close
Sayahna Sayahna
Search

ചാപ്ലിൻ: ‘സിറ്റി ലൈറ്റ്സ്’


ചാപ്ലിൻ: ‘സിറ്റി ലൈറ്റ്സ്’
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

‘സിറ്റി ലൈറ്റ്സ്’

നിശബ്ദ ചിത്രങ്ങളുടെ അവസാന നാളുകളിലേയ്ക്കു കടക്കുകയാണ് നാം. മൂകാഭിനയത്തില്‍ വെന്നിക്കൊടി പാറിച്ചിരുന്ന നടീനടന്മാര്‍ക്ക് തീരെയും ഉള്‍ക്കൊള്ളുവാന്‍ കഴിയാതിരുന്ന വിപ്ലവകരമായ ഒരു മാറ്റമായിരുന്നു അത്. നിശബ്ദ ചിത്രങ്ങളുടെ പ്രദര്‍ശന വേളയില്‍ ആകെയുണ്ടാവാറുള്ള ശബ്ദം ഇടയ്ക്കിടെ മുഴങ്ങുന്ന സംഗീത ശകലങ്ങളായിരുന്നു. സംഗീതം ചിട്ടപ്പെടുത്തി അവയുടെ ‘നൊട്ടേഷന്‍സ്’ എഴുതി, ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് വേണ്ടതെന്നും രേഖപ്പെടുത്തി ഫിലിം പെട്ടിയുടെ ഒപ്പം അയയ്ക്കുകയായിരുന്നു ചാപ്ലിന്റെ പതിവ്. എല്ലാ സിനിമാശാലകളിലും ഓര്‍ക്കസ്ട്ര ഉണ്ടാവും. അവര്‍ നൊട്ടേഷന്‍സ് നോക്കി അതാതവസരങ്ങളില്‍ സംഗീതമുയര്‍ത്തും.

1926-ല്‍ വാര്‍ണര്‍ ബ്രദേഴ്സ് അവരുടെ ‘ഡോണ്‍ ജുവാന്‍’ എന്നചിത്രത്തിന്, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സംഗീതം ഡിസ്കില്‍ റെക്കോഡു ചെയ്തു. സംസാരിക്കുന്ന സിനിമയിലേയ്ക്കുള്ള ആദ്യകാല്‍വെയ്പ്പായിരുന്നു ഇത്. അവരുടെ അടുത്ത ചിത്രമായ ‘ദ ജാസ് സിംഗറി’ ന്റെ റിക്കോര്‍ഡിങ്ങ് നടക്കുമ്പോള്‍ ‘അല്‍ ജോണ്‍സണ്‍’ എന്ന ഗായകനടന്‍ “വെയ്റ്റ് ഏ മിനിറ്റ്! യൂ ഹാവ്ന്റ് ഹേഡ് നത്തിങ്ങ് യെറ്റ്! യൂ വാണ്ണാ ഹിയ ടൂട്-ടൂട്-ടൂട്സീ?” എന്നു മൈക്കിലൂടെ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് ടൂട്-ടൂട്-ടൂട്സി എന്ന ഗാനവും ആലപിച്ചു. ഈ വാചകങ്ങള്‍ ഡിസ്കില്‍ കടന്നുവന്നത് വലിയ അപരാധമായാണ് വാര്‍ണര്‍ ബ്രദേഴ്സിന്റെ പാര്‍ട്ടണര്‍മാര്‍ക്ക് തോന്നിയത്. എന്നാല്‍ എല്ലാവരിലും പ്രായംകൂടിയ സാം വാര്‍ണര്‍, ആ വരികള്‍ കളയെണ്ടാ അവ നിലനിര്‍ത്തണം എന്നു നിര്‍ദ്ദേശിച്ചു. വളരെ അവിചാരിതമായി ഡിസ്കില്‍ കടന്നുകൂടിയ ആ വാചകങ്ങളാണ് ചലച്ചിത്ര ചരിത്രത്തിലെ ആദ്യ ‘ഡയലോഗ്.

‘മൂവീ’യില്‍നിന്നും ‘ടോക്കീ’യിലേയ്ക്കുള്ള ഈ പരിണാമം ചാപ്ലിന് സഹിക്കാനായില്ല. 1929-ല്‍ ഒരഭിമുഖസംഭാഷണത്തില്‍ ചോദ്യമുയര്‍ന്നു. “ടോക്കീകളെ പറ്റി താങ്കളുടെ അഭിപ്രായമെന്താണെന്നാണ് ഞങ്ങളുടെ വായനക്കാരോട് പറയേണ്ടത്?” ഞാന്‍ അവയെ വെറുക്കുന്നുവെന്നു പറയൂ. അവ, ലോകത്തിലെ ഏറ്റവും പഴയ കലാരൂപത്തെ, മൂകാഭിനയമെന്നകലയെ നശിപ്പിക്കുകയാണ്. നിശബ്ദതയുടെ മഹത്തായ സൗന്ദര്യത്തെനശിപ്പിക്കുന്നു അവ.” ഇനിമുതല്‍ തന്റെ ചിത്രങ്ങളില്‍ സിംക്രണൈസ്ഡ് സംഗീതമുണ്ടാവും, എന്നാല്‍ സംഭാഷണമുണ്ടാവില്ലെന്ന് ചാപ്ലിന്‍ തറപ്പിച്ചു പറഞ്ഞു.

1928 ആഗസ്റ്റ് 28-നു ചാപ്ലിന്റെ അമ്മ ഹാന്നാ ചാപ്ലിന്‍ ദിവംഗതയായി. മാനസിക സന്തുലിതാവസ്ഥ പൂര്‍ണ്ണമായും നഷ്ടപ്പെട്ട തന്റെ അമ്മയെ കാണുന്നതുതന്നെ ചാപ്ലിന് അതീവ വേദനാജനകമായിരുന്നു. അമ്മയെ സന്ദര്‍ശിക്കുക അപൂര്‍വ്വമായിരുന്നു. എന്നാല്‍ അവസാന ആഴ്ചകളില്‍ ഹാന്നായുമൊത്ത് വളരെയേറെ സമയം ചിലവഴിച്ചു.അവരെ ചിരിപ്പിക്കാന്‍ ശ്രമിച്ചു. ഓരോ സന്ദര്‍ശനത്തിനു ശേഷവും അതീവ ദു:ഖിതനായാണ് ചാപ്ലിന്‍ കാണപ്പെട്ടത്. അവരുടെ മരണം ചാപ്ലിനെ വിഷാദരോഗത്തിന്റെ വക്കിലെത്തിച്ചു. ആദായനികുതി വകുപ്പിന്റെ ബുദ്ധിമുട്ടിക്കല്‍ തുടര്‍ന്നുകൊണ്ടിരുന്നു. എല്ലാംകൊണ്ടും വിക്ഷുബ്ധമായ മാനസികാവസ്ഥ. ഈ വിക്ഷുബ്ധതയില്‍ നിന്നാണ് ‘സിറ്റി ലൈറ്റ്സ്’ രൂപം കൊണ്ടത്.

പൂക്കാരിയും ചാർളിയും

ഹാന്നായ്ക്ക് സ്കിസോഫ്രേനിയ ആയിരുന്നു. സിറ്റി ലൈറ്റ്സിലെ കോടീശ്വരനും സ്കിസോഫ്രേനിയ ബാധിതനാണ്. മനസ്സിനെ ഇരുട്ടിലാഴ്ത്തുന്ന രോഗവും രോഗത്തെത്തന്നെ ഇരുട്ടിലാക്കുന്ന അന്ധതയും ഒക്കെയുണ്ട് ‘നഗര വിളക്കുകളി’ല്‍. പല ഇന്‍ഡ്യന്‍ ഭാഷാചിത്രങ്ങളിലും സിറ്റി ലൈറ്റ്സിന്റെ വികൃതമായ അനുകരണങ്ങളുണ്ടായിട്ടുണ്ട്. അന്ധയായ പൂക്കാരിപ്പെണ്‍കുട്ടിയെ ട്രാംപിന്, ചാര്‍ളിക്ക്, ആദ്യനോട്ടത്തില്‍ തന്നെ ഇഷ്ടമാവുന്നു. തന്നെക്കൊണ്ടാവുന്ന രീതിയിലൊക്കെ അവളെ സഹായിക്കുന്നു. ചാര്‍ളി ഒരു കോടീശ്വരനാണെന്നാണ് അവളുടെ ധാരണ. ചിലപ്പോഴൊക്കെ, പ്രത്യേകിച്ചും മദ്യപിച്ചു കഴിഞ്ഞാല്‍ ദാനപ്രിയനും ലോകത്തെ മുഴുവന്‍ സ്നേഹിക്കുന്നവനുമാണ് ചിത്രത്തിലെ കോടീശ്വരനായ കഥാപത്രം. മറ്റൂ ചിലപ്പോള്‍ മനുഷ്യരെ വെറുക്കുന്ന രാക്ഷസനും. പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കോടീശ്വരനെ ചാര്‍ളി രക്ഷിക്കുന്നു. പൂക്കാരി പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചികിത്സിച്ച് കാഴ്ച തിരിച്ചുകിട്ടാൻ വേണ്ട ആയിരം ഡോളര്‍ അയാള്‍ ചാര്‍ളിക്കു നല്കുന്നു. എന്നാല്‍ തന്റെ രണ്ടാം വ്യക്തിത്വമായ കാടനായി മാറുമ്പോള്‍ തന്റെ പണം മോഷ്ടിച്ചുവെന്നാരോപിച്ചു ചാര്‍ളിയെ അയാള്‍ പൊലീസിലേല്പിക്കുന്നു. ഇതിനകം കാഴ്ച തിരിച്ചുകിട്ടിയ പൂക്കാരി സാമ്പത്തികമായി ഭദ്രമായ നിലയിലെത്തുന്നു. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ ചാര്‍ളി മുന്‍പെത്തെക്കാളും ദരിദ്രനും പരിക്ഷീണനുമാണ്. അവിചാരിതമായി പരസ്പരം കണ്ടുമുട്ടുന്ന അവര്‍ തിരിച്ചറിയുന്നു. ചാര്‍ളി അവളെ കണ്ടപ്പോള്‍ തന്നെയും, അവള്‍ അയാളെ സ്പര്‍ശിക്കുന്നതോടെയും. എന്നാള്‍ അവരുടെ ഇപ്പോഴത്തെ അവസ്ഥയിലുള്ള അജഗജാന്തരം ഒരു തിരിച്ചറിവായി അവര്‍ക്കു ലഭിക്കുമ്പോള്‍ ചിത്രം അവസാനിക്കുന്നു.

സിറ്റിലെറ്റ്സിന്റെ ഷൂട്ടിങ്ങ് രണ്ടു വര്‍ഷം നീണ്ടു. എന്നാല്‍ അതില്‍ 168 ദിവസം മാത്രമാണ് ചിത്രീകരണം നടന്നത്. അത്രയേറെ പ്രതിബന്ധങ്ങളുണ്ടായി. ഏതാണ്ടെല്ലാം തന്നെ ചാപ്ലിന്റെ സ്വയംകൃതിയായിരുന്നു. പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള അദമ്യമായ ത്വരയും തൊഴിലിന്റെ ചിട്ടകള്‍ പാലിക്കാത്തവരോടുള്ള വിദ്വേഷവുമായിരുന്നു ഇവയുടെ പിന്നില്‍.

പൂക്കാരിയായി വര്‍ജീനിയാ ചെറില്‍ എന്ന യുവതിയെയാണ് തിരഞ്ഞെടുത്തത്. അവളുടെ ആദ്യ ചലച്ചിത്രം. സ്വതന്ത്ര മന:സ്ഥിതിയുള്ള ഒരു സ്ത്രീയായിരുന്നു അവള്‍. അതുകൊണ്ടാണോ എന്നു പറയാന്‍ കഴിയ്ല്ല, ചാപ്ലിന് ചെറിലിനെ ഇഷ്ടമായിരുന്നില്ല. അവള്‍ക്ക് തിരിച്ചും അങ്ങിനെതന്നെ. എന്നാല്‍ ഇരുവര്‍ക്കും പരസ്പരം ആവശ്യവുമുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ പരസ്പരം സഹിച്ചു. പലപ്രാവശ്യം റിഹേഴ്സലുകളെടുക്കുക ചാപ്ലിന്റെ രീതിയായിരുന്നെങ്കിലും ഈ ചിത്രത്തില്‍ അവ പലപ്പോഴും വളരെ നീണ്ടുപോയി. പൂക്കാരി ചാര്‍ളിക്ക് ഒരു പൂവു നല്‍കുന്ന രംഗം ചാപ്ലിനു തൃപ്തികരമായ രീതിയില്‍ ചെറിലിനെക്കൊണ്ടു ചെയ്യിക്കാന്‍ ദിവസങ്ങള്‍ റിഹേഴ്സല്‍ നടത്തി.

എന്നാല്‍ പത്തുമാസത്തെ ഷൂട്ടിങ്ങിനുശേഷം ചാപ്ലിന്‍ ചെറിലിനെ സസ്പന്റു ചെയ്തു. ചെറില്‍ ഒരു ‘പാര്‍ട്ടി പെണ്‍കുട്ടി’യായിരുന്നു. ഒരു നിശാസുന്ദരി. ഏതാണ്ടെന്നും അവള്‍ രാത്രിമുഴുവന്‍ നീണ്ടുനില്‍ക്കുന്ന പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. അതിന്റെ ക്ഷീണവും ‘ഹാങ്ങോവറു’ മായാണ് അടുത്ത പ്രഭാതത്തില്‍ അവള്‍ സെറ്റിലെത്തിയിരുന്നത്. ചില ക്ലോസപ് സ്വീകന്‍സുകളില്‍ സ്വിച്ച്‌വേഷന്‍ ആവശ്യപ്പെടുന്ന വികാരതരംഗങ്ങള്‍ മുഖത്തു പ്രതിഫലിപ്പിക്കാന്‍ അവള്‍ക്കു കഴിയുന്നില്ലായെന്ന് ചാപ്ലിനു തോന്നിത്തുടങ്ങി. അങ്ങിനെയിരിക്കെ ഒരു ദിവസം അവള്‍ തന്റെ കേശാലങ്കാര വിദഗ്ധയുമായി അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നും കുറച്ചു നേരത്തെ പോകണമെന്നും പറഞ്ഞപ്പോള്‍ ചാപ്ലിനു സഹിച്ചില്ല. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സ്റ്റുഡിയോയിലേയ്ക്കു വരേണ്ട എന്നായിരുന്നു ചാപ്ലിന്റെ പ്രതികരണം.

കോടീശ്വരനായി ഹെന്റി ക്ലൈവ് എന്ന ആസ്ട്രേലിയന്‍ നടനായിരുന്നു അഭിനയിച്ചിരുന്നത്. കോടീശ്വരന്‍ ആത്മഹത്യ ചെയ്യുന്ന രംഗം ഷൂട്ടു ചെയ്യാനായി വെള്ളത്തിലേയ്ക്കു ചാടാന്‍ ഹെന്‍റിയോട് ചാപ്ലിന്‍ നിര്‍ദ്ദേശിച്ചു.ഇരുളുമാറി പ്രഭാതം വിടരുന്നതേയുണ്ടായിരുന്നുള്ളൂ. നല്ല തണുപ്പ്. തനിക്കു നല്ല ജലദോഷമുണ്ടെന്നും കുറേക്കൂടി കഴിഞ്ഞ് സൂര്യപ്രകാശത്തില്‍ തണുപ്പ് അല്പം കുറഞ്ഞിട്ട് ആ രംഗം ചിത്രീകരിക്കാമെന്നും ഹെന്‍റി പറഞ്ഞു. അപ്പോള്‍ തന്നെ ഹെന്‍റിയെ പറഞ്ഞുവിട്ടു. പിന്നീട് ഹാരി മെയേഴ്സ് എന്ന നടനെ കണ്ടുപിടിച്ച്, അതുവരെ ചിത്രീകരിച്ചിരുന്ന ഭാഗങ്ങള്‍ വീണ്ടും ചെയ്തു.

സുഹൃത്തും സന്തത സഹചാരിയും അസിസ്റ്റന്റുമായിരുന്ന ഹാരിക്രോക്കറെ പറഞ്ഞുവിട്ടില്ലെങ്കില്‍ ഇനി താന്‍ സ്റ്റുഡിയോയില്‍ കാലുകുത്തില്ലായെന്ന് ചാപ്ലിന്‍ ഒരുദിവസം ആല്‍ഫ് റീവ്സിനോട് ഫോണ്‍ചെയ്തുപറഞ്ഞു. എന്താണ് കാരണമെന്ന് ചാപ്ലിനോ ഹാരിയോ ഒരിക്കലും വെളിപ്പെടുത്തിയില്ല. പിന്നീട് 1951-ല്‍ മാത്രമാണ് ഹാരി ക്രോക്കര്‍ ചാപ്ലിന്റെ ബിസിനസ് മാനേജരായി ജോലിയില്‍ പ്രവേശിക്കുന്നത്.

വര്‍ജീനിയാ ചെറിലിനെ സസ്പെന്റുചെയ്തതോടെ ജോര്‍ജിയാ ഹാല്‌വേയും മറ്റനവധി നടിമാരും ആ റോളിനായി ചാപ്ലിനെ സമീപിച്ചു. എന്നാല്‍ മറ്റാരും ശരിയാവില്ലാ ചെറില്‍ തന്നെ വേണമെന്നു ചാപ്ലിനു അവസാനം ബോധ്യമായി. അഭിമാനക്ഷതം കുടിച്ചിറക്കിക്കൊണ്ട് ചാപ്ലിന്‍ അവളെ ബന്ധപ്പെട്ടു. തന്റെ ശമ്പളം ഇരട്ടിയാക്കിയാലെ താനിനി ‘സിറ്റിലൈറ്റ്സി’ലേക്കുള്ളൂ എന്ന് ചെറില്‍ തീര്‍ത്തു പറഞ്ഞു. കിട്ടുന്ന അവസരം പാഴാക്കാന്‍ ചെറിലിന് തീരെ ഉദ്ദേശമുണ്ടായിരുന്നില്ല. നിവര്‍ത്തിയില്ലാതെ ചാപ്ലിന്‍ സമ്മതിച്ചു.

സിറ്റി ലൈറ്റ്സിന്റെ ഷൂട്ടിങ്ങിനിടയിലാണ് ലൂയി ബൂണേലുമായും,സെര്‍ജി ഐസന്‍സ്റ്റീനുമായും ചാപ്ലിന്‍ പരിചയപ്പെടുന്നത്. വ്യത്യസ്ത കാരണങ്ങളാല്‍ ലോസ് ഏഞ്ചലസ്സില്‍ എത്തിയിരുന്ന അവര്‍ ചാപ്ലിന്റെ ചങ്ങാതിമാരായി മാറി.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു സിറ്റിലൈറ്റ്സിന്റെ പ്രീമിയറില്‍ ചാപ്ലിന്റെ അടുത്ത സീറ്റില്‍ ഇരുന്നിരുന്നത്. ചാപ്ലിന്‍ പിന്നീടെഴുതി: “അവസാനരംഗം കണ്ടപ്പോള്‍ ഐന്‍സ്റ്റീന്‍ കണ്ണു തുടയ്ക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു.” ആ ചിത്രം കൻട ലോകത്തിലെ ഒട്ടുമുക്കാല്‍ പ്രേക്ഷരുടേയും സ്വാഭാവികമായ പ്രതികരണം അതുതന്നെയായിരുന്നു.

പ്രസിദ്ധ നോവലിസ്റ്റായ അപ്ടണ്‍ സിംക്ലയറും ചാപ്ലിന്റെ അടുത്ത സുഹൃത്തായിരുന്നു. അമേരിക്കയിലേക്കാളും കൂടുതല്‍ ജര്‍മ്മനിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുമായിരുന്നു ഈ ജോടി, ഇടതുപക്ഷ ചിന്താഗതിക്കാരെ ആവേശഭരിതരാക്കിയത്. സിംക്ലയറുടെ ‘ദ ജംഗിള്‍’ തുടങ്ങിയ നോവലുകളും ചാപ്ലിന്റെ സിനിമകളും സാമൂഹ്യനീതി അടിസ്ഥാനശിലയായുള്ള ഒരു നവലോകത്തിന്റെ സന്ദേശങ്ങളായാണ് ലോകജനത ഉള്‍ക്കൊണ്ടത്. എന്നാല്‍ അമേരിക്കക്കാര്‍ ഇവരെ, പ്രത്യേകിച്ചും ചാപ്ലിനെ, കമ്യൂണിസ്റ്റ് അഞ്ചാംപത്തിയെന്ന സംശയത്തോടെയാണ് വീക്ഷിച്ചത്.