close
Sayahna Sayahna
Search

ഞാൻ ടോൾസ്റ്റോയിയേക്കാൾ കേമൻ


ഞാൻ ടോൾസ്റ്റോയിയേക്കാൾ കേമൻ
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മണല്‍ക്കാട്ടിലെ പൂമരങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1992
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 126 (ആദ്യ പതിപ്പ്)

‘ഞാൻ ടോൾസ്റ്റോയിയേക്കാൾ വലിയ സാഹിത്യകാരനാണെടാ ഉവ്വെ’ എന്നു പി. കേശവദേവ് എന്നോടും സമ്മേളനങ്ങളില്‍ ശ്രോതാക്കളോടും പലതവണ പറഞ്ഞിട്ടുണ്ട്. എതിര്‍ത്തുപറഞ്ഞാല്‍ അസഭ്യം കേള്‍ക്കേണ്ടിവരുമല്ലോ എന്നു വിചാരിച്ചു ഞാന്‍ അപ്പോഴൊക്കെ മിണ്ടാതിരുന്നിട്ടേയുള്ളു. സദസുകളിലെ വിവരമുള്ള ആളുകള്‍ ഉള്ളില്‍ പുച്ഛിച്ചു ചിരിച്ചിട്ട് അതിഥിസല്‍ക്കാരതല്‍പരത്വത്തിന്റെ പേരില്‍ ഗൗരവഭാവത്തില്‍ ഇരുന്നിരിക്കും. കേശവദേവ്, കഷ്ടം, ഇന്നില്ല. നമ്മുടെയൊക്കെ ഭാഗ്യംകൊണ്ടു പ്രത്യക്ഷശരീരത്തെ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കഥാകാരന്‍. ‘വിശ്വസാഹിത്യത്തിലാണ് എന്റെ കഥകളുടെ സ്ഥാനം’ എന്ന് ഒരു സംശയവും കൂടാതെ ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്നു.

മാനസികഭ്രംശം

രണ്ടുപേരുടെയും പ്രസ്താവങ്ങള്‍ മനഃശാസ്ത്രത്തില്‍ ഡിലൂഷന്‍ — delusion — എന്നു വിളിക്കുന്ന മാനസികഭ്രംശത്തിലാണു ചെന്നുവീഴുന്നത്. ഇത്തരം ഉദീരണങ്ങള്‍ അസത്യാത്മകങ്ങളാണെന്നു നമുക്കറിയാം. എന്നാല്‍ യുക്തിപ്രദര്‍ശനംകൊണ്ട് ആ ഡിലൂഷനെ മാറ്റിക്കൊടുക്കാമെന്നു നമ്മള്‍ വിചാരിക്കേണ്ടതില്ല. ചിന്തകള്‍ പലതരത്തില്‍ (ഇനത്തില്‍) പെടുന്നവയാണല്ലോ. അവയെ വേര്‍തിരിച്ചറിയാന്‍ ഡിലൂഷനില്‍ അകപ്പെട്ടുപോയവര്‍ക്കു കഴിയുകയില്ല. തിരുവനന്തപുരത്ത് ഊളമ്പാറ എന്നൊരു സ്ഥലമുണ്ട്. അവിടെ ഒരു ഭ്രാന്താലയവും. മുമ്പ് അവിടെയുള്ള ഒരു രോഗിയെകാണാന്‍ ഞാന്‍ ചെന്നപ്പോള്‍ ഒരുത്തന്‍ ‘ഞാന്‍ ജവഹര്‍ലാല്‍ നെഹ്രുവാണ് അറിയാമോ’ എന്ന് എന്നോടു ചോദിച്ചു.

സഹതാപത്തോടെ ഞാന്‍ അയാളെ കടന്നുപോയി. ടോള്‍സ്റ്റോയിയെ അതിശയിച്ചു എന്നുവിചാരിച്ച കേശവദേവിനെയും വിശ്വസാഹിത്യത്തിന്റെ ട്രൗസേഴ്സില്‍ സ്വന്തം കാലുകള്‍ തള്ളിക്കയറ്റുന്ന കഥാകാരനെയും സഹതാപത്തോടെമാത്രം നമ്മള്‍ നോക്കിയാല്‍ മതി.

നിരൂപകവേഷങ്ങള്‍

മറ്റൊരു മതിവിഭ്രമം (ഡിലൂഷന്‍) ചില വായനക്കാരുടെയും നിരൂപകരുടെയും വേഷംകെട്ടിയ ചില കൊളിജ് പ്രൊഫസര്‍മാരുടേതുമാണ്. പണ്ടത്തെ മഹാരാജാക്കന്മാര്‍ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ കയറിനിന്നു സര്‍വാണി എന്ന പേരില്‍ നാണയം വാരി ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് എറിയുന്നതുപോലെ ഇവര്‍ പാണ്ഡ്യത്യത്തിന്റെ കൊടുമുടിയില്‍ കയറിനിന്നു ‘ജീനിയസ്’ എന്ന സ്വര്‍ണനാണയം വാരി താഴെ കൂടിനില്‍ക്കുന്ന എഴുത്തുകാര്‍ക്ക് എറിഞ്ഞുകൊടുക്കുന്നു. സര്‍വാണി പ്രയോഗം ഞാന്‍ ദൂരെനിന്നു കണ്ടിട്ടുണ്ട്. വലിയ ഉന്തുംതള്ളുമാണ് അപ്പോള്‍. ജീനിയസ്സ് എന്ന കുതിരപ്പവന്‍ എറിയുമ്പോള്‍ ബഹളമില്ല, ഓരോ എഴുത്തുകാരനെയും പ്രത്യേകമായി വിളിച്ചാണു നിരൂപകന്റെ സ്വര്‍ണ്ണനാണയം എറിഞ്ഞുകൊടുക്കുന്നത്.

ഈ മതിവിഭ്രമം ശരിയല്ലല്ലോ എന്നു വിവേകമുള്ളവര്‍ പറഞ്ഞാല്‍ ഒരു ഫലവുമില്ല. ‘To believe is to know you believe is not to believe’ എന്ന് സാര്‍ത്ര് എഴുതിയതാണു സത്യം. ഞാന്‍ വിശ്വസിക്കുന്നു എന്ന് അവര്‍ അറിഞ്ഞുവച്ചിരിക്കുന്നു. അതു വിശ്വാസമല്ലതാനും.

മലയാള സാഹിത്യം ഇമ്മട്ടില്‍ ആകുലാവസ്ഥയില്‍പെട്ടിരിക്കുന്നതുകൊണ്ടു സത്യാത്മകതയിലേക്ക് ഒരു നേരിയ രശ്മിയെങ്കിലും പ്രസരിപ്പിക്കുന്നത് ഉചിതജ്ഞതയുടെ ലക്ഷണമായിരിക്കും. സംശയമില്ല.

പ്രതിഭകള്‍

അതിനു തുനിയുമ്പോള്‍ നമ്മുടെ മുമ്പില്‍ ആദ്യമായി വരുന്ന പ്രശ്നം (പ്രശ്നം=ചോദ്യം) മലയാള സാഹിത്യത്തില്‍ അടിക്കടി ജീനിയസ്സുകള്‍ എന്തുകൊണ്ടുണ്ടാവുന്നില്ല എന്നതാണ്. അതിനുള്ള ഉത്തരം ലളിതമാണ്. പ്രകൃതിയുടെ സ്വഭാവത്തിന് യോജിച്ച രീതിയിലാണു ജീനിയസ്സിന്റെ അവതരിക്കലും അവതരിക്കാതിരിക്കലും. ഒരു നക്ഷത്രത്തില്‍നിന്നു മറ്റൊരു നക്ഷത്രത്തിലേക്കുള്ള ദൂരം കോടാനുകോടി പ്രകാശവര്‍ഷങ്ങളാണ്. ഭൂമിയിലെ ഒരു പര്‍വതം നമ്മള്‍ കണ്ടുകഴിഞ്ഞാല്‍ അനേകായിരം നാഴിക താണ്ടിയെങ്കിലേ മറ്റൊരു പര്‍വതം കാണാന്‍ കഴിയൂ. പ്രൗട്ടോണിനു (proton) ചുറ്റും കറങ്ങുന്ന ഇലക്ട്രോണുകള്‍ (electron) തമ്മില്‍ ദൂരമുണ്ട്. ഇക്കാരണത്താലാണ് പ്രകൃതിക്കു ശൂന്യതയിടുന്നതിലാണു കൗതുകം’ എന്ന ചൊല്ലുണ്ടായത്. വാല്മീകിയ്ക്കുശേഷം ശതാബ്ദങ്ങള്‍ കഴിഞ്ഞപ്പോഴാണു കാളിദാസന്റെ ആവിര്‍ഭാവം. പിന്നെയും ശാതാബ്ദങ്ങള്‍ കടന്നു. അപ്പോള്‍ ടഗോര്‍ പ്രത്യക്ഷനായി. ഹോമറിനും സൊഫൊക്ലിസിനും, സൊഫൊക്ലിസിനും ഷേക്സ്പിയറിനും തമ്മിലുള്ള കാലദൈര്‍ഘ്യംനോക്കുക.

ശൂന്യത സൃഷ്ടിക്കുന്നതിലാണു പ്രകൃതിക്കു താല്പര്യം എന്ന് അസന്ദിഗ്ധമായി ആരും പറയും. അതിനാല്‍ ഇവിടത്തെ മഹാകവിത്രയത്തിനുശേഷം അവരുടെ സിദ്ധികളുള്ള ആരും ഉണ്ടായില്ല. ഒരുകാലത്ത് ഉണ്ടാകും. ചിലപ്പോള്‍ പ്രകൃതിയുടെ സര്‍ഗാത്മകത്വം അടുത്തടുത്തു നില്‍ക്കുന്ന പര്‍വതങ്ങളെ പ്രത്യക്ഷീഭവിപ്പിക്കും. ശൂന്യാകാശത്തു കൊണ്‍സ്റ്റെലെയ്ഷന്‍ — നക്ഷത്ര സമൂഹം — ഉണ്ടാക്കുന്നതുപോലെ; ടോള്‍സ്റ്റോയി, ദസ്തെയെവ്സ്കി, തുര്‍ഗ്യേന്യവ് ഇവര്‍ക്കു ജനനമരുളിയതു പോലെ (ടോള്‍സ്റ്റോയി (തള്‍സ്തൊയി), ദസ്തെയെവ്സ്കി, തുര്‍ഗ്യേന്യവ്, ഇവരുടെ ജനനം യഥാക്രമം 1812, 1818, 1821 ഈ വര്‍ഷങ്ങളില്‍) ലിയൊനാര്‍ഡൊ ഡാവെഞ്ചിയുടെയും മിക്കലാഞ്ചലോയുടെയും ജനനവര്‍ഷങ്ങള്‍ യഥാക്രമം 1452, 1475 ഇവയായിരുന്നു എന്നതും ഓര്‍മിക്കത്തക്കതാണ്. അവര്‍ രണ്ടുപേരുടെയും കാലത്തിനുശേഷം ഇന്നുവരെ അവരെപ്പോലെ ഒരു കലാകാരനും ഉണ്ടായിട്ടില്ല.

‘മനുഷ്യവാസമില്ലാത്ത നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരത്തിന്റെ ശൂന്യത എന്നെ പേടിപ്പിക്കുന്നില്ല. എന്റെ വീട്ടിനു തൊട്ടടുത്തുള്ള മണല്‍ക്കാടുകളെ കണ്ടു ഞാന്‍ പേടിക്കുന്നുണ്ട്’ എന്ന് ഒരമേരിക്കന്‍ കവി പറഞ്ഞു ഇന്നത്തെ ശൂന്യത കണ്ടു നമുക്കു ഭയംവേണ്ട, പ്രകൃതിയുടെ സാര്‍ഗാത്മക ഉചിതസന്ദര്‍ഭത്തില്‍ ജീനിയസിനു പ്രാദുര്‍ഭാവം നല്‍കിക്കൊള്ളും. ദേവത്വവും അങ്ങനെതന്നെ.

‘യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാ/ത്മാനം സൃജാമ്യഹം’

എന്നു ഭഗവദ്ഗീത.

മഹത്ത്വം

ഈ ചിന്ത സ്വഭാവികമായും എന്നെ നയിക്കുന്നത് സാഹിത്യത്തിന്റെ ‘ഗ്രെയ്റ്റ്നെസ്സി’ലേക്കാണ് — മഹത്ത്വത്തിലേക്കാണ്. നവീന മലയാള സാഹിത്യത്തില്‍ സുന്ദരങ്ങളായ കൃതികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒന്നും മഹത്ത്വമാര്‍ജിച്ചതല്ല. എന്താണു സൗന്ദര്യവും മഹത്ത്വവും തമ്മിലുള്ള വ്യത്യാസം? ഇതിന് ഉത്തരം നല്‍കാന്‍ ഞാന്‍ പ്രൊഫസര്‍ അല്ക്സാണ്ടറുടെ ചിന്തകള്‍ കടം വാങ്ങിക്കുന്നു. എല്ലാ സത്യങ്ങളും സത്യമായിരിക്കുന്നതുപോലെ എല്ലാ സുന്ദരകൃതികളും സുന്ദരങ്ങളാണ്. അവയ്ക്കുതമ്മില്‍ പരിണാമഭേദമില്ല.

‘ബാല്യകാലസഖി’യും ‘ചെമ്മീ’നും സുന്ദരങ്ങളാണ്. ഏതിനു കൂടുതല്‍ സൗന്ദര്യം എന്നു നിര്‍ണ്ണയിക്കാന്‍ വയ്യ. പക്ഷേ മഹത്ത്വത്തിന്റെ കാര്യമതല്ല. ജെയ്ന്‍ ഓസ്റ്റിന്റെ നോവലുകളെക്കാള്‍ മഹത്ത്വമുള്ളവയാണു സ്കോട്ടിന്റെ നോവലുകള്‍ (അലിക്സാണ്ടര്‍ പറഞ്ഞത്) ‘മാര്‍ത്താണ്ഡവര്‍മ്മ’യെക്കാള്‍ മഹത്ത്വമുണ്ട് ‘രാമരാജാബഹദൂറി’ന്. ‘റെസറക്ഷ’നെക്കാള്‍ എത്രയോ മഹനീയമാണ് ‘വാര്‍ ആന്‍ഡ് പീസ്’. പ്രതിപാദ്യവിഷയത്തിന്റെ ഔജ്ജ്വല്യവും സങ്കീര്‍ണ്ണതയുമാണു കലാസൃഷ്ടിയെ മഹനീയതിലേക്കു നയിക്കുന്നത്. അങ്ങനെയുള്ള കലാസൃഷ്ടി ദ്രഷ്ടാവില്‍ അല്ലെങ്കില്‍ അനുവാചകനില്‍ അന്തിമശക്തിയോടെ വന്നുപതിക്കുന്നു.

ഏതു വിമര്‍ശനം എവിടെനിന്നുണ്ടായാലും ആ ആഘാതത്തിനും അതുളവാക്കിയ ഫലത്തിനും മാറ്റം വരില്ല.

‘ഹാംലെറ്റ്’ പരാജയപ്പെട്ട നാടകമാണെന്നു ടി. എസ്. എല്‍യെറ്റ് പറഞ്ഞിട്ടെന്തായി? വായനക്കാര്‍ ആഅഭിപ്രായത്തെ ശഷ്പതുല്യം തള്ളിക്കളഞ്ഞു.

‘ആരോഗ്യ നികേതനം’

ഈ രീതിയില്‍ മഹത്വമാര്‍ന്ന ഒരു കൃതിയും മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടില്ല. പണ്ടു ഞാന്‍ ഉപയോഗിച്ച ഒരലങ്കാരം വീണ്ടും ഉപയോഗിക്കട്ടെ. ആധുനിക മലയാള സാഹിത്യത്തിലെ എല്ലാ നോവലുകളും ത്രാസിന്റെ ഒരു തട്ടില്‍ വയ്ക്കുക. മറ്റേത്തട്ടില്‍ ബംഗാളി നോവലായ ‘ആരോഗ്യനികേതനം’ വയ്ക്കൂ. ബംഗാളി നോവല്‍വച്ച തട്ട് ഭാരംകൊണ്ടു താണുകിടക്കും. ആധുനിക മലയാളനോവല്‍ അവയുടെ രചയിതാക്കളുടെ സങ്കുചിതമായ മാനസികനിലയെ മാത്രമാണ് കാണിക്കുന്നത്. ഒരാള്‍ ജീവിതത്തിന്റെ ഏകാന്തതയെമാത്രം അല്ലെങ്കില്‍ അര്‍ത്ഥശൂന്യതയെമാത്രം ചിത്രീകരിക്കുന്നു. വേറൊരാള്‍ സമുദായത്തിന്റെ ക്രൂരതകളെ മാത്രം ആവിഷ്കരിക്കുന്നു. മറ്റൊരാള്‍ മനുഷ്യന്റെ മൃഗീയ ശക്തികളെമാത്രം സ്ഫുടീകരിക്കുന്നു. എന്നാല്‍ ഈ ശൂന്യതയ്ക്കപ്പുറത്ത്, ക്രൂരതകൾക്കപ്പുറത്ത്, മൃഗീയശക്തികൾക്കപ്പുറത്ത് ജീവിതത്തിന്റെയും സത്യത്തിന്റെയും ഉജ്ജ്വലരൂപങ്ങള്‍ ഉണ്ട് എന്നത് ഇവര്‍ക്ക് അറിഞ്ഞുകൂടാ.

വാര്‍ ആന്‍ഡ് പീസ് വായിക്കുമ്പോള്‍, റ്റോമസ് മന്നിന്റെ ‘മാജിക് മൗണ്ടന്‍’ വായിക്കുമ്പോള്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിന് താഴെ നടക്കുന്ന പ്രതീതി. ഉജ്ജ്വലങ്ങളായ വികാരങ്ങള്‍ നമ്മളെ സമാക്രമിക്കുന്നു എന്ന തോന്നല്‍. ചരിത്രത്തിന്റെയും രാഷ്ട്രവ്യവഹാരത്തിന്റെയും മഹാനാടകം കാണുന്ന പ്രതീതി. നമ്മുടെ ഏതു നോവലാണ് ഈ തോന്നലുകള്‍ ഉളവാക്കുന്നത്? പരിമിത വിഭവന്‍മാരാണ് ആധുനികമലയാള നോവലിസ്റ്റുകള്‍. അവര്‍ക്കു കൊച്ചുകാര്യങ്ങള്‍ കൊച്ചായി പറയാനേ അറിയൂ അവയ്ക്കു സൗന്ദര്യം ഇല്ലാതില്ല. പക്ഷേ, മഹത്ത്വമില്ല.

ന്യൂനത

സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെയും സാമൂഹിക ചലനങ്ങളെയും ബംഗാളി നോവലുകളും ഹിന്ദി നോവലുകളും ചിത്രീകരിക്കുന്നു; അതിനാലാണ് അവയ്ക്കു മഹത്ത്വം സിദ്ധിച്ചത് എന്ന വാദത്തിനു വലിയ സാംഗത്യമില്ല ആധുനിക മലയാള നോവലുകളും അവയ്ക്ക് ആവിഷ്കരണം നല്‍കുന്നുണ്ടല്ലോ.

ന്യൂനത അവിടെയല്ല, മനുഷ്യന്റെ നന്മതിന്മകളെ സാമൂഹിക പശ്ചാത്തലത്തില്‍ പ്രതിപാദിക്കാനല്ലാതെ അവയെ വികസിതോജ്ജ്വലമാക്കി സത്യത്തിലേക്കും സൗന്ദര്യത്തിലേക്കും കൊണ്ടുചെല്ലാന്‍ നമ്മുടെ നോവലെഴുത്തുകാര്‍ക്കു കഴിയുന്നില്ല. അതുകൊണ്ടാണ് അവരുടെ കഥാപാത്രങ്ങള്‍ക്കും കലാസന്ദര്‍ഭങ്ങള്‍ക്കും ദൃഢബദ്ധസ്വഭാവം വന്നുപോയത്. ദൃഢബദ്ധതയുടെ സന്തതിയാണു സങ്കുചിതത്വം. ദരിദ്രമായ മലയാള നോവലിനെ സംബന്ധിച്ചിടത്തോളം ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനു പ്രാധാന്യമുണ്ട്. അതിവിടെ ഒരു യുഗം നിര്‍മ്മിച്ചു എന്നു വേണമെങ്കിലും പറയാം. പക്ഷേ, അസ്തിത്വവാദവിശ്വാസം നല്‍കുന്ന ദൃഢബദ്ധതയാല്‍ അതു സങ്കുചിതമായി ഭവിച്ചിരിക്കുന്നു.

ഈ ദൗര്‍ഭാഗ്യത്തില്‍നിന്നു രക്ഷ നേടാനായി പത്തൊമ്പതാം ശതാബ്ദത്തിലെ റഷ്യന്‍ സാഹിത്യത്തെയും ഇരുപതാം ശതാബ്ദത്തിലെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തെയും മാതൃകകളാക്കി സാഹിത്യം രചിക്കണമെന്നു ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതിന്റെ യുക്തിഭദ്രത ചിന്തനീയമായിരിക്കുന്നു. സാര്‍വലൗകിക വികാരങ്ങളെയാണു സാഹിത്യം ആവിഷ്കരിക്കുന്നതെന്നു ഞാന്‍ സമ്മതിക്കുന്നു. അതിനു മാര്‍കേസിനു സ്പാനിഷ് ഭാഷ സഹായം നല്‍കുന്നു. ടോള്‍സ്റ്റോയിക്കും ദസ്തെയെവ്സ്കിക്കും റഷ്യന്‍ഭാഷയാണവലംബം. അതിനാല്‍ മലയാളിക്കും മലയാളഭാഷ പ്രയോഗിച്ചു സാര്‍വലൗകിക വികാരങ്ങളെ ചിത്രീകരിക്കാം.

ആന്തരഭാഷ

പക്ഷേ ബാഹ്യമായ ഈ ഭാഷയ്ക്ക് അപ്പുറത്തായി ഒരാന്തരഭാഷ ഓരോ കഥാകാരനുമുണ്ട്. ടോള്‍സ്റ്റോയിയുടെ ആന്തരഭാഷയല്ല ദെസ്തേയേവ്സ്കിയുടെ ആന്തരഭാഷ. സ്പാനിഷ് ഭാഷയില്‍ നോവലുകള്‍ എഴുതുന്നവരാണു് മാര്‍കേസും യോസയും തേലയും. പക്ഷേ മാര്‍കേസിന്റെ ആന്തരഭാഷ തേലയ്ക്കറിഞ്ഞുകൂടാ. തേലയുടെ ആന്തരഭാഷ യോസയ്ക്കും മാര്‍കേസിനുമറിഞ്ഞുകൂടാ. ഈ ഭാഷകൊണ്ടാണു് ഈ പ്രതിഭാശാലികള്‍ സത്യത്തിലേക്കു കടന്നുചെന്നു് ഉജ്ജ്വലനം ഉളവാക്കുന്നത്. അപ്പോഴാണ് ഓരോ നോവലും സാഹിത്യമണ്ഡലത്തിന്റെ സ്ഥിതിവിശേഷത്തിനു മാറ്റമുണ്ടാക്കുന്നത്.

നമ്മുടെ സാഹിത്യകാരന്മാര്‍ക്കു റഷ്യന്‍ സാഹിത്യവും ലാറ്റിനമേരിക്കന്‍ സാഹിത്യവും മാര്‍ഗദര്‍ശകമാവുകയും അവര്‍ അതനുസരിച്ചു സാഹിത്യകൃതികള്‍ രചിക്കുകയും ചെയ്താല്‍ ജീവനില്ലാത്ത ബഹിര്‍ഭാഗസ്ഥങ്ങളായ കൃതികള്‍ ഉണ്ടാകുമെന്നേയുള്ളു.

നമ്മുടെ നോവലിസ്റ്റുകള്‍ക്കു പരിമിതമായ പ്രതിഭയേയുള്ളുവെന്നു് ആദ്യമേ പറഞ്ഞു. നാടകമഭിനയിക്കേണ്ടവര്‍ സംഭാഷണം കാണാപ്പാഠം പഠിച്ചു വേദിയില്‍നിന്ന് ആവര്‍ത്തിക്കുന്നതുപോലെ അവര്‍ നേരത്തേ മനസ്സിലാക്കിവച്ചത് ഉറക്കെപ്പറയുന്നു.

മഹത്ത്വമുള്ള കലാകാരന്മാര്‍ക്കു മുന്‍കൂട്ടി ഒന്നും ഗ്രഹിച്ചുവയ്ക്കേണ്ടതില്ല. അവര്‍ വേദിയില്‍ കയറിനിന്ന് ആന്തരഭാഷയ്ക്കു രൂപംകൊടുക്കുമ്പോള്‍ പ്രകൃതിയുടേയും സത്യത്തിന്റെയും ശബ്ദം നമ്മള്‍ കേള്‍ക്കുന്നു. സൗന്ദര്യത്തിന്റെ മയൂഖമാലകള്‍ പ്രസരിക്കുന്നു. അങ്ങനെയുള്ള കലാകാരന്മാര്‍ക്കുവേണ്ടി കേരളീയര്‍ കാത്തിരിക്കട്ടെ.