close
Sayahna Sayahna
Search

ഒരു പ്രതികാരത്തിന്റെ കഥ


ഒരു പ്രതികാരത്തിന്റെ കഥ
EHK Memoir Nee Evide.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നീ എവിടെയാണെങ്കിലും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്


മുംബൈയിലെ എന്റെ ജീവിതം എഴുപത്തൊന്നിലാണ് തുടങ്ങിയത്. അവസാനിച്ചത് എൺപത്തൊന്നിലും. ഇതിനിടയ്ക്കുള്ള പത്തു വർഷക്കാലം ധാരാളം അനുഭവങ്ങളുണ്ടായി, പലതും കഥകളെ അതിശയിക്കുന്നവ. അക്കാലത്തെ എന്റെ കഥകൾക്ക് അനുഭവങ്ങളുടെ മണമുണ്ടായത് സ്വാഭാവികം. പലതും മറവിയുടെ പിൻകർട്ടനു പിന്നിലേയ്ക്ക് മാറ്റപ്പെട്ടു. പക്ഷേ ചിലവ ഇപ്പോഴും മുൻ സ്റ്റേജിൽത്തന്നെ നിലകൊള്ളുന്നു. ഓർമ്മയുടെ യവനിക ഉയരുകയേ വേണ്ടു അവ സജീവമാകാൻ.

വർളിയിൽ എന്റെ ഓഫീസിനടുത്തുള്ള കെട്ടിടത്തി ലാണ് നീന (പേര് യഥാർത്ഥമല്ല) ജോലിയെടുക്കുന്നത്. (ഈ കെട്ടിടം ഏകദേശം അഞ്ചു കൊല്ലം മുമ്പ് ഇടിഞ്ഞു പൊളിഞ്ഞു വീണു.) അവിടെ ഒരു ഫാർമസൂട്ടിക്കൽ കമ്പനിയിൽ സെയിൽസ്മാനേജരുടെ പേഴ്‌സനൽ സെക്രട്ടറിയായി ജോലി നോക്കുന്നു. മുപ്പത്തഞ്ചു വയസ്സ് പ്രായം, അങ്ങിനെയാണ് അവൾ എന്നോട് പറഞ്ഞത്. പ്രായം നമ്മിൽനിന്ന് വിദഗ്ദമായി ഒളിപ്പി ക്കുന്ന ചില സ്ത്രീകളില്ലേ. അവരിലൊരാളായിരുന്നു നീന. അവളുടെ ശരിക്കുള്ള വയസ്സ് പറയുന്നതുവരെ ഞാൻ വിചാരിച്ചിരുന്നത് അവൾക്ക് മുപ്പതിൽ താഴെ യായിട്ടേ ഉള്ളൂ എന്നാണ്. വെളുത്ത് സുന്ദരിയായ സ്ത്രീ. അഞ്ചടി എഴിഞ്ച് ഉയരം കാണും.

തൊട്ടടുത്തുള്ള ഫ്‌ളോറ റസ്റ്റോറണ്ടാണ് എനിക്കി ഷ്ടപ്പെട്ട സ്ഥലം. ചൈനീസ് റസ്റ്റോറണ്ട്. ഇത്രയും സ്വാദുള്ള ചൈനീസ്, കോണ്ടിനെന്റൽ ഭക്ഷണം മറ്റൊരു സ്ഥലത്തു നിന്നും ഞാൻ കഴിച്ചിട്ടില്ല. അവിടെ വച്ചാണ് ഞാൻ നീനയെ കണ്ടു മുട്ടുന്നത്. എനിക്കിഷ്ടപ്പെട്ട സ്ഥലം എന്നു പറഞ്ഞതുകൊണ്ട് അവിടെനിന്ന് ദിവസവും ഭക്ഷണം കഴിക്കുന്നുവെന്ന് അർത്ഥമില്ല. അതെല്ലാം കമ്പനിവക ലഞ്ചു കിട്ടുമ്പോൾ മാത്രം തരമാക്കാറുള്ള അപൂർവ്വസൗഭാഗ്യങ്ങൾ മാത്രം. വിദേശത്തുനിന്ന് എഞ്ചിനീയർമാർ സന്ദർശനത്തിനായി വരുമ്പോൾ അവരെ കൊണ്ടുപോയിരുന്നത് ഫളോറ യിലേയ്ക്കായി രുന്നു. അല്ലാത്ത ദിവസങ്ങളിൽ ഞങ്ങളുടെ ഓഫീസിനു താഴെയുള്ള തെന്നിന്ത്യൻ റസ്റ്റോറണ്ടിൽ മസാല ദോശ യും വടയും ആണ് സ്ഥിരം ഭക്ഷണം. സംഗതി പറഞ്ഞു വരുമ്പോൾ നീനയും അതേ പാറ്റേണിൽ ഫ്‌ളോറയിൽ എത്തിയതാണ്. രണ്ടുപേരും ദിവസവും സ്ഥിരം പോകു ന്ന സ്ഥലത്തുനിന്ന് പരിചയപ്പെടാതെ അപൂർവ്വതയിൽ പരിചയപ്പെട്ടത് അദ്ഭുതമായിരിക്കുന്നു. ഭക്ഷണം കഴിഞ്ഞ്, ടോയ്‌ലറ്റിൽ പോയ വിദേശികൾക്കു വേണ്ടി കാത്തു നിൽക്കുമ്പോഴാണ് അവൾ അടുത്തു വന്നത്. കൈ നീട്ടിക്കൊണ്ട് അവൾ സ്വയം പരിചയപ്പെടുത്തി. ‘ഞാൻ നീന… ’ ഞാൻ എന്റെ പേര് പറഞ്ഞു.

‘ഏതാണ് ആ കുരങ്ങന്മാർ?’ ടോയ്‌ലറ്റിന്റെ ഭാഗത്തേയ്ക്ക് ചൂണ്ടിക്കാട്ടി അവൾ ചോദിച്ചു.

‘കുരങ്ങന്മാർ?’

‘അതെ, ആ വെള്ളക്കാർ?’

പിന്നീട് കൂടുതൽ പരിചയപ്പെട്ടപ്പോൾ അതാണ് നീനയുടെ സംസാരരീതിയെന്നു മനസ്സിലായി.

അതിനുശേഷം അവളെ പല സ്ഥലത്തു നിന്നും കണ്ടുമുട്ടുകയുണ്ടായി. ക്രമേണ അതൊരു സ്വഭാവമായി മാറി. ഓഫീസ് വിട്ട് പുറത്തിറങ്ങിയാൽ പുറകിൽ നിന്ന് കേൾക്കുന്ന മധുരസ്വരം ആരുടേതാണെന്ന് മനസ്സിലാക്കാൻ വിഷമമില്ല. പലപ്പോഴും ഞങ്ങൾ സംസാരിച്ചുകൊണ്ട് നടക്കും. പ്രഭാദേവിവരെ, അല്ലെങ്കിൽ മാഹിം വരെ. അതിനിടയ്ക്ക് ഏതെങ്കിലും റസ്റ്റോറണ്ടിൽ കയറി ചായ കുടിക്കും. ഒപ്പം സമോസയോ, ദോശയോ. പണം കൊടുക്കുന്ന സമയത്ത് ഞങ്ങൾ ആദ്യമൊക്കെ അടികൂടി. പിന്നെ ഒരിക്കൽ ഞാൻ കൊടുത്താൽ പിന്നീട് പണം കൊടുക്കുന്നത് അവളുടെ അവകാശമാണെന്ന് സമ്മതിച്ചു കൊടുത്തു. അതുകൊണ്ട് രക്ഷപ്പെട്ടു. ഇതെല്ലാം സംഭവിച്ചത് ഒരു മാസത്തിനുള്ളി ലാണെന്നത് എന്നെ പിന്നീട് അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു കൊടുങ്കാറ്റിന്റെ ശക്തിയോടെ അവൾ എന്നിലൂടെ ആഞ്ഞുവീശുകയായിരുന്നു. നേരം വൈകുന്ന ദിവസങ്ങളിൽ ഭാര്യയോട് എന്ത് ഒഴിവുകഴിവു പറയുമെന്നതു മാത്രം എന്നെ അലട്ടി. അവസാനം ഒരു രാത്രിയിൽ ഞാൻ ലളിതയോട് നീനയെപ്പറ്റി പറഞ്ഞു.

സാധാരണ സിനിമകളിൽ കാണുന്നപോലെ ഒരു പൊട്ടിത്തെറിയൊക്കെ ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്. ഒന്നുമുണ്ടായില്ലെന്നു മാത്രമല്ല സംഗതികൾ അവളെ അപാരമായി രസിപ്പിച്ചുവെന്നുകൂടി തോന്നി. അവൾ ചോദിച്ചു.

‘ആ പെണ്ണ് കല്യാണം കഴിഞ്ഞതല്ലേ?’

‘അതേ… ’

‘എന്നിട്ടാണോ കണ്ടവന്റെയൊക്കെ പുറകെ ഓടണത്?’

അവൾ തലയ്ക്കു മുകളിൽ ചൂണ്ടാണി വിരൽകൊണ്ട് ചുഴറ്റിക്കാണിച്ചു. അതു ശരിയായിരിക്കാമെന്ന് എനിക്കും തോന്നി. പക്ഷേ കല്യാണം കഴിഞ്ഞ ആണൊരുത്തൻ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ പോകുന്നത് എന്തിന്റെ ലക്ഷണമാണ്? ഞാൻ ചമ്മിക്കൊണ്ട് ചിരിച്ചു. അന്നു മുതൽക്ക് ഉറങ്ങാൻ കിടന്നാൽ നീനയുടെ കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ പറഞ്ഞുകൊടുക്കുക എന്നത് എന്റെ കർത്തവ്യമായി. ഇടയ്ക്ക് കാര്യങ്ങൾ അല്പമൊന്ന് വളച്ചൊടിച്ചാൽ അവൾ കണ്ടുപിടിക്കും. ഞാൻ ഒരു മോശക്കാരൻ എഡിറ്ററാണെന്ന് അന്നേ എനിക്കു തോന്നിയിരുന്നു.

കാര്യങ്ങളെല്ലാം ഞാൻ ലളിതയോട് തുറന്നു പറയുന്നുണ്ട് എന്നു കേട്ടപ്പോൾ നീന തലയിൽ കൈവച്ചു. ‘ദൈവമേ… ’

പിന്നെ കുറച്ചുനേരം അവൾ ആലോചിച്ചിരുന്നു. താടിക്കു കൈയ്യും വച്ച് തികച്ചും ക്ലാസ്സിക്കൽ മട്ടിലുള്ള ഇരുത്തം. മുമ്പിലിരുന്ന് തണുക്കുന്ന ചായ ചൂണ്ടിക്കാട്ടിയപ്പോൾ അവൾ ആലോചനയിൽ നിന്ന് ഉണർന്ന് ചായക്കപ്പെടുത്തു.

‘കാര്യമൊക്കെ ശരിതന്നെ’ അവൾ ഗൗരവമായി പറഞ്ഞു. ‘പക്ഷേ കുറച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഭാര്യയോട് ‘എല്ലാം’ തുറന്നു പറയാൻ വിഷമമുണ്ടാക്കുന്ന ഒരു സ്ഥിതിവിശേഷം വരും.’

അതെന്താണെന്ന് അവൾ വിശദീകരിച്ചില്ല. അങ്ങിനെ ഒരു ‘സ്ഥിതിവിശേഷം’ വരാതിരിക്കട്ടെ എന്നു ഞാനും കരുതി.

നീന പറഞ്ഞ സ്ഥിതിവിശേഷം ഉടലെടുക്കുവാൻ അധികം ദിവസങ്ങളെടുത്തില്ല. വൈകുന്നേരത്തെ നടത്ത ത്തിന്നിടയിൽ കാര്യമായ സംഭാഷണവിഷയം അവളുടെ ഭർത്താവായിരുന്നു. അയാൾ താർദേവിൽ ഒരു കമ്പനിയിൽ മാർക്കറ്റിങ് മാനേജരാണ്. അയാളുടെ ഓഫീസ് വിശേഷങ്ങളെപ്പറ്റി, ബിസിനസ്സ് യാത്രകളെപ്പറ്റിയെല്ലാം അവൾ വാതോരാതെ സംസാരിക്കും. അയാൾക്ക് അവളോടുള്ള സ്‌നേഹത്തെപ്പറ്റി പറയുമ്പോൾ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം. ഓരോ ടൂർ കഴിഞ്ഞു വരുമ്പോഴും അവൾക്കുവേണ്ടി കൊണ്ടുവരുന്ന സാരികളുടെ വർണ്ണനയുണ്ടാകും. സാരിയല്ലെങ്കിൽ പെർഫ്യൂം. “ഞാൻ ഇന്ന് ഇട്ട പെർഫ്യൂം ഇല്ലെ, അത് കഴിഞ്ഞ നവമ്പറിൽ ദോഹയിൽ പോയപ്പോൾ കൊണ്ടുവന്നതാണ്. നിങ്ങൾക്കിഷ്ടപ്പെട്ടുവോ?”

ഞാൻ നീന കാണാതെ നെടുവീർപ്പിടും. ബോംബെയിൽ മാത്രം ചുറ്റിക്കറങ്ങാനാണ് ഞാൻ വിധിക്കപ്പെട്ടത്. ഭാര്യയ്ക്ക് സാരി പോയിട്ട് ഒരു തൂവാലപോലും വാങ്ങിക്കൊടുത്തിട്ടില്ല ഇതുവരെ. ഞാനൊരു മാതൃകാഭർത്താവല്ല എന്നത് എന്നെ വേദനിപ്പിക്കും. ഭാര്യയോട് കുറച്ചു കൂടി സ്‌നേഹം കാണിക്കണമെന്നൊക്കെ വിചാരിക്കും. തൽഫലമായി ഒരു ദിവസം കുറച്ചു പണം തടഞ്ഞപ്പോൾ ഓഫീസു വിട്ടുപോകും വഴി ഒരു സാരി വാങ്ങിയതും അതു ഭാര്യയ്ക്കു കൊടുത്തപ്പോൾ അതിന്റെ നിറത്തെപ്പറ്റിയും പ്രാകൃതഡിസൈനെപ്പറ്റിയും കേട്ടതെല്ലാം മറ്റൊരു കഥ. പോട്ടെ.

അങ്ങിനെ ഞാൻ സ്വയം പഴിച്ചുകൊണ്ടിരുന്ന കാലത്താണ് ഒരു ദിവസം നീന പറഞ്ഞത്. ഒരു വലിയ രഹസ്യം പറയുന്നപോലെ.

“ഞാൻ എന്റെ ഭർത്താവിനെപ്പറ്റി പറയാറില്ലെ?”

ഒരു മസാല ദോശയും ചായയും അകത്തായപ്പോൾ അവൾക്ക് സെഞ്ച്വറി ബസാർ വരെ നടന്ന ക്ഷീണമൊക്കെ മാറിയിരുന്നു.

“ഉണ്ട്, പറയാറുണ്ട്.” ഞാൻ സമ്മതിച്ചു. അവളുടെ ഭർത്താവിനെപ്പറ്റിയല്ലാതെ ഒന്നും പറയാറില്ല എന്നതാണ് സത്യം.

അവൾ ഒന്ന് മടിച്ചു നിന്നു.

“ഞാൻ സത്യം തുറന്നു പറഞ്ഞാൽ ഒന്നും വിചാരിക്കല്ലല്ലോ.”

“ഇല്ല, എന്തേ?”

“ഞാൻ കമലേഷിനെപ്പറ്റി പറഞ്ഞതെല്ലാം നുണയാണ്. ആ മനുഷ്യൻ ടൂറിനൊക്കെ പോകുന്നുണ്ട്, ശരി. പക്ഷേ എനിക്കുവേണ്ടി ഒന്നും വാങ്ങാറില്ല. സാരിയുമില്ല, പെർഫ്യൂമുമില്ല. എന്നെ അയാൾക്ക് ഇഷ്ടമല്ല.”

ഞാൻ വാ പൊളിച്ചിരുന്നുപോയി. വായിൽ ദോശക്കഷ്ണമുണ്ടെന്നു മനസ്സിലാക്കിയതു തന്നെ ഒരു മിനുറ്റ് കഴിഞ്ഞിട്ടാണ്. അത് ഒറ്റയടിക്ക് ഇറക്കിയശേഷം ഞാൻ ചോദിച്ചു.

“എന്ത്?”

“ഭർത്താവിന് എന്നെ ഇഷ്ടമില്ലെന്ന്. ഹി ഹേയ്റ്റ്‌സ് മി.”

കണ്ടോ? അവളുടെ വാക്കുകേട്ട് ഭാര്യയ്ക്ക് സാരി വാങ്ങിക്കൊടുത്ത് ചീത്ത കേട്ടതു ലാഭം!

ഒരു നിശ്ശബ്ദത. എനിക്കും സമയമാവശ്യമാണ്. ഒരു മാസമായി എന്റെ മനസ്സിൽ നിറച്ചതൊക്കെ തുടച്ചുമാറ്റുക എളുപ്പമല്ല. നീനയുടെ ഭർത്താവിന്റെ ഒരു പുതിയ ചിത്രം വരച്ചുണ്ടാക്കണം.

പിന്നീട് അവൾ പറയാൻ തുടങ്ങിയത് ഭർത്താവിന് അയൽക്കാരിയുമായുള്ള ബന്ധത്തെപ്പറ്റിയായിരുന്നു. അവളെ സംബന്ധിച്ചേടത്തോളം വളരെ ക്ലേശകരമായിരുന്നു അത്. അവളുടെ കണ്ഠമിടറി, കണ്ണുകൾ ഈറനായി. ഞാൻ കൈനീട്ടി അവളുടെ കൈകൾ പിടിച്ചമർത്തി. അവൾ അതു പ്രതീക്ഷിച്ചിരുന്നെന്നു തോന്നുന്നു, ഒന്നും പറയാതെ കൈ വലിക്കാതെ ഇരുന്നു.

“ഇതെല്ലാം നിന്റെ ഊഹം മാത്രമാണോ?”

“അല്ല, ഞാൻ നേരിൽ കണ്ടതാണ്. ഒരിക്കൽ ഓഫീസിൽനിന്ന് നേരത്തെ പോയ ദിവസം. ഞങ്ങളുടെ ബെഡ്‌റൂമിന്റെ ജനലിന് ഒരു വിള്ളലുണ്ട്. അതിലൂടെ ഞാൻ കണ്ടു. അവർ കിടക്ക പങ്കിടുന്നത്.”

അവൾ കുറച്ചുനേരം ഒന്നും പറയാതെ ഇരുന്നു. പിന്നെ സാവധാനത്തിൽ പറഞ്ഞുതുടങ്ങി.

“നിങ്ങൾ ഒരു ദിവസം വീട്ടിൽ വരണം. കമലേഷ് അടുത്ത ആഴ്ച ഗൾഫിൽ പോകുന്നു. അപ്പോൾ വന്നാൽ മതി. നമുക്ക് സ്വസ്ഥമായി ഇരുന്ന് കുറേ കാര്യങ്ങൾ സംസാരിക്കാം. ഉച്ചയ്ക്ക് രണ്ടുമണിക്ക് വരു. അപ്പോൾ ആ പൂതം ഉറങ്ങുകയാവും. ഇനി എന്തു ചെയ്യണമെന്ന് നമുക്ക് സംസാരിച്ച് തീരുമാനിക്കാം.”

പിന്നീടുള്ള ദിവസങ്ങളിൽ എന്റെ മനസ്സിൽ ഒരു യുദ്ധം നടക്കുകയായിരുന്നു. ഞാൻ ചെയ്യുന്നത് ശരിയാണോ? വൈകുന്നേരം ഒരു സ്ത്രീയുടെ ഒപ്പം നടക്കുന്നത് ഒരു കാര്യം, പക്ഷേ ഭർത്താവില്ലാത്ത അവസരത്തിൽ അവരുടെ വീട്ടിൽ പോകുന്നത്? ഞാൻ ഈ കാര്യം ഭാര്യയിൽനിന്ന് മറച്ചുവെച്ചിരുന്നു. ശരിക്കു പറഞ്ഞാൽ നീനയുടെ ഭർത്താവിന്റെ പുതിയ ചിത്രം കിട്ടിയതിൽപ്പിന്നെ ഞാൻ അവളോട് കാര്യമായൊന്നും പറഞ്ഞിരുന്നില്ല. ‘നിങ്ങൾക്ക് എല്ലാം തുറന്നു പറയാൻ കഴിയാത്ത ഒരു സ്ഥിതിവിശേഷം വരും എന്ന നീനയുടെ പ്രവചനം ശരിയാവുകയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നീനയുടെ വീട്ടിലെത്തി. വാതിലിന്റെ മുമ്പിലെത്തി ബെില്ലടിക്കാൻ കൈ ഓങ്ങിയപ്പോഴേയ്ക്കും വാതിൽ തുറന്ന് നീന പ്രത്യക്ഷയായി.

“വരൂ.” അവൾ ചിരിച്ചുകൊണ്ട് എന്നെ സ്വാഗതം ചെയ്തു.

ഞാൻ ഇരട്ട സോഫയിലിരുന്നു. നീന എനിക്കെതിരെയുള്ള ഒറ്റ സോഫയിൽ പോയി ഇരുന്നു. അതെന്നെ കുറച്ചു നിരാശപ്പെടുത്തി. അവൾക്ക് അതിരുവിടാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് എനിക്കു തോന്നി.

“കുടിക്കാൻ എന്താണ് വേണ്ടത്?”

“എന്തായാലും കൊള്ളാം.” ഞാൻ പറഞ്ഞു. അവൾ എഴുന്നേറ്റു പോയി. സാരിയുടെ തുമ്പ് അവൾ എളിയിൽ തിരുകി യിരുന്നു. അവളുടെ ശരീരത്തിന്റെ ഭംഗി ഞാൻ അപ്പോഴാണ് ശ്രദ്ധിക്കുന്നത്. അതെന്നിൽ ആഗ്രഹം ജനിപ്പിച്ചു.

നാരങ്ങവെള്ളം കുടിച്ചുകൊണ്ടിരിക്കെ ഞാൻ പറഞ്ഞു.

“നീ സുന്ദരിയായിരിക്കുന്നല്ലൊ.” എന്തെങ്കിലും പറയേണ്ടെ എന്നോർത്ത് പറഞ്ഞതാണ്. അതിൽ പക്ഷേ അസത്യ മൊന്നുമുണ്ടായിരു ന്നില്ല.

“അതു നിങ്ങൾക്കു മാത്രം തോന്നിയാൽ പോരല്ലോ. എന്റെ ഭർത്താവിനും തോന്നണ്ടേ?”

എനിക്കു ഒന്നും പറയാനുണ്ടായിരുന്നില്ല.

“ഒരു കാര്യം എനിക്കറിയണം” അവൾ പറഞ്ഞു. “ഞാൻ കൊടുക്കാത്ത എന്ത് സർവ്വീസുകളാണ് അവളുടെ കൗണ്ട റിൽ കൊടുക്കുന്നതെന്ന്.”

“അതൊരുപക്ഷേ നീ ഒരിക്കലും അറിഞ്ഞില്ലെന്നു വരും.” ഞാൻ പറഞ്ഞു.

“അതെന്താണ്?”

ഞാൻ ഒന്നും പറഞ്ഞില്ല. അത്തരത്തിലൊരു സംഭാഷണം അവളുമായി തുടങ്ങാൻ ഞാൻ തയ്യാറായിരുന്നില്ല. സെക്‌സിന്റെ കാര്യത്തിൽ അത്ര തുറന്ന സംസാരം എനിക്ക് വിഷമമായിരുന്നു.

“എന്റെ വീട് കാണണ്ടേ?” അവൾ ചോദിച്ചു.

“ശരി.” കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ് ടീപോയ്‌മേൽ വച്ച് ഞാൻ എഴുന്നേറ്റു.

അവൾ ഓരോ മുറികളിലായി എന്നെ കൊണ്ടുപോയി. എല്ലാ മുറികളുടേയും ജനൽ അടച്ചിരുന്നു. വെന്റിലേറ്റ റിൽക്കൂടിയുള്ള വെളിച്ചം മാത്രം. ആ നേരിയ വെളിച്ചത്തിൽ നീനയുടെ സാമീപ്യവും ഗന്ധവും എന്നെ അലട്ടുന്നുണ്ടായിരുന്നു. അവസാനം എത്തിയത് കിടപ്പറയിലാണ്. കട്ടിലിന്നരികിൽ നിന്നുകൊണ്ട് അവൾ പറഞ്ഞു.

“ഇതാ, ഈ കിടക്കയിൽ കിടന്നുകൊണ്ടാണ് കമലേഷും ആ പൂതവും… ഇന്നു ഞാൻ അതിനു പ്രതികാരം ചെയ്യും.”

അവളുടെ മുഖം ദ്വേഷ്യം കൊണ്ട് ചുവന്നിരുന്നു. അവൾ എന്റെ അടുത്തേയ്ക്ക് നീങ്ങി.

“എന്റെ ഭർത്താവ് എന്നെ വഞ്ചിച്ചു. ഞാൻ അയാളേയും വഞ്ചിക്കും. ഇതേ മുറിയിൽ, ഇതേ കിടക്കയിൽ.”

അവൾ അരക്കെട്ടിലൂടെ കൈയ്യിട്ട് എന്നെ അടുപ്പിക്കുകയായിരുന്നു. ഞാൻ ആലോചിച്ചു കൊണ്ടിരുന്നത് ഇതാണ്. കമലേഷും പൂതവും എന്നതിനു പകരം നീനയും മറ്റൊരു പൂതവും.

എന്റെ താല്പര്യം പെട്ടെന്നു നശിക്കുന്നതായി തോന്നി. ഇതുവരെ ഞാൻ കെട്ടിപ്പടുത്തതെല്ലാം പൊളിഞ്ഞു വീഴുകയാണ്. അവളുടെ കൈകൾ വേർപെടുത്തി ഞാൻ മുറിക്കു പുറത്തുകടന്നു.