close
Sayahna Sayahna
Search

ഞങ്ങള്‍ ഭാഗ്യം കെട്ടവര്‍



തിരുവനന്തപുരത്തെ രാജരഥ്യകളെ അലങ്കരിക്കുന്ന പ്രതിമകളെക്കുറിച്ചു പറയാനാണ് എനിക്കിപ്പോള്‍ കൗതുകം. നമുക്കു കിഴക്കേക്കോട്ടയില്‍ നിന്നു തുടങ്ങാം. കോട്ടവാതിലിന് എതിരായി മഹാത്മഗാന്ധി കൂനിപ്പിടിച്ചു നില്ക്കുന്നു. കൈയിലൊരു വടി. മുഖത്തു ദൈന്യം. കാക്കകള്‍ യഥേഷ്ടം പുരീഷങ്ങള്‍ ഗാന്ധിജിയുടെ കഷണ്ടിത്തലയില്‍ വിസര്‍ജ്ജിക്കുന്നുണ്ട്. മഹാത്മാവായതുകൊണ്ട് അദ്ദേഹം ഹൃദയവിശാലതയോടെ പക്ഷികളെ സ്വന്തം ശരീരത്തില്‍ കാഷ്ഠിക്കാന്‍ അനുവദിച്ചിരിക്കുന്നു. ആ പ്രതിമയെ നോക്കുക. ബ്രിട്ടീഷ് പട്ടാളത്തിന്റെയും പോലീസിന്റെയും മര്‍ദ്ദനങ്ങള്‍ സഹിച്ച് നമ്മുടെ രാജ്യത്തെ സ്വതന്ത്രമാക്കിയ മഹാവ്യക്തിയാണെന്ന തോന്നലേ നമുക്കുണ്ടാവുകയില്ല. എന്റെ ഗുരുനാഥനായ ഡോക്ടര്‍ കെ.ഭാസ്കരന്‍ നായര്‍ പറഞ്ഞതുപോലെ ʻʻഅന്തിˮ യില്‍ കോട്ടയ്ക്കകത്തെ ബ്രാഹ്മണഭവനങ്ങളില്‍ച്ചെന്ന് ʻപിച്ചതരണേʼ എന്ന് ദയനീയമായി അഭ്യര്‍ത്ഥിക്കുന്ന യാചകനായിട്ടേ നമ്മള്‍ ഇന്ത്യയുടെ പിതാവിനെ കാണൂ. അത് ആ പ്രതിമയെ നോക്കി ആലോചനയില്‍ മുഴുകുന്ന ഏതാനും പേരുടെ അനുഭൂതി മാത്രം. ശേഷമുള്ളവര്‍ –- മൈതാനത്ത് കാറ്റുകൊള്ളാനും കപ്പലണ്ടിതിന്നാനും വന്നിരിക്കുന്നവര്‍ –- ഇങ്ങനെയൊരു പ്രതിമ അവിടെ നില്ക്കുന്നുവെന്നുപോലും അറിയുകയില്ല. ഇനി വടക്കോട്ടു നടക്കൂ. സര്‍.ടി.മാധവരായര്‍, വേലുതമ്പിദളവ (ഉമ്മിണിത്തമ്പിയാണ് അതെന്നു ചിലര്‍) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, പട്ടം താണുപിള്ള, കുമാരനാശാന്‍, സുഭാഷ് ചന്ദ്രബോസ് ഇവരുടെ പ്രതിമകള്‍ കാണാം. മാധവരായരുടെ പ്രതിമ കാണുന്ന എനിക്ക് –- എഴുപത്താറുവയസ്സുകഴിഞ്ഞ എനിക്ക് –- അദ്ദേഹത്തിന്റെ മഹത്വം എന്തെന്നു അറിഞ്ഞുകൂടാ. വാളുപിടിച്ച് ʻനെടുനെടാʼ നില്ക്കുന്ന വേലുതമ്പി മണ്ണടി ക്ഷേത്രത്തില്‍ ജീവനൊടുക്കിയ ധീരനാണെന്നു മാത്രം അറിയാം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ എന്നില്‍ ഒരു വികാരവും ഉല്‍പാദിപ്പിക്കുന്നില്ല. ദിവാന്‍ രാജഗോപാലാചാരിയെ ഭര്‍ത്സിച്ചതു കൊണ്ട് നാടുകടത്തപ്പെട്ട മഹാവ്യക്തിയായിരുന്നു അദ്ദേഹമെന്നു മാത്രം ഞാന്‍ ഓര്‍മ്മിക്കുന്നു. നാട്ടിന്റെ സംസ്കാരചിത്രത്തില്‍ ഒട്ടൊക്കെ കൗതുകമുള്ള എനിക്ക് ഇത്രമാത്രമേ അറിയൂ. അപ്പോള്‍ സാമാന്യജനതയുടെ വിചാരവികാരങ്ങള്‍ എന്തായിരിക്കും? അവര്‍ക്കു വിചാരവുമില്ല, വികാരവുമില്ല. രാജരഥ്യയിലൂടെ നടക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളും പ്രതിമകളുടെ സാന്നിദ്ധ്യം തന്നെ അറിയുന്നില്ല.

ഞാന്‍ സാഹിത്യത്തില്‍ തല്‍പരനായതുകൊണ്ടു കുമാരനാശാന്റെ പ്രതിമയിലൂടെ അദ്ദേഹത്തിന്റെ കൃതികളെ ഓര്‍മ്മിക്കുന്നു. ബഹുജനത്തിന് ആരോ കൈയുയര്‍ത്തി നില്ക്കുന്നു എന്നേ തോന്നൂ. അതും അവര്‍ പ്രതിമയുടെ അസ്തിത്വമറിഞ്ഞാല്‍. ഇല്ലെങ്കില്‍ പ്രതിമ അവിടെ നില്ക്കുന്നു എന്നതുപോലും മറന്ന് ആ വഴി തിടുക്കത്തിലോ പതുക്കെയോ നടന്നുപോകും. ഇതൊക്കെ മുന്‍കൂട്ടി കണ്ടയാളാണ് ഈ.വി.കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ അക്ഷരശൂന്യയായ ഒരു സ്ത്രീ കഥാപാത്രം സര്‍.ടി.മാധവരായരുടെ പ്രതിമ ആദ്യമായി കണ്ടപ്പോള്‍ ʻനമ്മുടെ ഈപ്പച്ചനല്ലേ കെട്ടിച്ചെമഞ്ഞങ്ങു നില്ക്കണ്ʼ എന്നു ചോദിച്ചു. ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അഭ്യസ്തവിദ്യരായ ആളുകളും ഇങ്ങനെ തന്നെ ചോദിച്ചെന്നുവരും.

പ്രതിമകള്‍ക്കു മാത്രമല്ല ഈ ദുര്‍ഗ്ഗതി. കലാശാലകളില്‍ വച്ചിരിക്കുന്ന എണ്ണച്ചായ ചിത്രങ്ങളിലെ വ്യക്തികളെ ആര്‍ക്കറിയാം? യൂണിവേഴ്സിറ്റി കോളേജിലെ മലയാളം പ്രഫെസറുടെ മുറിയില്‍ എത്രയെത്ര മലയാളാധ്യാപകര്‍ ചുവരില്‍ തൂങ്ങിക്കിടക്കുന്നു! പ്രായം കൂടിയ ഞാന്‍ തന്നെ ഓരോ ചിത്രവും ചൂണ്ടിക്കാണിച്ച് ʻഇതാര്, ഇതാര്ʼ എന്നു ചോദിച്ചു. ആര്‍ക്കും മറുപടി നല്കാന്‍ കഴിഞ്ഞില്ല.

ഒരു വര്‍ഗ്ഗത്തിന്റെയോ ഒരു ജനവിഭാഗത്തിന്റേയോ വികാരങ്ങള്‍ ഇളകിപ്പോയാല്‍ ഉടനെ അതു പ്രതിമകളായി രൂപം കൊള്ളും. രൂപം കൊള്ളുന്നതോടെ അവരുടെ വികാരങ്ങളും കെട്ടടങ്ങും. പിന്നിട് അവര്‍ തന്നെ പ്രതിമ സ്ഥാപിച്ച സ്ഥലംവഴി നടന്നാല്‍ അതിന്റെ സാന്നിദ്ധ്യമറിയുകയില്ല.

സാഹിത്യകൃതികളുടെ സ്വഭാവം ഇതല്ലേ എന്ന ചോദ്യമുണ്ടാകാം. ബന്ധനസ്ഥനായ അനിരുദ്ധന്‍ എന്ന ഖണ്ഡകാവ്യമെടുക്കുക. വെണ്മയാര്‍ന്ന കടലാസില്‍ കുറെ കറുത്ത അക്ഷരങ്ങള്‍ മാത്രം. കവിത ആസ്വദിക്കാനറിയുന്ന ന്യൂനപക്ഷം അതെടുത്തു വായിച്ചാല്‍ വള്ളത്തോള്‍ മെല്ലെ അതില്‍ നിന്ന് ഉയര്‍ന്നുവരും. ആസ്വാദനത്തിന് ശക്തിയില്ലാത്തവര്‍ അതില്‍ വള്ളത്തോളിനെ കാണുകയില്ല, അനിരുദ്ധനെ കാണുകയില്ല, ഉഷയെ കാണുകയില്ല. എങ്കിലും പ്രതിമകളില്‍ നിന്ന്, സ്മാരകമന്ദിരങ്ങളില്‍ നിന്ന് അല്പം വിഭിന്നമാണ് സാഹിത്യകൃതികള്‍. സൃഷ്ടി കൈയിലെടുക്കുന്നവന്‍ സഹൃദയനാണെങ്കില്‍ പ്രതികരണം ജനിക്കും. അത് സൗന്ദര്യത്തിന്റെ തലത്തിലേക്കു വായനക്കാരെ കൊണ്ടുചെല്ലും. പ്രതിമകള്‍ ഏതു വ്യക്തികള്‍ക്കു പ്രതിനിധീഭവിക്കുന്നുവോ അവരെ ഭൂരിപക്ഷമാളുകള്‍ക്കും അറിഞ്ഞുകൂടാ. അതുകൊണ്ട് അവരില്‍ നിന്നു ഒരു പ്രതികരണവും ഉണ്ടാവുകയില്ല. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ സ്റ്റാലിന്റെ പ്രതിമയെ ചിലര്‍ ചുവടിളക്കി മറിച്ചു. റഷ്യയില്‍ ഇന്നാ സ്ഥലത്ത് അങ്ങനെയൊരു പ്രതിമ നിന്നുവെന്ന് ആരാണ് ഓര്‍മ്മിക്കുക? തിരുവനന്തപുരത്തെ മ്യൂസിയം ജങ്ങ്ഷനില്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ മാതാവിന്റെ പ്രതിമ നിറുത്തിയിരുന്നു. അതവിടെ നില്ക്കുന്നുവെന്നറിയാതെ ഞാന്‍ മെയ്‌ന്‍ റോഡിലൂടെ നടന്നിരുന്നു. പില്ക്കാലത്ത് ആരോ ആ പ്രതിമയെ തകര്‍ത്തു. ഇപ്പോള്‍ അവിടം ശൂന്യം. പ്രതിമയുണ്ടായിരുന്നപ്പോള്‍ എന്റെ മനോഭാവമെന്തായിരുന്നുവോ അതു തന്നെയാണ് പ്രതിമയില്ലാത്ത ഇക്കാലത്തും.

ഇത്രയുമെഴുതിയതുകൊണ്ടു ഞാന്‍ പ്രതിമ നിര്‍മ്മാണത്തേയും സ്മാരക നിര്‍മ്മാണത്തേയും പുച്ഛിക്കുകയാണെന്ന് ആരും കരുതരുതേ. ഇന്ത്യയിലേയും പടിഞ്ഞാറന്‍ രാജ്യങ്ങളിലേയും പ്രതിമാനിര്‍മ്മാതക്കള്‍ കലാസുന്ദരങ്ങളായ പ്രതിമകള്‍ നിര്‍മ്മിക്കുമ്പോള്‍ രൂപം നിര്‍മ്മിക്കുകയാണ്. മനോഹരമായ രൂപം സഹൃദയനെ ഉത്തേജിപ്പിക്കും. താജ്‌മഹല്‍ എന്ന ചരമസ്മാരകമന്ദിരം അതിന്റെ ചേതോഹരമായ രൂപം കൊണ്ട് ദ്രഷ്ടാക്കള്‍ക്കു മാനസികോന്നമനം ജനിപ്പിക്കുന്നു. പക്ഷേ തിരുവനന്തപുരത്തെ പുത്തിരിക്കണ്ടം മൈതാനത്തിലെ ഗാന്ധിപ്രതിമ ദ്രഷ്ടാക്കളില്‍ ജുഗുപ്സയേ ഉളവാക്കുന്നുള്ളൂ. അതിന്റെ ഫലമായി അവഗണന, അതിന്റെ സാന്നിദ്ധ്യമറിയായ്ക. ഈ ഗാന്ധി പ്രതിമപോലെ ഗാന്ധി പ്രതിമകളില്ലാത്ത ഇന്ത്യന്‍ പ്രദേശങ്ങളിലെ ജനങ്ങളെ നിങ്ങളെത്ര ഭാഗ്യവാന്മാര്‍. ഞങ്ങള്‍ –- തിരുവനന്തപുരത്തുകാര്‍ –- എത്ര ദൗര്‍ഭാഗ്യം ചെയ്തവര്‍!