close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി: ഇരുപത്തിമൂന്ന്


കൊച്ചമ്പ്രാട്ടി: ഇരുപത്തിമൂന്ന്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

രണ്ടാഴ്ചയായി ചാത്തയായിരുന്നു വന്ന് വെള്ളം തിരിച്ചത്. ആ മനുഷ്യൻ എന്തിനാണ് തനിക്കു വേണ്ടി കഷ്ടപ്പെടുന്നത്. രണ്ടു ദിവസം മുമ്പ് ചാത്ത വെള്ളം തിരിക്കുമ്പോൾ പദ്മിനി അടുത്തുപോയി നിന്നു.

‘ചാത്തയ്ക്ക് വെഷമായി അല്ലേ?’

‘എന്തിന് മോളെ?’ ചാത്ത ചിരിച്ചുകൊണ്ട് ചോദിച്ചു.

‘അല്ല മറ്റ് പണിടെ ഒക്കെ ഒപ്പം ഇതും ചെയ്യേണ്ടി വന്നില്ലെ, അതും രണ്ടു നേരം?’

‘ഞാനതിന് ഒന്നും പറഞ്ഞില്ലല്ലോ.’ ചാത്ത ചിരിച്ചു. ‘അട്യന് എന്താ വെഷമം? തേവണത് ചെക്കനല്ലെ. ഓൻ ന്നെക്കൊണ്ട് ത്‌ലാം തൊടീക്കില്ല. എന്നാ അടിയന്തിരം?’

‘മറ്റന്നാളാണ്.’

‘പന്തലിടണ്ടേ?’

‘പന്തലൊക്കെ വേണോ? അറീല്ല. തിരുമേനി നാളെ വരാംന്ന് പറഞ്ഞിട്ട്ണ്ട്. അദ്ദേഹം എന്താണാവോ പറയ്യാ.’

‘പിൻഭാഗത്ത് വെപ്പുകാർക്ക് ഒരു പന്തലിട്ടുകൊടുത്താമതി. അതെന്തായാലും വേണം. നല്ല വെയിലാണ്. കെയക്കെ മുറ്റത്ത് വേണോന്ന് തിരുമേനിത്തമ്പ്രാനോട് ചോയിച്ചിട്ട് മതി. വല്യമ്പ്രാന്റെ പതിനാറട്യന്തരത്തിന് മുറ്റത്ത് പന്തലിട്ടതല്ലെ. ന്ന്‌ട്ടെന്തായി. അയിന്മാത്രൊന്നും ആൾക്കാര് വന്നൂംല്യ.’

ശരിയാണ്. അമ്മാവന്റെ അടിയന്തിരത്തിന്റെ അന്ന് രാഘവൻമാമ പറഞ്ഞിട്ടാണ് മുറ്റത്ത് പന്തലിട്ടത്. ഉമ്മറത്തിരുന്നുണ്ണാനുള്ള ആൾക്കാരെ ഉണ്ടായുള്ളു. പന്തലുള്ളതുകൊണ്ട് അവിടെ രണ്ടു പന്തി വിളമ്പി എന്നുമാത്രം. അതിലും കൂടുതലൊന്നും അമ്മയുടെ കാര്യത്തിലും പ്രതീക്ഷിക്കണ്ട.

പിറ്റേന്ന് രാവിലെ വന്ന തിരുമേനിയും മുററത്ത് പന്തലൊരുക്കുന്നതിനെ നിരുത്സാഹപ്പെടുത്തി.

ചെറിയ തോതിൽ സദ്യ കഴിക്കയാണുണ്ടായത്.

പതിനാറടിയന്തിരം കഴിഞ്ഞതിന്റെ പിറ്റേന്ന് വസുമതി തിരിച്ചുപോയി. പദ്മിനിയോട് ഒപ്പം വരാൻ അവൾ നിർബ്ബന്ധിച്ചു.

‘നീ ഇങ്ങിനെ ഇവിടെ ഒറ്റയ്ക്ക് കഴിയണത് ശര്യല്ല.’

‘അതോണ്ടെന്താ കൊഴപ്പം അമ്മായി. അമ്മ കെടപ്പിലായതീപ്പിന്നെ അങ്ങനെത്തന്ന്യായിര്ന്നില്ലേ? ഞാൻ ഇവിടെ ഇല്ലെങ്കില് ഒന്നും ശര്യാവില്ല. ഈ വീടും പറമ്പും നാനാവിധാവും. പറമ്പ് ഒരു വിധത്തിൽ നന്നാക്കിയെടുക്ക്വാണ് ഞാൻ. എന്തായിരുന്നു അതിന്റെ അവസ്ഥ? ഇപ്പ നന തൊടങ്ങീട്ട്ണ്ട്, പച്ചക്കറികള് നട്ടിട്ട്ണ്ട്. പിന്നെ അടിം തൊടേം ഒന്നും ചെന്നില്ലെങ്കില് വീട് നാശാവും. എങ്ങന്യായാലും ഒക്കെക്കഴിഞ്ഞ് എനിക്ക് ഈ വീട്ടീത്തന്നെ താമസിക്കണ്ടി വരില്ലെ.’

‘തിരുമേനീനെ എങ്ങിന്യാ പരിചയം?’ പാറുവേട്ടത്തി മരിച്ച അന്ന് തിരുമേനി കാണാൻ വന്നു. അതു കഴിഞ്ഞ് പതിനാറടിയന്തിരത്തിന്റെ അന്നും അദ്ദേഹമായിരുന്നു ആദ്യവസാനം. അതോർമ്മ വന്നപ്പോൾ വസുമതി ചോദിച്ചു. അന്നുതൊട്ടേ അവരുടെ ഉള്ളിൽ തിങ്ങിനിന്ന ചോദ്യമായിരുന്നു അത്.

‘എനിക്കൊരച്ഛന്റെ മാതിര്യാണ്. കൊറേ ഉപകാരം ചെയ്ത മനുഷ്യനാണ്.’

വസുമതി പിന്നീടൊന്നും ചോദിച്ചില്ല. ഇനി മറുപടിയൊന്നും കിട്ടുകയുണ്ടാവില്ലെന്ന തോന്നലുണ്ടായി അവർക്ക്. എങ്ങിനെയാണ് പരിചയം എന്ന് പദ്മിനി പറഞ്ഞില്ല. അതുപോലെ എന്തുപകാരം എന്നും ഒരുപക്ഷേ അവൾ പറയുകയുണ്ടാവില്ല. എന്തോ ഒരു കാര്യം കുത്തിച്ചോദിച്ചപ്പോൾ അതവസാനം എത്തിയത് തന്റെ ഭർത്താവിന്റെ കൊള്ളരുതായ്മയിലായിരുന്നു. ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി.

രാഘവൻ നായർ പാറുവമ്മയുടെ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കി കൊണ്ടുവന്നിരുന്നു. അത് പദ്മിനിയെ ഏൽപ്പിച്ച് അയാൾ പറഞ്ഞു.

‘മോളെ ഇത് നല്ലോണം സൂക്ഷിച്ചു വെയ്ക്കണം. ആവശ്യായി വരും. ജീവിച്ചിരിക്കുമ്പോൾ നമ്ക്ക് സർട്ടിഫിക്കറ്റൊന്നും ആവശ്യല്ല. അങ്ങിനല്ല മരിച്ചു കഴിഞ്ഞാല്.’

പദ്മിനി ചിരിച്ചു. ശരിയാണ്. ജിവിച്ചിരിക്കുമ്പോൾ നമുക്ക് അസ്തിത്വമില്ല. അല്ലെങ്കിൽ ജീവിതം തുടങ്ങുന്നത് മരണത്തോടെയാണ്.

രാഘവൻ നായരോടൊപ്പം വസുമതി പടിയിറങ്ങിപ്പോകുന്നത് പദ്മിനി നോക്കിനിന്നു. വലിയ വരമ്പിലെത്തിയപ്പോൾ വസുമതി തിരിഞ്ഞുനോക്കി. പദ്മിനി ചിരിച്ചു. അവൾ വീട്ടിലേയ്ക്കു നടന്നു. മുറ്റത്തുനിന്ന് അവൾ വീട്ടിലേയ്ക്കു നോക്കി. വലിയൊരു വീട്, അതിൽ ഇനി താൻ ഒറ്റയ്ക്കാണ്. അവൾ വീട്ടിലേയ്ക്കു പോകാതെ തെക്കേ പറമ്പിലേയ്ക്ക് നടന്നു. പോകുന്ന വഴിയ്ക്കാണ് കിഴക്കെ കുളമുള്ളത്. പണ്ടെങ്ങാൻ ഒരു കുട്ടി ആ കുളത്തിൽ മുങ്ങി മരിച്ചിട്ടുണ്ടത്രെ. അതുകൊണ്ടാണോ എന്നറിയില്ല ആരും ആ കുളത്തിൽ കുളിക്കാറില്ല. നല്ല തെളിവെള്ളം പകുതിയും കുളച്ചണ്ടിവന്ന് മൂടിയിരിയ്ക്കയാണ്. കിഴക്കെ അറ്റത്തായി രണ്ട് ആമ്പലുകൾ വിരിഞ്ഞുനിൽക്കുന്നുണ്ട്. കുട്ടിക്കാലത്ത് അവൾ അറുമുഖനോട് പറഞ്ഞ് ആമ്പൽപൂവ് പറിച്ചെടുപ്പിക്കാറുണ്ടായിരുന്നു. അവൾ നടന്നു. അതിനും രണ്ടു കണ്ടം അപ്പുറത്താണ് പുളിമാവ്. അതിനു കീഴിൽ നീണ്ടുകിടക്കുന്ന മൺകൂനയ്ക്കുമുമ്പിൽ അവൾ നിന്നു. ഇവിടെ അവളുടെ പൂർവ്വീകന്മാരൊക്കെ ഉറങ്ങുന്നു. മുത്തച്ഛൻ, അമ്മമ്മ, അമ്മാമൻ. ഇപ്പോൾ അമ്മയും. എല്ലാവരും അവളുടെ ഒപ്പമുള്ളപോലെ തോന്നി പദ്മിനിയ്ക്ക്.

പിറ്റേന്നു തന്നെ പദ്മിനി ചാത്തയുടെ കയ്യിൽനിന്ന് കൈക്കോട്ട് ഏറ്റുവാങ്ങി. വെള്ളം തിരിക്കൽ വീണ്ടും തുടങ്ങിയപ്പോഴാണ് അവൾക്ക് മനസ്സിലായത്, ജോലി അറിയുന്ന ഒരാൾ ആ ജോലി എത്ര ഭംഗിയായിട്ടാണ് ചെയ്യുകയെന്ന്. ചാലുകൾ വൃത്തിയാക്കിയിരിക്കുന്നു. പൊട്ടാൻ സാധ്യതയുള്ളിടത്തെല്ലാം മണ്ണു വെട്ടിയിട്ട് ബലപ്പെടുത്തിയിട്ടുണ്ട്. അവളെ ആകർഷിച്ചത് വാഴത്തോട്ടമായിരുന്നു. വാഴയുടെ തടമെല്ലാം വലുതാക്കിയിട്ടുണ്ട്. വാഴകൾക്കെല്ലാം ഒരു നവോന്മേഷം ലഭിച്ചപോലെ തോന്നി. ശരിയ്ക്കുള്ള കൃഷിക്കാരനെ അവ തിരിച്ചറിഞ്ഞിരിക്കുന്നു!

പതിനഞ്ചു ദിവസം ജോലി ചെയ്തതിനും പന്തലിന്റെ ജോലിയ്ക്കും മറ്റുമായി കുറച്ചു പണം കൊടുക്കാൻ അവൾ ശ്രമിച്ചു.

‘എന്റെ കയ്യില് പണംണ്ട്. പോരാത്തതിന് തിരുമേനീം കൊറച്ച് പണം കൊണ്ടന്നു തന്നിട്ട്ണ്ട്. അപ്പൊ ചാത്തയ്ക്ക് വാങ്ങിക്കൂടെ?’

‘വാങ്ങണ്ട സമയായാൽ ചാത്ത വാങ്ങിക്കോളാം. കൊച്ചമ്പ്രാട്ടിടെ കല്യാണം കഴിയട്ടെ. വരണ തമ്പ്രാന്റെ അടുത്ത്ന്ന് ഞാൻ കണക്ക്പറഞ്ഞ് വാങ്ങിക്കോളാം പോരെ? അത്ര നിർബ്ബന്ധാണെങ്കി മോളടെ കല്യാണത്തിന് അട്യന് ഒരു മുണ്ട് വാങ്ങിത്തന്നാമതി. എന്താ?’ ചാത്ത പോയിക്കഴിഞ്ഞു. എന്തിനാണ് ആ മനുഷ്യൻ തന്നെ സഹായിച്ചുകൊണ്ടിരിക്കുന്നത്? എന്തിനാണയാളുടെ മകൻ തന്നെ സഹായിക്കുന്നത്?

വൈകുന്നേരമായപ്പോഴേയ്ക്ക് ആകാ ശം കാർ വന്ന് മൂടി. പകൽ നല്ല ചൂടുണ്ടായിരുന്നു. രാത്രി മഴ പെയ്തു കൂടെന്നില്ല. മഴ ഇഷ്ടംപോലെ പെയ്‌തോട്ടെ ഇടി വെട്ടാഞ്ഞാൽ മാത്രം മതി. ഇടി പദ്മിനി യ്ക്ക് പേടിയാണ്. ഇടിവെട്ടുമ്പോൾ അവൾ അമ്മയോട് ചേർന്നു കിടക്കുക യാണ് പതിവ്. വൈകുന്നേരം നീലി വന്നു.

‘കൊച്ചമ്പ്രാട്ടീ, അട്യൻ വേണങ്കി വന്ന് കെടക്കാം.’

‘എന്തിനാ?’

‘കൊച്ചമ്പ്രാട്ടിയ്ക്ക് പേട്യാവൂലെ?’

‘ഏയ്, എനിക്ക് പേട്യൊന്നുംല്ല്യ. എ ന്തെങ്കിലും ആവശ്യണ്ടെങ്കില് ഓടിവന്ന് നീലിയെ വിളിക്കാലോ.’

‘വിളിക്കണംട്ടാ. വാതിലും ജനലും ഒക്കെ അടയ്ക്കാൻ മറക്കല്ലെ.’

നീലി നടക്കുമ്പോൾ അമ്മിഞ്ഞകൾ കുലുങ്ങുന്നതിനനുസരിച്ച് കഴുത്തിലിട്ട പണ്ടങ്ങൾ കലപിലെ ശബ്ദമുണ്ടാക്കി. നീലിയെ കാണുമ്പോഴെല്ലാം പദ്മിനി യ്ക്ക് കണ്ടോറമ്പക്കാവിലെ ഭഗവതിയെ ഓർമ്മ വരും. ആ മുഖത്ത് പ്രാചീനതയുടെ ഒരൊളിമിന്നലുണ്ടായിരുന്നു. ആ മതിഭ്രമം അവൾ ഇഷ്ടപ്പെട്ടു. മച്ചിനകത്ത് കുടിയിരുത്തിയത് ഭഗവതിയെയാണ്. അവിടെ പക്ഷെ ഭഗവതി അദൃശ്യയാണ്. എന്താണ് ഭഗവതിയുടെ പ്രതിമ വെയ്ക്കാത്തത് എന്ന് അവൾ അമ്മയോട് കുട്ടിക്കാലത്ത് ചോദിച്ചിരുന്നു. പ്രതിമ വെക്കാൻ പാടില്ലെന്നാണ് പ്രശ്‌നം വെച്ചപ്പോൾ മനസ്സിലായതത്രെ. അദൃശ്യശക്തിയായി നിലകൊള്ളാനാണ് ദേവിയുടെ ആഗ്രഹം.

‘ഇന്ന് ഇടീം മയീംണ്ടാവുന്ന് തോന്ന്ണ്.’

‘മഴ പെയ്‌തോട്ടെ. നല്ല ചൂട്ണ്ട്.’

‘വിഷൂന് നുമ്പ് ഒരു മയ പതിവാ. ഞാമ്പോണ് കൊച്ചമ്പ്രാട്ട്യേ. എന്തെങ്കിലും ആവിശ്യണ്ടെങ്കീ പറേണം.’

നീലി പടിക്കലെത്തുന്നതുവരെ പദ്മിനി നോക്കിനിന്നു. ആകാശത്തുനിന്ന് നേരിയ മുരൾച്ച കേട്ടു.

ഇടിയും മഴയുമുള്ള ഒരു ദിവസം ഒറ്റയ്ക്ക് കിടന്നു നോക്കട്ടെ. അവൾ ഇടനാഴികയിൽ ഭഗവതിക്കൂട്ടിൽ നിന്ന് നിലവിളക്കെടുത്തു കൊണ്ടുവന്ന് ഉമ്മറത്തെ തിണ്ണയിൽ ഇരുന്നുകൊണ്ട് തുടച്ചു. അലക്കിയ മുണ്ടിന്റെ കഷ്ണമെടുത്ത് തിരി തെറുത്തു വിളക്കിലിട്ടു.

അറയകത്ത് അവൾ കുറച്ചധികം നേരം വിളക്കുമായി നിന്നു. ദേവീ, ഞാനൊറ്റയ്ക്കാണ്. എന്നെ രക്ഷിക്കണം. കണ്ണടച്ചുനിന്നപ്പോൾ ചിലമ്പിന്റെയും മാറിൽ ചാർത്തിയ സ്വർണപ്പണ്ടങ്ങളുടെയും ശബ്ദം കേട്ടുവോ. എവിടെയോ ഒരു കാൽപ്പെരുമാറ്റം. തന്റെ തോന്നലായിരിക്കും. പദ്മിനിയ്ക്ക് ഉറപ്പിക്കാനായില്ല. അവൾ പുറത്തേയ്ക്കു കടന്നു.

‘ദീപം, ദീപം...’

രാത്രി കനത്ത മഴ പെയ്തു. ഭാഗ്യത്തിന് വലിയ ഇടിയും മിന്നലുമുണ്ടായില്ല. കിടക്കുമ്പോൾ അവൾ അമ്മയെ വിളിച്ചു. ‘അമ്മേ, ഞാനിന്ന് തൊട്ട് ഒറ്റയ്ക്കാണ്. ന്റെ ഒപ്പംതന്നെണ്ടാവണം.’ രാവിലെ എഴുന്നേറ്റു നോക്കിയപ്പോഴാണ് മഴയുടെ ശക്തി മനസ്സിലായത്. മുറ്റത്തുനിന്ന് മഴവെള്ളം കുത്തി യൊലിച്ചുപോയ പാടുകൾ. മുറ്റം വൃത്തിയായി കിടക്കുന്നു. അവിടെയുമിവിടെയുമായി ഏതാനും മാവിലകൾ മാത്രം ചിതറിക്കിടക്കുന്നുണ്ട്. അവൾ മുറ്റമടിച്ചില്ല. അടുക്കള വൃത്തിയാക്കി, കഞ്ഞി അടുപ്പത്താക്കി. പുറത്തിറങ്ങിയപ്പോഴേയ്ക്ക് അറുമുഖൻ എത്തിയിരുന്നു. അവൻ ചാലുകൾ പരിശോധിക്കുകയാണ്.

‘നല്ല മഴ്യായിരുന്നു.’

‘അതെ,’ അവൻ പറഞ്ഞു. ‘ഞാൻ നമ്മടെ പണപ്പൊക്കെ പൊട്ട്യോന്ന് നോക്ക്വായിരുന്നു. ഇല്ല, വല്യ കൊഴപ്പല്ല്യ. ഇനി ഒരു നാലു ദിവസത്തേയ്ക്ക് നന വേണ്ട.’

വാഴയ്‌ക്കൊക്കെ ഒരു പുതിയ ജീവ ൻ ലഭിച്ചപോലെ. മഴയിൽ കഴുകി വൃത്തിയാക്കപ്പെട്ട ഇലകൾക്ക് സൂര്യവെളിച്ചത്തിൽ നല്ല തുടുപ്പ്.

‘വാഴ്യൊക്കെ കൊല വരേണ്ട സമയായിരിക്കുണു. ഓണത്തിന് മുമ്പ് മൂത്ത് കിട്ടുംന്ന് തോന്ന്ണ്ണ്ട്.’

വാഴകൾക്കിടയിൽ നിന്നപ്പോൾ അറുമുഖന്റെ തലയ്ക്കു മുകളിൽ ഇലകളുടെ മേലാപ്പ്. അയാളെ വാഴകളിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയില്ലെന്നു തോന്നി.

‘ഇന്ന് ഞാൻ തിരുമേനിടെ വീടുവരെ ഒന്ന് പോയാലോന്ന് ആലോചിക്ക്യാണ്.’

‘എന്തിനാ?’

‘വെറ്‌തെ. അന്ന് ചെയ്ത ഉപകാരത്തിന്തന്നെ നന്ദി പറഞ്ഞില്ല. അന്ന് പിന്നെ അമ്മ കെടപ്പായിരുന്നൂലോ.’

‘പോവാം. ഞാൻ ബസ്സ് കേറ്റിത്തന്നാപ്പോരെ?’

‘മതി.’

‘എന്താ തിരുമേനിടെ ഒരന്തസ്സ്! മുപ്പരിങ്ങട്ട് പടികേറി വന്നപ്പൊ എല്ലാരും എണീറ്റ് തൊഴ്വായിരുന്നു.’ അറുമുഖൻ പറഞ്ഞു. ‘ഞാൻ ഇങ്ങനെ ഒരാളെ നടാടെ കാണ്വാ.’

തിരുമേനിയുടെ ആകാരം മനസ്സിൽ കാണുന്നപോലെ അറുമുഖൻ ഒരു മിനുറ്റ് കണ്ണടച്ചു നിന്നു.

‘ഞാൻ വിവരം പറയാൻ പോയപ്പോ ന്റെ കാര്യൊക്കെ ചോദിച്ചു. ഉമ്മറത്ത് കേറി ഇരിക്കാനൊക്കെ പറഞ്ഞു. പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ് എന്നെ ഇല്ലത്തേയ്ക്ക് കൊണ്ടന്നിരുന്നൂന്ന് ഞാൻ പറഞ്ഞു. അപ്പ കൊറച്ച് നേരം അദ്ദേഹം കണ്ണും അടച്ചിരുന്നു. ന്ന്ട്ട് പറയാണ് കരിമുർഖനായിര്ന്നില്ലേന്ന്. അന്ന് വിളിച്ച് വരുത്തി കൊത്തീട്ടല്ലേ വെഷെറക്കീത്ന്ന്. നല്ല ഓർമ്മണ്ട്. അതൊരു ഗഡുവായിരുന്നുന്ന് പറഞ്ഞു. ആയുസ്സിന്റെ ബലംകൊണ്ട് രക്ഷപ്പെട്ടതാണ്ന്ന്.’

‘അന്ന് രക്ഷപ്പെട്ടത് എന്നെ സഹായിക്കാനായിരിക്കും.’ പദ്മിനി പറഞ്ഞു. ‘ആലോചിക്കുമ്പ എന്തൊക്ക്യോ ബന്ധങ്ങള്ണ്ട്ന്ന് തോന്നുണു. ഈ മുജ്ജന്മബന്ധംന്നൊക്കെ പറേണതില് എന്തെങ്കിലും കാര്യണ്ടാവും. അല്ലെങ്കില് ഞാനെന്തിനാപ്പൊ തിരുമേനിടെ അട്ത്ത് എത്തിപ്പെട്ടത്?’

‘ആർക്കറിയാം.’

ബസ്സ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോൾ ഇരുവശത്തുമുള്ള വീടുകളിൽനിന്ന് സ്ത്രീകൾ ചെയ്തിരുന്ന ജോലികൾ നിർത്തിവച്ച് വേലിക്കൽ തലനീട്ടിക്കൊണ്ട് അവളോട് അന്വേഷിച്ചു. ‘കൊച്ചമ്പ്രാട്ടി എങ്ങട്ടാ പോണ്?’ അല്ലെങ്കിൽ ‘മോള് എങ്ങട്ടാ പോണേ?’ അതുമല്ലെങ്കിൽ ‘പദ്മിനി എങ്ങോട്ടു പോണു?’

കഴിഞ്ഞ പ്രാവശ്യം അവൾ പോകുമ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല. എന്താണ് പെട്ടെന്നുള്ള ഈ മാറ്റത്തിനു കാരണം?

‘അതെന്താന്നറിയ്യോ?’ അറുമുഖൻ വിശദീകരിച്ചു. ‘വല്ല്യമ്പ്രാട്ടി മരിച്ചപ്പഴും അടിയന്തിരത്തിനും ഒക്കെ തിരുമേനി വീട്ടില് വന്നത് എല്ലാരും അറിഞ്ഞിരിക്കുണു. അതിന്റെയാണ്.’

ശരിയായിരിക്കാം. ഇല്ലത്തേയ്ക്കാണ് പോകുന്നതെന്നറിഞ്ഞപ്പോൾ എല്ലാവരും ബഹുമാനപൂർവ്വം ഒതുങ്ങിനിൽക്കുകയാണ്. കുറച്ച് വെണ്ടയും വഴുതിനയും പുതുതായി അറുത്തത് അവൾ ഒരു സഞ്ചിയിലെടുത്തിരുന്നു. അറുമുഖനാണ് പറഞ്ഞത്. ‘കൊച്ചമ്പ്രാട്ടി ണ്ടാക്കീതാന്ന് പറഞ്ഞ് കൊറച്ച് പച്ചക്കറീം കൊണ്ടെക്കൊടുക്കായിരുന്നു’ എന്ന്. അതു നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. വെറും കയ്യോടെ പോണ്ടല്ലോ.

തിരുമേനിയ്ക്ക് പച്ചക്കറി കിട്ടിയത് നന്നെ ഇഷ്ടമായി. അദ്ദേഹം അതെല്ലാം എടുത്തുനോക്കി, കല്യാണിയമ്മയെ വിളിച്ചു.

‘കല്യാണിയമ്മേ ഈ മിടുക്കി കൊറച്ച് പച്ചക്കറിയൊക്കെ കൊണ്ടന്ന്ട്ട്ണ്ട്. ഇന്നന്നെ ഇതോണ്ട് സാമ്പാറ്ണ്ടാക്കണം.’

‘ഓ...’ കല്യാണിയമ്മ അവളെ നോക്കി ചിരിച്ചുകൊണ്ട് നിലത്തുവച്ച സഞ്ചിയെടുത്തു. കൊണ്ടുപോയി.

‘കുടിക്കാൻ സംഭാരായിക്കോട്ടെ, അല്ലെ?’

പദ്മിനി തലയാട്ടി. കഴിഞ്ഞ പ്രാവശ്യം കുടിച്ച സംഭാരം അവൾക്ക് ഇഷ്ടമായിരുന്നു.

‘അമ്മായി ഇപ്പഴും വീട്ടിലില്ലേ?’

‘ഇല്ല, അവര് ഇന്നലെ തിരിച്ചു പോയി.’

‘അപ്പോ മോക്ക് കൂട്ടിന് ആരാള്ളത്?’

‘എനിക്ക് ഒറ്റയ്ക്ക് പേടിയൊന്നും ഇല്ല. എന്നോട് അവര്‌ടെ വീട്ടീ പോയി താമസിക്കാംന്ന് പറഞ്ഞു. അത് ശര്യാവില്ല. ഇവിടെ നനയൊക്കെ തൊടങ്ങീട്ട്ണ്ട്. ഞാല്ലെങ്കി അതൊന്നും ശര്യാവില്ല.’

തിരുമേനി കുറച്ചുനേരം കണ്ണടച്ചിരുന്നു. പിന്നെ ചെല്ലപ്പെട്ടി തുറന്ന് വെറ്റിലയെടുത്തു ഞെട്ടി കളഞ്ഞ് ചുണ്ണാമ്പു തേക്കാൻ തുടങ്ങി.

‘ശര്യാണ്. അവനവന്റെതായിട്ട് ഒരിടംതന്നെ വേണം. ഓരോര്ത്തർക്കും ഓരോ തട്ടകംണ്ട്. മോൾക്ക് ധൈര്യംണ്ടെങ്കി കുഴപ്പല്യ. അട്ത്ത് സഹായിക്കാനൊക്കെ ആളില്ലേ?’

‘ണ്ട്, പടിക്കല്തന്നെ ചാത്തടെ വീടാണ്. അയാള്‌ടെ ഭാര്യ നീലിണ്ട്, മകന്ണ്ട്. അവരൊക്കെ നല്ലോണം സഹായിക്കും. ഒന്ന്‌രണ്ട് തലമുറ്യായിട്ട് ഞങ്ങടെ വീട്ടിലെ ആശ്രിതന്മാരായിരുന്നു. നല്ലവരാണ്.’

‘അന്ന് മരണറിയിക്കാൻ വന്ന കുട്ടി അല്ലെ? എന്താ പേര്...?’ തിരുമേനി നെറ്റിമേൽ കൈവച്ച് ആ പേർ ഓർമ്മിയ്ക്കാൻ ശ്രമിച്ചു.

‘അറുമുഖൻ.’

‘അതെ, അവൻ നല്ലവനാ. നല്ല ബുദ്ധിള്ള കുട്ട്യാണ്.’ തിരുമേനി കുറച്ചു നേരം സ്വന്തം മകനെപ്പറ്റി ആലോചിച്ചു. മുടങ്ങാതെ പണമയച്ചുതരുന്നു, കത്തുകളെഴുതുന്നു. അധികവും അവന്റെ യാത്രകളെപ്പറ്റിയാണ്. ഒന്നുകിൽ കമ്പനിവക യാത്രകൾ, അല്ലെങ്കിൽ സ്‌നേഹിതന്മാരോടൊപ്പം ഉല്ലാസയാത്രകൾ. താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ. അദ്ഭുതം തോന്നുന്നു. മുപ്പത്തഞ്ചു വയസ്സു കഴിഞ്ഞു. അവന്റെ ജീവിതത്തിൽ വിവാഹത്തിന്റെ കള്ളികൾ ഒഴിഞ്ഞു കിടന്നു. ജാതകത്തിൽ അങ്ങിനെയൊരു യോഗം കാണാനുമില്ല.

കല്യാണിയമ്മ സംഭാരം രണ്ടു ഗ്ലാസ്സുകളിലാക്കി കൊണ്ടുവന്നു.

‘മോള് വെറ്‌തെ വന്നതല്ലേ? വിശേഷൊന്നുംല്ല്യല്ലോ.’

‘ഏയ്, ഞാൻ വെറുതെ തിരുമേനീനെ കാണാനും നന്ദി പറയാനും വന്നതാണ്.’

‘നന്ദി എന്ന വാക്കിന്റെ ആവശ്യമുണ്ടോ കുട്ടീ? ഒരു മകൾ അച്ഛനോട് നന്ദി പറയാറുണ്ടോ? നീയെനിയ്ക്ക് പിറന്നിട്ടില്ലാത്ത മകളാണ്. ഒരു പെൺകുട്ടിയും എന്നെ അച്ഛനെന്നു വിളിക്കാനില്ല. മകന്റെ കാര്യൊന്നും തീർച്ചല്ല്യ. എന്നെ ഒരു അച്ഛനെപ്പോലെ കരുതിയാൽ മതി. എപ്പൊ വേണങ്കിലും ഓടിവരാം. അതെത്ര കാലം പറ്റുംന്നൊന്നും പറയാൻ വയ്യ. അറുപത്തഞ്ച് കഴിഞ്ഞു. ഇതൊന്നും നമ്മടെ കയ്യിലല്ലല്ലോ.’

‘ഞാൻ തിരുമേനിടെ ആയുസ്സിനു വേണ്ടി പ്രാർത്ഥിക്കാം.’

‘ഊണു കഴിച്ചിട്ട് പോയാമതി. എന്താ?’

അവൾ ഒന്നും പറഞ്ഞില്ല.

‘ന്നാ അകത്ത് പൊയ്‌ക്കോളു. അവിടെ കല്യാണിയമ്മ നെനക്ക് എന്തെങ്കിലും ഒക്കെ തിന്നാൻണ്ടാക്കിത്തരും. രാമന്നായരേ.’

‘ഓ...’

രാമൻ നായർ ഉമ്മറത്തേയ്ക്കു വന്നു.

‘ഈ കുട്ടി ഊണു കഴിക്കാന്ണ്ടാവുംന്ന് കല്യാണിയമ്മ്യോട് പറയണം. പിന്നെ എനിക്ക് കുളിക്കണം.’

‘കൊളത്തീന്നന്നെ അല്ലെ ആവോ?’

‘ങാ, ഇന്ന് കൊളത്തില് കുളിക്കാം.’