close
Sayahna Sayahna
Search

ഒരു പഴയ വാച്ച്


അഷ്ടമൂർത്തി

ഒരു പഴയ വാച്ച്
KVAshtamoorthi-02.jpg
ഗ്രന്ഥകർത്താവ് കെ.വി.അഷ്ടമൂർത്തി
മൂലകൃതി വീടുവിട്ടുപോകുന്നു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്, കോട്ടയം
വര്‍ഷം
1992
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 97

ഒരു പഴയ വാച്ച്

നാലുമണിച്ചെടികള്‍ ഇടതിങ്ങിനില്‍ക്കുന്ന മൈതാനം ഏങ്കോണിച്ചു കടന്ന് ടാറിട്ട പാതയില്‍ എത്തി. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം വിരിയുന്ന പൂവിന്റെ പേരുള്ള കെട്ടിടം അകലെനിന്നു കണ്ടു. അടുത്തെത്തിയപ്പോള്‍ അതിനു തൊട്ടുള്ള ആഭരണക്കടയും. അതോടെ സ്ഥലം തെറ്റിയിട്ടില്ല എന്ന് അയാള്‍ക്ക് ബോധ്യമായി.

പൊരിഞ്ഞ വെയിലുണ്ടായിരുന്നു. വിയര്‍പ്പൊഴുകുന്ന കഴുത്തും മുഖവും കര്‍ച്ചീഫെടുത്തു തുടച്ച് അയാള്‍ ചുറ്റും കണ്ണോടിച്ചു. വഴി പൊതുവെ വിജനമാണ്. ആഭരണക്കടയിലും ആളുകള്‍ കുറവ്.

ഇടത്തോട്ട് ഒരിടവഴി പുറപ്പെടുന്നു. ആഭരണക്കടയുടെ പിന്നില്‍ ഒരു കോണ്‍ക്രീറ്റ് മാളിക കൂടിയുണ്ട്. അതിനും പിന്നില്‍ ഒരു പറ്റം പഴയ നിരപ്പീടികകള്‍. ആദ്യത്തെ രണ്ടു പീടികയ്ക്കുശേഷം മങ്ങിയ വെളിച്ചം മാത്രമുള്ള ഒരിടനാഴി.

വിഷ്ണു പറഞ്ഞ ലക്ഷണങ്ങളെല്ലാം ഒത്തിരിക്കുന്നു.

അയാള്‍ ഇടനാഴിയുടെ അകത്തു കടന്നു. നാലായി പകുത്ത മരവാതില്‍ ഉള്ളില്‍നിന്ന് അടച്ചിട്ടിരിക്കുകയാണ്. മങ്ങിയ വെളിച്ചത്തില്‍ ചുമരിലെ ഗുരുവായൂരപ്പന്റെ ഫോട്ടോ കാണാനുണ്ട്. തൊട്ടടുത്തു തൂങ്ങിക്കിടക്കുന്ന മാതൃഭൂമി കലണ്ടര്‍ കണ്ടപ്പോള്‍ മലയാളത്തില്‍ത്തന്നെ ചോദിക്കാന്‍ അയാള്‍ക്ക് ധൈര്യം തോന്നി.

‘ഇവിടെ ആരൂല്യേ?’

കലണ്ടറില്‍ത്തന്നെ കണ്ണുനട്ടുനില്‍ക്കവേ, അതു നാലുകൊല്ലം മുമ്പത്തേതാണ് എന്ന് അയാള്‍ അറിഞ്ഞു. പൊടി പറ്റി മഞ്ഞനിറമായിരിക്കുന്നു. വലത്തേ മുകളറ്റം തകരപ്പാളിയില്‍നിന്നു വിട്ട് അടര്‍ന്നുനില്‍ക്കുന്നു.

പുതിയ കലണ്ടര്‍ ചുമരിലെങ്ങാനും തൂക്കിയിട്ടുണ്ടോ എന്ന് ചുറ്റും പരിശോധിക്കുമ്പോഴാണ് മരവാതിലിന്റെ മുകള്‍പ്പാളികള്‍ തുറക്കപ്പെട്ടത്. കഷണ്ടിത്തലയുള്ള ഒരു വയസ്സന്‍. വട്ടക്കണ്ണട.

‘ആരാ?’

ചോദ്യം പ്രതീക്ഷിച്ചതായിരുന്നില്ല. അതുകൊണ്ട് എങ്ങനെ സ്വയം പരിചയപ്പെടുത്തണമെന്നറിയാതെ അയാള്‍ ഒന്നു പരുങ്ങി.

‘ഞാന്‍… ഞാന്‍…’

‘അകത്തേ ക്ക് വരൂ.’

വയസ്സന്‍ വാതില്‍ മുഴുവനും തുറന്നു. അയാള്‍ ഉള്ളില്‍ കടന്നപ്പോള്‍ വയസ്സന്‍ വാതില്‍പ്പാളികള്‍ അകത്തുനിന്നു ബന്ധിച്ചു.

നിലത്ത് ഒരു ടേബിള്‍ ലാബിന്റെ വെളിച്ചവട്ടത്തില്‍ ചിതറിക്കിടക്കുന്ന ഒരു ടൈംപീസിന്റെ യന്ത്രങ്ങള്‍ അയാള്‍ കണ്ടു. അതുമാത്രം. മുറിയുടെ ബാക്കിയാകെ ഇരുട്ടായിരുന്നു. ഇരുട്ടുമാത്രം.

ചുറ്റിയ തോര്‍ത്തുമുണ്ട് ഒതുക്കി ടേബിള്‍ ലാംപിനു മുന്നില്‍, വര്‍ത്തമാനകാലത്തിന്റെ ദാര്‍ഢ്യംപോലെ വയസ്സന്‍ ചമ്രം പടിഞ്ഞിരുന്നു. പിന്നെ ടൈംപീസിന്റെ യന്ത്രഭാഗങ്ങള്‍ ഓരോന്നു കൈയിലെടുത്ത് സസൂക്ഷ്മം നോക്കിത്തുടങ്ങി. താന്‍ ഇവിടെ നില്‍ക്കുന്നുണ്ടെന്ന ഒരു ഭാവം തന്നെ വയസ്സനില്ല.

‘ഞാന്‍…’ അപരിചിതത്വത്തിന്റെ ശ്വാസം മുട്ടലൊഴിവാക്കാന്‍ വേണ്ടി അയാള്‍ പറഞ്ഞു. ‘ഞാന്‍ വിഷ്ണു പറഞ്ഞിട്ടു വന്നതാണ്.’

‘ഏതു വിഷ്ണു?’

അബദ്ധം പറ്റിയോ എന്നു സംശയിച്ച് അയാള്‍ നിന്നപ്പോള്‍ വയസ്സന്‍ മുഖമുയര്‍ത്തി നിരയൊത്ത പല്ലുകള്‍ കാട്ടി ഉറക്കെ ചിരിച്ചു.

‘ഇരിക്കൂ.’

അയാള്‍ ചുറ്റും നോക്കി. ഭൂതവും ഭാവിയും കെട്ടുപിണഞ്ഞു കിടക്കുന്ന ഇരുട്ടുതന്നെ. നിന്നിടത്തുതന്നെ കുന്തിച്ചിരുന്ന്, വയസ്സന്റെ മുഖത്തേക്ക് അയാള്‍ സൂക്ഷിച്ചുനോക്കി. രാഷ്ട്രപിതാവിനെ ഓര്‍മ്മിപ്പിക്കുന്ന മുഖം.

‘ശങ്കരവാരിയരല്ലേ?’ അയാള്‍ ചോദിച്ചു.

‘അതേലോ’, അതേ ഈണത്തില്‍ മറുപടി, ടൈംപീസിന്റെ യന്ത്രത്തില്‍ നിന്ന് കണ്ണു തെറ്റിക്കാതെ.

‘ഇതു തരാനാണ്,’ കൈയിലെ വാച്ച് ഊരിയെടുത്ത് ശങ്കരവാരിയര്‍ക്കു നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. ‘വിഷ്ണു പറഞ്ഞു ഇവിടെ തരികയാണ് നല്ലതെന്ന.് അതാ ഞാനിങ്ങോട്ടുതന്നെ വന്നത്.’

ശങ്കരവാരിയര്‍ വാച്ച് കൈയില്‍ വാങ്ങി ആകെയൊന്നു നോക്കി. പിന്നെ ഇടത്തേ കണ്ണില്‍ ഐപീസ് ഘടിപ്പിച്ച് ഡയലിനോടു ചേര്‍ത്തുവെച്ചു. ചായ്ച്ചും ചെരിച്ചും വിസ്തരിച്ച് പരിശോധനയാണ്.

ഇരുട്ട് ഇപ്പോള്‍ കണ്ണിനോടിണങ്ങിയിരിക്കുന്നു. ചുറ്റുമുള്ള ചുമരുകളില്‍ പലതരത്തിലും വലിപ്പത്തിലുള്ള ടൈംപീസുകളാണ്. നിലത്ത് അവിടവിടെയായി മലര്‍ന്നു കിടക്കുന്ന നാലോ അഞ്ചോ ക്ലോക്കുകള്‍. കുത്തിനോവിച്ചാല്‍ ഒരു പക്ഷേ, അവ അര്‍ത്ഥമൊന്നുമില്ലാതെ മണിമുഴക്കിയേക്കാം എന്ന് അയാള്‍ക്കു തോന്നി.

ഒരു മൂലയില്‍ തുറന്നുവെച്ച തകരപ്പെട്ടിയില്‍ ഒന്നിനു മീതെ മറ്റൊന്നായി പലതരം വാച്ചുകള്‍ കൂടിക്കിടക്കുന്നു.

എതെങ്കിലും ഒരു ടൈംപീസിന്റെ ടിക് ടിക് ശബ്ദംപോലും ഈ മുറിയില്‍ കേള്‍ക്കാനില്ലല്ലോ എന്ന് കുണ്ഠിതപ്പെടുകയായിരുന്നു അയാള്‍. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാത്ത കാറ്റിന് സ്വയം അറിയാതെയെങ്കിലും ഇതിലേ ഒന്നു കടന്നുപോവാമായിരുന്നു. ടാറിട്ട പാതയിലൂടെ ബദ്ധപ്പെട്ട് ഓടിപ്പോവുമ്പോള്‍ കാലം കിതപ്പുമാറ്റാന്‍ വേണ്ടിയെങ്കിലും ഇവിടെ ഇത്തിരിനേരം ഒന്നു നിന്നില്ലല്ലോ.

‘ഇത് ഇശ്ശി പഴേതാണലോ,’ വാരിയര്‍ മുഖമുയര്‍ത്തി അയാളെ നോക്കി.

ഇത്രനേരം വേണ്ടിവന്നുവോ വയസ്സന് ഇത് കണ്ടുപിടിക്കാന്‍ എന്ന് ലേശം കാലുഷ്യത്തോടെ അയാള്‍ ചിന്തിച്ചു. ഒന്നും പറയാതെ വെറുതെ തലയാട്ടുക മാത്രം ചെയ്തു.

ശങ്കരവാരിയര്‍ വാച്ച് ചെവിയില്‍ വെച്ചുനോക്കി ഒന്നു കുലുക്കി വീണ്ടും ചെവിയോടടുപ്പിച്ചു വെച്ചു. പിന്നെ ചെവിയില്‍ നിന്നെടുത്ത് ഡയലിലേക്കു തന്നെ കുറെനേരം ശ്രദ്ധിച്ചു നോക്കിയിരുന്നു.

‘ഇത് ഒട്ടും നടക്കണ്‌ല്യലോ.’

അപ്പോള്‍ അയാള്‍ക്ക് അരിശം വന്നു. വാച്ചു നടന്നിരുന്നെങ്കില്‍ ഈ വഴിയത്രയും താണ്ടി താന്‍ ഇവിടെ എത്തുമായിരുന്നില്ലല്ലോ. അയാള്‍ പറഞ്ഞു. ‘വാച്ച് നേരെയാക്കിക്കിട്ടാന്‍ വേണ്ടിയാണ് ഞാന്‍ വന്നത്.’

വാരിയര്‍ വാച്ച് കൈയില്‍ത്തന്നെ വെച്ച് കുറച്ചുനേരം വെറുതെയിരുന്നു. പിന്നെ ഒരു തീരുമാനമെടുത്തതുപോലെ അയാളുടെ മുഖത്തു നോക്കി.

‘നാളെ ഇതേ സമയത്തു വരൂ. അപ്‌ളയ്ക്കും ഞാന്‍ നോക്കിവെയ്ക്കാം.’

അത് അയാള്‍ പ്രതീക്ഷിച്ചതായിരുന്നു. വാരിയരുടെ നാളെകളേപ്പറ്റി വിഷ്ണു മുന്നറിയിപ്പു തന്നിട്ടുണ്ടായിരുന്നല്ലോ. പറ്റുമെങ്കില്‍ കൈയോടെ പണികഴിപ്പിച്ച് മടങ്ങണമെന്നും വിഷ്ണു പറഞ്ഞിരുന്നു.

‘നാളെ ഞാന്‍ ഈ പട്ടണം വിട്ടു പുവ്വ്ാണ്’, അയാള്‍ മുന്‍പേതന്നെ തീരുമാനിച്ചുറച്ച പൊളി പറഞ്ഞു. ‘അതാണ് ബദ്ധപ്പെട്ട് ഇന്നുതന്നെ വന്നത്. പറ്റുമെങ്കില്‍ ഇപ്പോള്‍ത്തന്നെ ഒന്നു തുറന്നുനോക്കീട്ട്…’

വാരിയര്‍ എന്തോ ആലോചിക്കുകയാണെന്നു തോന്നി. ടേബിള്‍ ലാംപിന്റെ വെൡവട്ടത്തില്‍ ചിതറിക്കിടക്കുന്ന ടൈംപീസിന്റെ യന്ത്രങ്ങള്‍ ചൂണ്ടിക്കാട്ടി പറഞ്ഞു. ‘ഇത് എനിക്ക് നാളെത്തന്നെ ഒരാള്‍ക്ക് കൊട്ക്കാനുള്ളതാണ്.’

അയാള്‍ ഒന്നും മിണ്ടിയില്ല. ഒഴിവുകഴിവുകള്‍ക്കൊന്നും വഴങ്ങിക്കൊടുക്കാന്‍ താന്‍ തീര്‍ച്ചയാക്കിയിട്ടില്ലല്ലോ. വാരിയര്‍ പറഞ്ഞത് ശ്രദ്ധിച്ചിട്ടില്ലെന്ന മട്ടില്‍ ഇരുന്നു.

‘ആട്ടെ നോക്കട്ടെ,’ ശങ്കരവാരിയര്‍ വാച്ച് നിലത്തുവെച്ചു. ടൈംപീസിന്റെ യന്ത്രങ്ങള്‍ മുഴുവനും വാരിക്കൂട്ടി ഒരു ന്യൂസ്‌പേപ്പര്‍ കഷണത്തില്‍ പൊതിഞ്ഞ് ഒരരികിലേക്കു തള്ളി നീക്കി. വാരിയര്‍ സ്പാനറെടുത്ത് തന്റെ വാച്ചിന്റെ പിന്‍ഭാഗം അഴിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു.

‘ഇത്ര പഴേ വാച്ചൊക്കെ ആരെങ്കിലും കെട്ടൂന്ന് നിരീക്കാന്‍തന്നെ വയ്യ ഇക്കാലത്ത്,’ ശങ്കരവാരിയര്‍ പറഞ്ഞു. ‘അതും നിങ്ങളേപ്പോലുള്ള ചെറുപ്പക്കാര്. ഇപ്പൊ എല്ലാവര്‍ക്കും എലക്‌ട്രോണിക് വാച്ചല്ലേ വേണ്ടൂ.’

വാച്ചു നേരെയാക്കി എടുക്കാന്‍ വാരിയര്‍ക്ക് കുറേസമയം വേണ്ടിവരുമെന്നു തോന്നുന്നു. അയാള്‍ കുറച്ചു പിന്നിലേക്കു നിരങ്ങി ചുമരില്‍ ചാരിയിരുന്നു.

‘സൂചീം യന്ത്രോം ഒക്കേയുള്ള വാച്ചിനുതന്നെയാണ് അന്തസ്സ്,’ ശങ്കരവാരിയര്‍ തുടര്‍ന്നു. ‘ഇപ്പൊ സമയം അറിയാനൊന്നും അല്ലല്ലോ ആള്ള് ഇത് കെട്ടണത്. വാച്ച്മ്മ്‌ല് റേഡിയോം ടെലിവിഷനും ഒക്കെയല്ലേ?’

വെയിലുകൊണ്ടതിനാലാവാം കണ്‍പോളകള്‍ക്ക് കനം കൂടുന്നു. അയാള്‍ കാലുകള്‍ നീട്ടി കൈയും കെട്ടിയിരുന്നു. വാരിയര്‍ തുടര്‍ച്ചയായി ഒരേ ഈണത്തില്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍ താന്‍ ഉറങ്ങിപ്പോയേക്കും എന്ന് അയാള്‍ക്കു തോന്നി. ഉറങ്ങിപ്പോയാല്‍ പക്ഷേ, ആരാണ് വിളിച്ചുണര്‍ത്തുക?

ഹോസ്റ്റലില്‍ ഒരു ടൈംപീസുണ്ടായിരുന്നു. പരീക്ഷക്കാലത്ത് ഉറക്കം വരാതിരിക്കാന്‍ കാല് വെള്ളത്തിലിട്ടിരിക്കാറുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഉണരാന്‍വേണ്ടി അലാറം വെയ്ക്കും. പക്ഷേ ടൈംപീസ് ഒരിക്കലും കൃത്യത്തിനുണര്‍ത്തിയിട്ടില്ല. ചില ദിവസങ്ങളില്‍ മനോരാജ്യം കണ്ടിരുന്ന് അടിക്കാന്‍ മറന്നുപോവും. മറ്റു ചിലപ്പോള്‍ അസമയങ്ങളില്‍ എന്തിനോ നൊമ്പരപ്പെട്ടുണര്‍ന്ന് പരിഭ്രാന്തനായി അലറും.

‘എവിടന്നു കിട്ടീതാണ് ഈ വാച്ച്?’ ശങ്കരവാരിയരില്‍ത്തന്നെ കണ്ണുതറപ്പിച്ച് ഇരിക്കവേ, ആലവട്ടവും വെണ്‍ചാമരവുമായി ഒരു പൂരക്കാലം അയാളുടെ മനസ്സില്‍ കൊടിയേറുകയായിരുന്നു. അച്ഛന്റെ കൈപിടിച്ച് ആല്‍ത്തറയിലേക്കുള്ള ഊടുവഴി ഇറങ്ങിയെത്തുമ്പോള്‍ പെട്ടെന്ന് കാതില്‍ വന്നലയ്ക്കുന്ന പഞ്ചാരിമേളം. പലനിറത്തിലുള്ള ബള്‍ബുകള്‍കൊണ്ടലങ്കരിച്ച ആല്‍മരം. അതിനു ചുവട്ടില്‍, വീര്‍പ്പിച്ചു കെട്ടിയ ബലൂണുകള്‍ പറപ്പിച്ചുകൊണ്ട് ഒരു കച്ചവടക്കാരന്‍. പഴയ ഒരു ചേലകൊണ്ട് കഴുത്തില്‍ കെട്ടിയ മരപ്പലക നിറയെ കുട്ടികള്‍ക്കുള്ള പലതരം വാച്ചുകള്‍, അതിലേക്കു കൗതുകം വിടര്‍ത്തിയ കണ്ണുകളോടെ നോക്കി നിന്ന ബാല്യം.

അച്ഛന്റെ കൈയില്‍ നിന്നൂര്‍ന്ന് അമ്മയുടെ കൈയില്‍ പിടിക്കുന്നു.

‘അമ്മേ, എനിക്കിതു വാങ്ങിത്തരാന്‍ പറയ്വോ അച്ഛനോട്.’

അമ്മ അച്ഛനോട് ശുപാര്‍ശ ചെയ്യുന്നു. ‘ഇതൊന്ന് വാങ്ങിക്കൊടുത്തേക്കു.’

അച്ഛന്‍ അത് കേട്ടതുതന്നെയില്ലെന്നുണ്ടോ? പഞ്ചാരിമേളത്തില്‍ മുഴുകി തലയാട്ടിക്കൊണ്ട് നില്‍ക്കുന്നു. പിന്നെ എന്തോ അമ്മയോട് പറയുന്നു.

‘അതൊന്നും നടക്കണതല്ലാത്രേ. അച്ഛന്‍ പറേണതു കേട്ട്വോ,’ അമ്മ ചോദിച്ചു.

‘അതെനിക്കറിയാം അമ്മേ, രണ്ടണേള്ളൂട്ട്വോ വെല.’ ആശയോടെ അച്ഛന്റെ മുഖത്തുനോക്കുന്നു. ആരോ കത്തിച്ച മത്താപ്പില്‍ അച്ഛന്റെ മുഖം തുടുക്കുന്നു. അച്ഛന്‍ അമ്മയുടേയും തന്റേയും കൈപിടിച്ചു വലിച്ച് നിരന്നുനില്‍ക്കുന്ന ആനകളുടെ മുമ്പിലേക്ക് നടക്കുന്നു. പഞ്ചാരിമേളം.

പിന്നെ ആള്‍ത്തിരക്കില്‍ നിന്നൊഴിഞ്ഞ് എവിടെയോ ചമ്രം പടിഞ്ഞിരിക്കുന്ന അമ്മയുടെ മടിയില്‍ കിടക്കുമ്പോള്‍ വാച്ച് എന്ന് ഓര്‍മ്മിപ്പിക്കുന്നു. അടുത്തിരിക്കുന്ന ആരോടോ ഞായം പറയുന്ന അമ്മ. എപ്പോഴോ ഞെട്ടിയുണരുമ്പോള്‍ കാതില്‍ വന്നലയ്ക്കുന്ന മേളം.

പിറ്റേന്നു രാവിലെ പാടവും പുഴയും വേര്‍തിരിക്കുന്ന വരമ്പിലൂടെ പൂരം കണ്ടു മടങ്ങുന്ന സംഘങ്ങള്‍. കുട്ടികളുടെ ഉറക്കെയുറക്കെയുള്ള പീപ്പിവിളികള്‍. അവയ്ക്കു പിന്നാലെ, വെയില്‍ മൂക്കുമ്പോള്‍ വിറ്റുതീരാത്ത ബലൂണുകളുമായി തിരിച്ചുപോകുന്ന കച്ചവടക്കാര്‍. ഒടുക്കത്തെ കച്ചവടക്കാരനും പോയി മറയുമ്പോള്‍, പുഴക്കടവിലിരുന്ന് മനോരാജ്യം കാണുന്ന കണ്ണുകളില്‍ ഉറക്കച്ചടവ്. മുകളിലെ മുറിയില്‍ ആരുടെയോ കൈതട്ടി ഉറക്കമുണരുമ്പോള്‍ മരയഴികള്‍ കടന്നുവന്ന പോക്കുവെയില്‍ മുഖത്ത്. അരികെ നില്‍ക്കുന്ന അച്ഛന്‍.

ചെരിഞ്ഞു വീഴാന്‍ പോയപ്പോള്‍ മയക്കമുണര്‍ന്നു. ശങ്കരവാരിയര്‍ വാച്ചിന്റെ യന്ത്രങ്ങള്‍ അഴിച്ചെടുത്ത് അതില്‍ത്തന്നെ മുഴുകിയിരിപ്പാണ്.

ദാഹിക്കുന്നു. അയാള്‍ ചുറ്റും നോക്കി. ഒരു മൂലയില്‍ ഇരിക്കുന്ന കൂജ കണ്ണില്‍ പെട്ടു.

‘കൂജയിലെ വെള്ളം കുടിക്കാനുള്ളതാണോ?’

വാരിയര്‍ മുഖമുയര്‍ത്താതെ തലയാട്ടി. അതോ തലയാട്ടിയെന്ന് തോന്നിയതോ? വാരിയരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ലോകത്തില്‍ ആ വാച്ച് മാത്രമേയുള്ളുവെന്ന് തോന്നും.

കൂജയ്ക്ക് മുകളില്‍ കമിഴ്ത്തിവെച്ചിരുന്ന അലൂമിനിയം ഗ്ലാസ്സില്‍ വെള്ളം പകര്‍ന്ന് അയാള്‍ കുടിച്ചു. വെള്ളത്തിന് വല്ലാത്ത ഒരു പഴക്കസ്വാദ് ഉണ്ടെന്നു തോന്നി.

കര്‍ച്ചീഫുകൊണ്ട് മുഖം തുടച്ച് അയാള്‍ വീണ്ടും ചുമര്‍ ചാരിയിരുന്നു. ചുണ്ട് ഉള്ളിലേക്ക് വലിച്ച് കടിച്ചമര്‍ത്തി ഗൗരവം പൂണ്ടിരിക്കുകയാണ് വാരിയര്‍. അച്ഛനും ഇതുപോലെ ചുണ്ട് വലിച്ചുപിടിക്കാറുണ്ട്, അയാളോര്‍ത്തു. പഴുക്കടയ്ക്കയുടെ ചകിരിചെത്തിക്കളയുമ്പോള്‍…സന്ധ്യയ്ക്ക് കമ്പിറാന്തലിന്റെ ചിമ്മിനി തുടച്ചുവൃത്തിയാക്കുമ്പോള്‍…

അച്ഛാ, ഇന്നെനിക്ക് ഈ വാച്ചൊരു ബാധ്യതയായിരിക്കുന്നു. ഒരു പൂരക്കാലം കൂടി വന്നപ്പോള്‍, ആല്‍ത്തറയിലെ കച്ചവടക്കാരന്‍ ബലൂണുകള്‍ കാറ്റിലാട്ടി വീണ്ടുമെത്തിയപ്പോള്‍, എന്റെ കുട്ടിക്കാലം എനിക്ക് നഷ്ടപ്പെട്ടുവല്ലോ. പിറ്റേന്ന് മറ്റൊരുറക്കച്ചടവിന്റെ ആലസ്യത്തില്‍ പകലുറങ്ങുന്ന എന്നെ വിളിച്ചുണര്‍ത്തിയ അമ്മയുടെ കണ്ണുകളില്‍ സംഭ്രാന്തി. താഴെ കട്ടിലില്‍ക്കിടന്ന് ഞെരിപിരികൊള്ളുന്ന അച്ഛന്‍. എന്റെ ഇടത്തേ കൈയില്‍ സ്വന്തം ബാല്യത്തിന്റെ അവസാനസ്പന്ദനങ്ങള്‍ കുറിയ്ക്കു ന്ന ഈ വാച്ചും.

അച്ഛനെപ്പോലെ ഒരു കണിശക്കാരനായിരുന്നു ഇതും ആദ്യമൊക്കെ. പന്നെപ്പിന്നെ കുറേശ്ശെ പിന്നിലായിത്തുടങ്ങി. ഒടുവില്‍ അതു നിന്നു. അപ്പോഴാണ് വിഷ്ണു ചോദിച്ചത്.

‘വാച്ചു നേരെയാക്കണോ?’

വീണ്ടും ഞെട്ടിയുണര്‍പ്പോള്‍ എവിടെയാണിരിക്കുന്നതെന്നറിയാതെ അയാള്‍ അമ്പരന്നു. ശങ്കരവാരിയര്‍ വാച്ച് കൈയില്‍ത്തന്നെ വെച്ച് തന്നെ സൂക്ഷിച്ചു നോക്കിയിരിപ്പാണ്.

‘വല്ലതും ചോദിച്വോ?’ അയാള്‍ തിരക്കി.

‘വാച്ചു നേരെയാക്കണോ?’

‘വേണം,‘ അയാള്‍ക്ക് വീണ്ടും അരിശം വന്നു. ‘അതിനല്ലേ ഞാനിങ്ങോട്ടു വന്നതുതന്നെ.’

‘ഒന്ന് ഓവറോള്‍ ചെയ്യണം. രണ്ട് സ്പ്രിങ്ങും മാറ്റിയിടണം. ഡയല്‍ ഒന്ന് വൃത്തിയാക്കുകയും വേണം. ഒക്കെക്കൂടി എണ്‍പത്തഞ്ചുറുപ്പികയാവും. ഒരാഴ്ച കഴിഞ്ഞു വരൂ.’

‘ഒരാഴ്ചയോ?’

‘അതെ. ഇതിന്റെ സ്‌പെയര്‍പാര്‍ട്ട്‌സ് കിട്ടാന്‍ ലേശം കിണയേണ്ടിവരുംന്ന് തോന്ന്ണു.’

കുറച്ചുനേരം ആലോചിച്ചിരുന്നിട്ട് അയാള്‍ ശാന്തനായി പറഞ്ഞു. ‘വാച്ച് മടക്കിത്തന്നേക്കു.’

വാരിയര്‍ വാച്ച് വീണ്ടും ഒന്നിച്ചുകൂട്ടാന്‍ തുടങ്ങിയപ്പോള്‍ ചുറ്റും നോക്കി. എത്ര നേരമായി ഈ ഇരിപ്പ് തുടങ്ങിയിട്ടെന്ന് ഒരു രൂപവുമില്ല. ചുറ്റുമുള്ള ടൈംപീസുകള്‍ ഓരോന്നും ഓരോ സമയം കാണിക്കുന്നു.

‘സമയം എത്രയായി ശങ്കരവാര്‌രേ?’ അയാള്‍ ചോദിച്ചു.

‘ഇതിന്റെ ഉള്ളിലിരുന്നാല്‍ രാവും പകലും ഒന്നും അറീല്യ,’ ശങ്കരവാരിയര്‍ പറഞ്ഞു. ‘ഒരു മഹദ്‌വചനം കേട്ടോളൂ. സമയം അറിയാന്‍ മറ്റെവിടേക്കു നോക്കിയാലും ഒരു വാച്ചുപീടികയിലേക്ക് നോക്കാതിരിക്കുക.’

വലിയ ഒരു ഫലിതം പറഞ്ഞതുപോലെ ശങ്കരവാരിയര്‍ ഉറക്കെ ചിരിച്ചു. ആ ചിരി എന്തുകൊണ്ടാ അയാളില്‍ അസ്വാസ്ഥ്യമാണ് ഉണ്ടാക്കിയത്. രണ്ടാമതും സമയം ചോദിക്കാന്‍ ഭാവിക്കുമ്പോഴേക്കും വാരിയര്‍ സ്വന്തം വാച്ചില്‍ നോക്കി പറഞ്ഞു: ‘ആറു മണി കഴിഞ്ഞു.’

വാച്ച് മടക്കിക്കിട്ടിയാല്‍ അവിടെ നിന്നിറങ്ങണമെന്ന ഒരൊറ്റ വിചാരമേ അയാള്‍ക്കുണ്ടായിരുന്നുളളൂ. വാരിയര്‍ വാച്ച് തിരിച്ചുകൂട്ടുന്നത് അക്ഷമയോടെ നോക്കിയിരിക്കവേ, പൊടുന്നനെ അയാള്‍ക്ക് ഒരു കാര്യം ഓര്‍മ്മ വന്നു.

‘വിഷ്ണു പറഞ്ഞു അയാളുടെ വാച്ച് മടക്കിക്കൊണ്ടുചെല്ലണമെന്ന്. ഒന്നരക്കൊല്ലായീത്രെ ഇവിടെ തന്നുപോയിട്ട്.’

‘ഒന്നരക്കൊല്ലോ!’ വാരിയര്‍ മുഖമുയര്‍ത്തി. ‘കഴിഞ്ഞമാസല്ലേ അയാള് ഇവടെ കൊണ്ടുവന്ന് തന്നത്. എനിക്കു നല്ല ഓര്‍മ്മെണ്ട്.’ പിന്നെ വീണ്ടും മുഖം കുനിച്ച് തുടര്‍ന്നു. ‘ഒരു കാര്യം ചെയ്യൂ. നാളെ ഈ നേരത്ത് ഇങ്ങട് വരാന്‍ പറയാ അയാളോട്. അപ്‌ളയ്ക്കും ഞാനത് എട്ത്ത് വെയ്ക്കാം.’

വാച്ച് കൈയില്‍ കെട്ടി വാരിയരോട് യാത്ര പറഞ്ഞ് അയാള്‍ ഇറങ്ങി. അയാള്‍ക്കുപിന്നില്‍ വാതില്പാളികള്‍ അടഞ്ഞു. ഇടനാഴിയിലെ പഴയ കലണ്ടറിലേക്ക് ഒന്നുകൂടി കണ്ണുപായിക്കാന്‍ ഭാവിക്കവേ, വാച്ച് ശബ്ദിക്കുന്നുണ്ടെന്ന് അയാള്‍ക്കുതോന്നി. ചെവിയോടടുപ്പിച്ചുനോക്കി. ഉവ്വ്, വാച്ച് നടക്കുന്നുണ്ട്.

തിരിച്ചു നടന്ന് വാരിയരോട് പറയണോ എന്ന് സംശയിച്ച് അയാള്‍ ഒരു മിനിട്ടു നിന്നു. പക്ഷേ, കുറച്ചിട കഴിഞ്ഞപ്പോള്‍ വാച്ച് നില്ക്കുകതന്നെയാണെന്ന് അയാള്‍ക്കു മനസ്സിലായി. പിന്നെ ഒന്നും ആലോചിക്കാതെ പുറത്തിറങ്ങി.

ടാറിട്ട റോഡില്‍ വഴിവിളക്കുകള്‍ വിളറിയ പ്രകാശം തൂവുന്നു. അതിലൊന്നിന്റെ നെറുകയിലിരുന്ന് ഒരു കാക്ക ശബ്ദിച്ചു. തണുത്ത ഒരു കാറ്റ് ചുഴ്ന്നുപോയപ്പോള്‍ അയാള്‍ക്ക് കുളിരു പൊട്ടി. ഒരു സൈക്കിളില്‍ പത്രം വീശിയെറിഞ്ഞുകൊണ്ട് ഒരാണ്‍കുട്ടി എതിരെനിന്നു വന്നു.

അപ്പോള്‍ അയാള്‍ വെറുങ്ങലിച്ചു നിന്നു. ആറുമണി എന്ന് ശങ്കരവാരിയര്‍ പറഞ്ഞപ്പോള്‍ രാത്രിയോ രാവിലെയോ എന്ന് വ്യക്തമായി ചോദിക്കേണ്ടതായിരുന്നു.

(1984) കട്ടികൂട്ടിയ എഴുത്ത്