close
Sayahna Sayahna
Search

ചെറുകഥ: കൂറകൾ


ചെറുകഥ: കൂറകൾ
EHK Story 01.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൂറകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 50

അടുക്കളയിൽ രാവിലത്തെ കാപ്പി കൂട്ടിക്കൊണ്ടിരി­ക്കുമ്പോഴാണ് അവൾ കണ്ടത് — കൂറകൾ. മേശയുടെ ഒരരുകിൽ തെല്ലു നേരം കിരുകിരാ ശബ്ദമുണ്ടാ­ക്കിക്കൊണ്ട് അവളെ പേടിപ്പെടു­ത്തുംവിധം തുറിച്ചുനോക്കി, പിന്നെ മേശയുടെ മറുഭാഗത്ത് അപ്രത്യക്ഷ­മാവുകയും ചെയ്തു.

അവൾ കാപ്പിയുമെടുത്തു കിടപ്പറയിലേക്കു നടന്നു. ഭർത്താവ് എഴുന്നേറ്റിട്ടുണ്ടാ­യിരുന്നില്ല. സ്വിച്ചിട്ടപ്പോൾ കണ്ണിനു സുഖം തരുന്ന നനുത്ത വെളിച്ചം മുറിയാകെ നിറഞ്ഞൊഴുകാൻ തുടങ്ങി. കട്ടിലിൽ ഇരുന്ന്, കപ്പിനു വേണ്ടി കൈ നീട്ടിക്കൊണ്ട് അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.

മൗഢ്യം നിറഞ്ഞ മുഖത്തോടെ അയാൾ കാപ്പി കുടിക്കുന്നത് അവൾ നോക്കി നിന്നു. ‘ഈ ദിനചര്യ എനിക്കു മടുത്തു തുടങ്ങിയിരിക്കുന്നു,’ അവൾ വിചാരിച്ചു. ഭർത്താവിന്റെ വിളറിയ മുഖവും നരച്ചു തുടങ്ങിയ രോമങ്ങളും കാണുമ്പോഴെല്ലാം അവൾക്ക് അനുകമ്പ തോന്നിയിരുന്നു. ഈ അനുകമ്പ ഒന്നുമാത്രമാണ് അവളെ ഒരു ലഹളക്കാരി­യാക്കാതെ അടക്കി നിർത്തിയി­രുന്നത്.

തളത്തിൽക്കൂടി ഒഴിഞ്ഞ കപ്പുമെടുത്തു മടങ്ങുമ്പോൾ, ഡിസ്റ്റമ്പർ തേച്ച ചുവരിൽ കറുത്തു ചെറിയ ഒരു ജന്തു അരിക്കുന്നതായി അവൾക്കു തോന്നി. അതു നോക്കണമെന്നുണ്ടാ­യിരുന്നെങ്കിലും, ഒരു സഹജ പ്രേരണയിൽ അവൾ നീങ്ങി; നിന്നില്ല.

അടുക്കളയിൽ ഇപ്പോൾ കൂടുതൽ കൂറകൾ ഉണ്ടായിരുന്നു. അവ കിരുകിരാ ശബ്ദമുണ്ടാക്കി മേശമേലും, ചുവരിന്മേലും അരിച്ചരിച്ചു നടന്നു. അടുക്കളയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ ഒന്നു രണ്ടു കൂറകൾ പറന്നുവന്ന് അവളുടെ തലയിൽ ഇറങ്ങി. കൈവീശി അവയെ അകറ്റാൻ അവൾ ശ്രമിച്ചു. പക്ഷേ, കൂറകൾ വളരെയധികം ഉണ്ടായിരു­ന്നതിനാൽ, അവൾക്ക് അവസാനം പിന്മാറേണ്ടി വന്നു. ഇതിനേപ്പറ്റി ഭർത്താവിനോടു പറയണമെന്ന് അവൾക്കു തോന്നി.

പക്ഷേ, കിടപ്പറയിൽ ഭർത്താവ് എന്തിനോടോ യുദ്ധംചെയ്യുകയായിരുന്നു. എന്തിനോടാണെന്നു മനസ്സിലായത്, അയാൾ യുദ്ധത്തിന്നിടയിൽ വായ പൊളിച്ച് ‘കൂറ’ എന്ന വാക്ക് ഉച്ചരിച്ചപ്പോഴാണ്. അയാൾ കൂറയെ ഒരു ന്യൂസ്‌പേപ്പർ മടക്കി അടിക്കുകയായിരുന്നു. കൂറ, അയാളെ കബളിപ്പിച്ചു പറക്കുകയും ചെയ്തു. അയാൾക്ക് ഒരുമാതിരി വട്ടം തിരിയേണ്ടി വന്നു.

ഇതുകൊണ്ട് ഒരു ഫലവുമില്ല,’ അവൾ പറയാൻ വിചാരിച്ചു, അടുക്കളയിൽ ഒരു നൂറെണ്ണമെങ്കിലും കാണും. ‘പക്ഷേ, അവൾ ഒന്നും പറയാതെ ഭർത്താവ് ചത്ത കൂറയെ കടലാസ്സു കൊണ്ടു കോരിയെടുത്തു ജാലകത്തിലൂടെ പുറത്തേക്കെ­റിയുന്നതും നോക്കിനിന്നു.

ഇത് നല്ല പൂരം!’ അയാൾ കിതച്ചുകൊണ്ടു പറഞ്ഞു. ‘ അല്ലേ, ഈ ഫ്‌ളാറ്റിൽ ഒരൊറ്റ കൂറയുണ്ടായിരുന്നില്ല!’

തങ്ങളുടെ ഫ്‌ളാറ്റിൽ ഇതുവരെ ഒരൊറ്റ കൂറപോലുമുണ്ടായിരുന്നില്ലെന്നത് പക്ഷേ, അവൾ ഇതുവരെ ഓർത്തിരുന്നില്ല. ഭർത്താവിന്റെ അത്ഭുതം അസ്ഥാനത്തായിരുന്നില്ല. ആ പരിസരത്തിൽ അയാൾക്ക് കുറെയധികം പരിചയക്കാരുണ്ട്. ആരും ഇതുവരെ കൂറകളെപ്പറ്റി ആവലാതിപ്പെട്ടിട്ടില്ല.

അവൾ അടുക്കളയിലേക്കു മടങ്ങി. ഭർത്താവിന്ന് പ്രാതൽ എട്ടുമണി­ക്കുള്ളിൽ തയ്യാറാക്കണം. എങ്കിലേ അയാൾക്ക് എട്ടരയ്ക്കുള്ളിൽ ട്രാം കിട്ടുകയുള്ളു. ഡൽഹൗസി സ്‌ക്വയറിലുള്ള ഓഫീസിൽ ഒമ്പതിന്ന് എത്തേണ്ടതാണ്. ഈ പ്രശ്‌നം ഞാൻ പരിഹരിച്ചുകൊള്ളാം! അവൾ വിചാരിച്ചു: മാർക്കറ്റിൽ പോകുമ്പോൾ കുറച്ച് കൂറ വിഷം വാങ്ങണം!’

മാർക്കറ്റിലേക്ക് അധികം ദൂരമുണ്ടാ­യിരുന്നില്ല. സതേൺ അവന്യുവിലൂടെ നടക്കുമ്പോൾ, കൂറകൾ അവളെ തീരെ അലട്ടിയില്ല. അവൾ വേറൊരു പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ച് ആലോചിക്കു­കയായിരുന്നു: വൈകുന്നേരം ഡോക്ടറെ കാണുന്നതിനെപ്പറ്റി.

ഇതു വളരെ നിസ്സാരമാണ്,’ ഭർത്താവ് സംശയിച്ചുകൊണ്ടു പറഞ്ഞത് അവൾ ഓർത്തു, വളരെ നിസ്സാരം. ഒരു ഇൻജക്ഷൻ മാത്രം. ഒരു ലവലേശം വേദന...’

ആദ്യമെല്ലാം അവൾ എതിർത്തു, ശക്തിയാ­യെതിർത്തു, സുഖകരമായ ആ ഭാരത്തെ ഏറ്റാനുള്ള സ്വന്തം അവ കാശത്തെ വീറോടെ രക്ഷിക്കാനുള്ള ആവേശത്തോടു കൂടി.

അപ്പോൾ, അയാൾ, ആ തീരുമാനമെടു­ക്കാനുണ്ടായ സാമ്പത്തിക സാഹചര്യങ്ങ­ളെക്കുറിച്ചു പറഞ്ഞു. രണ്ടു കുട്ടികളെ പോറ്റിപ്പുലർത്തണം. അവർക്കു വിദ്യാഭ്യാസം നല്കണം. മൂത്തതു പെൺകുട്ടിയാണ്. അവൾക്ക് സാമാന്യം ഒരു വിദ്യാഭ്യാസം നല്കിയാൽ മതി. പക്ഷേ, മകന്ന് നല്ല സാങ്കേതിക വിദ്യാഭ്യാസം തന്നെ നല്കണം. ജോലിയുടെ മാർക്കറ്റ് വളരെ ടൈറ്റാണ്,’ അയാൾ പറഞ്ഞു, അവന്ന് നല്ല വിദ്യാഭ്യാസം നല്കിയി­ല്ലെങ്കിൽ അവൻ നശിക്കും.’ പുറമെ, മറ്റു ചെലവുകളും കൂടി ഉണ്ടായിരുന്നു. വീട്ടുവാടക, ഇലക്ട്രിസിറ്റി, അലക്കുകൂലി, മുതലായവ. പണിക്കാരി­ത്തള്ളയ്ക്കു ശമ്പളവും കൊടുക്കണം. കൽക്കത്ത­യെപ്പോലുള്ള ഒരു നഗരത്തിൽ ജീവിക്കുക വിഷമം തന്നെയാണ്. താൻ വഴങ്ങേണ്ടി വരുമെന്ന് അവൾക്കു മനസ്സിലായി. പക്ഷേ, അതു മനം മടുപ്പിക്കുന്ന­തായിരുന്നു.

തന്റെ വയറ്റിൽ വളർന്നു വരുന്ന ജീവനെപ്പറ്റി അവൾക്കു ദുഃഖം തോന്നി. ഇതു നിലനില്പിന്റെ പ്രശ്‌നമാണ്. ജീവിക്കാൻ ഇടയായവരുടെ നിലനില്പ്. അതിൽ കടന്നുവ­രുന്നവരെ ചെറുക്കാനുള്ള ഈ പ്രാകൃത മനഃസ്ഥിതി മനംപുരട്ടുന്ന­തായിരുന്നു. പക്ഷേ, അത് സഹിക്കുകയേ നിവൃത്തിയുള്ളു.

അവൾ മക്കളെക്കു­റിച്ചോർത്തു. അവരെ വേനലൊഴിവിന്നു വീട്ടിലേക്കയച്ചതു നന്നായി. അവരുടെ അഭാവത്തിൽ അവൾക്ക് അസ്വാസ്ഥ്യമുണ്ട്. പക്ഷേ, അതാണ് കുറെ ഭേദം. അവരെ ഇപ്പോൾ ഇവിടെ കൊണ്ടുവരാൻ അവൾ ഇഷ്ടപ്പെട്ടില്ല. അവരുടെ അമ്മാവന്റെ അടുത്ത് അവർക്കു കൂടുതൽ സുഖമായിരിക്കും.

മാർക്കറ്റിൽ അധികം തിരക്കുണ്ടായിരുന്നില്ല. പുതിയ പച്ചക്കറികളുടെ വാസന വായുവിൽ തങ്ങി നിന്നിരുന്നു. പക്ഷേ, അവൾ സ്വന്തം കുട്ടികളെക്കുറിച്ചും, വൈകുന്നേരം ഡോക്ടറെ കാണേണ്ട­തിനെക്കുറിച്ചും ആലോചിച്ചു.

പുറത്തു വന്നപ്പോൾ, തെരുവിൽ കൂടുതൽ ആളുകളു­ണ്ടായിരുന്നു. തെരുവ് പൊടി നിറഞ്ഞുമിരുന്നു. കുറെ ആളുകൾ നീണ്ടുചുവന്ന ബാനറുകൾ പിടിച്ചു നടന്നിരുന്നു. ബാനറുകളെല്ലാം ബംഗാളിയിലായി­രുന്നതിനാൽ അവൾക്കു മനസ്സിലായില്ല. അവർ, ഉറക്കെ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട്, ഒരു ജാഥ നയിക്കുക­യായിരുന്നു.

വിപ്ലവം ജയിക്കട്ടെ!’

ഞങ്ങളുടെ അവകാശങ്ങൾ വകവെച്ചു കിട്ടണം.’

ജാഥ വളരെ നീണ്ടതായതിനാൽ, റോഡുമുറിച്ചു കടക്കാൻ, അവൾക്കു ഫുട്പാത്തിൽ കാത്തു നില്‌ക്കേണ്ടിവന്നു. പ്രക്ഷോഭകർ സാവധാനത്തിൽ നീങ്ങിപ്പോകുന്നത് അവൾ നോക്കി നിന്നു. അവർ ഉറക്കെ മുദ്രാവാക്യങ്ങൾ വിളിക്കുകയും, മുഷ്ടികൾ ആകാശത്തിൽ ഉയർത്തുകയും ചെയ്തു. പെട്ടെന്നവൾ, തന്റെ അടുക്കളയിൽ കടന്നു കൂടിയ കൂറകളെ ഓർത്തു.

ഇപ്പോത്തന്നെ മറന്നു പോയിരുന്നു!’

മരുന്നു ഷാപ്പ് അടുത്തുതന്നെ ഉണ്ടായിരുന്നു. കൗണ്ടറിൽ ഉണ്ടായിരുന്ന, ഒരു മന്തനെപ്പോലെ തോന്നിച്ച, പയ്യനോട് അവൾ കൂറപ്പൊടിയുണ്ടോ എന്നു ചോദിച്ചു. ഇംഗ്ലീഷിൽ ചോദിച്ചതുകൊണ്ട് അവന്നു മനസ്സിലാ­യില്ലെന്നു സ്പഷ്ടം.

ഇല്ല,’ അവൻ പറഞ്ഞു, ‘ഇവിടെ ഇല്ല’. പിന്നെ, അവളുടെ മുഖത്ത് അത്ഭുതം സ്ഫുരിക്കുന്നതു കണ്ടപ്പോൾ അവൻ പറഞ്ഞു: ‘നില്ക്കു.’

അവൾ നിന്നു. പയ്യൻ കാഷ്‌കൗണ്ടറിൽ പോയി നീണ്ടുമെലിഞ്ഞ ഒരാളുമായി അടക്കിയ സ്വരത്തിൽ സംസാരിച്ചു. നീണ്ട മനുഷ്യൻ കൗണ്ടറിൽ വന്ന്, അവൾക്ക് ‘കോക്ക്‌റോച്ച് പൗഡർ’ തന്നെയല്ലേ വേണ്ടത് എന്നു ചോദിച്ചു.

അവൾ തലയാട്ടി. അയാൾ ചില്ലലമാറികളിൽ ഒന്നിൽനിന്ന് ഒരു ചുവന്ന പാക്കറ്റ് എടുത്ത് അവൾക്കു കൊടുത്തു. ഒപ്പം, അത് ഉപയോഗിക്കേ­ണ്ടതിനെപ്പറ്റി വിശദവിവരങ്ങളും. തനിക്കത് അറിയാമെന്നു പറഞ്ഞ് അവൾ അയാളുടെ നാവടക്കി. പക്ഷേ, അയാൾ അതു ശ്രദ്ധിക്കാതെ വീണ്ടും ആദ്യവസാനം തുടങ്ങുമെ­ന്നായപ്പോൾ അവൾ പറഞ്ഞു: നന്ദി!’

അയാൾ തന്റെ വാചകമടി നിർത്തി ഒരു മുന്നറിയിപ്പോടെ:

ഇതു വിഷമാണ്, കേട്ടോ? ഭയങ്കര വിഷം!’

വൈകുന്നേരം ഡോക്ടർ ഇൻജക്ഷൻ കൊടുത്തപ്പോൾ, ഇതേ വാക്കുകൾ ഒരു അസ്വാസ്ഥ്യത്തോടെ അവൾ വീണ്ടും ഓർമ്മിച്ചു. ഡോക്ടർ ഒരു തടിച്ച സ്ത്രീയായിരുന്നു. അവർ അവളുടെ കുട്ടികളെക്കുറിച്ച് അന്വേഷിച്ചു.

രണ്ടുപേരും സ്‌കൂളിൽ പോകുന്നുണ്ടെന്നാണു പറഞ്ഞത്, അല്ലെ?’

അതെ.’ പെട്ടെന്നു നേരിയ സൂചി അവളുടെ മേൽ താഴ്ന്നിറങ്ങുന്നത് അവൾക്ക് അനുഭവപ്പെട്ടു.

ഏയ്, സാരല്ല്യ,’ ഡോക്ടർ പറഞ്ഞു, വേവലാതിപ്പെടാനൊന്നുമില്ല.’

ടാക്‌സിയിൽ അവർ വീട്ടിലേക്കു തിരിച്ചു. യാത്ര സുഖകര­മായിരുന്നു. പക്ഷേ, അവൾ വല്ലാതെ വിഷമിച്ചു. വിറയ്ക്കുന്ന കൈകൊണ്ട് അവൾ തന്റെ അടിവയർ തലോടി. പെട്ടെന്നു ശക്തിയായ തേങ്ങലുകൾ മാറിൽ നിറഞ്ഞു, അവളെ ശ്വാസം മുട്ടിച്ചു. ഏകാന്തതയിൽ ഇരുന്നു മതിയാവോളം കരയാൻ അവൾക്കു തോന്നി. ഇപ്പോഴെങ്കിലും ഭർത്താവ് പശ്ചാത്ത­പിച്ചെങ്കിൽ എത്ര നന്നായി­രുന്നെന്ന് അവൾ ആശിച്ചു. പക്ഷേ, അയാളുടെ മുഖത്തു പശ്ചാത്താപത്തിന്റെ ലാഞ്ചനപോലു­മുണ്ടായിരുന്നില്ല. അയാൾ പുറത്തേക്കു തുറിച്ചു നോക്കുക­യായിരുന്നു.

കിടപ്പറയിലെ തെളിഞ്ഞ വെളിച്ചത്തിൽ അവളുടെ മുഖം വിളറി, ക്ഷീണിച്ചു കാണപ്പെട്ടു. ഭർത്താവു പേടിച്ചു.

നിനക്കെന്തു പറ്റി?’

എനിക്കൊന്നുമില്ല,’അവൾ പറഞ്ഞു.

ഒരു ചെറിയ തലവേദന. സാരിഡോൺ കഴിക്കാം. ഒരു ഗുളിക ഉണ്ടോ?’

അവൾ കട്ടിലിൽ കിടന്നു. ഭർത്താവു വല്ലാതെ പരിഭ്രമിച്ചിരുന്നു.

മനസ്സാക്ഷിയാണ് എന്നെ വിഷമിപ്പിക്കുന്നത്,’ അവൾ വിചാരിച്ചു, ഇപ്പോൾ എനിക്ക് ഒരു അപരാധബോധം തോന്നുന്നു. പക്ഷേ, അതു ചെയ്യാതെ നിവൃത്തിയില്ല. വേറെ വഴിയൊന്നുമില്ല. ഇക്കാലത്തു സന്തോഷത്തോടെ ജീവിക്കണമെങ്കിൽ ഈ ചിറകടി കുറെയൊക്കെ കേട്ടില്ലെന്നു നടിക്കുകതന്നെ വേണം. നാളെ, ഈ പേടിസ്വപ്ന­ത്തിന്റെ ഓർമ്മകൾ മാഞ്ഞു പോകുമ്പോൾ, സുഖമായി ജീവിക്കാം.’

കുട്ടികളെ തിരിച്ചു കൊണ്ടുവരണം,’അവൾ വിചാരിച്ചു, എനിക്ക് അവരെ കാണാതെ ഇരിക്കാൻ വയ്യ. പതിനഞ്ചു ദിവസം വളരെ ദീർഘിച്ചതായിരുന്നു. ഈ ഏകാന്തത എനിക്ക് ഒട്ടും സഹിക്കാൻ വയ്യ. എനിക്ക് എന്റെ കുട്ടികളെ ചുറ്റും കാണണം!’

ഭക്ഷണം, അവർ ഡോക്ടറുടെ അടുത്തു പോകുന്നതിനു മുമ്പു തന്നെ തയ്യാറാക്കിയിരുന്നു. അതുകൊണ്ട് അതു വിളമ്പിക്ക­ഴിക്കുകയേ വേണ്ടിയിരുന്നുള്ളു. ഊണു കഴിച്ചപ്പോൾ അവൾക്കു കുറെ ഭേദം തോന്നി. ഭർത്താവ്, ആ ചുവന്ന പൊടി കാർഡ് ബോർഡിന്റെ കഷ്ണങ്ങളിൽ ചെറിയ കൂമ്പാരങ്ങളായി എടുത്ത് ഓരോ മൂലയിൽ വയ്ക്കുന്നത് അവൾ നോക്കിനിന്നു. അടുക്കളയിൽ കൂറകൾ ടിന്നുകളുടെ മൂടികളിൽ കിരുകിരാ ശബ്ദമുണ്ടാക്കി, പറന്നു ചുവരിൽ ചെന്നടിക്കുന്ന ശബ്ദം കേട്ടു.

പരക്കം പാച്ചിൽ തുടങ്ങി. മരണവെ­പ്രാളമാണ്. അവൾ വിചാരിച്ചു.

അവൾ കിടപ്പറയിലേക്കു പോയപ്പോൾ ഭർത്താവു കിടന്നു കഴിഞ്ഞിരുന്നു. അവൾ വിളക്കണച്ചു കട്ടിലിൽ പോയി കിടന്നു. തെരുവു വിളക്കിന്റെ പ്രകാശം ജാലകത്തിലൂടെ അരിച്ചുവന്നു. ഭർത്താവ് ഉറങ്ങിയി­ട്ടില്ലെന്ന് അവൾക്കു മനസ്സിലായി. അയാൾ തിരിഞ്ഞ് അവളെ കൈകൊണ്ടു വരിഞ്ഞു.

ഇപ്പോൾ എങ്ങനെണ്ട്?’

ഭേദണ്ട്,’അവൾ പറഞ്ഞു, എനിക്കിപ്പോൾ ഒരസുഖവുമില്ല.’

അയാൾ അവളുടെ പുറത്തു സ്‌നേഹപൂർവ്വം തട്ടി, കവിളിൽ ചുംബിച്ചു.

നാളേയ്ക്ക് നിനക്ക് എല്ലാം ഭേദമാവും.’

അങ്ങനെ ഒരു ഉറപ്പു ഭർത്താവിൽ നിന്നും കിട്ടാൻ അവൾ കാത്തിരിക്ക­യായിരുന്നു. അവൾക്ക് ആശ്വാസം തോന്നി.

സാവധാനത്തിൽ അയാളുടെ ആലിംഗനം അയഞ്ഞു­വരുന്നത് അവൾക്കു അനുഭവപ്പെട്ടു. അയാളുടെ ശ്വാസം താളക്രമ­ത്തിലായി. കുറച്ചു നിമിഷ­ങ്ങൾക്കുള്ളിൽ അയാൾ ഗാഢനി­ദ്രയിലായി.

കുറച്ചുനേരത്തിന്ന്, അവൾ ടൈംപീസിന്റെ ടിക്, ടിക് ശബ്ദവും, പുറത്തു തെരുവിൽ ഒരു വാഹനത്തിന്റെ ഇരമ്പൽ വിദൂരതയിൽ ലയിക്കുന്നതും ശ്രദ്ധിച്ചു.

അങ്ങനെയി­രിക്കുമ്പോൾ, അവൾ കറുത്ത ജീവികൾ പറന്നു വരുന്നതു കണ്ടു. കൂറകൾ. അവ ആയിരക്കണ­ക്കിനുണ്ടായിരുന്നു. കൂറകൾ ഒരു ജാഥ നയിക്കുന്നു. അവൾക്കു ചിരി വന്നു. സ്വപ്നത്തിൽ മാത്രമേ അതു സംഭവി ക്കുകയുള്ളു. പക്ഷേ, കൂറകൾ അതുതന്നെ­യായിരുന്നു ചെയ്തിരുന്നത്. ജാഥ തെരുവിൽ തടിച്ചു കൂടി. അവ ഉറക്കെ മുദ്രാവാക്യങ്ങൾ അട്ടഹസിക്കുകയും, മേലോട്ടും താഴോട്ടും ക്ഷോഭിച്ചു പറക്കുകയും ചെയ്തു. ചില കൂറകൾ ഉയർത്തിപ്പിടിച്ച ബാനറുകൾ കണ്ടപ്പോഴാണ് അവൾക്കു കൂടുതൽ ആശ്ചര്യം തോന്നിയത്..

എനിക്കു ഭ്രാന്തു പിടിക്കും, അവൾ വിചാരിച്ചു. ജാഥ കൂടുതൽ പ്രക്ഷുബ്ധമായി. ചില കൂറകൾ വിമാനാക്രമണം പോലെ അവളുടെ നേർക്കു പറന്നു വന്നു. അവൾ ഒരു നിലവി­ളിയോടെ ഉണർന്നു. അപ്പോൾ, അതൊരു സ്വപ്നം മാത്രമായി­രുന്നുവെന്ന് അവൾക്കു മനസ്സിലായി. അവൾ സന്തോഷിച്ചു. അവൾ ഭർത്താവിനോടു ചേർന്നു കിടന്നു, ഉറക്കം കൺപോളകളെ കനപ്പിക്കുന്നതു ശ്രദ്ധിച്ചു.

അവൾ വളരെനേരം ഉറങ്ങി. ഉണർന്നപ്പോൾ സൂര്യകിരണങ്ങൾ മുറിയിലേക്ക് അരിച്ചു വന്നു തുടങ്ങിയിരുന്നു. നിലത്ത് അവൾ കൂറകളെ കണ്ടു. ചത്തുമലച്ച കൂറകൾ. അവൾ, ശൈത്യകാലത്തു മരങ്ങളിൽനിന്ന് ഉതിർന്നുവീഴുന്ന കരിയില­കളെക്കുറിച്ചും, വർഷങ്ങൾക്കു മുമ്പു മരിച്ചു പോയ അമ്മയെക്കുറിച്ചും, മക്കളെക്കുറിച്ചും, ജീവിക്കാനുള്ള അവകാശം നിഷേധി­ച്ചുകഴിഞ്ഞ, പുതിയ ജീവന്റെ കണികയെക്കുറിച്ചും ഓർത്തു. അവൾ വ്യസനിച്ചു.