close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി: ഇരുപത്തിയാറ്


കൊച്ചമ്പ്രാട്ടി: ഇരുപത്തിയാറ്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

‘നമ്ക്ക് ആദ്യത്തെ കുല തിരുമേനിയ്ക്ക് കൊടുക്കണം.’ അറുമുഖൻ പറഞ്ഞു. വാഴക്കുലകൾ ഉണങ്ങിയ പട്ടകൾകൊണ്ട് മൂടിവച്ചിരുന്നു. നല്ല തുടമുള്ള കായ്കൾ. അറുമുഖന്റെ ആറുമാസത്തെ അദ്ധ്വാനം വെറുതെയായിട്ടില്ല. ഓണത്തിന് രണ്ടാഴ്ചയേയുള്ളു. ഇപ്പോഴാണ് നല്ല വില കിട്ടുക. അവൻ ടൗൺ മാർക്കറ്റിൽ പോയി അന്വേഷിച്ചു കഴിഞ്ഞു.

‘അമ്മയ്ക്ക് രണ്ടു കൊല കൊടുക്കാം. കൊച്ചമ്പ്രാട്ടിയ്ക്ക് രണ്ടെണ്ണം മത്യോ?’

‘എനിക്ക് ഒരെണ്ണം മതി. അത്തന്നെ അറുമുഖൻ തിന്നു തീർക്കണ്ടിവരും.’ പദ്മിനി ചിരിച്ചുകൊണ്ടു പറഞ്ഞു.

‘അപ്പൊ ബാക്ക്യൊക്കെ നമക്ക് വില്ക്കാം, എന്താ?’

‘അല്ലാതെ? അറുമുഖൻ പണക്കാരനാവൂലോ!’

അറുമുഖൻ പോയശേഷം പദ്മിനി പറമ്പിൽത്തന്നെ നിന്നു. ആദ്യമായി കാണുന്നപോലെ ആ വാഴത്തോട്ടം നോക്കി. കുലയുടെ ഭാരംകൊണ്ട് ചാഞ്ഞു നിൽക്കുന്ന വാഴകൾ. പലതിനും മുളകൾകൊണ്ട് ഊന്ന് വച്ചുകൊടുത്തിരിക്കുന്നു. ചില വാഴകൾക്കിടയിൽ അറുമുഖന്റെ കാലിൽനിന്നു രക്ഷപ്പെട്ട കന്നുകൾ അരയടി പൊക്കത്തിൽ, ‘ആവൂ’ എന്ന ഭാവത്തിൽ നിൽക്കുന്നു. ആദ്യമായി ഒരു വാഴയുടെ കടയ്ക്കൽ പൊട്ടിമുളച്ച കന്ന് അറുമുഖൻ കാലുകൊണ്ട് ചവിട്ടി ഞെരിക്കുന്നതുകണ്ടപ്പോൾ പദ്മിനിയ്ക്ക് വിഷമമായി. എന്തിനാണതു നശിപ്പിക്കുന്നതെന്ന് അവൾ ചോദിച്ചു. കന്നുകൾ ഉണ്ടാവാൻ സമ്മതിച്ചാൽ കായ മോശമാവുമെന്ന് അറുമുഖൻ പറഞ്ഞു. കുല വെട്ടിയ ശേഷം കിളച്ച് കിഴങ്ങുകൾ എടുത്ത് വെണ്ണീർ പുരട്ടി വയ്ക്കണമെന്നും, പിന്നെ കാലമായാൽ നടുകയാണ് വേണ്ടതെന്നും അവൻ പറഞ്ഞു. അറുമുഖന്റെ അറിവിൽ അവൾ എപ്പോഴും അദ്ഭുതപ്പെട്ടു നിൽക്കാറുണ്ട്. ഇതൊന്നും പുസ്തകത്തിൽ നിന്നു ലഭിച്ച അറിവല്ല, നാട്ടറിവാണ്. അനുഭവംകൊണ്ടും മറ്റുള്ളവരുടെ അനുഭവം പങ്കുവച്ചും കിട്ടുന്ന അറിവ്.

വാഴകൾക്കിടയിൽനിന്നു പുറത്തു കടന്ന് അവൾ ഒരിക്കൽക്കൂടി ആ സമ്പന്നമായ പറമ്പ് നോക്കിക്കണ്ടു. ആറു മാസം മുമ്പ് അത് വെറുമൊരു മൊട്ടപ്പറമ്പായിരുന്നു. ഇന്നത് മാതൃത്വത്തിന്റെ സംതൃപ്തിയോടെ നിൽക്കുന്ന ഒരു വാഴത്തോട്ടം. മരുഭൂമിയിൽനിന്ന് മരുപ്പച്ചയിലേയ്ക്കുള്ള പ്രയാണം. തന്റെ ജീവിതത്തിലും ഈ മാറ്റം വേണ്ടെ? വെറും ഇച്ഛാശക്തികൊണ്ട് അറുമുഖൻ ആറുമാസം കൊണ്ടുണ്ടാക്കിയതാണ് ഈ വാഴത്തോട്ടം. അറുമുഖൻ ഒന്നും വിധിയ്ക്കു വിട്ടുകൊടുത്തില്ല. അതാണ് ശരിയായ മാർഗ്ഗമെന്ന് പദ്മിനിയ്ക്കു തോന്നി. അമ്മ എല്ലാം വിധിയ്ക്കു വിട്ടുകൊടുത്തു. എന്നിട്ടെന്തുണ്ടായി? ഞാൻതന്നെ എന്റെ ഭാവിയുണ്ടാക്കട്ടെ. അവൾക്ക് തീരുമാനങ്ങളെടുക്കേണ്ടതുണ്ട്.

വൈകുന്നേരം അറുമുഖൻ വന്നത് ഒരു മാപ്പിളയുടെ ഒപ്പമാണ്.

‘ടൗണീത്തെ കച്ചോടക്കാരനാണ്.’ അറുമുഖൻ പരിചയപ്പെടുത്തി.

‘ബരീൻ ഇബ്രായിംക്കാ.’ അറുമുഖൻ ടൗണിലെ മുസ്ലീമുകളുടെ ഭാഷയാണ് സംസാരിക്കുന്നത്. അവർ പടിഞ്ഞാറെ പറമ്പിലേയ്ക്കു പോയി. അയാൾ വാഴകൾക്കിടയിലൂടെ നടന്ന് ഓരോ കുലകളായി പരിശോധിക്കുകയാണ്. പദ്മിനിയ്ക്ക് ദേഷ്യം പിടിച്ചു. എന്താണയാൾക്ക് ഇത്രമാത്രം നോക്കാനുള്ളത്. അറുമുഖൻ ക്ഷമയോടെ അയാളുടെ ഒപ്പം നടക്കുന്നുണ്ട്.

ഇബ്രാഹിം കാക്കയ്ക്ക് തൃപ്തിയായെന്നു തോന്നുന്നു.

‘ഞ്ഞി ഇങ്ങടെ ബെല പറീൻ.’

‘ഹേയ് നിങ്ങളല്ലെ വെല പറേണ്ടത്?’ അറുമുഖൻ പറഞ്ഞു. ‘ഇതാ ആദ്യത്തെ വരീല് നാല് കൊല മാറ്റിവച്ചിട്ട് ബാക്കിക്ക് വെല പറഞ്ഞാ മതി.’ അവൻ വടക്കെ അറ്റത്തുള്ള നാലു വാഴകൾ ചൂണ്ടിക്കാട്ടി പറഞ്ഞു.

അയാൾ മുറ്റത്തേയ്ക്ക് നടന്നുവന്നു. തുടർന്നുണ്ടായ വിലപേശൽ പദ്മിനി കൗതുകത്തോടെ നോക്കിനിന്നു. ആദ്യം മാപ്പിള പറഞ്ഞ വിലയുടെ ഇരട്ടിയെത്തിയെങ്കിലും അറുമുഖൻ സംതൃപ്തനായില്ല. അവൻ പറഞ്ഞു.

‘ഞാൻ നിങ്ങളെ വെറ്‌തെ കൂട്ടിക്കൊണ്ടന്നു. നിക്ക് വെള്ളം തേവീതിന്ള്ള പണം കിട്ടൂലല്ലോ ഈ വെലയ്ക്ക് തന്നാൽ.’

‘ന്നാ, ജ്ജ് അന്റെ വെല പറയ് പഹയാ.’ ഇബ്രാഹിം കുറേശ്ശെ അസഹിഷ്ണുത പ്രകടിപ്പിച്ചു തുടങ്ങി.

അറുമുഖൻ അവന്റെ വില പറഞ്ഞു. അവൻ തുടർന്നു. ‘ഇവ്‌ടെ ചുറ്റുവട്ടത്തും ആയിട്ട് പന്ത്രണ്ട് നായമ്മാര്‌ടെ കുടുംബംണ്ട്. ഒക്കെ ഞാൻ അറീണോരാ. ഓരാര്ത്തർക്ക് ഓണത്തിന് ചുരുങ്ങീത് അഞ്ച് കൊലേങ്കിലും വേണ്ടിവരും. നിങ്ങള് വിക്കണ വെലെന്ന് രണ്ടുറുപ്പ്യ കൊറച്ച് തരാംന്ന് പറഞ്ഞാ അവർക്ക് സന്തോഷാവും. അവർക്ക് വീട്ടില് നല്ല സാധനം കിട്ടും ചെയ്യും. എനിക്കത് കൊണ്ടെക്കൊട്ക്കണംന്നല്ലേള്ളൂ.’

‘ന്നാ ജ്ജ് ഓല്ക്ക് കൊണ്ടക്കൊടുത്താളാ പഹയാ. അമ്മക്കുട്ടീ ഞാൻ പോണ്, ഈ ശെയ്ത്താനോട് സംസാരിച്ചാ ശര്യാവൂല.’

അയാൾക്ക് ശരിക്കും ദേഷ്യം പിടിച്ചെന്നു തോന്നുന്നു. അവസാനം അമ്മക്കുട്ടിയുടെ അടുത്തുനിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് അയാൾ പദ്മിനിയോട് പറഞ്ഞത്. അവൾ ഒന്നും പറയുന്നില്ലെന്നു കണ്ടപ്പോൾ ഇബ്രാഹിം പടിയ്ക്കലേയ്ക്കു നടന്നു.

പദ്മിനിയ്ക്ക് വിഷമമായി. പടികടന്ന് പോകുന്ന കച്ചവടക്കാരനെ നോക്കി അവൾ അറുമുഖനോട് പറഞ്ഞു.

‘അയാള് പറഞ്ഞത് നല്ല വെല്യല്ലെ, കൊട്ക്കായിര്ന്നില്ലേ?’

‘അതിലും കൂടുതൽ കിട്ടുംന്ന് വെച്ചാപ്പിന്നെ നമ്മളെന്തിനാണ് ആ വെലയ്ക്ക് കൊടുക്കണത്. നോക്കിക്കോളു മാപ്പിള ഇപ്പത്തന്നെ തിരിച്ചുവരും. ഇതൊക്കെ ടൗണില്‌ത്തെ കച്ചോടക്കാര്‌ടെ ജാട്യല്ലെ. അയാള് ഈ കൊല്യൊക്കെ കൊണ്ടോയി പഴുപ്പിച്ച് എരട്ടി വെലയ്ക്ക് വിക്കും. കൊച്ചമ്പ്രാട്ടിയ്ക്ക് അറിയോ? ഓണം അട്ത്താല് പഴത്തിന്റെ വെല ഓരോ ദെവസും കൂടിക്കൂടി വരും.’

അറുമുഖന്റെ പ്രവചനം ശരിയായിരുന്നു. പാടം കഴിഞ്ഞ് പോയ കച്ചവടക്കാരൻ തിരിച്ചു വന്നു, അരപ്പട്ടയിൽനിന്ന് പഴ്‌സെടുത്തു ഒരു പത്തുറുപ്പിക നോട്ടെടുത്ത് പദ്മിനിയുടെ നേരെ നീട്ടി.

‘അമ്മക്കുട്ടീ ഒര് രണ്ടുറുപ്പിക കൊറവ്‌വച്ച് നമ്ക്ക് കച്ചോടം ഒറപ്പിക്കാം, ദാ അഡ്മാനീസ് പിടിക്കീ.’

പദ്മിനി അറുമുഖനെ നോക്കി. അവൻ തലയാട്ടി. ഇബ്രാഹിമിന്റെ മുഖത്ത് കാലൂഷ്യമൊന്നുമില്ല.

‘അപ്പ ഞമ്മള് നാളെ രാവിലെ വന്നിട്ട് സാധനം കൊണ്ടോവാം, എന്താ.’ അറുമുഖന്റെ മുഖത്തു നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. ‘ഹമ്‌ക്കേ ജ്ജ് ഞമ്മന്റെ ഒപ്പം കച്ചോടം ശെയ്യാൻ ബര്ണാ? ഞമ്മള് പാർട്ടണറായിട്ട് എട്ക്കാം അന്നെ.’

അറുമുഖൻ ചിരിച്ചു. ‘നാളെ രാവിലെത്തന്നെ വന്ന് കൊണ്ടോവണം കാക്ക.’

‘സരി.’

ഇബ്രാഹിം പോയിക്കഴിഞ്ഞപ്പോൾ അറുമുഖൻ പറഞ്ഞു. ‘നാളെ ഇയ്യാള്തന്ന്യാ വന്ന് ഇതൊക്കെ ഏറ്റിക്കൊണ്ടാവ്വാ. പറേമ്പ ടൗണിലെ വല്യ മൊതലാളിയാ. ഇങ്ങനെ അദ്ധ്വാനിക്കണ ഒരു കൂട്ടര് ഈ മാപ്ലാരെ കഴിച്ചിട്ടേള്ളു.’

അയാൾ മര്യാദക്കാരനായിരുന്നു. അറുമുഖൻ പറഞ്ഞപോലെത്തന്നെ അതിരാവിലെ വലിയ ഒരു കൊട്ടയുമായി ആളെത്തി. സഹായത്തിന് ഒരു പയ്യനുമുണ്ട്. വന്ന ഉടനെ അയാൾ അരപ്പട്ടയിൽനിന്ന് പഴ്‌സെടുത്തു അഡ്വാൻസ് കിഴിച്ചുള്ള പണം എണ്ണി പദ്മിനിയുടെ കയ്യിൽ കൊടുത്തു.

രണ്ടുപേരും കൂടി മൂന്നു നടത്തംകൊണ്ട് കുലകളെല്ലാം കൊണ്ടുപോയി. അവസാനത്തെ കൊട്ട തലയിലേയ്ക്കു കയറ്റും മുമ്പ് ഇബ്രാഹിം പറഞ്ഞു.

‘അമ്മക്കുട്ടീ, അട്ത്ത കൊല്ലൂം ഞമ്മക്ക് തന്നെ കച്ചോടം തരണംട്ടാ.’

‘ഇതിലും നല്ല വെല തര്വാച്ചാ അട്ത്ത കൊ ല്ലും കാക്കാന്തന്നെ തരാം.’

മാപ്പിള അവളെ നോക്കി ചിരിച്ചു. ‘അമ്മക്കുട്ടീം ആള് മോസക്കാര്യല്ലല്ലോ.’

അവർ കൺമുമ്പിൽനിന്നു മറഞ്ഞപ്പോൾ അവൾ പറഞ്ഞു. ‘അങ്ങനെ അതും കഴിഞ്ഞു.’

അറുമുഖനും അതുതന്നെയായിരുന്നു ആലോചിച്ചിരുന്നത്.

‘അറുമുഖൻ ഈ ഉമ്മറത്തേയ്ക്കു കയറി നിൽക്കൂ.’

‘എന്തേ?’

‘നിൽക്കൂ. കിഴക്കോട്ട് തിരിഞ്ഞ്. ങാ, അങ്ങിനെ.’

അവൾ ഇബ്രാഹിം തന്ന പണം അറുമുഖന്റെ കയ്യിൽ വച്ചുകൊടുത്തു.

‘എന്തിനാണ് എനിക്ക് എല്ലാം തന്നത്. പകുതി കൊച്ചമ്പ്രാട്ടീട്യാണ്. വേണങ്കി മുഴ്വോനും എടുത്തോളു.’

‘ഞാൻ എല്ലാം തന്നിട്ടില്ല. ഇന്നലെ കാക്ക തന്ന അഡ്വാൻസ് പത്തുറുപ്പിക ഞാൻ വച്ചിട്ട്ണ്ട്. അതോണ്ട് എനിക്കൊരു കാര്യംണ്ട്.’

തൃക്കാവിൽ ഒരു പുഷ്പാഞ്ജലിയും നെയ്പ്പായസവും കഴിക്കാനാണ് അവൾ പണമെടുത്തുവച്ചത്.

‘ഇത് ശര്യാവില്ല കൊച്ചമ്പ്രാട്ടി. എന്തെങ്കിലും എടുക്കണം.’

‘ഇന്നന്നെ അത് കൊണ്ടോയിട്ട് അറുമുഖന്റെ ബാങ്കിലിടു. എനിക്ക് ഏതെങ്കിലും കാലത്ത് ആവശ്യായി വന്നാൽ ചോയ്ച്ചാപ്പോരെ?’

അറുമുഖന്റെ മുഖം തീരെ പ്രസന്നമല്ല. എന്തിനാണ് ഇങ്ങിനെ ഒരു കടപ്പാട് കൊച്ചമ്പ്രാട്ടി എന്റെ മണ്ടക്കിടുന്നത്? വീട്ടിലെത്തിയപ്പോൾ അവന്റെ മുഖത്തുനിന്ന് എന്തോ പന്തിയല്ല എന്നു തോന്നിയ നീലി ചോദിച്ചു.

‘എന്തു പറ്റീടാ അറമുകാ?’

കച്ചവടത്തിൽ എന്തോ നഷ്ടം പറ്റിയെന്നാണ് അവർ കരുതിയത്.

‘ഒന്നുംല്ല്യ അമ്മാ, കൊച്ചമ്പ്രാട്ടി പണൊന്നും വാങ്ങീല.’

‘ഒന്നും വാങ്ങീലെ?’ അവർ അദ്ഭുതത്തോടെ മകനെ നോക്കി. ‘പാതീം പാതീംന്നല്ലെ നീയ് പറഞ്ഞിര്‌ന്നേ.’

അവൻ ഒന്നും പറയാതെ നിലത്തിരുന്നു. നീലി കുറച്ചുനേരം ആലോചിച്ചിരുന്നു.

‘നീയ് ഏത്തം വെച്ചേനും തേവീതിനൊന്നും വാങ്ങീല്ല്യല്ലോ. ചെലപ്പൊ അതോണ്ടായിരിക്കും.’

‘അങ്ങനെ പറയല്ല അമ്മാ, ഞാൻ കൊച്ചമ്പ്രാട്ടീനെ സഹായിക്കാൻ ചെയ്യണതാ. അല്ലാതെ പണത്തിനൊന്നും അല്ല.’