close
Sayahna Sayahna
Search

ചിരിക്കാനറിയാത്ത കുട്ടി


ചിരിക്കാനറിയാത്ത കുട്ടി
EHK Story 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ദൂരെ ഒരു നഗരത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 79

കുട്ടികളുടെ ഭാവനയ്ക്ക് ചിറകു കൊടുക്കുന്ന യാതൊന്നും അവിടെയുണ്ടായിരുന്നില്ല. എന്നിട്ടും ഒരു വയസ്സുതൊട്ട് മൂന്നുവയസ്സുവരെ പ്രായമുള്ള ഇരുപത്തൊന്നുകുട്ടികൾ രാവിലെ ഒമ്പതുമണിതൊട്ട് വൈകുന്നേരം ആറുമണിവരെ ഡേ കെയർ സെന്ററിൽ കളിച്ച് ചിരിച്ച്, ശണ്ഠകൂടി, കരഞ്ഞു, പിണങ്ങി, ലോഹ്യമായി കഴിഞ്ഞു. മഞ്ഞയും ചുവപ്പും ഇടവിട്ട് ചായമടിച്ച മുളങ്കാലുകളിൽ വിലങ്ങനെ വെച്ച മുളയിൽ തൂങ്ങിക്കിടക്കുന്ന മൂന്ന് കയർ ഊഞ്ഞാലുകളാണ് കാര്യമായ ആകർഷണം. അതിനുവേണ്ടി എപ്പോഴും അടിപിടിയും ഉന്തലും തള്ളലുമാണ്. മൂന്ന് ആയമാരിൽ രണ്ടുപേർക്ക് അവരെ നിയന്ത്രിക്കാനേ നേരമുള്ളു. മൂന്നു ചെറിയ മുറികളുള്ളതിൽ ഒന്നു മേട്രൻ എന്നനിലയിൽ മാലിനിക്കനുവദിച്ച മുറിയാണ്. പക്ഷേ ആ മുറിയും തന്റേതെന്ന് പറയാൻ കഴിയുന്നത് ആറുമണിക്കുശേഷം മാത്രമാണ്. അതുവരെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ സകലയിടത്തും ചിതറിക്കിടക്കും. കളിപ്പാട്ടങ്ങൾ മരം കൊണ്ടുണ്ടാക്കിയവയാണ്. ഓരോതരം വാഹനങ്ങൾ. അവയും മഞ്ഞയും ചുവപ്പും ചായമടിച്ചിരുന്നു. സാമർത്ഥ്യമുള്ളവരും ആദ്യം വന്നവരും നല്ല കളിപ്പാട്ടങ്ങൾ കൈക്കലാക്കുന്നു.

രാവിലെ എട്ടരതൊട്ട് ഡേ കെയർ സെന്ററിൽ നടക്കുന്ന കാര്യങ്ങൾ ഒരു മൂവിക്യാമറയിൽ പകർത്തി അത് ഒരു സ്‌ക്രീനിൽ കാണിച്ചാൽ നല്ല രസമുണ്ടാവുമെന്ന് മാലിനി ഓർത്തു. എട്ടരയോടെ ഓരോരുത്തരായി എത്തുന്നു. ഗെയ്റ്റിന്റെ അടുത്തെത്തുമ്പേുഴേക്ക് കുട്ടികൾ കരച്ചിൽ തുടങ്ങും. നടന്നുവരികയാണെങ്കിൽ അവർ അമ്മമാരെ മുമ്പിൽ നിന്നു തടഞ്ഞ് സാരി വലിച്ച് പിന്നോക്കം നടക്കുന്നു. ചിലർ അച്ഛനമ്മമാരുടെ ഒപ്പമാണ് വരിക. സ്‌കൂട്ടറിലോ, ബൈക്കിലോ, കാറിലോ ആയിരിക്കും. നടന്നുവരുന്നവരുടെ ഒപ്പം ഒന്നുകിൽ അച്ഛനോ അല്ലെങ്കിൽ അമ്മയോ മാത്രമെ ഉണ്ടാവൂ. അവർ മകനേയോ മകളേയോ ആയയെ ഏൽപ്പിക്കുന്നു. കരച്ചിൽ അടക്കുന്നതിനായി സൗമ്യമായ വാക്കുകൾ പറയുന്നു. ചുറ്റും കളിക്കുന്ന കുട്ടികളെ നോക്കി അവർക്കാർക്കുമില്ലാത്ത വാശി തന്റെ കുട്ടിക്കെന്തിനാണെന്ന് അല്പം വല്ലായ്മയോടെ അദ്ഭുതപ്പെടുന്നു. ആ കുട്ടികളും കുറച്ചു മുമ്പുവരെ കരയുകയായിരുന്നെന്നും, കരഞ്ഞിട്ട് ഒന്നും നേടുവാനില്ലെന്നും ഉള്ളനേരം കളിക്കുകയാണ് നല്ലതെന്നും മനസ്സിലാക്കി, മറ്റുള്ളവർക്കെടുക്കുവാൻ അവസരം കൊടുക്കാതെ തലേന്നു നോക്കി വെച്ച കളിപ്പാട്ടം എടുത്തുകളിക്കുകയാണെന്നും പക്ഷെ ആ അമ്മ അറിയുന്നില്ല. അവർ വേദനിക്കുന്ന മനസ്സുമായി ഓഫീസിലേക്കുള്ള ബസ്സുപിടിക്കാൻ ധൃതിയിൽ നടക്കുന്നു.

കുട്ടികൾ ക്രമേണ ശാന്തരാകുന്നു. പ്രായം കുറഞ്ഞ കുട്ടികൾ, കഷ്ടിച്ചു നടക്കാൻ പ്രായമായവർ വളരെ പതുക്കെ മാത്രമെ കളി തുടങ്ങൂ. കരഞ്ഞുകരഞ്ഞ് തളർന്ന് ഏങ്ങലടിക്കുന്ന അവരെ ആയമാർ കുറെനേരം ഒക്കത്ത് എടുത്തുകൊണ്ട് നടക്കണം.

ചിലർ ഭയങ്കര വികൃതികളായിരിക്കും. അവരിൽ നിന്ന് ചെറിയ കുട്ടികളെ രക്ഷിക്കേണ്ടത് ആയമാരുടെ ജോലിയാണെങ്കിലും, പലപ്പോഴും ഉപദ്രവിച്ചതിനുശേഷമാണ് അറിയുക. പിന്നെ വിസ്താരവും മറ്റും മാലിനിയാണ് ഏറ്റെടുക്കേണ്ടത്. അതുകഴിഞ്ഞാൽ കുറ്റവാളിയുടെ കരച്ചിലടക്കാൻ ഒരു ടോഫി കൈക്കൂലിയായി കൊടുക്കേണ്ടിവരും. അങ്ങനെ കുറ്റം ചെയ്തവനും അനുഭവിച്ചവനും ഒരു തട്ടിലെത്തുന്നു.

ഉച്ചയ്ക്ക് ഒരു മാതിരി എല്ലാ കുട്ടികളും ഉറങ്ങുന്നു. മൂന്നു മണിയോടെ എഴുന്നേറ്റാൽ എല്ലാവരുടെയും മുഖത്ത് വാട്ടമാണ്. കണ്ണുകൾ ഗെയ്റ്റിലേക്ക് നീളുന്നു. ചുരുക്കം ചില കുട്ടികൾ മാത്രം അപ്പോഴും ഊഞ്ഞാലിൽ ആടുകയോ, നഴ്‌സറി റൈമുകൾ ഉറക്കെ ചൊല്ലുകയോ ചെയ്യും.

അഞ്ചുമണിയോടെ കുട്ടികളെ കൊണ്ടു പോകാൻ അച്ഛനമ്മമാർ എത്തിത്തുടങ്ങുന്നു. കുട്ടികൾ അവരുടെ അച്ഛനോ അമ്മയോ വരുമ്പോഴേയ്ക്ക് ഗെയ്റ്റിലേക്ക് ഓടിയെത്തുന്നു. അച്ഛനോ അമ്മയോ എടുക്കുമ്പോഴേക്കും അവർ ആർത്തിയോടെ ചാടിക്കയറി ഉമ്മവെക്കുന്നത് മാലിനി കൗതുകത്തോടെ നോക്കി നിൽക്കും.


ആറുമണിയോടെ എല്ലാകുട്ടികളും പോയ്ക്കഴിഞ്ഞിട്ടുണ്ടാകും. പിന്നീട് തനിക്ക് ഒരു ചായയുണ്ടാക്കി കുടിച്ച് അല്പനേരം വിശ്രമിക്കാം.

ആറുമണികഴിഞ്ഞു. എല്ലാ കുട്ടികളും പോയി എന്നു കരുതിയിരിക്കുമ്പോഴാണ് വരാന്തയുടെ അറ്റത്ത് ഒതുക്കിൽ ആരുടെയും കണ്ണിൽപ്പെടാതെ ഒരു കുട്ടി ഇരിക്കുന്നതു കണ്ടത്. ഇന്ദു ആയിരുന്നു അത്. അവൾ തന്റെ സഞ്ചി ഒതുക്കി അടുത്തുതന്നെ വച്ചിരുന്നു. അവളുടെ അമ്മയും അച്ഛനും ഒന്നിച്ചാണ് വരിക, സ്‌കൂട്ടറിൽ. അവർ വന്നാൽ ഇന്ദു സഞ്ചിയും തൂക്കി സാവധാനത്തിൽ നടന്നുപോയി സ്‌കൂട്ടറിനുമുമ്പിൽ കയറിനിൽക്കും. അവർ സ്‌കൂട്ടറോടിച്ചു പോവും. അച്ഛനമ്മമാരെ കാണുമ്പോൾ മൂന്നരവയസ്സുള്ള ആ കുട്ടിയിൽ പ്രത്യേക സന്തോഷമൊന്നും കാണാറില്ല.

സാധാരണ അഞ്ചരമണിയോടെ വരാറുള്ള അവർക്ക് ഇന്നെന്തുപറ്റിയാവോ? അവളെക്കൂടി പറഞ്ഞയച്ചാലെ തനിക്കൊരു ഭാഗത്തിരിക്കാൻ പറ്റൂ. ആയമാർ നാലുപേരും പോകാൻ തയ്യാറായിവന്നു. അവർ വരുമ്പോൾ നല്ല സാരിയുടുത്താണ് വരിക. ഡേ കെയറിലെത്തിയാൽ മാറ്റാനുള്ള വിലകുറഞ്ഞ സാരി അവർ സഞ്ചിയിലാക്കി കൊണ്ടുവരും. വൈകുന്നേരം തിരിച്ചുപോകുമ്പോൾ വീണ്ടും സാരി മാറ്റുന്നു. ഉലഞ്ഞ്, കുട്ടികളുടെ മൂത്രവും മറ്റുമായ സാരി തിരിച്ച് സഞ്ചിയിലിട്ട് കൊണ്ടുപോകുന്നു. വീട്ടിൽ ചെന്നാൽ അവർ അത് തിരുമ്പിയിടും, പിറ്റേന്ന് വീണ്ടും സഞ്ചിയിലാക്കി കൊണ്ടുവരും.

ഒരുത്തി ചോദിച്ചു.

‘ചേച്ചി ഞങ്ങൾ പോട്ടെ?’

മാലിനി തലയാട്ടി.

‘അപ്പോ ഇന്ദുവോ ചേച്ചി?’

‘അതു സാരമില്ല. ഞാനിവിടെ ഇരിക്കാം. നിങ്ങൾ പൊയ്‌ക്കോളു. ബസ് തെറ്റണ്ട.’

അവർ പുറത്തിറങ്ങി ഗെയ്റ്റടച്ചു.

ഇന്ദു അപ്പോഴും താടിക്ക് കൈയ്യും കൊടുത്ത് ഒതുക്കിലേക്ക് കാലും വെച്ച് ഇരിക്കയാണ്. അവൾ ആയമാർ പോകുന്നതു കുറച്ച് പരിഭ്രമത്തോടെ നോക്കുകയാണ്. മാലിനി അവളുടെ അടുത്തുചെന്ന് ചോദിച്ചു.

‘ഇന്ദുമോൾടെ അച്ഛനും അമ്മയും വന്നിട്ടില്ല അല്ലെ?’

അവൾ തലയാട്ടി.

‘ഇന്നു വൈകുംന്ന് പറഞ്ഞിരുന്നോ?’

ഇല്ലെന്ന് അവൾ തലയാട്ടി.

‘എന്നാൽ ഇപ്പൊ വരും.’

മാലിനി ഇന്ദുവിന്റെ അടുത്തിരുന്നു. വളരെ ശാന്തസ്വഭാവിയായ ആ കുട്ടി ഒരിക്കലും ചിരിച്ചുകണ്ടില്ല. മറ്റു കുട്ടികൾ ചിരിക്കുമ്പോൾ അവൾ അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് പതിവ്. വളരെ പതുക്കെ മാത്രമെ സംസാരിക്കൂ. പലപ്പോഴും കേൾക്കാനായി മാലിനിക്ക് കുമ്പിടേണ്ടിവരാറുണ്ട്. ഇപ്പോൾ ഒതുക്കുകല്ലിൽ അടുത്തടുത്തിരിക്കുമ്പോൾ സംസാരിക്കുക എളുപ്പമാണ്. മാലിനി ചോദിച്ചു.

‘മോള് എന്താണ് ചിരിക്കാതിരിക്കുന്നത്?’

ഇന്ദു ഒന്നും പറഞ്ഞില്ല.

‘എന്താ മോള് ഒന്നും മിണ്ടാത്തത്? മോള് ഒരിക്കലും ചിരിക്കണത് ഞാൻ കണ്ടിട്ടില്ല.’

‘എനിക്ക് ചിരിക്കാനറിയില്ല ആന്റി.’ അവൾ പറഞ്ഞു.

അവളുടെ സ്വരം ഇടറിയ മാതിരി. മാലിനി അവളെ കൈകൊണ്ട് അടുപ്പിച്ചു.

‘സാരമില്ല.’ അവർ പറഞ്ഞു. ‘എല്ലാവരും ചിരിക്കണംന്ന്ല്ല്യല്ലൊ. അച്ഛനും അമ്മയും ഇപ്പൊ വരുംട്ടൊ. അതുവരെ നമുക്ക് ഇവിടെ ഇരിക്കാം. അല്ലെങ്കില് അടുക്കളയിൽ പോയിട്ട് കുറച്ച് ചായ കുടിക്കാം. മോൾക്ക് ബിസ്‌ക്കറ്റ് ഇഷ്ടല്ലെ?’

മാലിനി എഴുന്നേറ്റു. ഇന്ദു ഇരിക്കുകതന്നെയാണ്.

‘എഴുന്നേൽക്കു മോളെ.’

‘വേണ്ട ആന്റി, ഞാനിവിടെ ഇരുന്നോളാം.’

മാലിനി നിർബ്ബന്ധിച്ചില്ല. അവൾ അടുക്കളയിൽ പോയി ചായയുണ്ടാക്കാൻ തുടങ്ങി. അടുക്കളയിൽ നിന്നു നോക്കുമ്പോൾ ഒതുക്കും ഗേയ്റ്റും കാണാം.

അവൾ രണ്ടു ഗ്ലാസിൽ ചായയും ഒരു പ്ലെയ്റ്റിൽ ബിസ്‌ക്കറ്റും ട്രേയിൽ വെച്ച് പുറത്തേക്കുവന്നു. ഇന്ദുവിന്റെ അടുത്തിരുന്നു.

‘ബിസ്‌ക്കറ്റ് തിന്നു മോളെ.’

ഇന്ദു ബിസ്‌ക്കറ്റെടുത്ത് തിന്നാൻ തുടങ്ങി. പാവം വിശന്നിരുന്നു.

‘മോള് ചായ കുടിച്ചു കഴിയുമ്പോഴേക്കും അച്ഛനും അമ്മയും വരും കേട്ടോ.’

‘എനിക്ക് തോന്നുന്നത് അവര് വരില്ല്യാന്നാണ്.’ ബിസ്‌ക്കറ്റ് തിന്നുന്നതിനിടയിൽ ഇന്ദു പറഞ്ഞു.

‘എന്താ മോൾക്ക് അങ്ങനെ തോന്നാൻ.’

‘അവരെന്നെ ഉപേക്ഷിച്ചൂന്ന് തോന്നുന്നു.’

മാലിനി ശരിക്കും ഞെട്ടി. തന്നെ ഉപേക്ഷിച്ചിരിക്കുമെന്ന് പറഞ്ഞത് എത്ര നിർവ്വികാരമായിട്ടാണ്. ഇങ്ങനെയൊരു നിഗമനത്തിലെത്താൻ ആ കുട്ടി എത്ര യാതനയിലൂടെ കടന്നുവന്നിട്ടുണ്ടാകണം. ആ അറിവ് അവളെ വേദനിപ്പിച്ചു. ആ കുട്ടിയെ കാണാൻ തുടങ്ങിയ അന്നുതൊട്ട് മാലിനിക്ക് സംശയങ്ങളുണ്ടായിരുന്നു. രാവിലെ അച്ഛന്റെയും അമ്മയുടെയും ഒപ്പം സ്‌കൂട്ടറിൽ വന്നിറങ്ങിയാൽ സാധാരണ കുട്ടികൾ ചെയ്യാറുള്ളതുപോലെ ടാറ്റാ പറയുകയോ കൈവീശുകയോ ചെയ്യാറില്ല അവൾ. സഞ്ചിയും തൂക്കി ആയമാരിൽ ആരെങ്കിലും തുറന്നുപിടിച്ച ഗെയ്റ്റിലൂടെ അവൾ ഉള്ളിൽ കടക്കും. മുഖമുയർത്താതെ അകത്തേക്കുപോകും. അവളുടെ അച്ഛൻ മകൾ ഇറങ്ങിയ ഉടനെ സ്‌കൂട്ടർ തിരിച്ച് പോവുകയും ചെയ്യും. പിൻസീറ്റിലിരിക്കുന്ന അമ്മ മാത്രം തിരിഞ്ഞ് അവൾ അകത്തേക്കു കടക്കുന്നതു നോക്കും. സുന്ദരിയായ സ്ത്രീ. മാലിനി അവളുടെ സാരി ശ്രദ്ധിക്കും. അവളുടെ നെറ്റിയിലെ പൊട്ട് ശ്രദ്ധിക്കും. അവളുടെ ദേഹത്തിന്റെ കാന്തികണ്ട് അസൂയപ്പെടും. ഒരേ ഓഫീസിൽ ജോലിചെയ്യുമ്പോൾ പ്രേമിച്ച് വിവാഹിതരായതാണെന്ന് മാലിനി മനസ്സിലാക്കിയിരുന്നു. സാധാരണ അങ്ങനെയുള്ള കുടുംബങ്ങൾക്ക് സംഭവിക്കുന്നതുപോലെ ജീവിതത്തിൽ അല്പസ്വല്പം പൊരുത്തക്കേടുകൾ ഉണ്ടെന്നും മനസ്സിലായിരുന്നു. അതിത്രത്തോളം ആഴത്തിൽ ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ അവൾക്ക് വേദനതോന്നി. അവൾ ഇന്ദുവിന്റെ പുറം തലോടി.

‘അതൊക്കെ മോൾക്ക് തോന്നണതാവും. അച്ഛനമ്മമാര് മക്കളെ ഉപേക്ഷിക്ക്വോ? അവര് വല്ല സാധനവും വാങ്ങാൻ കടയിൽ കേറിയതായിരിക്കും. ഇപ്പൊ വരും.’

ഇന്ദു വെറുതെ തലയാട്ടുക മാത്രം ചെയ്തു. ദുഃഖത്തിന്റെ നിഴൽവിരിച്ച മുഖവുമായി തന്റെ അടുത്തിരിക്കുന്ന ഈ കുട്ടിയുടെ മനസ്സ് ഒരു പുസ്തകം പോലെ വായിക്കാനായെങ്കിലെന്ന് മാലിനി ആശിച്ചു. അവൾക്ക് വേണമെങ്കിൽ ആ കുട്ടിയിൽനിന്ന് പലതും ചോദിച്ചറിയാം. മൂന്നരവയസ്സിൽ ഒരു കുട്ടിക്ക് അധികമൊന്നും മറച്ചുവെക്കാനറിയില്ല. പക്ഷെ നിഷ്‌കളങ്കത ചൂഷണം ചെയ്ത് ഒരു കുഞ്ഞിന്റെ മനസ്സ് തോണ്ടിയെടുക്കുന്നത് മാലിനിക്കിഷ്ടമല്ല. എങ്കിലും, സമയം നീങ്ങിക്കൊണ്ടിരിക്കെ, ആ കുട്ടി കുഴപ്പത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്ന ബോധം വളരവെ അവൾ സംസാരിക്കാൻ തീർച്ചയാക്കി. വളരെ സാവധാനത്തിൽ, സൂക്ഷിച്ച്, നിരുപദ്രവങ്ങളുണെന്നു തോന്നിക്കുന്ന ചോദ്യങ്ങൾ ചോദിച്ച് അവൾ ആ കുട്ടിയുടെ വിശ്വാസം നേടി. ആ കൊച്ചുകുട്ടി സംസാരിക്കാൻ തുടങ്ങി.

സമയം ഏഴരയായി. ഗെയ്റ്റിനു പുറത്തുള്ള തെരുവുവിളക്കിന്റെ പ്രകാശം ആ കുട്ടിയുടെ മുഖത്തെ വികാരങ്ങൾ തെളിയിച്ചു കാണിച്ചു. മനസ്സിന്റെ സംഘർഷാവസ്ഥ അവളുടെ സ്വരത്തിലും മുഖത്തും പ്രതിഫലിച്ചു.

അവളുടെ കഥ നീണ്ടുപോയി. അച്ഛൻ അമ്മയെ അടിക്കാറുള്ളത്, അവളെ ഉപദ്രവിക്കാറുള്ളത്, എല്ലാറ്റിനുമുപരി അതെന്തിനാണെന്ന് മനസ്സിലാവാത്തത്. അതവളെ വേദനിപ്പിച്ചു. ആകെ അവൾക്കു മനസ്സിലായിട്ടുള്ളത് അച്ഛന് തന്റെ കണ്ണുകളും മൂക്കും ഇഷ്ടപ്പെട്ടില്ല എന്നതാണ്.

അച്ഛന് എന്റെ കണ്ണുകളും മൂക്കും ഇഷ്ടല്ല. അതായിരിക്കും എന്നെ അടിക്കണത്.

മാലിനി ഇന്ദുവിന്റെ മുഖം കൈയിലെടുത്ത് തന്റെ നേരെ പിടിച്ചു. മിനുത്ത കവിളുകൾ, നല്ല ഭംഗിയുള്ള മൂക്ക്, ആകർഷകങ്ങളായ കണ്ണുകൾ. അവൾ അമ്മയെപ്പോലെ സുന്ദരിയാണ്.

‘മോൾടെ മൂക്കിനും കണ്ണിനും യാതൊരു കുഴപ്പവുമില്ല. നല്ല ഭംഗീണ്ട്.’

‘പിന്നെന്താ അച്ഛൻ പറയണത്?’

‘അച്ഛൻ എന്താ പറയാറ്?’

‘അച്ഛൻ അമ്മയോട് വഴക്കിടുമ്പോഴാണ് എന്റെ കണ്ണിനെപറ്റീം മൂക്കിനെപ്പറ്റീം പറയാറ്. അച്ഛനെ പറ്റിക്കാൻ പറ്റില്ലാന്ന് പറയും. അപ്പൊ അമ്മ കരയാൻ തുടങ്ങും. ഒരു ദിവസം വെഷം കഴിച്ച് ചാവുംന്ന് പറയും. വെഷം കഴിച്ചാ ചാവ്വോ?’

മാലിനി തലയാട്ടി. ‘വെഷം കഴിച്ചാൽ ചാവും. പക്ഷെ മോൾടെ അമ്മ വെഷം കഴിക്ക്വൊന്നുംല്ല്യ. മോള് സമാധാനായി ഇരിക്കു.’

‘എനിക്ക് തോന്നണത് അമ്മ വെഷം കഴിച്ച് മരിച്ചിട്ടുണ്ടാവുംന്നാ. അവൾ നിർവ്വികാരയായി പറഞ്ഞു. അച്ഛൻ എന്നെ ഉപേക്ഷിച്ചിട്ടുംണ്ടാവും.’

അവളുടെ മുഖത്തെ നിർവ്വികാരതയല്ല ശബ്ദത്തിനെന്ന് മാലിനിക്ക് മനസ്സിലായി. അവിടെ സംഘർഷാവസ്ഥയാണ്. ഒരു കൊച്ചു മനസ്സിൽ ഇത്രയധികം സംഘർഷമോ?

മാലിനി വാച്ചുനോക്കി. സമയം എട്ടുമണി. അവൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

‘മോളെ വരൂ. നമുക്ക് അടുക്കളയിലേക്കു പോകാം. ചോറും കൂട്ടാനുമുണ്ടാക്കണ്ടെ.’

ഇന്ദു എഴുന്നേറ്റില്ല.

‘ആന്റി പൊയ്‌ക്കോളൂ. ഞാനിവിടെ ഇരിക്കാം.’

മാലിനി ഉമ്മറത്തെ ലൈറ്റിട്ടു അകത്തേക്കു നടന്നു. പിന്നെ തിരിച്ചുവന്ന് ഗെയ്റ്റ് ഓടാമ്പലിട്ട് പൂട്ടി. ഭക്ഷണം പാകം ചെയ്യുമ്പോഴെല്ലാം ഇന്ദു ഒതുക്കുകല്ലിൽ അനങ്ങാതെ ഇരിക്കുകയായിരുന്നു. ആറുമണിക്ക് തുടങ്ങിയ ഇരുത്തം.

മാലിനിക്ക് പരിഭ്രമം തുടങ്ങിയിരുന്നു. അവർക്ക് എന്തുപറ്റിയിട്ടുണ്ടാകും. ഇതുവരെ ഒരിക്കലും ഇത്ര വൈകിയിട്ടില്ല. ആരെയാണ് സമീപിക്കേണ്ടത് എന്നറിയില്ല. രജിസ്റ്ററിൽ അവരുടെ വിലാസമുണ്ട്. കുറച്ച് അകലെയാണ്. ഈ രാത്രി കൊച്ചുമോളെയും കൊണ്ട് അന്വേഷിച്ചുപോകുക വിഷമമാണ്, പ്രത്യേകിച്ചും വഴി അറിയാത്ത സ്ഥലങ്ങളിൽ, അവർ എങ്ങനെയെങ്കിലും എത്തിക്കിട്ടിയാൽ മതിയായിരുന്നു.

ചോറും കറികളും മേശമേൽനിരത്തി അവൾ ഇന്ദുവിനെ വിളിച്ചു.

‘മോളെ ഊണു കഴിക്കാൻ വരൂ.’

ഇന്ദു അനങ്ങിയില്ല. മാലിനി അവളുടെ അടുത്തുചെന്ന് കൈപിടിച്ചു.

‘മോൾ എഴുന്നേൽക്കൂ. ഊണുകഴിക്കാൻ വരൂ.’

‘വേണ്ട ആന്റീ. ആന്റി ഊണു കഴിച്ചോളു. ഞാനിവിടെ ഇരിക്കാം.’

മാലിനി നിർബന്ധിച്ചില്ല. അവൾ പോയി മേശമേൽ വെച്ച ചോറും കറികളും പ്ലേറ്റുകളും ഉമ്മറത്തേക്കു കൊണ്ടുവന്നു. പ്ലേറ്റിൽ ചോറും കറികളും വിളമ്പി ഇന്ദുവിന്റെ അടുത്തു വെച്ചു. അവളും അടുത്തിരുന്നു.

ഇന്ദു ഭക്ഷണം തൊട്ടില്ല. അവൾ അനങ്ങാതെ പ്രക്ഷുബ്ധയായി ഇരിക്കുകയാണ്.

‘എങ്കിൽ ഒരുകാര്യം ചെയ്യാം. അവൾ ഇന്ദുവിന്റെ പ്ലേറ്റിലെ ചോറെടുത്ത് ഉരുളയാക്കി കറിയിൽ ഒപ്പിക്കൊണ്ട് പറഞ്ഞു.’

‘ആന്റി മോൾടെ വായിൽ തരാം. വാ തുറക്കൂ.’

ഒരു പൊട്ടിക്കരച്ചിലായിരുന്നു പിന്നീടുണ്ടായത്. ശബ്ദമുണ്ടാക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും ആ കരച്ചിൽ അവൾക്കു നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മാലിനി പ്ലേറ്റ് മാറ്റിവച്ച് അവളെ തന്റെ മാറിലേക്കടുപ്പിച്ചു. അവളുടെ പുറത്തുതട്ടി ആശ്വസിപ്പിച്ചു.

‘സാരമില്ല മോളെ. അവർ ഇപ്പോൾ വരും.’

‘അവർ വരില്ല.’ തേങ്ങലിനിടിയിൽ ഇന്ദുപറഞ്ഞു. ‘എനിക്കറിയാം അവർ എന്നെ ഉപേക്ഷിച്ചു. ഒരു പക്ഷേ അവർ രണ്ടുപേരും മരിച്ചുപോയിട്ടുണ്ടാകും.’

പെട്ടെന്ന് ആ ഒഴിഞ്ഞ തെരുവിന്റെ നിശ്ശബ്ദത കീറിമുറിച്ചുകൊണ്ട് ഒരു പൊലീസ് ജീപ്പ് കുതിച്ചുവന്നു. ഡേ കെയറിന്റെ പടിക്കൽ നിന്ന ജീപ്പിന്റെ മുൻസീറ്റിൽ നിന്ന് ഒരു പൊലീസ് ഓഫീസർ ചാടിയിറങ്ങി ഗേയ്റ്റിനു നേരെ നടന്നു.