close
Sayahna Sayahna
Search

കോഴിക്കോട് മുനിസിപ്പാലിറ്റി


__NOMATHJAX__

സഞ്ജയോപാഖ്യാനം
ഗ്രന്ഥകാരന്‍ സഞ്ജയന്‍ (എം ആര്‍ നായര്‍)
മൂലകൃതി സഞ്ജയന്‍
ഭാഷ മലയാളം
വിഷയം ഹാസ്യം
പ്രസിദ്ധീകരണ വർഷം 1935
മാദ്ധ്യമം പ്രിന്റ്
Preceded by കമീഷണര്‍മാരുടെ ഉല്പത്തി
Followed by ഔദ്ധത്യം

ഇതെന്തൊരു മുനിസിപ്പാലിറ്റിയാണ്! മാർസഡൻസായ്‌വ് “ചമച്ച” പാഠപുസ്തകത്തിൽ പറഞ്ഞതു പോലെ, “ഇതിനെ നോക്കൂ!” ഇതിന്റെ ഗുണഗണങ്ങൾ വ‌‌ർണ്ണിച്ചു തീർക്കുവാൻ ആർക്ക് കഴിയും?

“പല പകലുമിരവുമതു ഭുജഗപതി ചൊൽകിലും
ഭാരതായോധനം പാതിയും ചൊല്ലുമോ?”

എന്ന നിലയിൽ പരന്നു കിടക്കുന്ന ഒരു വിഷയമാണത്.

ഇവിടെ മദ്രാസിലുള്ളതിനേക്കാൾ പൊടിയുണ്ട്; കൊച്ചിയിലുള്ളതിനെക്കാൾ ചളിയുണ്ട്; ചേർത്തലയുള്ളതിനേക്കാൾ പൊരുക്കാലുണ്ട്; വയനാട്ടിലുള്ളതിനേക്കാൾ കൊതുവുണ്ട്; മത്തിപ്രസ്സിലുള്ളതിനേക്കാൾ ദൂർഗ്ഗന്ധമുണ്ട്. ഇവിടെ പരിചയിച്ച മൂക്കിന്ന് നരിമട സുരഭിലമായിത്തോന്നും; ഇവിടെപ്പഴകിയ കണ്ണു് ഏതു മാലിന്യത്തേയും അറപ്പില്ലാതെനോക്കും. ഇവിടുത്തെ കാററിലോ, മണ്ണിലോ, വെള്ളത്തിലോ ഇല്ലാത്ത മഹാരോഗബീജങ്ങൾ ഇത്രിഭുവനത്തിലുണ്ടായിരിക്കുകയില്ല. “ഛേ; ഇതു കുറെ കവിഞ്ഞുപോയി കുറേയൊക്കെ വാസ്തവമായിരിക്കും; എങ്കിലും ഇങ്ങിനെ പറയാൻ മാത്രമൊന്നും ഉണ്ടായിരിക്കുകയില്ല” എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ, നിങ്ങൾ ഇതുവരെ കോഴിക്കോട്ടാപ്പീസ്സിൽ വണ്ടിയിറങ്ങി നൂറുവാര ദൂരം നടക്കേണ്ടി വന്നിട്ടില്ല. ഭാഗ്യവാൻ! നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ മാപ്പാക്കിയിരിക്കുന്നു.

* * *

കോഴിക്കോട്ട് ചില സ്ഥലങ്ങളിൽ പ്ലേഗുണ്ട്പോലും. എനിക്ക് യാതൊരത്ഭുതവുമില്ല. പ്ലേഗല്ലേ ഉള്ളു. എന്നാണ് ഞാൻ പറയുക. എന്റെ സാർ ഇവിടെ വന്നുനോക്കിയാലല്ലേ ഇവിടുത്തെ കഥയറിയൂ? “മരണം പ്രകൃതിശ്ശരീരിണാം വികൃതിര്‍ജ്ജീവിതമുച്യതേ ബുധൈഅഃ” എന്ന കാളിദാസവചനത്തിന്റെ രാമവാരിയരുടെ വ്യാഖ്യാനത്തെക്കാള്‍ കവിഞ്ഞ വ്യാഖ്യാനമല്ലേ കോഴിക്കോട് മുനിസിപ്പാലിറ്റിയിലെ ജീവിതം?

22-8-’34.