close
Sayahna Sayahna
Search

ഒർട്ടേഗാ ഈ ഗാസറ്റ്


ഒർട്ടേഗാ ഈ ഗാസറ്റ്
Mkn-11.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഏകാന്തതയുടെ ലയം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1984
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ഏകാന്തതയുടെ ലയം

നീച്ചയ്ക്കുശേഷം (1) യൂറോപ്പ് കണ്ട തത്ത്വചിന്തകരില്‍ അദ്വിതീയന്‍ എന്ന് അല്‍ബേര്‍ കമ്യു (2) വാഴ്ത്തിയ മഹാനാണ് സ്പെയിനിലെ ഹോസേ ഒര്‍ട്ടേഗാ ഈ ഗാസറ്റ്. (3) അദ്ദേഹം മരിച്ചിട്ട് ഇരുപത്തിയേഴു കൊല്ലം കഴിഞ്ഞിരിക്കുന്നു. നവീന സാഹിത്യത്തിന്റെയും നവീന കലയുടെയും ബൈബിള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന, അദ്ദേഹത്തിന്റെ “കലയുടെ അപമാനവീകരണം” (4) എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിട്ട് അമ്പത്തിയേഴുവര്‍ഷം തികയുന്നു. എന്നിട്ടും ഒര്‍ട്ടേഗായുടെ മഹായശസ്സിനു കുറവില്ല. അദ്ദേഹത്തിന്റെ ഗ്രന്ഥം ഇന്നും തര്‍ക്കത്തിനും വാക്കലഹത്തിനും ഹേതുവായി വര്‍ത്തിക്കുന്നു. ഏതു വാദപ്രതിവാദവും അവസാനിക്കണമെങ്കില്‍ അവസാനത്തെ വാക്ക് ആരെങ്കിലും പറയണമല്ലോ. ഈ നിരൂപണഗ്രന്ഥം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ അസംഖ്യങ്ങളായതുകൊണ്ട് അന്തിമമായ വാക്ക് ആരില്‍നിന്നും ഉണ്ടാകുന്നില്ല. അതിനാല്‍ അതിനെക്കുറിച്ചുള്ള ചിന്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഓര്‍ട്ടേഗാ ഇന്നും കീര്‍ത്തിയോടെ വിളങ്ങുന്നു. സാംസ്കാരിക ചക്രവാളം വികസിപ്പിച്ച ഈ ഒര്‍ട്ടേഗാ ആര്? അദ്ദേഹത്തിന്റെ സംഭാവനകളുടെ സ്വഭാവം എന്ത്? സവിശേഷത എന്ത്?

കത്തോലിക്കാ പുരോഹിതന്മാര്‍ വെറുപ്പോടും ഫ്രാങ്കോയും കൂട്ടുകാരും സംശയത്തോടും വീക്ഷിച്ച ഈ തത്വചിന്തകന്‍ മഡ്റിഡ് സര്‍കലാശാലയിലെ മൊറ ഫിസിക്സ് ഫ്രൊഫസറായിരുന്നു ഇരുപത്തിയഞ്ചു വര്‍ഷത്തോളം (1910 മുതല്‍ 1936 വരെ) പേരുകേട്ട പ്രൊഫസര്‍. അദ്ദേഹം തത്വചിന്താപരങ്ങളായ വിഷയങ്ങള്‍ വാഗ്മിതയോടെ നാടകീയമായി അവതരിപ്പിച്ചപ്പോള്‍ അവ കേള്‍ക്കാനായി ജനങ്ങള്‍ തിങ്ങിക്കൂടി. ഏത് വിഷയവും — സാഹിത്യം, കല, ചരിത്രം, സമൂഹശാസ്ത്രം, സംഗീതം, സ്ത്രീ, മനഃശ്ശാസ്ത്രം — ഇങ്ങനെ ഏതു വിഷയവും ഒര്‍ട്ടേഗാ പ്രഗല്‍ഭമായി കൈകാര്യം ചെയ്തിരുന്നു. “ധൈഷണിക ജീവിതത്തിലെ ഭീമാകാരന്‍” — intellectual giant — എന്നാണ് അഭിജ്ഞന്മാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. “നട്ടെല്ലില്ലാത്തെ സ്പെയിന്‍” 5 “കലയുടെ അപമാനവീകരനം” 6 “സാമാന്യജനത്തിന്റെ വിപ്ലവം” 7 എന്നീ ഗ്രന്ഥങ്ങളാണ് അദ്ദേഹത്തിന് ഈ കീര്‍ത്തി നേടിക്കൊടുത്തത്. സംസ്കാരവും പരിഷ്കാരവും ജനായത്ത വ്യവസ്ഥിതിക്ക് എതിരായി നില്‍ക്കുന്നു എന്ന ചിന്താഗതിയാണ് ഈ മൂന്ന് ഗ്രന്ഥങ്ങളിലുമുള്ളത്. മനുഷ്യരെ അദ്ദേഹം ഉയര്‍ന്ന മനുഷ്യരെന്നും (superior men) സാമാന്യജന — മനുഷ്യനെന്നും 8 (mass-man) തരംതിരിച്ചു. ഈ ഉയര്‍ന്ന മനുഷ്യരില്‍ നിന്നാണ് മൂല്യങ്ങളും ചിന്തനങ്ങളും ലക്ഷ്യങ്ങളും സാമാന്യജന — മനുഷ്യന്‍ സ്വീകരിക്കേണ്ടത്. പക്ഷേ, അതിനു പകരമായി സാമാന്യജന — മനുഷ്യന്‍ സ്വന്തം മൂല്യങ്ങള്‍ വള്‍ഗറായി അവതരിപ്പിക്കുന്നു. ഇതാണ് ജീര്‍ണ്ണതയ്ക്കു ഹേതു. നവീന കലയും നവീന സാഹിത്യവും സാമാന്യജന — മനുഷ്യന്റേതല്ല. അത് ജനാധിപത്യവിരുദ്ധമായതിനാല്‍, ആഢ്യന്മാരുടേതുമാത്രമാകയാല്‍ ഉത്കൃഷ്ടമാണ്. എലീറ്റിന്റെ (elite) — ആഢ്യരുടെ — മാത്രമായ കല സാമാന്യജന-മനുഷ്യനെ സാംസ്കാരിക ജീവിതത്തില്‍ നിന്ന് അകറ്റി നിറുത്തുന്നു. പികാസ്സോയും പീരാന്തെല്ലോയും മല്ലാര്‍മേയും ബഹുജനത്തിന് അനഭിഗമൃരാണ്. അവരുടെ ദുര്‍ഗ്രഹമായ കല സാമാന്യജന — മനുഷ്യനെ അവര്‍ സൃഷ്ടിച്ച സാംസ്കാരികമണ്ഡലത്തില്‍ നിന്ന് മാറ്റിനിറുത്തുന്നു. മനുഷ്യര്‍ എല്ലാവരും തുല്യരാണോ? അല്ല എന്നാണ് ഒര്‍ട്ടേഗായുടെ മതം. മനുഷ്യര്‍ സദൃശരാണെന്ന വാദം അധാര്‍മികമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ബഹുജനം കഴുത തന്നെ. കഴുത ചവിട്ടും; ചവിട്ടുന്നത് എന്തിനാണെന്നറിയാതെ. നവീന കലയേയും നവീവ സാഹിത്യത്തേയും ബഹുജനം പിന്‍കാലുകൊണ്ട് ചവിട്ടുന്നു. ഈ കഴുതയ്ക്ക് റിയലിസം മാത്രം മതി. ദൈനംദിന ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മാത്രം പ്രതിഫലിപ്പിക്കുന്ന റിയലിസത്തെ സാമാന്യജന — മനുഷ്യന്‍ അംഗീകരിച്ചതില്‍ എന്തുണ്ട് അദ്ഭുതം? ഒന്ന് നമ്മള്‍ ഓര്‍മ്മിക്കുക. രണ്ടുതരത്തിലുള്ള കല ഓരോ കാലഘട്ടത്തിലും ഉണ്ടായിരിക്കുമ്പോള്‍ അവയില്‍ ഒന്ന് ന്യൂനപക്ഷത്തിന്റേതാണ്. രണ്ടാമത്തേത് ഭൂരിപക്ഷത്തിന്റേയും. ഭൂരിപക്ഷത്തിന്റെ കല റിയലിസ്റ്റിക്കത്രേ. ഈ റിയലിസ്റ്റിക് കല — ബേറ്റ്ഹോഫന്റെയും ഷാതോബ്രിയാങ്ങിന്റേയും സൊലയുടേയും കല — ഭാഗികമായി മാത്രം കലയായി വര്‍ത്തിക്കുന്നു. ഇതാണ് ഒര്‍ട്ടേഗായുടെ വിചാരം. അദ്ദേഹം നല്‍കുന്ന ഒരുദാഹരണം ഈ കലാസിദ്ധാന്തത്തിന് വൈശദ്യം നല്‍കും.

ഒരു മഹാന്‍ മരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ അടുത്തുണ്ട്. ഡോക്ടര്‍, മരിക്കുന്ന മനുഷ്യന്റെ നാഡിപിടിച്ചു നോക്കുന്നു. ഒരു പത്രറിപ്പോര്‍ട്ടര്‍ പത്രത്തിനുവേണ്ടിമാത്രം അവിടെ വന്നുനില്‍ക്കുന്നു. യാദൃശ്ചികത്വത്താല്‍ അവിടെ എത്തിയ ചിത്രകാരനുമുണ്ട്. മരണം ഈ നാലുപേരെയും നാലുതരത്തിലാണ് ബാധിക്കുക. ഒരു സത്യം (മരണമെന്ന സത്യം) നാലുതരത്തില്‍ ഇവിടെ വിഭജിക്കപ്പെടുന്നു. ഇവയില്‍ ഏത് സത്യത്തിനാണ് സത്യാന്‍മകത. ഓരോ വീക്ഷണഗതിയനുസരിച്ച് ഓരോന്നും സത്യാത്മകം എന്നു പറയാനേ പറ്റൂ. ഭാര്യ അതിന്റെ ഒരു ഭാഗമാണ്. വസ്തുവില്‍ നിന്നോ വസ്തുതയില്‍ നിന്നോ മാറിനിന്നാലേ, നമ്മുടെ സത്തയുടെ ഒരു ഭാഗം അതാകാതിരുന്നാലേ നമുക്കതിനെ നിരീക്ഷണം ചെയ്യാന്‍ കഴിയൂ. ഇവിടെ ഭാര്യ മാറിനില്‍ക്കുന്നില്ല. മരണത്തിന്റെ ഒരു ഭാഗമാണ് അവള്‍. അവള്‍ അത് കാണുകയല്ല. അത് അനുഭവിക്കുകയാണ്. ഡോക്ടര്‍ വളരെ മാറി നില്‍ക്കുന്നു. പക്ഷേ, രോഗി മരിക്കാതിരിക്കേണ്ടത്

അയാളുടെ ജോലിയെ സംബന്ധിച്ചിടത്തോളം ആവശ്യകതയാര്‍ന്നതാണ്. അതുകൊണ്ട് ജോലി എന്ന ബഹിര്‍ഭാഗസ്ഥത കൊണ്ട് അയാള്‍ മരണമെന്ന സത്യം അനുഭവിക്കുന്നു. പത്ര റിപ്പോര്‍ട്ടര്‍ക്കു വളരെ അകന്ന നിലയേ ഉള്ളൂ. തന്റെ റിപ്പോര്‍ട്ട് അടുത്ത ദിവസത്തെ പത്രത്തില്‍ ആളുകള്‍ വായിക്കുമ്പോള്‍ അവര്‍ കരയണം. അതുമാത്രമേ അയാള്‍ക്ക് ഉദ്ദേശ്യമുള്ളു. അയാള്‍ സത്യം — മരണമെന്ന സത്യം — അനുഭവിക്കുന്നില്ല; അനുഭവിക്കുന്നതായി ഭാവിക്കുന്നു. ചിത്രകാരനെ അവിടെ സംഭവിക്കുന്നതൊന്നും സ്പര്‍ശിക്കുന്നില്ല. അതിന്റെ ദുഃഖാത്മകമായ ആന്തരാര്‍ത്ഥം അയാള്‍ക്ക് പരിഗണനാര്‍ഹമല്ല. സംഭവത്തിന്റെ ദൃഷ്ടിഗതമായ ഭാഗത്തില്‍ — വര്‍ണ്ണമൂല്യം, പ്രകാശം, നിഴല്‍ — ഇവയിലൊന്ന് അയാള്‍ മനസ്സിരുത്തുന്നത്. ഭാര്യയുടേത് അനുഭവിക്കുന്ന സത്യം; ചിത്രകാരന്റേത് നിരീക്ഷിക്കുന്ന സത്യം. അനുഭവിക്കുന്ന സത്യത്തെ മാനുഷിക സത്യമെന്നും പറയാം. ഒരു വികാരവുമില്ലാത്ത മരണരംഗം നിരീക്ഷിക്കുന്ന ചിത്രകാരന്‍ മനുഷ്യത്വമില്ലാത്തവനാണ്. ഈ മനുഷ്യത്വമില്ലായ്മയാണ്, നവീനകലയുടെ ഘടകമെന്ന് ഒര്‍ട്ടേഗാ പറയുന്നു. നെപ്പോളിയനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മഹാനായ രാജ്യതന്ത്രജ്ഞന്‍ എന്ന മട്ടിലാണ് നമ്മുടെ ചിന്ത. അത് മാനുഷികസത്യമാണ്. മനശ്ശാസ്ത്രജ്ഞനാകട്ടെ നെപ്പോളിയന്‍ എന്ന മനുഷ്യനെ വിട്ടിട്ട് മനസ്സിലേക്ക് കടക്കുന്നു. നെപ്പോളിയന്‍ എന്ന ആശയത്തെയാണ് അയാള്‍ അപഗ്രഥിക്കുക. ഇത് മനുഷ്യത്വശൂന്യമായ നിരീക്ഷണമാണ്. നവീന കലാകാരന്‍ പ്രവര്‍ത്തിക്കുന്നതും ഇങ്ങനെതന്നെ. നവീനകല ആരംഭിക്കുന്നതുവരെ ചിത്രകാരന്മാര്‍ വസ്തുക്കളുടെ മാനുഷികസത്യത്തിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. നവീനകല മാനുഷികസത്യത്തെ നിര്‍മ്മാര്‍ജനം ചെയ്യുന്നു. അയാള്‍ ഭവനത്തിന്റെ ചിത്രം വരച്ചാല്‍ ഭവനമാണെന്നു തോന്നുകയില്ല. പഴയ കലയുടെ ഉദ്ഘോഷകര്‍ ഭവനം വരച്ചാല്‍ ഭവനമാണെന്നു തോന്നും. ഇതാണ് വ്യത്യാസം. അപ്പോള്‍ നവീന കലാകാരന്‍ യാഥാതഥ്യത്തെ അടിച്ചുടയ്ക്കുന്നു; അതിന്റെ മാനുഷികാംശത്തെ തകര്‍ക്കുന്നു ഈ അപമാനവീകരണമാണ് — dehumanization ആണ് — നവീനകലയുടെ സവിശേഷത. മനുഷ്യനോട് ബന്ധപ്പെട്ട ഓരോ വസ്തുവിനെയും ജയിച്ചടക്കുന്നതിലാണ് നവീന കലാകാരന്റെ വിജയമിരിക്കുന്നത്. മനുഷ്യനെ ചിത്രീകരിക്കുന്ന അയാള്‍ മനുഷ്യനോട് ഒരു ബന്ധവുമില്ലാത്ത രൂപം ആവിഷ്കരിക്കുന്നു. പ്രകൃതിയുടെ പകര്‍പ്പ് അയാള്‍ക്കു വേണ്ട. അതിന്റെ സാരാംശം മാത്രം മതി. നവീന കലാകാരന്‍ ഇങ്ങനെ പ്രാകൃതികവസ്തുക്കളെ ജയിച്ചടക്കുമ്പോള്‍ കലാപരമായ ആഹ്ലാദമുളവാക്കുന്നുവെന്നാണ് ഒര്‍ട്ടേഗാ പ്രസ്താവിക്കുന്നത്. കണ്ണീരും ചിരിയും കലയെ സംബന്ധിച്ചിടത്തോളം വ്യാജങ്ങളത്രെ. നവീനകലാസൃഷ്ടിയുടെ ദര്‍ശനം, കൂടി വന്നാല്‍ ഒരു മന്ദഹാസമേ ഉളവാക്കൂ. അതു തന്നെയില്ലെങ്കില്‍ അത്രയും നന്ന്.

ഇതുതന്നെ കവിതയിലും സംഭവിച്ചു. മനുഷ്യത്വത്തിന്റെ ഭാരം വഹിച്ചുകൊണ്ട് അത് വലിഞ്ഞിഴയുകയായിരുന്നു. കാറ്റുപോയ ബലൂണ്‍പോലെ അതു മരങ്ങളിലും കെട്ടിടങ്ങളുടെ മുകള്‍ഭാഗങ്ങളിലും ചെന്നുതട്ടുകയായിരുന്നു. അപ്പോഴാണ് മല്ലാര്‍മേ വന്ന് കവിതയ്ക്ക് ഉയരാനുള്ള ശക്തി നല്‍കിയത്. (കവിതയേയും മല്ലാര്‍മേ ഡിഹ്യൂമനൈസ് ചെയ്തു എന്നാകാം ഒര്‍ട്ടേഗാ കരുതുന്നത് — ലേഖകന്‍.)

പ്രകൃതി നല്‍കുന്ന വസ്തുക്കളെ മല്ലാര്‍മേ ഉപേക്ഷിക്കുന്നു. മനുഷ്യത്വത്തോടു ബന്ധപ്പെട്ട ഒന്നും കവിതയില്‍ ഇല്ലാത്തതുകൊണ്ട് അതില്‍ വികാരത്തിനും സ്ഥാനമില്ല. ഒരു സ്ത്രീയെ പരാമര്‍ശിക്കുമ്പോള്‍ അത് ആരുമല്ലാത്ത സ്ത്രീയാണ്. നാഴിക മണിയില്‍ മണിക്കൂറിനെ സൂചിപ്പിച്ചു ശബ്ദം കേള്‍ക്കുമ്പോള്‍ അത് ഡയലില്‍ രേഖപ്പെടുത്താത്ത മണിക്കൂറാണ്. നിഷേധങ്ങളെ അംഗീകരിച്ചുകൊണ്ട് മല്ലാര്‍മേ സകല അനുരണനങ്ങളെയും അടിച്ചമര്‍ത്തുന്നു. അദ്ദേഹം നല്‍കുന്ന ഭൗതികാതീതരൂപങ്ങള്‍ തികഞ്ഞ ആഹ്ലാദം നല്‍കുന്നു. ഇവിടെ കവി അപ്രത്യക്ഷനായി വിശുദ്ധമായ പേരില്ലാത്ത ശബ്ദമായി മാറുന്നു. കവിത രൂപങ്ങളുടെ ഒരുയര്‍ന്ന ബീജഗണിതമായി മാറുന്നു. രൂപകം (metaphor) അപമാനവീകരണത്തിനു പ്രയോജനപ്പെടുന്നുവെന്നാണ് ഒര്‍ട്ടേഗായുടെ വാദം, Its efficacy verges on magic, and it seems a tool for creation which God forgot inside one of His creatures when He made him — അതിന്റെ [രൂപകത്തിന്റെ] കഴിവ് മായാവിദ്യയുടെ അതിരിലെത്തുന്നു. ഈശ്വരന്‍ മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവന്റെ ഉള്ളില്‍ മറന്ന് ഇട്ടിട്ടുപോയ ഒരു ഉപകരനമാണത്.(ഡോക്ടര്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ രോഗിയുടെ ഉള്ളില്‍ മറന്ന് ഇട്ടുപോകുന്ന ഉപകരണം പോലെ). ഒന്നിനുപകരം മറ്റൊന്നു വയ്ക്കുന്ന രൂപകമെന്ന ഈ ഏര്‍പ്പാട് യാഥാതഥ്യത്തെ ഒഴിവാക്കാന്‍ സഹായിക്കുന്നു. മിന്നല്‍പ്പിണര്‍, മരപ്പണിക്കാരന്റെ സ്കെയിലുപോലാണെന്നും ഇലയില്ലാത്ത മരങ്ങള്‍ അന്തരീക്ഷം അടിച്ചുവാരാനുള്ള ചൂലുകള്‍പോലെയാണെന്നും നവീന കാവ്യങ്ങളിലെവിടെയോ കണ്ടത് ഒര്‍ട്ടേഗായെ വളരെ രസിപ്പിച്ചു. കവിതയുടെ ആയുധം പ്രകൃതിയിലെ വസ്തുക്കളെ ക്ഷതപ്പെടുത്തുന്നതും നശിപ്പിക്കുന്നതും നല്ല കാര്യമാണെന്നാണ് അദ്ദേഹം കരുതുക.

അപ്പോള്‍ യഥാര്‍ത്ഥമായ കല റിയാലിറ്റിയില്‍നിന്ന് — യാഥാതഥ്യത്തില്‍നിന്ന് — മാറി നില്‍ക്കേണ്ടതാണ്. അത് ജനഹിതം കുറഞ്ഞല്ലതല്ല (unpopular),ജനഹിതത്തിന് എതിരാണ് (anti-popular).കലയുടെ സാമൂഹികപ്രയോജനം കുറയുംന്തോറും അത് ഉത്കൃഷ്ടവും മനോഹരവും ആകുന്നു. ശൈലികൊണ്ട് അത് യാഥാതഥ്യത്തെ തകര്‍ക്കണം. മറ്റൊരു വിധത്തില്‍ പറയാം. അപമാനവീകരണം നടത്തണം. അത് വസ്തുക്കളുടെ അന്തര്‍ജാത സ്വഭാവങ്ങളെ മാറ്റേണ്ടതില്ല. മൂല്യങ്ങളുടെ ‘പാറ്റേണ്‍’ തകിടം മറിച്ചാല്‍ മതി. അപ്പോള്‍ ജീവിതത്തിലെ കൊച്ചു സംഭവങ്ങൾ മഹനീയങ്ങളായ പരിണാമങ്ങളില്‍ ആവിഷ്കൃതങ്ങളാകും.

“സാമാന്യജനത്തിന്റെ വിപ്‌ളവം” എന്ന ഗ്രന്ഥത്തിലും ഇതേ ആശയം കാണാം. Mass-Man — സാമാന്യജന — മനുഷ്യന്‍ ലോകം ഭരിക്കുന്നു എന്നാണ് ഒര്‍ട്ടേഗാ ഈ ഗ്രന്ഥത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ രണ്ടു ഗ്രന്ഥങ്ങളിലെയും ആശയസാമ്രാജ്യം ഫാഷിസത്തോടു ബന്ധപ്പെട്ടതായതുകൊണ്ട് അദ്ദേഹം ഫാഷിസ്സ്റ്റായിരുന്നോ എന്ന് പലരും സംശയിച്ചിട്ടുണ്ട്. കലാസിദ്ധാന്തങ്ങള്‍ എന്തുതന്നെയായാലും ഒര്‍ട്ടേഗായെ ഫാഷിസ്റ്റായിക്കരുതാന്‍ പാടില്ലെന്നാണ് വേറെ പലരും പറയുക. ഫ്രാങ്കോയുടെ ഫാഷിസം സ്പെയിനില്‍ താണ്ഡവമാടിത്തുടങ്ങിയപ്പോള്‍ ഒര്‍ട്ടേഗാ അവിടംവിട്ടുപോയിയെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. 1936-ലാണ് അദ്ദേഹം സ്പെയിന്‍ വിട്ടുപോയത്. പന്ത്രണ്ടുവര്‍ഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മാസ്സ് — മാനായ — സാമാന്യജന — മനുഷ്യനായ ഫ്രാങ്കോ അവിടം ഭരിക്കുന്നുണ്ടായിരുന്നു. കൂടക്കൂടെ പ്രഭാഷണം നടത്തുന്നതിനും മറ്റും അദ്ദേഹം സ്പെയിനില്‍നിന്നു പോയിരുന്നു. എന്നാലും 1955-ല്‍ അര്‍ബുദംപിടിച്ചു മരിക്കുന്നതുവരെ ഒര്‍ട്ടേഗാ സ്പെയിനില്‍ത്തന്നെയായിരുന്നു.

അദ്ദേഹത്തിന്റെ തത്വചിന്തയെക്കുറിച്ച് ഒരു വാക്ക്. ഒര്‍ട്ടേഗാ അസ്തിത്വവാദിയായിരുന്നു. അതിരുകടന്ന കാല്‍പനികത്വമുള്ള, സാര്‍ത്രിന്റെ എക്സിസ്റ്റെന്‍ഷ്യലിസമല്ല അദ്ദേഹം സ്വീകരിച്ചത്. “ഞാന്‍ വിചാരിക്കുന്നു; അതിനാല്‍ ഞാനുണ്ട്” — I think therefore I am — എന്ന ദേക്കാര്‍ട്ടിന്റെ സൂക്തത്തെ “ഞാന്‍ ഞാന്‍തന്നെ എന്റെ പരിതഃസ്ഥിതികളോടൊരുമിക്കുമ്പോള്‍’’ — I am myself plus my circumstances — എന്നു മാറ്റി ഒര്‍ട്ടേഗാ. ഒര്‍ട്ടേഗാ തുടര്‍ന്നു പറയുന്നു.

“Life is at the same time freedom and fatality; it is being free with in a given destiny…We accept the fatality and with in it we decide on a destiny. Life is destiny.” (What is Philosophy, Translated by Mildred Adams) “ജീവിതം ഒരേ സമയത്ത് സ്വാതന്ത്ര്യവും നിയതിനിശ്ചയവുമാണ്. ലഭിച്ച നിയതിനിശ്ചയത്തിനകത്ത് അതു സ്വാതന്ത്ര്യമായിരിക്കുന്നു…നമ്മള്‍ നിയതിനിശ്ചയത്തെ സ്വീകരിച്ച് അതിനകത്തു നിന്നുകൊണ്ട് വിധിയെക്കുറിച്ച് തീരുമാനിക്കുന്നു. ജീവിതം വിധിയത്രേ.”

തന്റെ സിദ്ധാന്തങ്ങള്‍ക്കു വിശദസ്വഭാവം നല്‍കുന്നതില്‍ ഒര്‍ട്ടേഗാ എപ്പോഴും വിമുഖനാണ്. കലയിലെയും സാഹിത്യത്തിലെയും അപമാനവീകരണം എങ്ങനെ ഉത്കൃഷ്ടമായിരിക്കുന്നു എന്ന കാര്യം അദ്ദേഹം സ്പഷ്ടമാക്കുന്നില്ല. അദ്ദേഹത്തിന്റെ ആ സങ്കുചിതസിദ്ധാന്തം വിശ്വസാഹിത്യത്തിലെ എല്ലാ മാസ്റ്റര്‍പീസുകളെയും ഉള്‍ക്കൊള്ളാന്‍ അസമര്‍ത്ഥമാണ്. സാര്‍ത്രിന്റെ അതിരുകടന്ന കാല്‍പനികത്വത്തെ അംഗീകരിക്കാത്ത ഒര്‍ട്ടേഗാ, മുകളില്‍ ഉദ്ധരിച്ച ഭാഗത്തു കാൽപനികവാദിയായിട്ടല്ലേ പ്രത്യക്ഷനാവുക?