close
Sayahna Sayahna
Search

കെണിയിലകപ്പെട്ട മൂന്നു കടുവകൾ


കെണിയിലകപ്പെട്ട മൂന്നു കടുവകൾ
KaruthaSalabhangal-01.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി കറുത്ത ശലഭങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1988
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 102 (ആദ്യ പതിപ്പ്)

വിശ്വവിഖ്യാതനായ ക്യൂബന്‍ നോവലിസ്റ്റ് കാപ്രീറാ ഇന്‍ഫന്റേറയുടെ (Cabrera Infante)മാസ്റ്റര്‍ പീസായി കരുതപ്പെടുന്ന Three Trapped Tigers എന്ന നോവലില്‍ ട്രൊട്സ്കിയുടെ വധത്തെക്കുറിച്ച് വിഭിന്നരായ ക്യൂബന്‍ എഴുത്തുകാരന്‍ എഴുതാവുന്ന വര്‍ണ്ണനകളുണ്ട്. ട്രൊട്സ്കിയുടെ മരണത്തിനു മുന്‍പോ എഴുതാവുന്ന വര്‍ണ്ണനകളാണ് ഇവയെന്ന് ഇന്‍ഫന്റേ ആദ്യമായി സൂചിപ്പിക്കുന്നു. സ്പെയിന്‍കാരനായ ഒരുത്തന്‍ ഐസ്‌ ആക്സുകൊണ്ട് ട്രൊട്സ്കിയുടെ തലയിലടിച്ചാണല്ലോ വധം നടത്തിയത്.

താനെഴുതിയ ഒരു തത്ത്വചിന്താപരമായ ലേഖനം തിരുത്തിക്കൊടുക്കണമെന്ന് അയാള്‍ അദ്ദേഹത്തോട് അപേക്ഷിച്ചു. ട്രൊട്സ്കി അതു വായിച്ചുകൊണ്ടിരുന്നപ്പോള്‍ അയാള്‍ കോട്ടിനകത്ത് ഒളിപ്പിച്ചുവച്ചിരുന്ന ഐസ് ആക്സ് എടുത്ത് അദ്ദേഹത്തിന്റെ തലയില്‍ അടിച്ചു. ഈ സംഭവം ക്യൂബന്‍ സാഹിത്യകാരനായ ഹോസോമാര്‍ട്ടി (Jose Marti 1853–1895) എങ്ങനെ വിവരിക്കും? വൃഥാസ്ഥൂലമായ ഭാഷയില്‍ നിരൂപണങ്ങള്‍ എഴുതിയ ആളായിരുന്നു മാര്‍ട്ടി എന്നത് ഓര്‍മ്മിച്ചുകൊണ്ടുവേണം താഴെ ചേര്‍ക്കുന്ന വാക്യങ്ങള്‍ വായിക്കാന്‍:

“This crimson Judas carried in his pale hands the manuscript in which his treachery was patently written with invisible ink; and over his thin blueish and trembling body he wore a Macfarlane, which would, to any eye more given to conjecture and suspicion, have given him away on that suffocatingly hot Mexican evening; distrust was not the strong point of the Russian rebel: nor systematic doubt: nor illwill a force of habit: underneath the coat the crafty assailant carried a treacherous hoof-parer: a magnicidal adze: an ice pick:and under the axe was his soul of guided emissary of the new czar of Russia. (page 238) ക്യൂബന്‍ കവി നീക്കോലാസ് ഗീയാന്‍ (Nicolas Guillen, b 1904) എഴുതാവുന്ന വരികള്‍.

He was hard severe
grave was his voice
and his apostasy
was forged of steel,
(He was, no, he is,
for to this day for to this
day that man still lives)

He is still
forged of steel
Of steel!

That’s how he is!” (page 269)

ഇനി അഞ്ചു ക്യൂബന്‍ എഴുത്തുകാരുടെ പാരഡികള്‍ കൂടെ ഇതിലുണ്ട്. ഈ എഴുത്തുകാരുടെ ഹാസ്യാനുകരണങ്ങളിലൂടെ ഇന്‍ഫന്റേ വ്യക്തമാക്കിത്തരുന്നത് അവരുടെ പ്രകടനാത്മകതയാണ്. സംഭവത്തെ അതായി വര്‍ണ്ണിക്കാനല്ല തങ്ങളുടെ രചനാകൗശലത്തെ പ്രത്യക്ഷമാക്കാനാണ് അവര്‍ക്കു കൗതുകം. കലയിലും സാഹിത്യത്തിലും പ്രകടമാകുന്ന ഈ നാട്യത്തെ എടുത്തുകാണിച്ച് അവയുടെ വ്യര്‍ത്ഥസ്വഭാവത്തെ വായനക്കാരെ ഗ്രഹിപ്പിക്കുന്ന ഒരാന്റി നോവലാണ് ഇന്‍ഫന്റേയുടെ ഈ കൃതി. അദ്ദേഹം ഒരിക്കല്‍പറഞ്ഞു: “എഴുത്തുകാരന്റെ ഭാഷയ്ക്കും ബസ്സ്ഡ്രൈവറുടെ ഭാഷയ്ക്കും എന്റെ നോട്ടത്തില്‍ ഒരു വ്യത്യാസവുമില്ല.” ഇന്‍ഫന്റേറയുടെ മതമിതായതുകൊണ്ട് അലങ്കാര പരമോ വൃഥാസ്ഥൂലമോ ആയ രചനകള്‍കൊണ്ട് താനൊരു സാഹിത്യകാരനാണ് എന്ന് നടിക്കുന്നവനോട് അദ്ദേഹത്തിനു പുച്ഛമാണ്. മറ്റൊരു ക്യൂബന്‍ എഴുത്തുകാരന്‍ കാല്‍വോ (Calvo) പരിഹാസരചനയിലൂടെ പ്രത്യക്ഷനാകുന്നതുകൂടി കണ്ടാലും:

“Nonesuch, The killer. The man,
bezcuse he is a man not a woman
but a man, beacuse he Goes round
dressed as a man even though
he has committed
the act of a woman”

ഈ പരിഹാസരചനകളുടെയെല്ലാം സാരസ്യമറിയണമെങ്കില്‍ അവരുടെ മൗലികരചനകള്‍ കൂടി നമ്മള്‍ വായിച്ചിരിക്കേണ്ടതാണെന്നു ഞാന്‍ സമ്മതിക്കുന്നു. എങ്കിലും ഇന്‍ഫന്റേ സാഹിത്യത്തിന്റെ കൃത്രിമ സ്വഭാവം നമ്മെ ഇതു കൊണ്ടു ഗ്രഹിപ്പിക്കുന്നു എന്നത് അംഗീകരിക്കേണ്ട വസ്തുതയാണ്.

ഈ ക്യൂബന്‍ നോവലിസ്റ്റിന്റെ ഈ കൃതി ആനന്റി നോവലാണെന്നു പറഞ്ഞല്ലോ. എന്താണ് ആന്റി നോവലിന്റെ സ്വഭാവം? സത്യം ആവിഷ്കരിക്കാന്‍ പരമ്പരാഗതമായ നോവലിനു കഴിയുകയില്ല എന്ന വിശ്വാസത്തോടുകൂടി പുതിയ നോവലെഴുത്തുകാരന്‍ പ്രതിഷേധ ശബ്ദമുയര്‍ത്തിയതിന്റെ ഫലമായാണ് ആന്റിനോവല്‍. ഇംഗ്ലീഷ് സാഹിത്യത്തിലെ ആദ്യത്തെ ആന്റി നോവല്‍ സ്റ്റേണിന്റെ ‘ട്രിസ്റ്റ്രം ഷന്‍ഡി’ യാണ്. അതിനുശേഷം ശതാബ്ദങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഫ്രാന്‍സില്‍ ആന്റി നോവലുണ്ടായത്. സത്യത്തിന്റെ നൂതനാംശങ്ങള്‍ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ ചിലര്‍ നോവലുകള്‍ എഴുതിത്തുടങ്ങി. അവരില്‍ പ്രധാനന്‍ റോബ് ഗ്രീയേയാണ്. രേഖാ രൂപത്തിലുള്ള ആഖ്യാനം, നിയതമായ സ്വഭാവ ചിത്രീകരണം ഇവയെല്ലാം പഴയ നോവലുകളിലുണ്ട്. നൂതനമായ ഭാവസംദൃബ്ധതയ്ക്കു (Sensibility)ഇതു യോജിച്ചതല്ലെന്നാണ് നവീന നോവലെഴുത്തുകാരുടെ അഭിപ്രായം. ഇന്‍ഫേന്റേയുടെ ഈ നോവല്‍ ആന്റി നോവല്‍തന്നെയാണ്.

നോവലില്‍ നല്കിയിരിക്കുന്ന ജീവചരിത്ര സംഭവങ്ങള്‍ ഇവിടെ പുനരാവിഷ്കരിച്ചു കൊള്ളട്ടെ. ക്യൂബയിലെ ജിബാറോ എന്ന കൊച്ചു പട്ടണത്തില്‍ 1929-ല്‍ കാപ്രീറ ഇന്‍ഫേന്റ ജനിച്ചു. ക്യൂബയിലെ സ്വേച്ഛാധിപതിയായിരുന്ന ബാറ്റീസ്റ്റായും അയാള്‍ക്കു ശേഷം അധികാരത്തില്‍വന്ന കാസ്റ്റ്രോയും ജനിച്ച സ്ഥലത്തിനടുത്താണ് ജിബാറാപ്പട്ടണം. 1941-ല്‍ ഇന്‍ഫേറയുടെ കുടുംബം ക്യൂബയുടെ തലസ്ഥാനമായ ഹവനയിലേക്കുപോന്നു. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായിരുന്നു ഇന്‍ഫന്‍റേയുടെ അച്ഛന്‍. 1952-ല്‍ ഇന്‍ഫന്റേ ഹവനയിലെ സ്ക്കൂള്‍ ഒഫ് ജേണലിസത്തില്‍ നിന്നു ബിരുദമെടുത്തു. ക്യൂബയിലെ വിപ്ളവത്തിനു ശേഷം അദ്ദേഹം കൗണ്‍സില്‍ ഒഫ്‌ കള്‍ച്ചറിന്റെ തലവനായി നിയമിക്കപ്പെട്ടു: പിന്നീട് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറന്മാരില്‍ ഒരാളായും 1962 മുതല്‍ 1965 വരെ അദ്ദേഹം ബ്രസ്സല്‍സിലെ ക്യൂബന്‍ എംബസ്സിയിലായിരുന്നു. 1965-ല്‍ ഹവനയില്‍ തിരിച്ചെത്തി ഇന്‍ഫേന്റേ. അനന്തരം ഇംഗ്ലണ്ടിലേക്കുപോയി. 1940 തൊട്ട് 1944 വരെയും 1954 തൊട്ട് 1958 വരെയുമാണ് ബാറ്റീസ്റ്റാ ക്യൂബഭരിച്ചത്. 1959 ജനുവരി ഒന്നാംതീയതി കാസ്റ്റ്രോ അയാളെ വീഴ്ത്തി. ഇന്‍ഫേന്റേ ചിത്രീകരിക്കുന്നത് 1958-നു മുന്‍പുള്ള ഹവന ജീവിതമാണ്. ആന്റി നോവലായതുകൊണ്ട് ഇതില്‍ ദൃഡതയാര്‍ന്ന ഇതിവൃത്തമില്ല. കുറെ കഥാ പാത്രങ്ങള്‍ തങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതിപാദിക്കുന്നു എന്നതില്‍ക്കവിഞ്ഞ് ഇതില്‍ ഒരു പ്ലോട്ടില്ല. ആ കഥാപാത്രങ്ങളെ ബന്ധിപ്പിക്കുന്നതു സ്നേഹം മാത്രം. ഭോജനശാലകളിലും മദ്യശാലകളിലും രാത്രി സമയം കഴിച്ചുകൂട്ടുന്ന വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങളെ കൂട്ടുകാരനോടോ കൂട്ടുകാരോടോ വിവരിക്കുക എന്നതാണ് ഈ നോവലിലെ രീതി. ആ വിവരണങ്ങള്‍ വായിക്കുന്ന നമുക്കു വിപ്ളവത്തിനു മുന്‍പുള്ള ഹവനയിലെ ജീവിതത്തിന്റെ സ്വഭാവം ലഭിക്കുന്നു. അനുഭവങ്ങള്‍ പലപ്പോഴും വൈഷയീകങ്ങളത്രേ. ചിലപ്പോള്‍ ധിഷണാപരങ്ങളും.

സ്നേഹിതന്മാരുടെ സംഭാഷണങ്ങളിലൂടേയും സംഭാഷണങ്ങള്‍ നമ്മെ അറിയിക്കുന്ന കഥാപാത്രങ്ങളുടെ റിപ്പോര്‍ട്ടുകളിലൂടെയും മുന്നോട്ടു പോകുന്ന ഈ നോവല്‍ ഹവനയിലെ ജീവിതം മാത്രമല്ല ഈ ലോകത്തെ ചിന്താ മണ്ഡലങ്ങളെയാകെ സ്ഫുടീകരിക്കുന്നുണ്ട്. മറ്റു സാഹിത്യകാരന്മാരുടെ കൃതികളിലെ ചിന്താലോകത്തെയും വികാര പ്രപഞ്ചത്തെയും ആവിഷ്കരിക്കുന്നുണ്ട്. ഒരു ഭാഗം നോക്കുക:

“I reminded him that it sounded like the beginning of ‘The Magic Mountain.’ Enter Hans Castrop in act one with what Cue calls the arrogant carefree drive of life itself’ and arrives at the sanatorium, petulantly sure of his own obvious good health, a cheerful tourist in white ihell — to learn a few days later that he too is tubercular, ‘I Like that’, Arsenio Cue said, ‘I really like that analogy. That moment is like an allegory of life” (page 326–327) പ്രശസ്തമായ ജര്‍മ്മന്‍ നോവലാണ് ‘ദിമാജിക് മൗണ്ടന്‍’. അതിനെ നോവലിലേക്കുകൊണ്ടുവന്ന് പ്രതിപാദ്യത്തിനു പ്രൗഢത വരുത്തുന്ന രീതിയാണ് ഇവിടെയുള്ളത്.

കാലത്തെക്കുറിച്ച് ചിന്തിക്കാത്ത വലിയ സാഹിത്യകാരന്മാരില്ല. ഇന്‍ഫന്റേറക്കും തന്റേതായ സങ്കല്പമുണ്ട്. രണ്ടു സംഭവങ്ങള്‍ക്കു ഇടയ്ക്കുള്ള വേളയിലാണ് കാലമായിപരിഗണിക്കപ്പെടുന്നത്, ഇതിനെ പല തലത്തില്‍ സംവീക്ഷണം ചെയ്യാം; മാനസികം, ഭൗതികം, ദാര്‍ശനികം, ജീവശാസ്ത്രപരം ഇങ്ങനെ പല വിധത്തില്‍. ഈ കാലം ഏതിനെയും നശിപ്പിക്കുമെന്നാണ് ഇന്‍ഫേന്റേ വിചാരിക്കുന്നത്. സ്മരണകള്‍ സാഗരതരംഗങ്ങള്‍ പോലെ ആഗമിക്കും. (…and my memories of this evening air came to me in repeated gusts, but it was a case of total recall because in a copula of seconds I had remembered all the afternoons of my life…” pages 328,329). ഈ സ്മരണകളെപ്പോലും കാലം വിഴുങ്ങും. ബാറ്റീസ്റ്റായുടെ മര്‍ദ്ദനഭരണവും അയാളുടെ സ്വേച്ഛാധിപത്യവും അവയ്ക്കു വിധേയമായ ക്യൂബയും എല്ലാം കാലത്തിന്റെ വിസ്മൃതിഗര്‍ത്തത്തില്‍ വീണുപോകുമെന്നുവരെ ഇന്‍ഫേന്റേ വിശ്വസിക്കുന്നുണ്ട്.

നവീനങ്ങളായ ലാറ്റിനമേരിക്കന്‍ നോവലുകള്‍ സര്‍ഗ്ഗാത്മകത്വത്തില്‍ മറ്റു യൂറോപ്യന്‍ നോവലുകലില്‍ നിന്ന് അകന്നു നില്ക്കുന്നു. പ്രതിഭാധനന്മാര്‍ ഫ്രഞ്ച് സാഹിത്യത്തിലും ജര്‍മ്മന്‍ സാഹിത്യത്തിലും മറ്റുമുണ്ടെന്നു സമ്മതിക്കാം. പക്ഷേ കോര്‍ട്ടസാറിനെപ്പോലെ, യോസയെപ്പോലെയുള്ള സാഹിത്യകാരന്മാരെ യൂറോപ്പില്‍ കണ്ടെന്നുവരില്ല. ഒരുപക്ഷേ കണ്ടാലും കാപ്രീറ ഇന്‍ഫന്റേയെപ്പോലെ ഒരു നോവലിസ്റ്റിനെ ഒരിക്കലും കാണുകയില്ല. അദ്ദേഹത്തിന്റെ “Infante’s Inferno” എന്ന പുതിയ നോവല്‍ Three Trapped Tigers എന്ന നോവലിനെക്കാള്‍ ഉത്കൃഷ്ടമാണെന്നാണ് നിരൂപകര്‍ പറയുക. ഇത് ഈ ഗ്രന്ഥകാരന് ഇതുവരെ വായിക്കാന്‍ സാധിച്ചില്ല.