാഹിയായ മാരാർ അതു മനസ്സിലാക്കി. അതിനാൽ ആ മനു‌ഷ്യൻ പിന്നെ തക്കം നോക്കിത്തുടങ്ങി. ഒരു ദിവസം വെളുപ്പാൻകാലത്തു കുളിയും നിർമ്മാല്യം തൊഴുകയും കഴിഞ്ഞു്, ത്രിമധുരമിടുന്ന കിണറ്റിൻകരെ ചെന്നു് ഇരുട്ടത്തു് മാറി ഒളിച്ചിരുന്നു. ആ സമയം ശാന്തിക്കാർ പതിവുപോലെ ത്രിമധുരവും പൂവും മാലയും എല്ലാം കൂടെ കിണറ്റിലിട്ടിട്ടു് പോയതു കാണുകയും കാവൽക്കാർ നല്ല ഉറക്കമാണെന്നു് അറിയുകയും ചെയ്യുകയാൽ മാരാർ പെട്ടന്നു ചെന്നു കിണറ്റിലിറങ്ങി തപ്പി നോക്കിയപ്പോൾ വെള്ളത്തിൽ പൊങ്ങിക്കിടന്നിരുന്ന മാലയിന്മേൽ പറ്റിയിരുന്ന ഒരു കദളിപ്പഴക്ക‌ഷണം കൈയിൽ കിട്ടിയതു വായിലാക്കി ഇറക്കികൊണ്ടു് ഉടനെ കയറി അമ്പലത്തിലേക്കു പോയി. ആ കദളിപ്പഴക്ക‌ഷണത്തിന്മേൽ കുറേശ്ശ തേനും പഞ്ചസാരയും പുരണ്ടിട്ടുണ്ടായിരുന്നതുകൊണ്ടു് മാരാർ ത്രിമധുരം സേവിച്ചു എന്നുതന്നെ പറയാം. പക്ഷേ ഇങ്ങനെ കള്ളക്കശൗലം പ്രയോഗിച്ചു ത്രിമധുരം സേവിച്ചൽ ഉണ്ടാകുന്ന വിദ്വത്വത്തോടുകൂടി സ്വൽപമൊരപകടത്തവും സംഭവിക്കും. വൈക്കത്തു മുട്ടസ്സുനമ്പൂരിക്കു പറ്റിയ അബദ്ധവും അതാണല്ലോ. എങ്കിലും ആ ത്രിമധുരത്തിന്റെ മാഹത്മ്യം ഒട്ടും ഇല്ലാതെ പോവുകയില്ല. കൃഷ്ണമാരാർ ചെണ്ടകൊട്ടു്, മദ്ദളംകൊട്ടു്, തിമിലകൊട്ടു്, എടയ്ക്കകൊട്ടു്, മൃദംഗവായന, നാഗസ്വരവായന, വീണവായന, ഫിഡിൽവായന, പാട്ടു് മുതലായവയിൽ അദ്വിതീയനും അതിപ്രസിദ്ധനുമായിത്തീർന്നതു് ആ ത്രിമധുരത്തിന്റെ മാഹാത്മ്യം കൊണ്ടുതന്നെയാണു്. ഗുരു മുഖേനയുള്ള അഭ്യാസം മാരാർക്കു ബാല്യത്തിലുണ്ടായിട്ടുള്ളതു കൂടാതെ അധികമൊന്നുമുണ്ടായിട്ടില്ല. ദേവി പ്രസാദവും വാസനാബലവും തന്നെയായിരുന്നു ആ മഹാനു പ്രധാനമായിട്ടുണ്ടായിരിന്നതു്.

ഇപ്രകാരം വിശ്വവിശ്രുതനായിത്തീർന്ന കൃഷ്ണമാരാർക്കു ശി‌ഷ്യസമ്പത്തു വളരെ ചുരുക്കമായിരുന്നു. ഗുരുക്കന്മാർ പറഞ്ഞുകൊടുത്തിട്ടു പഠിക്കുന്നവർക്കു മാത്രമേ ശി‌ഷ്യന്മാർക്കു പറഞ്ഞുകൊടുത്തു പഠിപ്പിക്കാൻ കഴിയുകയുള്ളു. കൃഷ്ണമാരാരുടെ പ്രയോഗങ്ങളെല്ലാം അപ്പോളപ്പോൾ പുത്തൻപുത്തനായിത്തോന്നുന്ന മനോധർമ്മപ്രകാരമുള്ളവയായിരുന്നു. ഒരിക്കൽ പ്രയോഗിക്കുന്നതുപോലെ പിന്നെയൊരിക്കൽക്കൂടി പ്രയോഗിക്കുന്ന കാര്യം ആ മനു‌ഷ്യനു സാധ്യമല്ലായിരുന്നു. അങ്ങനെയുള്ള ഒരാൾക്കു ശി‌ഷ്യന്മാരുണ്ടാകുന്നതെങ്ങനെയാണു്?

മൂകാംബിയിലെ ഭജനം കഴിഞ്ഞതിന്റെ ശേ‌ഷം കൃഷ്ണമാരാർ കുറച്ചു കാലം പരദേശങ്ങളിൽ സഞ്ചരിച്ചിരുന്നു. അക്കാലത്തു വലിയ സംഗീത വിദ്വാന്മാരായ പലരുടെ പാട്ടും നാഗസ്വരവായനയും കേൾക്കാനിടയായതു കൊണ്ടു് മാരാർക്കു ആ വി‌ഷയത്തിലുണ്ടായിരുന്ന പാണ്ഡിത്യത്തിനു പൂർണ്ണത സിദ്ധിച്ചു. അതുകൂടാതെ അദ്ദേഹം ആ ദിക്കുകളിൽനിന്നു പലരോടുമായി ചെപ്പടിവിദ്യ, ആൾമാറാട്ടം (അന്യാനുകരണം) മുതലായവയിലും നൈപുണ്യം സമ്പാദിച്ചു.

കൃഷ്ണമാരാർ സ്വദേശത്തു മടങ്ങിയെത്തിയതു മേൽമീശയും പിൻകുടുമയും ധരിച്ചു സോമനുമുടുത്തു കേവലം പാണ്ടിക്കാരന്റെ വേ‌ഷത്തിലായിരുന്നു. സ്വദേശത്തെത്തി കുലവിദ്യകൾ പ്രയോഗിച്ചു തുടങ്ങിയപ്പോൾ നാട്ടുകാർക്കു മാരാരെക്കുറിച്ചുണ്ടായിരുന്ന ബഹുമാനം ശതഗുണീഭവിച്ചു. കൃഷ്ണമാരാരുടെ കൊട്ടോ പാട്ടോ ഉണ്ടെന്നു കേട്ടാൽ ജനങ്ങൾ ഊണും ഉറക്കവുമുപേക്ഷിച്ചു ചെന്നുകൂടിത്തുടങ്ങി.

ചെണ്ട കൊട്ടുന്നതിനു കൃഷ്ണമാരാർക്കു തുല്യനായിട്ടു് ഒരാൾ അക്കാലത്തു് ഒരിടത്തുമുണ്ടായിരുന്നില്ലെന്നല്ല, അതിനു മുൻപും പിന്നെയും ഉണ്ടായിട്ടുമില്ല. ഇനി ഉണ്ടാകുന്ന കാര്യം അസാധ്യവുമാണു്. കൃഷ്ണമാരാരുടെ മേളംപറ്റു മുതലായ ചെണ്ടപ്രയോഗങ്ങൾ എല്ലാം തന്നെ അന്യാദൃശങ്ങളായിരുന്നു. വിശേ‌ഷിച്ചും തായമ്പക അത്യത്ഭുതകരവുമായിരുന്നു. ആ വിദ്വാൻ തായമ്പകയ്ക്കു കൊട്ടുന്നതു് അന്യന്മാർ കൊട്ടുന്ന എണ്ണങ്ങളൊന്നുമല്ലെന്നു മാത്രമല്ല, ഒരിക്കൽ കൊട്ടുന്ന എണ്ണങ്ങളൊന്നുമായിരിക്കയില്ല പിന്നെയൊരിക്കൽ കൊട്ടുന്നതു്. അദ്ദേഹത്തിന്റെ പ്രയോഗങ്ങളൊക്കെ അപ്പോളപ്പോൾ പുത്തൻപുത്തനായി തോന്നുന്ന മനോധർമ്മ പ്രകാരമാണെന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ. ചിലപ്പോൾ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു് “ഇന്നലെ തായമ്പകയ്ക്കു് കൊട്ടിയ എണ്ണങ്ങൾ കേട്ടിട്ടു മതിയായില്ല. ഇന്നു കൂടി അവതന്നെ കൊട്ടിക്കേട്ടാൽ കൊള്ളാമെന്നുണ്ടു്” എന്നു പറഞ്ഞിട്ടു് “എന്റെ കുട്ടികളെ! അതുമാത്രം എന്നോടു പറയരുതു്. അതു് എന്നാൽ സാദ്ധ്യമല്ല. ഇതൊന്നും ഞാൻഅഭ്യസിച്ചു പഠിച്ചിട്ടുള്ളവയല്ല ഇന്നലെ കൊട്ടിയവ എന്തെല്ലാമായിരുന്നു എന്നും ഇന്നിനി കൊട്ടുന്നതു് എന്തെല്ലാമായിരിക്കുമെന്നും എനിക്കു നിശ്ചയമില്ല” എന്നു പറഞ്ഞതായി കേട്ടിട്ടുണ്ടു്.

കൃഷ്ണമാരാർ പരദേശത്തിനിന്നു തിരിച്ചുവന്നു് സ്വദേശത്തു താമസിച്ചിരുന്ന കാലത്തു് ബ്രിട്ടീ‌ഷു മലബാറിൽ ചെർപ്പുളശ്ശേരി ദേശത്തു ചെണ്ട കൊട്ടിനു പ്രസിദ്ധരായ ചില പുതുവാളന്മാരുണ്ടായിരുന്നു. അവരെക്കുറിച്ചു പലരും പുകഴ്ത്തുന്നതു കേട്ടിട്ടു് തൃശ്ശിവപേരുണ്ടായിരുന്ന ചില മേളപ്രിയന്മാർ ഒരു കൊല്ലം പൂരത്തിനു് അവരെ വരുത്തി കൊട്ടിച്ചു. അന്നു കൃഷ്ണമാരാരും അവിടെയെത്തിയിരുന്നു. പുതുവാളന്മാരുടെ കൊട്ടിനെക്കുറിച്ചു് കൃഷ്ണമാരരുടെ അഭിപ്രായമറിയുന്നതിനായി ചിലർ ചോദിച്ചിട്ടു് “ചെണ്ടയിന്മേൽ പുതോം” “പുതോം” എന്നു് ഒച്ച കേൾപ്പിക്കാനവർക്കറിയാം. അതുകൊണ്ടല്ലെ അവരെ “പുതു”വാൾ “പുതു”വാൾ എന്നെല്ലാ വരും പറയുന്നതു്?” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൃഷ്ണമാരാർക്കു് സമ്മതന്മാരായ കൊട്ടുകാരും പാട്ടുകാരും അക്കാലത്തു് എങ്ങുമുണ്ടായിരുന്നില്ല. ആ കൊട്ടുകാരായ പൊതുവാളന്മാരിൽ കൃഷ്ണൻ എന്നു പേരായിട്ടു് ഒരാൾ ഉണ്ടായിരുന്നു. അവരിൽ പ്രധാനൻ ആ കൃഷ്ണപ്പുതുവാളായിരുന്നു. ആ മനു‌ഷ്യനെക്കുറിച്ചുള്ള അഭിപ്രായം പ്രത്യേകം ചോദിച്ചപ്പോൾ കൃഷ്ണമാരാർ പറഞ്ഞ മറുപടി:

“മാരഃ കൃ‌ഷ്ണഃ പുതുഃ കൃഷ്ണഃ കോ ഭേദഃ പുതുമാരായോഃ
ഇണ്ടിണ്ടികാലേ സമ്പ്രാപ്തേ മാരോ മാരഃ പുതുഃ പുതുഃ”

എന്നായിരുന്നു. ഇതിൽ സ്വൽപം ആത്മപ്രശംസകൂടി സ്ഫുരിക്കുന്നുണ്ടെങ്കിലും കൃഷ്ണമാരാർ ഒരു രസികനും സരസനും ഫലിതക്കാരനുമായിരുന്നുവെന്നും സ്പഷ്ടമാണല്ലോ. സംഗീത വി‌ഷയത്തിൽ അതിപ്രസിദ്ധനായിരുന്ന മഹാവൈത്തി ഭാഗവതർ ഒരിക്കൽ തൃശ്ശിവപേരൂർ ചെന്നിരുന്നപ്പോൾ ആ ദിക്കിലുണ്ടായിരുന്ന ചില സംഗീതരസികന്മാരുത്സാഹിച്ചു് ഒരു പാട്ടുകച്ചേരി നടത്തുകയുണ്ടായി. അന്നവിടെ കേൾവിക്കാരുടെ കൂട്ടത്തിൽ കൃഷ്ണമാരാരുമുണ്ടായിരുന്നു. ഭാഗവതർക്കു അധികം നൈപുണ്യമുണ്ടായിരുന്നതു് രാഗവിസ്താരത്തിലായിരുന്നു. താളത്തിനു സ്വൽപം വലിവുണ്ടായിരുന്നതിനാൽ പല്ലവി പാടിയതു് കൃഷ്ണമാരാർക്കു് അത്ര രസിച്ചില്ല. പാട്ടുകച്ചേരി പിരിഞ്ഞതിന്റെ ശേ‌ഷം ഭാഗവതരുടെ പാട്ടിനെക്കുറിച്ചു് ചിലർ കൃഷ്ണമാരാരോടു് അഭിപ്രായം ചോദിച്ചപ്പോൾ “ഭാഗവതരുടെ പേർ യഥാർത്ഥമാണു്. അദ്ദേഹം മഹാ പൈത്തിതന്നെ” എന്നാണു മറുപടി പറഞ്ഞതു്. ഇതുകൊണ്ടു് കൃഷ്ണമാരർക്കു സകലവിദ്വാന്മാരെക്കുറിച്ചും പുച്ഛമായിരുന്നു എന്നു് ആരും തെറ്റിദ്ധരിക്കരുതു്. അദ്ദേഹത്തിനു തോന്നുന്നതു മറച്ചുവെയ്ക്കാതെ നേരെ തുറന്നു പറയും എന്നേ ഉള്ളു.

പാട്ടിനു രാഘവഭാഗവതരും വീണവായനയ്ക്കു് കല്യാണകൃഷ്ണ ഭാഗവതരും കഴിഞ്ഞല്ലാതെ ആരുമില്ലെന്നായിരുന്നു കൃഷ്ണമാരാരുടെ അഭിപ്രായം. അവരെ രണ്ടുപേരെയും കുറിച്ചു മാരാർക്കുണ്ടായിരുന്ന ബഹുമാനം സീമാതീതമായിരുന്നു. അപ്രകാരം തന്നെ കല്യാണകൃഷ്ണ ഭാഗവതർക്കു കൃഷ്ണമാരാരെക്കുറിച്ചും വളരെ ബഹുമാനമുണ്ടായിരുന്നു. “കൃഷ്ണമാരാർ ചെണ്ടകൊട്ടുകയല്ല, വായിക്കുകയാണു് ചെയ്യുന്നതു്” എന്നാണു് കല്യാണകൃഷ്ണഭാഗവതർ പറയാറുള്ളതു്.

കൃഷ്ണമാരാർക്കു കൊട്ടു്, പാട്ടു് മുതലായവയിൽ മാത്രമല്ല അഭിജ്ഞതയുണ്ടായിരുന്നതു്. മാതംഗലീല, വസൂരിചികിത്സ, തച്ചുശാസ്ത്രം, തന്ത്ര സമുച്ചയം മുതലായവയിലും നല്ല പരിജ്ഞാനമുണ്ടായിരുന്നു. മദമിളകിപ്പാഞ്ഞു നടക്കുന്ന വലിയ കൊലകൊമ്പൻമാരെപ്പോലും യാതൊരു ദേഹോപദ്രവവും ഏൽപിക്കാതെ പിടിച്ചു ബന്ധിക്കാൻ കൃഷ്ണമാരാർക്കു യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ഉത്സവകാലത്തു് ആനപ്പിണക്കമുണ്ടാവുക സാധാരണമാണു്. എന്നാൽ കൃഷ്ണമാരാരവിടെയുണ്ടായിരുന്ന കാലങ്ങളിലെങ്ങും അതുകൊണ്ടു് ആർക്കും യാതൊരുപദ്രവവും ഉണ്ടാകാറില്ല. ആന പിണങ്ങാൻ ഭാവിക്കുന്നുവെന്നറിഞ്ഞാൽ ഏതാനയായാലും ഉടനെ കൃഷ്ണമാരാർ ചെന്നു പിടിച്ചു ബന്ധിക്കും. പിന്നെ ഉപദ്രവങ്ങളുണ്ടാവാൻ സംഗതിയാവുകയില്ലല്ലോ. ഇതു് എവിടെയായാലും പതിവാണു്.

കാശിയിൽവെച്ചു് കഴിഞ്ഞുപോയ പാലിയത്തു വലിയച്ചനും കൃഷ്ണമാരാരും തമ്മിൽ വലിയ സ്നേഹമായിരുന്നു. അതിനാൽ കൃഷ്ണമാരാർ ചിലപ്പോൾ ചേന്നമംഗലത്തു ചെന്നു താമസിക്കാറുണ്ടായിരുന്നു. ഒരിക്കൽ കൃഷ്ണമാരാർ അങ്ങനെ അവിടെച്ചെന്നു താമസിച്ചിരുന്നപ്പോൾ പാലിയം വക “കുട്ടി” എന്നു പേരായിരുന്ന കൊമ്പനാന മദഭ്രാന്തിളകി ആനക്കാരനെ കുത്തിക്കൊന്നതിന്റെ ശേ‌ഷം അവിടെയെല്ലാം ഓടി നടന്നു പലവിധത്തിലുള്ള ഉപദ്രവങ്ങൾ ചെയ്തു തുടങ്ങി. ആ ആന മഹാവികൃതിയായിരുന്നുവെങ്കിലും കണ്ടാൽ നല്ല ഭംഗിയും ദേഹപുഷ്ടിയുമുള്ളതായിരുന്നതിനാൽ വലിയച്ചനു് അവനെക്കുറിച്ചു് വളരെ വാത്സല്യമുണ്ടായിരുന്നു. ആ ആനയെ ദേഹോപദ്രവമേൽപിക്കുന്ന കാര്യം വലിയച്ചനു് വലിയ സങ്കടവുമായിരുന്നു. ആന ഓടിനടന്നു കലശൽ കൂട്ടിത്തുടങ്ങിയപ്പോഴേക്കും അവിടെയെല്ലാവരും അലയും മുറയും തുടങ്ങുകയും പേടിച്ചു പലരും പുരയ്ക്കകത്തു കയറി വാതിലടച്ചിരിപ്പാവുകയും ചെയ്തു. അപ്പോൾ വലിയച്ചൻ കൃഷ്ണമാരാരോടു് “ഈ ആനയെ ഒന്നു പിടിച്ചുകെട്ടാൻ വല്ല വിദ്യയുമുണ്ടോ? ഉണ്ടെങ്കിൽ അങ്ങനെ ചെയ്താൽ കൊള്ളാം. അവനെ വേദനപ്പെടുത്താതെ സാധിക്കണം” എന്നു പറഞ്ഞു. ഉടനെ മാരാർ “ഞാനൊന്നു പരീക്ഷിച്ചു നോക്കട്ടെ”എന്നു പറഞ്ഞിട്ടു് ഒരു ചെറിയ കോലെടുത്തു് അതുകൊണ്ടു് ആനയുടെ നേരെ ചില ആംഗ്യങ്ങൾ കാണിച്ചു. ആന തൽക്ഷണം മാരാരുടെ മുൻപിൽ ചെന്നു കൊമ്പുകുത്തി. മാരാർ ഉടനെ ആനയെ പിടിച്ചു ബന്ധിക്കുകയും ചെയ്തു.

കൃഷ്ണമാരാർ പ്രകൃത്യാ ദീനദയാലുവും ഉദാരശീലനുമായിരുന്നു. അദ്ദേഹത്തിനു വസൂരീ ദീനമുണ്ടായിട്ടില്ലെങ്കിലും അഗതികളായിട്ടുള്ളവർ ആ ദീനം പിടിപെട്ടു രക്ഷകരില്ലാതെ കഷ്ടപ്പെടുന്നതായി അറിഞ്ഞാൽ അദ്ദേഹം ചെന്നു് അവരെ വേണ്ടതുപോലെ ശുശ്രൂ‌ഷിച്ചു രക്ഷിക്കുക പതിവായിരുന്നു. അതിലേക്കു് അദ്ദേഹം യാതൊരു പ്രതിഫലവും ആഗ്രഹിക്കുകയില്ലെന്നു മാത്രമല്ല, വേണ്ടിവന്നാൽ സാധുക്കൾക്കു വേണ്ടി യഥാശക്തി വല്ലതും ചെലവു ചെയ്യാനും അദ്ദേഹം സന്നദ്ധനായിരുന്നു. മാരാരുടെ വസൂരിചികിത്സയ്ക്കു് ഒരു വിശേ‌ഷവിദ്യകൂടിയുണ്ടായിരുന്നു. സാധാരണ വസൂരിചികിത്സകന്മാർ അപഥ്യമെന്നു വിചാരിച്ചുവരുന്നവ ചെയ്താണു് മാരാർ ദീനക്കാരെ രക്ഷിക്കുക പതിവു്. അതിനെക്കുറിച്ചു പലരും അത്ഭുതപ്പെടാറുണ്ടു്.

മാന്യന്മാരെ മാനിക്കുന്നതിനു് കൃഷ്ണമാരാർക്കു ഒട്ടും മടിയുണ്ടായിരുന്നില്ല. എങ്കിലും ആൾഭേദം വിചാരിക്കാതെ എല്ലാവരോടും ഒരു പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനു ധാരാളമുണ്ടായിരുന്നു. ചിലപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും കേൾക്കുകയും കാണുകയും ചെയ്താൽ അദ്ദേഹം ഒന്നാന്തരം മുട്ടാളാനാണെന്നും ചിലപ്പോൾ വലിയ വിനയ ശാലിയാണെന്നും തോന്നുമായിരുന്നു. ആകപ്പാടെ വിചാരിച്ചാൽ വലിയ ഒരപരിച്ഛദ്യേ സ്വഭാവനായിരുന്നുവെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.

മാരാർ പരദേശത്തുനിന്നു തിരിച്ചുവന്ന കാലത്തു് അന്നത്തെ കൊച്ചി വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു് മാരാരെ തിരുമുമ്പാകെ വരുത്തി, “കൃഷ്ണന്റെ ഈ വേ‌ഷം മാറ്റണം. പിൻകുടുമയും മേൽമീശയും മലയാളികൾക്കു ചേർന്നതല്ല. ഈ വേ‌ഷത്തിൽ ക്ഷേത്രപ്രവൃത്തികൾ നടത്തുന്നതു തന്നെ ശരിയല്ല” എന്നു കൽപിച്ചു. ഇതിനു മറുപടിയായി കൃഷ്ണമാരാർ അറിയിച്ചതു്, “കൽപന അനുസരിക്കേണ്ടതു് അടിയന്റെ കൃത്യമാണു്.

ആശ്രിതന്മാരുടെ അഭീഷ്ടം അനുവദിച്ചുകൊടുക്കുകയെന്നുള്ളതു് ഇവിടുത്തെ ധർമ്മവുമാണു്. അതിനാൽ ഇക്കാര്യം രാജിയായിട്ടു തീർത്താൽ കൊള്ളാമെന്നാണു് അടിയന്റെ അപേക്ഷ. പിൻകുടുമ മാറ്റണമെന്നുള്ള കൽപന സാദരം അടിയൻ സമ്മതിച്ചിരിക്കുന്നു. ഉടനെ അതു കളഞ്ഞു മുൻകുടുമ വെച്ചുകൊള്ളാം. മേൽമീശ ശൂരത്വമുള്ള പുരു‌ഷന്മാർക്കു അവശ്യം വേണ്ടതാകയാൽ അതു് ഇരുന്നുകൊള്ളട്ടെ എന്നു കൽപിച്ചനുവദിക്കുകയും വേണം. ഇതാണു് രാജിയുടെ സ്വഭാവം” എന്നായിരുന്നു. മാരാരോടു നിർബന്ധിച്ചാൽ ഫലിക്കുകയില്ലെന്നു തിരുമനസ്സിലേക്കു നല്ല നിശ്ചയമുണ്ടായിരുന്നതിനാൽ ഒടുക്കം “എന്നാൽ കൃഷ്ണന്റെ ഹിതംപോലെയാവട്ടെ” എന്നു കൽപിച്ചു. കൃഷ്ണമാരാർ അന്നു തന്നെ പിൻകുടുമ മാറ്റി മുൻകുടുമയാക്കുകയും ചെയ്തു. കൃഷ്ണമാരാരുടെ വീടു പഴക്കം കൊണ്ടു വളരെ ജീർണ്ണപ്പെട്ടിരുന്നതിനാൽ ആ വിവരം ഒരിക്കൽ കൊച്ചി വലിയ തമ്പുരാൻ തിരുമനസ്സിലെ അടുക്കൽ അറിയിക്കുകയാൽ പുരപണിക്കായി രണ്ടായിരം രൂപാ കൽപിച്ചു കൊടുത്തു. അതുകൊണ്ടു പോയി കൃഷ്ണമാരാർ പറമ്പിനു മതിൽ കെട്ടിച്ചു തുടങ്ങി. തിരുമനസ്സുകൊണ്ടു് ആ വിവരമറിഞ്ഞു് അതിനെക്കുറിച്ചു കൽപിച്ചു ചോദിച്ചപ്പോൾ “പറമ്പിനകത്താണല്ലോ പുര. പറമ്പിനു രക്ഷയില്ലാഞ്ഞാൽ പുരയ്ക്കുറപ്പു മതിയാവുകയില്ലല്ലോ എന്നു വിചാരിച്ചാണു്” എന്നു തിരുമനസ്സറിയിച്ചു. കൽപിച്ചു കൊടുത്ത പണം തീർന്നപ്പോൾ മതിൽകെട്ടും മതിയാക്കി. ഒടുക്കം മതിൽ മുഴുവനുമായില്ല. പുര പണിയിച്ചുമില്ല. അക്കാര്യം അങ്ങനെ തീർന്നു. കൊച്ചിയിലെ, മിഥുനമാസത്തിൽ തീപ്പെട്ട വലിയ തമ്പുരാൻ തിരുമനസ്സു കൊണ്ടു കൃ‌ഷണമാരാരും സമപ്രായക്കാരായിരുന്നു. കൃഷ്ണ മാരാരുടെ കൊട്ടു്, പാട്ടു് മുതലായവയുടെ ഗുണമറിഞ്ഞു് രസിക്കുന്നതിനും യോഗ്യതാനുരൂപം ബഹുമാനിക്കുന്നതിനും വേണ്ടുന്ന ജ്ഞാനം ആ തിരുമനസ്സിലേക്കു ധാരാളമായിട്ടുണ്ടായിരുന്നു. എങ്കിലും അവിടുത്തെ സേവന്മാർ മാരാരുടെ യോഗ്യതയ്ക്കു തക്കവണ്ണമുള്ള സംഭാവനകൾ കൽപിച്ചുചെയ്യാൻ ഇടയാക്കാതെയിരിക്കുകയും തരംപോലെ ചില ഏഷ്ണികൾ പ്രയോഗിച്ചു കൂടെക്കുടെ മാരാരുടെ പേരിൽ തിരുവുള്ളക്കേടുണ്ടാക്കിത്തീർക്കുകയും ചെയ്തിരുന്നു. സേവന്മാർക്കു മാരാരോടു വിരോധത്തിനു കാരണം അവരെ മാരാർ ക്രമത്തിലധികം ബഹുമാനിക്കാതെയിരുന്നതാണു്. മാരാർ തമ്പുരാനെയല്ലാതെ സേവന്മാരെ അത്ര വകവെയ്ക്കാറില്ല. ദേവനെയല്ലാതെ ബലിക്കല്ലുകളെക്കൂടി വന്ദിക്കാൻ കഴികയില്ല എന്നായിരുന്നു മാരാരുടെ അഭിപ്രായം. ഏഷവണിമൂലമുണ്ടാകുന്ന കൽപനയേയും മാരാരത്ര വകവെയ്ക്കാറില്ല. അങ്ങനെ വല്ല കൽപനയുമുണ്ടായാൽ ഉടനെ എന്തെങ്കിലും അപകടം കാണിക്കുകയോ പറയുകയോ ആണു് മാരാരുടെ പതിവു്.

ഒരിക്കൽ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ഉത്സവകാലത്തു് കൃഷ്ണമാരാർ ക്ഷേത്രത്തിൽ മതിൽക്കകത്തു കടക്കരുതെന്നൊരു കൽപനയുണ്ടായി. ഇതു സേവകന്മാരുടെ ഏഷ്ണി നിമിത്തമുണ്ടായതാണെന്നു അറിയാമായിരുന്നതുകൊണ്ടു് മാരാർ മദ്ദളപ്പറ്റിന്റെ സമയത്തു് ഒരു മദ്ദളമെടുത്തുകൊണ്ടു് മതിലിന്മേൽ കയറിനിന്നു് കൊട്ടിതുടങ്ങി. അതു കണ്ടു് കാരണമെന്തന്നു് ചിലർ ചോദിച്ചപ്പോൾ “ഞാൻ മതിൽക്കകത്തു കടക്കരുതെന്നു കൽപനയുണ്ടായിട്ടുണ്ടു്. കൽപന അനുസരിക്കാതെയിരിക്കാൻ നിവൃത്തിയില്ലല്ലോ. എന്നാൽ എന്റെ ക്ഷേത്രപ്രവൃത്തി കൽപ്പിച്ചു വിരോധിച്ചിട്ടുമില്ല. അതുകൊണ്ടു് എന്റെ തൊഴിൽ നടത്താതെയിരിക്കാനും എനിക്കു നിവൃത്തിയില്ല. അതുകൊണ്ടു് ഇവിടെ നിന്നു കൊട്ടുന്നതാണു്” എന്നായിരിരുന്നു മറുപടി പറഞ്ഞതു്. ഈ വർത്തമാനങ്ങളെല്ലാം അപ്പോൾതന്നെ സേവന്മാർ മുഖാന്തരം തിരുമനസ്സിലേക്കറിവു കിട്ടുകയാൽ കൽപിച്ചു് ഒരാളെ അയച്ചു വിളിപ്പിച്ചു് മാരാരെ തിരുമുമ്പാകെ വരൂത്തീട്ടു്, “ഇനി കൃഷ്ണനെ നമ്മുടെ രാജ്യത്തു് കാണരുതു്” എന്നു കല്പിച്ചു. ഇതിനു മറുപടിയായി മാരാർ തിരുമനസ്സറിയിച്ചതു് “റാൻ, ഒരു വിരൽ നീളത്തിൽ ഒരു മുറിത്തിരികൂടി തരാൻ കൽപനയുണ്ടാകണം” എന്നായിരുന്നു. മാരാരുടെ വാക്കിന്റെ സാരം കൊച്ചിരാജ്യം ഒരു മുറിത്തിരികൊണ്ടു് മറുരാജ്യത്തെത്താവുന്ന വിധത്തിൽ ഏറ്റവും ചെറിയതാണെന്നും ഭൂമി വിപുലമായതുകൊണ്ടു് എവിടെയെങ്കിലും പോയി കാലക്ഷേപം ചെയ്തുകൊള്ളമെന്നുമാണല്ലോ. രാജഭക്തനായിരുന്ന കൃഷ്ണമാരാർ ഇപ്രകാരം തിരുമനസ്സറിയച്ചതു് തമ്പുരാനെക്കുറിച്ചുള്ള വൈരസ്യംകൊണ്ടോ ധിക്കാരംകൊണ്ടോ അല്ലായിരുന്നു. സേവകന്മാരെക്കുറിച്ചുള്ള പുച്ഛം കൊണ്ടു് അവരെ മദ്ധ്യമമാക്കാനായിട്ടു മാത്രമായിരുന്നു.

തിരുമനസ്സിലേക്കു തിരുവുള്ളക്കേടുണ്ടായാൽ അതു മാറ്റുന്നതിനു മാരാർക്കു ഒരു നല്ല കൗശലമുണ്ടായിരുന്നു. അക്കാലത്തു കോവിലകത്തു കഥകളിയില്ലാത്ത ദിവസം ചുരുക്കമായിരുന്നു. എന്നാൽ കഥകളിക്കു കൊട്ടാൻ കൃഷ്ണമാരാർ അധികം പോകാറില്ല. കളി തൃക്കൺപാർക്കുന്നതിനു് തിരുമനസ്സുകൊണ്ടു് തോടയം, പുറപ്പാടു്, മഞ്ജുതര മുതലായവയൊക്കെക്കഴിഞ്ഞു് കഥ തുടങ്ങിയതിന്റെ ശേ‌ഷമേ പുറത്തു് എഴുന്നള്ളിയിരിക്കാറുള്ളു. മാരാരോടു തിരുവുള്ളക്കേടുണ്ടായിരിക്കുന്ന കാലങ്ങളിൽ മാരാർ മഞ്ജുതരയാകുമ്പോൾ അരങ്ങത്തെത്തി ചെണ്ടയെടുത്തു തോളത്തിട്ടു കൊട്ടിത്തുടങ്ങും. ഉടനെ പുറത്തെഴുന്നള്ളും. കൃഷ്ണമാരാരുടെ ഇടംകൈ ചെണ്ടപ്പുറത്തു വീണാലുള്ള ശബ്ദം തിരുമനസ്സിലേക്കു പ്രത്യേകമറിയാമായിരുന്നു. തിരുമനസ്സുകൊണ്ടു് എഴുന്നള്ളിയിരുന്നാൽ കളി കഴിയുന്നതുവരെ മാരാർ കൊട്ടുകയും മാരാർ കൊട്ടാനുണ്ടായാൽ തിരുമനസ്സുകൊണ്ടു് കളി കഴിയുന്നതുവരെ എഴുന്നള്ളിയിരുന്നു് തൃക്കൺപാർക്കുകയും പതിവാണു്. ഒടുക്കം എന്തെങ്കിലും ഒരു സമ്മാനം മാരാർക്കു കൽപിച്ചുകൊടുക്കകയും അതോടുകൂടി തിരുവുള്ളക്കേടു തീരുകയും ചെയ്യും. ഇതാണു മാരാരുടെ കൗശലം. ഇതിൽ സേവകന്മാരുടെ സൂത്രമൊന്നും പറ്റാറുമില്ല.

ഒരിക്കൽ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ കൃഷ്ണമാരാർ ഉചപ്പൂജയ്ക്കു കൊട്ടുകയും പാടുകയും ചെയ്തുകൊണ്ടിരുന്നു. പതിവിൽ ഇരട്ടി സമയമായിട്ടും തന്ത്രി നടതുറക്കായ്കയാൽ മാരാർ ഇടയ്ക്ക അവിടെത്തൂക്കീട്ടു വീട്ടിലേക്കു പോയി. അന്നു് ഉച്ചതിരിഞ്ഞപ്പോൾ തന്ത്രി ചെന്നു വിവരം തിരുമനസ്സറിയിച്ചു. ഉടനെ മാരാരെ തിരുമുമ്പാകെ വരുത്തി, “പൂജ കഴിഞ്ഞു നട തുറക്കുന്നതിനു മുമ്പു കൊട്ടു നിറുത്തി പൊയ്ക്കളഞ്ഞതെന്താണെ”ന്നു് കൽപ്പിച്ചു ചോദിച്ചു. അതിനു മാരാരുടെ മറുപടി, “പ്രസന്നപൂജയ്ക്കു് ഇത്ര സമയം വേണമെന്നു് അടിയനു നിശ്ചയമുണ്ടു്. അതു് അടിയൻ പ്രമാണസഹിതം ഇവിടെ ബോധ്യപ്പെടുത്താം. ആവശ്യമുള്ളതിൽ ഇരട്ടി സമയം അടിയൻ കൊട്ടുകയും പാടുകയും ചെയ്തു. പിന്നെയും നട തുറക്കാതെയിരുന്നതു് അടിയന്റെ കുറ്റമല്ല” എന്നായിരുന്നു. മാരാരറിയിച്ചതു വാസ്തവമാണെന്നു തിരുമനസ്സിലേക്കു തോന്നി. എങ്കിലും തന്ത്രിയുടെ പരാതി അവിടെ വകവെച്ചില്ലെന്നു വരുത്തുന്നതു ശരിയില്ലല്ലോ എന്നു വിചാരിച്ചു് “ഇങ്ങനെ സമാധാനം പറഞ്ഞാലും മറ്റും പോരാ; ഇന്നത്തേതേതെങ്കിലും കഴിഞ്ഞുവല്ലോ. ഇനി അതിനെക്കുറിച്ചൊന്നും പറയുന്നില്ല. മേലാൽ ഇങ്ങനെ വരരുതു്. തന്ത്രി അകത്തു കയറി വാതിലടച്ചാൽ തുറക്കുന്നതുവരെ കൊട്ടിക്കൊള്ളണം” എന്നു കൽപിച്ചു. “റാൻ, മേലാലങ്ങനെ ചെയ്തുകൊള്ളാം” എന്നറിയിച്ചിട്ടു് മാരാർ പോയി.

തന്ത്രിക്കു ഉച്ചയ്ക്കു ഊണു കഴിഞ്ഞാൽ ഉടനെ കിടന്നു് ഒരു രണ്ടു നാഴിക നേരമെങ്കിലും ഉറങ്ങാഞ്ഞാൽ വലിയ സുഖക്കേടാണു്. അദ്ദേഹം ആ പകലുറക്കം ഒരു നിത്യകർമ്മംപോലെ പതിവായി നടത്തിയിരുന്നു. അതിനു വിഘ്നമുണ്ടാക്കുന്നതു അദ്ദേഹത്തിനു പരമസങ്കടമായിരുന്നു. മാരാരെക്കുറിച്ചു പരാതി തിരുമനസ്സറിയിച്ചതിന്റെ പിറ്റേ ദിവസം ഉചയ്ക്കു് തന്ത്രി ഊണു കഴിഞ്ഞു പുരയ്ക്കകത്തു കയറി വാതിലടച്ചു കിടന്നു നല്ല ഉറക്കമായപ്പോൾ കൃഷ്ണമാരാർ ഒരു ചെണ്ടയും കൊണ്ടു് അവിടെയെത്തി പുറത്തുനിന്നു കേമമായിട്ടു കൊട്ടിതുടങ്ങി. കൊട്ടു കേട്ടു തന്ത്രി ഉണർന്നു ശുണ്ഠികടിച്ചുകൊണ്ടെണീറ്റു വാതിൽ തുറന്നു. ഉടനെ മാരാർ കൊട്ടും നിർത്തി. തന്ത്രി ദേ‌ഷ്യപ്പെട്ടു് പല്ലുകടിച്ചുകൊണ്ടു് “എന്താ കൃഷ്ണാ! ഇങ്ങനെ ഉപദ്രവിക്കുന്നതു്?” എന്നു ചോദിച്ചു. അതിനു മാരാരുടെ മറുപടി, “വലിയതമ്പുരാൻ തിരുമനസ്സിലെ കൽപന അവിടുന്നും കേട്ടില്ലേ? തന്ത്രി അകത്തു കയറി വാതിലടച്ചാൽ തുറക്കുന്നതുവരെ കൊട്ടണം എന്നല്ലേ കൽപിച്ചതു്? കൽപന പ്രകാരം ചെയാതിരിക്കാൻ എനിക്കു നിവൃത്തിയുണ്ടോ?” എന്നായിരുന്നു. ഉച്ചസമയത്തു് അകാരണമായിക്കേട്ട കൊട്ടിന്റെ കാരണമറിയുന്നതിനായി അവിടെ വന്നുകൂടിയിരുന്നവരെല്ലാം മാരാരുടെ ഈ മറുപടി കേട്ടു പൊട്ടിച്ചിരിച്ചു. തന്ത്രി ഏറ്റവും ഇളിഭ്യനായിത്തീരുകയും ചെയ്തു. പിന്നെ ഒരിക്കലും തന്ത്രി പൂജയടച്ചാൽ തുറക്കുന്നതിനു ക്രമത്തിലധികം താമസിപ്പിച്ചു മാരാരെ ബുദ്ധിമുട്ടിച്ചിരുന്നില്ല.

കൃഷ്ണമാരാർ പരദേശങ്ങളിൽ സഞ്ചരിച്ചിരുന്നപ്പോൾ ചെപ്പടിവിദ്യയും ആൾമാറാട്ടവും പഠിച്ചതായി മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ രണ്ടു വിദ്യകളും മാരാർ തൃപ്പൂണിത്തുറെ ഉത്സവകാലത്തു് കാണിക്കാറുണ്ടായിരുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ആണ്ടുതോറും പതിവുള്ള മൂന്നുത്സവങ്ങളിൽ പ്രാധാന്യം വൃശ്ചികമാസത്തിലേതിനാണു്. വൃശ്ചികമാസത്തിൽ ചോതി കൊടിയേറ്റും തിരുവോണം ആറാട്ടുമാണു് പതിവു്. അതിൽ നാലാമുത്സവം തൃക്കേട്ട അവിടെ വളരെ പ്രധാനമാണു്. അന്നു് അവിടെ ദേവദർശനം വളരെ പ്രധാനമാകയാൽ മറ്റുള്ള ദിവസങ്ങളിലേക്കാൾ വളരെയധികം ആൾക്കൂട്ടമുണ്ടാകും. അന്നത്തെ എഴുന്നള്ളിപ്പിനു ‘തൃക്കേട്ടപ്പുറപ്പാടു്’ എന്നാണു് പറഞ്ഞുവരുന്നതു്. വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു് എഴുന്നള്ളത്തു തൃക്കൺപാർക്കുന്നതിനു് എഴുന്നള്ളിയിരിക്കുന്നതു പടിഞ്ഞാറെത്തട്ടിന്മേൽ (മതിൽമാളികയിൽ) ആണു് പതിവു്. എഴുന്നള്ളിപ്പു തിരുമനസ്സിലെ തിരുമുമ്പിലാകുന്ന സമയത്താണു് മാരാന്മാർ മേളം പൊടിപൊടിക്കുന്നതു്. അതിനു പറഞ്ഞുവരുന്ന പേരുതന്നെ “തിരുമുമ്പിൽ മേളം” എന്നാണു്. ഒരു കൊല്ലം നാലാമുത്സവദിവസം വിളക്കിന്റെ തിരുമുമ്പിൽ മേളസമയത്തു് ഒരു കുറുങ്കുഴൽക്കാരൻ അവിടെയെത്തി കുഴലൂതിത്തുടങ്ങി. ഈ കുഴൽക്കാരൻ അവിടെയെല്ലാവർക്കും അപരിചിതനും ആദ്യംതന്നെ ചെന്നു ചാർത്തിക്കാതെ നാലാമുത്സവ ദിവസം രാത്രിയിൽ ചെന്നു ചേർന്നായാളുമായതിനാൽ അവിടെയുണ്ടായിരുന്ന മറ്റു കുഴൽക്കാർ ഈ പുതിയ മനു‌ഷ്യനു മാന്യസ്ഥാനം കൊടുത്തില്ല. അതിനാൽ ആ മനു‌ഷ്യൻ സ്വൽപം പിന്നോക്കം മാറിനിന്നാണു് ഊതിയതു്. ആ കുഴലൂത്തിന്റെ രസികത്വം തിരുമനസ്സിലേക്കു സർവ്വോപരി കർണ്ണാനന്ദ കരവും മനസ്സമാകർഷകവുമായിത്തീരുകയാൽ ആ കുഴൽക്കാരനെക്കുറിച്ചു് അപ്പോൾതന്നെ കൽപിച്ചന്വേ‌ഷിക്കുകയും വിളക്കിനെഴുന്നള്ളിച്ചതിന്റേ ശേ‌ഷം വന്നുചേർന്ന ഒരു പുതിയ ആളാണെന്നു മനസ്സിലാക്കുകയും ചെയ്തു. തിരുമുമ്പിൽ മേളം കലാശിച്ചയുടനെ ഒരാളെ അയച്ചു് ആ കുഴൽക്കാരനെ തിരുമുമ്പാകെ വരുത്തി, “കുഴൽ ഇന്നേ ചാർത്തിയുള്ളു, അല്ലേ? എന്നു കൽപ്പിച്ചു ചോദിച്ചു.

കുഴൽക്കാരൻ: റാൻ.

തമ്പുരാൻ: ആദ്യംതന്നെ വരാഞ്ഞതെന്താണു്?

കുഴൽക്കാരൻ: കുഴൽക്കാരുടെ കൂട്ടത്തിൽ കാണാറില്ലല്ലോ.

കുഴൽക്കാരൻ: ഇന്നലെവരെ ചെണ്ടകൊട്ടുകയായിരുന്നു.

തമ്പുരാൻ: സ്വദേശം എവിടെയാണു്?

കുഴൽക്കാരൻ: ഇവിടെയടുത്തുതന്നെയാണു്.

തമ്പുരാൻ: ‘പേരെന്താണു്?’

കുഴൽക്കാരൻ: മുണ്ടേമ്പിള്ളി കൃഷ്ണൻ.

തമ്പുരാൻ: “ഹേ നമ്മുടെ കൃഷ്ണനോ? അത്ഭുതം തന്നെ! കണ്ടിട്ടു് നാം അശേ‌ഷമറിഞ്ഞില്ല. കൃഷ്ണൻ ഇങ്ങനെ ചില വിദ്യകൾ പഠിച്ചിട്ടുണ്ടെന്നു നാം ധരിച്ചിട്ടുണ്ടു്. അനുഭവപ്പെട്ടതിന്നാണു്. സന്തോ‌ഷമായി” എന്നു കൽപിക്കുകയും ചില സമ്മാനങ്ങൾ കൽപിച്ചുകൊടുക്കുകയും ചെയ്തു. ഇങ്ങനെ കൃഷ്ണമാരാർ വേ‌ഷമാറ്റവും മോടി (ചെപ്പടി) വിദ്യകളും കാണിച്ചു തിരുമനസ്സിലെ തൃക്കൈയിൽനിന്നു കൂടെക്കൂടെ സമ്മാനങ്ങൾ വാങ്ങിയിരുന്നു. വിസ്തരഭയത്താൽ അവയൊന്നും വിവരിക്കുന്നില്ല.

കൃഷ്ണമാരാർ കൂടെക്കൂടെ ദേശസഞ്ചാരം ചെയ്യുകയും ചെല്ലുന്ന ദിക്കുകളിലെല്ലാം പണി ധാരാളമായി കിട്ടുകയും ചെയ്തിരുന്നു. എന്നാൽ വല്ലതും സ്വൽപം സമ്പാദിക്കണമെന്നുള്ള വിചാരം ആ മനു‌ഷ്യനു ലേശംപോലുമുണ്ടായിരുന്നില്ല. കിട്ടുന്നതെല്ലാം ചെലവുതന്നെ. ഒരിക്കലും കൈവശം പണമുണ്ടായിരിക്കാറില്ല.

Chap97pge874.png

ഒരിക്കൽ മാരാർ ദേശസഞ്ചാരത്തിനു പുറപ്പെട്ടപ്പോൾ ഉടുത്തിരുന്നതുൾപ്പെടെ രണ്ടു മുണ്ടല്ലാതെ പണമായിട്ടു് കൈവശം അധികമൊന്നു മുണ്ടായിരുന്നില്ല. ഒരു ഭൃത്യനെക്കൂടെ കൊണ്ടുപോയിട്ടുമുണ്ടായിരുന്നു. അതിനാൽ കോയമ്പത്തൂരെത്തിയെപ്പോഴേക്കും കൈവശമുണ്ടായിരുന്ന പണം മുഴുവനും തീർന്നു. അന്നു് അവിടെ ഒരു ബ്രാഹ്മണഗൃഹത്തിൽ കെങ്കേമമായിട്ടുള്ള ഒരു വിവാഹമടിയന്തിരമായിരുന്നു. മാരാരും ഭൃത്യനും കൂടി അവിടെചെന്നു കയറി. അപ്പോൾ അവിടെ മഹായോഗ്യന്മാരായ ഭാഗവതർമാരും മൃദംഗക്കാരും കൂടിയിരുന്നുള്ള ഒരു പാട്ടുകച്ചേരിയായിരുന്നു. കൃഷ്ണമാരാർ ഒരു മൃദംഗക്കാരന്റെ അടുക്കൽചെന്നുകൂടി കുറച്ചു കഴിഞ്ഞപ്പോൾ മാരാർ ആ മൃദംഗക്കാരനോടു്, “ക്ഷീണമായെങ്കിൽ ഇനി കുറച്ചുനേരം ഞാനാവാം” എന്നു പറഞ്ഞു. മൃദംഗവായനയ്ക്കു തന്നോളം യോഗ്യതയുണ്ടായിട്ടു ലോകത്തിലാരുമില്ലെന്നായിരുന്നു ആ മൃദംഗക്കാരന്റെ വിചാരം. അതിനാൽ മാരാർ പറഞ്ഞതു് അയാൾക്കു രസിച്ചില്ല. “ഇയാൾ ഒരു വിഡ്ഢ്യാനാണു്. അല്ലെങ്കിൽ എന്നോടിങ്ങനെ പറയുമോ? ഇയ്യാളുടെ വിഡ്ഢിത്തമൊന്നു പുറത്താക്കണം. ഇയ്യാൾ മൃദംഗം വായിച്ചു തുടങ്ങുമ്പോൾ ഇയ്യാളെ ജനങ്ങൾ ഇവിടെ നിന്നു ആട്ടിയോടിക്കും. അപ്പോൾ ഇയ്യാളുടെ ഗർവ്വു ശമിക്കും” എന്നൊക്കെ വിചാരിച്ചു് ആ മൃദംഗക്കാരൻ “എന്നാലാട്ടെ” എന്നു പറഞ്ഞു മൃദംഗം മാറ്റി വെച്ചു കൊടുത്തു. മാരാർ ഉടനെ വായനയും തുടങ്ങി. മാരാരുടെ മൃദംഗപ്രയോഗം സ്വൽപം കേട്ടപ്പോഴേക്കും അവിടെയുണ്ടായിരുന്നവരെല്ലാം ആനന്ദാത്ഭുതപരവശന്മാരായിത്തീർന്നു. ഇത്രയും സരസവും സുഖവഴിയിലുള്ളതുമായ മൃദംഗവായന അതിനുമുമ്പു് അവരാരും കേട്ടിരുന്നില്ല. ഉടനെ പ്രധാനന്മാർ ചെന്നു മാരാരെ കളഭം പൂശിച്ചു വെറ്റിലപാക്കു കൊടുത്തു മാന്യസ്ഥാനത്തു മാറ്റിയിരുത്തി. പാട്ടുകച്ചേരി കഴിഞ്ഞയുടനെ മാരാരെയും ഭൃത്യനേയും ചതുർവ്വിധ വിഭവങ്ങളോടുകൂടി ഊണു കഴിപ്പിക്കുകയും വിവാഹത്തിന്റെ ചടങ്ങുകൾ നാലു ദിവസത്തേക്കുണ്ടായിരുന്നതിനാൽ നാലു ദിവസം താമസിക്കുന്നതിനു മാരാരെ ക്ഷണിക്കുകയും ചെയ്തു. മാരാർ സുഖമായിട്ടു നാലു ദിവസം അവിടെ താമസിച്ചു. ഒടുക്കം മാരാർക്കും വളരെ സമ്മാനങ്ങളും ഭാഗവതന്മാരോടൊപ്പം പണവും കൊടുത്താണു് അവർ അവിടെ നിന്നയ്യച്ചതു്.

മാരാർ പിന്നെയും പല സ്ഥലങ്ങളിൽ സഞ്ചരിക്കുകയും ഒട്ടു വളരെ സമ്മാനങ്ങളും പണവും കിട്ടുകയും ചെയ്തു. എങ്കിലും തിരിച്ചു സ്വദേശത്തു വന്നപ്പോൾ പോയ സമയം കൊണ്ടുപോയ രണ്ടു മുണ്ടും ആ ഭൃത്യനുമല്ലാതെ യാതൊന്നുമുണ്ടായിരുന്നില്ല. മാരാർക്കു സ്ത്രീവി‌ഷയത്തിൽ ക്രമത്തിലധികം ഭ്രമമുണ്ടായിരുന്നുവെന്നും കിട്ടുന്നതെല്ലാം ചെലവുചെയ്തിരുന്നതു് ആ വി‌ഷയത്തിലായിരുന്നുവെന്നുമാണു് കേൾവി. ഇതല്ലാതെ വേറെ ഒരു ദുർന്നടപ്പും മാരാർക്കുണ്ടായിരുന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല.

യോഗ്യന്മാരായിട്ടുള്ളവരെ മധ്യമമാക്കുന്നതു് ഒരു യോഗ്യതയാണെന്നുള്ള വിചാരം മാരാർക്കു ധാരാളമായിട്ടുണ്ടായിരുന്നു. യോഗ്യന്മാരായിട്ടുള്ള പലരെ മധ്യമമാക്കുന്നതിനു മാരാർ ശ്രമിക്കുകയും പലപ്പോഴും അതു സാധിക്കുകയും എന്നാൽ ചിലപ്പോൾ സാധിക്കാതെ പോവുകയും ചെയ്തിട്ടുണ്ടു്.

ശങ്കരപ്പണിക്കർ എന്നു പ്രസിദ്ധനായിട്ടു് ഒരു കുറുങ്കുഴൽക്കാരനുണ്ടായിരുന്നു. അയാളോടു് കൃഷ്ണമാരാർക്കു സാമാന്യത്തിലധികം സ്പർദ്ധയും അയാളെ ഒന്നു് അബദ്ധമാക്കിയാൽ കൊള്ളാമെന്നു വളരെ മോഹവുമുണ്ടായിരുന്നു. അതിനു തരം നോക്കികൊണ്ടിരുന്നപ്പോൾ ഒരിക്കൽ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ സന്ധ്യ വേലയ്ക്കു് അവർ രണ്ടുപേരും കൂടി കൂടാനിടയായി. മാരാർ ചെണ്ടയും പണിക്കർ കുറുങ്കുഴലുമായിരുന്നു എടുത്തിരുന്നതു്. ഇടക്കലാശങ്ങളിൽവെച്ചു പണിക്കരെ താളം പിഴപ്പിക്കാനായിട്ടു മാരാർ വളരെ ശ്രമിച്ചുനോക്കി. പണിക്കർക്കു താളത്തിനു നല്ല നിശ്ചയവും ഉറപ്പുമുണ്ടായിരുന്നതിനാൽ മാരാരുടെ വിദ്യയൊന്നും ഫലിച്ചില്ല. അയാളെ താളംതെറ്റിക്കാൻ സാധിക്കയില്ലെന്നു തീർച്ചയായപ്പോൾ മാരാർ “ഈ ചെണ്ട അങ്ങോട്ടു തരാം, കുഴൽ ഇങ്ങോട്ടു തരിക, എന്നിട്ടു് നമുക്കൊന്നു നോക്കാം” എന്നു പറഞ്ഞു. അപ്പോൾ പണിക്കർ, “അതു ഞാൻ അഭ്യസിച്ചിട്ടില്ല. ഇതു ഞാൻ അഭ്യസിച്ചിട്ടുണ്ടു്. ഇതിൽ എന്നെ തെറ്റിക്കാമെങ്കിൽ താൻ യോഗ്യനെന്നു ഞാൻ സമ്മതിക്കാം. പഠിച്ചിട്ടില്ലാത്തതു പ്രയോഗിക്കണമെന്നു പറയുന്നതു യോഗ്യതയല്ല” എന്നു പറഞ്ഞു. അതിനാൽ മാരാർ ഇച്ഛാഭംഗത്തോടുകൂടി പിരിയേണ്ടതായി വന്നു. മാരാർക്കു ഇങ്ങനെ ഒരു തോൽവിയല്ലാതെ വേറെ ഒന്നും ഒരിക്കലും ഉണ്ടായിട്ടില്ല.

കൃഷ്ണമാരാർ പല ദേശങ്ങളിലും സഞ്ചരിക്കാറുണ്ടായിരുന്നുവെങ്കിലും തിരുവനന്തപുരത്തു പോകാറില്ലായിരുന്നു. തിരുവനന്തപുരം മുതലായ സ്ഥലങ്ങളിൽ ഉത്സവങ്ങൾക്കും മറ്റും സർവ്വപ്രധാനമായിട്ടുള്ളതു് പാണ്ടിവാദ്യവും നാഗസ്വരവുമാണു്. കൊമ്പു്, കുഴൽ മുതലായവയോടു കൂടിയുള്ള ചെണ്ടമേളവും തായമ്പകയും മറ്റും ആ ദിക്കുകളിൽ അത്ര പ്രധാനങ്ങളല്ല. അതിനാൽ ചെണ്ട മുതലായ വാദ്യങ്ങളിൽ പ്രതിപത്തിയും അവയിലുള്ള പ്രയോഗചാതുര്യമറിയുന്നതിനുള്ള ശക്തിയും തെക്കൻ ദിക്കുലുള്ളവർക്കു ഇല്ലെന്നായിരുന്നു മാരാരുടെ ധാരണ. അതുകൊണ്ടായിരുന്നു ആ മനു‌ഷ്യൻ തിരുവിതാംകൂറിൽ സഞ്ചരിക്കാതെയിരുന്നതു്.

കൊല്ലം {1036}-ആമാണ്ടു നാടുനീങ്ങിയ മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു കഥകളിയിൽ വളരെ പ്രതിപത്തിയുള്ള ആളായിരുന്നുവല്ലോ. അക്കാലത്തു കൊട്ടാരത്തിൽ കഥകളിയില്ലാത്ത ദിവസം വളരെ ചുരുക്കമായിരുന്നു. “കഥകളിക്കു ചെണ്ട കൊട്ടുന്നതിനു മുണ്ടേമ്പിള്ളി കൃഷ്ണനു ശരിയായിട്ടു ലോകത്തിലാരുമില്ല” എന്നും മറ്റും ചില നമ്പൂരിമാർ തിരുമനസ്സറിയിക്കുകയാൽ കൽപനപ്രകാരം എഴുതി അയച്ചു് ഒരിക്കൽ കൃഷ്ണമാരാരെ തിരുവനന്തപുരുത്തു വരുത്തിയിരുന്നു. കൃഷ്ണമാരാർ തിരുവനന്തപുരത്തെത്തിയ ദിവസം തന്നെ മുഖം കാണിക്കുകയും കൽപനപ്രകാരം കഥകളിക്കു ചെണ്ടകൊട്ടുകയും ചെയ്തു. മഹാരാജാവു തിരുമനസ്സിലെ സേവന്മാരിലും കഥകളിയോഗത്തിലും പ്രധാനൻ ഈശ്വരപിള്ള വിചാരിപ്പുകാരദ്ദേഹമായിരുന്നുവല്ലോ. അതിനാൽ അദ്ദേഹത്തെത്തന്നെ ഒന്നബദ്ധമാക്കണമെന്നു മാരാർ നിശ്ചയിച്ചു. എന്നാൽ മാരാർക്കു ഇങ്ങനെയൊരപകട സ്വഭാവവും കരുതലുമുണ്ടെന്നുള്ളതു വിചാരിപ്പുകാരദ്ദേഹം അറിഞ്ഞിരുന്നില്ല. അതുകൊണ്ടും മാരാർ കരുതിക്കൂട്ടിക്കൊണ്ടു് അപകടമായിട്ടു കൊട്ടിയതിനാലും വിചാരിപ്പുകാരദ്ദേഹത്തിന്റെ ഒരെടുത്തുകലാശം അവതാളത്തിലായിപ്പോയി. കഥകളി തൃക്കൺപാർത്തുകൊണ്ടു് തിരുമനസ്സുകൊണ്ടു എഴുന്നള്ളിയിരിക്കുന്നുണ്ടായിരുന്നു. മാരാർ മനഃപൂർവ്വമായി വിചാരിപ്പുകാരദ്ദേഹത്തെ അബദ്ധത്തിലാക്കുകയാണു ചെയ്തതെന്നു് തിരുമനസ്സിലേക്കു് അപ്പോൾതന്നെ മനസ്സിലായി. എങ്കിലും അപ്പോൾ അതിനെക്കുറിച്ചൊന്നും കൽപിച്ചില്ല. ഒരിക്കൽ അബദ്ധം പറ്റിയതിനാൽ പിന്നെ വിചാരിപ്പുകാരദ്ദേഹം നല്ല പോലെ കരുതിയതുകൊണ്ടും, “ഒന്നു പറ്റിയല്ലോ, അതു മതി” എന്നു വിചാരിച്ചു മാരാർ പിന്നെ അപകടമായിട്ടു കൊട്ടാതെയിരുന്നതിനാലും വിചാരിപ്പുകാരദ്ദേഹത്തിനു് ആ ഒരു പ്രാവശ്യമല്ലാതെ പിന്നെ അബദ്ധമൊന്നും പറ്റിയില്ല. പിന്നെ മാരാർ അപകടമൊന്നും കൂടാതെ കൊണ്ടു പിടിച്ചുകൊട്ടുകയും ചെയ്തു. വിചാരിപ്പുക്കാരദ്ദേഹത്തെ അവതാളത്തിലാക്കിയതു കൊണ്ടു് തിരുമനസ്സിലേക്കു് ആദ്യം സ്വൽപം തിരുവുള്ളക്കേടുണ്ടായെങ്കിലും പിന്നെ മാരാരുടെ കൊട്ടു കേട്ടു് അവിടുന്നു വളരെ സന്തോ‌ഷിക്കയും ചെയ്തു.

പിറ്റേ ദിവസം ഉച്ചതിരിഞ്ഞ സമയം മാരാർ തിരുമുമ്പാകെ ചെന്നു. അപ്പോൾ വിചാരിപ്പുകാരദ്ദേഹവും അവിടെയുണ്ടായിരുന്നു. മാരാരെ കണ്ടയുടനെ തിരുമനസ്സുകൊണ്ടു് “ഇന്നലെ കൃഷ്ണൻ ഈചരന്റെ ഒരു കലാശം പിഴപ്പിച്ചു, ഇല്ലേ?” എന്നു കൽ\-പിചു ചോദിചു. അതിനു മറുപടിയായി മാരാർ തിരുമനസ്സിറിയിച്ചതു് “ഗുരുക്കന്മാരുടെ അടുക്കൽ അഭ്യസിച്ചു പഠിപ്പിച്ചുള്ളവർ\-ക്കും മറ്റൊരാൾ പിഴപ്പിച്ചാലും ഒന്നും പിഴയ്ക്കുകയില്ല” എന്നായിരുന്നു. അതു തിരുമനസ്സിലേക്കു നല്ല രസമായില്ല. എങ്കിലും തിരുവുള്ളക്കേടായിട്ടു ഒന്നും കല്പിച്ചില്ല. “ആട്ടെ, കൃഷ്ണൻ കുറച്ചു ദിവസംകൂടി ഇവിടെ താമസ്സിച്ചിട്ടേ പോയ്ക്കളയാവൂ, കൃഷ്ണന്റെ കൊട്ടു കേട്ടിട്ടു മതിയായില്ല” എന്നാണു് അവിടുന്നു് കൽ\-പിചതു്.

കൽ\-പനപ്രകാരം മാരാർ ഏതാനും ദിവസം തിരുവനന്തപുരത്തു താമസിക്കുകയും പതിവായി കഥകളിക്കു വിചാരിപ്പുകാരദ്ദേഹം മുതലായ പ്രധാനവേ‌ഷക്കാരുടെ ആട്ടത്തിനു കൊട്ടുകയും ചെയ്തിരുന്നു. ഒടുക്കം മാരാർ യാത്രയറിയിച്ച സമയം ഒരു വീരശൃംഖലയെടുത്തു തൃക്കൈയിൽ പിടിച്ചുകൊണ്ടു് കൈ നീട്ടാൻ കൽ\-പിച്ചപ്പോൾ മാരാർ ഇടത്തുകൈ നീട്ടി. ഉടനെ വലത്തുകൈ നീട്ടാൻ കൽ\-പിചു. അപ്പോൾ മാരാർ, “അതു് അടിയന്റെ തമ്പുരാൻ വല്ലതും കൽ\-പിച്ചുതരുമ്പോഴത്തേക്കിരിക്കട്ടെ” എന്നറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ടു് ഒരു വീരശൃംഖലകൂടി തൃകൈയിലെടുത്തു. അപ്പോൾ മാരാർ രണ്ടുകൈയും നീട്ടിക്കൊടുത്തു. തിരുമനസ്സുകൊണ്ടു് മാരാരുടെ രണ്ടു കൈയ്ക്കും വീരശൃംഖല ഇടുവിച്ചു കൊടുക്കുകയും മാരാർ\-ക്കു വഴിച്ചെലവിനായി നിത്യച്ചെലവുവകയിൽ\-നിന്നു നൂറു രൂപാ കൽ\-പിച്ചു കൊടുപ്പിച്ചു സന്തോ‌ഷിപ്പിച്ചയയ്ക്കുകയും ചെയ്തു.

പിന്നെ കൃഷ്ണമാരാർ {1055}-ആമാണ്ടു നാടുനീങ്ങിയ ആയില്യം തിരുനാൾ തിരുമനസ്സിലെക്കാലത്തും {60}-ആമാണ്ടു നാടുനീങ്ങിയ വിശാഖം തിരുനാൾ തിരുമനസ്സിലെക്കാലത്തും തിരുവനന്തപുരത്തു പോവുകയും മാരാരുടെ കൊട്ടു്, പാട്ടു് മുതലായവ കേട്ടു സന്തോ‌ഷിച്ചു് ആ രണ്ടു മഹാരാജാക്കന്മാരും മാരാർ\-ക്കു പല സമ്മാനങ്ങൾ കൽ\-പിച്ചു കൊടുക്കുകയുമുണ്ടായി. കൃഷ്ണമാരാർ\-ക്കു സാമൂതിരിപ്പാടു തമ്പുരാക്കന്മാരും വീരശൃംഖല മുതലായ സമ്മാനങ്ങൾ കൽ\-പിച്ചുകൊടുക്കുകയുണ്ടായിട്ടുണ്ടു്. ഇങ്ങനെ മൂന്നു സംസ്ഥാനത്തു നിന്നും രാജസംഭാവനകൾ ലഭിച്ചിട്ടുള്ള മാരാന്മാർ വേറെ ഉണ്ടായിരുന്നതായി കേട്ടിട്ടില്ല. ഇപ്പോൾ ഇല്ലെന്നുള്ള കാര്യം തീർ\-ച്ചയും ഇനി ഉണ്ടാകുന്ന കാര്യം സംശയവുമാണു്.