close
Sayahna Sayahna
Search

കുന്തി


കുന്തി
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

കാറ്റു പറയുന്നു,
കരുത്തായ്പ്പരക്കുക
കാടുലച്ചും മരപ്പച്ച കുടിച്ചും
മാനത്തുറങ്ങിയും
ആറ്റില്‍ത്തുടിച്ചും കടല്‍ നീന്തിയും
നിറഞ്ഞുതുളുമ്പുന്ന വാഴ്വായ് പരക്കുക,

നീ വരൂ… നീ വരൂ…
മാരിമുടിയഴിച്ചാടിടു-
മാഷാഢരാവുപോല്‍ നീ വരൂ…

സൂര്യന്‍ പറവൂ:
വരൂ നീ
തെളിവെയിലോളമിളകും
പകല്‍പ്പൊയ്കയില്‍
കയ്യുകോര്‍ത്തു തുഴയാം,
തിളയ്ക്കുന്ന പൊന്‍വെയിലൊപ്പം
ജ്വലിക്കുന്ന നട്ടുച്ചനേരത്തു
പച്ചിലക്കുമ്പിളില്‍ മോന്താം
കിഴക്കിന്റെ സിംഹാസനത്തില്‍
ഞാനൊപ്പമിരുത്തിയെന്നഗ്നി-
കിരീടവും കത്തും കരളും
വെളിച്ചച്ചെരിപ്പിട്ട കൊച്ചുപാദങ്ങളില്‍ വയ്ക്കാം
വരൂ…
കടല്‍ തീക്കടല്‍ കോരിക്കുടിക്കവേ
വീണ്ടും കൊതിക്കും വെയില്‍ക്കടല്‍
ഓളമിളക്കി വിളിക്കുന്നു നിന്നെ
നീ വരൂ…
മത്ത ദിഗംബരരായ്
ഭൂമിയാകെക്കറങ്ങാം
സൗരയൂഥങ്ങളില്‍ നക്ഷത്രഭൂമിയില്‍
അന്തിയുറങ്ങാം,
ഒടുങ്ങാത്ത രാവുകള്‍, തമ്മിലറിഞ്ഞും
പകര്‍ന്നു കഴിക്കാം
കൈലാസപാര്‍ശ്വത്തിലര്‍ദ്ധനാരീശ്വരരെന്നപോല്‍
നീ വരൂ…
ആളുമൊരഗ്നിയായെന്നെപ്പൊതിയൂ
ജ്വലിക്കൂ… ജ്വലിക്കൂ…

മൃത്യു ക്ഷണിക്കുന്നു…
നീ വരൂ, പോരൂ
കറുത്ത രാവില്‍
തമാലവനങ്ങളിലെന്നപോല്‍
നാമിരുപേരും ഇരുചിറകോലുന്ന
നീലക്കുയില്‍പോലെ
പാറിനടക്കുക…
മഴക്കാര്‍ നിറയും വാനില്‍
പൂവുപോല്‍ മഞ്ഞുതിരുന്ന മലകളില്‍,
തണല്‍ നീളും വഴികളില്‍,
സന്ധ്യതന്‍ ഗൂഢപഥങ്ങളില്‍,
കാറുറങ്ങുന്ന തണുപ്പില്‍
കറുത്ത നിലാവുറയും ദൂരവാനില്‍
ഒറ്റയ്ക്ക്…
നിശബ്ദരായ്… ആരുമില്ലാതെ
തണുപ്പായി കണ്ണുനീരുപ്പായി
സ്വൈരമുറങ്ങാം.
വരൂ നീ… ശ്യാമ മൃത്യു വിളിക്കുന്നു…

ഇന്ദ്രന്‍ വിളിക്കുന്നു…
പോരിക നീയോമലാളേ
വിളിക്കുന്നു വാനിന്റെ നിത്യസമൃദ്ധി
നശിക്കാത്ത ജീവന്റെ യൗവ്വനസിദ്ധി,

രത്നം മേഞ്ഞ ചാരുപുരങ്ങള്‍,
സുവര്‍ണ്ണ കവാടങ്ങള്‍,
ചെമ്പവിഴച്ചഷകത്തില്‍
തുളുമ്പുമമൃതിനെ ചുണ്ടോടുചേര്‍ക്കൂ…
മിന്നലരഞ്ഞാണമാകെച്ചിതറി,
മുടിയഴിഞ്ഞും
മേഘനീലവിരിപ്പു ചുളിഞ്ഞും
പാരിജാതപ്പൂക്കളാലെ മൂടി-
ക്കിടന്നീടാം മതിവരെ.
നാമിരുപേരുമനന്തകാലത്തിന്റെ
വാടാമലരുകള്‍…
നീ വരൂ…നീ വരൂ…
ആകാശഗംഗയ്ക്കരികില്‍
നിലാമുത്തുമാലകള്‍ കോര്‍ത്തും
സുവര്‍ണ്ണ മണല്‍ത്തരി
വാരിയെറിഞ്ഞു ചിരിച്ചും
നുകര്‍ന്നിടാമീച്ചഷകം…
നിത്യയൗവ്വനം തീര്‍ത്ത പൊന്‍ഭാജനം…

ചുണ്ടിലാകെയൂറുന്നത്
കയ്പുമാത്രം,
വിളവാകെയെടുത്ത വയലിന്റെ
നിഷ്ഫലരോദനം പോലൊരു
തേങ്ങല്‍ മാത്രം…
നെഞ്ചിലാരുമലിവാലുടച്ചെടുക്കാത്തൊരു
ഭാരമമര്‍ത്തും കരച്ചില്‍ മാത്രം
എന്നു തോന്നുകിലും
സൂര്യ,
നിന്നലിവിന്റെ ചൂടിലാദ്യമായ്
എന്‍ മെയ് തളിര്‍ത്ത നിമേഷം
ശാന്തമാം വാനവിരിപ്പില്‍
നീയലിവാലേ നിലാവാക്കി
മാറ്റിയ തീവെയില്‍ച്ചൂടില്‍
ഉരുകിയ ഹൃത്തിന്‍ തുടിപ്പിനെ
ഞാനിന്നുമോര്‍ക്കുന്നു,
എങ്കിലും നിന്റെ വെളിച്ചമെത്താതെ
യെന്നുള്ളിലിരുളുകള്‍
വാതിലടയ്ക്കുന്നു,
മഞ്ഞുവീണെന്നെ നിശ്ശബ്ദം പൊതിയുന്നു.

മൃത്യോ…
കുളുര്‍ത്തണല്‍പോലെ നിന്നേകാന്ത
രഥ്യകളില്‍ വീണുറങ്ങി ഞാന്‍
പാതിരാപോലാമിരുളില്‍
ഒറ്റയ്ക്കു നീ താങ്ങിയെടുത്തു
കിടത്തിയെന്നെ…
ഏറെക്കൊതിച്ചൊരേകാന്തത,
നിത്യനിശ്ശബ്ദത,
സമ്പൂര്‍ണ്ണ വിശ്രമം,
സ്വപ്നമില്ലാതുള്ളുറക്കം.
എങ്കിലും എന്തു നീ നിന്‍മനസ്സിന്റെ
കയങ്ങളിലെന്നെ നയിച്ചില്ല?
എന്റെ മനസ്സിന്നിരുണ്ട
വനങ്ങളില്‍നിന്നൊരു
കാട്ടുപൂപോലുമിറുത്തീല
എന്നു തേങ്ങുന്നൂ പലപ്പൊഴും.

ഇന്ദ്ര,
കൊതിച്ചില്ല ഞാന്‍ നിത്യയൗവ്വനം,
മന്നില്‍ക്കൊഴിയാത്ത വിണ്‍പൂവിനുള്ള
വിലാസലാസ്യങ്ങള്‍
തീരാത്ത രാവിന്‍ മദിരോല്‍സവങ്ങള്‍,
രത്നസൗധങ്ങള്‍,
എന്‍ വാഴ്വില്‍ നിറഞ്ഞത്
നിശ്ശബ്ദതയില്‍ നീ കോരിനിറച്ച
സംഗീതധാര
സന്ധ്യയില്‍ ഗന്ധര്‍വ്വര്‍ പാടുമപൂര്‍വ്വ
രാഗങ്ങള്‍തന്‍ ചാരുത
ദേവവധുക്കള്‍തന്‍ കാലില്‍ക്കിലുങ്ങിയ താളങ്ങള്‍…
പൂപോലാനിമിഷത്തെയെ-
ന്നാത്മാവുചൂടി…
വിരിഞ്ഞു ഞാന്‍ മറ്റൊരു പൂവായി.
എങ്കിലും നീയറിഞ്ഞില്ല
മണ്ണിന്‍മകളെന്നില്‍ തുളുമ്പിയ
സ്നേഹനിത്യോല്‍സവം,
ആയിരം പേര്‍ പങ്കുവച്ച കിനാവിനെ
മാറോടണപ്പതിന്‍ ശൂന്യത,
പാപമുഹൂര്‍ത്തങ്ങളാടിയുലയുമ്പോള്‍-
ക്കെടും ദീപമാലകള്‍,
കാമം വിരിയുന്ന രാവുകളില്‍
കൂവുമേതോ കുയിലിന്റെ
നിശ്ശബ്ദരോദനം.
അങ്ങനെയങ്ങനെ-
യോരോ കിനാവിലും
തേനും ചവര്‍പ്പും കലര്‍ന്നു,
മനസ്സിന്റെകോണിലൊരാള്‍
മൗനമുദ്രിതയായ്
മുണ്ഡിതയായ് പാതി
പാതിയെന്‍ ജീവനെന്നെന്നും
ജപിച്ചുകൊണ്ടിന്നുമിരിക്കുന്നു…
ഇന്നുമെന്‍ പാതിശരീരത്തില്‍
ഏതോ കരള്‍ പച്ചതേടുന്നു.
ജ്വാലകളാടിയുലയുന്നു,
ഞാനൊറ്റയാവുന്നു
പാതിവാഴ്വില്‍…വായുദേവാ…
കരുത്താലെയൊരു നിമിഷം
പച്ചമൂടിയ താഴ്വരയില്‍
പുല്ലില്‍പ്പുലരിത്തുടുപ്പി-
ലൊരേകാന്ത ചുംബനം,
എന്റെ നീ… യെന്നെന്നെ-
യാടിയുലയിച്ചൊരാലിംഗനം…
മണ്ണിലൊരുമാത്രയാല്‍
വിത്തുകിളിര്‍ത്തിലവീശി-
യൊരാല്‍മരമാകെ-
ത്തണല്‍ത്തണുപ്പേകിയ
സാഫല്യം…
എല്ലാമൊരുമാത്ര.
കാറ്റു നീ കാറ്റായി വീശിമാഞ്ഞു
എന്നുള്ളില്‍ക്കരുത്തായൊരുണ്ണി
പിറന്നു…
വെറും ജന്മമെന്നിപ്പൊഴും
ഞാന്‍ സ്വയം പഴിക്കുന്നുവോ?
ഉള്ളിലെന്തുന്മത്തതയോ?
താന്‍ തനിച്ചെന്ന പൊള്ളലോ?
കാമമോ?
… … … …
ആരറിവൂ മനസ്സാ-
രറിവൂ കര്‍മ്മമാരറിവൂ ധര്‍മ്മ-
മാരറിവൂ സ്വയം എന്ന
ചോദ്യം ബാക്കി.

(1989)