close
Sayahna Sayahna
Search

ഓടിട്ട ഒരു ചെറിയ വീട്


ഓടിട്ട ഒരു ചെറിയ വീട്
EHK Story 07.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി സൂക്ഷിച്ചുവച്ച മയിൽപ്പീലി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 100

എനിക്കീ വീടിന്റെ അന്തരീക്ഷം വളരെ ഇഷ്ടമായി. പോകാൻ വേണ്ടി എഴുന്നേറ്റു കൊണ്ട് രേണുക പറഞ്ഞു. മൂന്നുമണിക്ക് വന്നതാണ്. ഇപ്പോൾ സമയം നാലര. അനിതയുടെ പുറത്തു തട്ടിക്കൊണ്ടവൾ പറഞ്ഞു. എപ്പോഴും ചിരിക്കുന്ന മുഖമുള്ള ഭാര്യ, സ്‌നേഹമുള്ള ഭർത്താവ്, മിടുക്കുള്ള രണ്ടു കുട്ടികൾ. സന്തുഷ്ടകുടുംബം.

അയാൾ ഉറക്കെ ചിരിച്ചു.

അനിതേ, നമ്മുടെ അഭിനയം നന്നാവുന്നുണ്ടെന്നർത്ഥം.

അഭിനയം ഒക്കെ എനിയ്ക്കു മനസ്സിലാവും. രേണുക പറഞ്ഞു. ശരിക്കുള്ള സ്‌നേഹവും.

ജനലിന്നരുകിൽ വെച്ച മത്സ്യടാങ്കുനോക്കി അവൾ തുടർന്നു.

പിന്നെ എനിയ്ക്കിഷ്ടമായത് ഈ മത്സ്യങ്ങളെയാണ്. തെളിവെള്ളം, തുടുത്ത പച്ച നിറമുള്ള ചെടികൾ, നീന്തിക്കളിക്കണ മത്സ്യങ്ങൾ. ഈ വീട്ടിൽ മത്സ്യങ്ങൾകൂടി തൃപ്തരാണെന്നു തോന്നുന്നു.

തെളിവെള്ളത്തിന്റെ രഹസ്യം അതിലെ ഫിൽട്ടറാണെന്നും അതുണ്ടാക്കേണ്ടതെങ്ങിനെയെന്നും മറ്റും അയാൾ വിവരിച്ചു കൊടുക്കാൻ ശ്രമിച്ചതാണ്. പക്ഷേ അവൾക്ക് തീരെ താൽപര്യമില്ലാത്ത പോലെ തോന്നി. വിശദാംശങ്ങളിലേക്കു കടക്കുമ്പോഴേക്കും അവൾ മറ്റെന്തെങ്കിലും ചോദിക്കും. എന്താണ് മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുക, അസുഖം വന്നാൽ എന്താണ് ചെയ്യുക എന്നിങ്ങനെ. അയാൾ ഒരു ചോദ്യത്തിന് മറുപടി പറയാൻ തുടങ്ങുമ്പോഴേയ്ക്കും അവൾ മറ്റൊരു ചോദ്യം എടുത്തിടും. ഒരു ചോദ്യത്തിനും തൃപ്തികരമായ മറുപടിക്കുവേണ്ടി അവൾ കാത്തുനിന്നില്ല. അയാൾക്കതിഷ്ടപ്പെട്ടില്ല. മത്സ്യങ്ങളെപ്പറ്റി പറയുമ്പോൾ അയാൾ വാചാലനാവുകയും വിശദാംശങ്ങളിലേക്കു കടക്കുകയും ചെയ്യും. കേട്ടുനിൽക്കുന്നവർക്കതിനുള്ള ക്ഷമയില്ലാത്തതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവർക്കതിൽ താൽപര്യം വേണ്ടേ?

ഞാൻ ഇറങ്ങട്ടെ. രേണുക പറഞ്ഞു. നിങ്ങൾ എന്നാണ് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത്? ഞാനിവിടെ കുറെ പ്രാവശ്യായി വരുന്നു.

ഞങ്ങൾ ഒരു ദിവസം വരാം. അയാൾ പറഞ്ഞു. എനിക്ക് ശരിക്ക് വഴിയറിയില്ല.

എളുപ്പാണ്. അവൾ പറഞ്ഞു. ഈ ലെയ്ൻ ചെന്ന് മുട്ടണ സ്ഥലത്ത്ന്ന് ഇടത്തോട്ട് പോവുക. അവിടെ ഒരു ചെറിയ അമ്പലംണ്ട്. അനിതക്കറിയാം. അതിന്റെ എതിർഭാഗത്ത് അഞ്ചാമത്തെ വീടാണ്. ഓടിട്ട വീടാണ്. ചെറ്യേതാണ്.

എനിക്കറിയാം. അനിത പറഞ്ഞു. ഞാൻ കണ്ടിട്ടുണ്ട്.

ഞങ്ങൾ വരാം.

അവൾ പുറത്തിറങ്ങി. നല്ല ഭംഗിയുള്ള ദേഹമായിരുന്നു അവളുടെ. കുറച്ചു തടിച്ചിട്ടാണെങ്കിലും ഒതുങ്ങിയ അരക്കെട്ട്. സമൃദ്ധമായ തലമുടി. അയാൾ മാറി നിന്നു. ഗെയ്റ്റിനടുത്തെത്തിയാൽ അവൾ തിരിഞ്ഞു നോക്കുമെന്നും അപ്പോൾ താൻ നോക്കി നിൽക്കുന്നത് അവൾ കാണരുതെന്നുമുണ്ട് അയാൾക്ക്. അനിത കൈവീശി.

വളരെ പെട്ടെന്നടുക്കുന്ന പ്രകൃതമാണ് അവളുടേത്. അനിത അമ്പലത്തിൽ വെച്ച് കണ്ട പരിചയമേയുള്ളു. ഒരു ദിവസം അവൾ ഗെയ്റ്റ് കടന്നുവന്നു.

ഞാൻ അനിത ഗെയ്റ്റു കടക്കുന്നത് കണ്ടു. അപ്പോഴാണ് ഈ വീട്ടിലാണ് താമസംന്ന് മനസ്സിലായത്. അപ്പോൾ വെറുതെ കേറാമെന്നു വെച്ചു.

അങ്ങിനെയാണ് അവൾ വരാൻ തുടങ്ങിയത്.

പിന്നീടവൾ ഇടയ്ക്കിടക്കു വന്നു. രാജഗോപാലനുണ്ടെങ്കിൽ അധികം നിൽക്കാതെ വേഗം പോകും. അനിത ഒറ്റക്കാണെങ്കിൽ കുറെ നേരം ഇരിക്കുകയും ചെയ്യും.

നമുക്കൊരു ദിവസം അവരുടെ വീട്ടിൽ പോണം.

അയാൾ പറഞ്ഞു.

ഈ ശനിയാഴ്ച പോവാം.

അവളുടെ ഭർത്താവിനെന്താ ജോലി?

ഫോർട്ട് കൊച്ചീലാ. ഒരു പരസ്യക്കമ്പനീല്. എന്താ ജോലീന്ന് അവള് പറഞ്ഞതാ. എനിക്കു മനസ്സിലായില്ല.

ആർട്ടിസ്റ്റാണോ?

അല്ലാന്ന് തോന്നുന്നു.

കാടാറുമാസം നാടാറുമാസം എന്നതാണ് അനിതയുടെ പരിപാടി. അങ്ങിനെയിരിക്കുമ്പോൾ വീട്ടിൽ നിന്ന് അമ്മയുടെ കത്തുകിട്ടും. അച്ഛന് രണ്ടു ദിവസം മുമ്പ് അസുഖം കൂടുതലായി. ഇപ്പോൾ ഭേദമുണ്ട്. പേരക്കുട്ടികളെ കണ്ടിട്ട് കുറച്ചു കാലായീന്ന് പറഞ്ഞു.

കത്തു കിട്ടിയ അന്നോ പിറ്റെ ദിവസമോ അവൾ മക്കളെയും പെറുക്കി നാട്ടിലേക്ക് പോകും. അയാൾ ഒറ്റയ്ക്കാ വുന്നു.

അവൾ പോകുകയാണെന്നു പറയുമ്പോൾ അയാൾക്ക് ആദ്യം സന്തോഷമാണുണ്ടാവുക. ഒരാഴ്ച ഒറ്റയ്ക്കു കഴിയാമല്ലൊ, തോന്നിയ പോലെ. നേർത്തെ എഴുന്നേൽക്കണ്ട. ഭക്ഷണം വേണമെങ്കിൽ മാത്രം. അതു ചെയ്യു ഇതുചെയ്യു എന്ന് ഒരമ്മയെപ്പോലെ പറയാൻ ആരുമുണ്ടാവില്ല.

സ്റ്റേഷനു പുറത്തു കടക്കുമ്പോഴാണ് പക്ഷേ മനസ്സിലാവുക ആളില്ലാത്ത വീട്ടിലേക്കാണ് തിരിച്ചു പോകേണ്ടതെന്ന്. പെട്ടെന്ന് മനസ്സിടിയുന്നു.

വീട്ടിലെ ഏകാന്തതയിലേക്ക് പോകാൻ താല്പര്യമില്ലാതെ അയാൾ പാർക്കുകളിലും മറ്റും അലഞ്ഞു നടക്കുന്നു.

ഇപ്രാവശ്യം അവൾ പോയത് വെള്ളിയാഴ്ചയാണ്.സാധാരണ ശനിയും ഞായറും കഴിഞ്ഞേ അവളെ വിടാറുള്ളൂ. തിങ്കൾ മുതൽ ഓഫീസുണ്ടല്ലൊ. ശനിയും ഞായറും ഒഴിവുദിനങ്ങളാണ്.

അനിതയേയും മക്കളേയും വണ്ടി കേറ്റി അയാൾ നടന്നു. വീട്ടിലേക്കു തന്നെ. ബസ്സുപിടിക്കാനൊന്നും മെന ക്കെട്ടില്ല. പ്രധാന നിരത്ത് ഒഴിവാക്കി നടക്കാൻ സുഖമുള്ള ചെറുനിരത്തുകളിലൂടെ ഇടവഴികളിലൂടെ അയാൾ നടന്നു. വീട്ടിലെത്തിയപ്പോൾ സമയം അഞ്ചു മണി. ഇനി കുളിച്ച ശേഷം ഒരിക്കൽക്കൂടി പുറത്തിറങ്ങണം. നല്ല വല്ല സിനിമയും ഉണ്ടെങ്കിൽ കാണാം. ഒമ്പതുമണിവരെ അങ്ങിനെ പോയിക്കിട്ടുമല്ലൊ.

കുളികഴിഞ്ഞ് പുറപ്പെടുമ്പോഴാണ് ഡോർബെൽ അടിച്ചത്. ഷർട്ടിട്ടുകൊണ്ട് അയാൾ വാതിൽ തുറന്നു.

രേണുക.

പൂക്കളുള്ള കടുംപച്ചസാരി. വെളുത്ത കഴുത്തിൽ കരിമണിമാല.

അവൾ ഉള്ളിൽ കടന്നു.

അനിത നാട്ടിൽ പോയിരിക്കയാണ്. അയാൾ പറഞ്ഞു.

ഇരിക്കാൻ പോയ രേണുക പെട്ടെന്ന് നിന്നു.

എന്നാൽ ഞാൻ പോട്ടെ ചേട്ടന് വല്ല ജോലീംണ്ടാവും. ഞാൻ വെറുതെ ഇരുന്ന് ബുദ്ധിമുട്ടിക്കും.

ഇരിക്കു. അയാൾ പറഞ്ഞു. എനിക്കെന്താ ബുദ്ധിമുട്ട്. ജോലിയൊന്നുമില്ല. ബോറടിച്ചിട്ട് പുറത്തിറങ്ങാൻ നിൽക്കുകയായിരുന്നു.

എന്നാൽ പൊയ്‌ക്കോളു. ഞാനിറങ്ങട്ടെ.

രേണുക ഇരിക്കു. അയാൾ വീണ്ടും പറഞ്ഞു. ബോറടിച്ചിട്ടാണ് പുറത്തിറങ്ങാൻ തീർച്ചയാക്കിയത്. അത്രേള്ളു. ഞാൻ ഒറ്റക്കാണെന്ന്ള്ളതുകൊണ്ട് ഇരിക്കാൻ വിഷമമാണെങ്കിൽ പൊയ്‌ക്കോളൂ.

ഓ, എനിക്കെന്താ വിഷമം. ചേട്ടൻ പിടിച്ച് തിന്നുകയൊന്നുമില്ലല്ലൊ.

അവൾ സോഫയിൽ ഇരുന്നെങ്കിലും സ്വസ്ഥയല്ലെന്നയാൾക്കു തോന്നി.

അനിത എന്നാ വര്വാ?

ഒരാഴ്ചയെങ്കിലും പിടിക്കും. അതാണവളുടെ കണക്ക്.

അപ്പോൾ ഒരാഴ്ച ഒറ്റക്കാവില്ലേ? വിഷമാവില്ലേ?

എനിക്കു പരിചയമായിരിക്കുന്നു. ഏകാന്തത മാത്രമാണ് പ്രശ്‌നം. ഒറ്റക്കാവുമ്പോൾ ഒന്നും ചെയ്യാൻ തോന്നില്ല. വായിക്കാൻ കൂടി.

ശരിയാണ്. രേണുക പറഞ്ഞു. ഗോപുവിന്റെ അച്ഛൻ രണ്ടു ദിവസത്തേക്ക് എങ്ങോട്ടെങ്കിലും പോയാൽക്കൂടി എന്തു വിഷമമാണെന്നോ.

ഒന്നും പറയാനില്ലാതെ അയാൾ ഇരുന്നു. എന്തെങ്കിലും പറഞ്ഞ് അവളെ കുറച്ചു നേരംകൂടി പിടിച്ചു നിർത്താൻ അയാൾക്കു തോന്നി.

മോൻ ഏതു ക്ലാസിലാ പഠിക്കണത്?

ഒമ്പതിൽ.

ഒമ്പതിലോ. രേണുകയെ കണ്ടാൽ ഇത്ര വലിയ മോനുണ്ടെന്ന് തോന്നില്ല.

രേണുക ചിരിച്ചു.

ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട് പതിനഞ്ചുകൊല്ലമായി. എനിക്കിപ്പോ മുപ്പത്തിമൂന്ന് വയസ്സായി.

അത്രയൊന്നും തോന്നില്ല.

വീണ്ടും മൗനം. രേണുക ഒന്നും പറയാതെ മത്സ്യടാങ്കിലേക്കു നോക്കിയിരുന്നു. അയാൾ അവളെ നോക്കുക യായിരുന്നു. അതവൾക്ക് മനസ്സിലായെന്നും അതുകൊണ്ടാണ് അവൾ ടാങ്കിലേക്കു നോക്കിയിരിക്കുന്ന തെന്നും തോന്നി. അയാൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

ഞാൻ ഒരു കപ്പ് ചായയുണ്ടാക്കട്ടെ?

അയ്യോ വേണ്ട. അവൾ എഴുന്നേറ്റു. ഞാൻ പോട്ടെ.

പെട്ടെന്ന് അവൾ ചോദിച്ചു. ചേട്ടൻ ചായകുടിച്ചുവോ?

ഇല്ല. അയാൾ പറഞ്ഞു. ഉണ്ടാക്കാൻ പോവായിരുന്നു.

എന്നാൽ ഞാൻ ഉണ്ടാക്കിത്തരാം എന്നു പറഞ്ഞ് രേണുക ഉള്ളിലേക്ക് നടന്നു.

അതു വേണ്ട. എനിയ്ക്കുണ്ടാക്കാനറിയാം. പോരാത്തതിന് രേണുക അതിഥിയല്ലേ?

ഓ അതിഥി. അവൾ ചിരിച്ചു.

അയാൾ അടുക്കളയിലേക്കു നടന്നു. രേണുക സ്റ്റൗവ്വിൽ വെള്ളം വെച്ചു കഴിഞ്ഞിരുന്നു. അയാൾ ചായപ്പൊടിയും പഞ്ചസാരയും എടുത്തുകൊടുത്തു. ഫ്രിഡ്ജിൽനിന്ന് പാലും.

നല്ല സൗകര്യമുള്ള അടുക്കള. അനിത ഭാഗ്യമുള്ളവളാണ്.

ഇത് ഞങ്ങളുടെ സ്വന്തം വീടല്ല. വാടകവീടാണ്.

അതുകൊണ്ടെന്താണ്? ഞങ്ങളുടെയും വാടകവീടു തന്നെ.

രേണുകക്കെന്താണ് ഭാഗ്യക്കുറവ്? സ്‌നേഹമുള്ള ഭർത്താവ്, മിടുക്കനായ ഒരു മകൻ. അവൻ ക്ലാസ്സിൽ എപ്പോഴും ഫസ്റ്റാവാറുണ്ടെന്നാണല്ലോ അനിത പറഞ്ഞ ത്.

രേണുക ഒന്നും പറഞ്ഞില്ല. ചായപ്പൊടിയുടെ പാത്രം തുറന്ന് സ്പൂണും പിടിച്ച് വെള്ളം തിളയ്ക്കാൻ കാത്തു നിൽക്കുകയാണ്.

ചായ കൂട്ടിയപ്പോഴാണ് മനസ്സിലായത്, അവൾ ഒരു ഗ്ലാസ്സേ ഉണ്ടാക്കിയിട്ടുള്ളു. ഗ്ലാസ് അയാളുടെ നേരെ നീട്ടി ക്കൊണ്ടവൾ പറഞ്ഞു.

ഇനി ഞാൻ പോട്ടെ. അഞ്ചേമുക്കാലാവുമ്പോ അച്ഛനും മോനും വരും.

അപ്പോൾ രേണുകയ്ക്ക് ചായയുണ്ടാക്കിയില്ലേ?

ഞാൻ അങ്ങിനെ ചായ കുടിക്കാറില്ല. വാതിൽ തുറന്നു കൊണ്ട് അവൾ പറഞ്ഞു. ഞാൻ പിന്നെ വരാം.

താങ്ക്‌സ്.

ചായ നന്നായിരുന്നു. അവൾ പോകുന്നതിനു മുമ്പ് കുടിച്ചുനോക്കി നന്നായിട്ടുണ്ടെന്നു പറയാത്തതിൽ അയാൾ പരിതപിച്ചു.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ രേണുകയെപ്പറ്റി വീണ്ടും ആലോചിച്ചു. അവൾ എത്ര സ്വാത ന്ത്ര്യത്തോടെയാണ് താൻ ഒറ്റയ്ക്കുള്ളപ്പോൾ പെരുമാറിയത്. സ്വാതന്ത്ര്യത്തോ ടെ പെരുമാറുന്ന സ്ത്രീകളെ അയാൾ കുറച്ച് ഭയത്തോടെ മാത്രമെ നോക്കിയിരുന്നുള്ളു. ഒരിക്കൽ ഇതു പോലെ ഒരു സ്ത്രീ വളരെ അടുത്തു പെരുമാറി. കല്ല്യാണത്തിനു മുമ്പായിരുന്നു അത്. അയാൾ ഒരു മുറിയിൽ ഒറ്റയ്ക്ക് പേയിംഗ് ഗസ്റ്റായി തമസിക്കുകയായിരുന്നു. ആ വീട്ടിലെ കല്ല്യാണം കഴിഞ്ഞ ഒരു സ്ത്രീ ഇടയ്ക്ക് ആ മുറിയിൽ വരും. അയാളോട് സംസാരിക്കും. ഇടയ്ക്ക് ചായ കൊണ്ടു വന്നു കൊടുക്കും. അവൾക്ക് തന്നോട് സ്‌നേഹമുണ്ടെന്നയാൾക്കു തീർച്ചയായിരുന്നു. ഒരു ദിവസം എന്തോ സംസാരിക്കുമ്പോൾ അയാൾ അവളുടെ കൈ കടന്നു പിടിച്ചു. അവൾ സാവധാനത്തിൽ കൈ വിടുവിച്ചുകൊണ്ട് പറഞ്ഞു. നിങ്ങളെ എന്റെ സ്വന്തം ചേട്ടനെപ്പോലെയാണ് കരുതുന്നത്. പിന്നീട് അവളെ കാണുമ്പോഴെല്ലാം ഒരു തരം ജാള്യതയാണുണ്ടാവാറ്.

പക്ഷേ സ്വപ്നം കാണാനും, കഥകളുണ്ടാക്കാനും തനിക്കവകാശമുണ്ട്. അതയാൾ കുട്ടിക്കാലം തൊട്ടേ ചെയ്യാറുള്ളതാണ്. ഉറങ്ങാൻ പോവുമ്പോൾ അല്ലെങ്കിൽ പുലർച്ചെ ഉണർന്നു കിടക്കുമ്പോൾ. ഒരിക്കൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ മാസ്റ്ററുടെ മകൾ തന്റെ സഹപാഠിയായിരുന്നു. അവൾക്ക് കളർ ചോക്ക് കിട്ടുമായിരുന്നു. ഒരു ദിവസം അവൾ ക്ലാസിൽ പലതരം കളർചോക്കുകളുടെ കഷ്ണങ്ങൾ കൊണ്ടുവന്ന് വിതരണം ചെയ്യാൻ തുടങ്ങി. ഒരു മാതിരി എല്ലാ കുട്ടികൾക്കും കിട്ടി. താൻ കൈ നീട്ടിയപ്പോൾ മാത്രം അവൾ ഒരു വാശിയോടെ പറഞ്ഞു. തരില്ല. തന്നോടവൾക്ക് ദേഷ്യം തോന്നാൻ ഒരു കാര്യവുമുണ്ടായിരുന്നില്ല. എന്നിട്ടും ആ കുട്ടി പറഞ്ഞു. രാജഗോപാലന് തരില്ല. അന്നവൻ അപമാനിതനായി. പിറ്റേന്നു പുലർച്ചെ ഉണർന്നപ്പോൾ തലേന്നത്തെ തിക്താനുഭവം ഓർമ്മയിൽ വന്നു. അവൻ കാടുകൾക്കിടയിൽ നടക്കുക യാണെന്നും, അങ്ങിനെ നടക്കുമ്പോൾ പെട്ടെന്ന് ഒരു പഴയ കെട്ടിടം കാണുന്നുവെന്നും സങ്കല്പിച്ചു. ആളനക്കമില്ലാത്ത ആ കെട്ടിടത്തിലെ ഒരു മുറിയിൽ നിറയെ പെട്ടി കണക്കിന് കളർ ചോക്കുകൾ വെച്ചിരിക്കയാണ്. തനിക്കാവശ്യമുള്ളത്ര ചോക്കുകൾ എടുക്കാം. അവൻ ഒരു പെട്ടിയിൽ നിറച്ച് പുറത്തു കടന്നു. ക്ലാസിൽ വെച്ച് അവ വിതരണം ചെയ്തു. മാലതിയൊഴികെ എല്ലാവർക്കും കൊടുത്തു. മാലതിയുടെ വിഷണ്ണമായ മുഖം കണ്ടവൻ തൃപ്തിയടഞ്ഞു.

കൗമാരത്തിലെത്തിയപ്പോൾ അയാൾ സുന്ദരികളായ പെൺകുട്ടികളുമായി പ്രണയത്തിലാവുന്നതും മറ്റും സ്വപ്നം കണ്ടു. മിക്കവാറും സഹപാഠികളോ അല്ലെങ്കിൽ വല്ല കല്ല്യാണത്തിനോ പിറന്നാൾ സദ്യക്കോ അമ്പലത്തിൽ വേലയുടെ സമയത്തോ കണ്ട പാവാടയിട്ട പെൺകുട്ടികളാവും അവർ.

വീണ്ടും വലുതായപ്പോൾ അയാൾ വലിയ സ്ത്രീകളെപ്പറ്റി ആലോചിച്ചു കഥകളുണ്ടാക്കി. അവർ അയാളോട് സംസാരിക്കുന്നതും, അയാൾ അവരെ തന്റെ മുറിയിലേക്ക് ക്ഷണിക്കുന്നതും എങ്ങിനെ പരസ്പരസമ്പർക്കമുണ്ടാ കുന്നു എന്നതും അയാൾ ഭാവനയിൽ നെയ്തുണ്ടാക്കി. അയാൾ സ്വയം നിർമ്മിച്ച ചൂടിൽ ഉരുകും, അവസാനം ആ സ്ത്രീ തന്റെ ഭാവനാരതിയിൽ വഴങ്ങുന്നതുവരെ.

കല്ല്യാണം കഴിച്ചശേഷം അയാൾ ഈ കളിക്കു തുനിയാറില്ല. പക്ഷേ ഇങ്ങിനെയുള്ള ഏകാന്ത ദിവസങ്ങളിൽ അയാൾ സംതൃപ്തിക്കായി ഓരോ സ്ത്രീകളെ ഭാവനയിൽ സ്വീകരിക്കാറുണ്ട്. അനിത യോടുകൂടി പറയാത്ത രഹസ്യമാണത്. അത് തന്റെ ഒരു സ്വകാര്യമായിരിക്കട്ടെ. തന്റെ രണ്ടു വ്യത്യസ്ത മുഖങ്ങൾ. ശരിക്കുള്ള ജീവിതത്തിൽ പെരുമാറുമ്പോൾ അയാൾ സ്ത്രീകളോട് പരമാവധി മാന്യതയോടെ പെരുമാറുന്നു, അവർ പോയിക്കഴിഞ്ഞാൽ, ഒറ്റയ്ക്കാവുമ്പോൾ അതേ സ്ത്രീകളുടെ നഗ്നശരീരത്തിനു വേണ്ടി മോഹിക്കുന്നു.

ശനിയാഴ്ച രാവിലെ എഴുന്നേറ്റപ്പോൾ സമയം ഒമ്പത്. രാത്രി എത്ര നേരം താൻ രേണുകയുമായി സാങ്കല്പികരതി നടത്തിയെന്നറിയില്ല. ഉറങ്ങാൻ വളരെ വൈകി.

കുളി കഴിഞ്ഞ് ചായ കുടിച്ചപ്പോൾ പത്തര മണി കഴിഞ്ഞു. അയാൾ വീടുപൂട്ടി പുറത്തിറങ്ങി. എങ്ങോട്ടു പോകുന്നു എന്നതിനെപ്പറ്റി വലിയ രൂപമൊന്നുമില്ല. നടന്നു തുടങ്ങിയപ്പോൾ കാലുകൾ തന്നെ നയിച്ചത് അമ്പലത്തിലേക്കുള്ള വഴിയിലേക്കായിരുന്നു. അതയാളെ അത്ഭുതപ്പെടുത്തിയില്ല, മാത്രമല്ല കുറച്ചൊ ന്നാഹ്ലാദിപ്പിക്കുകയും ചെയ്തു.

അമ്പലം ചെറുതാണ്. സെറ്റുമുണ്ടുടുത്ത ഒന്നുരണ്ടു സ്ത്രീകൾ മാത്രം പ്രദക്ഷിണം വെക്കുന്നുണ്ട്.

ശ്രീകോവിലിലേക്ക് കടക്കുന്നിടത്ത് ഓം നമ:ശിവായ എന്ന് എഴുതിയിട്ടുണ്ട്. ശിവക്ഷേത്രമാണ്.

അമ്പലത്തിനു പുറത്തുകടന്ന അയാൾ എതിരിലുള്ള വീടുകൾ എണ്ണിത്തുടങ്ങി. അഞ്ചാമത്തേത് ഓടിട്ട ചെറിയ വീടാണ്. ആ വരിയിൽ മറ്റേതെല്ലാം ഒറ്റ നിലയിലുള്ള ടെറസ്സ് കെട്ടിടങ്ങളാണ്. അവയ്ക്കിടയിൽ വൈരുദ്ധ്യം കുറിച്ചു കൊണ്ട് ആ ഓടിട്ട വീട് നിലകൊണ്ടു. പട്ടിക വെച്ചടിച്ചുണ്ടാക്കിയ ഗെയ്റ്റിനു മുമ്പിൽ അയാൾ സംശയിച്ചു നിന്നു. അയാൾക്ക് വന്ന വഴിയേ തിരിച്ചു പോകാം. ഒരു വിവാഹിതയായ സ്ത്രീയുടെ വീട്ടിൽ അവർ ഒറ്റക്കാണെന്നറിഞ്ഞുകൊണ്ട് കയറിച്ചെല്ലുക മോശമാണെന്നയാൾക്കു തോന്നി. അവരുടെ ഭർത്താവുണ്ടെങ്കിൽ കുഴപ്പമാവുകയും ചെയ്യും. തനിക്ക് ഒരു വിശദീകരണം കൊടുക്കാൻ കഴിഞ്ഞെന്നു വരില്ല. ഗെയ്റ്റിൽ വെച്ച കൈ പിൻവലിച്ച് അയാൾ തിരിഞ്ഞു. അപ്പോഴാണ് ജനലിലൂടെ രേണുക വിളിച്ചത്.

ചേട്ടനല്ലേ? എന്താ അവിടെ നിൽക്കണത്? വരൂ.

അവൾ വാതിൽ തുറന്ന് മുറ്റത്തെത്തി.

ഞാൻ അമ്പലത്തിൽ വന്നതായിരുന്നു. അയാൾ പറഞ്ഞു. അപ്പോൾ ഓർമ്മ വന്നു രേണുക ഇവിടെ അടുത്താണ് താമസിക്കുന്നതെന്ന്. വീടു കണ്ടുപിടിച്ച് പോകാമെന്നു കരുതി.

വരൂ ചായ കുടിച്ചിട്ടു പോകാം.

എപ്പോഴും അങ്ങിനെയാണ്. ഇങ്ങിനെയൊക്കെയാണുണ്ടാവുക. രേണുക തന്നെ കാണും, അകത്തേക്കു വിളിക്കും, താൻ കയറും എന്നൊക്കെ വിഭാവനം ചെയ്തതാണയാൾ. ഇപ്പോൾ രേണുക തന്നെ ക്ഷണിക്കു മ്പോൾ അയാൾ പതറുന്നു. കാലുകൾ നീങ്ങുന്നില്ല.

ഞാൻ പിന്നീടൊരിക്കൽ വരാം. അനിത വരട്ടെ.

അതിനെന്താ പിന്നെയും വരാമല്ലൊ. ഇപ്പോൾ ഇതുവരെ വന്നിട്ട് ചായ കുടിക്കാതെ പോവാണോ?

അയാൾ അവൾക്കു പിന്നിൽ അകത്തേക്കു കയറി.

രേണുക നൈറ്റ് ഗൗണാണിട്ടിരുന്നത്. അടി ഭാഗം കീറിത്തുടങ്ങിയ ഒരു ചാര നിറത്തിലുള്ള ഗൗൺ.

അകത്തു കടന്നപ്പോൾ അയാളുടെ ഉത്സാഹമെല്ലാം കെട്ടു. രണ്ടു ചൂരൽ കസേരയും ചൂരലിന്റെ തന്നെ ഒരു ചെറിയ വട്ടമേശയും. ജനലിന്റെ കർട്ടനുകൾ കീറി മുഷിഞ്ഞിരുന്നു. ഒരരുകിൽ നരച്ച മേശയും കസേരയും. എല്ലാം പൊടി പിടിച്ചതാണ്. ജനലിന്നരികിൽ വെച്ച ബെഞ്ചിൻന്മേൽ രണ്ടടി ടാങ്കിൽ കലങ്ങിയ വെള്ളത്തിൽ ഗതികിട്ടാതെ നീന്തുന്ന ഒരു സ്വർണ്ണമത്സ്യം. ഇതൊന്നുമായിരുന്നില്ല അയാൾ പ്രതീക്ഷിച്ചത്.

അയാൾ നോക്കുന്നതു കണ്ടപ്പോൾ രേണുക പറഞ്ഞു.

അത് മോന്റെ സമ്പാദ്യമാണ്. അവൻ മര്യാദയ്ക്ക് നോക്കുകയൊന്നുമില്ല.

ആ മത്സ്യടാങ്ക് മുറിയിലെ മറ്റു സാധനങ്ങളുമായി അത്ഭുതകരമാംവണ്ണം പൊരുത്തപ്പെട്ടു പോകുന്നുണ്ടാ യിരുന്നു. എന്താണിങ്ങിനെയൊക്കെ? അയാൾക്ക് വിശ്വസിക്കാനായില്ല. തന്റെ വീട്ടിൽ നിന്ന് കാണുന്ന രേണുകയേയല്ല ഇത്. അവളുടെ വീടാകാൻ വയ്യ ഇത്. ഈ അവസ്ഥയ്ക്ക് കാരണമെന്തായിരിക്കും.

ചെറിയ വീടാണ് ഞങ്ങളുടെ. ഈ മുറിയും പിന്നെ കിടപ്പുമുറിയും ചെറിയൊരടുക്കളയും.

ചൂരൽ കസേരയിലിരുന്നുകൊണ്ട് അയാൾ കിടപ്പുമുറി ശ്രദ്ധിച്ചു. ഒരു കട്ടിൽ. മുഷിഞ്ഞു കീറിയ കിടക്കവിരി. അയാൾ പെട്ടെന്ന് ദുഃഖിതനായി. രേണുകയ്ക്ക് അർഹിക്കുന്നത് കിട്ടുന്നില്ല എന്ന തോന്നൽ അയാൾക്കുണ്ടായി.

ഞാൻ ചായയുണ്ടാക്കട്ടെ. തണുത്തതെന്തെങ്കിലും എടുക്കാൻ ഫ്രിഡ്ജില്ല ഞങ്ങൾക്ക്.

ചായ മതി.

പെട്ടെന്നയാൾ ഓർത്തു. ഒരു പക്ഷേ ചായക്കുള്ള പഞ്ചസാരയോ, പാലോ, ചായപ്പൊടിയോ തന്നെ ഉണ്ടായില്ലെന്നു വരാം, ഈ വീട്ടിൽ. താൻ അവളെ ധർമ്മസങ്കടത്തിലാക്കരുതല്ലോ.

അയാൾ പറഞ്ഞു.

ഇപ്പോൾ ചായ വേണ്ട. ചായ കുടിച്ച ഉടനെ ഇറങ്ങിയതാണ്. എനിയ്ക്ക് ഒരു ഗ്ലാസ് പച്ചവെള്ളം തന്നാൽ മതി.

അവൾ പിന്നെ നിർബ്ബന്ധിച്ചില്ല.

അയാൾക്ക് പലതും ചോദിക്കണമെന്നുണ്ടായിരുന്നു. എന്താണിതിന്റെയൊക്കെ അർത്ഥം. പൊടിപിടിച്ച വീട്ടു സാമഗ്രികൾ, അടിച്ചുവാരി തുടയ്ക്കാത്ത നിലം, പൊടിപിടിച്ച കീറിയ കർട്ടനുകൾ, അവൾ ധരിച്ചിരിക്കുന്ന കീറിത്തുടങ്ങിയ നരച്ച ഗൗൺ. പക്ഷേ വാക്കുകൾ തൊണ്ടയിൽ തടഞ്ഞുനിന്നു. അവളുടെ വ്യക്തിജീവിതത്തിൽ എത്തിനോക്കാനും അതിനെപ്പറ്റി അന്വേഷിക്കാനും താൻ ആരാണ്?

അയാൾ ചോദിച്ചു.

ഞാൻ വരുമെന്നു പ്രതീക്ഷിച്ചിരുന്നില്ല അല്ലേ?

അവൾ മറുപടിയൊന്നും പറഞ്ഞില്ല.

ഞാൻ വന്നത് രേണുകയ്ക്ക് ഇഷ്ടമായില്ലേ?

അവൾ ഒന്നും പറയാതെ താഴേക്കു നോക്കി നിൽക്കുകയാണ്. പെട്ടെന്നാണയാൾ കണ്ടത്. സിമന്റിട്ട കറുത്ത നിലത്തൊരു ചെറിയ വട്ടത്തിൽ നനവ്.

അയാൾ എഴുന്നേറ്റു. അവളുടെ അടുത്തുചെല്ലാം, അവളെ പുറത്തുതട്ടി ആശ്വസിപ്പിക്കാം. പക്ഷേ അവളുടെ പ്രശ്‌നമെന്തെന്നറിയാതെ താനെന്താശ്വസിപ്പിക്കാനാണ്. അയാൾ പറഞ്ഞു.

രേണുകേ ഞാനിറങ്ങട്ടെ.

അവൾ പെട്ടെന്നു ഞെട്ടി കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു.

ചേട്ടൻ ഇനിയും വരില്ലേ?

വരാം.

അയാൾ ഇറങ്ങി, ഗെയ്റ്റ് കടക്കുമ്പോൾ തിരിഞ്ഞുനോക്കി ചിരിച്ചു. വാതിൽക്കൽ നിൽക്കുകയായിരുന്ന രേണുകയും ചിരിച്ചു.

അനിത പ്രതീക്ഷിച്ചതിലും നേർത്തെ എത്തി. താങ്കളാഴ്ച അയാൾ ഓഫീസിൽ നിന്ന് വന്നപ്പോൾ അവൾ എത്തിയിരുന്നു.

ഓ എത്തിയോ? അയാൾ ചോദിച്ചു.

ഒരാഴ്ച കഴിഞ്ഞേ വരൂന്ന് വിചാരിച്ച് സന്തോഷിച്ചിരിക്ക്യാരുന്നു അല്ലേ?

ഇതവരുടെ സ്ഥിരം തമാശയായിരുന്നു. യഥാർത്ഥത്തിലുള്ള വികാരങ്ങളുടെ എതിരായി പറയുക. പക്ഷേ ഈ പ്രാവശ്യം ഇവൾ ഒരാഴ്ച കഴിഞ്ഞു വന്നാൽ മതിയെന്നായിരുന്നു അയാൾക്ക്. ഒരിക്കൽകൂടി രേണുകയുടെ വീട്ടിൽ പോകണം, അവളോട് ഉള്ളു തുറന്ന് സംസാരിക്കണം, എന്താണവളുടെ പ്രശ്‌നമെന്ന് കണ്ടുപിടിക്കണം എന്നു വിചാരിച്ചതായിരുന്നു.

പിറ്റേന്ന് അനിത അമ്പലത്തിൽ പോയി വന്നപ്പോൾ പറഞ്ഞു.

ഞാൻ രേണുകയെ കണ്ടു. ഇന്നു വൈകുന്നേരം അവരുടെ വീട്ടിൽ ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് വേറെ പരിപാടിയൊന്നുമില്ലല്ലോ.

ഇല്ല നമുക്ക് പോകാം.

ചെല്ലുമെന്ന് ആദ്യം പറഞ്ഞതുകൊണ്ട് രേണുക വീട് കുറച്ചെങ്കിലും നന്നാക്കി വെക്കുമെന്ന് അയാൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. വീടു പക്ഷേ അതുപോലെ പൊടി പിടിച്ചിരുന്നു. അനിത തീരെ രസിക്കാത്ത മട്ടിൽ ചുറ്റും നോക്കി.

ഇരിക്കു. രേണുക പറഞ്ഞു. അപ്പോഴാണ് അകത്തുനിന്നൊരാൾ ആ മുറിയിലേക്ക് വന്നത്.

ഇതാ ഇതാണ്, ഞാൻ പറയാറില്ലേ, അനിത. അമ്പലത്തിൽനിന്ന് പരിചയപ്പെട്ട കുട്ടി. അവരുടെ ഭർത്താവാ ണിത്.

അയാൾ എഴുന്നേറ്റ് കൈ നീട്ടി. പെട്ടെന്നാണയാൾ അതു കണ്ടത്. രേണുകയുടെ ഭർത്താവിന് വലത്തെ കൈപ്പത്തി യുണ്ടായിരുന്നില്ല. മുട്ടിനു താഴെ പോയിരിക്കുന്നു. ആ കൈ അയാൾ ദേഹത്തോട് ചേർത്തു പിടിച്ചിരിക്കയാണ്. ഒറ്റ നോട്ടത്തിൽ അയാളുടെ അംഗവൈകല്യം ആരും ശ്രദ്ധിക്കില്ല. ഇടത്തെ കൈ അല്പം ശോഷിച്ചുമിരുന്നു.

നീട്ടിയ കൈ വലിക്കാൻ പ്രയാസമായി അയാൾ നിന്നു. വിശ്വസിക്കാൻ കഴിയാത്ത പോലെ അയാൾ ആ ദൗർഭാ ഗ്യത്തെ നോക്കിക്കണ്ടു.

പക്ഷേ രേണുകയുടെ ഭർത്താവ് ഭാവഭേദമൊന്നും കാണിക്കാതെ പറഞ്ഞു.

ഇരിക്കു. എന്റെ പേര് വേണു. നിങ്ങൾ?

രാജഗോപാലൻ. കുറച്ചുകാലമായി അനിത പറയുന്നു വരണമെന്ന്. സമയം കിട്ടാറില്ല.

വേണു ഒന്നും പറഞ്ഞില്ല.

വേണു എവിടെയാണ് ജോലി ചെയ്യുന്നത്?

അയാൾ ഒരു കമ്പനിയുടെ പേരു പറഞ്ഞു. രാജഗോപാലന് മനസ്സിലായില്ല.

കോപ്പി റൈറ്റർ ആണ്.

രാജഗോപാലന്റെ മുഖത്തെ അത്ഭുതഭാവം അയാൾ കണ്ടില്ലെന്നു നടിച്ചു.

രാജഗോപാലൻ പിന്നെ ഒന്നും ചോദിച്ചില്ല. കുട്ടികൾ മിറ്റത്തു കളിക്കുകയായിരുന്നു. അനിത രേണുക യോടൊപ്പം അടുക്കളയിലേക്കു പോയി. പൊടിനിറഞ്ഞ ആ മുറിയിലിരുന്ന് രാജഗോപാലൻ കാലാവസ്ഥ യെപ്പറ്റി സംസാരിച്ചു. ചൂടിനെപ്പറ്റി. ഒരു മഴ പെയ്താൽ കുറച്ച് ശമനമുണ്ടാവുമെന്ന്. പക്ഷേ പിന്നെ കൊതുകുശല്യം കൂടുമെന്നൊക്കെ. വേണു മേശയ്ക്കു മുമ്പിലിട്ട കസേരയിലിരുന്ന് തലയാട്ടുകമാത്രം ചെയ്തു. അയാൾക്ക് തന്നെപ്പറ്റി ഒന്നും അറിയാൻ താൽപര്യമില്ലേ?

ചായ കൊണ്ടുവന്നു. ഒപ്പം ഒരു പ്ലെയ്റ്റിൽ ബിസ്‌ക്കറ്റുകളും. രേണുക മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വിളിച്ചു.

പുറത്തു നിന്ന് ഒരാൺകുട്ടി വന്നു. അവരുടെ മകനാണെന്ന് മനസ്സിലായി. അവന് രേണുകയുടെ നല്ല ഛായയുണ്ട്. അവൻ മുഷിഞ്ഞ് നിറം മങ്ങിയ ഒരു ഷർട്ടാണിട്ടിരിക്കുന്നത്. നീളം കുറഞ്ഞ പാന്റ്‌സും. മോനാണ്. രേണുക പറഞ്ഞു. മോനെ അങ്കിളിന്റെ വീട്ടിൽ ഒരു മത്സ്യടാങ്കുണ്ട്. എന്തു ഭംഗിയാണെന്നോ. നീ ഒരു ദിവസം പോയി നോക്ക്. എങ്ങിന്യാ ടാങ്ക് വൃത്തിയായി സൂക്ഷിക്ക്യാന്ന് അങ്ക്‌ള് പറഞ്ഞുതരും. അവൻ അയാളെ നോക്കി ചിരിച്ചു കൊണ്ട് അകത്തേക്കു പോയി. അവന്റെ മുഖത്തുണ്ടായിരുന്ന നിർവ്വികാരതയോടടുത്ത ഭാവം അയാളെ വിഷമിപ്പിച്ചു. അവൻ തന്റെ വീട്ടിൽ വരാൻ പോകുന്നില്ലെന്നും അയാൾക്കു മനസ്സിലായി.

തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ അനിത ഒന്നും സംസാരിച്ചില്ല. അവൾ ആകെ തളർന്ന പോലെ തോന്നി. അമ്പലത്തിന്റെ മുമ്പിലെത്തിയപ്പോൾ അവൾ നിന്നു തൊഴുതു.

പിന്നെ അയാളോടായി പറഞ്ഞു.

പാവം രേണുക.

എന്താണവരുടെ വീട് ഇങ്ങിനെ വെച്ചിരിക്കണത്?

കുടി.

അയാള് കുടിക്ക്യോ?

ഞാൻ രേണുകയോട് ചോദിച്ചു, എന്താണ് വീട് ഇങ്ങിനെ ഇട്ടിരിക്കണത്ന്ന്. അവൾ അടുക്കളയുടെ പിന്നിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു മൂലേല് നിറയെ കുപ്പികളാണ്. കാലിക്കുപ്പികൾ.

രാജഗോപാലൻ നിശ്ശബ്ദനായി.

അങ്ങിനെയിരിക്കുമ്പോൾ അയാൾ വീണ്ടും ഒറ്റക്കായി. അനിത കുട്ടികളേയും പെറുക്കി കാടാറുമാസത്തിന് പോയി. ഇപ്രാവശ്യം അനിത പോകുന്നതിനെപ്പറ്റി രേണുകയ്ക്കറിയാമായിരുന്നു. അതു കൊണ്ടവൾ വരില്ലെന്ന് രാജഗോപാലൻ വിചാരിച്ചു. പക്ഷേ അവൾ വരികതന്നെ ചെയ്തു.

ശനിയാഴ്ച.

ഏകാന്തതയുടെ രണ്ടു നീണ്ട ദിനങ്ങൾക്കുള്ള തയ്യാറെടുപ്പിലായിരുന്നു അയാൾ. കുളിച്ചു പുറപ്പെട്ടു. അയാൾ പുറത്തിറങ്ങാനായി വാതിൽ തുറന്നു.

ഗെയ്റ്റ് കടന്ന് രേണുക വരുന്നുണ്ടായിരുന്നു. അവളുടെ കയ്യിൽ ഒരു പാത്രം.

ചേട്ടൻ പുറത്തു പോകാൻ നിൽക്ക്വായിരുന്നോ?

സാരമില്ല. അയാൾ പറഞ്ഞു. ഒറ്റക്കല്ലേ, വെറുതെ പുറത്തിറങ്ങാമെന്നു കരുതി.

ഇത് അയില വറുത്തതാണ്. ചേട്ടനിഷ്ടമാണെന്നറിയാം. ഞാനിത് അടുക്കളയിൽ കൊണ്ടുപോയി വെക്കാം. അടുക്കളയിൽ പൂച്ചകള് വര്വോ?

അവൾ അടുക്കളയിൽ പോയി; അവിടെ നിന്ന് എന്തോ പറയുന്നുണ്ടായിരുന്നു. അയാൾ അടുക്കളയിൽ പോയി നോക്കി.

എന്താ ഇന്ന് ചോറ് വെച്ചിട്ടില്ലേ?

ഇല്ല, പുറത്തുനിന്ന് കഴിക്കാമെന്ന് കരുതി.

ഓ, ഇത്തിരി ചോറുണ്ടാക്കാൻ ഇത്ര പ്രയാസണ്ടോ? ഞാനുണ്ടാക്കിത്തരാം.

അയ്യോ വേണ്ട. അയാൾ പറഞ്ഞു. അതൊക്കെ ബുദ്ധിമുട്ടാവും.

ഒരു ബുദ്ധിമുട്ടുമില്ല. അവൾ ചെമ്പെടുത്ത് വെള്ളം നിറച്ച് അടുപ്പത്ത് വെച്ചു കഴിഞ്ഞു.

എവിടെയാണ് അരി വെച്ചിരിക്കുന്നത്?

നോക്കു നിങ്ങളെന്തിനാണ് ഇതൊക്കെ ചെയ്യുന്നത്? എനിക്ക് വിഷമമാവുന്നു.

രേണുക ചിരിച്ചു.

ഇതിൽ വിഷമിക്കാനെന്തിരിക്കുന്നു. എനിക്ക് പാചകം വളരെ ഇഷ്ടമാണ്. അരിയെവിടെയാണ് പറയൂ.

അയാൾ അരിയെടുത്തു കൊടുത്തു. ഫ്രിഡ്ജിൽ നിന്ന് പച്ചക്കറികൾ പുറത്തെടുത്തു, നുറുക്കാൻ തുടങ്ങി. രേണുക അയാളുടെ കയ്യിൽ നിന്ന് കത്തി പിടിച്ചു വാങ്ങി.

ചേട്ടൻ അവിടെ പോയിരിക്കൂ. ഇന്ന് എന്റെ വകയാണ് കുക്കിംഗ്.

അവൾ സ്വന്തം വീട്ടിൽ എന്നപോലെ ഭക്ഷണം പാകം ചെയ്യുന്നതയാൾ നോക്കി നിന്നു. ഈ സ്ത്രീ എന്തിനാണ് തന്നോടിങ്ങനെ സ്‌നേഹത്തോടെ പെരുമാറുന്നതെന്നും അയാൾ അത്ഭുതപ്പെട്ടു. ഇതെല്ലാം കടപ്പാടുകളുടെ ചങ്ങലയാണ്. താൻ അതിനാൽ സാവധാനത്തിൽ വരിയപ്പെടുന്നതായി അയാൾക്കു തോന്നി.

അരമണിക്കൂറിനുള്ളിൽ അവളുടെ പാചകം കഴിഞ്ഞു. കൈ കഴുകി സാരിയിൽ തുടച്ച് അവൾ വന്നു.

ഇനി ഞാൻ പോട്ടെ. ഒക്കെ റെഡിയായിട്ടുണ്ട്. എടുത്ത് കഴിക്ക്യേ വേണ്ടു.

ഇന്ന് നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാം.

പക്ഷേ ചേട്ടൻ പുറത്ത് പോവല്ലെ?

ഞാനിന്ന് പുറത്തു പോണില്ല. കുട്ടി ഇരിക്കൂ.

അവൾ ഇരുന്നു. അയാൾ വലിയ സോഫയിലാണ് ഇരുന്നത്.

ഇവിടെ വന്നിരിക്കു. എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്.

അവൾ മറുപടിയൊന്നും കൂടാതെ സോഫയുടെ മറ്റേതലയ്ക്കൽ ഇരുന്നു.

എന്താണ് പറയാനുള്ളത്?

ഞാൻ ചോദിക്കുന്നത് ഇഷ്ടായില്ലെങ്കിൽ മറുപടി പറയണ്ട. എന്താണ് നിങ്ങളുടെ വീട്ടിൽ ഇങ്ങിനെ?

അവൾ ദീർഘനിശ്വാസമിട്ടു. കുറച്ചു നേരം ഒന്നും പറയാതിരുന്നു.

ഉത്തരം പറയാൻ വിഷമമുണ്ടെങ്കിൽ വേണ്ട.

അതല്ല എനിക്കു വിഷമമില്ല. പക്ഷേ, കേട്ടു കഴിഞ്ഞാൽ ചേട്ടനു വിഷമമാവും. അതൊഴിവാക്കുകയല്ലേ നല്ലത്?

സാരമില്ല.

ചേട്ടൻ വളരെ ദയാലുവാണെന്നെനിക്കറിയാം. അന്ന് ഒറ്റയ്ക്ക് അവിടെ വന്നതോർമ്മയില്ലേ. ഞാൻ ചായ എടുക്കട്ടെ എന്നു ചോദിച്ചപ്പോൾ ആദ്യം വേണമെന്നു പറഞ്ഞില്ലേ? പിന്നെ എന്തേ വേണ്ടെന്നു പറഞ്ഞത്? എനിക്കറിയാം. ഒരു പക്ഷേ ചായണ്ടാക്കാനുള്ള കോപ്പൊന്നും ഉണ്ടാവില്ലെന്ന് ഊഹിച്ചു കാണും. കാര്യം ശരിയായിരുന്നു. ചായപ്പൊടിയും പാലും ഉണ്ടായിരുന്നില്ല. അന്നു ചേട്ടൻ എന്നെ അപമാനത്തിൽ നിന്ന് രക്ഷിച്ചു.

കറുത്ത സിമന്റിട്ട നിലത്ത് വീണ ഒരു കണ്ണുനീർതുള്ളി അയാൾ ഓർത്തു. അയാൾക്കു വിഷമമായി.

എന്റെ ഭർത്താവിന്റെ അംഗവൈകല്യം ജന്മനാ ഉള്ളതാണ്. അതറിഞ്ഞുകൊണ്ടു തന്നെയാണ് ഞാൻ കല്ല്യാണം കഴിക്കാൻ തയ്യാറായതും. എന്റെ വീട്ടുകാരുടെ എതിർപ്പിനെക്കൂടി വകവെക്കാതെ. ത്യാഗം തന്നെ. ഒരു മനുഷ്യനെ രക്ഷിക്കാൻ വേണ്ടി. എന്നിട്ടെന്തായി. ആ മനുഷ്യൻ ഭാര്യയുടെയും മകന്റെയും ജീവിതം തകർക്കുന്നു. ഒരു മാതിരി നല്ല ജോലിയാണ്. പക്ഷേ കുടിച്ച് നിറയെ കടമാക്കി. ശമ്പളം കിട്ടിയാൽ വീട്ടിലേക്ക് ഒന്നും കൊണ്ടു വരാനില്ല. എന്റെ ആഭരണങ്ങൾകൂടി തൂക്കി വിറ്റു. ഇതൊക്കെയാണ് എനിക്ക് വിധിച്ചിട്ടുള്ളത്. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. ഇപ്പോൾ അതുമില്ല. ഒരു നിർവ്വികാരത മാത്രം. ഞാൻ നന്നായി തുന്നുമായിരുന്നു. വീട് നന്നാക്കിവെക്കാനൊക്കെ ഇഷ്ടവുമാണ്. എന്നിട്ട് ഇന്ന് എന്റെ വീട് കണ്ടില്ലേ?

താൻ രേണുകയുടെ ജീവിതത്തിൽ കൂടുതൽ ആഴത്തിലിറങ്ങിപ്പോവുകയാണെന്ന് രാജഗോപാലന് തോന്നി. അതയാൾക്കിഷ്ടമല്ലായിരുന്നു. അവളുടെ ജീവിതത്തിൽ ഇറങ്ങിച്ചെല്ലുകവഴി തന്റെ സ്വന്തം ജീവിതം കുഴപ്പത്തിലാക്കാൻ അയാൾക്കു താൽപര്യമുണ്ടായിരുന്നില്ല. താൻ പക്ഷേ അറിയാതെ ആ വഴിക്കു വഴുതിപ്പോകയാണ്.

ഞാൻ ഒരു കാര്യം പറയട്ടെ. രാജഗോപാലൻ പറഞ്ഞു. എന്റെ കയ്യിൽ കുറച്ചു പണമുണ്ട്. അതു തരട്ടെ?

വേണ്ട. ഞാൻ വാങ്ങില്ല. കടമായിട്ടു കൂടി വാങ്ങില്ല. ഇത് എന്റെ വിധിയാണ്. മറ്റുള്ളവരെയെന്തിനിതിൽ വാരിവലിച്ചിഴക്കുന്നു.

നമുക്ക് ഊണു കഴിക്കാം. അയാൾ പറഞ്ഞു.

വരു. ഞാൻ വിളമ്പിത്തരാം.

ഊണു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു. ഈ ജീവിതത്തിൽ എനിക്ക് സന്തോഷം തരുന്ന ഒരേ ഒരു സമയം ഇവിടെ വരുമ്പോഴാണ്. ഇടയ്ക്ക് ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ അനിതയായി സങ്കൽപിക്കാറുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള മുഹൂർത്തങ്ങളാണവ. ഒരു ദിവസമെങ്കിലും അങ്ങിനെ…

അവൾ മുഴുമിച്ചില്ല. പറയാൻ പാടില്ലാത്തത് പറഞ്ഞതുപോലെ അവൾ നിന്നു.

സങ്കടപ്പെടാതിരിക്കു. അയാൾ പറഞ്ഞു.

അവൾ അയാൾ ഇരുന്ന ഇരട്ടസോഫയുടെ മറ്റേ തലയ്ക്കൽ ഇരുന്നു.

സങ്കടമൊന്നുമില്ല. സങ്കടപ്പെടേണ്ട കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ചേട്ടനറിയാമോ കല്ല്യാണരാത്രിയിൽ എനിക്കുണ്ടായ ഇഛാഭംഗം? അനുഭവിച്ചറിയണം. ഊഹിച്ചതു കൊണ്ടാവില്ല. എല്ലാം അറിഞ്ഞുകൊണ്ട് കല്ല്യാണം കഴിച്ചപ്പോൾ തന്നെ ഞാൻ തയ്യാറെടുത്തിരുന്നു. പക്ഷേ എന്റെ തയ്യാറെടുപ്പിനെയൊക്കെ തകിടം മറിച്ചുകൊണ്ടാണ് യാഥാർത്ഥ്യം എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. ഷർട്ടിട്ടു കണ്ടപ്പോൾ വലിയ കുഴപ്പ മില്ലായിരുന്നു. മണിയറയിലെ മങ്ങിയ വെളിച്ചത്തിൽ ഷർട്ടൂരി കണ്ടപ്പോൾ…

രേണുക കുറച്ചുനേരം കണ്ണടച്ചിരുന്നു.

എന്നിട്ടും ഞാൻ സന്തുഷ്ടയാണെന്നു നടിച്ചു. ഞാൻ ആ മനുഷ്യനെ സ്‌നേഹിച്ചു. സഹായിച്ചു. എന്നിട്ട് ആ മനുഷ്യൻ എനിക്കു തന്നതോ?

രാജഗോപാലന് പെട്ടെന്ന് ആ മനുഷ്യനോട് അനുകമ്പ തോന്നി. പക്ഷേ സ്വന്തം ഭാര്യയുടെ സ്‌നേഹത്തെ തട്ടിമാറ്റി എന്തിനയാൾ ഈ നിലയിലെത്തി?

രേണുക കൈകൊണ്ട് മുഖം താങ്ങി കണ്ണടച്ചിരിക്കുകയാണ്. അയാൾ പൊടി നിറഞ്ഞ ഒരു വീടിനെപ്പറ്റി ആലോചിച്ചു. കീറി മുഷിഞ്ഞ കർട്ടനുകൾ, പോളിഷ് പോയി നരച്ച മേശയും കസേരയും. പിന്നെ അടിയിൽ കീറിത്തുടങ്ങിയ നരച്ച ഗൗൺ ഇട്ട ഒരു സ്ത്രീയും. അയാൾ ദുഃഖിതനായി.

നോക്കൂ. അയാൾ പറഞ്ഞു. എനിയ്ക്കു മനസ്സിലാവുന്നുണ്ട്. ഞാനെന്താണ് ചെയ്യേണ്ടതെന്ന് പറയൂ, രേണുകയുടെ ദുഃഖമകറ്റാൻ?

അവൾ കണ്ണുതുറന്നു…

ഞാനൊരു കാര്യം ചോദിച്ചാൽ ചേട്ടന് വിഷമമാവുമോ? ഞാൻ ചീത്തയാണെന്ന് കരുതുമോ?

പറയൂ.

ഒരിക്കലെങ്കിലും എന്നെ ഈ കൈകൾ കൊണ്ട് വരിഞ്ഞുമുറുക്കൂ. ബലിഷ്ഠമായ കൈകൾ എങ്ങിനെ യുണ്ടെന്നറിയാനുള്ള അവകാശം എനിക്കുണ്ടെന്നു തോന്നുന്നു.

അവൾ പെട്ടെന്ന് വിങ്ങിപ്പൊട്ടി. അയാൾ അടുത്തേക്കിരുന്ന് അവളെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. പിന്നെ പെട്ടെന്ന് അവളെ തന്റെ കൈകളിലാക്കി അമർത്തി വരിഞ്ഞു. ഒരു നിമിഷനേരത്തേക്കു മാത്രം. അയാൾക്കതു തുടരാൻ പറ്റിയില്ല. മണിയറയുടെ മങ്ങിയ വെളിച്ചത്തിൽ രേണുകയുടെ നേർക്ക് നീണ്ടുവന്ന ഒരു പകുതിക്കൈ അയാളുടെ സ്മൃതിപഥത്തിലെത്തി. നിസ്സഹായനായ ഒരു മനുഷ്യന്റെ ദയനീയ മുഖവും. അയാൾ പെട്ടെന്നവളെ വിട്ടകന്നു.

അവൾ എഴുന്നേറ്റു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

നന്ദി.

പോകുന്നതിനുമുമ്പ് മത്സ്യടാങ്കിനു മുമ്പിൽ അവൾ കുറച്ചുനേരം നോക്കി നിന്നു. തെളിഞ്ഞ വെള്ളത്തിൽ സംതൃപ്തരായി നീങ്ങുന്ന മത്സ്യങ്ങൾ. ചെടികളുടെ പച്ചപ്പ്.

ഞാനെന്റെ മോനെ ഒരു ദിവസം കൊണ്ടുവരാം. രേണുക പറഞ്ഞു. ടാങ്ക് എങ്ങിനെയാണ് വൃത്തിയായി സൂക്ഷിക്കുക എന്ന് അവന് പറഞ്ഞുകൊടുക്കണം.