close
Sayahna Sayahna
Search

ഔദ്ധത്യം


__NOMATHJAX__

ഔദ്ധത്യം
ഗ്രന്ഥകാരന്‍ സഞ്ജയന്‍ (എം ആര്‍ നായര്‍)
മൂലകൃതി സഞ്ജയന്‍
ഭാഷ മലയാളം
വിഭാഗം ഹാസ്യം
പ്രസിദ്ധീകരണ വർഷം 1935
മാദ്ധ്യമം പ്രിന്റ്
Preceded by കോഴിക്കോട് മുനിസിപ്പാലിറ്റി
Followed by ഞാന്‍ മാവിലായിക്കാരനാണ്

അനന്തരം അത്യുച്ചത്തില്‍ പാടിക്കൊണ്ട് സഞ്ജയന്‍ പ്രവേശിയ്ക്കുന്നു.

(പാട്ട്)
(രാഗം: പത്രികാഭരണം — താളമില്ല)

“ഒരൊറ്റ മാറാവ്യാധിയിലുലകം മുഴുക്കെ മുങ്ങുന്നൂ;
പരക്കെ മര്‍ത്ത്യന്മാരതിലിടപെട്ടഹോ കുഴങ്ങുന്നൂ;
അതിന്നു പേരാണൌദ്ധത്യം; നാമതിനു വഴിപ്പെട്ടാല്‍,-
ക്കഴിഞ്ഞു നമ്മുടെ കാര്യം; പിന്നെ,ക്കരോമി കിമ്മെന്നാം.
അതിന്നൊരൌഷധമടിയാണായതു വടിയാലരുളീടാ-
മതിന്നു വേണമൊരഞ്ചെട്ടാളുകളരോഗദൃഢഗാത്രര്‍!”

ഇത്രയുമായപ്പോഴേക്കും സദസ്സിലെ ഭാഗവതര്‍മാര്‍ മോഹാലസ്യപ്പെട്ടു വീഴുകയും, ഫ്രീയായി വന്ന പോലീസ്സുകാര്‍കൂടി ടിക്കറ്റിന്റെ പണം മടക്കിക്കിട്ടേണമെന്നാവശ്യപ്പെടുകയും ചെയ്തതുനിമിത്തം, പാട്ടുനിര്‍ത്തി എഴുത്താരംഭിയ്ക്കുന്നു.

2-9-’34.

യജമാനത്തി
(പുതിയ ഭൃത്യനോട്) ആരാണ് ആ ചായപ്പാത്രം പൊളിച്ചത്?
പുതിയ ഭൃത്യന്‍
പൂച്ച.
യജമാനത്തി
എവിടത്തെ പൂച്ച?
ഭൃത്യന്‍
എന്റെ ഈശ്വര; ഇവിടെ പൂച്ചയുമില്ലേ? (കേ.പ.)
* * *

ഒരാളുടെ ഇഷ്ടത്തിന്നെതിരായി അയാളുടെ പണം കൊണ്ടു പോകുന്നവര്‍ കള്ളന്മാരാണെന്ന് ഒരു ജഡ്ജി പറഞ്ഞിരിയ്ക്കുന്നു.

നികുതി പിരിവുകാര്‍ സൂക്ഷിച്ചേക്കണേ! (കേ.പ.)