close
Sayahna Sayahna
Search

ഞാൻ, നിന്നിൽ


ഞാൻ, നിന്നിൽ
EHK Story 01.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൂറകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 50

വെളുത്ത പശ്ചാത്തലത്തിൽ മഞ്ഞത്തെച്ചിപ്പൂക്കളിൽ തത്തിക്കളിക്കുന്ന വർണ്ണചിത്രശലഭങ്ങൾ, ഭൂതകാലം സൃഷ്ടിച്ച അകലത്തിൽ അവയെ കൗതുകപൂർവ്വം നോക്കി നില്ക്കുന്ന ഫ്രോക്കുകാരി പെൺകുട്ടിയുടെ തോളിൽ കൈയിട്ടു നില്ക്കുന്ന കാലുറക്കാരൻ പയ്യൻ. ഒതുക്കമില്ലാത്ത തലമുടി അശ്രദ്ധമായി നെറ്റിമേൽ വീണു കിടക്കുന്നു.

പുറത്ത് കെട്ടിടങ്ങളുടെ നിഴലുകളും വെളിച്ചവും തമ്മിൽ യുദ്ധം തീവ്രമായി. ജയിക്കാനുള്ള വെമ്പൽ. നിലനില്ക്കാനുള്ള ആവേശം. യുദ്ധം പുരോഗമിച്ചു. ക്രമേണ വെളിച്ചം ദുർബ്ബലമായി, വിളറി. കൊച്ചു നിഴലുകളെ സഹായിക്കാനെത്തിയ ഒരു വലിയ നിഴലിന്നു വെളിച്ചം കീഴടങ്ങിയതോടെ യുദ്ധം അവസാനിച്ചു. ഭീകരമായ, അസ്വസ്ഥമായ, ശാന്തത. മരിച്ച വെളിച്ചം ഒരായിരം കണികകളായി പുനർജ്ജീവിച്ചു. ഞാൻ ഇനിയും വരും, കൂടുതൽ ശക്തമായി. വെളിച്ചം പറഞ്ഞു.

തുറന്ന വാതിലിന്നു പുറമേ സംശയിച്ചടുക്കുന്ന ടാക്‌സി. ഡ്രൈവറുടെ താടിക്കിടയിലൂടെ ക്ഷണിക്കുന്ന മുഖം. എണ്ണക്കടലാസ്സിലൊഴിച്ച ജലംപോലെ ക്ഷണികമായ സംശയം.

എൽഗിൻ റോഡ്.

തെരുവിലൂടെ യാത്ര. തിരിവിൽ ഉയർന്ന കെട്ടിടത്തിന്നു താഴെ എരിയുന്ന സിഗററ്റു കട. ഒരു പുരാതന സ്വപ്‌നത്തിന്റെ ശിഥിലമായ ഓർമ്മപോലെ. പിന്നെ അസ്വസ്ഥചിന്തകളിലൂടെ നിലയ്ക്കാത്ത പ്രയാണം. നിങ്ങളെന്നെ ഉപദ്രവിക്കാതിരിക്കൂ. മുറിവേറ്റ മൃഗത്തിന്റെ പിടച്ചിൽ ദൂരത്തല്ല. ഏകാകിയായിരിക്കുമ്പോൾ അതിന്റെ ദീനരോദനം എനിക്കു കേൾക്കാം. ഞാൻ ശ്രദ്ധിക്കില്ല. എനിക്കു ശ്രദ്ധിക്കാൻ വയ്യ. ഞാൻ ഏകാന്തതയെ ഭയപ്പെടുന്നു. കാരണം, ഏകാന്തതയിൽ ഒരു കറുത്ത മുഖം എന്നെ പിൻതുടരുന്നു. ആരും എനിക്കഭയം തരുന്നില്ല. നീ എന്താണ് ഒന്നും എഴുതാത്തത്? അവർ ചോദിക്കുന്നു. ഞാൻ ശ്രദ്ധിക്കുന്നില്ല. ഞാൻ, ഒരുകാലത്തു താലോലിച്ചിരുന്ന, കറുത്ത മൃഗത്തിന്റെ ശബ്ദത്തിനു വേണ്ടി ചെവിയോർക്കുന്നു.അത് അടുത്തെവിടേയോ ആണ്. ഒരു മൂലയിൽനിന്ന് എന്നെ തിരയുകയാണ്. നിങ്ങളെനിക്കഭയം തരൂ.

ഞങ്ങൾ നിസ്സഹായരാണ്. നീ ഞങ്ങളിലേക്കു കടന്നുവരുന്നില്ല. അവർ പറഞ്ഞു. ശരിയാണ്. ഞാൻ ഒരു ദ്വീപിലാണ്. മോചനം കാംക്ഷിക്കാത്ത തടവിലാണ്. ഭൂതകാലം ഒരു അമൂല്യനിധി പോലെ ഞാൻ സൂക്ഷിക്കുന്നു. എന്റേതുമാത്രമായ അതിന്റെ നിഴൽ എനിക്കു തണലാണ്.

എൽഗിൻ റോഡിലെ സുപരിചിതമായ പുരാതനഭവനം. മുമ്പിൽ, തോട്ടത്തിൽ വിരിഞ്ഞു നില്ക്കുന്ന വലിയ ഡാലിയാപ്പൂക്കൾ. എന്റെ അഭാവത്തിൽ ഇവിടെ പൂക്കൾ വിരിഞ്ഞിരിക്കുന്നു. നീയെന്ന മനുഷ്യനെ ഞങ്ങൾ മറന്നിരിക്കുന്നു. ഇളം ചെടികളായിരുന്നപ്പോൾ, കരുണയോടെ അഭയം തന്ന മണ്ണിൽ തഴച്ചു വളർന്നപ്പോൾ, ഒരു സ്വപ്‌നത്തെ ഗർഭം ധരിച്ചപ്പോൾ, നീയെവിടെയായിരുന്നു? നിനക്കു ഞങ്ങളുടെ ഹൃദയത്തിലേക്കിറങ്ങിവരാൻ കഴിയില്ല.

എനിക്കറിയാം. അകൽച്ചയിൽനിന്നുളവായ അപരിചിതത്തോടെ, വേദനയോടെ, അവൾ പറഞ്ഞു; എനിക്കു മനസ്സിലാക്കാം.

വാതിലിന്നു മുകളിലുള്ള വെളുത്ത ബട്ടന്റെ പ്രേരണയിൽ അകത്തെ ബെൽ അമർത്തിച്ചിരിച്ചു. മുകളിൽ നിന്നു മറുപടി, ബംഗാളിയിൽ.

കാകെ ചായ്?

ബാൽക്കണിയിൽ, തലയിൽക്കൂടി വെളുത്ത സാരിയിട്ട ഒരു സ്ത്രീ.

ചിത്രകാരൻ ഇല്ലേ?

കേ?

ചിത്രകാരൻ, സമീർ?

അയാൾ ഇവിടെനിന്നു മാറിയിട്ട് ഒരു മാസമായല്ലൊ.

എവിടേക്കാണു മാറിയത്?

അറിയില്ല.

നിരാശ. കാൽച്ചുവട്ടിലെ ഹിമത്തിൽ പിളർന്നു വന്ന ഒരഗാധഗർത്തം അവളെ വിഴുങ്ങി. കെട്ടടങ്ങിയ ഉത്സാഹത്തിന്റെ തണുത്ത ചാരം. വിറങ്ങലിച്ച ശവകുടീരം. അതിൽ ഒരു മൃതദേഹമായി ലോകാവസാനം പ്രതീക്ഷിച്ചുകിടക്കാം. ഓർമ്മയുടെ തിളങ്ങുന്ന മാർബിൾ പലകമേൽ തങ്കലിപികളിൽ എഴുതാം: ‘ഞാനെന്ന ദേഹം ഇവിടെ നിദ്രകൊള്ളുന്നു.’ എനിക്കു മുക്തിയില്ല.

അനന്തതയിൽനിന്നു പെട്ടെന്നൊഴുകിവന്ന ഒരു പ്രകാശകിരണം അപ്പോൾ പറഞ്ഞു. നിന്നെ പിൻതുടരുന്ന കറുത്ത മൃഗത്തെ നിഷ്‌കരുണം കൊല്ലൂ. നീയെന്തിനതിനെ ഇഷ്ടപ്പെടുന്നു? നിനക്കു മോചനമുണ്ട്. അവൾ ചിരിച്ചു. വിളറിയ ചിരി. വേറെ വഴിയില്ല.

ലോവർ സർക്കുലർ റോഡ്.

വാതിൽ തുറന്നത് രാണു.

ഹല്ലൊ, ആശാലത, വരൂ.

ചുവരിൽ സെസ്സാന്റെ നിശ്ചലജീവിതത്തിന്നരികെ പിക്കാസോവിന്റെ ഗിതാർ വായനക്കാരൻ. താഴെ രാണു. ബോബുചെയ്ത മുടി. തുടുത്ത കവിളുകൾ. തിളങ്ങുന്ന കണ്ണുകൾക്കു മുകളിൽ ഇടതൂർന്ന കൺപീലികൾ. ഇറക്കിയുടുത്ത, വലിയ ചുവന്ന പൂക്കളുള്ള സാരി. പൊക്കിളിനു താഴെ വെളുത്ത വയർ. തികച്ചും ഒരു ഉർവ്വശി, ചിത്രകാരന്റെ മോഡൽ.

നിറമുള്ള ചുവരിന്മേലുള്ള ആഭരണങ്ങളുള്ള വിളക്കും, സെസ്സാനും, പിക്കാസോവും അപ്രത്യക്ഷമായി. പകരം ഇരുണ്ടു മാറാലപിടിച്ച ചുവരുകൾ. കാൻവാസ് വിരിച്ച മുക്കാലിക്കു മുമ്പിൽ ബ്രഷും പാലറ്റും പിടിച്ച ചിത്രകാരൻ. അകലെ ദീവാനിൽ കിടക്കുന്ന നഗ്നയായ ചെറുപ്പക്കാരി.

വാതിൽ തുറന്ന് അപ്രതീക്ഷിതമായ പരിതഃസ്ഥിതിയിൽ വന്നുപെട്ടു വൈഷമ്യത്തോടെ നില്ക്കുന്ന സ്ത്രീയോടു ചിത്രകാരൻ പറഞ്ഞു.

നോക്കൂ, വെണ്ണക്കല്ലിലുണ്ടാക്കിയ പ്രതിമ. റൊഡാന്റെ ശില്പം!

ചായംതേച്ച ചുവരുകൾ വീണ്ടും വന്നപ്പോൾ, വളരെ നേരമായി നോക്കിയിരിക്കുകയായിരുന്നെന്ന ബോധത്തിൽ നിന്നുളവായ ലജ്ജയോടെ പറയുന്നു:

എനിക്കു തിരക്കുണ്ട്. ടാക്‌സി പുറത്തു കാത്തുനില്ക്കുന്നു. സമീരിന്റെ വിലാസം അറിയുമോ?

സമീർ പഴയ സ്ഥലത്തുതന്നെയല്ലേ?

അല്ല, അവിടെനിന്നു മാറിയിരിക്കുന്നു.

വ്യസനിക്കുന്നു, ലത. എനിക്കറിയില്ല. ഞാൻ രണ്ടുമാസമായി അയാളെ കാണാറില്ല.

ഒരിടിമിന്നൽ. കുറെക്കാലമായി ഇരുളടഞ്ഞു കിടന്ന മുറിയിൽ പെട്ടെന്നു വെളിച്ചം വീശി. ഞാനെന്തിന് ആ മുറി അടച്ചിട്ടു?

ഗാലറിയിൽ അന്വേഷിച്ചു നോക്കൂ. ഒരുപക്ഷേ, അവർക്കു തരാൻ കഴിയും.

നന്ദി!

പ്രയാണം തുടർന്നു. സർദാർജി, പാർക്ക് സ്റ്റ്രീറ്റിലേക്കു വിടൂ.

മേംസാബ്...അക്ഷമയുടെ ശബ്ദം.

ദയവായി, സർദാർജി.

പ്രയാണം തുടർന്നു. ഇതവസാനത്തെ തുരുമ്പാണ്. എനിക്കു രക്ഷകിട്ടില്ലേ? ഇല്ലെങ്കിൽ തിരിച്ചുപോകാം. വീണ്ടും കൂട്ടിലിട്ട സിംഹിയെപ്പോലെ മുറിയിൽ ഉലാത്താം. കഴിഞ്ഞ രണ്ടുമാസങ്ങളിൽ അനുഭവിച്ച നിരർത്ഥകത എനിക്കു തികച്ചും അറിയാം. ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സൂര്യന്റെ ഗതി മുറിയിൽ വരുത്തുന്ന വ്യതിയാനങ്ങൾക്കനുസരിച്ച് അരിച്ചു നീങ്ങുന്ന നീണ്ട ദിവസങ്ങൾ എന്നെ ക്ലേശിപ്പിച്ചിരുന്നു. ഈ ദിവസങ്ങൾക്കു ഭൂതമുണ്ടായിരുന്നില്ല; ഭാവിയും. കനത്തു ഭാവശൂന്യമായി നില്ക്കുന്ന വർത്തമാനം മാത്രം. ഞാനതിനെ വെറുക്കുന്നു.

ഗാലറിയുടെ പുറത്തു വാതിലിന്നു മുകളിൽ ഇംഗ്ലീഷിൽ സുവർണ്ണലിപികൾ: ‘കശ്മീരിലെ ഓർമ്മകൾ.’

വാതിൽ കടന്നു. ഇരുവശത്തും ചുമരിൽ ഫ്രെയിംചെയ്തു വെച്ച ചിത്രങ്ങൾ. ഹിമാലയത്തിന്റെ മഞ്ഞണിഞ്ഞ കൊടുമുടികൾ. ജീവിതം തുടിക്കുന്ന താഴ്‌വരകൾ. സുന്ദരികളായ കാഷ്മീരി പെൺകിടാങ്ങൾ.

മിസ് ലതാ, വരൂ. ഇത്രകാലത്തിനുശേഷം. ഞങ്ങളെ സന്ദർശിക്കാൻ മനസ്സു വന്നതിൽ നന്ദി പറയണം. സമീരിന്റെ അഡ്രസ്സോ? നിങ്ങൾ ഭാഗ്യവതിയാണെങ്കിൽ എന്റെ ഡയറിയിലുണ്ടാകും...അതെയതെ, പുതിയ സ്ഥലത്ത്. നോക്കട്ടെ...നമ്പർ ലോവർ റേഞ്ചിൽ, പാക്ക് സർക്കസ്സിലാണ്. ഞാനയാളെ കണ്ടിട്ടു കുറെ നാളായി. ഏകാന്തവാസമാണെന്നു തോന്നുന്നു. ഒരു പ്രദർശനത്തിന്നു ചിത്രങ്ങൾ വേണമെന്നു പറഞ്ഞ് മാസങ്ങളായി.

ലോവർ റേഞ്ചിൽ വലിയ കെട്ടിടത്തിനു മുമ്പിൽ ടാക്‌സി നിന്നു. വെളിച്ചം മങ്ങിനില്ക്കുന്ന ഇടനാഴികകളിലൂടെ, അക്ഷമയുടെ പടികളിലൂടെ ഊളിയിട്ടു. അവസാനം പിച്ചളത്തകിടിൽ പ്രതീക്ഷിച്ച പേർ. ബെല്ലടിച്ചു കാത്തുനിന്നു. നീണ്ടതും തികച്ചും വിരസവുമായ വിരഹത്തിനുശേഷം കണ്ടുമുട്ടുമ്പോൾ ഉതിർന്നുവീഴുന്ന നിമിഷങ്ങളുടെ നിറങ്ങളെന്തെല്ലാമായിരിക്കും?

വാതിലിന്നു പിന്നിൽ ചലനം. ഉൽക്കണ്ഠാകുലമായ ഒരു നിമിഷം. തുറന്ന വാതില്ക്കൽ ചിത്രകാരൻ. മുഖത്തു സമൃദ്ധമായ താടി; ചുണ്ടുകളിൽ പരിചിതമായ പുഞ്ചിരി.

നിമിഷങ്ങളോളം രണ്ടപരിചിതരേപ്പോലെ മുഖത്തോടുമുഖം നോക്കിനിന്നു. പിന്നെ അണക്കെട്ടു തകർന്നൊഴുകിയ ജലം പോലെ ചിത്രകാരന്റെ നീട്ടിയ കൈകളിലേക്കു കുതിച്ചു. ദീർഘമായ ആലിംഗനം. ചുണ്ടുകൾ ചുണ്ടുകളെത്തേടിയലഞ്ഞു. കണ്ടുമുട്ടിയപ്പോൾ വീണ്ടും അസ്വസ്ഥങ്ങളായി. ഈ ആലിംഗനത്തിൽ നിന്ന്, ചുംബനത്തിൽ നിന്ന്, വേർപെടാൻ എനിക്ക് ഒരിക്കലും കഴിയില്ല. വേർപെടൽ നിരർത്ഥകതയാണ് മരണമാണ്.

ഞാൻ നിന്നെ കാത്തിരിക്കയായിരുന്നു.

ഞാൻ വന്നു.

നീ ഇനി പോവില്ലെന്നു പറയൂ.

ഒരു വാഗ്ദാനം. സുരക്ഷിതയാണെന്ന ബോധത്തിന്റെ തീനാളത്തിൽ മരവിപ്പില്ലാതായി. ഈ മാറ്റം എത്ര പെട്ടെന്നാണ്. ഇപ്പോൾ ശവക്കല്ലറയില്ല. തന്റെ ജീവിതകാലം മുഴുവൻ പിന്തുടർന്ന കറുത്ത മൃഗത്തിന്റെ രോദനമില്ല.

നിമിഷങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. വർണ്ണപ്പൊലിമയുള്ള നിമിഷങ്ങൾ. ചിത്രകാരൻ സംസാരിക്കുകയായിരുന്നു. അവൾക്കു ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ചിത്രകാരൻ സംസാരിക്കുകയാണ്. ആശ നശിച്ച, എല്ലാം കഴിഞ്ഞുവെന്നു കരുതിയ, ദിവസങ്ങളെപ്പറ്റി. ബ്രഷ് കൈയിലെടുത്തു കാൻവാസിനു മുമ്പിൽ ധ്യാനിച്ചു, മോക്ഷം ലഭിക്കാതിരുന്ന അവസരങ്ങളെപ്പറ്റി. ചിത്രകാരൻ സംസാരിക്കുകയായിരുന്നു.

മുറിയുടെ മൂലയിൽ ജാലകത്തിന്നരികെ വെച്ച മുക്കാലിമേലുള്ള കാൻവാസ് മങ്ങി വൃത്തികേടായിരുന്നു. ഞാൻ സ്വയം ശപിക്കട്ടെ. ഞാനും ഒന്നുമെഴുതിയിട്ടില്ലെന്ന് എനിക്കുള്ള മൗനശിക്ഷയാകട്ടെ.

സ്വീകരണമുറിയിൽ ടീപ്പോയിൽമേൽ ഒരു കുപ്പി നിറമുള്ള ദ്രാവകം. ഗ്ലാസ്സുകൾ. ചിത്രകാരൻ ചിരിച്ചു. നിന്റെ അഭാവത്തിൽ ജീവിക്കുകയെന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ഞാൻ കണ്ടുപിടിച്ച മാർഗ്ഗം. അയാൾ ആ ദ്രാവകം ഗ്ലാസ്സുകളിൽ പകർന്നു. അതിന്റെ നിറം വിളറി. ഗ്ലാസ്സുകൾ കൂട്ടിമുട്ടി സംഗീതം പൊഴിച്ചു. സോഫയിൽ അവളുടെ അടുത്തു കിടന്ന പുസ്തകം ചിത്രകാരൻ കണ്ടു. ചിത്രശലഭങ്ങൾ; അയാൾ നിർത്തിനിർത്തി വായിച്ചു.

ഹായ്, നിന്റെ ആദ്യത്തെ കുട്ടി.

ഒരു ചിത്രകാരന്റെ മുഖച്ഛായയുള്ള, അയാളുടെ രക്തം സിരകളിലോടുന്ന, കുട്ടി.

ചിത്രകാരൻ പുസ്തകം മറിച്ചുനോക്കി. പുതുമയുടെ ലഹരിപിടിപ്പിക്കുന്ന മണം വിട്ടിട്ടില്ലാത്ത പുസ്തകം.

എനിക്കീ കവിതകൾ വായിക്കാൻ കഴിഞ്ഞെങ്കിൽ!

നിങ്ങൾക്കെന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ടല്ലോ. അതു മതി.

പേജുകൾ മറിഞ്ഞു. സെപ്റ്റംബർ മാസത്തിലെ ദിവസങ്ങൾ ലഹരിപിടിപ്പിക്കുന്നതായിരുന്നു. പ്രത്യേകിച്ചും മദ്ധ്യാഹ്നങ്ങൾ. മായ സൃഷ്ടിക്കുന്ന വെയിൽ നിന്റെ മുഖത്തും, തലമുടികളിലും, വൃക്ഷത്തലപ്പുകളിലും. തെച്ചിപ്പൂക്കളിൽ തേൻ കുടിക്കാനെത്തുന്ന പൂമ്പാറ്റകൾ. നിനക്കുവേണ്ടി അവയെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഒരു പൂമ്പാറ്റയുടെ ലോലമായ ചിറകു മുറിഞ്ഞുപോയി. അതു പറക്കാൻ വയ്യാതെ കിടന്നു പിടഞ്ഞപ്പോൾ നീ കരഞ്ഞു. എന്നോടു പിണങ്ങി. പിന്നീടു ഞാൻ നിന്നിൽ നിന്നകന്നപ്പോൾ, ഏകനായപ്പോൾ, എന്നെ വേദനിപ്പിച്ച വ്യസനം കൊണ്ടു നീ വീണ്ടും കരഞ്ഞു.

അതു ഞാനായിരുന്നു.

വേനലിൽ ഞാൻ നിനക്കുവേണ്ടി പാവകൾ ഉണ്ടാക്കി. രാജാവിന്റേയും രാജ്ഞിയുടേയും പ്രതിമകൾ. നീ പറഞ്ഞു, എന്തു ഭംഗിയുള്ള പാവകൾ. അതു വേനലായിരുന്നു. വേനലിന്റെ അവസാനത്തിൽ മഴ വന്നു. കുളങ്ങളും പുഴകളും നിറഞ്ഞൊഴുകിയപ്പോൾ ഞാൻ പനിയായിക്കിടന്നു. അപ്പോൾ നീ വന്നു. മഴയ്ക്കുമുമ്പു ഞാൻ നിനക്കുവേണ്ടി ഉണ്ടാക്കിയ പാവകൾ നീ എന്റെ കിടക്കയ്ക്കു ചുറ്റും നിരത്തിവെച്ചു. ഞാനറിയാതെ നീ അവയ്ക്കു പല നിറങ്ങൾ കൊടുത്തിരുന്നു. ഞാൻ അവയെ വളരെ ഇഷ്ടപ്പെട്ടു. നീയാണ് അവയ്ക്കു ഭംഗി നല്കിയതെന്നു പറഞ്ഞു. അപ്പോൾ നീ ലജ്ജയോടെ എന്റെ കവിളിൽ ചുംബിച്ചു.

നീ മായാബന്ധിതനാണ്. മായാവിമുക്തനാകുന്ന നിമിഷങ്ങളിൽ, നാം കണ്ടുമുട്ടിയപ്പോൾ പറഞ്ഞു, പിന്നീട് അടുപ്പം കൂടിയപ്പോൾ മറന്നുപോയതും, നീ ജനിച്ചുവളർന്നതുമായ ബംഗാൾ ഗ്രാമത്തെക്കുറിച്ചു നീ ഓർക്കാതിരിക്കട്ടെ. നീ എന്നിൽനിന്നു വീണ്ടും അകലാതിരിക്കട്ടെ.

പേജുകൾ മറിഞ്ഞു. ചിത്രകാരൻ സംസാരിക്കുകയായിരുന്നു.

പിന്നെ, നീ എന്റെ ജീവിതത്തിൽനിന്നുപോയപ്പോൾ, നഷ്ടപ്പെട്ട കൂട്ടുകാരിയെ ഓർത്തു നിരർത്ഥകമായി തോന്നിയ മദ്ധ്യാഹ്നങ്ങളിൽ ലക്ഷ്യമില്ലാതെ അലഞ്ഞു. അന്നെനിക്കു പതിനാലു വയസ്സായിരുന്നു. അപ്പോഴാണു ഞാൻ കുഴിയാനകളെ കാണുന്നത്. അവ മണലിൽ, ദുഃഖത്തിന്റെ ആഴമുള്ള കുഴികളിൽ കൂടു കൂട്ടിയിരുന്നു. അവയ്ക്കു ഭക്ഷിക്കാനായി ഉറുമ്പുകളെ കൊണ്ടു പോയിക്കൊടുത്തു. ഉറുമ്പുകൾ കുഴിയിൽനിന്നും രക്ഷപ്പെടുവാൻ ശ്രമിക്കുമ്പോൾ കുഴിയാനകൾ മണൽ തെറിപ്പിച്ച് അവയെ വീഴ്ത്തി. ഉറുമ്പുകളെ കുഴിയാനകൾ മണ്ണിനടിയിലേക്കു വലിച്ചിഴയ്ക്കുമ്പോൾ ഞാൻ സ്വയം ശിക്ഷയേല്പിക്കുന്നതിലുള്ള ക്രൂരമായ, അദമ്യമായ, ആനന്ദം കണ്ടെത്തി.

കുഴിയാനകൾ ഇപ്പോഴും മണലിൽ തണുത്ത് ഏകാന്തമായ കുഴികളിൽ ഉറങ്ങിക്കിടക്കുന്നുണ്ടാകും. പക്ഷേ, അവയെ ചൂഴ്ന്നുനിന്ന ദുഃഖം എന്നെ ഒരു നിഴലായി പിന്തുടർന്നു; എന്നോടൊപ്പം വളർന്നുവന്നു. ഏകനായിരിക്കുമ്പോഴെല്ലാം അത് ഒരു പട്ടുനൂൽപ്പുഴു പോലെ എന്നെ കാർന്നുതിന്നു.

വിസ്‌കി പകുതിയും കഴിഞ്ഞിരുന്നു. കുപ്പിയുടെ മേലുള്ള, കുതിരപ്പുറത്തിരുന്നു പടവെട്ടുന്ന യോദ്ധാവിനെ അവൾ കണ്ടു.

അങ്ങെന്റെ ചുവന്ന യോദ്ധാവാണ്. എനിക്കുവേണ്ടി പടവെട്ടുന്ന യോദ്ധാവ്. ഞാൻ അങ്ങയുടെ കന്യയാണ്. യുദ്ധം ചെയ്ത് എന്നെ വായുവേഗത്തിലുള്ള കുതിരപ്പുറത്തു കയറ്റി കൊണ്ടുപോകൂ.

അവൾ കിതച്ചു.

ഇതാ, ഞാൻ, നിന്റെ യോദ്ധാവ്. വരൂ.

വെളിച്ചം മങ്ങി കട്ടപിടിച്ചു മേഘങ്ങളായി. ചുവന്ന മേഘങ്ങൾ. അവയ്ക്കിടയിൽ കുതിരപ്പുറത്തു തന്റെ രക്ഷകന്റെ മാറിൽ തലചായ്ച്ച് ഒഴുകിപ്പോകുകയാണ്. പിന്നിൽ അയാൾ അരിഞ്ഞുതള്ളിയ കബന്ധങ്ങൾ..