close
Sayahna Sayahna
Search

ഗലീലിയോ പറഞ്ഞു; ചങ്ങമ്പുഴ പറഞ്ഞു


ഗലീലിയോ പറഞ്ഞു; ചങ്ങമ്പുഴ പറഞ്ഞു
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡിസി ബുക്‌സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?

വര്‍ഷംതന്നെ എനിക്ക് ഓര്‍മയില്ല. അപ്പോള്‍ മാസമേത് തീയതിയേത് എന്നു പറയുന്നതെങ്ങനെ? ഏതാണ്ട് അറുപതു കൊല്ലം മുന്‍പാകണം. തിരുവനന്തപുരത്തെ ശാസ്തമംഗലമെന്ന സ്ഥലത്തുള്ള ഒരു വീട്ടിലായിരുന്നു എന്റെ താമസം. സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന ഞാന്‍ വീടിന്റെ ഗെയ്റ്റിനടുത്തു വഴിയോരക്കാഴ്ചകള്‍ കണ്ടുനില്‍ക്കുകയായിരുന്നു ഒരു സായാഹ്നത്തില്‍. പൊടുന്നനെ രണ്ടുചെറുപ്പക്കാര്‍ റോഡിനപ്പുറത്തെ അതിരില്‍ക്കുടി നടന്നു പോകുന്നതു ഞാന്‍ കണ്ടു. യുവാക്കന്മാര്‍ പൊക്കം കൂടിയവര്‍. രണ്ടുപേരും ആകൃതിസൌഭഗമാര്‍ന്നവര്‍. ഒരാളുടെ തോളില്‍ നൂറോളം പുസ്തകങ്ങള്‍ വരും. അവ താഴെ വീഴാതെ കൈ കൊണ്ട് അമര്‍ത്തിപ്പിടിച്ചു ക്ലേശപുര്‍ണമായ വിധത്തിലാണ് അയാള്‍ നടക്കുന്നത്. എങ്കിലും ലജ്ജകലര്‍ന്ന മന്ദസ്മിതം അയാളുടെ സുന്ദരവദനത്തില്‍. മറ്റേ യുവാവിന്റെ തോളിലോ കൈയിലോ ഒന്നുമില്ല. അയാളും പുഞ്ചിരി പൊഴിക്കുന്നുണ്ട്. ആവശ്യകതയുടെ പേരില്‍ സ്വന്തം സ്ഥാനത്തിന് അത്രകണ്ടു യോജിക്കാത്ത പ്രവൃത്തികള്‍ ചെയ്യേണ്ടതായി വരുമ്പോള്‍ ആ അസ്വസ്ഥത മന്ദഹാസം കൊണ്ട് മറയ്ക്കാനായി ആളുകള്‍ യത്നിക്കുമല്ലോ. ആ രീതിയിലുള്ള പുഞ്ചിരിയാണ് ഞാന്‍ അവരുടെ മുഖങ്ങളില്‍ കണ്ടത്. രണ്ടുപേരും ആദ്യം കണ്ട വീട്ടിലേയ്ക്ക് കയറിപ്പോയി. അടുത്ത ക്ഷണത്തില്‍ തിരിച്ചു റോഡിലേക്കു പോരുകയും ചെയ്തു. അവര്‍ നടന്നു മറയുന്നതുവരെ ഞാന്‍ അവരെത്തനെ നോക്കി നിന്നു. അല്പം കഴിഞ്ഞ് ആ വീട്ടില്‍നിന്നിറിങ്ങി വന്ന ഒരു ബാലനോട് ‘അവര്‍ ആരാണ്’ എന്നു ഞാന്‍ ചോദിച്ചു. പയ്യന്‍ പറഞ്ഞു.. ‘ഒരാള്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന കവി. അയാള്‍ എഴുതിയ രമണന്‍ എന്ന പുസ്തകം വില്‍ക്കാന്‍ കൊണ്ടുവന്നതാണ്. 21 ചക്രം വില. അച്ഛന്‍ ഓഫീസില്‍ നിന്ന് വന്നിട്ടില്ല. അതുകൊണ്ടു വാങ്ങിച്ചില്ല.’’ ‘വാങ്ങിച്ചില്ല’ എന്ന ചോര പുരണ്ട വാക്ക് എന്റെ മുന്‍പില്‍ വീണു. ഞാന്‍ ദുഃഖിച്ചു. എന്റെ ആ താല്‍ക്കാലിക ദുഃഖത്തില്‍ അര്‍ത്ഥമില്ലെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിച്ചു. ‘രമണന്‍’ എന്ന കാവ്യ ശില്‍പം വാങ്ങാന്‍ ലക്ഷക്കണക്കിനാളുകള്‍ ഉടൊയി. ഇപ്പോഴും സഹൃദയര്‍ അതു വാങ്ങിക്കൊണ്ടിരിക്കുന്നു. “ആരും വാങ്ങിയിട്ടില്ലെന്നോ, ഹാ, നിന്നാരാമശ്രീതന്‍ സൌഭാഗ്യം?’’എന്നു കവിയോടൊപ്പം എനിക്കന്നു ചോദിക്കാമായിരുന്നു. പൂമാല കൈയിലേന്തിയ ബാലിക ഒരോടക്കുഴല്‍ നാദധാരയ്ക്കുവേണ്ടി അത് അജപാലബാലകനു നല്‍കിയല്ലോ. കൈരളിയുടെ ‘രമണ’നെന്ന ‘ആരാമശ്രീതന്‍ സൌഭാഗ്യം’ ആദ്യമാരും വാങ്ങിയില്ലെങ്കിലും പില്‍ക്കാലത്തു സഹൃദയനെന്ന ആട്ടിടയന്‍ വാങ്ങുകയും ആസ്വാദനമെന്ന പുല്ലാങ്കുഴല്‍ ഗാനം പ്രസരിപ്പിക്കുകയും ചെയ്തു.

മലയാള കവിതയുടെ സാമ്രാജ്യത്തില്‍ ഒരു നവീന സരണി ഉത്ഘാടനം ചെയ്ത ‘രമണ’നെക്കുറിച്ച് നിരൂപണമെഴുതാനുള്ള യത്നമല്ല എന്റേത്. അതിന്റെ ആവശ്യകത ഇപ്പോഴില്ല. ഒന്നോ രണ്ടോ കാര്യങ്ങള്‍ അനതിവിസ്തരമായി വായനക്കാരുടെ മുന്‍പില്‍ കൊണ്ടുവരാനേ എനിക്കു കൌതുകമുള്ളു. ഈസാബെല്‍ ആയേന്ദേ (Isabel Allende) എന്ന ചിലിയന്‍ സാഹിത്യകാരിയുടെ Two Words എന്നൊരു ചിന്താസുന്ദരമായ കഥ ഞാന്‍ വായിച്ചിട്ടുണ്ട്. ബേലീസാ (Belisa) എന്ന യുവതി വാക്കുകള്‍ വിറ്റു ജീവിക്കുന്നവളാണ്. അഞ്ചു തെന്‍താബോ (Centavo — ഒരു ചെറിയ നാണയം) കൊടുത്താല്‍ അവള്‍ ഓര്‍മ്മയില്‍നിന്നു കവിതകള്‍ ചൊല്ലും. ഏഴെണ്ണം കൊടുത്താല്‍ സ്വപ്നങ്ങളുടെ മേന്മ വര്‍ധിപ്പിക്കും. പ്രേമലേഖനം എഴുതിക്കൊടുക്കാന്‍ ഒന്‍പതു നാണയമാണ് അവള്‍ക്കു വേണ്ടത്. ശിശുക്കളെ അപമാനിക്കുന്ന വാക്കുകള്‍ പറഞ്ഞുകൊടുക്കാന്‍ കൂലി പന്ത്രണ്ടു നാണയമാണ്. അങ്ങനെയിരിക്കെ അവളെ ഒരു കേണലിന്റെ ഭടന്മാര്‍ ബന്ധനസ്ഥയാക്കികുതിപ്പുറത്ത് ഇട്ടുകൊണ്ടു്പോയി. കേണല്‍ അവളോടു ചോദിച്ചു, “നീയാണോ വാക്കുകള്‍ വില്‍ക്കുന്നവള്‍?’’ അവള്‍ വിനയത്തോടെ മറുപടി നല്‍കി. കേണലിന് പ്രസിഡന്‍റാകണം. അവള്‍ പ്രഭാഷണത്തിന്റെ വാക്കുകള്‍ അയാള്‍ക്കു വില്‍ക്കണം. അവള്‍ പ്രഭാഷണം എഴുതിക്കൊടുത്തു. അതു ഹൃദിസ്ഥമാക്കി ജനങ്ങളെ നോക്കി പ്രസംഗിച്ച കേണല്‍ അവര്‍ക്ക്

caption
ഈസാബെല്‍ ആയേന്ദേ

അഭിമതനായി. ബേലീസാ കേണലിന്റെ അടുത്തു ചെന്നു പ്രേമപൂര്‍വം അയാളുടെ കരം ഗ്രഹിക്കുമ്പോള്‍ കഥ പര്യവസാനത്തിലെത്തുന്നു. യുദ്ധവീരനാണ് കേണല്‍. പക്ഷേ, അയാള്‍ക്കു ജനഹൃദയങ്ങളില്‍ പ്രവേശമില്ലായിരുന്നു. ബേലീസാ എഴുതിക്കൊടുത്ത വാക്കുകള്‍ കേണല്‍ അവരെ കേള്‍പ്പിച്ചപ്പോള്‍ അവയുടെ സ്വാധീനതയിലമര്‍ന്ന അവര്‍ അയാളെ അംഗീകരിച്ചു. എല്ലാ കവികളും പദങ്ങള്‍ കൊണ്ടാണ്‌ വായനക്കാരെ സ്വാധീനതയില്‍ കൊണ്ടുവരുന്നത്. പക്ഷേ, ചങ്ങമ്പുഴയുടെ കാര്യത്തില്‍ വ്യത്യസ്തതയുണ്ട്. ജി. ശങ്കരക്കുറുപ്പും വൈലോപ്പിള്ളിയും നല്ല കവികള്‍ തന്നെ. പക്ഷേ അവര്‍വാക്കുകള്‍ കൊണ്ടുണ്ടാക്കുന്ന രൂപങ്ങള്‍ ജവുളിക്കടയിലെ പ്ലാസ്റര്‍ഓഫ് പാരിസ് കൊണ്ടുണ്ടാക്കിയ മാനിക്കിന്‍ (Maniquin) രൂപങ്ങളെപ്പോലെ നിശ്ചലങ്ങളായി വര്‍ത്തിക്കുന്നതേയുള്ളു. ചങ്ങമ്പുഴ സൃഷ്ടിക്കുന്ന രൂപങ്ങള്‍ ലളിതലജ്ജപുരണ്ട കണ്‍കോണുകളോടുകൂടി വിലാസവതികളായി പകിട്ടുകാണിച്ചു നടക്കുന്നു.

തളിര്‍മരക്കൊമ്പത്തു രണ്ടു മഞ്ഞ
ക്കിളികള്‍ ചിലച്ചു പറന്നുപോയി;
കുറെ വെള്ളിപ്പൂക്കളക്കൂട്ടുകാര്‍ തന്‍
നിറുകയില്‍ ഞെട്ടറ്റടര്‍ന്നു വീണു;
അരുവിയില്‍ വെള്ളം കുടിച്ചുപോകാ
നൊരു കൊച്ചു മാന്‍പേട വന്നുചേര്‍ന്നു;
ഒരു കൊച്ചുമീനിനെ കൊക്കിലാക്കി
യൊരു നില പൊന്‍മാന്‍ പകച്ചു പൊങ്ങി.

പ്രകൃതി ‘പ്രതിഭാസ’ത്തിന്റെ ദ്രാവക സ്വഭാവം മുഴുവന്‍ ഇവിടെയുണ്ട്. മഹാകവി വള്ളത്തോള്‍ പോലും അയവില്ലാത്ത മട്ടിലേ ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കു.

കാന്തിത്തഴപ്പോടുമുദിച്ചുയര്‍ന്ന
പൂന്തിങ്കള്‍ തന്‍ ബിംബന കൈതവത്താല്‍
ഏന്തിത്തുളുമ്പുന്ന നദീ ജലത്തില്‍
നീന്തിക്കളിച്ചു കളഹംസകങ്ങള്‍

എന്ന വള്ളത്തോള്‍ ശ്ളോകം മേനാഹരമാണ്. പക്ഷേ, നാലുവരികള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്ന ചിത്രമെന്ന നിലയിലല്ല അതിനു കാഠിന്യം അല്ലെങ്കില്‍ വഴങ്ങാത്ത അവസ്ഥ വരുന്നത്. ഇനിയും എന്തു വേണമെകിലും കവിക്കു പറയാമല്ലോ എന്ന തോന്നല്‍ വായനക്കാര്‍ക്ക്. ചങ്ങമ്പുഴയുടെ വരികള്‍ ആ തോന്നല്‍ ഉണ്ടാക്കുന്നില്ല. അദ്ദേഹത്തിന്റെ ആ വര്‍ണനത്തിലടങ്ങിയ ദൃശ്യം സമ്പൂര്‍ണമാണ്’; ഇനി ഒന്നും പറയേണ്ടതില്ല എന്ന് അനുവാചകനു തോന്നുന്നു. ഈ ‘ദ്രവ്യത’ രമണനിലാകെയുണ്ട്. അതുകൊണ്ടാണ് അറുപതു വര്‍ഷം കഴിഞ്ഞിട്ടും ആളുകള്‍ അതിനെ നെഞ്ചേറ്റി ലാളിക്കുന്നത്.

ഗലീലിയോ പറഞ്ഞു “ഭൂമി കറങ്ങുന്നുവെന്ന്. സത്യം പറഞ്ഞാല്‍ അതുവരെ കറങ്ങുന്നില്ലായിരുന്നു. ഗലീലിയോയുടെ പ്രസ്താവംകേട്ടയുടനെ ഇനി കറങ്ങിയില്ലെങ്കില്‍ മോശമായിവരും എന്നു വിചാരിച്ചു ഭൂമി കറങ്ങാന്‍ തുടങ്ങി. ചില കവികളുടെ പ്രവര്‍ത്തനംകൊണ്ടു മലയാള കവിത അനങ്ങാതെ വര്‍ത്തിക്കുകയായിരുന്നു. അപ്പോഴാണ് ചങ്ങമ്പുഴ വന്ന് ഭൂമിയെപ്പോലെ മലയാള കവിത ഭ്രമണം ചെയ്യുന്നുവെന്ന് ‘രമണ’ന്റെ രചനയിലൂടെ വിളംബരം ചെയ്തത്. അന്നു തുടങ്ങിയ ഭ്രമണം പങ്ങമ്പുഴ മരിച്ചിട്ടും അനുസ്യൂതമായി നിര്‍വഹികപ്പെടുന്നു, ആ ഗ്രാമീണ വിലാപ കാവ്യത്തിലൂടെ.

എന്റെ ബാല്യകാലത്ത് ഞാനും കൂട്ടുകാരും വള്ളത്തോളിന്റെ ‘പ്രേമത്തൊടും പരിണയിച്ച വധൂടിയെത്തന്‍ ധാമം നയിച്ചുപചരിപ്പൂ ദരിദ്രര്‍ പോലും. ഈ മന്ദഭാഗ്യനെ വരിച്ചതുമൂലമെന്നാരോമല്‍ക്കു ബന്ധുഗൃഹമായിതു ബന്ധുഗേഹം’ എന്നു രാത്രികാലങ്ങളില്‍ ഇടവഴിയിലൂടെ ഉറക്കെ ചൊല്ലി നടന്നു. പതിവായ ആ ചൊല്ലല്‍ കേട്ട് ഒരു വീട്ടിലെ ചട്ടമ്പിയിറങ്ങിവന്നു ‘കവിത ചൊല്ലാനറിയാമല്ലേ’ എന്നു രോഷത്തോടെ ചോദിച്ചു. അതോടെ ഞാനതു നിര്‍ത്തി. നാലു കൊല്ലം മുന്‍പു വീടിന്റെ മുന്‍വശത്തിരുന്നു ഞാന്‍ രമണന്‍ ഉറക്കെ വായിക്കുകയായിരുന്നു.

 
വെണ്ണക്കുളിര്‍ക്കല്‍ വിരിപ്പു
കളാല്‍ കണ്ണാടിയിട്ട നിലത്തു നീളെ,
ചെമ്പനിനീരലര്‍ ചിന്നിച്ചിന്നി സഞ്ച
രിക്കുന്ന നിന്‍ പേവടികള്‍ കല്ലിലും
മുള്ളിലും വിന്യസിക്കാനില്ല ഞാന്‍
സമ്മതമേകുകില്ല

എന്ന ഭാഗമെത്തിയപ്പോള്‍ വീടിന്റെ തൊട്ടടുത്തുള്ള പാതയിലൂടെ ഒരു കോണ്‍വന്‍റ് സ്കൂള്‍ അദ്ധ്യാപിക പോവുകയായിരുന്നു. അവര്‍ ഉടനെ വീട്ടുമുറ്റത്തേക്കു വന്നു ‘സാര്‍ രമണന്‍ എനിക്കൊന്നു വായിക്കാന്‍ തരൂ. ഞാന്‍ നാളെ തിരിച്ചു തരാം’ എന്നു പറഞ്ഞു. ഞാന്‍ പുസ്തകം കൊടുത്തു. വള്ളത്തോളിന്റെ വരികള്‍ ഞാനിപ്പോള്‍ ചൊല്ലാറില്ല. രമണനിലെ ഹൃദിസ്തങ്ങളായ വരികള്‍ വീണ്ടും വീണ്ടും ചൊല്ലുന്നു. കേരളീയരുടെ അന്തരംഗത്തിലേക്കു കടന്നുചെന്ന് അവിടെ എരിഞ്ഞുകൊണ്ടിരിക്കുന്ന ആസ്വാദനത്തിന്റെ അഗ്നിനാളത്തെ കൂടുതല്‍ ദീപ്തിയുള്ളതാക്കിത്തീര്‍ക്കുന്നു രമണന്‍ എന്ന കാവ്യം. അറുപതു വര്‍ഷമായിട്ടും ചൈതന്യം കെട്ടുപോകാത്ത ആ കാവ്യം കോഹിനൂര്‍ രത്നം പോലെ ഇനിയും വളരെ ശതാബ്ദങ്ങള്‍ മയൂഖമാലകള്‍ പ്രസരിപ്പിച്ച് നില്‍ക്കുമെന്നാണ് എന്റെ വിചാരം.